സായാഹ്ന വാർത്താമുദ്ര
2023 | നവംബർ 04 | ശനി | 1199 | തുലാം 18 | പുണർതം
◾ആലുവയില്‍ ബിഹാര്‍ സ്വദേശിനിയായ അഞ്ച് വയസുകാരിയെ തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ച് കൊലപ്പെടുത്തി മൃതദേഹം ഉപേക്ഷിച്ച് കടന്ന കേസില്‍ പ്രതി ബിഹാര്‍ സ്വദേശി അസ്ഫാക് ആലം കുറ്റക്കാരനെന്ന് കോടതി വിധി. പ്രതിക്കെതിരെ ചുമത്തിയ 16 കുറ്റങ്ങളും പ്രൊസിക്യൂഷന് തെളിയിക്കാനായെന്ന് കോടതി പറഞ്ഞു.
◾ആലുവയിലെ അഞ്ചുവയസ്സുകാരിക്ക് നേരെയുണ്ടായത് സമാനതകളില്ലാത്ത ക്രൂരതയാണെന്നും, പ്രതിക്ക് യാതൊരു വിധത്തിലുള്ള മാനസിക പ്രശ്നങ്ങളും ഇല്ലെന്നും 100 ദിവസവും പ്രതിയില്‍ യാതൊരു വിധത്തിലുള്ള മാറ്റവും ഉണ്ടാക്കിയിട്ടില്ലെന്നും പ്രോസിക്യൂഷന് ചൂണ്ടിക്കാണിച്ചു. പ്രതിക്കുള്ള ശിക്ഷ നവംബര്‍ ഒന്‍പത്, വ്യാഴാഴ്ച പ്രഖ്യാപിക്കും. പ്രതിക്ക് വധശിക്ഷ തന്നെ നല്‍കണമെന്ന് കുഞ്ഞിന്റെ മാതാപിതാക്കള്‍ പറഞ്ഞു.
◾ആലുവ പീഡനക്കേസില്‍ അന്വേഷണവും വിചാരണയും അതിവേഗം പൂര്‍ത്തിയാക്കിയത് അഭിമാന നിമിഷമെന്ന് റൂറല്‍ എസ്പി വിവേക് കുമാര്‍. കുറ്റപത്രം അതിവേഗം സമര്‍പ്പിക്കുകയെന്നത് അന്വേഷണ സംഘം വെല്ലുവിളിയായി ഏറ്റെടുത്തുവെന്നും കേസിനോട് നീതിപുലര്‍ത്താന്‍ ശ്രമിച്ചിട്ടുണ്ടെന്നും എസ്പി വ്യക്തമാക്കി.
◾സിപിഎമ്മിന്റെ പലസ്തീന് ഐക്യദാര്‍ഢ്യ റാലിയില്‍ മുസ്ലിം ലീഗ് പങ്കെടുക്കില്ല. പ്രത്യേക യോഗം ചേരാതെയാണു വിഷയത്തില്‍ ലീഗ് നേതൃത്വം തീരുമാനമെടുത്തത്. റാലിയില്‍ പങ്കെടുക്കുന്നത് യു.ഡി.എഫില്‍ ആശയക്കുഴപ്പമുണ്ടാക്കുമെന്ന് ലീഗ് നേതാക്കള്‍ വിലയിരുത്തി. പലസ്തീന് ഐക്യദാര്‍ഢ്യം ഒരു രാഷ്ട്രീയ പ്രശ്നമല്ലെന്നും സിപിഎം വിളിച്ചാല്‍ റാലിയില്‍ പങ്കെടുക്കുമെന്നും മുസ്ലീം ലീഗ് നേതാവ് ഇ.ടി.മുഹമ്മദ് ബഷീര്‍ പറഞ്ഞത് വലിയ ചര്‍ച്ചയായിരുന്നു. പ്രസ്താവന പുറത്തുവന്ന ഉടന്‍ തന്നെ സിപിഎം ലീഗിനെ റാലിയിലേക്കു ക്ഷണിക്കുകയും ചെയ്തിരുന്നു.
◾നേപ്പാളില്‍ ശക്തമായ ഭൂചലനത്തില്‍ 132 മരണം. നൂറുകണക്കിനാളുകള്‍ക്ക് പരുക്കേറ്റു. രക്ഷാപ്രവര്‍ത്തനം തുടരുകയാണ്. വലിയ നാശനഷ്ടം നേരിട്ട നേപ്പാളിന് എല്ലാ സഹായവും ഇന്ത്യ വാഗ്ദാനം ചെയ്തു. ദുരന്തത്തില്‍ നേപ്പാള്‍ നല്‍ഗഡ് ഡെപ്യൂട്ടി മേയറും കുടുംബവും ഉണ്ടെന്നും റിപ്പോര്‍ട്ടുണ്ട്. ദുരിതാശ്വാസ പ്രവര്‍ത്തനത്തിനായി ഇന്ത്യയുടെ സൈനിക ഹെലികോപ്റ്ററുകള്‍ നേപ്പാളിലെത്തി.
◾സംസ്ഥാനത്ത് വൈദ്യുതി സബ്സിഡി പിന്‍വലിക്കില്ലെന്ന് സംസ്ഥാന വൈദ്യുതി മന്ത്രി കെ കൃഷ്ണന്‍കുട്ടി. സബ്സിഡി വിഷയത്തില്‍ ജനത്തിന് ആശങ്ക വേണ്ടെന്നും വൈദ്യുതി തീരുവയില്‍ നിന്ന് സബ്സിഡിക്കുള്ള തുക സംസ്ഥാന സര്‍ക്കാര്‍ കെഎസ്ഇബിക്ക് കൈമാറുമെന്നും അതിനായുള്ള സംവിധാനം സംസ്ഥാന വൈദ്യുതി വകുപ്പ് ഒരുക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
◾മുഖ്യമന്ത്രി ഏകാധിപതിയാണെന്നും എല്ലാത്തിലും കയ്യിട്ട് വാരി പണം സമ്പാദിക്കുന്നയാളാണെന്നും കെപിസിസി പ്രസിഡണ്ട് കെ.സുധാകരന്. മാസപ്പടി വിവാദത്തിലും, കൈതോലപ്പായയില്‍ പണം കടത്തിയെന്ന ആരോപണത്തിലും പ്രതികരണമില്ല. എന്താണ് പിണറായി വിജയന് മകള്‍ക്കെതിരായ ആരോപണം നിഷേധിക്കാത്തതെന്നും വായില്‍ പിണ്ണാക്കാണോയെന്നും അദ്ദേഹം ചോദിച്ചു. ബിജെപി സിപിഎമ്മിനെ രഹസ്യമായി സഹായിക്കുന്നുണ്ടെന്നും അന്തര്‍ധാര സജീവമാണെന്നും സുധാകരന് ആരോപിച്ചു.
◾കണ്ണൂര്‍ വളപ്പട്ടണത്ത് പൊലീസിന് നേരെ വെടിവെപ്പ് നടത്തിയ സംഭവത്തില്‍ ചിറക്കല്‍ ചിറയ്ക്ക് സമീപം വില്ല ലേക് റിട്രീറ്റ് എന്ന വീട്ടില്‍ താമസിക്കുന്ന ബാബു തോമസിനെതിരെ വധശ്രമത്തിന് കേസെടുത്ത് പൊലീസ്. മയക്കുമരുന്നു കേസില്‍ പ്രതിയായ ഇയാളുടെ മകന് റോഷനെ പിടിക്കാനെത്തിയ പൊലീസിന് നേരെ ബാബു തോമസ് വെടിവച്ചുവെന്നാണ് കേസ്. വെടിവയ്പ്പിനിടെ റോഷന് വീട്ടില്‍ നിന്ന് ഓടി രക്ഷപ്പെട്ടു. തമിഴ്നാട് സ്വദേശിയെ ആക്രമിച്ച കേസില്‍ പ്രതിയായ റോഷന് റൗഡി ലിസ്റ്റിലുള്ളയാലാണെന്നും ഇയാള്‍ക്കെതിരെ അഞ്ച് കേസുകളുണ്ടെന്നും കണ്ണൂര്‍ സിറ്റി പൊലീസ് കമ്മീഷണര്‍ അജിത് കുമാര്‍ പറഞ്ഞു.
◾ഉക്കടം സ്ഫോടനകേസില്‍ എന്‍ഐഎ ഒരാളെക്കൂടി അറസ്റ്റ് ചെയ്തു. കോയമ്പത്തൂരിലെ കാര്‍ സര്‍വീസ് സെന്ററില്‍ പെയിന്ററായ താഹ നസീറാണ് പിടിയിലായത്. ഇതോടെ അറസ്റ്റിലായവരുടെ എണ്ണം 15 ആയി. കഴിഞ്ഞ വര്‍ഷം ഒക്ടോബര്‍ 23 ന് കോയമ്പത്തൂര്‍ ഉക്കടം കോട്ടെ സംഗമേശ്വര്‍ ക്ഷേത്രത്തിന് സമീപം സ്ഫോടകവസ്തുക്കളും എല്‍പിജി സിലിണ്ടറുകളും നിറച്ച കാര്‍ പൊട്ടിത്തെറിക്കുകയായിരുന്നു.
◾കളമശേരി സ്ഫോടനത്തില്‍ മരിച്ച 12 വയസുകാരി ലിബ്നയുടെ സംസ്ക്കാരം ഇന്ന് 4 മണിക്ക് കൊരട്ടി യഹോവ സാക്ഷികളുടെ സെമിത്തേരിയില്‍. പരിക്കേറ്റ് ഗുരുതരാവസ്ഥയില്‍ തുടരുന്ന അമ്മയെയും സഹോദരനെയും മൃതദേഹം കാണിക്കുന്നതിനായി 5 ദിവസം മൃതദേഹം കളമശ്ശേരി മെഡിക്കല്‍ കോളേജ് മോര്‍ച്ചറിയില്‍ സൂക്ഷിച്ചിരുന്നു. എന്നാല്‍ ഇവര്‍ക്ക് കാര്യമായ ആരോഗ്യ പുരോഗതി ഇല്ലാത്ത സാഹചര്യത്തിലാണ് സംസ്കാരം നടത്താന്‍ അച്ഛന്റ പ്രദീപന് തീരുമാനിച്ചത്.
◾തലശ്ശേരി ജില്ലാ കോടതിയില്‍ ജീവനക്കാര്‍ക്കും അഭിഭാഷകര്‍ക്കുമുള്‍പ്പെടെ നൂറോളം പേര്‍ക്ക് ആരോഗ്യപ്രശ്നങ്ങളുണ്ടായതിന്റെ കാരണം സിക വൈറസ് ബാധയെന്ന് സൂചന. കോടതിയില്‍ രോഗലക്ഷണങ്ങളുണ്ടായ ഒരാള്‍ക്ക് സിക വൈറസ് സ്ഥിരീകരിച്ചു. മറ്റുള്ളവര്‍ക്കും സിക വൈറസ് ബാധ തന്നെയായിരിക്കുമെന്നാണ് പ്രാഥമിക നിഗമനമെങ്കിലും കൂടുതല്‍ പരിശോധന ഫലം പുറത്തുവന്നാല്‍ മാത്രമെ ഇക്കാര്യം സ്ഥിരീകരിക്കാനാകൂ എന്ന് ആരോഗ്യവകുപ്പ് അറിയിച്ചു.
◾പാര്‍ട്ടി വിലക്ക് ലംഘിച്ച് മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് മണിശങ്കര്‍ അയ്യര്‍ കേരളീയത്തിന്റെ ഭാഗമായ സെമിനാറില്‍ പങ്കെടുത്തു. രാഷ്ട്രീയം പറയാനല്ല വേദിയിലെത്തിയതെന്നും അതിനാല്‍ നടപടിയുണ്ടാകില്ലെന്ന് കരുതുന്നുവെന്നും അദ്ദേഹം പറഞ്ഞു.
◾പ്രശസ്ത ഫുഡ് വ്ലോഗര്‍ രാഹുല്‍ എന്‍ കുട്ടിയെ ഇന്നലെ രാത്രി തൃപ്പൂണിത്തുറയിലെ വീട്ടില്‍ മരിച്ച നിലയില്‍ കണ്ടെത്തി. ഈറ്റ് കൊച്ചി ഈറ്റ് എന്ന ഫുഡ് വ്ളോഗ് കൂട്ടായ്മയിലെ വ്ലോഗറായിരുന്നു രാഹുല്‍.
◾ഇടുക്കി ചേലച്ചുവട്ടില്‍ കെഎസ്ആര്‍ടിസി ബസും ടോറസ് ലോറിയും കൂട്ടിയിടിച്ച് എട്ടു പേര്‍ക്ക് പരിക്കേറ്റു. തൊടുപുഴയില്‍ നിന്ന് ചേലച്ചുവട്ടിലേയ്ക്ക് വന്ന ബസാണ് അപകടത്തില്‍ പെട്ടത്. അപകടത്തില്‍ സാരമായി പരിക്കേറ്റ കെഎസ്ആര്‍ടിസി ഡ്രൈവറെ ഇടുക്കി മെഡിക്കല്‍ കോളേജ് ആശുപത്രിയിലേക്ക് മാറ്റി.
◾തൃത്താലയില്‍ ഉറ്റസുഹൃത്തുക്കളെ കൊലപ്പെടുത്തിയ സംഭവത്തില്‍ പൊലീസ് പ്രതി മുസ്തഫയുടെ അറസ്റ്റ് രേഖപ്പെടുത്തി. അന്‍സാര്‍, കബീര്‍ എന്നീ യുവാക്കളാണ് കൊല്ലപ്പെട്ടത്. കഴിഞ്ഞ വ്യാഴാഴ്ചയായിരുന്നു കേസിനാസ്പദമായ സംഭവം.
◾ഐഎസ്ആര്‍ഒ മുന്‍ ചെയര്മാന് കെ.ശിവനെതിരെ ഗുരുതര വെളിപ്പെടുത്തലകളുമായി ഐഎസ്ആര്‍ഒ ചെയര്മാന് എസ്.സോമനാഥ്. ഐഎസ്ആര്‍ഒ ചെയര്‍മാനായി താന്‍ എത്തുന്നതു തടയാന്‍ കെ.ശിവന് ശ്രമിച്ചിരുന്നുവെന്നാണ് വെളിപ്പെടുത്തല്‍. വേണ്ടത്ര പരീക്ഷണങ്ങളും അവലോകനവും നടത്താതെ ധൃതിയില്‍ നടത്തിയ വിക്ഷേപണമാണ് ചന്ദ്രയാന്‍ 2 ദൗത്യത്തിന്റെ പരാജയത്തിന് കാരണമെന്നും അമിതമായ പബ്ലിസിറ്റി ചന്ദ്രയാന്‍ 2 നു വലിയ അപകടം ചെയ്തുവെന്നും ‘നിലാവു കുടിച്ച സിംഹങ്ങള്‍’ എന്ന ആത്മകഥയിലൂടെ സോമനാഥ് വെളിപ്പെടുത്തി.
◾ഐഎസ്എല്ലില്‍ കേരള ബ്ലാസ്റ്റേഴ്സിന് ഇന്ന് സീസണിലെ ആറാം മത്സരം. കൊല്‍ക്കത്തയിലെ സാള്‍ട്ട് ലേക്ക് സ്റ്റേഡിയത്തില്‍ രാത്രി എട്ടിനു തുടങ്ങുന്ന കളിയില്‍ ഈസ്റ്റ് ബംഗാള്‍ ആണ് എതിരാളികള്‍. കഴിഞ്ഞ മത്സരത്തില്‍ ഒഡിഷ എഫ്സിയെ ബ്ലാസ്റ്റേഴ്സ് തോല്പിച്ചിരുന്നു.
◾ഏകദിന ലോകകപ്പിലെ ശേഷിക്കുന്ന മത്സരങ്ങള്‍ ഇന്ത്യന്‍ ഓള്‍റൗണ്ടര്‍ ഹാര്‍ദിക് പാണ്ഡ്യക്ക് നഷ്ടമാകുമെന്ന് റിപ്പോര്‍ട്ട്. കാല്‍ക്കുഴയ്ക്കേറ്റ പരിക്കില്‍ നിന്ന് മുക്തനാവാത്തതാണ് കാരണം. ഹാര്‍ദിക്കിന് പകരം പേസര്‍ പ്രസിദ്ധ് കൃഷ്ണയെ പകരക്കാരനായി ഉള്‍പ്പെടുത്തി.
◾ഏകദിന ക്രിക്കറ്റ് ലോകകപ്പില്‍ ഇന്ന് രണ്ട് മത്സരങ്ങള്‍. ആദ്യ മത്സരത്തില്‍ ന്യൂസിലാണ്ടിനെതിരെ പാകിസ്ഥാന് കൂറ്റന്‍ വിജയലക്ഷ്യം. ടോസ് നഷ്ടപ്പെട്ട് ബാറ്റിംഗിനിറങ്ങിയ ന്യൂസിലാണ്ട് 108 റണ്‍സെടുത്ത രചിന് രവീന്ദ്രയുടേയും 95 റണ്‍സെടുത്ത കെയ്ന്‍ വില്യംസണിന്റേയും മികവില്‍ 6 വിക്കറ്റ് നഷ്ടത്തില്‍ 401 റണ്‍സെടുത്തു. മറ്റൊരു മത്സരത്തില്‍ ടോസ് നേടിയ ഇംഗ്ലണ്ട് ഓസ്ട്രേലിയയെ ബാറ്റിംഗിനയച്ചു.
ഇന്നത്തെ വിനിമയ നിരക്ക്
ഡോളര്‍ – 83.16, പൗണ്ട് – 102.91, യൂറോ – 89.28, സ്വിസ് ഫ്രാങ്ക് – 92.50, ഓസ്ട്രേലിയന്‍ ഡോളര്‍ – 54.15, ബഹറിന്‍ ദിനാര്‍ – 222.58, കുവൈത്ത് ദിനാര്‍ -271.89, ഒമാനി റിയാല്‍ – 218.04, സൗദി റിയാല്‍ – 22.17, യു.എ.ഇ ദിര്‍ഹം – 22.64, ഖത്തര്‍ റിയാല്‍ – 22.84, കനേഡിയന്‍ ഡോളര്‍ – 60.82.