Tuesday, February 4, 2025
News SPECIAL

പ്രഭാത വാർത്താമുദ്ര

2024 ജനുവരി 25 വ്യാഴം
1199 മകരം 11 പുണർതം
1445 റജബ് 13

◾ക്ഷേമപെന്‍ഷന്‍ ലഭിക്കാതെ കോഴിക്കോട്ടെ ഭിന്നശേഷിക്കാരനായ വളയത്തു ജോസഫ് (74)എന്ന പാപ്പച്ചന്‍ തൂങ്ങിമരിച്ച സംഭവത്തില്‍ ഹൈക്കോടതി സ്വമേധയാ കേസെടുത്തു. കേസില്‍ തുടര്‍ നടപടികള്‍ക്കായി ചീഫ്ജസ്റ്റിസിന്റെ അനുമതി തേടി. സാമൂഹ്യനീതിവകുപ്പ്, കോഴിക്കോട് ജില്ലാ കലക്ടര്‍, ചക്കിട്ടപ്പാറ പഞ്ചായത്ത് സെക്രട്ടറി എന്നിവരാണ് എതിര്‍കക്ഷികള്‍.
◾നിയമസഭാ സമ്മേളനം ഇന്ന് ആരംഭിക്കും. ഗവര്‍ണറുടെ നയപ്രഖ്യാപന പ്രസംഗത്തോടെയാണ് സമ്മേളനം തുടങ്ങുക. സര്‍ക്കാര്‍ തയാറാക്കി നല്‍കിയ പ്രസംഗത്തില്‍ കേന്ദ്ര സര്‍ക്കാരിനെതിരേ വിമര്‍ശനം ഉണ്ടെങ്കിലും ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍ പ്രസംഗം മുഴുവന്‍ വായിക്കുമെന്നാണു സൂചന. ബജറ്റ് ഫെബ്രുവരി അഞ്ചിന് അവതരിപ്പിക്കും. മാര്‍ച്ച് 27 വരെയാണു നിയമസഭാ സമ്മേളനം.
◾നടി ജിപ്സ ബീഗത്തിന് അശ്ലീല മെസേജുകളും ചിത്രങ്ങളും അയച്ച കേസില്‍ പ്രതി പിടിയിലായി. കോഴിക്കോട് മുക്കം സ്വദേശി നിഷാന്ത് ശശീന്ദ്രനെയാണ് ഇന്‍ഫോ പാര്‍ക്ക് പൊലീസ് അറസ്റ്റ് ചെയ്തത്. ഗൂഗിള്‍ പേയില്‍ നിന്ന് നമ്പര്‍ എടുത്ത് വാട്സാപ്പ് വഴി അശ്ലീല സന്ദേശങ്ങള്‍ അയക്കുകയായിരുന്നു.
◾മസാല ബോണ്ട് കേസില്‍ മുന്‍ ധനമന്ത്രി തോമസ് ഐസക്കിന് നിര്‍ണായക പങ്കുണ്ടെന്ന് എന്‍ഫോഴ്‌സ്മെന്റ് ഹൈക്കോടതിയില്‍ സത്യവാങ്മൂലം നല്‍കി. മസാല ബോണ്ട് ഇറക്കാനുള്ള തീരുമാനങ്ങള്‍ അംഗീകരിച്ചത് മുഖ്യമന്ത്രിയും തോമസ് ഐസക്കും പങ്കെടുത്ത കിഫ്ബി ഡയറക്ടര്‍ ബോര്‍ഡ് യോഗത്തിലാണ്. മസാല ബോണ്ട് ഇറക്കിയതില്‍ തനിക്ക് മാത്രമായി ഉത്തരവാദിത്തമില്ലെന്ന തോമസ് ഐസക്കിന്റെ വാദം നിലനില്‍ക്കില്ല. ഉയര്‍ന്ന പലിശ നല്‍കി ബോണ്ട് ഇറക്കുന്നതില്‍ ചീഫ് സെക്രട്ടറി ആശങ്ക രേഖപ്പെടുത്തിയിരുന്നുവെന്നും സത്യവാങ്മൂലത്തില്‍ പറയുന്നു.
◾സ്‌കൂള്‍ അധ്യാപകര്‍ക്കുള്ള ക്ലസ്റ്റര്‍ പരിശീലനം നടക്കുന്നതിനാല്‍ ഒന്നു മുതല്‍ പത്തുവരെ ക്ലാസുകള്‍ക്ക് 27 ന് അവധി. സര്‍ക്കാര്‍, എയ്ഡഡ് സ്‌കൂളുകളില്‍നിന്നായി 1,34,540 അധ്യാപകര്‍ പരിശീലന പരിപാടിയില്‍ പങ്കെടുക്കും.
◾എന്‍ഡിഎ സംസ്ഥാന ചെയര്‍മാന്‍ കെ. സുരേന്ദ്രന്‍ നയിക്കുന്ന കേരള പദയാത്ര 27 ന് കാസര്‍ഗോഡുനിന്ന് ആരംഭിക്കും. വൈകുന്നേരം മൂന്നിന് താളിപ്പടുപ്പ് മൈതാനത്ത് ബിജെപി ദേശീയ അദ്ധ്യക്ഷന്‍ ജെപി നദ്ദ ഉദ്ഘാടനം ചെയ്യും. 29 ന് കണ്ണൂരിലും 30 ന് വയനാട്ടിലുമാണു പദയാത്ര. ഫെബ്രുവരി 12 ന് തിരുവനന്തപുരത്ത് കേന്ദ്ര ആഭ്യന്തരവകുപ്പ് മന്ത്രി അമിത്ഷാ ഉദ്ഘാടനം ചെയ്യും. എറണാകുളത്ത് 24 നും തൃശ്ശൂരില്‍ 26 നും നടക്കുന്ന കേരളപദയാത്ര ഫെബ്രുവരി 27 ന് പാലക്കാട് സമാപിക്കും.
◾ആലപ്പുഴ എസ് പി ഓഫീസിലേക്ക് യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന കമ്മിറ്റിയുടെ നേതൃത്വത്തില്‍ നടത്തിയ മാര്‍ച്ചില്‍ സംഘര്‍ഷം. പോലീസ് ജലപീരങ്കി പ്രയോഗിച്ചു. സി ആര്‍ മഹേഷ് എം എല്‍ എയുടെ ഉദ്ഘാടന പ്രസംഗത്തിനു ശേഷം പ്രവര്‍ത്തകര്‍ ബാരിക്കേഡ് മറിടക്കാന്‍ ശ്രമിച്ചതോടെയാണ് സംഘര്‍ഷം തുടങ്ങിയത്.
◾തന്റെ കാറില്‍ ഇടിക്കുന്ന എസ്എഫ്ഐ പ്രവര്‍ത്തകര്‍ക്കു തന്നെ ഇടിക്കണമെന്നാണ് മോഹമെങ്കില്‍ താന്‍ കാറിനു പുറത്തിറങ്ങാമെന്നു ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍. ഗവര്‍ണര്‍ക്കെതിരെ പാലക്കാട് എസ്എഫ്ഐ പ്രവര്‍ത്തകര്‍ കരിങ്കൊടി പ്രതിഷേധം നടത്തിയതിനോടു പ്രതികരിക്കുകയായിരുന്നു അദ്ദേഹം. കരിങ്കൊടി കാണിക്കുന്നവര്‍ക്ക് ആശംസകള്‍. അവരോട് സഹതാപം മാത്രം. അദ്ദേഹം പറഞ്ഞു. കരിങ്കൊടി കാണിച്ച എസ്എഫ്ഐ ജില്ലാ സെക്രട്ടറി ഉള്‍പ്പെടെയുള്ള പ്രവര്‍ത്തകരെ പൊലീസ് അറസ്റ്റ് ചെയ്തു നീക്കി.
◾പരവൂര്‍ കോടതിയിലെ എപിപി ആയിരുന്ന അനീഷ്യയുടെ ആത്മഹത്യ കേസ് സിറ്റി ക്രൈംബ്രാഞ്ച് അന്വഷിക്കുമെന്ന് കൊല്ലം സിറ്റി പൊലീസ് കമ്മീഷണര്‍. അനീഷ്യയുടെ ആത്മഹത്യക്ക് കാരണക്കാരായവരെ കണ്ടെത്തണമെന്ന ആവശ്യം ശക്തമായതിന് പിന്നാലെയാണ് കേസന്വേഷണം ക്രൈംബ്രാഞ്ചിനെ ഏല്‍പ്പിച്ചത്.
◾പരവൂര്‍ മജിസ്ട്രേറ്റ് കോടതിയിലെ അസിസ്റ്റന്റ് പബ്ലിക് പ്രൊസിക്യൂട്ടറായിരുന്ന അനീഷ്യയുടെ മരണത്തിന് ഉത്തരവാദികള്‍ക്കെതിരേ നടപടിയെടുക്കാത്തതില്‍ പ്രതിഷേധിച്ച് പരവൂര്‍ പോലീസ് സ്റ്റേഷനിലേക്ക് ഇന്നു കോണ്‍ഗ്രസ് മാര്‍ച്ച്. കുറ്റാരോപിതരെ പോലീസും സിപിഎമ്മും സംരക്ഷിക്കുകയാണെന്ന് ഡിസിസി പ്രസിഡന്റ് പി രാജേന്ദ്രപ്രസാദ് ആരോപിച്ചു.
◾പരവൂര്‍ കോടതിയിലെ എപിപി ആയിരുന്ന അനീഷ്യയുടെ ആത്മഹത്യക്കു കാരണക്കാരായവരെ ചുമതലകളില്‍ നിന്ന് മാറ്റിനിര്‍ത്തി കേസ് അന്വേഷിക്കണമെന്ന് ലീഗല്‍ സെല്‍ സംസ്ഥാന സമിതി. എപിപിയുടെ മേലധികാരിയായ കൊല്ലം ഡിഡിപി പരസ്യമായി അവരെ അപമാനിച്ചതായുള്ള ശബ്ദസന്ദേശം മരണമൊഴിയായി കണക്കാക്കി കുറ്റക്കാര്‍ക്കെതിരെ നടപടിയെടുക്കണമെന്നും ആവശ്യപ്പെട്ടു.
◾തനിക്കെതിരായ കേസിനെക്കുറിച്ച് എന്‍ഫോഴ്സ്മെന്റിനോടു ചോദിക്കൂവെന്ന് കോടിയേരി ബാലകൃഷ്ണന്റെ മകന്‍ ബിനീഷ് കോടിയേരി. എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് ചോദ്യം ചെയ്തശേഷം രാത്രി എട്ടു മണിയോടെ പുറത്തിറങ്ങിയപ്പോഴാണ് പ്രതികരണം. ഫെമ ലംഘനക്കേസില്‍ കൊച്ചി ഓഫീസിലാണ് ബിനീഷിനെ ഇ ഡി ഉച്ചമുതല്‍ ചോദ്യം ചെയ്തത്.
◾വണ്ടിപ്പെരിയാറില്‍ പീഡനത്തിനിരയായി കൊല്ലപ്പെട്ട ആറു വയസുകാരിയുടെ അച്ഛനെതിരെ കേസ്. കേസില്‍ വിചാരണക്കോടതി വെറുതെവിട്ട പ്രതി അര്‍ജുന്റെ ബന്ധുവായ പാല്‍രാജിനെ മര്‍ദിച്ചെന്ന പരാതിയിലാണ് കേസെടുത്തത്. ആറുവയസുകാരിയുടെ അച്ഛനെ മര്‍ദിച്ചെന്ന പരാതിയില്‍ നേരത്തെ പാല്‍രാജിനെ അറസ്റ്റു ചെയ്തിരുന്നു.
◾ദേശീയ പാതയിലെ രാമനാട്ടുകര മുതല്‍ വെങ്ങളം വരെയുള്ള റോഡ് അടച്ചു. റോഡു പണി നടക്കുന്നതിനാലാണ് ഗതാഗതം നിരോധിച്ചത്.
◾കെപിസിസി മുന്‍ ട്രഷറര്‍ കെ കെ കൊച്ചുമുഹമ്മദ് കോണ്‍ഗ്രസ് തൃശൂര്‍ ജില്ലാ കമ്മിറ്റിയിലെ പദവികളെല്ലാം രാജിവച്ചു. അവിണിശേരി മണ്ഡലത്തിന്റെ ചുമതലക്കാരനായിരുന്നു കൊച്ചു മുഹമ്മദ്. ഡിസിസി പ്രസിഡന്റുമായുള്ള അസ്വാരസ്യങ്ങളെ തുടര്‍ന്നാണ് രാജി.
◾’ഓപ്പറേഷന്‍ ജാഗ്രത’ പരിശോധനയില്‍ കൊച്ചി പൊലീസ് 114 ക്രിമിനലുകളെ പിടികൂടി. വധശ്രമം, പോക്സോ അടക്കമുള്ള ക്രിമിനല്‍ കേസുകളിലെ പ്രതികളടക്കമുള്ളവരാണ് പിടിയിലായത്. 194 സ്ഥലങ്ങളിലാണ് പരിശോധന നടത്തിയത്.
◾മലപ്പുറം മങ്കടയില്‍ മദ്യപിച്ച് പൊലീസ് വാഹനം ഓടിച്ച് അപകടമുണ്ടാക്കിയ എഎസ്ഐയ്ക്ക് സസ്പെന്‍ഷന്‍. മലപ്പുറം സ്റ്റേഷനിലെ എഎസ്ഐ ഗോപി മോഹനെതിരേയാണു നടപടി. സംഭവത്തില്‍ എഎസ്ഐയ്ക്കെതിരെ പൊലീസ് കേസെടുത്തിരുന്നു. നാട്ടുകാരാണ് ഇയാളെ പിടികൂടി പോലീസില്‍ ഏല്‍പിച്ചത്.
◾വടകരയില്‍നിന്ന് മാരക മയക്കുമരുന്നായ എംഡിഎംഎ ആണെന്നു പറഞ്ഞ് എക്സൈസ് കസ്റ്റഡിയിലെടുത്തത് ഇന്തുപ്പ് ആണെന്നു പരിശോധനയില്‍ തെളിഞ്ഞു. രഹസ്യ ഫോണ്‍ സന്ദേശം ലഭിച്ചതിനെത്തുടര്‍ന്നാണ് എക്സൈസ് സംഘം പരിശോധന നടത്തിയാണ് കടയുടമയെ കസ്റ്റഡിയിലെടുത്തത്.
◾മാതാ അമൃതാനന്ദമയി മഠം ഉടമസ്ഥാവകാശം ഉന്നയിക്കുന്ന ഊട്ടോളി രാമന്‍ ആനയെ സംരക്ഷിക്കാന്‍ തൃശൂര്‍ സ്വദേശി കൃഷ്ണന്‍കുട്ടിക്ക് സുപ്രീം കോടതിയുടെ അനുമതി. കോടതി തീര്‍പ്പു കല്‍പിക്കുന്നതുവരെ ആനയെ കൈവശം വയ്ക്കാമെന്നാണ് ഉത്തരവ്. കേസില്‍ കേരള സര്‍ക്കാരിനും കോടതി നോട്ടീസ് അയച്ചു.