പ്രഭാത വാർത്താമുദ്ര
2024 ജൂലൈ 26 വെള്ളി|
1199 കർക്കടകം 11 ഉത്രട്ടാതി
1446 മുഹറം 19
◾ കാര്‍ഗില്‍ യുദ്ധത്തിന്റെ വിജയസ്മരണക്ക് ഇന്ന് കാല്‍നൂറ്റാണ്ട്. പ്രധാനമന്ത്രി നരേന്ദ്രമോദി ഇന്ന് കാര്‍ഗില്‍ യുദ്ധസ്മാരകം സന്ദര്‍ശിക്കും. കര്‍ത്തവ്യനിര്‍വഹണത്തിനിടെ വീരമൃത്യു വരിച്ച ധീര സൈനികര്‍ക്ക് പ്രധാനമന്ത്രി ശ്രദ്ധാഞ്ജലിയര്‍പ്പിക്കും. ഇതോടൊപ്പം ലേയിലേക്ക് എല്ലാ കാലാവസ്ഥയിലും സമ്പര്‍ക്ക സൗകര്യമൊരുക്കുന്ന ഷിങ്കുന്‍ – ലാ തുരങ്ക പദ്ധതിക്ക് പ്രധാനമന്ത്രി ഇന്ന് തുടക്കമിടും.
◾ സുപ്രീം കോടതി നിര്‍ദേശ പ്രകാരം നീറ്റ് യുജി പരീക്ഷയുടെ പുതുക്കിയ റാങ്ക് പട്ടിക എന്‍.ടി.എ പ്രസിദ്ധീകരിച്ചു. ഒരു ചോദ്യത്തിന് തെറ്റായ ഉത്തരം നല്‍കിയവരുടെ മാര്‍ക്ക് തിരുത്തി റാങ്ക് പട്ടിക പുതുക്കി പ്രസിദ്ധീകരിക്കാനാണ് സുപ്രീം കോടതി നിര്‍ദേശിച്ചത്. നാല് ലക്ഷം പേര്‍ക്ക് സുപ്രീം കോടതി തീരുമാന പ്രകാരം അഞ്ച് മാര്‍ക്ക് കുറഞ്ഞു. ഇതോടെ മുഴുവന്‍ മാര്‍ക്കോടെ ഒന്നാം റാങ്ക് നേടിയവരുടെ എണ്ണം 67ല്‍ നിന്ന് 17 ആയി. ഒന്നാം റാങ്ക് കിട്ടിയ 40 പേര്‍ക്കാണ് സുപ്രീം കോടതി ഇടപെടല്‍ പ്രകാരം അഞ്ച് മാര്‍ക്ക് നഷ്ടമായത്.
◾ കര്‍ണാടകയിലെ ഷിരൂരില്‍ മണ്ണിടിച്ചലിന് തുടര്‍ന്ന് കാണാതായ അര്‍ജുന് വേണ്ടിയുള്ള കാത്തിരിപ്പ് പത്ത് ദിവസം പിന്നിട്ടു. ഇന്നലത്തെ തെരച്ചിലും നിരാശാജനകം. അര്‍ജുന്‍ ദൗത്യം ഇനിയും ദിവസങ്ങള്‍ നീണ്ടേക്കുമെന്നാണ് സൂചന. കനത്ത മഴ തുടരുന്ന സാഹചര്യത്തില്‍ ഷിരൂര്‍ ഉള്‍പ്പെട്ട ഉത്തര കന്നഡയില്‍ അടുത്ത മൂന്ന് ദിവസം ഓറഞ്ച് അലര്‍ട്ട് പ്രഖ്യാപിച്ചിരിക്കുകയാണ്.ഗംഗാവലി നദിയില്‍ ഇപ്പോഴും അടിയൊഴുക്ക് ശക്തമാണ്. മഴയായതിനാല്‍ ഇന്നലെ രാത്രിയില്‍ ഡ്രോണ്‍ പരിശോധന നടന്നില്ല. നിലവിലെ സാഹചര്യത്തില്‍ മുങ്ങല്‍ വിദഗ്ധര്‍ക്ക് ഗംഗാവലി നദിയില്‍ ഇറങ്ങാന്‍ കഴിയില്ലെന്ന് സൈന്യം വ്യക്തമാക്കി. കാലാവസ്ഥ അനുകൂലമാകും വരെ കാത്തിരിക്കുകയല്ലാതെ മറ്റ് ബദല്‍ മാര്‍ഗങ്ങളൊന്നും മുന്നിലില്ലെന്ന് ഉത്തര കന്നഡ ജില്ലാ കളക്ടര്‍ ലക്ഷ്മിപ്രിയ പറഞ്ഞു.
◾ ഗംഗാവാലി പുഴയില്‍നിന്ന് 20 അടി താഴ്ചയില്‍ കണ്ടെത്തിയ ലോഹഭാഗങ്ങള്‍ അര്‍ജുന്‍ ഓടിച്ചിരുന്ന ലോറിയുടേതു തന്നെയാണെന്ന് ദൗത്യ സംഘം സ്ഥിരീകരിച്ചു. സേനകള്‍ക്ക് സിഗ്നല്‍ ലഭിച്ച അതേ സ്ഥലത്ത് നിന്നാണ് ഐ ബോഡ് സിഗ്നലും ലഭിച്ചിരിക്കുന്നത്. എന്നാല്‍, ഏറ്റവും ഒടുവില്‍ നടത്തിയ ഡ്രോണ്‍ പരിശോധനയിലും പുഴയ്ക്കടിയില്‍ മനുഷ്യസാന്നിധ്യം സ്ഥിരീകരിക്കാന്‍ ദൗത്യ സംഘത്തിന് സാധിച്ചിട്ടില്ല.
◾ ഷിരൂരില്‍ കാണാതായ അര്‍ജുന്റെ കുടുംബത്തിന് നേരെ ഉണ്ടായ സൈബര്‍ ആക്രമണം ഗൗരവമുള്ളതാണെന്ന് ടൂറിസം പൊതുമരാമത്ത് വകുപ്പ് മന്ത്രി പി.എ. മുഹമ്മദ് റിയാസ്. മനുഷ്യപ്പറ്റ് ഇല്ലാത്ത ഇത്തരം നടപടിക്കെതിരെ കര്‍ശന നടപടി സ്വീകരിക്കുമെന്നും ഇത്തരം ആളുകളെ നിയമത്തിനു മുന്നില്‍ കൊണ്ടു വരുമെന്നും പറഞ്ഞ മന്ത്രി ഇങ്ങനെയും മനുഷ്യന്മാരുണ്ടല്ലോ എന്നാണ് ചിന്തിക്കുന്നതെന്നും കുറ്റപ്പെടുത്തി.
◾ സംസ്ഥാനം വിദേശ സഹകരണത്തിന് കെ.വാസുകി ഐ.എ.എസിനെ നിയമിച്ചതിനെതിരെ കേന്ദ്ര സര്‍ക്കാര്‍ കേരളത്തെ താക്കീത് നല്‍കിയെന്ന് റിപ്പോര്‍ട്ടുകള്‍. വിദേശരാജ്യങ്ങളുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ കേന്ദ്രവിഷയം ആണെന്നും കേന്ദ്ര സര്‍ക്കാരിന്റെ കീഴിലുള്ള വിഷയങ്ങളില്‍ കൈകടത്തരുതെന്നും വിദേശകാര്യ മന്ത്രാലയം താക്കീത് നല്‍കിയെന്നാണ് റിപ്പോര്‍ട്ടുകള്‍.
◾ സംസ്ഥാനം വിദേശസഹകരണത്തിന് കെ.വാസുകി ഐ.എ.എസിനെ നിയമിച്ചതിന് കേന്ദ്രം കേരളത്തെ കുറ്റപ്പെടുത്തിയിട്ടില്ലെന്ന് ചീഫ് സെക്രട്ടറി വി.വേണു. നിയമനം തെറ്റാണെന്നോ, നിയമന ഉത്തരവ് പിന്‍വലിക്കാനോ കേന്ദ്ര സര്‍ക്കാര്‍ ആവശ്യപ്പെട്ടിട്ടില്ല. കേന്ദ്ര സര്‍ക്കാരിന്റെ അധികാര പരിധിയിലുള്ളതും സംയുക്ത പട്ടികയില്‍ ഉള്ളതും എന്താണെന്ന് കൃത്യമായ അറിയുന്നവരാണ് കേരളത്തിലെ ഉദ്യോഗസ്ഥരെന്നും അദ്ദേഹം വ്യക്തമാക്കി.
◾ നിപ പരിശോധനയില്‍ ഇന്നലെ 8 പേരുടെ ഫലങ്ങള്‍ നെഗറ്റീവ് ആയതായി മന്ത്രി വീണാ ജോര്‍ജ്. ഇതോടെ ആകെ 66 സാമ്പിളുകളാണ് നെഗറ്റീവായത്. പുതുതായി 2 പേരാണ് അഡ്മിറ്റായത്. മലപ്പുറം കളക്ടറേറ്റില്‍ ഇന്നലെ വൈകുന്നേരം ചേര്‍ന്ന നിപ അവലോകന യോഗത്തില്‍ മന്ത്രി വീണാ ജോര്‍ജ് ഓണ്‍ലൈനായി പങ്കെടുത്തു. സമ്പര്‍ക്കപ്പട്ടികയിലുള്ള എല്ലാവരും ഐസോലേഷന്‍ മാര്‍ഗ നിര്‍ദേശങ്ങള്‍ കൃത്യമായി പാലിക്കണമെന്നും അല്ലാത്തവര്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കുമെന്നും മന്ത്രി അറിയിച്ചു.
◾ സംസ്ഥാനത്ത് മഴക്കെടുതിയില്‍ വ്യാപക നാശനഷ്ടങ്ങള്‍. കൊല്ലം ജില്ലയിലെ അഞ്ചല്‍ ഏരൂരില്‍ ശക്തമായ കാറ്റിലും മഴയിലും വൈദ്യുതി ലൈനിന് മുകളിലേക്ക് മരം വീണു. മരം വീണതോടെ അഞ്ചല്‍ കുളത്തൂപ്പുഴ റോഡില്‍ ഗതാഗത ക്രമീകരണം ഏര്‍പ്പെടുത്തി. പാലക്കാട് ജില്ലയില്‍ കാഞ്ഞിരപ്പുഴ ജലസേചന വകുപ്പിന് കീഴിലെ വാഹനത്തിന് മുകളില്‍ മരം കടപുഴകി വീണു. വടക്കന്‍ പറവൂര്‍ നഗരസഭ ഒന്നാം വാര്‍ഡിലെ വ്യന്ദാവന്‍ ഭാഗത്ത് മരങ്ങള്‍ ഒടിഞ്ഞ് വീണ് നാശനഷ്ടമുണ്ടായി. ബുധനാഴ്ച രാത്രിയും ഇന്നലെ പുലര്‍ച്ചെയുമായി വീശി അടിച്ച മിന്നല്‍ ചുഴലിയിലാണ് കണ്ണൂര്‍ മലയോര മേഖലകളില്‍ വ്യാപകനാശ നഷ്ടങ്ങള്‍ ഉണ്ടായി. വയനാട്ടില്‍ ശക്തമായ കാറ്റില്‍ സ്‌കൂളിന്റെ മേല്‍ക്കൂര പറന്നുപോയി. വയനാട് വാളാട് എടത്തന ട്രൈബല്‍ ഹയര്‍ സെക്കന്‍ഡറി സ്‌കൂളിന്റെ മേല്‍ക്കൂരയാണ് പറന്നു പോയത്. അധ്യാപകരും വിദ്യാര്‍ത്ഥികളും ക്ലാസ്സില്‍ കയറിയ ശേഷമാണ് മേല്‍ക്കൂര സ്‌കൂള്‍ മുറ്റത്തേക്ക് വീണത് എന്നതിനാല്‍ വന്‍ ദുരന്തം ഒഴിവായി.
◾ തദ്ദേശ തിരഞ്ഞെടുപ്പിന് കോണ്‍ഗ്രസ് പാര്‍ട്ടിയെ സജ്ജമാക്കുന്നതിനായി മുതിര്‍ന്ന നേതാക്കള്‍ക്ക് ജില്ലയുടെ ചുമതല നല്‍കിയതില്‍ കെപിസിസി യോഗത്തില്‍ അതൃപ്തിയെന്ന് റിപ്പോര്‍ട്ടുകള്‍. മിഷന്‍-2025 ന്റെ ചുമതലയുള്ള വി.ഡി സതീശന്‍ ഇറക്കിയ സര്‍ക്കുലര്‍, നിലവിലെ ജില്ലാ ചുമതല വഹിക്കുന്ന പാര്‍ട്ടി ഭാരവാഹികളെ മറികടക്കുന്ന രീതിയിലായി എന്നാണ് മൂന്ന് ജനറല്‍ സെക്രട്ടറിമാര്‍ ഓണ്‍ലൈന്‍ യോഗത്തില്‍ വിമര്‍ശിച്ചത്. പുതിയ ചുമതല സമാന്തര സംവിധാനമായി കാണേണ്ടതില്ലെന്ന് വര്‍ക്കിങ് പ്രസിഡന്റ് കൊടിക്കുന്നില്‍ സുരേഷും പരാതികള്‍ പരിഹരിക്കാമെന്ന് കെപിസിസി പ്രസിഡന്റ് കെ സുധാകരന്‍ മറുപടിയും നല്‍കിയെന്നും റിപ്പോര്‍ട്ടുകള്‍.
◾ മാധ്യമങ്ങള്‍ തന്റെ വാക്കുകള്‍ തെറ്റായി വ്യാഖ്യാനിച്ചുവെന്ന് മുന്‍ മന്ത്രി ജി.സുധാകരന്‍. പിണറായിയുമായി മാനസിക അടുപ്പമില്ല എന്ന വാര്‍ത്ത വാക്കുകള്‍ വളച്ചൊടിച്ചു കൊടുത്തതാണെന്നും 62 വര്‍ഷമായി പ്രവര്‍ത്തിക്കുന്ന പാര്‍ട്ടിയെപ്പറ്റി പറയാന്‍ താന്‍ മണ്ടനാണോ എന്നും അദ്ദേഹം ചോദിച്ചു. പിണറായി വിജയനുമായി പഴയ പോലെ അടുപ്പമുണ്ടോ എന്ന ചോദ്യത്തിന്, ഞാന്‍ ആലപ്പുഴയിലും പിണറായി തിരുവനന്തപുരത്തുമാണെന്നാണ് മറുപടി പറഞ്ഞത് എന്നും അദ്ദേഹം വ്യക്തമാക്കി.
◾ ഒരു മതത്തില്‍ ജനിച്ചു എന്നതുകൊണ്ട് സാങ്കേതിക കാര്യങ്ങള്‍ ചൂണ്ടിക്കാട്ടി വ്യക്തിയെ അതേ മതത്തില്‍ തളച്ചിടാന്‍ കഴിയില്ലെന്ന് ഹൈക്കോടതി. ഏതു മതത്തില്‍ വിശ്വസിക്കാനും വ്യക്തികള്‍ക്ക് ഭരണഘടനാ സ്വാതന്ത്ര്യം നല്‍കുന്നുണ്ടെന്നും കോടതി ചൂണ്ടിക്കാട്ടി.
◾ സംസ്ഥാനത്ത് അഞ്ച് വര്‍ഷത്തിനിടെ വന്യജീവി ആക്രമണത്തില്‍ 486 പേര്‍ മരിച്ചെന്ന് കേന്ദ്രസര്‍ക്കാര്‍. ആനയുടെ ആക്രമണത്തില്‍ 124 പേരും കടുവയുടെ ആക്രമണത്തില്‍ 6 പേരും മറ്റ് മൃഗങ്ങളുടെ ആക്രമണത്തില്‍ 356 പേരും മരിച്ചെന്ന് കേന്ദ്ര വനം മന്ത്രി ഭൂപേന്ദ്ര യാദവ് വ്യക്തമാക്കി. ആക്രമണം ചെറുക്കാന്‍ സൗരോര്‍ജ്ജ വേലി നിര്‍മ്മാണത്തിനടക്കം സാമ്പത്തിക സഹായം സംസ്ഥാനത്തിന് കേന്ദ്രസര്‍ക്കാര്‍ നല്‍കുന്നുണ്ടെന്നും മന്ത്രി പറഞ്ഞു.
◾ ഹൈറിച്ച് സാമ്പത്തിക തട്ടിപ്പ് കേസ് അന്വേഷണം ഏറ്റെടുക്കാന്‍ ബുദ്ധിമുട്ടുണ്ടെന്ന് ഹൈക്കോടതിയെ അറിയിച്ച് സിബിഐ. ജോലി ഭാരവും സൗകര്യങ്ങളുടെ അപര്യാപ്തതയുമുണ്ടെന്നുമാണ് കേന്ദ്ര ഏജന്‍സിയുടെ നിലപാട്. സംസ്ഥാന സര്‍ക്കാരിന്റെ ആവശ്യത്തില്‍ കേന്ദ്ര സര്‍ക്കാര്‍ സിബിഐയോട് നിലപാട് തേടിയിരുന്നു.
◾ കോഴിക്കോട് സ്വകാര്യ ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുന്ന മൂന്നര വയസ്സുകാരന് അമീബിക് മസ്തിഷ്‌കജ്വരം സ്ഥിരീകരിച്ചു. പോണ്ടിച്ചേരിയില്‍ നടന്ന പിസിആര്‍ പരിശോധനയിലാണ് രോഗം സ്ഥിരീകരിച്ചത്.അതേസമയം മറ്റൊരു കുട്ടി കൂടി അമീബിക് മസ്തിഷ്‌കജ്വര ലക്ഷണങ്ങളുമായി കോഴിക്കോട് ആശുപത്രിയില്‍ ചികിത്സയിലാണ്.
◾ കേരള സാഹിത്യ അക്കാദമി പുരസ്‌കാരങ്ങള്‍ പ്രഖ്യാപിച്ചു. കല്പറ്റ നാരായണന്റെ ‘തെരഞ്ഞെടുത്ത കവിതകള്‍’ മികച്ച കവിതാ ഗ്രന്ഥമായി തെരഞ്ഞെടുത്തു. ഹരിതാ സാവിത്രിയുടെ ‘സിന്‍’ ആണ് മികച്ച നോവല്‍. എന്‍ രാജനെഴുതിയ ‘ഉദയ ആര്‍ട്സ് ആന്റ് സ്പോര്‍ട്സ് ക്ലബാ’ണ് മികച്ച ചെറുകഥ. ഗിരീഷ് പി.സി പാലം എഴുതിയ ‘ഇ ഫോര്‍ ഈഡിപ്പസ്’ മികച്ച നാടകമായി തെരഞ്ഞെടുത്തു.
◾ കേരളത്തില്‍ അടുത്ത 5 ദിവസം വ്യാപകമായി ഇടിമിന്നലോട് കൂടിയ മഴയ്ക്ക് സാധ്യത. വടക്കന്‍ കേരള തീരം മുതല്‍ തെക്കന്‍ ഗുജറാത്ത് തീരം വരെ ന്യൂനമര്‍ദ്ദ പാത്തി സ്ഥിതിചെയ്യുന്നതിനാല്‍ ഒറ്റപ്പെട്ട സ്ഥലങ്ങളില്‍ ജൂലൈ 29 വരെ ശക്തമായ മഴയ്ക്കും സാധ്യതയുണ്ട്. സംസ്ഥാനത്ത് തീരപ്രദേശങ്ങളില്‍ ഉയര്‍ന്ന തിരമാലയ്ക്കും കള്ളക്കടല്‍ പ്രതിഭാസത്തിനും സാധ്യതയുണ്ടെന്നും കാലാവസ്ഥാ വകുപ്പ് അറിയിച്ചു.
◾ പാരീസ് ഒളിമ്പിക്‌സില്‍ ഇന്നലെ നടന്ന അമ്പെയ്ത്ത് റാങ്കിങ് റൗണ്ടില്‍ ഇന്ത്യന്‍ പുരുഷ – വനിതാ ടീമുകള്‍ ക്വാര്‍ട്ടറിലെത്തി. പുരുഷ ടീം 2013 പോയന്റോടെ മൂന്നാം സ്ഥാനത്തും വനിതാ ടീം 1983 പോയന്റോടെ നാലാം സ്ഥാനത്തും ഫിനിഷ് ചെയ്തു.
◾ പാരിസ് ഒളിംപിക്‌സിന് ഇന്ന് ഔദ്യോഗിക തുടക്കം. ഇന്ത്യന്‍സമയം രാത്രി 11-നാണ് ഉദ്ഘാടനച്ചടങ്ങുകള്‍ തുടങ്ങുക. മൂന്നുമണിക്കൂറോളം നീണ്ടുനില്‍ക്കുന്ന ചടങ്ങില്‍ അദ്ഭുതങ്ങള്‍ വിരിയും. പാരീസ് ഒളിമ്പിക്സിലേക്ക് താരങ്ങളെ സ്വാഗതംചെയ്യുന്നത് സ്റ്റേഡിയത്തിലെ ട്രാക്കിലൂടെയല്ല. മറിച്ച് സെന്‍ നദിയിലെ ആറുകിലോമീറ്ററില്‍ നൂറു ബോട്ടുകളിലായി നിറയെ 10,500 ഒളിമ്പിക് താരങ്ങളായിരിക്കും. നാലായിരം നര്‍ത്തകരും മൂവായിരം വിവിധ കലാകാരന്മാരും ചടങ്ങുകളില്‍ പങ്കെടുക്കും. ലോകമെങ്ങുമുള്ള 150 കോടി ജനങ്ങള്‍ ഉദ്ഘാടനച്ചടങ്ങ് ടെലിവിഷനിലൂടെ കാണുമെന്നാണ് പ്രതീക്ഷിക്കുന്നത്.