Tuesday, February 4, 2025
News SPECIAL

സായാഹ്ന വാർത്താമുദ്ര

2023 | നവംബർ 12 | ഞായർ | 1199 | തുലാം 26 | ചോതി

◾പലസ്തീനിലെ ഇസ്രയേല്‍ കുടിയേറ്റത്തെ അപലപിക്കുന്ന പ്രമേയം ഐക്യരാഷ്ട്ര സഭ വോട്ടിനിട്ടു പാസാക്കി. പ്രമേയത്തെ അനുകൂലിച്ച് വോട്ടു ചെയ്ത് ഇന്ത്യ. യുഎസ്, കാനഡ അടക്കമുള്ള ഏഴു രാജ്യങ്ങള്‍ യുഎന്‍ പ്രമേയത്തെ എതിര്‍ത്തു വോട്ടു ചെയ്തു. 18 രാജ്യങ്ങള്‍ വോട്ടെടുപ്പില്‍നിന്ന് വിട്ടുനിന്നു.
◾പലസ്തീനികള്‍ക്കെതിരായ ഇസ്രായേല്‍ നടപടികളെ സ്വയം പ്രതിരോധമായി ന്യായീകരിക്കാനാകില്ലെന്നും ഗാസയിലെ ഇസ്രായേല്‍ യുദ്ധം ഉടന്‍ അവസാനിപ്പിക്കണമെന്നും റിയാദില്‍ നടന്ന അറബ്-ഇസ്ലാമിക് ഉച്ചകോടി. ഗാസ മുനമ്പില്‍ ഇസ്രായേല്‍ നടത്തുന്ന ആക്രമണം യുദ്ധക്കുറ്റമാണെന്നും അധിനിവേശ ഭരണകൂടത്തിന്റെ ക്രൂരവും മനുഷ്യത്വരഹിതവുമായ ഈ കൂട്ടക്കൊലകളെ ഉച്ചകോടി ശക്തമായി അപലപിക്കുന്നുവെന്നും വ്യക്തമാക്കി.
◾സംസ്ഥാന സര്‍ക്കാരിനോട് അതിഥി, സല്‍ക്കാര ചെലവുകളിലടക്കം ആറ് ഇനങ്ങളില്‍ 36 ഇരട്ടി വരെ വര്‍ധന ആവശ്യപ്പെട്ട് ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍. കേന്ദ്ര ആഭ്യന്തര മന്ത്രാലയം പുറത്തിറക്കിയിട്ടുള്ള ഗവര്‍ണേഴ്‌സ് അലവന്‍സസ് ആന്‍ഡ് പ്രിവിലേജ് റൂള്‍സ് 1987 അനുസരിച്ചാണ് ഗവര്‍ണറുടെ ആനുകൂല്യങ്ങള്‍ നിശ്ചയിച്ചിട്ടുള്ളത്. ഈ ചട്ടങ്ങള്‍ അനുസരിച്ച് ആറിനങ്ങളില്‍ നല്‍കേണ്ട തുകയുടെ പരിധി 32 ലക്ഷം രൂപയാണ്. എന്നാല്‍, വര്‍ഷം 2.60 കോടി രൂപ നല്‍കണമെന്നാണ് രാജ്ഭവനില്‍ നിന്ന് സര്‍ക്കാരിനോട് ആവശ്യപ്പെട്ടിരിക്കുന്നത്.
◾കോണ്‍ഗ്രസ് ഈ മാസം 23ന് കോഴിക്കോട്ട് നടത്തുന്ന പലസ്തീന്‍ റാലി എഐസിസി ജനറല്‍ സെക്രട്ടറി കെ.സി. വേണുഗോപാല്‍ ഉദ്ഘാടനം ചെയ്യും. കെപിസിസി പ്രസിഡണ്ട് കെ. സുധാകരന്‍ അധ്യക്ഷനാകും. പ്രതിപക്ഷ നേതാവ് വിഡി സതീശനെ കൂടാതെ സാദിഖലി തങ്ങളും പി.കെ കുഞ്ഞാലിക്കുട്ടിയും പ്രഭാഷകരാകും. എന്നാല്‍ പരിപാടിയില്‍ പ്രധാന പ്രഭാഷകരുടെ കൂട്ടത്തില്‍ ശശി തരൂരിന്റെ പേരില്ല എന്നും റിപ്പോര്‍ട്ടുകളുണ്ട്.
◾പലസ്തീന്‍ വിഷയത്തില്‍ കോണ്‍ഗ്രസ് വെള്ളം ചേര്‍ത്തിട്ടില്ലെന്നും, മുഖ്യമന്ത്രി പറയുന്നത് പച്ചക്കള്ളമാണെന്നും കെ. മുരളീധരന്‍. ജനങ്ങളെ വിഭജിക്കാനാണ് മുഖ്യമന്ത്രിയുടെ ശ്രമം. ലോക്‌സഭാ തെരെഞ്ഞെടുപ്പാണ് സിപിഎം ലക്ഷ്യമെന്നും അദ്ദേഹം പറഞ്ഞു. ശശി തരൂരിന്റെ പ്രസ്താവനയാണ് പ്രശ്നങ്ങള്‍ ഉണ്ടാക്കുന്നത്. കോണ്‍ഗ്രസ് സംഘടിപ്പിക്കുന്ന പലസ്തീന്‍ പരിപാടിയില്‍ തരൂരിനെ വിളിക്കണമോയെന്ന് തീരുമാനിക്കേണ്ടത് സംഘടകരാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
◾മുഖ്യമന്ത്രി പിണറായി വിജയനെ കരിങ്കൊടി കാണിക്കാന്‍ ശ്രമം. കോട്ടയത്തും കൊച്ചിയിലും കരിങ്കൊടി പ്രതിഷേധത്തിന് ശ്രമിച്ച കോണ്‍ഗ്രസ്, യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരെ പൊലീസ് കസ്റ്റഡിയിലെടുത്തു.
◾തൃശൂരിലെ സര്‍ക്കാര്‍ ഓഫീസില്‍ പ്രാര്‍ത്ഥന സംഘടിപ്പിച്ചെന്ന പരാതിയില്‍ അന്വേഷണത്തിനായി സബ് കളക്ടറെ ചുമതലപ്പെടുത്തി ജില്ലാ കളക്ടര്‍. തൃശൂരിലെ ജില്ലാ ശിശു സംരക്ഷണ ഓഫീസില്‍ നെഗറ്റീവ് എനര്‍ജി പുറന്തള്ളാന്‍ പ്രാര്‍ഥന നടന്നതായും ഓഫീസ് സമയം തീരുന്നതിന് മുമ്പ് വൈകുന്നേരം നാലരയോടെയാണ് പ്രാര്‍ത്ഥന നടന്നതെന്നുമാണ് പരാതി.
◾കെപിസിസിയുടെ വാര്‍ഷിക ഡയറി പുറത്തിറക്കിയതില്‍ വന്‍ സാമ്പത്തിക തിരിമറിയെന്ന് ആരോപണം. സംഘടനാ ചുമതലയുള്ള ജനറല്‍ സെക്രട്ടറി ടി.യു.രാധാകൃഷ്ണനെതിരെ കര്‍ഷക കോണ്‍ഗ്രസ് നേതാവ് പാര്‍ട്ടി അധ്യക്ഷന് പരാതി നല്‍കി. വ്യാപകമായ അഴിമതിയാണ് ഡയറി അച്ചടിയില്‍ നടന്നതെന്നാണ് ആരോപണം.
◾നവകേരള സദസിന് 50,000 രൂപ അനുവദിച്ച് വെട്ടിലായി യുഡിഎഫ് ഭരിക്കുന്ന ശ്രീകണ്ഠാപുരം നഗരസഭ. വെള്ളിയാഴ്ച ചേര്‍ന്ന കൗണ്‍സില്‍ യോഗത്തില്‍ 18 യുഡിഎഫ് അംഗങ്ങളില്‍ 17 പേര്‍ തീരുമാനത്തെ അനുകൂലിച്ചുവെന്നും തീരുമാനം പുനഃപരിശോധിക്കുമെന്നും നഗരസഭ അധ്യക്ഷ അറിയിച്ചു.
◾കുട്ടനാട്ടില്‍ ആത്മഹത്യ ചെയ്ത കര്‍ഷകന്‍ പ്രസാദിന്റെ കുടുംബം സന്ദര്‍ശിച്ച് ആലപ്പുഴ ജില്ലാ കളക്ടര്‍ ജോണ്‍ വി സാമുവല്‍. കുടുംബത്തിന് സഹായം നല്‍കുന്ന കാര്യം പരിഗണനയിലെന്നും ഇത് സംബന്ധിച്ച് റിപ്പോര്‍ട്ട് സര്‍ക്കാരിന് നല്‍കിയിട്ടുണ്ടെന്നും കലക്ടര്‍ പറഞ്ഞു.
◾ഒന്നര വര്‍ഷത്തെ ഇടവേളക്ക് ശേഷം കണ്ണൂരിലേക്ക് വിമാനത്തില്‍ യാത്ര ചെയ്ത് എല്‍ഡിഎഫ് കണ്‍വീനര്‍ ഇപി ജയരാജന്‍. ഇന്‍ഡിഗോ വിമാനക്കമ്പനി ഏര്‍പ്പെടുത്തിയ യാത്രാവിലക്കിന് പിന്നാലെ, കമ്പനി വിമാനം ബഹിഷ്‌കരിച്ച് ട്രെയിനിലായിരുന്നു എല്‍ഡിഎഫ് കണ്‍വീനറുടെ യാത്രകള്‍. എയര്‍ ഇന്ത്യ എക്സ്പ്രസ് കണ്ണൂര്‍-തിരുവനന്തപുരം സര്‍വീസ് തുടങ്ങിയതാണ് ജയരാജന് ഇപ്പോള്‍ ആശ്വാസമായത്.
◾വ്ലോഗര്‍മാരുടെ അപകടകരമായ ബൈക്ക് റേസിങ് വലിയ പ്രശ്നമുണ്ടാക്കുന്നുവെന്ന പൊലീസ് നിഗമനത്തില്‍ വ്ലോഗര്‍മാരായ ബൈക്ക് റേസര്‍മാരെ നിയന്ത്രിക്കാന്‍ തമിഴ്നാട്. അപകടകരമായ രീതിയില്‍ ബൈക്ക് ഓടിക്കുന്നവരുടെ പട്ടിക തയാറാക്കി. തുടര്‍ന്ന് 92 പേര്‍ക്കെതിരെ നടപടിക്ക് എഡിജിപി ശുപാര്‍ശ ചെയ്തു. സോഷ്യല്‍ മീഡിയ വീഡിയോകള്‍ പരിശോധിച്ച ശേഷമാണ് തീരുമാനം .
◾ഹൈദരാബാദില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി പങ്കെടുത്ത തെരഞ്ഞെടുപ്പ് റാലിക്കിടെ പരേഡ് ഗ്രൗണ്ടില്‍ ലൈറ്റുകള്‍ സ്ഥാപിക്കാനായി നിര്‍മിച്ചിരുന്ന താത്കാലിക ടവറിന് മുകളില്‍ ഒരു യുവതി വലിഞ്ഞു കയറി. ഇതോടെ പ്രധാനമന്ത്രിയുടെ പ്രസംഗം താത്കാലികമായി തടസപ്പെട്ടു.