Tuesday, February 4, 2025
News SPECIAL

സായാഹ്ന വാർത്താമുദ്ര

2024 | ഫെബ്രുവരി 27 | ചൊവ്വ | 1199 | കുംഭം 14 | അത്തം

◾മനുഷ്യനെ വഹിച്ചുള്ള ഇന്ത്യയുടെ ആദ്യ ബഹിരാകാശ ദൗത്യത്തിന്റെ തലവന്‍ മലയാളിയായ പാലക്കാട് നെന്മാറ സ്വദേശി പ്രശാന്ത് ബാലകൃഷ്ണന്‍ നായര്‍. സുഖോയ് യുദ്ധ വിമാനം പറത്തുന്ന ഫൈറ്റര്‍ പൈലറ്റാണ് പ്രശാന്ത് നായര്‍. ഇന്ത്യയുടെ ഗഗന്‍യാന്‍ ദൗത്യത്തിനായുള്ള നാലുപേരേയും തുമ്പ വിഎസ്എസ്സിയില്‍ നടന്ന ചടങ്ങില്‍ വേദിയിലേക്ക് ക്ഷണിച്ചുകൊണ്ട് നരേന്ദ്ര മോദി പ്രഖ്യാപനം നടത്തി. പാലക്കാട് സ്വദേശിയായ വ്യോമ സേന ഗ്രൂപ്പ് ക്യാപ്റ്റന്‍ പ്രശാന്ത് ബാലകൃഷ്ണന്‍ നായര്‍, ഗ്രൂപ്പ് ക്യാപ്റ്റന്‍ അംഗദ് പ്രതാപ്, അജിത് കൃഷ്ണന്‍, വിങ് കമാന്‍ഡര്‍ ശുഭാന്‍ശു ശുക്ല എന്നിവരാണ് ഗഗന്‍യാന്‍ ദൗത്യത്തിനായി പരിശീലനത്തിലുള്ളവര്‍. ഗഗന്‍യാന്‍ ദൗത്യത്തിനുള്ള ബഹിരാകാശ സഞ്ചാരികളായി തെരഞ്ഞെടുക്കപ്പെട്ട നാല് പേര്‍ക്കും പ്രധാനമന്ത്രി നരേന്ദ്ര മോദി ആസ്ട്രനോട്ട് ബാഡ്ജുകള്‍ സമ്മാനിച്ചു.
◾2035ഓടെ ഇന്ത്യയ്ക്ക് സ്വന്തമായി സ്പേയ്സ് സ്റ്റേഷന്‍ ഉണ്ടാകുമെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. ഗഗന്‍യാന്‍ ദൗത്യത്തിനുള്ള ഇന്ത്യയുടെ ബഹിരാകാശ സഞ്ചാരികളെ അവതരിപ്പിക്കാനായതില്‍ സന്തോഷമുണ്ടെന്നും ഇത് ഇന്ത്യയുടെ അഭിമാന നിമിഷമാണെന്നും പ്രധാനമന്ത്രി കൂട്ടിച്ചേര്‍ത്തു.
◾തിരുവനന്തപുരം വിഎസ്എസ്സിയിലെത്തിയ നരേന്ദ്ര മോദി ഗഗന്‍യാന്‍ പദ്ധതിയുടെ പുരോഗതി വിലയിരുത്തി. കൂടാതെ വിഎസ്എസ്സിയിലെ പുതിയ ട്രൈസോണിക് വിന്‍ഡ് ടണല്‍, മഹേന്ദ്രഗിരി പ്രൊപ്പല്‍ഷന്‍ കോംപ്ലക്സിലെ സെമി ക്രയോജനിക് ഇന്റഗ്രേറ്റഡ് എഞ്ചിന്‍ & സ്റ്റേജ് ടെസ്റ്റ് ഫെസിലിറ്റി, ശ്രീഹരിക്കോട്ടയിലെ പുതിയ പിഎസ്എല്‍വി ഇന്റഗ്രേഷന്‍ ഫെസിലിറ്റി എന്നീ പദ്ധതികളുടെ ഉദ്ഘാടനവും പ്രധാനമന്ത്രി നിര്‍വഹിച്ചു. മുഖ്യമന്ത്രി പിണറായി വിജയന്‍, ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍, കേന്ദ്ര മന്ത്രി വി മുരളീധരന്‍, ഐഎസ്ആര്‍ഒ ചെയര്‍മാന്‍ ഡോ.എസ് സോമനാഥ് തുടങ്ങിയവരും ചടങ്ങില്‍ പങ്കെടുത്തു.
◾ലോക്സഭ തെരഞ്ഞെടുപ്പില്‍ കേരളത്തില്‍ ബിജെപി രണ്ട് സീറ്റുകളില്‍ കൂടുതല്‍ നേടുമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. ഇത്തവണ മലയാളികള്‍ കൂടുതല്‍ ആവേശത്തിലാണെന്നും 2019നേക്കാള്‍ 2024ല്‍ ജനങ്ങള്‍ക്ക് കൂടുതല്‍ ആവേശമുണ്ടെന്നും മോദി പറഞ്ഞു. ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ സുരേന്ദ്രന്‍ നയിക്കുന്ന കേരള പദയാത്രയുടെ സമാപന സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു പ്രധാനമന്ത്രി നരേന്ദ്ര മോദി.
◾മൂന്നാര്‍ കന്നിമലയില്‍ കാട്ടാന ആക്രമണത്തില്‍ ഓട്ടോറിക്ഷാ ഡ്രൈവറായ സുരേഷ് കുമാര്‍ കൊല്ലപ്പെട്ടതില്‍ പ്രതിഷേധിച്ച് എല്‍ഡിഎഫ് ആഹ്വാനം ചെയ്ത ഹര്‍ത്താല്‍ പിന്‍വലിച്ചു. കൊല്ലപ്പെട്ട സുരേഷ് കുമാറിന്റെ കുടുംബത്തിന് 10 ലക്ഷം രൂപ കൈമാറിയ സാഹചര്യത്തിലാണ് ഹര്‍ത്താല്‍ പിന്‍വലിച്ചത്. സുരേഷ് കുമാറിന്റെ കുടുംബാംഗങ്ങള്‍ക്ക് ജോലി നല്‍കുന്നതിന് വനം വകുപ്പ് ശുപാര്‍ശ ചെയ്യുമെന്നും, മക്കളുടെ പഠന ചിലവും പരിക്കേറ്റവരുടെ ചികിത്സാ ചിലവും വനം വകുപ്പ് ഏറ്റെടുക്കുമെന്നും അധികൃതര്‍ വ്യക്തമാക്കി.
◾ടിപി വധക്കേസുമായി ബന്ധപ്പെട്ട് കുറ്റക്കാരെന്ന് കണ്ടെത്തിയ കെ.കെ. കൃഷ്ണനും ജ്യോതിബാബുവും നിരവധി ആരോഗ്യപ്രശ്നങ്ങള്‍ ഉള്ളവരാണെന്നും എന്തുകൊണ്ടാണ് പ്രായമുള്ള പ്രതികള്‍ക്ക് വധശിക്ഷ വേണമെന്ന് പ്രോസിക്യൂഷന്‍ ആവശ്യപ്പെടുന്നതെന്നും കോടതി. അപൂര്‍വങ്ങളില്‍ അപൂര്‍വമായ കേസുകള്‍ക്ക് മാത്രം വധശിക്ഷ നല്‍കാനാണ് സുപ്രിംകോടതിയുടെ നിര്‍ദേശമെന്നും പ്രതികളുടെ ശിക്ഷ ജീവപര്യന്തത്തില്‍ നിന്ന് പരമാവധി ശിക്ഷയായ വധശിക്ഷയായി ഉയര്‍ത്താന്‍ സാഹചര്യം ഉണ്ടോയെന്നും കോടതി ചോദിച്ചു.
◾സിഎംആര്‍എല്ലിന്റെ ആവശ്യപ്രകാരം ഭൂപരിഷ്‌കരണ നിയമത്തില്‍ ഇളവ് നല്‍കാനായി മുഖ്യമന്ത്രി നേരിട്ട് ഇടപെട്ടുവെന്ന മാത്യു കുഴല്‍നാടന്റെ ആരോപണം അതീവ ഗുരുതരമെന്ന് കെപിസിസി അധ്യക്ഷന്‍ കെ. സുധാകരന്‍. സിഎംആര്‍എല്ലുമായി ബന്ധപ്പെട്ട മാസപ്പടി ആരോപണങ്ങളില്‍ സിബിഐ അന്വേഷണം ആവശ്യപ്പെട്ട് നിയമ നടപടി സ്വീകരിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.
◾മാനന്തവാടിയില്‍ കാട്ടാനയുടെ ആക്രമണത്തില്‍ മരിച്ച അജീഷിന്റെ കുടുംബത്തിന് കെ പി സി സി 15 ലക്ഷം രൂപ നല്‍കുമെന്ന് കെ സുധാകരന്‍ അറിയിച്ചു. കര്‍ണാടക സര്‍ക്കാര്‍ പ്രഖ്യാപിച്ച 15 ലക്ഷത്തിനെതിരെ ബി ജെ പി രംഗത്ത് എത്തിയതിനു പിന്നാലെ പണം വേണ്ടെന്ന് അജീഷിന്റെ കുടുംബം പറഞ്ഞിരുന്നു. അതിനാലാണ് കെപിസിസി പണം നല്‍കാന്‍ തീരുമാനിച്ചതെന്നും അദ്ദേഹം പറഞ്ഞു.
◾ബെല്‍ത്തങ്ങാടി ക്വാറി കേസില്‍ നിലമ്പൂര്‍ എംഎല്‍എ പി.വി.അന്‍വറിനെ ഇഡി ചോദ്യം ചെയ്യുന്നു. എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റിന്റെ കൊച്ചി ഓഫീസിലാണ് ചോദ്യം ചെയ്യല്‍ പുരോഗമിക്കുന്നത്.
◾സ്ഥാനാര്‍ത്ഥി നിര്‍ണയത്തില്‍ അന്തിമ തീരുമാനത്തിനായി മുസ്ലീം ലീഗിന്റെ നേതൃയോഗം നാളെ ചേരും. കോണ്‍ഗ്രസ്,ലീഗ് ഉഭയകക്ഷി ചര്‍ച്ചയുടെ വിശദാംശങ്ങള്‍ നേതാക്കള്‍ സാദിഖലി ശിഹാബ് തങ്ങളെ ധരിപ്പിച്ചു. ഇതിനിടെ സീറ്റ് ആവശ്യപ്പെട്ട് യൂത്ത് ലീഗും രംഗത്തെത്തിയിട്ടുണ്ട്.
◾ലോക്സഭാ തെരഞ്ഞെടുപ്പില്‍ നടിയും നര്‍ത്തകിയുമായ ശോഭന സ്ഥാനാര്‍ഥിയാകണമെന്ന് സുരേഷ് ഗോപി. ഭാവിയിലെ രാഷ്ട്രീയക്കാരിയാണ് ശോഭനയെന്നും, സ്ഥാനാര്‍ഥിത്വം സംബന്ധിച്ച് താനും കേന്ദ്രനേതൃത്വവും ശോഭനവുമായി സംസാരിച്ചുവെന്നും തിരുവനന്തപുരത്ത് ശോഭന മത്സരിക്കണമെന്നാണ് ആഗ്രഹമെന്നും സുരേഷ്ഗോപി വ്യക്തമാക്കി.
◾തിരുവനന്തപുരം ലോക്സഭ സീറ്റില്‍ നടി ശോഭന മത്സരിക്കില്ലെന്ന് ശശി തരൂര്‍ എംപി. നടി ശോഭന തന്റെ സുഹൃത്താണെന്നും മത്സരിക്കില്ലെന്ന് ഫോണില്‍ തന്നെ അറിയിച്ചുവെന്നും ശശി തരൂര്‍. തിരുവനന്തപുരത്ത് എതിരാളികളെ വിലകുറച്ച് കാണുന്നില്ലെന്നും എന്നാല്‍ ബിജെപിയുടെ വിദ്വേഷ രാഷ്ട്രീയം കേരളത്തില്‍ വിലപ്പോവില്ലെന്നും അദ്ദേഹം പറഞ്ഞു.
◾നടന്‍ സുരാജ് വെഞ്ഞാറമൂടിന്റെ ലൈസന്‍സ് സസ്പെന്‍ഡ് ചെയ്യാന്‍ നടപടി തുടങ്ങിയെന്ന് എറണാകുളം ആര്‍ടിഒ. കഴിഞ്ഞ ജൂലൈയില്‍ കൊച്ചി തമ്മനത്തു വെച്ച് നടന്‍ സുരാജ് വെഞ്ഞാറമൂടിന്റെ വാഹനം ഇടിച്ച് മഞ്ചേരി സ്വദേശിക്ക് പരിക്കേറ്റ സംഭവത്തില്‍ പാലാരിവട്ടം പൊലീസ് എഫ്ഐആര്‍ രജിസ്റ്റര്‍ ചെയുകയും ലൈസന്‍സ് റദ്ദാക്കാതിരിക്കാന്‍ കാരണം ബോധിപ്പിക്കാന്‍ നിര്‍ദ്ദേശിച്ച് എംവിഡി നോട്ടീസ് അയക്കുകയും ചെയ്തിരുന്നു. മറുപടി കിട്ടാത്ത സാഹചര്യത്തില്‍ ജോ. ആര്‍ടിഒ രണ്ട് വട്ടംകൂടി നോട്ടീസ് അയച്ചു, എന്നാല്‍ ഇതിനും താരം മറുപടി നല്‍കിയില്ല. കഴിഞ്ഞ മാസം മൂന്നാമത്തെ അവസരം നല്‍കിയെങ്കിലും സുരാജ് ഹാജരാകുന്നതിനോ മറുപടി നല്‍കുന്നതിനോ തയ്യാറായിട്ടില്ല. ഈ സാഹചര്യത്തിലാണ് മോട്ടോര്‍ വാഹന വകുപ്പ് നിയമപ്രകാരം ലൈസന്‍സ് സസ്പെന്‍ഡ് ചെയ്യാന്‍ നടപടി തുടങ്ങിയതെന്ന് എറണാകുളം ആര്‍ടിഒ വ്യക്തമാക്കി.
◾തൊഴിലുറപ്പ് ജോലിക്കായി ഒപ്പിട്ട ശേഷം ഡിവൈഎഫ്ഐയുടെ മനുഷ്യച്ചങ്ങലക്ക് പോയ പത്തനംതിട്ട പള്ളിക്കല്‍ പഞ്ചായത്തിലെ മൂന്ന് മേറ്റുമാരെ ഒരു വര്‍ഷത്തേക്ക് സസ്പെന്‍ഡ് ചെയ്തു. കോണ്‍ഗ്രസും ബിജെപിയും നല്‍കിയ പരാതിയിലാണ് നടപടി. മൂന്നു മേറ്റുമാരുടെയും 70 തൊഴിലാളികളുടെയും ആ ദിവസത്തെ വേതനം കുറയ്ക്കണം എന്നും ഓംബുഡ്സ്മാന്‍ ഉത്തരവില്‍ പറയുന്നു.
◾വയനാട് പൂക്കോട് വെറ്ററിനറി സര്‍വകലാശാലയില്‍ ആത്മഹത്യ ചെയ്ത നിലയില്‍ കണ്ടെത്തിയ ബിരുദ വിദ്യാര്‍ത്ഥി ജെ.എസ്. സിദ്ധാര്‍ഥന്റെ ശരീരത്തില്‍ മൂന്നുനാള്‍ വരെ പഴക്കമുള്ള പരിക്കുകള്‍ ഉണ്ടെന്നും ക്രൂര മര്‍ദനത്തിന് ഇരയായിട്ടുണ്ടെന്നും പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ട്. സംഭവത്തില്‍ പ്രതിസ്ഥാനത്ത് നില്‍ക്കുന്ന എസ്എഫ്ഐ നേതാക്കള്‍ അടക്കമുള്ള 12 പേര്‍ ഒളിവലാണെന്ന് പൊലീസ് അറിയിച്ചു.
◾ആറ്റുകാല്‍പൊങ്കാല നിവേദ്യം നടന്നതിനു ശേഷം ശേഖരിച്ച ചുടുകട്ടകളെല്ലാം ഇത്തവണയും വീട് നിര്‍മ്മാണത്തിന് തന്നെ നല്‍കും. 1200 നഗരസഭാ തൊഴിലാളികള്‍, 1400 താല്‍ക്കാലിക ജീവനക്കാര്‍, 150 വോളന്റിയര്‍മാര്‍ ഇവരെല്ലാം ചേര്‍ന്നാണ് പൊങ്കാലയ്ക്കു ശേഷം നഗരം വൃത്തിയാക്കിയത്. 2018 മുതലാണ് പൊങ്കാല അടുപ്പിനുപയോഗിച്ച ചുടുകട്ടകള്‍ ശേഖരിച്ചു തുടങ്ങിയത്. ഇത്തവണ മൂന്ന് ലക്ഷത്തോളം ഇഷ്ടികകള്‍ വരുമെന്നാണ് കണക്കുകൂട്ടല്‍.
◾ഗുരുവായൂരില്‍ നിന്ന് കോയമ്പത്തൂരിലേക്ക് നാല് പുതിയ കെ എസ് ആര്‍ ടിസി സര്‍വീസുകള്‍ക്ക് അനുമതിയായി. കൊഴിഞ്ഞാമ്പാറ വഴിയാണ് കോയമ്പത്തൂരിലേക്ക് ആദ്യ സര്‍വ്വീസ് നടത്തുക. ഗുരുവായൂരിലേക്കുള്ള തീര്‍ത്ഥാടകരുടെ നിരന്തരമായ ആവശ്യമാണ് യാഥാര്‍ത്ഥ്യമാകുന്നത്. നാല് സര്‍വീസുകളുടെയും സമയക്രമം ഉടന്‍ തന്നെ അറിയിക്കുമെന്ന് അധികൃതര്‍ അറിയിച്ചു.
◾മലപ്പുറം തിരൂരില്‍ ഓടിക്കൊണ്ടിരുന്ന ട്രെയിനില്‍ നിന്നു വീണ് യുവാവിന് ഗുരുതര പരുക്ക്. പരപ്പനങ്ങാടി സ്വദേശി പ്രശാന്തിനെ കോട്ടക്കലിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
◾സംസ്ഥാനത്ത് താപനില 38 ഡിഗ്രി വരെ ഉയരാന്‍ സാധ്യതയെന്ന് കാലാവസ്ഥ വകുപ്പ്. ഫെബ്രുവരി 27 മുതല്‍ 29 വരെ കൊല്ലം, കോട്ടയം ജില്ലകളില്‍ ഉയര്‍ന്ന താപനില 38 ഡിഗ്രി സെല്‍ഷ്യസ് വരെയും തിരുവനന്തപുരം, ആലപ്പുഴ, എറണാകുളം ജില്ലകളില്‍ ഉയര്‍ന്ന താപനില 37 ഡിഗ്രി സെല്‍ഷ്യസ് വരെയും ഉയരാന്‍ സാധ്യതയുണ്ട്.
◾ബിജെപി കേന്ദ്രമന്ത്രിമാരായ നിര്‍മല സീതാരാമനും എസ്.ജയശങ്കറും ലോക്സഭാ തെരഞ്ഞെടുപ്പില്‍ മത്സരിച്ചേക്കുമെന്ന് കേന്ദ്രമന്ത്രി പ്രഹ്ളാദ് ജോഷി. ഇത്തവണ ഇരുവരെയും തെരഞ്ഞെടുപ്പ് രാഷ്ട്രീയത്തിലേക്കിറക്കാനാണ് പാര്‍ട്ടി തീരുമാനിച്ചിരിക്കുന്നതെന്ന് ജോഷി പറഞ്ഞു.
◾പശ്ചിമ ബംഗാളില്‍ തൃണമൂല്‍ കോണ്‍ഗ്രസിന്റെ സഹായം ആവശ്യമില്ലെന്ന് കോണ്‍ഗ്രസ്. കേന്ദ്ര അന്വേഷണ ഏജന്‍സികളെ ഭയന്നാണ് മമത സഖ്യം വേണ്ടെന്ന് വച്ചതെന്ന് അധിര്‍ രഞ്ജന്‍ ചൗധരി കുറ്റപ്പെടുത്തി. സഖ്യമുണ്ടാകുമെന്ന സൂചനകളാണ് ആദ്യം മമത ബാനര്‍ജിയും, ഡെറിക് ഒബ്രിയാനും നല്‍കിയത്. എന്നാല്‍ പാര്‍ട്ടി ജനറല്‍ സെക്രട്ടറി അഭിഷേക് ബാനര്‍ജി എംപി തങ്ങള്‍ ഒറ്റയ്ക്ക് മത്സരിക്കുമെന്ന് വ്യക്തമാക്കുകയായിരുന്നു.
◾ലോകകപ്പിനിടെ കണങ്കാലിനേറ്റ പരിക്കിന് ലണ്ടനില്‍ ശസ്ത്രക്രിയക്ക് വിധേയനായ ഇന്ത്യന്‍ ക്രിക്കറ്റ് താരം മുഹമ്മദ് ഷമി എത്രയും പെട്ടെന്ന് കളിക്കളത്തില്‍ തിരിച്ചെത്താന്‍ ആശംസകള്‍ അറിയിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. എക്സ് പോസ്റ്റിലൂടെയാണ് പ്രധാനമന്ത്രി മുഹമ്മദ് ഷമി എത്രയും വേഗം കളിക്കളത്തില്‍ തിരിച്ചെത്തട്ടെയെന്ന് ആശംസിച്ചത്.
ഇന്നത്തെ വിനിമയ നിരക്ക്
ഡോളര്‍ – 82.89, പൗണ്ട് – 105.20, യൂറോ – 90.00, സ്വിസ് ഫ്രാങ്ക് – 94.27, ഓസ്‌ട്രേലിയന്‍ ഡോളര്‍ – 54.34, ബഹറിന്‍ ദിനാര്‍ – 219.92, കുവൈത്ത് ദിനാര്‍ -269.42, ഒമാനി റിയാല്‍ – 215.33, സൗദി റിയാല്‍ – 22.10, യു.എ.ഇ ദിര്‍ഹം – 22.57, ഖത്തര്‍ റിയാല്‍ – 22.77, കനേഡിയന്‍ ഡോളര്‍ – 61.43.