Tuesday, February 4, 2025
DISTRICT NEWS

‘എന്റെ ഭൂമി’ ഇന്റഗ്രേറ്റഡ് പോർട്ടൽ സംവിധാനം നവംബറിൽ: മന്ത്രി കെ. രാജൻ

നാദാപുരം:
ഡിജിറ്റൽ റീസർവ്വേയുടെ ഭാഗമായി ‘എന്റെ ഭൂമി’ ഇന്റഗ്രേറ്റഡ് പോർട്ടൽ സംവിധാനം ഇന്ത്യയിൽ തന്നെ ആദ്യമായി കേരളത്തിൽ നവംബർ മാസം നിലവിൽ വരുമെന്ന് റവന്യൂ-ഭവന നിർമ്മാണ വകുപ്പ് മന്ത്രി കെ രാജൻ പറഞ്ഞു. വളയം സ്മാർട്ട് വില്ലേജ് ഓഫീസ് പുതിയ കെട്ടിടം ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു മന്ത്രി. ഡിജിറ്റൽ റീസർവ്വേയുടെ ഭാഗമായി ‘എന്റെ ഭൂമി’ പോർട്ടൽ ഇന്ത്യയിൽ ആദ്യമായി സംഭാവന ചെയ്യാൻ പോകുന്നത് കേരളമാണ്. ഇത് നിലവിൽ വരാൻ ഡിജിറ്റൽ റീ സർവ്വേ പൂർത്തിയാകുന്ന കാലം വരെ കാത്തിരിക്കേണ്ടി വരില്ലെന്നും മന്ത്രി പറഞ്ഞു.
ആദ്യ ഘട്ടത്തിൽ ഡിജിറ്റൽ റീസർവ്വേ പൂർത്തീകരിക്കപ്പെട്ട 15 വില്ലേജുകളിലാണ് രജിസ്‌ട്രേഷൻ, സർവ്വേ, റവന്യൂ വകുപ്പുകളെ കൂട്ടിയോജിപ്പിച്ച ‘എന്റെ ഭൂമി’ ഇന്റഗ്രേറ്റഡ് പോർട്ടൽ നിലവിൽ വരിക. വളയത്ത് റീസർവ്വേ ആറുമാസത്തിനുള്ളിൽ പൂർത്തിയാക്കിയാൽ ഇന്റ ഗ്രേറ്റഡ് പോർട്ടൽ നടപ്പിലാക്കുന്ന വില്ലേജായി വളയവും മാറുമെന്നും മന്ത്രി പറഞ്ഞു. നാദാപുരം സ്മാർട്ട് വില്ലേജ് ഓഫീസിന് തുക അനുവദിച്ച വിവരവും മന്ത്രി പ്രഖ്യാപിച്ചു.
ഇ.കെ. വിജയൻ എം എൽ എ അധ്യക്ഷത വഹിച്ചു. കെ മുരളീധരൻ എംപി മുഖ്യാതിഥിയായിരുന്നു. നിർമ്മിതി കേന്ദ്രം റീജ്യനൽ എഞ്ചിനീയർ കെ എം ശശി റിപ്പോർട്ട് അവതരിപ്പിച്ചു. വളയം ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് കെ പി പ്രദീഷ് , തൂണേരി ബ്ലോക്ക് പഞ്ചായത്ത് അംഗം നജ്മ യാസർ, ജില്ലാ പഞ്ചായത്ത് അംഗം സിവിഎം നജ്മ, വളയം ഗ്രാമപഞ്ചായത്ത് ക്ഷേമകാര്യ സ്ഥിരം സമിതി ചെയർമാൻ കെ വിനോദൻ, വളയം ഗ്രാമപഞ്ചായത്ത് ആരോഗ്യ, വിദ്യാഭ്യാസ സ്ഥിരം സമിതി ചെയർമാൻ എം കെ അശോകൻ, വാർഡ് മെമ്പർ വി പി ശശിധരൻ മാസ്റ്റർ, വിവിധ രാഷ്ട്രീയ പാർട്ടി പ്രതിനിധികൾ എന്നിവർ സംസാരിച്ചു. എഡിഎം സി മുഹമ്മദ് റഫീഖ് സ്വാഗതവും വടകര തഹസിൽദാർ കലാഭാസ്‌കർ നന്ദിയും പറഞ്ഞു.
റീബിൽഡ് കേരള പദ്ധതിയിൽ ഉൾപ്പെടുത്തി 44 ലക്ഷം രൂപയുടെ ഭരണാനുമതി ലഭിച്ച വളയം സ്മാർട്ട് വില്ലേജ് ഓഫീസിന്റെ നിർമ്മാണം പൂർത്തീകരിച്ചത് ജില്ലാ നിർമ്മിതി കേന്ദ്രമാണ്. 2022 മെയ് മാസത്തിലായിരുന്നു പ്രവൃത്തികൾ ആരംഭിച്ചത്. 1326 സ്‌ക്വയർ ഫീറ്റ് വിസ്തീർണമുള്ള കെട്ടിടത്തിൽ കാത്തിരിപ്പ് കേന്ദ്രം, ഫ്രണ്ട് ഓഫീസ്, വില്ലേജ് ഓഫീസർ റൂം, ഓഫീസ്, റെക്കോർഡ് റൂം, ഡൈനിംഗ് ഏരിയ, മീറ്റിംഗ് റൂം, ജീവനക്കാർക്കും ഭിന്നശേഷിക്കാർക്കുമായി പ്രത്യേക ശൗചാലയം എന്നിവയാണുള്ളത്.