ഡി.വൈ.എഫ്ഐ പ്രവർത്തകൻ റിജിത്ത് വധക്കേസ്; ഒമ്പത് ആർ.എസ്.എസ് – ബി.ജെ.പി. പ്രവർത്തകർക്ക് ജീവപര്യന്തം
കണ്ണൂർ:
കണ്ണൂർ കണ്ണപുരത്തെ ഡി.വൈ.എഫ്.ഐ പ്രവർത്തകൻ റിജിത്തിനെ കൊലപ്പെടുത്തിയ കേസിൽ മുഴുവൻ പ്രതികൾക്കും ജീവപര്യന്തം. കുറ്റക്കാർ എന്ന് കണ്ടെത്തിയ ഒമ്പത് ആര്.എസ്.എസ് – ബി.ജെ.പി. പ്രവർത്തകർക്കും തലശ്ശേരി അഡീഷണൽ സെഷൻസ് കോടതിയാണ് ജീവപര്യന്തം ശിക്ഷ വിധിച്ചത്. വി.വി. സുധാകരൻ, കെ.ടി. ജയേഷ്, സി.പി. രഞ്ജിത്, പി.പി. അജീന്ദ്രൻ, ഐ.വി. അനിൽ, വി.വി. ശ്രീകാന്ത്, വി.വി. ശ്രീജിത്, പി.പി. രാജേഷ്, ടി.വി. ഭാസ്കരൻ എന്നിവരെയാണ് കോടതി ശിക്ഷിച്ചത്.
മുഴുവൻ പ്രതികൾക്കുമെതിരെ കൊലക്കുറ്റം തെളിഞ്ഞിരുന്നു. 2005 ഒക്ടോബർ 3നാണ് റിജിത്തിനെ തച്ചൻ കണ്ടി ക്ഷേത്രത്തിനടുത്തുവച്ച് വെട്ടിക്കൊലപ്പെടുത്തിയത്. ആർ.എസ്.എസ് ശാഖ നടത്തുന്നതിനെ ചൊല്ലിയുളള തർക്കത്തെ തുടർന്നായിരുന്നു കൊലപാതകം.
ആകെയുളള പത്ത് പ്രതികളിൽ ഒരാൾ വിചാരണക്കിടെ വാഹനാപകടത്തിൽ മരിച്ചിരുന്നു. സി.പി.എമ്മിൻ്റെ കണ്ണപുരം ബ്രാഞ്ച് അംഗവും ഡി.വൈ.എഫ്.ഐ പ്രവർത്തകനുമായിരുന്നു റിജിത്ത്.
ജോലി കഴിഞ്ഞ് മടങ്ങുകയായിരുന്ന റിജിത്തിനെയും സുഹൃത്തുക്കളെയും തച്ചൻകണ്ടി ക്ഷേത്രത്തിനടുത്തുവച്ച് ആക്രമിക്കുകയായിരുന്നു. ആക്രമണത്തിൽ മൂന്ന് പേർക്ക് പരിക്കേറ്റു. പ്രദേശത്ത് ആർ.എസ്.എസ് ശാഖ നടത്തുന്നതിനെ ചൊല്ലിയുളള തർക്കം ഒക്ടോബർ രണ്ടിന് ഉന്തിലും തളളിലുമെത്തിയിരുന്നു. പിറ്റേ ദിവസമാണ് കൊലപാതകം.
കേസിൽ 10 പ്രതികളാണുള്ളത്. കേസിൻ്റെ വിചാരണ വേളയിൽ മൂന്നാം പ്രതി അജേഷ് മരിച്ചു. ആർ.എസ്.എസ്- ബിജെപി പ്രവർത്തകരായ ബാക്കി 9 പ്രതികളും കുറ്റക്കാരെന്നാണ് ജഡ്ജ് റൂബി കെ. ജോസ് വിധിച്ചത്.