കളമശേരി സ്ഫോടനക്കേസ്: പ്രതി സഞ്ചരിച്ച സ്‌കൂട്ടറിൽനിന്ന് റിമോട്ടുകൾ കണ്ടെത്തി
കൊച്ചി :
കളമശേരി സ്ഫോടനക്കേസിലെ പ്രതി ഡൊമിനിക് മാർട്ടിൻ സഞ്ചരിച്ച സ്‌കൂട്ടറിൽനിന്ന് നാലു റിമോട്ടുകൾ കണ്ടെത്തി. ഡൊമിനിക് മാർട്ടിനുമായി ശനി വൈകിട്ട് കൊടകര പൊലീസ് സ്‌റ്റേഷൻ വളപ്പിൽ നടത്തിയ തെളിവെടുപ്പിലാണ് റിമോട്ടുകൾ കണ്ടെത്തിയത്. സ്‌ഫോടനം നടത്താൻ ഉപയോഗിച്ചത് ഈ റിമോട്ടുകളാണെന്നാണ് സൂചന. കൊടകര സ്‌റ്റേഷനിൽ പ്രതി കീഴടങ്ങാനെത്തിയ സ്‌കൂട്ടറിൽനിന്നാണ് ഇവ ലഭിച്ചത്. വെള്ള പ്ലാസ്‌റ്റിക് കവറിൽ പൊതിഞ്ഞ നിലയിലായിരുന്നു.
സ്‌ഫോടനശേഷം ഡൊമിനിക് മാർട്ടിൻ ഫെയ്‌സ്‌ബുക് ലൈവിട്ട കൊരട്ടിയിലെ ലോഡ്‌ജ് മുറിയിലും തെളിവെടുത്തു. ലോഡ്‌ജ് ജീവനക്കാർ ഡൊമിനിക്കിനെ തിരിച്ചറിഞ്ഞു. നാലാംനിലയിലെ 410–-ാംനമ്പർ മുറിയിൽ ഇയാൾ 20 മിനിറ്റാണ് വിശ്രമിച്ചത്. ഇവിടെവച്ചാണ് ഫെയ്‌സ്‌ബുക്കിൽ ലൈവ് വീഡിയോ ഇട്ടതെന്ന് പ്രതി അന്വേഷകസംഘത്തോട് പറഞ്ഞു. അടുത്തബന്ധുവിന് അപകടമുണ്ടായെന്ന് ഫോൺ വന്നുവെന്നും അതിനാൽ മുറി ഒഴിയുകയാണെന്നും പറഞ്ഞാണ് ഡൊമിനിക് മാർട്ടിൻ മടങ്ങിയത്.
ഡിസിപി എസ് ശശിധരന്റെയും എസിപി പി വി ബേബിയുടെയും നേതൃത്വത്തിലായിരുന്നു തെളിവെടുപ്പ്. കൊരട്ടി ലോഡ്‌ജിൽ ശനി രാവിലെ 10ന് ആരംഭിച്ച തെളിവെടുപ്പ് വൈകിട്ട് നാലുവരെ നീണ്ടു. കൊടകര സ്‌റ്റേഷനിൽ രാത്രിയോടെ പൂർത്തിയായി