പ്രഭാതവാർത്താമുദ്ര
2023 നവംബർ 05 ഞായർ
1199 തുലാം 19 പൂയം
1445 ആഖിർ 20
◾സിപിഎം നടത്തുന്ന പലസ്തീന് ഐക്യദാര്‍ഢ്യറാലിയില്‍ ലീഗ് പങ്കെടുക്കില്ലെന്ന ഔദ്യോഗിക അറിയിപ്പിന് പിന്നാലെ പ്രതികരണവുമായി മുസ്ലിം ലീഗ് നേതാവ് പി.കെ കുഞ്ഞാലിക്കുട്ടി. പലസ്തീന് വിഷയത്തില്‍ ലീഗിന് കൃത്യമായ നിലപാടുണ്ടെന്നും യുഡിഎഫിന്റെ ഒരു കക്ഷി എന്ന നിലയില്‍ സാങ്കേതികമായി റാലിയില്‍ പങ്കെടുക്കാന്‍ സാധിക്കില്ലെന്നും കുഞ്ഞാലിക്കുട്ടി പറഞ്ഞു. സിപിഎം ക്ഷണിച്ചതിന് നന്ദിയുണ്ടെന്നും പലസ്തീന് വിഷയത്തില്‍ കേരളത്തില്‍ സര്‍വകക്ഷിയോഗം വിളിക്കണമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.
◾പലസ്തീന് വിഷയത്തെ തരികിട രാഷ്ട്രീയത്തിനായി സിപിഎം ഉപയോഗിച്ചുവെന്ന് പ്രതിപക്ഷ നേതാവ് വി.ഡി.സതീശന്. സിപിഎം ലീഗിന്റെ പുറകെ നടക്കുകയാണെന്നും പക്ഷേ മുന്നണിക്ക് ഹാനികരമായ ഒന്നും ലീഗ് ചെയ്യില്ലെന്നും കോണ്‍ഗ്രസും ലീഗും ജേഷ്ഠാനുജന്മാര് തമ്മിലുള്ള ബന്ധമാണെന്നും സതീശന് പറഞ്ഞു.
◾പലസ്തീന് വിഷയത്തില്‍ കോഴിക്കോടിനു പുറമേ തിരുവനന്തപുരം, തൃശൂര്‍, മലപ്പുറം ജില്ലകളില്‍ കൂടി ഐക്യദാര്‍ഢ്യ റാലികള്‍ നടത്താനൊരുങ്ങി സിപിഎം. പലസ്തീന് വിഷയത്തില്‍ കോണ്‍ഗ്രസ് വ്യക്തമായ നിലപാടെടുക്കാത്തതില്‍ ലീഗ് അണികളില്‍ അതൃപ്തി ഉണ്ടെന്നും അത് ഇത്തരം റാലികളിലൂടെ മുതലെടുക്കാനാകുമെന്നാണ് സിപിഎമ്മിന്റെ കണക്കുകൂട്ടല്‍.
◾മധ്യപ്രദേശ്, ഛത്തീസ്ഗഡ് എന്നീ സംസ്ഥാനങ്ങളിലെ നിയമസഭാ തെരഞ്ഞെടുപ്പു പ്രചാരണത്തിനിടെ കേന്ദ്രസര്‍ക്കാരിന്റെ സൗജന്യ റേഷന്‍ പദ്ധതി അടുത്ത 5 വര്‍ഷത്തേക്കു കൂടി നീട്ടുമെന്നു പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ പ്രഖ്യാപനം. പദ്ധതി ഡിസംബറില്‍ പൂര്‍ത്തിയാകുമെങ്കിലും തന്റെ 80 കോടി ജനങ്ങളുടെ വീടുകളില്‍ അടുപ്പുകള്‍ കത്തിക്കൊണ്ടിരിക്കുമെന്ന മോദിയുടെ ഉറപ്പാണിതെന്നും തിരഞ്ഞെടുപ്പ് റാലിക്കിടെ അദ്ദേഹം പ്രഖ്യാപിച്ചു. പ്രഖ്യാപനം പെരുമാറ്റച്ചട്ട ലംഘനമാണെന്നു ആരോപിച്ച കോണ്‍ഗ്രസ് വിഷയത്തില്‍ തിരഞ്ഞെടുപ്പു കമ്മിഷനെ സമീപിക്കുമെന്നാണു വിവരം.
◾അഞ്ചു സംസ്ഥാനങ്ങളില്‍ നടക്കുന്ന നിയമസഭാ തിരഞ്ഞെടുപ്പില്‍ നാലിലും കോണ്‍ഗ്രസ് മുന്നേറ്റമെന്ന് മനോരമ ന്യൂസ് വിഎംആര്‍ സര്‍വേ. മധ്യപ്രദേശിലും ചത്തീസ്ഗഡിലും കോണ്‍ഗ്രസ് അധികാരത്തില്‍ വരുമെന്നും തെലുങ്കാനയിലും മണിപ്പൂരിലും ഏറ്റവും വലിയ ഒറ്റ കക്ഷിയാകുമെന്നും സര്‍വേ പറയുന്നു. അതേസമയം രാജസ്ഥാനില്‍ ബിജെപി ഭരണം തിരികെ പിടിക്കുമെന്നാണ് സര്‍വേ ഫലം.
◾കേരളത്തെ പുകഴ്ത്തി മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് മണിശങ്കര്‍ അയ്യര്‍. പഞ്ചായത്തിരാജ് നിയമം നടപ്പാക്കുന്നതിലും അധികാര വികേന്ദ്രീകരണം സാധ്യമാക്കുന്നതിലും ഒന്നാം സ്ഥാനത്താണ് കേരളമെന്നാണ് മണിശങ്കര്‍ അയ്യരുടെ അഭിപ്രായം. പാര്‍ട്ടി വിലക്ക് ലംഘിച്ച് കേരളീയത്തിന്റെ ഭാഗമായി സംഘടിപ്പിച്ച സെമിനാറില്‍ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
◾മുന്‍ കേന്ദ്രമന്ത്രിയും മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവുമായ മണിശങ്കര്‍ അയ്യര്‍ കേരളീയം പരിപാടിയില്‍ പങ്കെടുത്തത് പാര്‍ട്ടിയെ ധിക്കരിച്ചാണെന്നും എഐസിസിയെ പരാതി അറിയിച്ചുവെന്നും പ്രതിപക്ഷ നേതാവ് വി.ഡി. സതീശന്. വിഷയത്തില്‍ കൂടുതല്‍ പ്രതികരിക്കേണ്ടന്നാണ് തീരുമാനമെന്നും സതീശന് കൂട്ടിച്ചേര്‍ത്തു.
◾ബത്തേരി മണ്ഡലത്തില്‍ സ്ഥാനാര്‍ഥിയാകാന്‍ സി കെ. ജാനുവിന് പണം നല്‍കിയെന്ന തെരഞ്ഞെടുപ്പ് കോഴ കേസില്‍ ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ. സുരേന്ദ്രനെ ചോദ്യം ചെയ്യാന്‍ ക്രൈംബ്രാഞ്ച്. ഈ മാസം 14ന് കല്‍പ്പറ്റയില്‍ അന്വേഷണ ഉദ്യോഗസ്ഥന് മുന്‍പാകെ ഹാജരാകണമെന്നാവശ്യപ്പെട്ട് നോട്ടീസ് നല്കി.
◾തെരഞ്ഞെടുപ്പില്‍ മണിപ്പൂര്‍ മറക്കില്ലെന്ന അതിരൂപതാ മുഖപത്രത്തിലെ പരാമര്‍ശത്തിന് മറുപടിയുമായി സുരേഷ് ഗോപി. തന്റെ പ്രസ്താവനയില്‍ മാറ്റമില്ലെന്നും താന്‍ തെറ്റിദ്ധരിക്കപ്പെട്ടുവെന്നും അതേസമയം സഭയ്ക്ക് അഭിപ്രായം പറയാനുള്ള അവകാശമുണ്ടെന്നും സുരേഷ് ഗോപി പറഞ്ഞു. മണിപ്പൂരില്‍ കാര്യങ്ങള്‍ നോക്കാന്‍ ആണുങ്ങളുണ്ടെന്ന സുരേഷ് ഗോപിയുടെ പ്രസ്താവനക്ക് മണിപ്പൂര്‍ കത്തിയെരിയുമ്പോള്‍ ഈ ആണുങ്ങള് എന്തെടുക്കുകയായിരുന്നുവെന്നും തൃശൂരില്‍ പാര്‍ട്ടിക്ക് പറ്റിയ ആണുങ്ങള് ഇല്ലാത്തതു കൊണ്ടാണോ ആണാകാന്‍ തൃശൂരിലേക്ക് വരുന്നതെന്ന പരിഹാസവും കാത്തോലിക്കാ സഭയുടെ ലേഖനത്തിലുണ്ടായിരുന്നു.
◾പച്ചത്തേങ്ങ സംഭരിച്ച വകയില്‍ 18 കോടിയോളം രൂപ കേരാ ഫെഡ് കര്‍ഷകര്‍ക്ക് നല്‍കാനുണ്ടെന്ന് റിപ്പോര്‍ട്ട്. സര്‍ക്കാരില്‍ നിന്ന് പണം കിട്ടാത്തതാണ് കേരാ ഫെഡിനെ പ്രതിസന്ധിയിലാക്കുന്നത്.
◾ഹ്യൂമന്‍ മോണോക്ലോണല്‍ ആന്റിബോഡി സംസ്ഥാനം സ്വന്തമായി വികസിപ്പിക്കുമെന്ന് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ്. മഹാമാരികളെ കേരളം നേരിട്ട വിധം’ എന്ന വിഷയത്തില്‍ കേരളീയം സെമിനാറില്‍ അധ്യക്ഷത വഹിച്ച് സംസാരിക്കുകയായിരുന്നു മന്ത്രി.
◾രണ്ടാം പിണറായി മന്ത്രിസഭയുടെ പുനഃസംഘടന വേഗത്തില്‍ വേണമെന്നാവശ്യപ്പെട്ട് കേരളാ കോണ്‍ഗ്രസ് (ബി). നവകേരള സദസിന് മുന്‍പ് പുനഃസംഘടന വേണമെന്ന് ആവശ്യപ്പെട്ട് എല്‍ഡിഎഫ് മുന്നണി നേതൃത്വത്തിന് കത്ത് നല്‍കിയെന്നാണ് റിപ്പോര്‍ട്ട്.
◾കെപിസിസി വിലക്ക് ലംഘിച്ച് പലസ്തീന് ഐക്യദാര്‍ഢ്യറാലി നടത്തിയ ആര്യാടന് ഷൗക്കത്തിന്റേത് അച്ചടക്ക ലംഘനം തന്നെയാണെന്ന് കെപിസിസി. ആര്യാടന് ഷൗക്കത്ത് നടത്തിയത് പരസ്യ വെല്ലുവിളിയാണെന്നും വിശദീകരണം തൃപ്തികരമല്ലെന്നും കെപിസിസി നേതൃത്വം. അതേസമയം ആര്യാടന് ഷൗക്കത്തിനെതിരായ നടപടിയില്‍ തീരുമാനം കെപിസിസി അച്ചടക്ക സമിതിക്ക് വിട്ടു. വിഷയത്തില്‍ ഒരാഴ്ചക്കുള്ളില്‍ തീരുമാനമെടുക്കും. ഒരാഴ്ച പാര്‍ട്ടി പരിപാടിയില്‍ പങ്കെടുക്കുന്നതിനു ഷൗക്കത്തിനു പാര്‍ട്ടി വിലക്കേര്‍പ്പെടുത്തി. പാര്‍ട്ടി തീരുമാനം അനുസരിക്കുമെന്നാണ് ഷൗക്കത്തിന്റെ നിലപാട്.
◾ഗുണനിലവാരമില്ലെന്ന് കണ്ടെത്തിയ പാരാസെറ്റമോള്‍, പാന്റോപ്രസോള്‍ തുടങ്ങിയ 12 ഇനം മരുന്നുകള്‍ സംസ്ഥാനത്ത് നിരോധിച്ചതായി ഡ്രഗ്സ് കണ്ട്രോളര്. ഡ്രഗ്സ് കണ്ട്രോള് വകുപ്പിന്റെ ലബോറട്ടറികളില്‍ നടത്തിയ പരിശോധനയിലാണ് ഗുണനിലവാരമില്ലാത്ത മരുന്നുകള്‍ കണ്ടെത്തിയത്.
◾മുന്‍ ഐഎസ്ആര്‍ഒ ചെയര്മാന് കെ.ശിവനെതിരായ വിവാദ പരാമര്‍ശമുള്ള ഐഎസ്ആര്‍ഒ ചെയര്മാന് എസ്. സോമനാഥിന്റെ പുസ്തകം പ്രസിദ്ധീകരിക്കില്ലെന്ന് റിപ്പോര്‍ട്ട്. ‘നിലാവ് കുടിച്ച സിംഹങ്ങള്‍’ എന്ന ആത്മകഥ തല്ക്കാലം പിന്‍വലിക്കുന്നുവെന്നും എസ്.സോമനാഥ് പറഞ്ഞു. കോപ്പി പിന്‍വലിക്കണമെന്ന് എസ്. സോമനാഥ് പ്രസാധകരോട് നിര്‍ദ്ദേശിച്ചു.
◾അതിരപ്പിള്ളി – മലക്കപ്പാറ റോഡില്‍ ഗതാഗത നിയന്ത്രണം. അമ്പലപ്പാറ റോഡിന്റെ സൈഡ് ഇടിഞ്ഞതിനെ തുടര്‍ന്ന് നവംബര്‍ ആറാം തീയതി മുതല്‍ 15 ദിവസത്തേക്ക് ഗതാഗത നിയന്ത്രണം ഏര്‍പ്പെടുത്തിയതായി ജില്ലാ കളക്ടര്‍ വി.ആര് കൃഷ്ണ തേജ അറിയിച്ചു.
◾നടുവണ്ണൂരില്‍ ഭര്‍ത്താവിനോടൊപ്പം സ്കൂട്ടറില്‍ സഞ്ചരിക്കുകയായിരുന്ന യുവതി വാഹനാപകടത്തില്‍ മരിച്ചു. പേരാമ്പ്ര പാലേരി ചുരത്തിപ്പാറ സ്വദേശി രമ്യയാണ് മരിചത്.
◾പാളം പരിശോധിക്കുന്നതിനിടെ കാസര്‍കോട് കുമ്പള ഷിറിയയില്‍ ട്രാക്ക് മാന്‍ ട്രെയിന്‍ തട്ടി മരിച്ചു. ആന്ധ്രാപ്രദേശ് സ്വദേശി പഗോട്ടി നവീന്‍ (25) ആണ് മരിച്ചത്.
◾ഇന്ത്യന്‍ സൂപ്പര്‍ ലീഗില്‍ ഈസ്റ്റ് ബംഗാളിനെ ഒന്നിനെതിരെ രണ്ട് ഗോളിന് തോല്‍പ്പിച്ച കേരള ബ്ലാസ്റ്റേഴ്സ് ഒന്നാമത്. ആറ് മത്സരങ്ങില്‍ നിന്ന് നാല് വിജയങ്ങളുമായാണ് ബ്ലാസ്റ്റേഴ്സിന്റെ കുതിപ്പ്.