Tuesday, February 4, 2025
GENERALKERALA NEWS

മാധ്യമങ്ങൾ അധികാരത്തെ ഭയപ്പെടേണ്ട: ആർ. രാജഗോപാൽ

കോഴിക്കോട്:
മാധ്യമ രംഗത്തെ കുത്തകവത്കരണം മുമ്പേ ഉള്ളതാണെന്നും എന്നാൽ കഴിഞ്ഞ 10 വർഷമായി അതിൻ്റെ സകല നൈതികതകളും ലംഘിക്കപ്പെട്ടെന്നും ദി ടെലിഗ്രാഫ് അറ്റ് ലാർജ്ജ് എഡിറ്റർ ആർ.രാജഗോപാൽ. കേബിൾ ടിവി ഓപ്പറേറ്റേഴ്സ് അസോസിയേഷൻ സംസ്ഥാന സമ്മേളനത്തിന്റെ ഭാഗമായുള്ള കേരള സംവാദം സെമിനാർ പരമ്പരക്ക് തുടക്കം കുറിച്ചുകൊണ്ട് നടന്ന മാധ്യമ സെമിനാറിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. ‘മാധ്യമങ്ങൾ അധികാര താല്പര്യങ്ങൾക്ക് കീഴടങ്ങുന്നുവോ’ എന്ന വിഷയത്തിലായിരുന്നു സെമിനാർ സംഘടിപ്പിച്ചത്. മാധ്യമങ്ങൾ അധികാരത്തെ ഭയപ്പെടേണ്ടതില്ലെന്ന് ആർ. രാജഗോപാൽ പറഞ്ഞു. എന്നാൽ ആവശ്യത്തിനും അനാവശ്യത്തിനും മാധ്യമങ്ങൾ ഇപ്പോൾ ബിജെപിയെ പുകഴ്ത്തുകയാണ്. എല്ലാവരും അധികാരങ്ങൾക്ക് കീഴ്പ്പെടുന്നുണ്ടെന്നും ആർ.രാജഗോപാൽ പറഞ്ഞു.
അധികാരകേന്ദ്രങ്ങളെല്ലാം മാധ്യമങ്ങൾക്ക് മേൽ അധികാരം പ്രയോഗിക്കാൻ താല്പര്യപ്പെടുന്നവരാണെന്ന് മനോരമ ന്യൂസ് ന്യൂസ് ഡയരക്ടർ ജോണി ലൂക്കോസ് പറഞ്ഞു. ഇപ്പോഴത്തെ ഭരണാധികാരികൾ കൊതിക്കുന്നത് പ്രതിപക്ഷത്തിന്റെ സർവ്വനാശമാണ്. ആ ഉന്മൂലനത്തിന് മാധ്യമങ്ങൾ കൂട്ടുനിൽക്കലാണ് അവരുടെ ആവശ്യം. ഞങ്ങൾ പറയുന്നത് നിങ്ങൾ കേട്ടാൽ മതി. നിങ്ങൾ ഞങ്ങളോട് ചോദ്യങ്ങൾ ചോദിക്കണ്ട എന്നതാണ് അധികാര കേന്ദ്രങ്ങളുടെ നിലപാടെന്നും അദ്ദേഹം പറഞ്ഞു.
മാധ്യമങ്ങൾ പരിമിതികൾ ഉണ്ടായിട്ടും അതിനുള്ളിൽ നിന്നുകൊണ്ട് പ്രവർത്തിക്കാൻ ശ്രമിക്കുകയാണെന്ന് ഏഷ്യാനെറ്റ് ന്യൂസ് അസി.എക്സിക്യൂട്ടീവ് എഡിറ്റർ വിനു വി ജോൺ പറഞ്ഞു. മാധ്യമങ്ങൾ പ്രതിപക്ഷമാകാൻ ശ്രമിക്കുന്നുണ്ട്. മാധ്യമങ്ങളെ ജനാധിപത്യത്തിന്റെ താല്പര്യത്തിന് അനുസരിച്ച് വിടാനാണ് ഭരണകൂടം ശ്രമിക്കേണ്ടത്. മാധ്യമപ്രവർത്തകർക്കെതിരെ കേസെടുക്കുകയും ബുദ്ധിമുട്ടിക്കുകയും ചെയ്യുന്ന സമീപനമാണ് ഭരണകൂടത്തിന്റെതെന്നും അദ്ദേഹം വ്യക്തമാക്കി.
സ്വതന്ത്ര മാധ്യമങ്ങളെ വരിഞ്ഞു മുറുക്കുകയാണ് കേന്ദ്ര സർക്കാരെന്ന് റിപ്പോർട്ടർ ടി.വി.എഡിറ്റർ ഇൻ ചീഫ് എം.വി.നികേഷ് കുമാർ പറഞ്ഞു. ജനാധിപത്യ രാജ്യത്തിൽ നിന്നും ഒരു ദിവ്യാധിപത്യ രാജ്യത്തിനുള്ള മനസൊരുക്കലാണ് പ്രാണപ്രതിഷ്ഠയിലൂടെയും ഗ്യാൻവാപി വിഷയത്തിലും നടക്കുന്നത്. മാധ്യമ രംഗം കൂടുതൽ ജനകീയമാകാൻ സി.ഒ.എ പോലുള്ള കേബിൾ നെറ്റ് വർക്കുകളും കൂട്ടായ്മകളും ഇവിടെ നിലനിൽക്കണമെന്ന് നികേഷ് കുമാർ പറഞ്ഞു.
മുഖ്യധാരാ മാധ്യമങ്ങളേക്കാൾ അപകടകരമാണ് സമൂഹ മാധ്യമങ്ങളെന്ന് ഡിജിറ്റൽ മാധ്യമ വിദഗ്ധൻ ദാമോദർ പ്രസാദ് പറഞ്ഞു. വിയോജിപ്പിന്റെ സംസ്കാരത്തിൽ നിന്നും വിധേയത്വത്തിന്റെ സംസ്കാരത്തിലേക്ക് മാധ്യമങ്ങൾ മാറി. മാധ്യമങ്ങൾ വഹിക്കേണ്ടത് പ്രതിപക്ഷത്തിന്റെ റോൾ ആണ്. ഒരു വാക്ക് പോലും ഭരണകൂടത്തെ കുറിച്ച് നല്ലത് പറയാനുള്ള ബാധ്യത മാധ്യമങ്ങൾക്കില്ലെന്നും അദ്ദേഹം പറഞ്ഞു. കേരള ഇൻഫോ മീഡിയ സി.ഇ.ഒ എൻ.ഇ.ഹരികുമാർ മോഡറേറ്ററായിരുന്നു. സി.ഒ.എ സംസ്ഥാന പ്രസിഡന്റ് അബൂബക്കർ സിദ്ദീഖ്, സിഡ്കോ പ്രസിഡന്റ് കെ.വിജയകൃഷ്ണൻ എന്നിവർ സംസാരിച്ചു. കേരള സംവാദം സെമിനാർ പരമ്പരയിൽ ബുധനാഴ്ച ചെറുകിട ബദൽ സംരംഭങ്ങൾ വെല്ലുവിളികളും സാധ്യതകളും എന്ന വിഷയത്തിൽ സെമിനാർ നടക്കും. വൈകിട്ട് 3.30 ന് മുതലക്കുളം മൈതാനിയിലാണ് ഇന്നത്തെ പരിപാടി.