മനുഷ്യാവകാശ കമ്മീഷൻ ഇടപെട്ടു : മൂന്നു പതിറ്റാണ്ടിനു ശേഷം രാമനാട്ടുകര ഖാദി സൗഭാഗ്യയിൽ വൈദ്യുതി പുനസ്ഥാപിച്ചു
കോഴിക്കോട് :
വൈദ്യുതി കണക്ഷൻ 1992 ൽ വിഛേദിക്കപ്പെട്ട രാമനാട്ടുകര ഖാദി സൗഭാഗ്യയിൽ മനുഷ്യാവകാശ കമ്മീഷന്റെ ഇടപെടലിനെ തുടർന്ന് കണക്ഷൻ പുനസ്ഥാപിച്ചു.
കമ്മീഷൻ ആക്റ്റിങ് ചെയർപേഴ്സണും ജുഡീഷ്യൽ അംഗവുമായ കെ. ബൈജൂനാഥിന്റെ ഇടപെടലിന്റെ അടിസ്ഥാനത്തിലാണ് നടപടി. മൂന്ന് പതിറ്റാണ്ടിലേറെക്കാലം വൈദ്യുതി ഇല്ലാതെ പ്രവർത്തിക്കുന്ന സ്ഥാപനത്തെക്കുറിച്ചുള്ള മാധ്യമ വാർത്തയുടെ അടിസ്ഥാനത്തിൽ കമ്മീഷൻ സ്വമേധയാ കേസെടുക്കുകയായിരുന്നു.
രാമനാട്ടുകര കെ. എസ്. ഇ. ബി അസിസ്റ്റന്റ് എക്സിക്യൂട്ടീവ് എൻജിനീയറിൽ നിന്നും കമ്മീഷൻ റിപ്പോർട്ട് വാങ്ങി. 1976 സെപ്തംബർ 3 നാണ് ഖാദി ഓഫീസിന് കണക്ഷൻ നൽകിയത്. എന്നാൽ കറന്റ് ചാർജ് അടയ്ക്കുന്നതിൽ തുടർച്ചയായി വീഴ്ച വരുത്തിയതിനെ തുടർന്ന് 1992 ഡിസംബർ 30 ന് കണക്ഷൻ വിഛേദിച്ചു. 2001 ൽ വൈദ്യുതി ചാർജിലെ പലിശ തുകയായ 73,806 രൂപ ഒഴിവാക്കണമെന്ന് കാണിച്ച് ജില്ലാ ഖാദി ആന്റ് വില്ലേജ് ഇൻഡസ്ട്രീസ് ഓഫീസർ കെ. എസ്. ഇ. ബി യ്ക്ക് കത്ത് നൽകി. 2001 മാർച്ച് 7 ന് വൈദ്യുതി ചാർജായി 37,656 രൂപ അടയ്ക്കുകയും ചെയ്തു. പലിശ ഒഴിവാക്കണമെങ്കിൽ തിരുവനന്തപുരം വൈദ്യുതി ബോർഡ് സെക്രട്ടറിക്ക് അപേക്ഷ നൽകണം. ഇത് ചെയ്തില്ല. പലിശ ഒഴിവാക്കി വൈദ്യുതി ചാർജ് മാത്രം അടയ്ക്കുന്നത് നിയമപ്രകാരമല്ലാത്തതിനാൽ കണക്ഷൻ പുനസ്ഥാപിച്ചില്ല.തുടർന്ന് ജില്ലാ ഖാദി ആന്റ് വില്ലേജ് ഇൻഡസ്ട്രീസ് ഓഫീസറെ കമ്മീഷൻ സിറ്റിംഗിൽ വിളിച്ചു വരുത്തി. 2008 മുതൽ ഖാദി ഗ്രാമ സൗഭാഗ്യ പ്രവർത്തിക്കുന്നത് സോളാർ സഹായത്തോടെയാണെന്ന് അദ്ദേഹം അറിയിച്ചു. രാമനാട്ടുകര വൈദ്യുതി സെക്ഷന്റെ നിർദ്ദേശാനുസരണം കുടിശ്ശികയുണ്ടായിരുന്ന മുഴുവൻ തുകയും പലിശ സഹിതം അടച്ചതായി ജില്ലാ ഓഫീസർ അറിയിച്ചു. വൈദ്യുതി പുനസ്ഥാപിക്കുന്നതിനുള്ള തുകയും അടച്ചതായി ജില്ലാ ഓഫീസർ അറിയിച്ചു.
പരാതി പരിഹരിച്ച സാഹചര്യത്തിൽ കമ്മീഷൻ കേസ് തീർപ്പാക്കി.