Saturday, April 19, 2025
KERALA NEWSNews SPECIAL

പ്രഭാത വാർത്താമുദ്ര

◾ ഗാസയില്‍ വെടിനിര്‍ത്തല്‍ കരാര്‍ നിലവില്‍ വന്നു. ആദ്യം മോചിപ്പിച്ച മൂന്ന് ബന്ദികളുടെ പട്ടിക ഹമാസ് കൈമാറിയതോടെയാണ് ഇസ്രയേല്‍ വെടിനിര്‍ത്തലിന് തയ്യാറായത്. 2023 ഒക്ടോബര്‍ 7നായിരുന്നു ഇസ്രയേലിനെതിരെ ഹമാസ് സായുധ സംഘത്തിന്റെ ആക്രമണം. ജനുവരി 15ന്, ഇസ്രയേലും ഹമാസും തമ്മിലുള്ള വെടിനിര്‍ത്തല്‍ കരാറിന് അംഗീകാരം ലഭിക്കുകയും ഇന്നലെ കരാര്‍ പ്രാബല്യത്തില്‍ വരികയും ചെയ്തു. അതേസമയം ഹമാസ് മോചിപ്പിച്ച മൂന്നുപേരും ഇന്നലെ ജന്മനാട്ടില്‍ തിരിച്ചെത്തി. ഹമാസ് റെഡ് ക്രോസിനു കൈമാറിയ യുവതികളെ ഇന്ത്യന്‍ സമയം ഇന്നലെ രാത്രി 9.30 നാണ് ഇസ്രയേല്‍ അതിര്‍ത്തിയിലെത്തിച്ചത്. തുടര്‍ന്ന് ടെല്‍ അവീവിലെത്തിക്കുകയായിരുന്നു. ബന്ദികളെ ഇസ്രയേല്‍ സൈന്യത്തിനു കൈമാറിയ വാര്‍ത്തയറിഞ്ഞതോടെ ഇസ്രയേലില്‍ ആഹ്ലാദപ്രകടനങ്ങള്‍ നടന്നു.


◾ വെടി നിര്‍ത്തലിനു പിന്നാലെ തകര്‍ന്നടിഞ്ഞ നാട്ടിലേക്കു പലസ്തീന്‍കാരുടെ കൂട്ടപ്രവാഹം. തിരിച്ചെത്തിയവര്‍ കൊല്ലപ്പെട്ട ബന്ധുക്കളുടെ കബറിടങ്ങളില്‍ പ്രാര്‍ഥന നടത്തി. സൈന്യം ഒഴിഞ്ഞുപോയ പട്ടണങ്ങളില്‍ കെട്ടിടാവശിഷ്ടങ്ങള്‍ക്കിടയില്‍ നഷ്ടമായവര്‍ക്കുവേണ്ടിയുള്ള തിരച്ചിലിലാണ് ചിലര്‍. ഇസ്രയേല്‍ ആക്രമണത്തില്‍ ഗാസയില്‍ ഇതുവരെ ഹമാസിന്റെ ഉന്നത നേതാക്കളടക്കം 46,913 പലസ്തീന്‍കാരാണ് കൊല്ലപ്പെട്ടത്. 1,10,750 പരുക്കേല്‍ക്കുകയും 23 ലക്ഷത്തോളം വരുന്ന ജനങ്ങള്‍ ഭവനരഹിതരാകുകയും ചെയ്തു. അതേസമയം ഗാസയിലെ യുദ്ധത്തില്‍ 400 സൈനികര്‍ കൊല്ലപ്പെട്ടെന്നാണു ഇസ്രയേല്‍ കണക്ക്.
◾ കഞ്ചിക്കോട്ട് മദ്യനിര്‍മാണ യൂണിറ്റുമായി ബന്ധപ്പെട്ട വിവാദത്തിന് പിന്നില്‍ രാഷ്ട്രീയമെന്ന് എക്സൈസ് വകുപ്പ് മന്ത്രി എം ബി രാജേഷ്. പ്രതിപക്ഷം എല്ലാ വികസനപദ്ധതികളെയും എതിര്‍ക്കുന്നവരാണെന്നും മദ്യനിര്‍മാണ യൂണിറ്റിന് അനുമതി നല്‍കിയത് എല്ലാം നിയമവും ചട്ടവും അനുസരിച്ച് തന്നെയാണെന്നും മന്ത്രി വിശദമാക്കി. എല്ലാ കാര്യത്തിലും വ്യക്തത വരുത്തുമെന്നും എല്ലാ സംശയങ്ങള്‍ക്കും ഉത്തരം നല്‍കുമെന്നും എം ബി രാജേഷ് കൂട്ടിച്ചേര്‍ത്തു.
◾ പാലക്കാട് കഞ്ചിക്കോട് മദ്യ നിര്‍മാണ യൂണിറ്റിന് അനുമതി നല്‍കിയ മന്ത്രിസഭാ യോഗ തീരുമാനത്തിനെതിരെ ഇന്ന് എലപ്പുള്ളി പഞ്ചായത്ത് അടിയന്തര യോഗം ചേരും. പദ്ധതിയുടെ കാര്യത്തില്‍ പഞ്ചായത്തിനുള്ള എതിര്‍പ്പ് സര്‍ക്കാരിനെ അറിയിക്കാനാണ് യോഗം. എലപ്പുള്ളിയില്‍ ബ്രൂവറി തുടങ്ങാനുള്ള മന്ത്രിസഭാ തീരുമാനം പഞ്ചായത്തിനെ പോലും അറിയിക്കാതെയാണ് ഉണ്ടായതെന്നും സര്‍ക്കാരില്‍ നിന്ന് യാതൊരു അറിയിപ്പും കിട്ടിയിട്ടില്ലെന്നും പഞ്ചായത്ത് പ്രസിഡന്റ് രേവതി ബാബു പറഞ്ഞു. അതേസമയം കോണ്‍ഗ്രസും ബി.ജെ.പിയും മദ്യ നിര്‍മാണ യൂണിറ്റിന് അനുമതി നല്‍കിയ പ്രദേശത്ത് കൊടി നാട്ടി സമരവുമായി രംഗത്തെത്തി.
◾ കൂത്താട്ടുകുളത്തെ നഗരസഭ കൗണ്‍സിലറെ തട്ടിക്കൊണ്ടുപോയ സംഭവത്തില്‍ യുഡിഎഫ് പ്രവര്‍ത്തകരെയും എല്‍ഡിഎഫ് പ്രവര്‍ത്തകരെയും പ്രതി ചേര്‍ത്ത് എഫ്ഐആര്‍ തയ്യാറാക്കി. പൊലീസ് സ്റ്റേഷന്‍ ഉപരോധിച്ച സംഭവത്തില്‍ അനൂപ് ജേക്കബ് എംഎല്‍എക്കെതിരെയും കേസെടുത്തു. കൗണ്‍സിലര്‍ കലാ രാജുവിനെ തട്ടിക്കൊണ്ടുപോയ സംഭവത്തില്‍ നേരത്തെ കേസെടുത്തിരുന്നു. കൗണ്‍സിലറുടെ മൊഴിയുടെ അടിസ്ഥാനത്തിലാകും കേസിന്റെ മുന്നോട്ടുള്ള തുടര്‍ നടപടികളെന്ന് പൊലീസ് വ്യക്തമാക്കിയിട്ടുണ്ട്.
◾ കൂത്താട്ടുകുളം തട്ടികൊണ്ടുപോകല്‍ സംഭവത്തില്‍ വീഴ്ചയുണ്ടെങ്കില്‍ ശക്തമായ നടപടി ഉണ്ടാകുമെന്ന് റൂറല്‍ എസ്.പി വൈഭവ് സക്സേന. കലാ രാജുവിന്റെ മൊഴി രേഖപ്പെടുത്താന്‍ അപേക്ഷ നല്‍കിയിട്ടുണ്ടെന്നും കേസില്‍ അറസ്റ്റ് ഉടനുണ്ടാകുമെന്നും എസ്.പി പറഞ്ഞു. അതേസമയം കലാ രാജുവിനെ തട്ടിക്കൊണ്ടുപോയത് കോണ്‍ഗ്രസാണെന്ന് സി പിഎം എറണാകുളം ജില്ലാ സെക്രട്ടറി സി എന്‍ മോഹനന്‍ ആരോപിച്ചു. അവിശ്വാസ പ്രമേയത്തിന് നാല് ദിവസം മുമ്പാണ് കലാ രാജുവിനെ കാണാതായതെന്നും കലാ രാജു എവിടെയായിരുന്നു എന്ന് വ്യക്തമാക്കട്ടെ എന്നും സി എന്‍ മോഹനന്‍ പറഞ്ഞു.
◾ യുഡിഎഫ് പ്രവേശനവുമായി ബന്ധപ്പെട്ട് തൃണമൂല്‍ നേതാവായ പി വി അന്‍വര്‍ കോണ്‍ഗ്രസ് – ലീഗ് നേതാക്കളായ കെ സി വേണുഗോപാല്‍, കെ സുധാകരന്‍, വി ഡി സതീശന്‍, പി കെ കുഞ്ഞാലിക്കുട്ടി എന്നിവര്‍ക്ക് കത്തയച്ചു. തിടുക്കത്തില്‍ തീരുമാനം വേണ്ടെന്ന് നേതാക്കള്‍ പറഞ്ഞിരുന്നെങ്കിലും പി വി അന്‍വര്‍ കത്ത് തരട്ടെ എന്നിട്ട് കൂടിയാലോചിച്ച് തീരുമാനമെടുക്കാം എന്നായിരുന്നു കോണ്‍ഗ്രസ് നേതാക്കളുടെ ഇതുവരെയുള്ള നിലപാട്.
◾ മുഖ്യമന്ത്രി സ്ഥാനത്തെ ചൊല്ലിയുള്ള പിടിവലിയില്‍ കെപിസിസി രാഷ്ട്രീയകാര്യ സമിതി യോഗത്തില്‍ കോണ്‍ഗ്രസ് നേതൃത്വത്തിനെതിരെ രൂക്ഷ വിമര്‍ശനം. മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് പി.ജെ. കുര്യനാണ് വിമര്‍ശനം ആരംഭിച്ചത്. മുഖ്യമന്ത്രി ആരായിരിക്കണമെന്ന ഇപ്പോഴത്തെ ചര്‍ച്ചകള്‍ അനാവശ്യമാണെന്ന് പിജെ കുര്യന്‍ യോഗത്തില്‍ പറഞ്ഞു. മറ്റു നേതാക്കളും ഇക്കാര്യത്തെ പിന്തുണച്ച് വിമര്‍ശനം ഉന്നയിച്ചു.
◾ കെപിസിസി രാഷ്ട്രീയകാര്യ സമിതിയില്‍ പ്രതിപക്ഷ നേതാവ് വി.ഡി.സതീശനെതിരെ വിമര്‍ശനവുമായി എ.പി. അനില്‍കുമാറും ശൂരനാട് രാജശേഖരനും. ഒറ്റയ്ക്ക് തീരുമാനങ്ങള്‍ എടുക്കാന്‍ സതീശന്‍ ആരെന്ന് എ.പി. അനില്‍കുമാര്‍ ചോദിച്ചുവെന്നും പ്രതിപക്ഷ നേതാവിന്റെ വസതി കോണ്‍ഗ്രസുകാര്‍ക്ക് അഭയകേന്ദ്രമല്ലാതായെന്ന് ശൂരനാട് രാജശേഖരന്‍ വിമര്‍ശിച്ചുവെന്നും റിപ്പോര്‍ട്ടുകള്‍. തര്‍ക്കം രൂക്ഷമായതോടെ തമ്മിലടി തുടര്‍ന്നാല്‍ ചുമതല ഒഴിയുമെന്ന് ദീപദാസ് മുന്‍ഷി മുന്നറിയിപ്പ് നല്‍കി. അതേസമയം പി.വി.അന്‍വറിനെ എടുത്തുചാടി മുന്നണിയിലെടുക്കേണ്ടെന്ന് ധാരണയായെന്നാണ് റിപ്പോര്‍ട്ടുകള്‍.
◾ കേരളത്തിന്റെ ദുരന്ത സാധ്യത മുന്നറിയിപ്പ് സംവിധാനം കവചം ജനുവരി 21ന് മുഖ്യമന്ത്രി പിണറായി വിജയന്‍ നാടിന് സമര്‍പ്പിക്കും. ദേശീയ ചുഴലിക്കാറ്റ് പ്രതിരോധ പദ്ധതിയുടെ ഭാഗമായാണ് കേരള വാര്‍ണിംഗ്‌സ് ക്രൈസിസ് ആന്റ് ഹസാര്‍ഡ്‌സ് മാനേജ്‌മെന്റ് സിസ്റ്റം തയ്യാറാക്കിയത്. ദേശീയ ദുരന്ത നിവാരണ അതോറിറ്റി, ലോകബാങ്ക് എന്നിവയുടെ സഹായത്തോടെ, സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റിയാണ് മുന്നറിയിപ്പ് സംവിധാനം തയ്യാറാക്കിയത്.
◾ ബാബാ രാംദേവിനെതിരെ അറസ്റ്റ് വാറണ്ട് പുറപ്പെടുവിച്ച് പാലക്കാട് കോടതി. ഫലസിദ്ധി വാഗ്ദാനം ചെയ്ത് ഔഷധ പരസ്യ നിയമം ലംഘിച്ച കേസില്‍ പാലക്കാട് ജുഡീഷ്യല്‍ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതി-2 ആണ് രാംദേവിനെതിരെ വാറണ്ട് പുറപ്പെടുവിച്ചത്. സംസ്ഥാന ഡ്രഗ്സ് കണ്‍ട്രോള്‍ വിഭാഗം രജിസ്റ്റര്‍ ചെയ്ത കേസിലാണ് നടപടി.
◾ വ്യവസായി ബോബി ചെമ്മണ്ണൂരിന് കാക്കനാട് ജയിലില്‍ വഴിവിട്ട സഹായം നല്‍കിയ സംഭവത്തില്‍ നടപടിക്ക് ശുപാര്‍ശ. ജയില്‍ ഡിഐജി പി അജയകുമാറിനും സൂപ്രണ്ടിനും എതിരെ ജയില്‍ എഡിജിപി റിപ്പോര്‍ട്ട് നല്‍കി. ജീവനക്കാരുടെ മൊഴി രേഖപ്പെടുത്തുകയും സിസിടിവി ദൃശ്യങ്ങളും രേഖകളും പരിശോധിക്കുകയും ചെയ്ത ശേഷമാണ് ജയില്‍ ഡിഐജിക്കും സൂപ്രണ്ടിനും എതിരെ നടപടിക്ക് ജയില്‍ എഡിജിപി ശുപാര്‍ശ ചെയ്തത്.
◾ ഗുരുവായൂര്‍ ക്ഷേത്രത്തില്‍ ഒരു മാസത്തെ ഭണ്ഡാരം വരവായി 7.5 കോടി രൂപ ലഭിച്ചു. ഇത് റെക്കോര്‍ഡാണ്. കഴിഞ്ഞ ജൂണിലാണ് ഏഴ് കോടിയിലധികം വരുമാനം ലഭിച്ചത്. സാധാരണ 5 മുതല്‍ 6 കോടി രൂപയാണ് ഭണ്ഡാരം വരവായി ലഭിക്കാറുള്ളത്. കൂടാതെ മൂന്ന് കിലോ 906 ഗ്രാം സ്വര്‍ണവും 25 കിലോ 830 ഗ്രാം വെള്ളിയും ലഭിച്ചു.
◾ കണ്ണൂരില്‍ 25 ദിവസം മാത്രം പ്രായമുളള കുഞ്ഞിന്റെ തുടഭാഗത്ത് സൂചിക്കഷ്ണം കണ്ടെത്തി. തുടയില്‍ പഴുപ്പ് കണ്ടതോടെ പയ്യന്നൂരിലെ സ്വകാര്യ ആശുപത്രിയില്‍ പരിശോധിച്ചപ്പോഴാണ് മൂന്ന് സെന്റീമീറ്റര്‍ നീളമുളള സൂചിക്കഷ്ണം കണ്ടത്. പരിയാരം ഗവ.മെഡിക്കല്‍ കോളേജില്‍ നിന്ന് പ്രതിരോധ കുത്തിവെപ്പ് എടുത്തപ്പോള്‍ വന്ന പിഴവാണെന്ന് കാട്ടി പെരിങ്ങോം സ്വദേശിയായ പിതാവ് ശ്രീജു മുഖ്യമന്ത്രിക്ക് പരാതി നല്‍കി.
◾ പള്ളിക്കല്‍ ഗവണ്‍മെന്റ് ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ പത്താം ക്ലാസുകാരനെ പ്ലസ് ടു വിദ്യാര്‍ത്ഥികള്‍ ആക്രമിച്ചു. കഴുത്തിനും കാലിനുമടക്കം ഗുരുതര പരുക്കേറ്റ വിദ്യാര്‍ത്ഥിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. കഴിഞ്ഞ ദിവസം ഉച്ചഭക്ഷണത്തിന് ശേഷമുള്ള ഇടവേള സമയത്തായിരുന്നു സംഭവം. ഭക്ഷണം കഴിച്ചശേഷം ബാത്റൂമിന് സമീപത്തേക്ക് പോയ പത്താംക്ലാസ് വിദ്യാര്‍ത്ഥിയെ പിന്തുടര്‍ന്നെത്തിയ പ്ലസ് ടു വിദ്യാര്‍ത്ഥികള്‍ സംഘംചേര്‍ന്ന് മര്‍ദ്ദിക്കുകയായിരുന്നു.
◾ തൃശൂരില്‍ സിപിഎം നേതാവിന് പോത്തിന്റെ കുത്തേറ്റു. ചാവക്കാട് ഈസ്റ്റ് ലോക്കല്‍ സെക്രട്ടറി പി.എസ്. അശോകനാണ് കുത്തേറ്റത്. അയല്‍വാസിയുടെ പോത്ത് കയറില്‍ കുരുങ്ങിയപ്പോള്‍ രക്ഷിക്കാനുള്ള ശ്രമത്തിനിടെയാണ് കുത്തേറ്റത്. പരിക്കേറ്റ അശോകനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
◾ താമരശ്ശേരിയില്‍ മകന്‍ വെട്ടിക്കൊലപ്പെടുത്തിയ അടിവാരം സ്വദേശി സുബൈദയുടെ മൃതദേഹം സംസ്‌കരിച്ചു. അടിവാരം ജുമാ മസ്ജിദ് ഖബര്‍സ്ഥാനില്‍ ഇന്നലെ വൈകുന്നേരമാണ് സംസ്‌കാരം നടന്നത്. പണം നല്‍കാത്തതിനുള്ള പ്രകോപനമാണ് കൊലപാതകത്തിന് കാരണമെന്ന് പൊലീസ് പറയുന്നു. തനിക്ക് ജന്മം നല്‍കിയതിനുള്ള ശിക്ഷയാണ് നടപ്പാക്കിയതെന്നായിരുന്നു പ്രതി ആഷിഖ് നാട്ടുകാരോട് പറഞ്ഞത്.
◾ തൃശൂര്‍ വാടാനപ്പള്ളിയില്‍ പതിനാറുകാരനെ എസ്ഐ ഉള്‍പ്പെടെയുള്ള പൊലീസുകാര്‍ ക്രൂരമായി മര്‍ദ്ദിച്ചതായി പരാതി. തൃശൂര്‍ തളിക്കുളം തമ്പാന്‍കടവ് സ്വദേശി സിഎം ജിഷ്ണുവിനാണ് ക്രൂര മര്‍ദനമേറ്റത്. ഉത്സവത്തിനിടെ ചേരിതിരിഞ്ഞ് ഏറ്റുമുട്ടിയതിന്റെ പേരിലാണ് പൊലീസിന്റെ നടപടി.
◾ ചേന്ദമംഗലം കൂട്ടക്കൊല കേസിലെ പ്രതി ഋതു ജയന്റെ വീട് നാട്ടുകാര്‍ അടിച്ചു തകര്‍ത്തനിലയില്‍. സംഭവത്തില്‍ രണ്ടുപേരെ പോലീസ് കസ്റ്റഡിയിലെടുത്തു. ഇന്നലെ വൈകിട്ട് ഏഴുമണിയോടെയാണ് സംഭവം. വീടിന്റെ ജനലുകളും കോലായയിലെ കോണ്‍ക്രീറ്റ് സ്ലാബും കസേരയും അക്രമികള്‍ അടിച്ചുതകര്‍ത്ത നിലയിലാണുള്ളത്.
◾ ഓമല്ലൂര്‍ അച്ചന്‍കോവിലാറ്റില്‍ കുളിക്കാനിറങ്ങിയ ഓമല്ലൂര്‍ ആര്യഭാരതി സ്‌കൂളിലെ രണ്ട് പത്താം ക്ലാസ് വിദ്യാര്‍ഥികള്‍ ഒഴുക്കില്‍പ്പെട്ട് മുങ്ങിമരിച്ചു. ഇലവുന്തിട്ട സ്വദേശി ശ്രീശരണ്‍, ചീക്കനാല്‍ സ്വദേശി ഏബല്‍ എന്നിവരാണ് മരിച്ചത്. ഇന്നലെ ഉച്ചയ്ക്ക് 2.30 ഓടെയായിരുന്നു അപകടം.
◾ ട്രെയിനീ ഡോക്ടറെ ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തിയ സംഭവത്തില്‍ സഞ്ജയ് റോയി കുറ്റക്കാരനാണെന്ന് തെളിഞ്ഞതോടെ കോടതി വിധിയില്‍ പ്രതികരിച്ച് സഞ്ജയുടെ അമ്മയും സഹോദരിയും. തനിക്കും മൂന്ന് പെണ്‍കുട്ടികളുണ്ടെന്നും ഇരയാക്കപ്പെട്ട പെണ്‍കുട്ടിയുടെ മാതാപിതാക്കളുടെ വേദന എത്രത്തോളമാണെന്ന് തനിക്ക് മനസിലാകുമെന്നും അര്‍ഹിക്കുന്ന പരമാവധി ശിക്ഷ തന്നെ മകന് നല്‍കണമെന്ന് സഞ്ജയുടെ അമ്മയും, സഹോദരന്‍ ഇത്തരത്തിലുള്ള ക്രൂര പ്രവര്‍ത്തികള്‍ ചെയ്‌തെന്ന് ചിന്തിക്കാന്‍ പോലും തനിക്ക് കഴിയുന്നില്ലെന്ന് സഹോദരി സബിതയും പറഞ്ഞു.
◾ ഉത്തര്‍പ്രദേശിലെ പ്രയാഗ് രാജില്‍ കുംഭമേളയ്ക്കിടെ ഉണ്ടായ തീപിടുത്തത്തില്‍ നിരവധി ടെന്റുകള്‍ കത്തിനശിച്ചു. തീ നിയന്ത്രണ വിധേയമാക്കിയെന്നും മുതര്‍ന്ന ഉദ്യോഗസ്ഥര്‍ സ്ഥലത്തുണ്ടെന്നും ഉത്തര്‍പ്രദേശ് മുഖ്യമന്ത്രിയുടെ ഓഫീസ് അറിയിച്ചു. തീര്‍ത്ഥാടകര്‍ക്കായി ഒരുക്കിയ ക്യാമ്പിലെ ഗ്യാസ് സിലിണ്ടറില്‍ നിന്നാണ് തീ പടര്‍ന്നത്. കുംഭമേള നടക്കുന്ന പ്രയാഗ് രാജിലെ സെക്ടര്‍ 19ലെ ടെന്റുകളിലാണ് തീപടര്‍ന്നത്. ഇതുവരെ ആളപായമൊന്നും റിപ്പോര്‍ട്ട് ചെയ്തിട്ടില്ല.
◾ നടന്‍ വിജയ്ക്ക് എതിരെ വിമര്‍ശനവുമായി തമിഴ്നാട് ബിജെപി അധ്യക്ഷന്‍ കെ. അണ്ണാമലൈ. വിജയിയെ സന്ദര്‍ശിക്കാന്‍ മുന്‍കൂര്‍ പൊലീസ് അനുമതി വാങ്ങണമെന്നുള്ളത് പുതിയ രാഷ്ട്രീയമാണെന്നും ഇങ്ങനെയെങ്കില്‍ വിജയ് മുഖ്യമന്ത്രി ആയാല്‍ സാധാരണക്കാര്‍ക്ക് എങ്ങനെ പരാതി പറയാനാകുമെന്നും ചെരുപ്പില്ലാതെ ജനങ്ങളുടെ ഇടയിലേക്ക് കാമരാജ് ഇറങ്ങിചെല്ലുന്നതാണ് തമിഴ്നാട് കണ്ടിട്ടുള്ളതെന്നും അണ്ണാമലൈ പറഞ്ഞു.
◾ ഒമാനില്‍ നിന്ന് ഉംറ നിര്‍വഹിക്കാന്‍ പോകുന്ന സ്വദേശികള്‍ക്കും വിദേശികള്‍ക്കും നിര്‍ദ്ദേശവുമായി ഒമാന്‍ ആരോഗ്യ മന്ത്രാലയം. ഉംറ നിര്‍വഹിക്കാന്‍ പോകുന്നവര്‍ മെനിഞ്ചൈറ്റിസ് വാക്സിന്‍ കുത്തിവെപ്പ് എടുക്കണമെന്ന് ആരോഗ്യ മന്ത്രാലയം അറിയിച്ചു. പൊതുജനാരോഗ്യം സംരക്ഷിക്കുന്നതിന് സൗദി അറേബ്യ നിശ്ചയിച്ചിട്ടുള്ള ആരോഗ്യ മാര്‍ഗനിര്‍ദ്ദേശങ്ങളുടെ അടിസ്ഥാനത്തിലാണ് നിര്‍ദ്ദേശം.
◾ ബോളിവുഡ് താരം സെയ്ഫ് അലി ഖാനെ കുത്തിപ്പരിക്കേല്‍പ്പിച്ചത് മുഹമ്മദ് ഷരീഫുള്‍ ഇസ്ലാം ഷെഹ്‌സാദ് (30) എന്ന ബംഗ്ലാദേശി പൗരന്‍. ഞായറാഴ്ച പുലര്‍ച്ചെയാണ് പോലീസ് താനെയില്‍നിന്ന് പ്രതിയെ പിടികൂടിയത്. അനധികൃതമായാണ് ഇയാള്‍ ഇന്ത്യയിലെത്തിയതെന്നും മോഷണം നടത്തുക എന്ന ഉദ്ദേശത്തോടെയാണ് സെയ്ഫ് അലി ഖാന്റെ ബാന്ദ്രയിലെ വസതിയില്‍ അതിക്രമിച്ച് കടന്നതെന്നും സെയ്ഫ് അലി ഖാന്റെ വീടാണ് എന്നറിയാതെയാണ് ബാന്ദ്രയിലെ വീട്ടില്‍ കയറിയതെന്നും പ്രതി മൊഴി നല്‍കിയിട്ടുണ്ട്.
◾ പ്രഥമ വനിതാ ഖോ ഖോ ലോകകപ്പ് സ്വന്തമാക്കി ഇന്ത്യ. ഫൈനലില്‍ നേപ്പാളിനെ 78-40ന് പരാജയപ്പെടുത്തി ആധികാരികമായാണ് ഇന്ത്യയുടെ കിരീടനേട്ടം. ആക്രമണത്തിലും പ്രതിരോധത്തിലും മികച്ച പ്രകടനമാണ് ഇന്ത്യ പുറത്തെടുത്തത്.
◾ അണ്ടര്‍ 19 വനിതാ ടി20 ലോകകപ്പില്‍ ഇന്ത്യക്ക് ആദ്യ ജയം. വെസ്റ്റ് ഇന്‍ഡീസിനെ ഒമ്പത് വിക്കറ്റിനാണ് ഇന്ത്യ തകര്‍ത്തത്. ടോസ് നഷ്ടപ്പെട്ട് ബാറ്റിംഗിനെത്തിയ വെസ്റ്റ് ഇന്‍ഡീസിനെ ഇന്ത്യ 13.2 ഓവറില്‍ 44ന് പുറത്താക്കിയിരുന്നു. മറുപടി ബാറ്റിംഗില്‍ ഇന്ത്യ 4.2 ഓവറില്‍ ലക്ഷ്യം മറികടന്നു.
◾ ജാവലിന്‍ ത്രോയില്‍ രണ്ടുതവണ ഒളിമ്പിക്‌സ് മെഡല്‍ നേടി ഇന്ത്യയുടെ അഭിമാനതാരമായ നീരജ് ചോപ്ര വിവാഹിതനായി. ടെന്നിസ് താരം ഹിമാനി മോര്‍ ആണ് വധു. അടുത്ത ബന്ധുക്കള്‍ മാത്രം പങ്കെടുത്ത വിവാഹചിത്രം നീരജ് ചോപ്ര തന്നെയാണ് സോഷ്യല്‍മീഡിയയില്‍ പങ്കുവെച്ചത്.