വിവാദവെളിപ്പെടുത്തല്‍: മുന്‍ ഡിജിപി ആര്‍. ശ്രീലേഖയുടെ മൊഴിയെടുക്കാന്‍ അന്വേഷണ സംഘം
കൊച്ചി:
നടിയെ ആക്രമിച്ച കേസില്‍ നടന്‍ ദിലീപിനെ അനുകൂലിച്ച് സംസാരിച്ച മുന്‍ ഡിജിപി ആര്‍. ശ്രീലേഖ( r sreelekha)യുടെ മൊഴിയെടുക്കാന്‍ അന്വേഷണ സംഘം നീക്കം തുടങ്ങി. മൊഴിയെടുക്കാതെ മുന്നോട്ട് പോയാല്‍ തുടര്‍ വിസ്താരത്തില്‍ പ്രതിഭാഗം ഇക്കാര്യം ഉപയോഗിക്കാന്‍ സാധ്യതയുണ്ടെന്ന് നിയമോപദേശം ലഭിച്ചിരുന്നു. ഇത് മേലുദ്യോഗസ്ഥരെ ധരിപ്പിച്ച് മൊഴിയെടുക്കാനുള്ള അനുമതിയാണ് അന്വേഷണ സംഘം തേടുന്നത്.
സ്വന്തം യൂട്യൂബ് ചാനലിലൂടെയായിരുന്നു ശ്രീലേഖ ഐപിഎസ് വിവാദ ആരോപണങ്ങള്‍ ഉന്നയിച്ചത്. നടിയെ ആക്രമിച്ച കേസില്‍ ദിലീപ് ഉള്‍പ്പെട്ടിട്ടില്ലെന്ന് വാദിക്കുന്നതായിരുന്നു മുന്‍ ഡിജിപിയുടെ വീഡിയോ. കേസിലെ പ്രതി ദിലീപിനെ പിന്തുണച്ചുകൊണ്ടാണ് വെളിപ്പെടുത്തല്‍.
ദിലീപിനെതിരെ തെളിവില്ലാത്തതുകൊണ്ടാണ് പുതിയ കേസുമായി പൊലീസ് രംഗത്ത് വന്നത്. ദിലീപ് എന്ന വ്യക്തി അറിഞ്ഞോ അറിയാതെയോ ഈ കേസില്‍ ഉള്‍പ്പെട്ടിട്ടില്ല. ദിലീപിനെതിരെ പൊലീസ് വ്യാജ തെളിവ് ഉണ്ടാക്കിയെന്നുമായിരുന്നു ശ്രീലേഖയുടെ ആരോപണം.
നടിയെ ആക്രമിച്ചതുമായി ബന്ധപ്പെട്ട് കേസിലെ പ്രതികളായ പള്‍സര്‍ സുനിയും ദിലീപും ജയിലില്‍ കഴിയുന്ന സമയത്ത് ജയില്‍ ഡിജിപി ആയിരുന്ന ആര്‍ ശ്രീലേഖ ഐ പി എസാണ് വെളിപ്പെടുത്തലുമായി രംഗത്തെത്തിയിരിക്കുന്നത്. പൂര്‍ണ്ണമായും ദിലീപിനെ പിന്തുണയ്ക്കുന്നതാണ് യൂട്യൂബ് ചാനലിലൂടെ നടത്തിയ വെളിപ്പെടുത്തല്‍. അതേസമയം, ആര്‍ ശ്രീലേഖയും നടന്‍ ദിലീപും തമ്മിലുള്ള വാട്സ്ആപ്പ് ചാറ്റും കഴിഞ്ഞ ദിവസം തന്നെ പുറത്ത് വന്നിരുന്നു.