പ്രഭാത വാർത്താമുദ്ര
2023 | സെപ്റ്റംബർ 16 | ശനി
1199 | ചിങ്ങം 31 | ഉത്രം
1445 സഫർ 30
◾ലോണ്‍ ആപ്പുകളെ നിയന്ത്രിക്കാന്‍ നിയമ നിര്‍മ്മാണം നടത്തുമെന്ന് കേന്ദ്ര മന്ത്രി രാജീവ് ചന്ദ്രശേഖര്‍. ഡിജിറ്റല്‍ ഇന്ത്യ ആക്ടിനായുള്ള നടപടികള്‍ ഉടന്‍ തുടങ്ങുമെന്നും രാജീവ് ചന്ദ്രശേഖര്‍ അറിയിച്ചു. പ്ലേ സ്റ്റോറിലും, ആപ്പ് സ്റ്റോറിലുമുള്ള നിയമവിരുദ്ധമായ ആപ്പുകള്‍ക്കെതിരെ ക്രിമിനല്‍ നടപടി സ്വീകരിക്കുന്നതടക്കം നിര്‍ദ്ദേശങ്ങള്‍ ഉണ്ടാകുമെന്നും അദ്ദേഹം വ്യക്തമാക്കി.
◾നിപ വ്യാപനം തടയാന്‍ കോഴിക്കോട് ജില്ലയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ ഒരാഴ്ചകൂടി അടച്ചിടും. ക്ലാസുകള്‍ ഓണ്‍ലൈനായി നടത്തും. പ്രഫഷണല്‍ കോളജുകള്‍ക്കും ഇത് ബാധകമാണ്. നിപ അവലോകന യോഗത്തിനുശേഷം മന്ത്രി വീണ ജോര്‍ജ് അറിയിച്ചതാണ് ഇക്കാര്യം.
◾ബേപ്പൂര്‍, കൊച്ചി തുറമുഖങ്ങളില്‍ നിന്ന് ദുബൈയിലെ മിന അല്‍ റാഷിദ് തുറമുഖം വരെ പതിനായിരം രൂപയ്ക്കു കപ്പല്‍ യാത്രാ സൗകര്യം ഒരുക്കുന്നു. മൂന്നു ദിവസത്തെ യാത്രക്കിടെ ഭക്ഷണം അടക്കമാണു നിരക്ക്. ഒരു ട്രിപ്പില്‍ 1250 പേര്‍ക്ക് വരെ യാത്ര ചെയ്യാം. 200 കിലോ ലഗേജു കൊണ്ടുപോകാം. കേന്ദ്രസര്‍ക്കാരിന്റെ അനുമതി ലഭിച്ചാല്‍ ഡിസംബറില്‍ കപ്പല്‍ സര്‍വീസ് ആരംഭിക്കും. ഷിപ്പിംഗ് കോര്‍പറേഷന്‍ ഓഫ് ഇന്ത്യ അടക്കമുള്ള വിവിധ പങ്കാളികളുമായി മലബാര്‍ ഡെവലപ്‌മെന്റ് കൗണ്‍സില്‍ ചര്‍ച്ചകള്‍ നടത്തിവരികയാണ്.
◾സംസ്ഥാനത്തിന്റെ ധനസ്ഥിതി സംബന്ധിച്ചു സിഎജി റിപ്പോര്‍ട്ടിലുള്ള നികുതി കുടിശിക കേരളം ഉണ്ടായ കാലം മുതലുള്ളതാണെന്ന് ധനമന്ത്രി കെഎന്‍ ബാലഗോപാല്‍. കുടിശികയില്‍ 420 കോടി രൂപ പിരിച്ചെടുത്തത് ചരിത്ര നേട്ടമാണെന്നും അദ്ദേഹം അവകാശപ്പെട്ടു. 2020-21 ല്‍ നിന്നും 2021 – 22 ല്‍ 6400 കോടി രൂപ നികുതി കുടിശ്ശിക കൂടിയെന്നാണ് സിഎജി റിപ്പോര്‍ട്ടില്‍ പറയുന്നത്. ഇതിനു കാരണം പൊതുമേഖലാ സ്ഥാപനങ്ങളുടെ വായ്പാ സഹായം പുതിയ ഇനമാക്കി ചേര്‍ത്തതാണ്. 1970 മുതല്‍ 5,980 കോടി രൂപ വരും ഈ തുകയെന്നും ധനമന്ത്രി പറഞ്ഞു.
◾നിപ നിയന്ത്രണങ്ങളുടെ സാഹചര്യത്തില്‍ ശബരിമല തീര്‍ത്ഥാടകര്‍ക്ക് മാര്‍ഗനിര്‍ദ്ദേശം നല്‍കണമെന്ന് ഹൈക്കോടതി. കന്നിമാസ പൂജക്കായി നാളെ നട തുറക്കാനിരിക്കെയാണ് കോടതിയുടെ നിര്‍ദേശം. ദേവസ്വം കമ്മീഷണറുമായി കൂടിയാലോചിച്ച് തീരുമാനമെടുക്കാന്‍ ഹൈക്കോടതി ആരോഗ്യ സെക്രട്ടറിക്കു നിര്‍ദേശം നല്‍കി. കോഴിക്കോട് ജില്ലയില്‍ നിയന്ത്രണമുണ്ടെന്നും സമ്പര്‍ക്കപ്പട്ടികയിലുള്ളവരെ കണ്ടെത്തി നിരീക്ഷണത്തിലാക്കിയെന്നും സര്‍ക്കാര്‍ കോടതിയെ അറിയിച്ചു.
◾കോഴിക്കോട് ജില്ലയില്‍ നിപ ജാഗ്രതയുടെ ഭാഗമായി കോഴിക്കോട് ബീച്ചില്‍ സന്ദര്‍ശക വിലക്ക്. പൊലീസ് ആളുകളെ ഒഴിപ്പിച്ചു. കോര്‍പറേഷന്‍ പരിധിയില്‍ രണ്ടു പേര്‍ക്കു നിപ സ്ഥിരീകരിച്ചിരിക്കേയാണു നടപടി.
◾കോഴിക്കോട് ചെറുവണ്ണൂര്‍ സ്വദേശിക്കു കൂടി നിപാ ബാധിച്ചതോടെ രോഗബാധിതരുടെ എണ്ണം നാലായി. രോഗം സ്ഥിരീകരിച്ച 39 വയസുകാരന്റെ റൂട്ട് മാപ്പ് പുറത്തുവിട്ടു. സമ്പര്‍ക്ക പട്ടികയിലുള്ളവര്‍ നിരീക്ഷണത്തിലാണ്.
◾മന്ത്രിസഭ പുന:സംഘടനയ്ക്കു സാധ്യത തെളിഞ്ഞതോടെ മന്ത്രിസ്ഥാനം ആവശ്യപ്പെട്ട് എല്‍ഡിഎഫിലെ വിവിധ ഘടകകക്ഷികളും നേതാക്കളും. എം.വി. ശ്രേയാംസ്‌കുമാറിന്റെ നേതൃത്വത്തിലുള്ള ലോക്താന്ത്രിക് ജനതാദള്‍, ആര്‍എസ്പി എല്‍ എംഎല്‍എ കോവൂര്‍ കുഞ്ഞുമോന്‍, എന്‍സിപി എംഎല്‍എ തോമസ് കെ. തോമസ് എന്നിവരാണ് മന്ത്രിസ്ഥാനം ആവശ്യപ്പെടുന്നത്. മന്ത്രിസഭയില്‍ പ്രാതിനിധ്യം വേണമെന്ന് മുന്നണി യോഗത്തില്‍ ആവശ്യപ്പെടാന്‍ എല്‍ജെഡി തീരുമാനിച്ചു. ഇടതുമുന്നണിക്കു കത്ത് നല്‍കിയെന്ന് കോവൂര്‍ കുഞ്ഞുമോന്‍ പറഞ്ഞു. സ്പീക്കര്‍ ഷംസീറിനേയും കെ.ബി ഗണേഷ്‌കുമാറിനേയും കടന്നപ്പള്ളി രാമചന്ദ്രനേയും മന്ത്രിമാരാക്കുമെന്നാണു സൂചനകള്‍.
◾ഒരു കോടിയോളം രൂപയുടെ ക്രമക്കേടു നടത്തിയെന്ന് ആരോപിച്ച് ഇടുക്കി നെടുംകണ്ടം മുന്‍ ഗ്രാമപഞ്ചായത്ത് സെക്രട്ടറിയെ സസ്പെന്‍ഡു ചെയ്തു. ആലപ്പുഴ വെണ്മണി പഞ്ചായത്ത് സെക്രട്ടറി എ വി അജികുമാറിനെയാണ് സസ്പെന്‍ഡ് ചെയ്തത്. നിര്‍മ്മാണ പ്രവര്‍ത്തനങ്ങളുടെ മറവില്‍ 16. 56 ലക്ഷം രൂപയുടെ ക്രമക്കേട് നടത്തിയെന്നും രേഖകളില്ലാതെ 74 ലക്ഷം രൂപ ചെലവഴിച്ചെന്നുമാണ് ആരോപണം.
◾എംഡിഎംഎ മയക്കുമരുന്നു കേസിലെ പ്രതിയെ കേസില്‍നിന്ന് ഒഴിവാക്കാന്‍ കൈക്കൂലി വാങ്ങിയെന്ന കേസില്‍ സിഐക്ക് സസ്പെന്‍ഷന്‍. വയനാട് വൈത്തിരി എസ്എച്ച്ഒ ജെ.ഇ. ജയനെയാണ് സസ്പെന്‍ഡു ചെയ്തത്. ഡിജെ പാര്‍ട്ടിക്ക് എംഡിഎംഎ ഉപയോഗിച്ച കേസില്‍ പ്രതിയായ ഹോം സ്റ്റേ ഉടമയില്‍നിന്ന് 1.25 ലക്ഷം രൂപ കൈക്കൂലി വാങ്ങിയെന്നാണു കേസ്.
◾ഉമ്മന്‍ ചാണ്ടിയെ മരണശേഷവും കോണ്‍ഗ്രസ് വേട്ടയാടുകയാണെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദന്‍. നിയമസഭയില്‍ അവതരിപ്പിച്ച അടിയന്തര പ്രമേയ നോട്ടീസിനു പിന്നിലും വേട്ടയാടലായിരുന്നെന്ന് ഗോവിന്ദന്‍ ആരോപിച്ചു.
◾കരിപ്പൂര്‍ വിമാനത്താവളത്തില്‍ ഇറങ്ങേണ്ട നാലു വിമാനങ്ങള്‍ പ്രതികൂല കാലാവസ്ഥ കാരണം കൊച്ചി വിമാനത്താവളത്തിലേക്കു തിരിച്ചുിവിട്ടു. ഗള്‍ഫില്‍ നിന്നുള്ള സര്‍വീസുകളാണ് കൊച്ചിയിലേക്ക് മാറ്റിയത്.
◾കോളജ് യൂണിയന്‍ തെരഞ്ഞെടുപ്പില്‍ നാമനിര്‍ദേശപത്രിക തള്ളിയതിന് പത്തനംതിട്ട കടമ്മനിട്ട മൗണ്ട് സിയോണ്‍ ലോ കോളജിലെ പ്രസിന്‍സിപ്പല്‍ രാജനേയും അഞ്ചു അധ്യാപകരേയും എസ്എഫ്ഐ പ്രവര്‍ത്തകര്‍ തടഞ്ഞുവച്ചു. ഇന്നലെ രാത്രി വളരെ വൈകിയും ഇവരെ മോചിപ്പിച്ചില്ല.
◾മാധ്യമപ്രവര്‍ത്തകയോട് അപമര്യാദയായി പെരുമാറിയതിന് നടന്‍ അലന്‍സിയറിനെതിരെ പോലീസില്‍ പരാതി. ചലച്ചിത്ര അവാര്‍ഡ് വിതരണ ചടങ്ങില്‍ അലന്‍സിയറിന്റെ വിവാദ പ്രസ്താവനയില്‍ പ്രതികരണം ചോദിച്ചപ്പോള്‍ അലന്‍സിയര്‍ അപമര്യാദയായി പെരുമാറിയെന്നാണ് റിപ്പോര്‍ട്ടര്‍ ചാനലിലെ വനിത മാധ്യമ പ്രവര്‍ത്തകയുടെ പരാതി.
◾വാടക കെട്ടിടത്തില്‍ പ്രവര്‍ത്തിക്കുന്ന കരിപ്പൂര്‍ പൊലീസ് സ്റ്റേഷന്‍ ഉള്‍പെടുന്ന ഭൂമിക്കു ജപ്തി ഭീഷണി. പതിനേഴര സെന്റ് സ്ഥലം ഈടുവച്ച് അഞ്ചര കോടി രൂപ വായ്പയെടുത്ത സ്ഥലമുടമ തിരിച്ചടവു മുടക്കിയതോടെയാണ് ബാങ്ക് ജപ്തി നടപടികള്‍ ആരംഭിച്ചത്.