Tuesday, February 4, 2025
News SPECIAL

ന്യൂസ് റൗണ്ട് അപ്പ് -04.09.2022

2022 | സെപ്റ്റംബർ 04| ഞായർ |

1198 | ചിങ്ങം 19 | തൃക്കേട്ട |

◾മോട്ടോര്‍ വാഹന വകുപ്പ് ഓഫീസുകളില്‍ ഏജന്റുമാര്‍ ഗൂഗിള്‍ പേ അടക്കമുള്ള ഓണ്‍ലൈന്‍ സംവിധാനം വഴിയും കെക്കൂലി നല്‍കുന്നുണ്ടെന്നു വിജിലന്‍സ് കണ്ടെത്തല്‍. ‘ഓപ്പറേഷന്‍ ജാസൂസ്’ എന്ന പേരില്‍ നടത്തിയ റെയ്ഡില്‍ നിന്നാണ് കണ്ടെത്തല്‍. പരിവാഹന്‍ വഴി അപേക്ഷ നല്‍കിയാലും ഉദ്യോഗസ്ഥര്‍ ഏജന്റുമാര്‍ വഴി പണം വാങ്ങുന്നു. പണം നല്‍കുന്നവരുടെ അപേക്ഷ തിരിച്ചറിയാന്‍ പ്രത്യേക അടയാളമുണ്ടെന്നും കണ്ടെത്തി.

◾ഓണക്കാലത്ത് സബ്സിഡി നിരക്കില്‍ നല്‍കേണ്ട അരി നല്‍കാതെ ജനങ്ങളെ സര്‍ക്കാര്‍ കബളിപ്പിക്കുകയാണെന്നു കോണ്‍ഗ്രസ് നേതാവ് രമേശ് ചെന്നിത്തല. ഓണക്കിറ്റ് 60 ശതമാനം കടകളിലും കിട്ടാനില്ല. വെള്ളക്കാര്‍ഡുകാര്‍ക്ക് നല്‍കേണ്ട 10 കിലോ അരിക്കു പകരം രണ്ടു കിലോയാണ് നല്‍കുന്നത്. അതാകട്ടെ അര കിലോ പച്ചരിയും മുക്കാല്‍ കിലോ വീതം വെള്ള അരിയും പുഴക്ക് അരിയും. രണ്ടു കിലോ അരി വാങ്ങാന്‍ മൂന്നു സഞ്ചിയുമായി പോകേണ്ട ഗതികേടിലാണെന്നും ചെന്നിത്തല കുറ്റപ്പെടുുത്തി.
◾എല്‍ഡിഎഫ് സര്‍ക്കാരിന്റെ കെ റെയില്‍ പദ്ധതിക്ക് അംഗീകാരം കിട്ടാന്‍ ബിജെപി ഭരിക്കുന്ന കര്‍ണാടക സര്‍ക്കാരിനെ കൂട്ടുപിടിച്ച് മുഖ്യമന്ത്രി പിണറായി വിജയന്‍. സില്‍വര്‍ലൈന്‍ മംഗലാപുരംവരെ നീട്ടുന്നതിനു കേരള- കര്‍ണാടക സര്‍ക്കാരുകള്‍ തമ്മില്‍ ചര്‍ച്ച നടത്തും. മുഖ്യമന്ത്രി പിണറായി വിജയനും കര്‍ണാടക മുഖ്യമന്ത്രി ബസവരാജ് ബൊമ്മെയും തമ്മില്‍ ഈ മാസം തന്നെ ചര്‍ച്ച ഉണ്ടാകും. സില്‍വര്‍ ലൈന്‍ മംഗലാപുരംവരെ നീട്ടി അംഗീകാരം തരണമെന്ന് തിരുവനന്തപുരത്ത് നടക്കുന്ന സതേണ്‍ സോണല്‍ കൗണ്‍സില്‍ യോഗത്തില്‍ കേരളം ആവശ്യപ്പെട്ടിരുന്നു. ഇതേത്തുടര്‍ന്നാണ് ആദ്യം ഇരു സംസ്ഥാനങ്ങളും തമ്മില്‍ ചര്‍ച്ച നടത്താന്‍ ധാരണയായത്.

◾കേരളത്തിലും താമര വിരിയുമെന്ന് കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ. തിരുവന്തപുരത്ത് പട്ടികജാതി മോര്‍ച്ചയുടെ പട്ടികജാതി സംഗമത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. കേരളത്തില്‍ ബിജെപിക്കായി പ്രവര്‍ത്തിക്കണമെങ്കില്‍ രാഷ്ട്രഭക്തിക്കൊപ്പം ബലിദാനത്തിനുള്ള ശക്തിയും വേണം. രാജ്യത്ത് കോണ്‍ഗ്രസും ലോകത്തുനിന്ന് കമ്മ്യുണിസവും അപ്രത്യക്ഷമാകുന്നു. ഭാരതത്തില്‍ ബിജെപിക്കു മാത്രമാണ് ഭാവി ഉള്ളതെന്നും അദ്ദേഹം പറഞ്ഞു.
◾എം.ബി രാജേഷ് സ്പീക്കര്‍ സ്ഥാനം രാജിവച്ചു. ഡെപ്യൂട്ടി സ്പീക്കര്‍ ചിറ്റയം ഗോപകുമാറിന് രാജിക്കത്തു കൈമാറി. രാജേഷ് ചൊവ്വാഴ്ച മന്ത്രിയായി സത്യപ്രതിജ്ഞ ചെയ്യും. സ്പീക്കറായി ഷംസീറിനെ തെരഞ്ഞെടുക്കുന്നതുവരെ ഡെപ്യൂട്ടി സ്പീക്കര്‍ക്കായിരിക്കും സ്പീക്കറുടെ ചുമതല.
◾രാജ്യത്തിന്റെ അഭിമാനമായ ഐഎന്‍എസ് വിക്രാന്ത് നിര്‍മിച്ചത് കേരളത്തിലാണെന്നത് എല്ലാ മലയാളിക്കും അഭിമാനിക്കാമെന്ന് വ്യവസായമന്ത്രി പി. രാജീവ്. കേരളത്തില്‍ ഒന്നും നടക്കില്ലെന്ന് നിരന്തരം പ്രചരിപ്പിക്കുന്നവര്‍ രാജ്യത്തിന്റെ അഭിമാനമായ വിക്രാന്ത് കാണണമെന്ന് രാജീവ് ഫേസ്ബുക്കില്‍ കുറിച്ചു.
◾വിദ്യാലയങ്ങളില്‍ ലഹരിക്കെതിരായ പോരാട്ടത്തിന് അധ്യാപകര്‍ മുന്‍നിരയിലുണ്ടാകണമെന്ന് പൊതു വിദ്യാഭ്യാസ മന്ത്രി വി ശിവന്‍കുട്ടി. ലഹരി തടയാന്‍ വിളിച്ച അധ്യാപക സംഘടനാ നേതാക്കളുടെ യോഗത്തിലാണ് മന്ത്രി ഈ ആവശ്യം ഉന്നയിച്ചത്. ജനപ്രതിനിധികള്‍, രക്ഷകര്‍ത്താക്കള്‍, എക്സൈസ് – പോലീസ് ഉദ്യോഗസ്ഥര്‍ എന്നിവരടങ്ങുന്ന സ്‌കൂള്‍ സംരക്ഷണ സമിതി ലഹരി വിരുദ്ധ പ്രവര്‍ത്തനങ്ങള്‍ നിരീക്ഷിക്കണം. ജില്ലാതലത്തില്‍ കളക്ടര്‍ കണ്‍വീനറും ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ചെയര്‍മാനും വിദ്യാഭ്യാസ ഡെപ്യൂട്ടി ഡയറക്ടര്‍ ജോയിന്‍ കണ്‍വീനറുമായുള്ള ജില്ലാ സമിതികള്‍ പ്രവര്‍ത്തനങ്ങള്‍ നിരീക്ഷിക്കണമെന്നും മന്ത്രി നിര്‍ദേശിച്ചു.
◾ഉത്തരേന്ത്യയിലെ അഭ്യാസം ഇവിടെ വേണ്ടെന്ന് എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റിനോട് മുന്‍ ധനമന്ത്രി തോമസ് ഐസക്. മസാല ബോണ്ട് കേസില്‍ എന്തിനാണ് ഇഡി സമന്‍സ് അയച്ചത്? എന്തിനാണ് സ്വകാര്യ വിവരങ്ങള്‍ ഹാജരാക്കണമെന്ന് ആവശ്യപ്പെട്ടത്? ഒരു പുല്ലുപേടിയും ഇല്ലെന്നും ഫേസ്ബുക്ക് കുറിപ്പിലൂടെ ഐസക്ക് പറഞ്ഞു.
◾മലപ്പുറം ജില്ലയില്‍ 733 എല്‍പി സ്‌കൂള്‍ അധ്യാപകര്‍ക്ക് സ്ഥിരനിയമനം നല്‍കി പൊതുവിദ്യാഭ്യാസ വകുപ്പ്. എല്‍ പി എസ് ടി നിയമനത്തിലൂടെ സംസ്ഥാനതലത്തില്‍ ഏറ്റവും കൂടുതല്‍ അധ്യാപകര്‍ക്ക് നിയമനം നല്‍കിയതു മലപ്പുറം ജില്ലയിലാണെന്ന് ജില്ലാ ഉപവിദ്യാഭ്യാസ ഡയറക്ടര്‍ കെ.പി രമേശ് കുമാര്‍ പറഞ്ഞു.
◾കോഴിക്കോട് കോര്‍പറേഷന്റെ ഉടമസ്ഥതയിലുള്ള ടാഗോര്‍ ഹാളിന് ഇലക്ട്രിക്ക് ഫിറ്റ്നസ് ഇല്ലാത്തതിനാല്‍ അവിടെ നടക്കുന്ന പരിപാടിക്കു പോകരുതെന്ന് സുരക്ഷാ നിര്‍ദേശം. ഗോവ ഗവര്‍ണര്‍ പി.എസ്. ശ്രീധരന്‍പിള്ളയ്ക്കാണ് ഇങ്ങനെ സുരക്ഷാ ഉപദേശം ലഭിച്ചത്. ഗോവ ഗവര്‍ണര്‍ ടാഗോര്‍ ഹാളിലെ പരിപാടി റദ്ദാക്കി.
◾അത്യാധുനിക സുരക്ഷാ സജ്ജീകരണങ്ങളുള്ള പുതിയ ആഡംബര ഹെലികോപ്റ്റര്‍ സ്വന്തമാക്കി ജോയ് ആലുക്കാസ്. 90 കോടി രൂപ വില വരുന്ന ലിയോനാഡോ എ ഡബ്ല്യു 109 ഗ്രാന്റ് ന്യൂ ഇരട്ട എന്‍ജിന്‍ കോപ്റ്ററാണ് ജോയ് ആലുക്കാസ് തൃശൂരിലെത്തിച്ചത്. രണ്ടു പൈലറ്റുമാര്‍ക്കും ഏഴു യാത്രക്കാര്‍ക്കും പറക്കാം. മണിക്കൂറില്‍ 289 കിലോമീറ്റര്‍ വേഗത്തില്‍ നാലര മണിക്കൂര്‍ വരെ തുടര്‍ച്ചയായി പറക്കാം. ശബ്ദം കുറവാണ്. ഓട്ടോമാറ്റിക് നാവിഗേഷന്‍, ഡിജിറ്റല്‍ ഓട്ടോ പൈലറ്റ്, കുറഞ്ഞ വെളിച്ചത്തിലും കാണാവുന്ന ഇവിഎസ്, കാര്‍ഗോ ഹുക്ക് കാമറകള്‍, മഴയിലും മഞ്ഞിലും രാത്രിയിലും പറക്കല്‍പാത വ്യക്തമാക്കുന്ന ത്രിമാന സംവിധാനം എന്നീ സൗകര്യങ്ങള്‍ ഈ ഹെലികോപ്റ്ററിനുണ്ട്.
◾വ്യവസായിയെ തട്ടിക്കൊണ്ടുപോയി 42 ലക്ഷം രൂപ മോചന ദ്രവ്യം ആവശ്യപെട്ട കേസില്‍ എറണാകുളം കുന്നത്തുനാടില്‍ മൂന്നു പേര്‍ പിടിയിലായി. ഒറ്റപ്പാലം സ്വദേശി ബിനീഷ്, തിരുപ്പൂര്‍ സ്വദേശി സന്തപ്പെട്ട ശിവ, കഞ്ചിക്കോട് സ്വദേശി ശ്രീനാഥ് എന്നിവരെയാണ് കുന്നത്തുനാട് പൊലീസ് പിടികൂടിയത്. നെല്ലാട് സ്വദേശിയായ ആയുര്‍വേദ മരുന്ന് കമ്പനി ഉടമയെ തമിഴ്നാട്ടിലേക്ക് വിളിച്ചു വരുത്തിയാണ് ബന്ദിയാക്കിയത്.
◾വ്യാജ കോള്‍ സെന്റര്‍ വഴി ഓണ്‍ലൈന്‍ തട്ടിപ്പു നടത്തിയ രണ്ടു മലയാളികള്‍ അടക്കമുള്ള നാലംഗ സംഘത്ത വയനാട് സൈബര്‍ പോലീസ് ഡല്‍ഹിയില്‍നിന്ന് അറസ്റ്റ് ചെയ്തു. എറണാകുളം സ്വദേശിയും ഡല്‍ഹിയില്‍ സ്ഥിരതമസക്കാരനുമായ അഭിഷേക് അനില്‍, പത്തനംതിട്ട സ്വദേശി പ്രവീണ്‍, ബീഹാര്‍ സ്വദേശി സിന്റു ശര്‍മ്മ, തമിഴ്‌നാട് സേലം സ്വദേശി അമന എന്നിവരാണ് റിമാന്‍ഡിലായത്. ഓണ്‍ലൈനിലൂടെ സാധനങ്ങള്‍ വാങ്ങിയവര്‍ക്കു നറുക്കെടുപ്പിലൂടെ സമ്മാനമുണ്ടെന്ന് വിശ്വസിപ്പിച്ചാണ് തട്ടിപ്പു നടത്തിയിരുന്നത്.
◾കൊല്ലം ഏരൂരില്‍ ബലാത്സംഗത്തിനിടെ വീട്ടമ്മയെ കൊലപ്പെടുത്തിയ കേസിലെ പ്രതി ആറു മാസങ്ങള്‍ക്കുശേഷം പിടിയില്‍. വിളക്കുപ്പാറ സ്വദേശി മോഹനനെയാണ് പിടികൂടിയത്. മദ്യലഹരിയിലെ പൊങ്ങച്ച സംസാരത്തിനിടെ ബലാല്‍സംഗത്തിന്റേയും കൊലപാതകത്തിന്റേയും വിശേഷം ചിലരോടു പറഞ്ഞിരുന്നു. ഇതു പോലീസിന്റെ ചെവിയിലെത്തിയതോടെയാണ് അറസ്റ്റു ചെയ്തത്. ഫെബ്രുവരി 26 നാണ് വീട്ടമ്മ കൊല്ലപ്പെട്ടത്.
◾കണ്ണൂര്‍ സെന്‍ട്രല്‍ ജയിലില്‍ കാപ്പ തടവുകാര്‍ തമ്മില്‍ കൂട്ടത്തല്ല്. ഏറ്റുമുട്ടിയവരെ ജയില്‍ മാറ്റി. കോട്ടയം സ്വദേശികളായ ജയേഷ്, അബിന്‍, സുജേഷ് ഏറണാകുളത്തെ ശ്രീജിത്ത്, കണ്ണൂര്‍ സിറ്റിയിലെ അതുല്‍ ജോണ്‍ റൊസാരിയോ എന്നിവരാണ് അടിപിടിയുണ്ടാക്കിയത്. ജയേഷിനെ ജില്ലാ ജയിലിലേക്കും അബിനിനെ സ്പെഷല്‍ സബ് ജയിലിലേക്കും മാറ്റി.
◾കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിയിലെ സുരക്ഷാ ജീവനക്കാരെ മര്‍ദിച്ച കേസില്‍ പ്രതികളായ ഡിവൈഎഫ്ഐ പ്രവര്‍ത്തകര്‍ മുന്‍കൂര്‍ ജാമ്യം തേടി കോടതിയില്‍. ഒന്നാം പ്രതി കെ അരുണ്‍ ഉള്‍പ്പടെ നാലു പേരാണ് കോഴിക്കോട് ജില്ലാ കോടതിയില്‍ മുന്‍കൂര്‍ ജാമ്യപേക്ഷ നല്‍കിയത്.
◾പീഡിപ്പിച്ചെന്ന പരാതിയിലെ എല്ലാവര്‍ക്കുമെതിരേ അന്വേഷണം നടത്തിയില്ലെന്ന് ആരോപിച്ച് സോളാര്‍ തട്ടിപ്പുകേസിലെ പ്രതി ഹൈക്കോടതിയില്‍. 18 പേര്‍ ലൈഗികമായി പീഡിപ്പിച്ചെന്നു പരാതി നല്‍കിയിട്ടും നാലു പേര്‍ക്കെതിരേ മാത്രമാണു സിബിഐ കേസെടുത്ത് അന്വേഷണം നടത്തിയതെന്നാണ് ആരോപണം. ഹൈബി ഈഡനെതിരേ രജിസ്റ്റര്‍ ചെയ്ത കേസില്‍ തെളിവില്ലെന്നു സിബിഐ കോടതിയില്‍ റിപ്പോര്‍ട്ടു നല്‍കിയിരുന്നു.
◾സോളാര്‍ പീഡനപരാതിയില്‍ ഉമ്മന്‍ ചാണ്ടിക്കെതിരെയുള്ള കേസില്‍ പി.സി ജോര്‍ജ് രഹസ്യമൊഴി നല്‍കി തിരുവനന്തപുരം ഒന്നാം ക്ലാസ് മജിസ്ട്രേറ്റ് കോടതിയിലാണ് മൊഴി നല്‍കിയത്.
◾കോഴിക്കോട് കുന്നമംഗലം പഞ്ചായത്ത് മുസ്ലിം ലീഗ് ഓഫീസില്‍ തീപിടിത്തം. അഗ്‌നിശമനസേന എത്തിയാണു തീയണച്ചത്.
◾തൃശൂര്‍ പാലപ്പിള്ളിയിലെ ജനവാസ മേഖലയിറങ്ങുന്ന കാട്ടാനകളെ തുരത്താന്‍ കുങ്കിയാനകളെത്തി. വയനാട് വന്യജീവി സങ്കേതത്തിലെ ഭരത്, വിക്രം എന്നീ കുങ്കിയാനകളെയാണ് പാലപ്പിള്ളിയിലെത്തിച്ചത്. ഇന്നു മുതല്‍ ആനകളെ കാടു കയറ്റാനുള്ള ദൗത്യം കുങ്കിയാനകള്‍ ആരംഭിക്കും.
◾കഴിഞ്ഞ വര്‍ഷം ഇന്ത്യയില്‍ വിവിധ റോഡപകടങ്ങളില്‍ മരിച്ചത് ഒന്നര ലക്ഷം പേര്‍. 4,22,659 അപകടങ്ങളിലായി 1,55,622 പേര്‍ കൊല്ലപ്പെട്ടു. മുന്‍ വര്‍ഷത്തെ അപേക്ഷിച്ച് 14.6 ശതമാനം വര്‍ധന. 3,71,884 പേര്‍ക്ക് പരുക്കേറ്റു. ഇരുചക്രവാഹന അപകടങ്ങളില്‍ 69,240 പേരാണു മരിച്ചത്. റോഡപകട മരണങ്ങളുടെ 44.5 ശതമാനവും ഇരുചക്ര വാഹനാപകടങ്ങളിലൂടെയാണ്. കാറപകടങ്ങളിലായി 23,531 പേര്‍ മരിച്ചു.
◾വിലക്കയറ്റത്തിനെതിരെ നാളെ ഡല്‍ഹിയില്‍ കോണ്‍ഗ്രസ് റാലി. രാംലീല മൈതാനിയില്‍ പതിനായിര കണക്കിന് പ്രവര്‍ത്തകര്‍ പങ്കെടുക്കുമെന്ന് കോണ്‍ഗ്രസ് ജനറല്‍ സെക്രട്ടറി കെ.സി വേണുഗോപാല്‍ പറഞ്ഞു.
◾റേഷന്‍ കടയില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ചിത്രം വയ്ക്കാത്തതിനു കളക്ടറോട് ക്ഷുഭിതയായി കേന്ദ്ര ധന മന്ത്രി നിര്‍മല സീതാരാമന്‍. തെലങ്കാനയിലെ കാമറെഡ്ഡി കളക്ടറായ ജിതേഷ് പാട്ടീലിനോടാണ് ജനത്തിനു മുന്നില്‍ കേന്ദ്രമന്ത്രി കയര്‍ത്തത്. പ്രധാനമന്ത്രി ഗരീബ് കല്യാണ്‍ യോജന പ്രകാരം ദരിദ്ര വിഭാഗങ്ങള്‍ക്ക് സൗജന്യമായി അരി നല്‍കിയിട്ടും അദ്ദേഹത്തിന്റെ ചിത്രം വയ്ക്കാത്തത് എന്തുകൊണ്ടാണെന്നായിരുന്നു നിര്‍മ്മല സീതാരാമന്റെ ചോദ്യം.
◾പ്രതിപക്ഷ ഐക്യമുണ്ടാക്കാന്‍ ബിഹാര്‍ മുഖ്യമന്ത്രി നിതീഷ്‌കുമാര്‍ ദേശീയതലത്തിലുള്ള പ്രതിപക്ഷ നേതാക്കളെ സന്ദര്‍ശിക്കുന്നു. അടുത്ത ലോക്സഭാ തെരഞ്ഞെടുപ്പില്‍ പ്രതിപക്ഷത്തിന്റെ പ്രധാനമന്ത്രി സ്ഥാനാര്‍ത്ഥിയാകാനുള്ള നീക്കങ്ങളുമായാണ് നിതീഷ് നേതാക്കളെ കാണുന്നത്. വ്യാഴാഴ്ച എന്‍സിപി നേതാവ് ശരത് പവാറുമായും പിറകേ, സോണിയാഗാന്ധിയുമായും ചര്‍ച്ച നടത്തുമെന്ന് ജനതാദള്‍ യു അറിയിച്ചു.
◾റേസര്‍പേ, പേടിഎം, ക്യാഷ് ഫ്രീ തുടങ്ങിയ ഓണ്‍ലൈന്‍ പേയ്‌മെന്റ് ആപ്പുകളുടെ ബെഗളൂരു ഓഫീസുകളില്‍ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റിന്റെ റെയ്ഡ്. നിയമവിരുദ്ധമായ പണമിടപാടുകളെക്കുറിച്ചുള്ള അന്വേഷണവുമായാണ് പരിശോധന നടത്തിയത്.
◾പീഡനക്കേസില്‍ ജാമ്യത്തിലിറങ്ങി മുങ്ങി രാജ്യംവിട്ട് സ്വന്തമായി രാജ്യം സ്ഥാപിച്ച വിവാദ ആള്‍ദൈവം നിത്യാനന്ദ സ്വാമി ശ്രീലങ്കയില്‍ രാഷ്ട്രീയ അഭയം തേടി. കര്‍ണാടകയില്‍ നിലവിലുള്ള കേസുകള്‍ക്ക് ഇന്റര്‍പോളിന്റെ തെരച്ചില്‍ നോട്ടീസ് നിലവിലുള്ള പ്രതിയാണ് ഇയാള്‍. ഒരു അന്വേഷണ ഏജന്‍സിക്കും എത്താനാകാത്ത കൈലാസത്തിലാണു താനെന്നാണ് ഇയാളുടെ അവകാശവാദം.

താമരശ്ശേരിന്യൂസ്-വാർത്താമുദ്ര വെരിഫൈഡ് വാര്‍ത്തകള്‍ വാട്‌സ്ആപ്പ്ഗ്രൂപ്പിലും  ലഭ്യമാണ്. വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.