Tuesday, February 4, 2025
LATEST NEWSNews SPECIAL

സായാഹ്ന വാർത്താമുദ്ര

. 2023| ഓഗസ്റ്റ് 18 | വെള്ളി
1199 | ചിങ്ങം 02 | പൂരം

◾ഉപതെരഞ്ഞെടുപ്പ് നടക്കുന്ന പുതുപ്പള്ളിയില്‍, സൂക്ഷ്മപരിശോധന കഴിഞ്ഞപ്പോള്‍ മത്സരരംഗത്ത് ഏഴ് പേര്‍. എല്‍ഡിഎഫ്, യുഡിഎഫ്, എന്‍ഡിഎ മുന്നണികളുടെ സ്ഥാനാര്‍ത്ഥികള്‍ക്കൊപ്പം എഎപി സ്ഥാനാര്‍ത്ഥിയുടേയും മൂന്ന് സ്വതന്ത്ര സ്ഥാനാര്‍ത്ഥികളുടെയും പത്രികകള്‍ അംഗീകരിച്ചു.
◾മുട്ടില്‍ മരംമുറിക്കേസിന്റെ അന്വേഷണ സ്ഥാനത്തു നിന്നും മാറ്റണമെന്നാവശ്യപ്പെട്ടു താനൂര്‍ ഡിവൈഎസ്പി വി.വി.ബെന്നി. ഇക്കാര്യം ആവശ്യപ്പെട്ട് ബെന്നി ഡിജിപിക്ക് കത്ത് നല്‍കി. കേസിലെ പ്രതികള്‍ വ്യാജ വാര്‍ത്തകള്‍ പ്രചരിപ്പിച്ച് അപകീര്‍ത്തിപ്പെടുത്താന്‍ ശ്രമിക്കുകയാണെന്നും കത്തില്‍ പറയുന്നു. മുട്ടില്‍ മരംമുറിക്കേസിലെ പ്രതികളായ അഗസ്റ്റിന്‍ സഹോദരങ്ങളെ അറസ്റ്റ് ചെയ്തത് ബെന്നിയായിരുന്നു.
◾ഭക്ഷ്യമന്ത്രി ജി.ആർ.അനിലിന്റെ മണ്ഡലത്തില്‍ രാവിലെ 10 മണി കഴിഞ്ഞിട്ടും സപ്ലൈകോ പീപ്പിള്‍സ് ബസാര്‍ തുറന്നില്ല. ഭക്ഷ്യമന്ത്രി നേരിട്ടെത്തി ജീവനക്കാരെ വിളിച്ചുവരുത്തിയ ശേഷമാണ് കട തുറന്നത്. ഓണാഘോഷ അവലോകനത്തിന് എത്തിയതായിരുന്നു മന്ത്രി.
◾മാത്യു കുഴല്‍നാടന്‍ എംഎല്‍എയുടെ കോതമംഗലത്തെ കുടുംബ വീടിരിക്കുന്ന ഭൂമിയില്‍ സര്‍വേ. കോതമംഗലം താലൂക്കിലെ റവന്യു സര്‍വേ വിഭാഗം ഉദ്യോഗസ്ഥരാണ് പരിശോധന നടത്തുന്നത്.
◾തട്ടിപ്പ് നടത്തിയിട്ടില്ലെങ്കില്‍ മാനനഷ്ട കേസ് ഫയല്‍ ചെയ്യാന്‍ എംഎല്‍എ തയ്യാറാകണമെന്ന് ഡിവൈഎഫ്ഐ സംസ്ഥാന സെക്രട്ടറി വി.കെ. സനോജ്. മൂവാറ്റുപുഴയില്‍ എംഎല്‍എ ഓഫീസിന് മുന്നിലേക്ക് മാത്യു കുഴല്‍നാടന്റെ രാജി ആവശ്യപ്പെട്ട് നടത്തിയ പ്രതിഷേധ മാര്‍ച്ച് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. മാത്യു കുഴല്‍നാടന്റെ നികുതിവെട്ടിപ്പില്‍ ശക്തമായ സമരവുമായി ഡിവൈഎഫ്ഐ മുന്നോട്ട് പോകുമെന്നും അദ്ദേഹം വ്യക്തമാക്കി.
◾കൈതോലപ്പായയില്‍ കടത്തിയ പണത്തില്‍ പ്രമുഖ കരിമണല്‍ വ്യവസായി ശശിധരന്‍ കര്‍ത്തയുടെ പണവും ഉണ്ടായിരുന്നുവെന്ന ആരോപണമായി ദേശാഭിമാനി മുന്‍ അസോസിയേറ്റ് എഡിറ്റര്‍ ജി.ശക്തിധരന്‍. പുതിയ ഫേസ് ബുക്ക് പോസ്റ്റിലാണ് ശക്തിധരന്‍ ഈ ആരോപണം ഉന്നയിക്കുന്നത്. മന്ത്രി പി.രാജീവിനെ ശക്തമായി വിമര്‍ശിക്കുന്ന ഈ പോസ്റ്റില്‍ പണം വാങ്ങിയത് ദേശാഭിമാനി ഡെപ്യൂട്ടി ജനറല്‍ മാനേജര്‍ കെ.വേണുഗോപാലാണെന്നും അദ്ദേഹം പറയുന്നു.
◾റേഡിയോ ജോക്കി രാജേഷ് കുമാര്‍ വധക്കേസില്‍ രണ്ടും മൂന്നും പ്രതികളായ മുഹമ്മദ് സാലിഹ്, അപ്പുണ്ണി എന്നിവര്‍ക്ക് ജീവപര്യന്തം തടവ് ശിക്ഷ വിധിച്ച് കോടതി. തിരുവനന്തപുരം ഒന്നാം അഡീഷണല്‍ സെഷന്‍സ് കോടതിയാണ് ശിക്ഷ വിധിച്ചത്.
◾മഹാത്മാഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിയിലും അയ്യങ്കാളി നഗര തൊഴിലുറപ്പ് പദ്ധതിയിലും 100 പ്രവര്‍ത്തി ദിനങ്ങള്‍ പൂര്‍ത്തിയാക്കിയ എല്ലാ തൊഴിലുറപ്പ് തൊഴിലാളികള്‍ക്കും ഉത്സവ ബത്തയായി 1000 രൂപ നല്‍കുമെന്ന് ധനമന്ത്രി കെ എന്‍ ബാലഗോപാല്‍.
◾ദേശാഭിമാനി മുന്‍ അസോസിയേറ്റ് എഡിറ്റര്‍ ജി ശക്തിധരന്‍ തെളിവുള്ളത് കൊണ്ടായിരിക്കും ആരോപണം ഉന്നയിച്ചതെന്നും, കൈതോലപ്പായ വിവാദത്തില്‍ പിണറായി വിജയന്റേയും പി രാജീവിന്റെയും പേര് പറഞ്ഞ് ആരോപണം ആവര്‍ത്തിച്ച സാഹചര്യത്തില്‍ അന്വേഷണം വേണമെന്നും രമേശ് ചെന്നിത്തല.
◾തന്നെ പോലെ സീനിയറായ ജനപ്രതിനിധികളുടെ ആവശ്യങ്ങള്‍ മന്ത്രി പിഎ മുഹമ്മദ് റിയാസ് പരിഗണിക്കുന്നില്ലെന്നും പത്തനാപുരം ബ്ലോക്കില്‍ 100 മീറ്റര്‍ റോഡ് പോലും ഈ വര്‍ഷം പി ഡബ്ല്യുഡി അനുവദിച്ചിട്ടില്ലെന്നും കെ ബി ഗണേഷ് കുമാര്‍ എംഎല്‍എ.
◾മന്ത്രി അഹമ്മദ് ദേവര്‍കോവിലിന്റെ പേരും ചിത്രവും ഉപയോഗിച്ച് ഐഎന്‍എല്‍ ജില്ലാ ഭാരവാഹികള്‍ പലിശ രഹിത ഭവന വായ്പ പദ്ധതിയുടെ പേരില്‍ പണം തട്ടിയതിന് പീച്ചി പൊലീസ് കേസെടുത്തു.
◾കെ ഫോണ്‍ നടത്തിപ്പുമായി ബന്ധപ്പെട്ട് സാങ്കേതിക സഹായത്തിനുള്ള ടെണ്ടര്‍ എസ്ആര്‍ഐടിയുടെ സേവന ദാതാക്കളായ റെയില്‍ ടെല്ലിന് ലഭിച്ചു. ആദ്യം ടെണ്ടര്‍ നേടിയ സിറ്റ്സ കമ്പനി നിയമപോരാട്ടം തുടരുന്നതിനിടെയാണ് ടെണ്ടര്‍ റെയില്‍ ടെല്ലിന് നല്‍കിയത്.
◾കൊല്ലം ജില്ലയില്‍ തീരദേശഹൈവേയ്ക്കായി സ്ഥലം വിട്ടുനല്‍കുന്നവര്‍ക്കുള്ള നഷ്ടപരിഹാരപേക്കേജിനും അലൈന്‍മെന്റിനുമെതിരെ വ്യാപക പ്രതിഷേധം. നഷ്ടപരിഹാരത്തുകയെക്കുറിച്ച് വ്യക്തതയില്ലാതെ സ്ഥലം വിട്ടുനല്‍കില്ലെന്ന നിലപാടിലാണ് തീരവാസികള്‍. ഇതോടെ ജില്ലയില്‍ സര്‍വ്വേ നടപടികള്‍ പ്രതിസന്ധിയിലായി.
ഇന്നത്തെ വിനിമയ നിരക്ക്
ഡോളര്‍ – 83.10, പൗണ്ട് – 105.71, യൂറോ – 90.36, സ്വിസ് ഫ്രാങ്ക് – 94.47, ഓസ്‌ട്രേലിയന്‍ ഡോളര്‍ – 53.23, ബഹറിന്‍ ദിനാര്‍ – 220.45, കുവൈത്ത് ദിനാര്‍ -269.92, ഒമാനി റിയാല്‍ – 215.85, സൗദി റിയാല്‍ – 22.16, യു.എ.ഇ ദിര്‍ഹം – 22.62, ഖത്തര്‍ റിയാല്‍ – 22.82, കനേഡിയന്‍ ഡോളര്‍ – 61.34.