പ്രഭാത വാർത്താമുദ്ര
2023 | ഓഗസ്റ്റ് 26 | ശനി | 1199 | ചിങ്ങം 10 | തൃക്കേട്ട
◾സംസ്ഥാനത്ത് തത്കാലം ലോഡ് ഷെഡിംഗ് ഇല്ല. സെപ്റ്റംബര്‍ നാലു വരെ പുറത്തുനിന്ന് വൈദ്യുതി വാങ്ങും. മുഖ്യമന്ത്രി പിണറായി വിജയനും വൈദ്യുതി മന്ത്രി കെ. കൃഷ്ണന്‍കുട്ടിയും പങ്കെടുത്ത ഉന്നതതല യോഗത്തിലാണു തീരുമാനം.
◾വൈദ്യുതി സ്മാര്‍ട്ട് മീറ്റര്‍ സ്ഥാപിക്കാന്‍ മുഖ്യമന്ത്രി പിണറായി വിജയന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന ഉന്നതതല യോഗം തീരുമാനിച്ചു. കേന്ദ്ര സര്‍ക്കാര്‍ നിര്‍ദ്ദേശിച്ച ടോട്ടെക്സ് മാതൃക ഒഴിവാക്കും. ആദ്യഘട്ടത്തില്‍ മൂന്നു ലക്ഷത്തോളം വ്യവസായ, വാണിജ്യ ഉപഭോക്താക്കള്‍ക്കു മാത്രമേ സ്മാര്‍ട്ട് മീറ്റര്‍ സ്ഥാപിക്കൂ. ഉപഭോക്താക്കള്‍ക്കു ഭീമമായ സാമ്പത്തിക ബാധ്യത വരുത്താതെ സ്മാര്‍ട്ട് മീറ്റര്‍ സ്ഥാപിക്കണമെന്നാണു നിര്‍ദേശം.
◾മാനന്തവാടി തലപ്പുഴയില്‍ ജീപ്പ് കൊക്കയിലേക്കു മറിഞ്ഞ് ഒന്‍പതു തേയിലത്തൊഴിലാളികള്‍ മരിച്ചു. മരിച്ചവരെല്ലാം സ്ത്രീകളാണ്. രണ്ടു പേരുടെ നില അതീവ ഗുരുതരം. മക്കിമല ആറാം നമ്പര്‍ കോളനിയിലെ പത്മനാഭന്റെ ഭാര്യ ശാന്ത (50), മകള്‍ ചിത്ര (28), സത്യന്റെ ഭാര്യ ലീല (42), ബാലന്റെ ഭാര്യ ശോഭന (54), മമ്മുവിന്റെ ഭാര്യ റാബിയ (55), വേലായുധന്റെ ഭാര്യ കാര്‍ത്ത്യായനി (62), പ്രമോദിന്റെ ഭാര്യ ഷജ (42), ചന്ദ്രന്റെ ഭാര്യ ചിന്നമ്മ (55), തങ്കരാജിന്റെ ഭാര്യ റാണി (57) എന്നിവരാണ് മരിച്ചത്. കണ്ണോത്തുമലയ്ക്കു സമീപം ജീപ്പ് 25 മീറ്റര്‍ താഴ്ചയുള്ള കൊക്കയിലേക്കു മറിയുകയായിരുന്നു. ജീപ്പില്‍ 14 പേരാണ് ഉണ്ടായിരുന്നത്.
◾മലപ്പുറം താനൂരിലെ കസ്റ്റഡി കൊലക്കേസില്‍ കേസ് ഡയറി ഹാജരാക്കണമെന്നു ഹൈക്കോടതി. കേസിലെ ഇതുവരെയുള്ള അന്വേഷണ പുരോഗതി റിപ്പോര്‍ട്ടും സെപ്റ്റംബര്‍ ഏഴിനു മലപ്പുറം ക്രൈം ബ്രാഞ്ച് ഡി.വൈ.എസ്.പി ഹാജരാക്കണം. താനൂരില്‍ കസ്റ്റഡി കൊലപാതകത്തിനിരയായ താമിര്‍ ജിഫ്രിയുടെ സഹോദരന്‍ ഹാരിസ് ജിഫ്രി നല്‍കിയ ഹര്‍ജിയിലാണ് നടപടി.
◾ഉപതെരഞ്ഞെടുപ്പു നടക്കുന്നതിനാല്‍ പുതുപ്പള്ളി നിയോജകമണ്ഡലത്തിലെ ഓണക്കിറ്റ് വിതരണം നിര്‍ത്തിവയ്ക്കണമെന്നു തെരഞ്ഞെടുപ്പ് ഓഫീസര്‍. ഓണക്കിറ്റ് വിതരണം ചട്ടലംഘനമാണോയെന്ന് തെരഞ്ഞെടുപ്പു കമ്മീഷന്റെ നിലപാടു തേടിയിട്ടുണ്ട്. ഓണം ആഘോഷിക്കുന്ന പാവങ്ങളുടെ പ്രതീക്ഷകള്‍ തല്ലിക്കെടുത്തരുതെന്നു പ്രതിപക്ഷ നേതാവ് വി.ഡി. സതീശന്‍ ആവശ്യപ്പെട്ടു.
◾മിച്ചഭൂമി കേസില്‍ പി.വി അന്‍വര്‍ എംഎല്‍എയ്ക്കു രേഖകള്‍ ഹാജരാക്കാന്‍ അടുത്ത മാസം ഏഴാം തീയതിവരെ ലാന്‍ഡ് ബോര്‍ഡ് സമയം നല്‍കി. അന്‍വറിന്റെ പക്കല്‍ 19 ഏക്കര്‍ അധിക ഭൂമി ഉണ്ടെന്ന ഓഫീസറുടെ റിപ്പോര്‍ട്ട് തെറ്റാണെന്നും പങ്കാളിത്ത വ്യവസ്ഥയില്‍ നടത്തുന്ന സ്ഥാപനങ്ങളുടെ വസ്തു മിച്ചഭൂമിയില്‍ തെറ്റായി ഉള്‍പെടുത്തിയെന്നുമാണ് അന്‍വറിന്റെ വാദം.
◾ശസ്ത്രക്രിയക്കിടെ ഹര്‍ഷിനയുടെ വയറില്‍ കത്രിക കുടുങ്ങിയെന്ന പരാതിയില്‍ ആരോഗ്യ വകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറിയോട് സംസ്ഥാന മനുഷ്യാവകാശ കമ്മീഷന്‍ റിപ്പോര്‍ട്ടു തേടി. മെഡിക്കല്‍ ബോര്‍ഡ് റിപ്പോര്‍ട്ടിനെതിരെ അപ്പീല്‍ പോകില്ലന്നും അന്വേഷണം നടത്തി കുറ്റപത്രം സമര്‍പ്പിക്കുമെന്നും പോലീസ് അറിയിച്ചു. ഗവണ്‍മെന്റ് ഡോക്ടര്‍മാരായതിനാല്‍ കുറ്റപത്രം സമര്‍പ്പിക്കാന്‍ പ്രൊസിക്യൂഷന്റെ അനുമതി വേണമെന്നും പൊലീസ് അറിയിച്ചു.
◾അച്ഛനെ കൊന്ന കൊലയാളികളെ കണ്ടെത്തണമെന്നു ഹര്‍ജി നല്‍കിയ മകനെ കൊലയാളിയാക്കി ഒമ്പതു വര്‍ഷം ജയിലിടച്ച സിബിഐ കോടതിയുടെ വിധി ഹൈക്കോടതി റദ്ദാക്കി. കാഞ്ഞിരംകുളത്തെ പലചരക്കു വ്യാപാരി വില്‍സണ്‍ വധക്കേസില്‍ പ്രതിയായ മകന്‍ ജ്യോതികുമാറിന്റെ(49) ജീവപര്യന്തം തടവുശിക്ഷയാണു റദ്ദാക്കിയത്. പോലീസ് അന്വേഷിച്ച കേസില്‍ റിട്ടയേഡ് ജയില്‍ സൂപ്രണ്ട് വില്‍ഫോര്‍ഡ്, മകന്‍ റോളണ്ട് എന്നിവരായിരുന്നു പ്രതികള്‍. മകന്‍ ജ്യോതികുമാറിന്റെ ഹര്‍ജിയനുസരിച്ച് ഹൈക്കോടതി സി.ബി.ഐ അന്വേഷണത്തിന് ഉത്തരവിട്ടു. സി.ബി.ഐ പുതിയ കഥ ചമച്ച് വാദിയായ ജ്യോതികുമാറിനെ പ്രതിയാക്കുകയും മുന്‍ പ്രതികളെ ഒഴിവാക്കുകയും ചെയ്തു. ജ്യോതികുമാര്‍ നല്‍കിയ അപ്പീലിലാണ് ഹൈക്കോടതി ഇപ്പോള്‍ ഉത്തരവു പുറപ്പെടുവിച്ചത്.
◾കരുവന്നൂര്‍ സഹകരണബാങ്ക് തട്ടിപ്പുകേസ് നേരത്തെ അന്വേഷിച്ചു പൂര്‍ത്തിയാക്കിയതാണെന്നും പുതുപ്പള്ളി തെരഞ്ഞെടുപ്പു ലക്ഷ്യമിട്ടാണ് എന്‍ഫോഴ്സ്മെന്റിന്റെ നടപടികളെന്നും സിപിഎം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദന്‍. മാന്യമായി രാഷ്ട്രീയ പ്രവര്‍ത്തനം നടത്തുന്ന മൊയ്തീന്റെ വീട്ടില്‍നിന്ന് എന്തോ കണ്ടെത്തിയെന്ന് പ്രചരിപ്പിക്കാനാണു ശ്രമമെന്നും അദ്ദേഹം കുറ്റപ്പെടുത്തി.
◾മുഖ്യമന്ത്രിയുടെ മകള്‍ വീണ എല്ലാ നികുതിയും അടച്ചിട്ടുണ്ടെന്നും രേഖ പുറത്തുവിടേണ്ട ബാധ്യത ആരോപണങ്ങള്‍ പ്രചരിപ്പിക്കുന്ന മാധ്യമങ്ങള്‍ക്കാണെന്നും സിപിഎം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദന്‍. മുഖ്യമന്ത്രിക്ക് പങ്കുണ്ടെങ്കില്‍ വീണയുടെ കമ്പനി പൂട്ടിപ്പോകുമായിരുന്നോയെന്നും അദ്ദേഹം ചോദിച്ചു. ആരോപണം ഉന്നയിച്ച മാത്യു കുഴല്‍നാടന്‍ നികുതി വെട്ടിപ്പ് അടക്കമുള്ള ഏഴു ക്രമക്കേടുകള്‍ക്കു മറുപടി പറയണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. ചിന്നക്കനാലില്‍ ഭൂമി വാങ്ങിയതില്‍ നികുതി വെട്ടിപ്പുണ്ടെന്നും ഭൂ നിയമം ലംഘിച്ച് റിസോര്‍ട്ട് നടത്തിയെന്നും ഗോവിന്ദന്‍ ആരോപിച്ചു.
◾ഉമ്മന്‍ ചാണ്ടിയുടെ മകള്‍ അച്ചു ഉമ്മന്‍ ആരേയും കബളിപ്പിച്ചു പണം തട്ടിയെടുത്തിട്ടില്ലെന്നും അധ്വാനിച്ചു ജീവിക്കുന്ന പെണ്‍കുട്ടിയെ സിപിഎമ്മിന്റെ സൈബര്‍ ഗുണ്ടകള്‍ അധിക്ഷേപിക്കുകയാണെന്നും പ്രതിപക്ഷ നേതാവ് വി.ഡി. സതീശന്‍. പുതുപ്പള്ളി തെരഞ്ഞെടുപ്പില്‍ സിപിഎം നേതാക്കളുടെ അറിവോടെയാണ് വളരെ അപഹാസ്യമായ പ്രചാരണം നടത്തുന്നതെന്നും സതീശന്‍.
◾കാസര്‍ഗോഡ് കേന്ദ്ര സര്‍വകലാശാല വൈസ് ചാന്‍സലര്‍ എച്ച്. വെങ്കിടേശ്വര്‍ലുവിന്റെ നിയമനം റദ്ദാക്കണമെന്ന് ആവശ്യപ്പെട്ടുള്ള ഹര്‍ജി സുപ്രീം കോടതി തള്ളി. വെങ്കിടേശ്വര്‍ലുവിന് നിയമനം ലഭിച്ച് മൂന്നു വര്‍ഷം കഴിഞ്ഞെന്നും ഇനി രണ്ടു വര്‍ഷം മാത്രം അവശേഷിക്കേ നിയമനം റദ്ദാക്കാനാകില്ലെന്നും സുപ്രീം കോടതി വ്യക്തമാക്കി.
◾വയനാട്ടില്‍ ഒമ്പതു സ്ത്രീകളുടെ മരണത്തിനിടയാക്കിയ ജീപ്പ് അപകടത്തിനു കാരണം ബ്രേക്ക് കിട്ടാത്തതാണെന്നു ഡ്രൈവര്‍ മണികണ്ഠന്‍. ഗുരുതരമായി പരിക്കേറ്റ് ആശുപത്രിയില്‍ കഴിയുന്ന ഡ്രൈവറുടെ മൊഴി പോലീസ് രേഖപ്പെടുത്തി.
◾മാനന്തവാടിയില്‍ തോട്ടം തൊഴിലാളികള്‍ സഞ്ചരിച്ച ജീപ്പ് മറിഞ്ഞ് ഒമ്പതു പേര്‍ മരിച്ച സംഭവം അത്യന്തം ദുഃഖകരമാണെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. ഒരു നാടിനെയാകെ കണ്ണീരിലാഴ്ത്തിയ ദുരന്തത്തില്‍ അനുശോചനം രേഖപ്പെടുത്തുന്നുവെന്ന് അദ്ദേഹം പറഞ്ഞു. മരിച്ചവരുടെ ദുഖത്തില്‍ പങ്കുചേരുകയാണെന്ന് രാഹുല്‍ഗാന്ധി എംപി പറഞ്ഞു.
◾ആകാശ് തില്ലങ്കേരിക്കും ജിജോ തില്ലങ്കേരിക്കുമെതിരെ കാപ്പ ചുമത്തിയ പോലീസ് നടപടി ഹൈക്കോടതി ശരിവച്ചു. സിപിഎം നേതൃത്വത്തിനെതിരെ വിമര്‍ശനം ഉന്നയിച്ചതിനുള്ള പ്രതികാര നടപടിയാണെന്ന വാദം കോടതി തള്ളി. എന്നാല്‍ സിപിഎം കേസില്‍ കക്ഷിയല്ലെന്നു കോടതി വിലയിരുത്തി. ആകാശിന്റെ അച്ഛനും ജിജോയുടെ ഭാര്യയുമാണ് ഹൈക്കോടതിയെ സമീപിച്ചത്.
◾തൃശൂര്‍ വരവൂരില്‍ തൊഴിലുടമയെ ഇതര സംസ്ഥാന തൊഴിലാളി വെട്ടി പരിക്കേല്‍പ്പിച്ചു. പ്രതി തമിഴ്നാട് സ്വദേശി മുനിച്ചാമി പിന്നീട് പിടിയിലായി. വരവൂര്‍ ചെമ്പത്ത് പറമ്പില്‍ വിജയനാണ് വെട്ടേറ്റത്.
◾പ്രായപൂര്‍ത്തിയാക്കാത്ത പെണ്‍കുട്ടിയെ മദ്യം നല്‍കി പീഡിപ്പിച്ച് ഗര്‍ഭിണിയാക്കിയ യുവാവിനെ കുന്നംകുളം പൊലീസ് അറസ്റ്റു ചെയ്തു. വിവാഹിതനും ഒരു കുട്ടിയുടെ പിതാവുമായ പുതുപൊന്നാനി സ്വദേശിയും ഇപ്പോള്‍ മുണ്ടൂര്‍ പെരിങ്ങന്നൂരില്‍ താമസക്കാരനുമായ ഷംനാദി (28)നെയാണ് കുന്നംകുളം പോലീസ് അറസ്റ്റു ചെയ്തത്.
◾ചന്ദ്രയാന്‍ ദൗത്യത്തില്‍ പങ്കെടുത്ത ശാസ്ത്രജ്ഞരെ അനുമോദിക്കാന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി ഇന്നു ബംഗളുരുവിലെത്തും. ദക്ഷിണാഫ്രിക്ക, ഗ്രീസ് സന്ദര്‍ശനത്തിനുശേഷം തിരിച്ചെത്തുന്ന പ്രധാനമന്ത്രി രാവിലെ 7.15 ന് ബെംഗളൂരുവിലെ ഐ.എസ്.ആര്‍.ഒ സന്ദര്‍ശിക്കും.
◾വാതുവയ്പും ചൂതാട്ടവും സംബന്ധിച്ചുള്ള പരസ്യങ്ങളും പ്രമോഷണല്‍ ഉള്ളടക്കങ്ങളും കേന്ദ്ര സര്‍ക്കാര്‍ നിരോധിച്ചു. മാധ്യമ സ്ഥാപനങ്ങള്‍, സാമൂഹ്യ മാധ്യമ പ്ലാറ്റ്‌ഫോമുകള്‍ എന്നിവയുള്‍പ്പെടെയുള്ളവര്‍ക്ക് വാര്‍ത്താ വിതരണ പ്രക്ഷേപണ മന്ത്രാലയമാണു മുന്നറിയിപ്പു നല്‍കിയത്.
◾വിമാനത്തില്‍ ‘ഫാസിസ്റ്റ് ബിജെപി ഡൗണ്‍’ എന്നു മുദ്രാവാക്യം മുഴക്കിയതു കുറ്റമല്ലെന്നു മദ്രാസ് ഹൈക്കോടതി. ബിജെപി തമിഴ്നാട് മുന്‍ പ്രസിഡന്റും തെലുങ്കാന ഗവര്‍ണറുമായ തമിഴിസൈ സൗന്ദര്‍രാജനെതിരേ മുദ്രാവാക്യം മുഴക്കിയതിന് അറസ്റ്റിലായ ലോയിസ് സോഫിയക്കെതിരായ കേസ് ഹൈക്കോടതി റദ്ദാക്കി.