സായാഹ്ന വാർത്താമുദ്ര
2023 | സെപ്റ്റംബർ 02 | ശനി | 1199 | ചിങ്ങം 17 | ഉത്രട്ടാതി
◾ഇന്ത്യയുടെ ആദ്യ സൂര്യ പര്യവേഷണ ദൗത്യമായ ആദിത്യ എല്‍ വണ്‍ വിക്ഷേപിച്ചു. ശ്രീഹരിക്കോട്ടയിലെ രണ്ടാം നമ്പര്‍ ലോഞ്ച് പാഡില്‍ നിന്ന് രാവിലെ 11.50 ന് പിഎസ്എല്‍വി സി 57 പറന്നുയര്‍ന്നു. 15 ലക്ഷം കിലോമീറ്റര്‍ അകലെ ഒന്നാം ലഗ്രാഞ്ച് പോയിന്റിലേക്കാണ് പേടകത്തെ അയക്കുന്നത്. എല്‍ വണ്ണിനു ചുറ്റമുള്ള ഹാലോ ഓര്‍ബിറ്റില്‍ പേടകത്തെ സ്ഥാപിക്കും. ആദിത്യയുടെ ആദ്യ 3 ഘട്ടങ്ങള്‍ വിജയകരമായി പിന്നിട്ടു. പേലോഡുകള്‍ വിജയകരമായി വേര്‍പെട്ടതായി ഐഎസ്ആര്‍ഒ അറിയിച്ചു.
◾സീറ്റ് വിഭജനത്തെച്ചൊല്ലി ഇന്ത്യ സഖ്യത്തില്‍ ഭിന്നത. സംയുക്ത വാര്‍ത്ത സമ്മേളനം മമത ബാനര്‍ജി ബഹിഷ്‌ക്കരിച്ചു. സംസ്ഥാനങ്ങളിലെ സീറ്റ് വിഭജനം നിശ്ചിത സമയത്തിനകം വേണമെന്ന് മമത ബാനര്‍ജി ആവശ്യപ്പെട്ടു. കോണ്‍ഗ്രസടക്കം മൗനം പാലിച്ചു. അതേ സമയം ആര്‍ജെഡി, സമാജ് വാദി പാര്‍ട്ടികള്‍ മമതയുടെ നിലപാടിനോട് അനുകൂലിച്ചു. മമത പ്രതിഷേധിച്ചതിനാല്‍ ജാതി സെന്‍സസ് വേണമെന്ന പ്രമേയം പാസാക്കാനായില്ല.
◾ചന്ദ്രയാന്‍-3 രണ്ടാഴ്ച ഉറങ്ങും. ചന്ദ്രന്റെ ദക്ഷിണധ്രുവത്തിലെ സൂര്യപ്രകാശം നാളെ അസ്തമിക്കുന്നതോടെയാണ് ചന്ദ്രയാന്‍ ദൗത്യം താല്‍ക്കാലികമായി നിര്‍ത്തുന്നത്. ചന്ദ്രനില്‍ രണ്ടാഴ്ച പകലും രണ്ടാഴ്ച രാത്രിയുമാണ്. രാത്രി ചന്ദ്രോപരിതലത്തിലെ താപനില മൈനസ് 180 ഡിഗ്രിയാകും. കൊടും തണുപ്പിനെ ലാന്‍ഡറും റോവറും അവയിലെ ഇലക്ട്രോണിക്സ്, ഡിജിറ്റല്‍ ഉപകരണങ്ങളും അതിജീവിക്കുമെന്ന പ്രതീക്ഷയിലാണ് ശാസ്ത്രജ്ഞർ.
◾ശസ്ത്രക്രിയക്കിടെ വയറ്റില്‍ കത്രിക കുടുങ്ങിയ കേസില്‍ രണ്ടു ഡോക്ടര്‍മാരേയും രണ്ടു നേഴ്സുമാരേയും അറസ്റ്റു ചെയ്യാന്‍ പോലീസ്. കോഴിക്കോട് മെഡിക്കല്‍ കോളേജ് എസിപിക്കു മുമ്പാകെ ഹാജരാകാന്‍ ഇവര്‍ക്ക് ഇന്ന് നോട്ടീസ് നല്‍കും. ഹര്‍ഷിന സമരം നിറുത്തിവച്ചു.
◾തത്കാലം വൈദ്യുതി നിയന്ത്രണമില്ലെന്നു വൈദ്യുതി മന്ത്രി കെ കൃഷ്ണന്‍കുട്ടി. വൈകുന്നേരം ആറു മുതല്‍ 11 വരെ വാഷിംഗ് മെഷീന്‍, ഗ്രൈന്‍ഡര്‍ തുടങ്ങിയവ ഉപയോഗിക്കാതിരുന്നാല്‍തന്നെ നില മെച്ചപ്പെടും. നിയന്ത്രണം വേണമെന്നാണ് ബോര്‍ഡിന്റെ നിര്‍ദ്ദേശം. ജനം സഹകരിച്ചാല്‍ നിയന്ത്രണം ഒഴിവാക്കാനാകും. അധിക വൈദ്യുതി വാങ്ങുന്ന കാര്യത്തില്‍ തിങ്കളാള്ച തീരുമാനിക്കുമെന്നും മന്ത്രി വ്യക്തമാക്കി.
◾സംസ്ഥാനത്ത് ഇന്നു മുതല്‍ ബുധനാഴ്ചവരെ മഴയ്ക്കു സാധ്യത. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, എറണാകുളം, ഇടുക്കി എന്നീ ഏഴു ജില്ലകളില്‍ യെല്ലോ അലര്‍ട്ട്.
◾ബഹറിനിലുണ്ടായ വാഹനാപകടത്തില്‍ നാലു മലയാളികള്‍ ഉള്‍പ്പെടെ അഞ്ചു പേര്‍ മരിച്ചു. ഇന്നലെ രാത്രി കാര്‍ ട്രക്കുമായി കൂട്ടിയിടിച്ചാണ് അപകടം ഉണ്ടായത്. കോഴിക്കോട് സ്വദേശി വി പി മഹേഷ്, മലപ്പുറം പെരിന്തല്‍മണ്ണ സ്വദേശി ജഗത് വാസുദേവന്‍, തൃശൂര്‍ ചാലക്കുടി സ്വദേശി ഗൈദര്‍ ജോര്‍ജ്, തലശേരി സ്വദേശി അഖില്‍ രഘു എന്നിവരാണ് മരിച്ച മലയാളികള്‍.
◾മകനെപോലും കോണ്‍ഗ്രസില്‍ പിടിച്ചുനിര്‍ത്താന്‍ കഴിയാത്തയാളാണ് എ.കെ. ആന്റണിയെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദന്‍. പുതുപ്പള്ളിയില്‍ കോണ്‍ഗ്രസ് ജയിക്കില്ലെന്നും ഗോവിന്ദന്‍ അവകാശപ്പെട്ടു.
◾ധീരജ് വധക്കേസില്‍ ഒന്നാം പ്രതി നിഖില്‍ പൈലിക്ക് തൊടുപുഴ കോടതിയുടെ അറസ്റ്റു വാറണ്ട്. കുറ്റപത്രം വായിച്ചു കേള്‍ക്കേണ്ട ദിവസം ഹാജരാക്കാത്തതിനാലാണ് അറസ്റ്റുവാറണ്ട് പുറപ്പെടുവിച്ചത്. അറസ്റ്റ് ചെയ്തു ജാമ്യത്തില്‍ വിടണമെന്നാണ് പൊലീസിനുള്ള നിര്‍ദ്ദേശം. കേസ് ഒക്ടോബര്‍ നാലിലേക്കു മാറ്റി. പുതുപ്പള്ളി ഉപതെരഞ്ഞെടുപ്പില്‍ യുഡിഎഫിന്റെ പ്രചാരണത്തിലാണ് നിഖില്‍ പൈലി.
◾കുട്ടനാട്ടില്‍ സിപിഎമ്മില്‍നിന്ന് സിപിഐയിലേക്കു കൂട്ടത്തോടെ പാര്‍ട്ടി മാറ്റം. നാളെ സിപിഐ മണ്ഡലം കമ്മിറ്റി ചേര്‍ന്ന് 22 പേര്‍ക്ക് അംഗത്വം നല്‍കുമെന്ന് സിപിഐ അവകാശപ്പെട്ടു. മുന്‍ ലോക്കല്‍ കമ്മിറ്റി സെക്രട്ടറിമാര്‍ ഉള്‍പ്പെടെ പട്ടികയിലുണ്ടെന്നാണ് സിപിഐയുടെ അവകാശവാദം. എന്നാല്‍ ഒരൊറ്റ പ്രവര്‍ത്തകന്‍പോലും വിട്ടുപോകില്ലെന്ന് സിപിഎം കുട്ടനാട് ഏരിയാ സെക്രട്ടറി ജി.ഉണ്ണിക്കൃഷ്ണന്‍ പറഞ്ഞു.
◾യമന്‍ ജയിലില്‍ വധശിക്ഷ കാത്തു കഴിയുന്ന മലയാളി നഴ്സ് നിമിഷപ്രിയ രാഷ്ട്രപതിക്കും പ്രധാനമന്ത്രിക്കും കത്തെഴുതി. തന്റെ ജീവന്‍ രക്ഷിക്കാന്‍ എത്രയും വേഗം ഇടപെടണമെന്നാണ് നിമിഷ പ്രിയയുടെ അപേക്ഷ.
◾മുംബൈയില്‍ പോലീസ് മേധാവിയെന്നു പരിചയപ്പെടുത്തി യുവതിയില്‍നിന്ന് 45 ലക്ഷം രൂപ തട്ടിയെടുത്ത വിരുതന്‍ അടക്കം തമിഴ്നാട് സ്വദേശികളായ മൂന്നു പേരെ സൈബര്‍ പോലീസ് അറസ്റ്റു ചെയ്തു. പാലക്കാട് സ്വദേശിനിയായ യുവതി വിദേശത്തേക്കയച്ച പാഴ്സലില്‍ മയക്കുമരുന്നു കണ്ടെത്തിയെന്നു ഭീഷണിപ്പെടുത്തിയാണ് പണം തട്ടിയെടുത്തത്. ഡിണ്ടിഗല്‍ സ്വദേശി ബാലാജി രാഘവന്‍, ഇന്ദ്രകുമാര്‍, മോഹന്‍കുമാര്‍ എന്നിവരാണു പിടിയിലായത്.
◾കാസര്‍കോട് ട്രെയിനിനു നേരെ വീണ്ടും കല്ലേറ്. ഇന്നലെ രാത്രി 8.45 ന് കുമ്പളക്കും ഉപ്പളയ്ക്കും ഇടയില്‍ തിരുവനന്തപുരത്തുനിന്നു മുബൈയിലേക്കുള്ള നേത്രാവതി എക്സ്പ്രസിന് നേരെയാണ് കല്ലേറുണ്ടായത്. എസ് ടു കോച്ചിന്റെ ഒരു ചില്ല് തകര്‍ന്നു.
◾ജിഎസ്ടി വരുമാനത്തില്‍ റെക്കോര്‍ഡ് നേട്ടം. ഓഗസ്റ്റിലെ ചരക്ക് സേവന നികുതി 1.6 ലക്ഷം കോടി രൂപയായി വര്‍ധിച്ചു. മുന്‍ വര്‍ഷത്തെ ഓഗസ്റ്റിലേതിനേക്കാള്‍ 11 ശതമാനമാണ് വര്‍ധന.
◾ഡല്‍ഹി ഐഐടിയില്‍ വിദ്യാര്‍ത്ഥി ആത്മഹത്യ ചെയ്തു. 21 വയസുകാരന്‍ അനില്‍ കുമാര്‍ ആണ് മരിച്ചത്. ബി ടെക് മാത്തമാറ്റിക്സ് ആന്‍ഡ് കമ്പ്യൂട്ടിംഗ് വിദ്യാര്‍ത്ഥിയാണ് അനില്‍കുമാര്‍. ക്യാമ്പസില്‍ രണ്ടു മാസത്തിനിടെ നടക്കുന്ന രണ്ടാമത്തെ ആത്മഹത്യയാണിത്.
◾ആസാമിലെ സ്ത്രീകള്‍ അര്‍ദ്ധനഗ്നരായി പ്രതിഷേധിച്ചെങ്കിലും പോലീസ് കയ്യേറ്റം ആരോപിച്ച് വീടുകള്‍ പൊളിച്ചുനീക്കി. സില്‍സാക്കോ ബീല്‍ പ്രദേശത്താണു സംഭവം. നഗ്‌നരായി സമരം നടത്തിയവരെ പോലീസ് ബലപ്രയോഗത്തിലൂടെ നീക്കി ജെസിബി ഉപയോഗിച്ച് വീടുകള്‍ പൊളിച്ചുനീക്കി.
◾രാജസ്ഥാനില്‍ ആദിവാസി യുവതിയെ നഗ്നയാക്കി മര്‍ദ്ദിച്ച് റോഡിലൂടെ നടത്തിയ സംഭവത്തില്‍ മൂന്നു പേര്‍ അറസ്റ്റില്‍. പ്രതാപ് ഗഡിലെ നചാല്‍ കോട്ട ഗ്രാമത്തില്‍ ഭര്‍ത്താവും ബന്ധുക്കളമടക്കം പത്ത് പേരാണ് പ്രതികള്‍.
ഇന്നത്തെ വിനിമയ നിരക്ക്
ഡോളര്‍ – 82.72, പൗണ്ട് – 104.12, യൂറോ – 89.09, സ്വിസ് ഫ്രാങ്ക് – 93.38, ഓസ്‌ട്രേലിയന്‍ ഡോളര്‍ – 53.34, ബഹറിന്‍ ദിനാര്‍ – 218.66, കുവൈത്ത് ദിനാര്‍ -267.56, ഒമാനി റിയാല്‍ – 214.13, സൗദി റിയാല്‍ – 22.05, യു.എ.ഇ ദിര്‍ഹം – 22.52, ഖത്തര്‍ റിയാല്‍ – 22.72, കനേഡിയന്‍ ഡോളര്‍ – 60.96.