Tuesday, February 4, 2025
KERALA NEWSNews SPECIAL

പ്രഭാത വാർത്താമുദ്ര

2024 ജൂലൈ 25 വ്യാഴം
1199 കർക്കടകം 10 പൂരുരുട്ടാതി
1446 മുഹറം 18

◾ മിനിമം താങ്ങുവില വിഷയത്തില്‍ തങ്ങളുടെ ആവശ്യങ്ങള്‍ പാലിക്കപ്പെടുന്നില്ലെങ്കില്‍ ഡല്‍ഹിയിലേക്കു വീണ്ടും മാര്‍ച്ച് നടത്തുമെന്നു കര്‍ഷകര്‍. ലോക്സഭാ പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധിയുമായി നടത്തിയ കൂടിക്കാഴ്ചയ്ക്ക് ശേഷമാണു കര്‍ഷകരുടെ പ്രതികരണം. പാര്‍ലമെന്റിലെ രാഹുല്‍ ഗാന്ധിയുടെ ഓഫീസില്‍ വെച്ചായിരുന്നു കൂടിക്കാഴ്ച. മിനിമം താങ്ങുവില ഉയര്‍ത്തുക, അതിന് നിയമ പരിരക്ഷ നല്‍കുക തുടങ്ങിയ കര്‍ഷകരുടെ ദീര്‍ഘകാല ആവശ്യങ്ങള്‍ നടപ്പാക്കാന്‍ സ്വകാര്യ ബില്‍ പാര്‍ലമെന്റ് അവതരിപ്പിക്കണമെന്നു കര്‍ഷകര്‍ രാഹുലിനോട് ആവശ്യപ്പെട്ടെന്നാണ് റിപ്പോര്‍ട്ടുകള്‍.
◾ കര്‍ണാടകയിലെ ഷിരൂരില്‍ മണ്ണിടിച്ചിലില്‍ കാണാതായ കോഴിക്കോട് സ്വദേശി അര്‍ജുന് വേണ്ടിയുള്ള തിരച്ചില്‍ നിര്‍ണായക ഘട്ടത്തിലേക്ക്. അര്‍ജുന്റെ ലോറി ഗംഗാവലി നദിയില്‍ ഉണ്ടെന്ന് പോലിസ് സ്ഥിരീകരിച്ച സാഹചര്യത്തില്‍ ട്രക്കിനുള്ളില്‍ അര്‍ജുന്‍ ഉണ്ടോയെന്ന് സ്ഥിരീകരിക്കുന്നതിനാണ് പ്രഥമ പരിഗണന. ദൗത്യത്തിന് വിഘാതം സൃഷ്ടിക്കും വിധത്തില്‍ മുകളില്‍ അടിഞ്ഞുകൂടിയ മണ്ണ് നീക്കം ചെയ്യുകയാണ് ആദ്യപടി. മണ്ണ് നീക്കാന്‍ ഉപയോഗിക്കുന്ന രണ്ടാമത്തെ വലിയ യന്ത്രം കൂടി വരുന്നതോടെ ഈ ജോലി വേഗത്തില്‍ പൂര്‍ത്തിയാക്കാന്‍ കഴിഞ്ഞേക്കും. മോശം കാലാവസ്ഥ അല്ലെങ്കില്‍ ഏഴുമണിയോടെയും ദൗത്യം ആരംഭിച്ചേക്കുമെന്നാണ് സൂചന.
◾ അര്‍ജുന് വേണ്ടിയുള്ള തെരച്ചില്‍ ദൗത്യവുമായി ബന്ധപ്പെട്ട് കരസേനയും നാവികസേനയും ആക്ഷന്‍ പ്ലാന്‍ മുന്നോട്ട് വച്ചു. ട്രക്ക് പുറത്ത് എടുക്കുക എന്നതിനല്ല പ്രഥമ പരിഗണന അര്‍ജുനെ കണ്ടെത്തുന്നതിനാണ് പ്രഥമ പരിഗണനയെന്ന് സൈന്യം അറിയിച്ചു. ഡൈവര്‍മാരെ ഇറക്കി ക്യാബിനില്‍ അര്‍ജുന്‍ ഉണ്ടോ എന്ന് കണ്ടെത്തുന്നതിനാണ് ആദ്യ പരിഗണന. പിന്നീട് ട്രക്ക് പുറത്തെടുക്കാന്‍ ശ്രമിക്കും. മുങ്ങല്‍ വിദഗ്ധര്‍ പുഴയില്‍ ഇറങ്ങി പരിശോധന നടത്താനാണ് തീരുമാനിച്ചിരിക്കുന്നത്.
◾ അര്‍ജുന്റെ ട്രക്ക് ഗംഗാവലി നദിയില്‍ തലകീഴായി മറിഞ്ഞ നിലയിലാണ് ഉളളതെന്ന് ഉത്തര കന്നട എസ്പി നാരായണ. അര്‍ജുന് വേണ്ടിയുള്ള തെരച്ചില്‍ ഇന്ന് ലക്ഷ്യം കാണുമെന്നും മാധ്യമങ്ങള്‍ തെരച്ചില്‍ തടസ്സപ്പെടുത്തരുതെന്നും സതീഷ് കൃഷ്ണ സെയില്‍ എംഎഎല്‍ അഭ്യര്‍ത്ഥിച്ചു. ഓരോ മണിക്കൂറിലും വിവരങ്ങള്‍ കൈമാറാമെന്നും എംഎല്‍എ ഉറപ്പുനല്‍കിയിട്ടുണ്ട്.
◾ കര്‍ണാടക ഷിരൂരില്‍ മണ്ണിടിച്ചിലില്‍ കാണാതായ അര്‍ജുന്റെ ലോറി ഗംഗാവലി നദിയില്‍ ഉണ്ടെന്ന് പോലിസ് സ്ഥിരീകരിച്ച സാഹചര്യത്തില്‍, നാവിക സേനയുടെ സംഘം ഇന്നലെ നദിയിലേക്ക് തിരച്ചില്‍ നടത്താന്‍ വേണ്ടി പോയെങ്കിലും അതിശക്തമായ മഴയെ തുടര്‍ന്ന് തിരച്ചില്‍ നടത്താന്‍ കഴിയാതെ വന്നതോടെ മടങ്ങുകയായിരുന്നു. 3 ബോട്ടുകളിലായി 18 പേരാണ് നാവിക സേനയുടെ സ്പെഷ്യല്‍ സംഘത്തിലുളളത്. ശാസ്ത്രീയമായ തിരച്ചിലിനൊടുവിലാണ് ട്രക്കിന്റെ സാന്നിധ്യം നദിയില്‍ കണ്ടെത്തിയത്.
◾ കര്‍ണാടകയിലെ ഷിരൂരില്‍ മണ്ണിടിച്ചിലില്‍ കാണാതായ മലയാളി ഡ്രൈവര്‍ അര്‍ജുന് വേണ്ടിയുള്ള തെരച്ചിലിന്റെ നിര്‍ണായക ദിനമായ ഇന്ന് മഴ തടസമാകുമോയെന്ന് ഉത്കണ്ഠ. ഇന്ന് ഓറഞ്ച് അലര്‍ട്ട് പ്രഖ്യാപിച്ച ഉത്തര കന്നഡജില്ലയില്‍ വ്യാപക മഴയ്ക്ക് സാധ്യത ഉണ്ടെന്നാണ് മുന്നറിയിപ്പ്. ഇന്നലെ അര്‍ജുന്റെ ലോറി ഗംഗാവലി പുഴയുടെ അടിത്തട്ടില്‍ ഉണ്ടെന്ന് സ്ഥിരീകരിച്ചിരുന്നുവെങ്കിലും കനത്ത മഴയും കാറ്റും മൂലം ഇന്നലെ കൂടുതല്‍ നടപടികളുമായി മുന്നോട്ട് പോകാനായിരുന്നില്ല.
◾ തെക്കന്‍ ഗുജറാത്ത് തീരം മുതല്‍ വടക്കന്‍ കേരളം വരെ നിലനില്‍ക്കുന്ന ന്യൂനമര്‍ദ്ദ പാത്തിയും സജീവമായി തുടരുന്ന മണ്‍സൂണ്‍ പാത്തിയും മൂലം സംസ്ഥാനത്ത് ഇന്നും പരക്കെ മഴയ്ക്ക് സാധ്യത. എറണാകുളം, തൃശ്ശൂര്‍, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂര്‍, കാസര്‍കോട് ജില്ലകളില്‍ ഇന്ന് യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. കേരളാ തീരത്ത് ഉയര്‍ന്ന തിരമാലകള്‍ക്കും കള്ളക്കടല്‍ പ്രതിഭാസത്തിനും സാധ്യതയുണ്ട്. കണ്ണൂര്‍, കാസര്‍കോട് തീരങ്ങളില്‍ പ്രത്യേക ജാഗ്രത വേണം. കേരളാ തീരത്ത് മത്സ്യബന്ധനത്തിന് വിലക്കേര്‍പ്പെടുത്തിയിട്ടുമുണ്ട്.
◾ ജസ്റ്റിസ് അലക്സാണ്ടര്‍ തോമസിനെ മനുഷ്യാവകാശ കമ്മീഷന്‍ ചെയര്‍ പേഴ്സണായി നിയമിക്കാനുള്ള ശുപാര്‍ശ ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍ അംഗീകരിച്ചു. കേരള ഹൈക്കോടതി മുന്‍ ആക്റ്റിങ് ചീഫ് ജസ്റ്റിസ് ആയിരുന്നു അദ്ദേഹം. മുഖ്യമന്ത്രി, സ്പീക്കര്‍, പ്രതിപക്ഷ നേതാവ് എന്നിവരടങ്ങിയ ഉന്നതതല സമിതി ഏകകണ്ഠമായാണ് ജസ്റ്റിസ് അലക്സാണ്ടര്‍ തോമസിന്റെ പേര് ഗവര്‍ണര്‍ക്ക് കൈമാറിയത്.
◾ കേരളത്തിലെ മുസ്ലിങ്ങള്‍ സര്‍ക്കാരില്‍ നിന്ന് അന്യായമായി ഒന്നും നേടിയിട്ടില്ലെന്ന് മുസ്ലിം ജമാഅത്ത്. വ്യക്തമായ വസ്തുതകളുടെ അടിസ്ഥാനത്തില്‍ സംസാരിക്കാന്‍ ബാധ്യതപ്പെട്ടവര്‍ നിരുത്തരവാദപരമായ പ്രസ്താവനകള്‍ നടത്തുന്നത് ഒഴിവാക്കേണ്ടതാണെന്നും കേരളത്തിലെ മുസ്ലിങ്ങള്‍ക്കെതിരെയും സുന്നികള്‍ക്കെതിരെയും വെള്ളാപ്പള്ളി നടേശന്‍ നടത്തിയ പ്രസ്താവനകള്‍ തെറ്റിദ്ധാരണാജനകവും, സാമുദായിക ധ്രുവീകരണത്തിന് കാരണമാവുന്നതാണെന്നും കേരള മുസ്ലിം ജമാഅത്ത് സംസ്ഥാന കാബിനറ്റ് പ്രസ്താവനയില്‍ പറഞ്ഞു.
◾ കെട്ടിട നിര്‍മ്മാണ പെര്‍മ്മിറ്റ് ഫീസ് കുറയ്ക്കാന്‍ സര്‍ക്കാര്‍ തീരുമാനം. 60% വരെയാണ് ഫീസ് നിരക്കുകളിലുണ്ടാവുന്ന കുറവ്. 81 സ്‌ക്വയര്‍ മീറ്റര്‍ മുതല്‍ 300 സ്‌ക്വയര്‍ മീറ്റര്‍ വരെ വിസ്തീര്‍ണമുള്ള വീടുകള്‍ക്ക് ചുരുങ്ങിയത് അന്‍പത് ശതമാനമെങ്കിലും പെര്‍മ്മിറ്റ് ഫീസ് കുറയ്ക്കുന്ന രീതിയിലാണ് പുതിയ നിരക്ക്. പുതിയ നിരക്കുകള്‍ ആഗസ്റ്റ് 1 മുതല്‍ നിലവില്‍ വരും. അതേസമയം കെട്ടിട നിര്‍മാണ പെര്‍മിറ്റ് ഫീസ് കുറയ്ക്കാന്‍ സര്‍ക്കാര്‍ തീരുമാനിച്ചതിന് പിന്നാലെ കെട്ടിട നിര്‍മാണ പെര്‍മിറ്റ് ഫീസായി നേരത്തെ അടച്ചവര്‍ നല്‍കിയ അധിക തുക തിരിച്ചുനല്‍കുമെന്നും മന്ത്രി എം.ബി. രാജേഷ് പറഞ്ഞു.
◾ ജസ്റ്റിസ് ഹേമ കമ്മിറ്റി റിപ്പോര്‍ട്ടിനെ കുറിച്ച് അനാവശ്യ ഭയമാണുള്ളതെന്നും അതില്‍ സ്വകാര്യതയെ ലംഘിക്കുന്ന ഒന്നുമുണ്ടെന്ന് തോന്നുന്നില്ലെന്നും സിപിഎം കേന്ദ്ര കമ്മിറ്റി അംഗവും മുന്‍ സാംസ്‌കാരിക മന്ത്രിയുമായ എകെ ബാലന്‍. റിപ്പോര്‍ട്ടിന്റെ ഉള്ളടക്കം എന്തെന്ന് അറിയില്ലെന്നും അത്ര ഭയപ്പെടേണ്ടത് ആയിട്ട് അതില്‍ ഒന്നുമില്ലെന്നും എന്നാല്‍ സിനിമാരംഗത്ത് പരിഹരിക്കേണ്ട ഒട്ടേറെ പ്രശ്നങ്ങള്‍ ഉണ്ടെന്നും എകെ ബാലന്‍ പറഞ്ഞു. റിപ്പോര്‍ട്ട് പുറത്ത് വിടുന്നത് വൈകില്ല. സര്‍ക്കാര്‍ വേണ്ടതെല്ലാം ചെയ്യുമെന്നും അദ്ദേഹം പറഞ്ഞു.
◾ പാലക്കാട് ഡിവിഷന്‍ വിഭജിക്കാന്‍ നീക്കം എന്ന വാര്‍ത്ത പൂര്‍ണമായും തള്ളി കേന്ദ്ര മന്ത്രി അശ്വിനി വൈഷ്ണവ് . ഇത്തരം അഭ്യൂഹങ്ങള്‍ ഒരിക്കലും വിശ്വസിക്കരുതെന്നും മന്ത്രി നിര്‍ദ്ദേശിച്ചു. മന്ത്രിയാണ് പറഞ്ഞത് എന്ന് മാധ്യമ പ്രവര്‍ത്തകര്‍ പറഞ്ഞപ്പോള്‍, മന്ത്രിക്ക് എവിടെ നിന്ന് കിട്ടി എന്ന് ചോദിക്കണം എന്നായിരുന്നു അശ്വിനി വൈഷ്ണവിന്റെ മറുപടി.
◾ മൂന്നാറിലെ ഏലം കുത്തകപാട്ട ഭൂമിയിലെ നിര്‍മ്മാണങ്ങള്‍ ഒഴിപ്പിക്കാന്‍ ബുള്‍ഡോസറുകള്‍ അയക്കില്ലെന്ന് സംസ്ഥാന സര്‍ക്കാര്‍. സുപ്രീം കോടതിയുടെ വനം പരിസ്ഥിതി ബെഞ്ചിന് മുമ്പാകെയാണ് സംസ്ഥാന സര്‍ക്കാര്‍ ഇക്കാര്യം വ്യക്തമാക്കിയത്. മൂന്നാറിലെ ഏലം കുത്തകപാട്ട ഭൂമി സംബന്ധിച്ച് വണ്‍ എര്‍ത്ത് വണ്‍ ലൈഫ് എന്ന സംഘടന നല്‍കിയ ഹര്‍ജി പരിഗണിച്ചപ്പോഴായിരുന്നു സംസ്ഥാന സര്‍ക്കാരിന് വേണ്ടി ഹാജരായ സീനിയര്‍ അഭിഭാഷകന്‍ പി വി ദിനേശ് സുപ്രധാന നിലപാട് അറിയിച്ചത്.
◾ ഐഎന്‍ടിയുസി സംസ്ഥാന അധ്യക്ഷന്‍ ആര്‍.ചന്ദ്രശേഖരന് കശുവണ്ടി ഇറക്കുമതി അഴിമതിക്കേസില്‍ തിരിച്ചടി. കേസ് റദ്ദാക്കണമെന്ന ചന്ദ്രശേഖരന്റെ ആവശ്യം ഹൈക്കോടതി തള്ളി. ഇതേ ആവശ്യമുന്നയിച്ച് കശുവണ്ടി വികസന കോര്‍പറേഷന്‍ എംഡിയായിരുന്ന എ.രതീശന്‍ നല്‍കിയ ഹര്‍ജിയും കോടതി തള്ളി. ഇരുവര്‍ക്കുമെതിരെ പ്രോസിക്യൂഷന്‍ അനുമതിക്കായുള്ള അപേക്ഷ വീണ്ടും പരിശോധിക്കാന്‍ കോടതി നിര്‍ദ്ദേശം നല്‍കി.
◾ നിപ രോഗബാധയുമായി ബന്ധപ്പെട്ട് ഇന്നലെ പുറത്ത് വന്ന 16 സ്രവ പരിശോധനാ ഫലങ്ങളും നെഗറ്റീവ് ആണെന്ന് മന്ത്രി വീണാ ജോര്‍ജ്. എല്ലാവരും ലോ റിസ്‌ക് വിഭാഗത്തില്‍ ഉള്ളവരാണ്. ഇതുവരെയായി ആകെ 58 സാമ്പിളുകളാണ് നെഗറ്റീവായത്. അതേസമയം, രോഗ ലക്ഷണങ്ങളോടെ ഇന്നലെ മൂന്ന് പേരെ ഇന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ചിട്ടുണ്ട്.
◾ ഉല്‍പ്പന്നത്തിന്റെ നിര്‍മ്മാണം നിര്‍ത്തിയാലും,നിര്‍മാതാക്കളുടെ ഉത്തരവാദിത്വമാണ് സ്പെയര്‍ പാര്‍ട്സുകള്‍ ലഭ്യമാക്കേണ്ടതതെന്ന് ഉപഭോക്തൃ തര്‍ക്ക പരിഹാര കോടതി. ഉല്‍പ്പന്നങ്ങളുടെ സ്പെയര്‍ പാര്‍ട്സുകള്‍ വിപണിയില്‍ ലഭ്യമാക്കാനുള്ള നിയമപരമായ ബാധ്യത നിര്‍മാതാക്കള്‍ക്കുണ്ടെന്ന് എറണാകുളം ജില്ല ഉപഭോക്തൃ തര്‍ക്ക പരിഹാര കോടതി ഉത്തരവിട്ടു.
◾ കേരളത്തില്‍ എയിംസ് പ്രഖ്യാപിക്കാത്തത് സംസ്ഥാനം സ്ഥലം ഏറ്റെടുത്ത് നല്‍കാത്തത് കൊണ്ടെന്ന കേന്ദ്രമന്ത്രി സുരേഷ് ഗോപിയുടെ വാദം തെറ്റെന്ന് റിപ്പോര്‍ട്ടുകള്‍. സംസ്ഥാന സര്‍ക്കാര്‍ പുറത്തുവിടുന്ന കണക്കുകള്‍ ഇത് വ്യക്തമാക്കുന്നു. കോഴിക്കോട് കിനാലൂരില്‍ 250 ഏക്കറോളം ഭൂമി പദ്ധതിക്കായി ഏറ്റെടുക്കാനുള്ള നടപടികള്‍ അന്തിമ ഘട്ടത്തിലാണ്. സംസ്ഥാനത്ത് തന്നെ മറ്റൊരിടത്ത് എയിംസ് കൊണ്ടുവരാനുള്ള സുരേഷ് ഗോപിയുടെ താല്പര്യമാണ് യഥാര്‍ത്ഥ പ്രശ്നം എന്നും റിപ്പോര്‍ട്ടുകള്‍.
◾ വിദ്യാഭ്യാസ വകുപ്പുമായി ബന്ധപ്പെട്ട കേസുകളുടെ നടത്തിപ്പിന് സ്പെഷ്യല്‍ ഗവ. പ്ലീഡറെ നിയമിക്കണമെന്ന വിദ്യാഭ്യാസ വകുപ്പിന്റെ ആവശ്യത്തിന് മന്ത്രിസഭാ യോഗം അംഗീകാരം നല്‍കി. സ്‌പെഷ്യല്‍ ഗവ. പ്ലീഡര്‍ വ്യവസായം എന്ന തസ്തികയെ സ്‌പെഷ്യല്‍ ഗവ. പ്ലീഡര്‍ പൊതുവിദ്യാഭ്യാസം എന്ന് പുനക്രമീകരിച്ച് ആണ് നിയമനം നല്‍കിയിരിക്കുന്നത്.
◾ എഐവൈഎഫ് നേതാവ് ഷാഹിനയെ പാലക്കാട് മണ്ണാര്‍ക്കാടുള്ള വീട്ടില്‍ മരിച്ച നിലയില്‍ കണ്ടെത്തിയ സംഭവത്തില്‍ ഷാഹിനയുടെ സുഹൃത്തായ എഐവൈഎഫ് നേതാവിനെതിരെ പരാതിയുമായി ഭര്‍ത്താവ് സാദിഖ്. സുഹൃത്ത് കാരണം ഷാഹിനയ്ക്ക് വന്‍ സാമ്പത്തിക ബാധ്യത ഉണ്ടായിരുന്നതായി ഭര്‍ത്താവ് പറയുന്നു. ആറ് മാസം മുമ്പ് സിപിഐ ജില്ലാ സെക്രട്ടറിക്ക് പരാതി നല്‍കിയിരുന്നതായും സാദിഖ് പറഞ്ഞു. എഐവൈഎഫ് പാലക്കാട് ജില്ലാ കമ്മിറ്റി അംഗമായ ഷാഹിനയെ തിങ്കളാഴ് രാവിലെയാണ് വടക്കുമണ്ണത്തെ വാടക വീട്ടില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്.
◾ ഗാര്‍ഹിക പീഡന പരാതി നല്‍കിയതിന്റെ വൈരാഗ്യത്തില്‍ യുവതിയെയും കുഞ്ഞിനെയും ഭര്‍ത്താവ് വീട്ടില്‍ കയറി വെട്ടി. കണ്ണൂര്‍ പയ്യന്നൂരിനടുത്ത് ഏഴിമല നരിമട സ്വദേശി രാജേഷിനെ പൊലീസ് അറസ്റ്റ് ചെയ്തു. ഭാര്യയേയും അഞ്ച് വയസുള്ള മകനെയുമാണ് രാജേഷ് വാക്കത്തി കൊണ്ട് വെട്ടി പരിക്കേല്‍പ്പിച്ചത്.
◾ പ്രധാനമന്ത്രി നരേന്ദ്ര മോദി, തമിഴ്‌നാട് മുഖ്യമന്ത്രി എം.കെ. സ്റ്റാലിനെ മാതൃകയാക്കണമെന്ന് ഡി.എം.കെ. എം.പി. ദയാനിധി മാരന്‍. ബി.ജെ.പി. ഇതര സര്‍ക്കാര്‍ ഭരിക്കുന്ന സംസ്ഥാനങ്ങളോട് കേന്ദ്രബജറ്റില്‍ വിവേചനം കാണിച്ചുവെന്ന വിമര്‍ശനത്തിന്റെ പശ്ചാത്തലത്തിലാണ് പരാമര്‍ശം.
◾ മുംബൈയില്‍ ഐഎന്‍എസ് ബ്രഹ്‌മപുത്രയിലെ തീപിടിത്തത്തിനിടെ അപകടത്തില്‍പ്പെട്ട നാവികന്റെ മൃതദേഹം കണ്ടെത്തി. മുങ്ങല്‍ വിദഗ്ധരുടെ സംഘമാണു 3 ദിവസത്തിനു ശേഷം സീമെന്‍ സിതേന്ദ്ര സിങ്ങിന്റെ മൃതദേഹം കണ്ടെത്തിയത്.
◾ ഗുജറാത്തില്‍ ചാന്ദിപുര വൈറസ് രോഗ ലക്ഷണങ്ങളുമായി ആശുപത്രിയിലെത്തുന്നവരുടെ എണ്ണം വര്‍ദ്ധിക്കുന്നതായി റിപ്പോര്‍ട്ട്. ഗുജറാത്തില്‍ ഇതുവരെ 38 കുട്ടികളാണ് വൈറസ് രോഗലക്ഷണങ്ങളുമായി മസ്തിഷ്‌ക ജ്വരം ബാധിച്ച് മരിച്ചത്. 117 പേരാണ് ചികില്‍സയിലുള്ളത്. മിക്കവാറും കുട്ടികള്‍ 8നും 16നും ഇടയില്‍ പ്രായമുള്ള കുട്ടികളാണ്. ഇതില്‍ 22 കുട്ടികള്‍ക്ക് ചാന്ദിപുര വൈറസെന്ന് സ്ഥിരീകരിച്ചു. മറ്റുള്ളവരുടെ രക്ത സാമ്പിളുകള്‍ പരിശോധനക്ക് അയച്ചിരിക്കുകയാണ്.
◾ നിത അംബാനി രാജ്യാന്തര ഒളിമ്പിക് കമ്മിറ്റി അംഗമായി വീണ്ടും തിരഞ്ഞെടുക്കപ്പെട്ടു. നിലവില്‍ പാരീസില്‍ നടക്കുന്ന 142-ാമത് ഐഒസി സെഷനിലാണ് ഇന്ത്യയില്‍ നിന്നുള്ള ഐഒസി അംഗം എന്ന നിലയില്‍ ഏകകണ്ഠമായി നിത അംബാനി തിരഞ്ഞെടുക്കപ്പെട്ടത്.
◾ പാരിസ് ഒളിമ്പിക്സില്‍ നടന്ന മൊറോക്കോ- അര്‍ജന്റീന മത്സരത്തില്‍ ലോക ചാമ്പ്യന്‍മാര്‍ മൊറോക്കോയോട് ഏറ്റുമുട്ടി ആശ്വാസ സമനില നേടിയെന്നായിരുന്നു കളി നിര്‍ത്തിയതിന് പിന്നാലെയുള്ള ഫലം. എന്നാല്‍ രണ്ട് മണിക്കൂറുകള്‍ക്ക് ശേഷം വാര്‍ സിസ്റ്റത്തിലൂടെ ഇഞ്ചുറി ടൈമില്‍ അര്‍ജന്റീന നേടിയ ഗോള്‍ റഫറി പിന്‍വലിച്ചു. തുടര്‍ന്ന് മൂന്ന് മിനുട്ട് കാണികളില്ലാതെ ഇഞ്ചുറി ടൈമിലെ ബാക്കി സമയം കളി തുടര്‍ന്നെങ്കിലും വിജയം മൊറോക്കൊ സ്വന്തമാക്കി. രണ്ട് ഗോളിന് പിന്നില്‍ നിന്ന ശേഷമായിരുന്നു അര്‍ജന്റീന തിരിച്ചുവരവ് നടത്തിയത്. 15 മിനിറ്റ് നീണ്ട ഇന്‍ജുറി സമയത്തിന്റെ അവസാന സെക്കന്‍ഡിലായിരുന്നു അര്‍ജന്റീന സമനില ഗോള്‍ നേടിയത്. ഗോള്‍ വീണതോടെ മൊറോക്കന്‍ ആരാധകര്‍ മൈതാനത്തേക്ക് ചാടിയിറങ്ങുകയായിരുന്നു. ഇതോടെ റഫറി മത്സരം സസ്‌പെന്‍ഡ് ചെയ്തിരുന്നു. രണ്ട് മണിക്കൂറിന് ശേഷം മൂന്ന് മിനുട്ട് കാണികളില്ലാതെ ഇഞ്ചുറി ടൈമിലെ ബാക്കി സമയം കളി തുടര്‍ന്നെങ്കിലും വിജയം മൊറോക്കൊ സ്വന്തമാക്കി.