ഗോകുലത്തിന് നാട്ടിൽ വീണ്ടും തോൽവി
കോഴിക്കോട്:
ഫിനിഷിങ്ങിലെ പിഴവ് ഗോകുലം എഫ്.സി.ക്ക് വീണ്ടും തിരിച്ചടിയായി. നാലാം ഹോം മാച്ചിലും ഗോകുലത്തിന് ജയിക്കാനായില്ല. കോഴിക്കോട് കോർപ്പറേഷൻ ഇ.എം.എസ്. സ്റ്റേഡിയത്തിൽ നടന്ന ഐ ലീഗ് മത്സരത്തിൽ പഞ്ചാബ് നാംധാരി എഫ്.സി. ഏകപക്ഷീയമായ രണ്ട് ഗോളുകൾക്കാണ് ഗോകുലത്തെ പരാജയപ്പെടുത്തിയത്. ആദ്യ പകുതിയിൽ തന്നെ നാംധാരി രണ്ട് ഗോളുകൾ നേടി. മത്സരത്തിൻ്റെ തുടക്കത്തിൽ തന്നെ ഗോകുലത്തിന് മികച്ച അവസരങ്ങൾ ലഭിച്ചെങ്കിലും എല്ലാം
നാംധാരി ഗോൾകീപ്പർ ജസ്പ്രീത് സിംഗിൻ്റെ കൈ പിടിയിലൊതുങ്ങി. മത്സരത്തിൻ്റെ 15-ാം മിനുട്ടിൽ തന്നെ പഞ്ചാബ് നാംധാരി സ്കോർ ചെയ്തു.
ലഭിച്ച കോർണർ കിക്ക് നാംധാരി മുന്നേറ്റതാരം മൻവീർ സിംഗ് തലവെച്ചതോടെ ഗോകുലത്തിൻ്റെ വല കുലുങ്ങി (1-0). ഗോകുലത്തിൻ്റെ ഗോൾ കീപ്പർ ഷിബിൻ രാജ് പന്ത് തടയാൻ നോക്കിയെങ്കിലും എല്ലാം ഒരു നിമിഷം കൊണ്ട് പൂർത്തിയായി. ഗോൾ മടക്കാൻ ഗോകുലം ശ്രമിച്ചു കൊണ്ടിരിക്കെ രണ്ട് മിനുട്ടിനുള്ളിൽ അടുത്ത അടി ഗോകുലത്തിന് ലഭിച്ചു. 17-ാം മിനുട്ടിൽ ഗോകുലത്തിനെതിരെ റെഫറി പെനാൽട്ടി വിധിച്ചതോടെ അവർ നിരാശരായി. ബോക്സിൽ വെച്ച് നാം ധാരി മുന്നേറ്റതാരമായ ക്ലഡ് സൺ ഡീഗോളിനെ
അഡ്വാൻസ് ചെയ്ത ഗോകുലം ഗോൾകീപ്പർ ഉൾപ്പെടെ ഫൗൾ ചെയ്തതോടെയാണ് റഫറി പെനാൽട്ടി വിധിക്കുന്നത്. ബ്രസീലിയ നായ നാംധാരി മുന്നേറ്റതാരമായ ക്ലഡ് സൺ ഡീ ഗോൾ തന്നെ പെനാൽട്ടി ഗോളാക്കി മാറ്റി (2-0). ഇതോടെ ഗോകുലത്തിന് നാല് ഹോം മാച്ചിലും ജയിക്കാനായില്ല. രണ്ട് പരാജയവും രണ്ട് സമനിലയുമാണ് ഗോകുലത്തിൻ്റെ ഹോം മാച്ച് റിസൽട്ട് ‘
രണ്ടാം പകുതിയിലും ഗോകുലം മികച്ച മുന്നേറ്റങ്ങൾ നടത്തി പന്ത് കൂടുതൽ സമയം കയ്യിൽ വെച്ചെങ്കിലും ഗോൾ നേടാനായില്ല. ഗോകുലം നായകൻ സെർജിയോയും സിൻസയും ഗോളാകുമെന്ന് ഉറപ്പിച്ച കിക്കെടുത്തെങ്കിലും നിർഭാഗ്യം തിരച്ചടിയായി. ഇതോടെ ഗോകുലത്തിന് 13 പോയൻ്റും നാം ധാരി 1 7 പോയൻ്റും സ്വന്തമാക്കി . ഗോകുലത്തിൻ്റെ അടുത്ത ഹോം മാച്ച് 24ന് ഇൻ്റർ കാശി എഫ്.സിക്കെതിരെയാണ്.
