Tuesday, February 4, 2025
News SPECIAL

സായാഹ്ന വാർത്താമുദ്ര

2023 | നവംബർ 08 | ബുധൻ | 1199 | തുലാം 22 | പൂരം

◾ശബരിമല മേല്‍ശാന്തി തെരഞ്ഞെടുപ്പില്‍ ആവശ്യമില്ലാത്ത ആളുകളുടെ സാന്നിധ്യം ഉണ്ടായെന്ന് ഹൈക്കോടതി. എന്നാല്‍ ഒബ്സര്‍വറുടെ സാന്നിധ്യത്തിലാണ് തെരഞ്ഞടുപ്പ് നടത്തിയതെന്നും തെരഞ്ഞെടുപ്പ് സുതാര്യമായിരുന്നുവെന്നും ദേവസ്വം ബോര്‍ഡ് കോടതിയെ അറിയിച്ചു. അനുമതിയില്ലാത്ത ആരെയും സോപാനത്തിലേക്ക് പ്രവേശിപ്പിക്കാന്‍ പാടില്ലെന്ന് പറഞ്ഞ കോടതി, മേല്‍ശാന്തി തെരഞ്ഞെടുപ്പ് റദ്ദാക്കണമെന്ന ഹര്‍ജി നാളെ വിധി പറയാനായി മാറ്റി.
◾നവകേരള ജനസദസിനിടെ കിട്ടുന്ന പരാതികള്‍ ഒരു മാസത്തിനകം തീര്‍പ്പാക്കണമെന്ന് സര്‍ക്കാര്‍. സംസ്ഥാന തലത്തില്‍ പരിഹരിക്കേണ്ട പരാതിയാണെങ്കില്‍ മാത്രം പരമാവധി 45 ദിവസം എടുക്കാം. അപേക്ഷകര്‍ക്ക് നല്‍കേണ്ട ഇടക്കാല റിപ്പോര്‍ട്ടിലടക്കം വിശദമായ മാര്‍ഗ നിര്‍ദ്ദേശങ്ങളുമായി സര്‍ക്കാര്‍ ഉത്തരവിറക്കി.
◾കേരളീയത്തിനെതിരെ വിമര്‍ശനവുമായി കെപിസിസി അധ്യക്ഷന്‍ കെ. സുധാകരന്‍. പട്ടിണിയിലായ കേരളത്തില്‍ ധൂര്‍ത്ത് നടത്തുന്ന പിണറായിക്ക് നാണമുണ്ടോയെന്ന് സുധാകരന്‍ ചോദിച്ചു. വെള്ളക്കരവും വൈദ്യതി തിരക്കും വര്‍ധിപ്പിച്ച് ജനങ്ങളുടെ മേല്‍ അടിച്ചേല്‍പ്പിക്കുകയാണ്. പണം മറുഭാഗത്ത് കൂടി സമ്പാദിക്കാനാണ് മുഖ്യമന്ത്രി ശ്രമിക്കുന്നതെന്നും സുധാകരന്‍ പറഞ്ഞു.
◾സംസ്ഥാന സര്‍ക്കാരിനെതിരെ വിലക്കയറ്റവും വൈദ്യുതി ചാര്‍ജ് വര്‍ധനയും ഉന്നയിച്ച് പ്രത്യക്ഷ സമരത്തിനൊരുങ്ങി മുസ്ലിം ലീഗ്. കെഎസ്ഇബി ഓഫീസുകള്‍ക്ക് മുന്നില്‍ നാളെ ലീഗ് ധര്‍ണ നടത്തും. ജനകീയ വിഷയങ്ങള്‍ യുഡിഎഫ് ഏറ്റെടുക്കുന്നതായി കുഞ്ഞാലിക്കുട്ടി പറഞ്ഞു.
◾കരുവന്നൂര്‍ ബാങ്ക് കള്ളപ്പണക്കേസില്‍ ചോദ്യം ചെയ്യലിന് ഹാജരാകാന്‍ ഇഡി നോട്ടീസ് കിട്ടിയിട്ടില്ലെന്ന് സിപിഎം തൃശ്ശൂര്‍ ജില്ലാ സെക്രട്ടറി എം.എം. വര്‍ഗീസ്. പത്രത്തിലൂടെയാണ് വാര്‍ത്തകള്‍ അറിഞ്ഞത്. അന്വേഷണവുമായി സഹകരിക്കുമെന്നും ഇടത് രാഷ്ട്രീയത്തിനെതിരായ കടന്നാക്രമണമാണ് ഇഡി അന്വേഷണമെന്നും അന്വേഷണം സിപിഎം നിയമപരമായും രാഷ്ട്രീയമായും നേരിടുമെന്നും അദ്ദേഹം പറഞ്ഞു.
◾ഉന്നത സിപിഎം നേതാവിന്റെ മൊഴിയുടെ അടിസ്ഥാനത്തിലാണ് തൃശൂര്‍ സിപിഎം ജില്ലാ സെക്രട്ടറി എം.എം. വര്‍ഗീസിനെ ഇഡി ചോദ്യം ചെയ്യുന്നതെന്ന് കോണ്‍ഗ്രസ് നേതാവ് അനില്‍ അക്കര. സിപിഎം ഓഫീസിലുള്ള ഉപസമിതി റിപ്പോര്‍ട്ട് ഇഡി റെയ്ഡ് നടത്തി പിടിച്ചെടുക്കണമെന്നും അദ്ദേഹം പറഞ്ഞു.
◾തിരുവനന്തപുരം കണ്ടല സര്‍വ്വീസ് ബാങ്കിലും ഇഡി പരിശോധന. ബാങ്കിലെ മുന്‍ സെക്രട്ടറിമാരായ ശാന്തകുമാരി രാജേന്ദ്രന്‍, മോഹന ചന്ദ്രന്‍ എന്നിവരുടെ വീട്ടിലും കളക്ഷന്‍ ഏജന്റ് അനിയുടെ വീട്ടിലുമാണ് ഇ.ഡി പരിശോധന നടത്തുന്നത്.
◾കേരള ചരിത്രത്തിലെ ഏറ്റവും മോശമായ സമരാഭാസമാണ് തൃശൂര്‍ കേരളവര്‍മ്മ കോളേജിലെ വിദ്യാര്‍ത്ഥി യൂണിയന്‍ തെരഞ്ഞെടുപ്പിന്റെ പേരില്‍ കെഎസ്.യു നടത്തിക്കൊണ്ടിരിക്കുന്നതെന്ന് ഉന്നതവിദ്യാഭ്യാസ- സാമൂഹ്യനീതി മന്ത്രി ആര്‍ ബിന്ദു. ഒരു കലാലയത്തിലെയും തിരഞ്ഞെടുപ്പു നടപടിക്രമങ്ങളില്‍ മന്ത്രിയെന്ന നിലയ്ക്ക് ഇടപെടേണ്ടതില്ല, ഇടപെട്ടിട്ടുമില്ല. മന്ത്രിയെന്ന നിലയ്ക്ക് ഇതു സംബന്ധിച്ച് ഒരു പരാതിയും ലഭിച്ചിട്ടുമില്ലെന്നും മന്ത്രി വ്യക്തമാക്കി.
◾മാനവീയം വീഥിയില്‍ നൈറ്റ് ലൈഫിന് നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തി പൊലീസ്. മാനവീയത്തില്‍ വാദ്യോപകരണങ്ങളും ഉച്ചഭാഷിണിയും ഒഴിവാക്കണമെന്നും, രാത്രി 12 മണി കഴിഞ്ഞാല്‍ മാനവീയം വീഥി വിട്ട് ആളുകള്‍ പോകണമെന്ന് നിര്‍ദ്ദേശിക്കുമെന്നും പൊലീസ് അറിയിച്ചു. തുടര്‍ച്ചയായി സംഘര്‍ഷങ്ങളുണ്ടായ പശ്ചാത്തലത്തിലാണ് പൊലീസിന്റെ തീരുമാനം.
◾അമിത അളവില്‍ ഉറക്കഗുളിക കഴിച്ച നിലയില്‍ ഫ്ലാറ്റില്‍ കണ്ടെത്തിയ പന്തീരാങ്കാവ് യുഎപിഎ കേസിലെ പ്രതി അലന്‍ ഷുഹൈബിനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. എറണാകുളത്തെ ഇടത്തറയിലുള്ള ഫ്ലാറ്റിലാണ് അലനെ അവശനിലയില്‍ കണ്ടെത്തിയത്. ആത്മഹത്യ ശ്രമമെന്നാണ് പൊലീസ് നല്‍കുന്ന സൂചന.
◾വയനാട് ചപ്പാരം കോളനിയിലെ ഏറ്റുമുട്ടലിനു പിന്നാലെ, മാവോയിസ്റ്റ് വിരുദ്ധ നീക്കം ശക്തമാക്കി പോലീസ്. കസ്റ്റഡിയിലെടുത്ത രണ്ടുപേരെ വിശദമായി ചോദ്യം ചെയ്യുകയാണ്. ഓടിരക്ഷപ്പെട്ട രണ്ടു വനിത മാവോയിസ്റ്റുകള്‍ക്കായി പെരിയയിലെ ഉള്‍ക്കാടുകളില്‍ തിരച്ചിലും ഊര്‍ജിതമാക്കിയിട്ടുണ്ട്.
◾തൃക്കാക്കര നഗരസഭാ പരിധിയിലെ രാത്രികാല നിയന്ത്രണ തീരുമാനത്തില്‍ നിന്ന് നഗരസഭ പിന്നോട്ടെന്ന് സൂചന. വിഷയം കൗണ്‍സിലിന്റെ അജണ്ടയില്‍ ഉള്‍പ്പെടുത്തിയില്ല. ചില കൗണ്‍സിലര്‍മാര്‍ വിഷയം ഉന്നയിച്ചെങ്കിലും വിഷയം ചര്‍ച്ച ചെയ്തില്ല. പിന്നീട് ചര്‍ച്ച ചെയ്ത് തീരുമാനമെടുക്കാമെന്ന് അധ്യക്ഷ വ്യക്തമാക്കി.
◾സപ്ലൈകോയിലെ നിലവിലെ പ്രതിസന്ധിക്ക് കാരണം സപ്ലൈകോ മാനേജ്മെന്റിന്റെ പിടിപ്പുകേടാണെന്ന് മന്ത്രി പറഞ്ഞതിനെ പിന്നാലെ ചോദിക്കുന്ന പണമത്രയും കൊടുത്ത് സപ്ലൈകോയെ നിലനിര്‍ത്താനാകില്ലെന്ന നിലപാടിൽ ധനവകുപ്പ്. അതേസമയം സംസ്ഥാന സര്‍ക്കാര്‍ കുടിശിക തീര്‍ത്ത് നല്‍കാതെ വിപണി ഇടപെടല്‍ പോലും സാധ്യമല്ലെന്ന നിലപാടിലാണ് സപ്ലൈകോയും.
◾വ്ലോഗര്‍ ഷാക്കിര്‍ സുബ്ഹാനെതിരെ മുന്‍ഭാര്യയുടെ പരാതിയില്‍ ധര്‍മടം പൊലീസ് പോക്സോ കേസ് എടുത്തു. പരാതിയില്‍ ശൈശവ വിവാഹം, ഗാര്‍ഹിക പീഡനം തുടങ്ങിയ ആരോപണങ്ങളാണ് ഉന്നയിച്ചിരിക്കുന്നത്. അതേ സമയം സൗദി യുവതിയുടെ പീഡന പരാതിയില്‍ ഷാക്കിര്‍ സുബ്ഹാന് ഹൈക്കോടതി സ്ഥിരം ജാമ്യം നല്‍കിയിരുന്നു.
◾റാഗിംഗിനെ തുടര്‍ന്ന് കോയമ്പത്തൂര്‍ പിഎസ്ജി കോളേജിലെ 7 വിദ്യാര്‍ഥികള്‍ അറസ്റ്റില്‍. ഒന്നാം വര്‍ഷ വിദ്യാര്‍ഥികളുടെ പരാതിയിലാണ് അറസ്റ്റുണ്ടായത്. ജൂനിയര്‍ വിദ്യാര്‍ഥികളുടെ മുടി മുറിച്ചതായും മദ്യത്തിന് പണം നല്‍കാന്‍ വിസമ്മതിച്ചപ്പോള്‍ മര്‍ദിച്ചെന്നുമാണ് വിദ്യാര്‍ഥികളുടെ പരാതി.
◾പോക്സോ കേസില്‍ സിപിഎം മലപ്പുറം ജില്ലാ കമ്മിറ്റി അംഗം വേലായുധന്‍ വള്ളിക്കുന്നിനെ സസ്പെന്‍ഡ് ചെയ്തു. ഇന്നലെ ചേര്‍ന്ന സിപിഎം ജില്ലാ നേതൃയോഗമാണ് നടപടി സ്വീകരിച്ചത്. പ്രായപൂര്‍ത്തിയാവാത്ത ആണ്‍കുട്ടിയെ പീഡിപ്പിക്കാന്‍ ശ്രമിച്ച കേസില്‍ ഇയാള്‍ക്കെതിരെ പൊലീസ് കേസെടുത്തിരുന്നു.
◾ചോദ്യത്തിന് കോഴ ആരോപണത്തില്‍ മഹുവ മൊയ്ത്ര എം പി ക്കെതിരെ നടപടി എടുക്കുന്നതിനെതിരെ എത്തിക്സ് കമ്മിറ്റിയില്‍ പ്രതിപക്ഷം വിയോജന കുറിപ്പ് നല്‍കും. മഹുവയെ അയോഗ്യയാക്കാനുള്ള നീക്കത്തെ എതിര്‍ക്കുമെന്ന് കോണ്‍ഗ്രസ്, ബി എസ് പി അംഗങ്ങള്‍ വ്യക്തമാക്കി.
ഇന്നത്തെ വിനിമയ നിരക്ക്
ഡോളര്‍ – 83.26, പൗണ്ട് – 102.19, യൂറോ – 88.91, സ്വിസ് ഫ്രാങ്ക് – 92.33, ഓസ്ട്രേലിയന്‍ ഡോളര്‍ – 53.62, ബഹറിന്‍ ദിനാര്‍ – 220.86, കുവൈത്ത് ദിനാര്‍ -269.69, ഒമാനി റിയാല്‍ – 216.31, സൗദി റിയാല്‍ – 22.20, യു.എ.ഇ ദിര്‍ഹം – 22.67, ഖത്തര്‍ റിയാല്‍ – 22.87, കനേഡിയന്‍ ഡോളര്‍ – 60.44.