മലബാർ മേഖലയിലെ കുട്ടികൾക്കായി അമൃത ആശുപത്രിയുടെ സൗജന്യ ഹൃദയശസ്ത്രക്രിയാ ക്യാമ്പ് 12 ന്
കോഴിക്കോട്:
മാതാ അമൃതാനന്ദമയി ദേവിയുടെ 70-ാം ജൻമദിനത്തോടനുബന്ധിച്ചും കൊച്ചി അമൃത ആശുപത്രിയുടെ 25-ാം വാർഷികത്തോടനുബന്ധിച്ചും മലബാർ മേഖലയിലെ 5 ജില്ലകളിലുളള ഹൃദയവൈകല്യങ്ങളുള്ള കുട്ടികൾക്കായി കോഴിക്കോട് വച്ച് സൗജന്യ മെഗാ മെഡിക്കൽക്യാമ്പ് സംഘടിപ്പിക്കുമെന്ന് സംഘാടകർ വാർത്താ സമ്മേളനത്തിൽ പറഞ്ഞു. കോഴിക്കോട്, കാസർഗോഡ്, കണ്ണൂർ, വയനാട്, മലപ്പുറം ജില്ലകളിലെ കുട്ടികൾക്കായാണ് നവംബർ 12 ന് കോഴിക്കോട് വെള്ളിമാട്കുന്ന് മാതാ അമൃതാനന്ദമയി മഠത്തിനോട് ചേർന്നുള്ള അമൃതകൃപ സ്‌പെഷ്യാലിറ്റി ക്ലിനിക്കിൽ വച്ച് മെഡിക്കൽ ക്യാമ്പ് നടത്തുന്നത്.
രാവിലെ 8.30 മുതൽ വൈകീട്ട് 4 വരെ നടക്കുന്ന ക്യാമ്പിന് കൊച്ചി അമൃത ആശുപത്രിയിലെ പീഡിയാട്രിക് കാർഡിയോളജി വിഭാഗത്തിലെ പ്രൊഫസർമാരായ ഡോ.പി.കെ ബ്രിജേഷ്, ഡോ.ബാലു വൈദ്യനാഥൻ എന്നിവർ നേതൃത്വം നൽകും. കോഴിക്കോട് മെഡിക്കൽ കോളേജ് സൂപ്രണ്ട് ഡോ.എം.പി ശ്രീജയൻ ക്യാമ്പിന്റെ ഉദ്ഘാടനം നിർവഹിക്കും. ക്യാമ്പിലെത്തുന്ന കുട്ടികളിൽ ഹൃദയശസ്ത്രക്രിയ ആവശ്യമായി വരുന്നവരിൽ സാമ്പത്തികമായി പിന്നാക്കം നിൽക്കുന്ന എല്ലാവർക്കും കൊച്ചി അമൃത ആശുപത്രിയിൽ ശസ്ത്രക്രിയ സൗജന്യമായി നടത്തുമെന്ന് അധികൃതർ വാർത്താസമ്മേളനത്തിൽ അറിയിച്ചു. ക്യാമ്പിൽ പങ്കെടുക്കുന്നതിനായി 9744894949, 8921508515 എന്നീ നമ്പറുകളിൽ വിളിച്ച് പേര് രജിസ്റ്റർ ചെയ്യേണ്ടതാണ്.
വെള്ളിമാട്കുന്ന് മാതാ അമൃതാനന്ദമയി മഠത്തോട് ചേർന്ന് പ്രവർത്തനം തുടങ്ങുന്ന അമൃത ആശുപത്രിയുടെ അനുബന്ധ സ്ഥാപനമായ അമൃതകൃപ സ്‌പെഷ്യാലിറ്റി ക്ലിനിക്കിന്റെ ഉദ്ഘാടനം 12 ന് രാവിലെ 8.30 ന് കൊച്ചി അമൃത സ്‌കൂൾ ഓഫ് മെഡിസിൻ പ്രിൻസിപ്പൽ ഡോ. കെ.പി ഗിരീഷ്‌കുമാർ നിർവഹിക്കും. കോഴിക്കോട് മെഡിക്കൽ കോളേജിലെ പീഡിയാട്രിക്‌സ് വിഭാഗം പ്രൊഫസർ ഡോ.മോഹൻദാസ് നായർ, മുക്കം കെഎംസിടി മെഡിക്കൽ കോളേജിലെ ഡോ.രാമചന്ദ്രൻ എന്നിവർ ആശംസാപ്രസംഗങ്ങൾ നടത്തും. എല്ലാമാസവും രണ്ടാമത്തെ ശനിയാഴ്ച ഈ ക്ലിനിക്കിൽ സൗജന്യ പീഡിയാട്രിക് കാർഡിയോളജി ഒ.പി യിൽ കൊച്ചി അമൃത ആശുപത്രിയിലെ ഡോക്ടർമാരുടെ സേവനം ഉണ്ടായിരിക്കുന്നതാണ്.
കോഴിക്കോട് മാതാ അമൃതാന്ദമയി മഠം മഠാധിപതി സ്വാമി വിവേകാമൃതാനന്ദപുരി, അമൃത ആശുപത്രിയിലെ പീഡിയാട്രിക് കാർഡിയോളജി വിഭാഗം പ്രൊഫസർ ഡോ.പി.കെ ബ്രിജേഷ്, ജനറൽ സർജറി വിഭാഗം പ്രൊഫസർ ഡോ. സി ശ്രീകുമാർ എന്നിവർ വാർത്താസമ്മേളനത്തിൽ പങ്കെടുത്തു.