Tuesday, February 4, 2025
News SPECIAL

പ്രഭാതവാർത്താമുദ്ര

2023 നവംബർ 12 ഞായർ
1199 തുലാം 26 ചോതി
1445 ആഖിർ 27

◾കേരളത്തില്‍ കര്‍ഷകന്‍ ആത്മഹത്യ ചെയ്യാന്‍ തക്ക സാഹചര്യങ്ങള്‍ ഒന്നും തന്നെ നിലവിലില്ലെന്നും കര്‍ഷകനെ ചേര്‍ത്തുപിടിക്കുന്ന സര്‍ക്കാരാണ് നിലവിലുള്ളതെന്നും, കര്‍ഷകന്‍ പ്രസാദ് ആത്മഹത്യക്കിടയാക്കിയ സാഹചര്യം എന്തെന്ന് അന്വേഷിക്കുമെന്നും കൃഷി മന്ത്രി പി.പ്രസാദ്. കര്‍ഷകന്‍ പ്രസാദ് ആത്മഹത്യ ചെയ്തത് അത്യന്തം ഖേദകരമെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു.
◾മുഖ്യമന്ത്രി പിണറായി വിജയനെ സ്തുതിക്കാന്‍ കേരളീയത്തിനു പൊടിച്ച 28 കോടി രൂപ ഉണ്ടായിരുന്നെങ്കില്‍ തകഴിയില്‍ ആത്മഹത്യ ചെയ്ത പ്രസാദിനെപ്പോലെയുള്ള എത്ര കര്‍ഷകരെ മരണമുഖത്തുനിന്ന് രക്ഷിക്കാനാകുമായിരുന്നെന്ന് കെ പി സി സി പ്രസിഡന്റ് കെ സുധാകരന്‍. പാവങ്ങളെ മരണത്തിന് വിട്ട് ആഘോഷം നടത്തുന്ന ക്രൂരതയുടെ പര്യായമാണ് പിണറായി സര്‍ക്കാരെന്നും അദ്ദേഹം കുറ്റപ്പെടുത്തി.
◾ഇസ്രയേലിനെ കൊണ്ട് എല്ലാ കളികളും കളിപ്പിക്കുന്നത് അമേരിക്കയാണെന്ന് കോഴിക്കോട് സിപിഎം റാലിയില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍. പലസ്തീന്‍ പ്രശ്നത്തില്‍ അമേരിക്കന്‍ സാമ്രാജ്യത്ത്വത്തെ കുറ്റപ്പെടുത്തുന്നതോടൊപ്പം ആര്‍എസ്എസിനെയും ബിജെപിയെയും ഒപ്പം മുന്‍ യുപിഎ സര്‍ക്കാരുകളെയും കുറ്റപ്പെടുത്തിയാണ് വിഷയത്തിലെ ഇന്ത്യയുടെ നയം മാറ്റത്തെ കുറിച്ച് അദ്ദേഹം സംസാരിച്ചത്.
◾എന്നും പലസ്തീന് ഒപ്പമാണ് സിപിഎം എന്നും രാഷ്ട്രീയ വേര്‍തിരിവില്ലാതെ മനുഷ്യത്വമുള്ള എല്ലാവരും ഒരുമിക്കുന്ന റാലിയാണിതെന്നും മുഖ്യമന്ത്രി പിണറായി വിജയന്‍. ഞങ്ങളെ വിളിച്ചാല്‍ വരുമെന്ന് ചിലര്‍ പറഞ്ഞിരുന്നു. എന്നാല്‍ അവര്‍ വരില്ലെന്ന് അറിയാമായിരുന്നു എന്നും മുസ്ലിംലീഗ് റാലിയില്‍ നിന്ന് വിട്ടുനില്‍ക്കുന്നതിനെ കുറിച്ച് മുഖ്യമന്ത്രി പരാമര്‍ശിച്ചു.
◾പലസ്തീന്‍ വിഷയത്തില്‍ കോണ്‍ഗ്രസിന് നിലപാട് പറയാന്‍ ധൈര്യമില്ലെന്നും, പലസ്തീന്‍ ഐക്യദാര്‍ഢ്യ പരിപാടി ആര് സംഘടിപ്പിച്ചാലും അവര്‍ക്കൊപ്പം സിപിഎം ഉണ്ടെന്നും സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദന്‍ പറഞ്ഞു. ഐക്യദാര്‍ഢ്യ പരിപാടി നടത്തിയതിന് ഷൗക്കത്തിനെതിരെ നടപടിയെടുത്തതോടെ കോണ്‍ഗ്രസിന്റെ നിലപാട് വ്യക്തമായെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
◾കളമശ്ശേരി സ്‌ഫോടനത്തില്‍ മരണം അഞ്ചായി. സ്‌ഫോടനത്തില്‍ ഗുരുതരമായി പൊള്ളലേറ്റു ചികിത്സയില്‍ കഴിഞ്ഞിരുന്ന മലയാറ്റൂര്‍ സ്വദേശിനി സാലി പ്രദീപനാണ് (46) മരിച്ചത്. ഇവരുടെ മകള്‍ 12 വയസുകാരി ലിബ്‌ന നേരത്തേ മരിച്ചിരുന്നു. സാലിയുടെ മൂത്ത മകന്‍ പ്രവീണ്‍ (24), ഇളയ മകന്‍ രാഹുല്‍ (21) എന്നിവരും പരിക്കേറ്റ് ചികിത്സയിലാണ്.
◾കളമശ്ശേരി സ്ഫോടനവുമായി ബന്ധപ്പെട്ടുള്ള നിര്‍ണായക തെളിവുകള്‍ കണ്ടെടുത്തതായി പൊലീസ്. കളമശ്ശേരിയില്‍ സ്ഫോടനം നടത്തിയ പ്രതി മാര്‍ട്ടിന്റെ വാഹനത്തില്‍ നിന്ന് സ്ഫോടനത്തിന് ഉപയോഗിച്ച നാല് റിമോട്ടുകള്‍ കണ്ടെടുത്തു. സ്ഫോടനത്തിന് ശേഷം വാഹനത്തില്‍ കൊടകര പൊലീസ് സ്റ്റേഷനിലെത്തിയ മാര്‍ട്ടിന്റെ വാഹനത്തിനുള്ളില്‍ നിന്നും വെള്ള കവറില്‍ പൊതിഞ്ഞ നിലയില്‍ റിമോട്ടുകള്‍ സൂക്ഷിച്ചിരിക്കുകയായിരുന്നു.
◾ക്ഷേത്ര പ്രവേശന വിളംബര വാര്‍ഷികത്തിനായി തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് പുറത്തിറക്കിയ, അടിമുടി രാജഭക്തി വെളിവാക്കുന്നുവെന്ന് ആരോപിക്കുന്ന, നോട്ടീസില്‍ കടുത്ത അതൃപ്തി അറിയിച്ച് ദേവസ്വം മന്ത്രി കെ രാധാകൃഷ്ണന്‍. മനസ്സില്‍ അടിഞ്ഞിരിക്കുന്ന ജാതി ചിന്ത പെട്ടന്ന് പോവില്ലെന്നും അതിങ്ങനെ തികട്ടി വരുമെന്നും ജാതിവ്യവസ്ഥയുണ്ടാക്കിയ ദുരന്തം മാറണമെങ്കില്‍ ജാതി രഹിത സമൂഹമുണ്ടാകണമെന്നും മന്ത്രി പറഞ്ഞു.
◾വയനാടിന്റെ ഗതാഗതപ്രശ്‌നങ്ങള്‍ പരിഹരിക്കണമെന്നാവശ്യപ്പെട്ട് കല്‍പ്പറ്റ എംഎല്‍എ ടി സിദ്ധീഖിന്റെ നേതൃത്വത്തില്‍ യുഡിഎഫ് കമ്മിറ്റി സംഘടിപ്പിക്കുന്ന താമരശ്ശേരി ചുരം പ്രക്ഷോഭ യാത്ര തിങ്കളാഴ്ച ലക്കിടി ഭാഗത്തു നിന്നും ആരംഭിക്കും. ചുരം ബൈപ്പാസും, ബദല്‍ പാതകളും, റെയില്‍വെയും, എയര്‍ കണക്ടിവിറ്റിയും സാധ്യമാക്കണമെന്ന് ആവശ്യപ്പെട്ടാണ് ജാഥ നടത്തുന്നതെന്ന് എം.എല്‍.എ പറഞ്ഞു.
◾പെരുമ്പാവൂരില്‍ നവജാത ശിശുവിന്റെ മൃതശരീരം ഉപേക്ഷിച്ച നിലയില്‍ കണ്ടെത്തിയ സംഭവത്തില്‍ അതിഥി തൊഴിലാളികളായ മാതാപിതാക്കളെ പൊലീസ് അറസ്റ്റ് ചെയ്തു. കുട്ടിയെ ഒഴിവാക്കുന്നതിന് വേണ്ടി രണ്ടുപേരും ചേര്‍ന്ന് കുഞ്ഞിനെ ശ്വാസം മുട്ടിച്ച് കൊലപ്പെടുത്തുകയായിരുന്നു.
◾ആലുവ പുഴയില്‍ കുളിക്കാനിറങ്ങിയ എസ് എന്‍ ഡി പി സ്‌കൂള്‍ വിദ്യാര്‍ത്ഥി മിഷാല്‍ മുങ്ങിമരിച്ചു. 14 വയസായിരുന്നു. ആലുവ കുന്നത്തേരി എടശേരി വീട്ടില്‍ ഷാഫിയുടെ മകനാണ്.
◾പോലിസ് അകമ്പടിയോടെ ഭാര്യ സീമയെ സന്ദര്‍ശിച്ച് മടങ്ങുമ്പോള്‍ ചേര്‍ത്തു പിടിക്കുന്ന ഡല്‍ഹി മുന്‍ ഉപമുഖ്യമന്ത്രി മനീഷ് സിസോദിയയുടെ ചിത്രം എക്സ് പ്ലാറ്റ്ഫോമില്‍ പങ്കുവച്ച് ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കേജ്രിവാള്‍. രാജ്യത്തെ പാവപ്പെട്ട കുഞ്ഞുങ്ങള്‍ക്കു പ്രതീക്ഷ പകര്‍ന്ന വ്യക്തിയോട് അനീതി ചെയ്യുന്നത് ശരിയാണോയെന്നും കേജ്രിവാള്‍ ചോദിച്ചു.
◾ഏകദിന ക്രിക്കറ്റ് ലോകകപ്പില്‍ ഇന്നലെ നടന്ന ആദ്യ മത്സരത്തില്‍ ഓസ്‌ട്രേലിയക്ക് ബംഗ്ലാദേശിനെതിരെ 8 വിക്കറ്റിന്റെ വിജയം. ടോസ് നഷ്ടപ്പെട്ട് ബാറ്റിംഗിനിറങ്ങിയ ബംഗ്ലാദേശ് തൗഹീദ് ഹൃദോയുടെ 74 റണ്‍സിന്റെ മികവില്‍ 8 വിക്കറ്റ് നഷ്ടത്തില്‍ 306 റണ്‍സെടുത്തു. മറുപടി ബാറ്റിംഗിനിറങ്ങിയ ഓസ്ട്രേലിയ 132 പന്തില്‍ 177 റണ്‍സെടുത്ത മിച്ചല്‍ മാര്‍ഷിന്റെ മികവില്‍ രണ്ട് വിക്കറ്റ് നഷ്ടത്തില്‍ ലക്ഷ്യത്തിലെത്തി. 9 കളികളില്‍ നിന്ന് 4 പോയിന്റ് മാത്രമുള്ള ബംഗ്ലാദേശ് നേരത്തെ തന്നെ പുറത്തായിരുന്നു.സെമി ഫൈനല്‍ നേരത്തെ തന്നെ ഉറപ്പിച്ചിരുന്ന ഓസ്ട്രേലിയ 9 കളികളില്‍ നിന്ന് 14 പോയിന്റുമായി മൂന്നാം സ്ഥാനത്താണുള്ളത്.
◾2023 ക്രിക്കറ്റ് ലോകകപ്പിന്റെ സെമി ഫൈനല്‍ ചിത്രം തെളിഞ്ഞു. ഇംഗ്ലണ്ടിനെതിരേ പാകിസ്താന്‍ തോറ്റതോടെ നാലാം സ്ഥാനക്കാരായി ന്യൂസീലന്‍ഡ് സെമിയിലേക്ക് മുന്നേറി. ഇന്ത്യ, ദക്ഷിണാഫ്രിക്ക, ഓസ്ട്രേലിയ എന്നീ ടീമുകള്‍ നേരത്തെ തന്നെ സെമിയിലെത്തിയിരുന്നു. നവംബര്‍ 15 ന് നടക്കുന്ന ആദ്യ സെമിയില്‍ ഇന്ത്യ ന്യൂസിലാണ്ടുമായി ഏറ്റുമുട്ടും. നവംബര്‍ 16 ന് നടക്കുന്ന രണ്ടാമത്തെ സെമിയില്‍ ദക്ഷിണാഫ്രിക്ക ഓസ്ട്രേലിയയുമായി ഏറ്റുമുട്ടും. നവംബര്‍ 19 ഞായറാഴ്ചയാണ് ഫൈനല്‍.