പ്രഭാത വാർത്താമുദ്ര
2025 ജനുവരി 24 വെള്ളി
1200 മകരം 11 അനിഴം
1446 റജബ് 23
◾ ജന്മാവകാശ പൗരത്വം അവസാനിപ്പിക്കാനുള്ള അമേരിക്കന്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപിന്റെ ഉത്തരവിന് സ്റ്റേ. 14 ദിവസത്തേക്കാണ് സിയാറ്റിലിലെ ഫെഡറല്‍ ജഡ്ജ് ഉത്തരവിന്റെ തുടര്‍ നടപടികള്‍ സ്റ്റേ ചെയ്തത്. ജന്മാവകാശ പൗരത്വം നിര്‍ത്തലാക്കുന്നത് നഗ്നമായ ഭരണഘടനാ ലംഘനമാണെന്ന് ജഡ്ജ് ജോണ്‍ കോഗ്നോര്‍ അഭിപ്രായപ്പെട്ടു. അമേരിക്കയില്‍ ജനിക്കുന്ന എല്ലാ കുട്ടികള്‍ക്കും പൗരത്വം ഉറപ്പുനല്‍കുന്ന ഭരണഘടനയുടെ 14-ാം ഭേദഗതിയുടെ നഗ്‌നമായ ലംഘനമാണ് ഉത്തരവെന്ന് വാദിച്ചാണ് ഡമോക്രാറ്റിക് നേതൃത്വത്തിലുള്ള സംസ്ഥാനങ്ങള്‍ താല്‍ക്കാലിക നിയന്ത്രണം ആവശ്യപ്പെട്ട് കോടതിയെ സമീപിച്ചത്.
◾ വ്യവസായങ്ങള്‍ക്ക് വെള്ളം നല്‍കുന്നത് മഹാപാപമല്ലെന്നും ഇനിയും വ്യവസായങ്ങള്‍ക്ക് വെള്ളം നല്‍കുമെന്നും മുഖ്യമന്ത്രി പിണറായി വിജയന്‍. പാലക്കാട് ബ്രൂവറി കമ്പനിക്ക് അനുമതി നല്‍കിയതിലെ അഴിമതിയാരോപണങ്ങള്‍ തള്ളികൊണ്ടാണ് സമാനമായ പദ്ധതികള്‍ക്ക് ഇനിയും വെള്ളം നല്‍കുമെന്ന് മുഖ്യമന്ത്രി നിയമസഭയില്‍ വ്യക്തമാക്കിയത്. പാലക്കാട്ടെ ബ്രൂവറിയില്‍ നിന്ന് സര്‍ക്കാര്‍ പിന്നോട്ടില്ലെന്നും പദ്ധതിയുമായി മുന്നോട്ടുപോകുമെന്നും മുഖ്യമന്ത്രി വ്യക്തമാക്കി. വ്യാജ പ്രചാരണങ്ങള്‍ക്ക് അധികം ആയുസുണ്ടാകില്ലെന്നും ഇടത് മുന്നണി ഇടപെടുന്നത് സത്യസന്ധമായി മാത്രമാണെന്നും പിണറായി അവകാശപ്പെട്ടു.
◾ എലപ്പുള്ളി പഞ്ചായത്തില്‍ ഒയാസിസ് കമ്പനിക്ക് ബ്രൂവറി തുടങ്ങാന്‍ അനുമതി നല്‍കിയതിനെ നിയമസഭയില്‍ മുഖ്യമന്ത്രി ന്യായീകരിച്ചത് പ്രതിഷേധാര്‍ഹമാണെന്ന് ബിജെപി സംസ്ഥാന അദ്ധ്യക്ഷന്‍ കെ.സുരേന്ദ്രന്‍. അഴിമതി നടത്താന്‍ വേണ്ടി പിണറായി വിജയന്‍ മദ്യമാഫിയക്ക് സംസ്ഥാനത്തെ ഒറ്റുകൊടുത്തുവെന്നും മദ്യ കമ്പനി തുടങ്ങാന്‍ ടെന്‍ഡര്‍ വിളിക്കേണ്ടതില്ലെന്ന മുഖ്യമന്ത്രിയുടെ വാദം മടിയില്‍ കനമുള്ളത് കൊണ്ടാണ് എന്നും അദ്ദേഹം കുറ്റപ്പെടുത്തി .
◾ പാലക്കാട് കഞ്ചിക്കോട് എലപ്പുള്ളിയില്‍ ബ്രൂവറി കമ്പനി വരുമ്പോള്‍ ജല ചൂഷണം ഉണ്ടാകില്ലെന്നും മദ്യനിര്‍മ്മാണ കമ്പനി മഴ വെള്ള സംഭരണി നിര്‍മിച്ചാണ് വെള്ളം എടുക്കുകയെന്നും സിപിഎം സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദന്‍. ബ്രൂവറി പദ്ധതിയില്‍ നിന്ന് പിന്നോട്ടില്ലെന്ന് മുഖ്യമന്ത്രി നിയമസഭയില്‍ വ്യക്തമാക്കിയതിന് പിന്നാലെയാണ് ഇക്കാര്യത്തില്‍ പാര്‍ട്ടി നിലപാടും വ്യക്തമാക്കി എംവി ഗോവിന്ദന്‍ രംഗത്തെത്തിയത്.
◾ കൊവിഡ് കാലത്ത് പിപിഇ കിറ്റ് വാങ്ങിയതില്‍ ക്രമക്കേടുണ്ടെന്ന സിഎജി റിപ്പോര്‍ട്ടും മുഖ്യമന്ത്രി തള്ളി. അസാധാരണ സാഹചര്യത്തില്‍ ജനങ്ങളുടെ ജീവന്‍ രക്ഷിക്കാനാണ് ശ്രമിച്ചെതന്നും കണക്കുകള്‍ മാത്രമാണ് സിഎജി നോക്കിയതെന്നും മുഖ്യമന്ത്രി നിയമസഭയില്‍ വിശദീകരിച്ചു. അതേസമയം കുറഞ്ഞ വിലയില്‍ പിപിഇ കിറ്റ് വാഗ്ദാനം ചെയ്ത കമ്പനിയെ ഒഴിവാക്കിയതിന്റെ കൂടുതല്‍ രേഖകള്‍ വിഡി സതീശന്‍ പുറത്ത് വിട്ടു. പ്രതിപക്ഷ നേതാവ് പറഞ്ഞ കാര്യം പരിശോധിക്കാമെന്ന് മുഖ്യമന്ത്രി പറഞ്ഞു
◾ ആര്‍എസ്എസ് നേതാക്കളുടെ ചിത്രത്തിന് മുന്നില്‍ വണങ്ങിനില്‍ക്കുന്നവരല്ല തങ്ങളെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. അത് പഴയ നേതാക്കളായാലും ഇപ്പോഴത്തെ നേതാക്കളായാലും അങ്ങനെ തന്നെയെന്നും ആര്‍എസ്എസ് നേതാക്കള്‍ക്കൊപ്പം ഭക്ഷണം കഴിക്കാന്‍ തങ്ങള്‍ പോയിട്ടില്ലെന്നും മുഖ്യമന്ത്രി സഭയില്‍ പറഞ്ഞു. തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ എംഎല്‍എയുടെ പരാമര്‍ശത്തോടായിരുന്നു മുഖ്യമന്ത്രിയുടെ പ്രതികരണം. അടിയന്തരാവസ്ഥയ്ക്ക് ശേഷം കോണ്‍ഗ്രസിന്റെ പിന്തുണയോടെ ജയിച്ച് നിയമസഭയില്‍ ഇരിക്കുന്ന ഒരൊറ്റയാള്‍ മാത്രമേ ഇപ്പോഴും ഈ നിയമസഭയിലുള്ളൂവെന്നും അതാരാണെന്ന് തന്നെകൊണ്ട് പറയിപ്പിക്കരുത് എന്നായിരുന്നു കഴിഞ്ഞ ദിവസം തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ സഭയില്‍ പറഞ്ഞത്.
◾ ആന എഴുന്നള്ളിപ്പിലെ ദൂരപരിധി പൊതുവായി നിശ്ചയിക്കുന്നതില്‍ അപ്രായോഗികതയുണ്ടെന്ന് സംസ്ഥാന സര്‍ക്കാര്‍. ഇക്കാര്യത്തില്‍ തീരുമാനം ജില്ലാതല നിരീക്ഷക സമിതിയ്ക്ക് വിടണമെന്നും ദൂരപരിധി കണക്കാക്കുമ്പോള്‍ ആനകളുടെ എണ്ണവും സ്ഥലലഭ്യതയും ഉള്‍പ്പെടെയുളളവ പരിഗണിക്കണമെന്നും സര്‍ക്കാര്‍ ഹൈക്കോടതിയില്‍ ആവശ്യപ്പെട്ടു.
◾ കോഴിക്കോട് ജില്ലാ മെഡിക്കല്‍ ഓഫീസര്‍ തസ്തികയിലെ കസേര തര്‍ക്കം തുടരുന്നു. കോഴിക്കോട് ഡിഎംഒയായി ഡോക്ടര്‍ ആശാദേവിക്ക് വീണ്ടും നിയമനം നല്‍കിയതടക്കമുള്ള ആരോഗ്യ വകുപ്പിന്റെ സ്ഥലം മാറ്റ ഉത്തരവ് കേരളാ അഡ്മിനിസ്ട്രേറ്റീവ് ട്രിബ്യൂണല്‍ സ്റ്റേ ചെയ്തു. ഡോക്ടര്‍ രാജേന്ദ്രന്‍ കോഴിക്കോട് ഡിഎംഒ ആയി തുടരും. കൊല്ലത്തേക്ക് സ്ഥലം മാറ്റപ്പെട്ട കണ്ണൂര്‍ ഡിഎംഒ ഡോക്ടര്‍ പീയൂഷ് നമ്പൂതിരി നല്‍കിയ ഹര്‍ജിയിലാണ് ട്രിബ്യൂണലിന്റെ നടപടി.
◾ കോണ്‍ഗ്രസിന്റെ സമര പരിപാടിയിലേക്ക് കേരള കോണ്‍ഗ്രസിനെ ക്ഷണിച്ച മാത്യു കുഴല്‍നാടന് മറുപടിയുമായി മന്ത്രി റോഷി അഗസ്റ്റിന്‍. പെരുവഴിയിലായ കേരള കോണ്‍ഗ്രസിന് കൈ തന്നത് പിണറായി സര്‍ക്കാരാണെന്നും കേരള കോണ്‍ഗ്രസ് (എം) ഇടത് സര്‍ക്കാരിനൊപ്പം ഉറച്ചുനില്‍ക്കുമെന്നും മന്ത്രി നിയമസഭയില്‍ മറുപടി നല്‍കി. വി.ഡി. സതീശന്‍ നയിക്കുന്ന മലയോര ജാഥയില്‍ പങ്കെടുക്കാനാണ് മാത്യു കുഴല്‍നാടന്‍ എം.എല്‍.എ മന്ത്രി റോഷി അഗസ്റ്റിനെയും കേരളാ കോണ്‍ഗ്രസിനെയും ക്ഷണിച്ചത്.
◾ വയനാട് ഡിസിസി ട്രഷറര്‍ എന്‍.എം. വിജയന്റെ ആത്മഹത്യയില്‍ ഐസി ബാലകൃഷ്ണന്‍ എംഎല്‍എയെ ചോദ്യം ചെയ്തു. ഇന്നലെ രാവിലെ പത്തേ മുക്കാലോടെ തുടങ്ങിയ ചോദ്യം ചെയ്യല്‍ ഉച്ചക്ക് മൂന്ന് മണിയോടെയാണ് അവസാനിച്ചത്. എന്‍ എം വിജയന്‍ കെപിസിസി പ്രസിഡന്റിന് എഴുതിയ കത്തിലെ പരാമര്‍ശങ്ങളെ കുറിച്ചും അര്‍ബന്‍ ബാങ്കിലെ നിയമനത്തിനായുള്ള എംഎല്‍എയുടെ ശുപാര്‍ശ കത്ത് സംബന്ധിച്ചും ചോദ്യങ്ങള്‍ ഉണ്ടായെന്നാണ് സൂചന.
◾ കഠിനംകുളത്ത് വീട്ടമ്മയായ ആതിരയെ കുത്തിക്കൊലപ്പെടുത്തിയ കേസില്‍ പ്രതി പിടിയില്‍. യുവതിയുടെ ഇന്‍സ്റ്റാഗ്രാം സുഹൃത്തും കൊല്ലം ദളവാപുരം സ്വദേശിയുമായ ജോണ്‍സണെ ആണ് പിടികൂടിയത്. കോട്ടയം ചിങ്ങവനത്ത് നിന്നാണ് പ്രതിയെ പൊലീസ് കസ്റ്റഡിയിലെടുത്തത്. വിഷ വസ്തു എന്തോ കഴിച്ച് അവശനിലയിലായ ജോണ്‍സണെ കോട്ടയം മെഡിക്കല്‍ കോളേജ് ആശുപത്രിയിലേക്ക് മാറ്റി.
◾ കഠിനംകുളത്ത് ആതിരയെ കുത്തികൊന്ന കേസിലെ പ്രതിയായ ജോണ്‍സണിന്റെ ആരോഗ്യനില തൃപ്തികരമാണെന്ന് പൊലീസ്. പ്രതി എലി വിഷം കഴിച്ചാണ് ആത്മഹത്യയ്ക്ക് ശ്രമിച്ചതെന്ന് അന്വേഷണത്തില്‍ വ്യക്തമായി. ആതിര തന്നോടൊപ്പം കൂടെ വരാത്തത് കൊണ്ടാണ് കൊലപ്പെടുത്തിയതെന്നാണ് ജോണ്‍സണ്‍ പൊലീസിന് നല്‍കിയ മൊഴി.
◾ പിപി ദിവ്യ ജില്ലാ പഞ്ചായത്ത് പ്രസിഡന്റായിരുന്നപ്പോള്‍ നടത്തിയ കോടിക്കണക്കിന് രൂപയുടെ അഴിമതികളും ഇടപാടുകളും കയ്യോടെ പിടിക്കുമെന്നു ഭയമുള്ളതിനാലാണ് എഡിഎം നവീന്‍ ബാബുവിന്റെ മരണം സിബിഐ അന്വേഷിക്കുന്നതിനെ സിപിഎമ്മും പിണറായി സര്‍ക്കാരും എതിര്‍ക്കുന്നതെന്ന് കെപിസിസി പ്രസിഡന്റ് കെ. സുധാകരന്‍. പി.പി. ദിവ്യയാണ് നവീന്‍ ബാബുവിന്റെ ആത്മഹത്യാപ്രേരണക്കേസിലെ പ്രതി എന്നും അദ്ദേഹം പറഞ്ഞു.
◾ മുനമ്പം ഭൂപ്രശ്‌നം സംബന്ധിച്ച് സര്‍ക്കാര്‍ നിയോഗിച്ച കമ്മീഷന്റെ സിറ്റിങ് പൂര്‍ത്തിയായി. ഹൈക്കോടതി മുന്‍ ആക്ടിങ് ചീഫ് ജസ്റ്റിസ് സി.എന്‍. രാമചന്ദ്രന്‍ നായരുടെ അധ്യക്ഷതയില്‍ കളക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളിലാണ് യോഗം ചേര്‍ന്നത്. മൂന്നാമത്തെ ഹിയറിങ്ങാണ് ഇന്നലെ കഴിഞ്ഞത്. വഖഫ് ബോര്‍ഡ്, മുനമ്പം ഭൂസംരക്ഷണ സമിതി, വിവിധ സംഘടനകള്‍ കമ്മിഷന് മുമ്പാകെ ഹാജരായി.
◾ 2025 മാര്‍ച്ച് എട്ട് അന്താരാഷ്ട്ര വനിതാ ദിനത്തിനകം തൊഴിലിടങ്ങളില്‍ സ്ത്രീകള്‍ക്ക് നേരെയുള്ള ലൈംഗികാതിക്രമങ്ങള്‍ തടയുന്നതിന് എല്ലാ സര്‍ക്കാര്‍ ഓഫീസുകളിലും പോഷ് ആക്ട് പ്രകാരം ഇന്റേണല്‍ കമ്മിറ്റികള്‍ രൂപീകരിക്കുമെന്ന് ആരോഗ്യ വനിതാ ശിശുവികസന വകുപ്പ് മന്ത്രി വീണാ ജോര്‍ജ്. സ്ത്രീകള്‍ക്ക് ലഭ്യമാകേണ്ട നിയമ സംരക്ഷണവും നീതിയും ഇതിലൂടെ ഉറപ്പാക്കാന്‍ സാധിക്കുമെന്നും മന്ത്രി വ്യക്തമാക്കി.
◾ കൂത്താട്ടുകുളത്തെ തട്ടിക്കൊണ്ടുപോകല്‍ കേസില്‍ ജാമ്യം ലഭിച്ച പ്രതികള്‍ക്ക് സ്വീകരണം. മൂവാറ്റുപുഴ സബ് ജയിലിന് മുന്നിലാണ് സിപിഎം പ്രവര്‍ത്തകര്‍ പ്രതികള്‍ക്ക് സ്വീകരണം നല്‍കിയത്. മുദ്രാവാക്യം വിളിച്ചും രക്തഹാരമണിയിച്ചുമാണ് 4 പ്രതികളെയും പാര്‍ട്ടി പ്രവര്‍ത്തകര്‍ സ്വീകരിച്ചത്. മൂവാറ്റുപുഴ സിപിഎം ഏരിയ സെക്രട്ടറിയുടെ നേതൃത്വത്തിലുള്ള സിപിഎം പ്രവര്‍ത്തകരാണ് സബ് ജയിലിന് മുന്നിലെത്തിയത്.
◾ ചേന്ദമംഗലം കൂട്ടക്കൊലക്കേസില്‍ പിടിയിലായ പ്രതി റിതു ജയനുമായുള്ള തെളിവെടുപ്പ് പോലിസ് നടത്തിയത് ഇന്നലെ പുലര്‍ച്ചെ. നേരത്തെ കോടതിയില്‍ ഹാജരാക്കിയ ദിവസം പ്രതിക്ക് നേരെ നാട്ടുകാരുടെ കൈയേറ്റ ശ്രമമുണ്ടായിരുന്നു. ഈ സുരക്ഷാ ഭീഷണി കൂടി കണക്കിലെടുത്തായിരുന്നു അതിരാവിലെ കനത്ത പൊലീസ് കാവലിലുള്ള തെളിവെടുപ്പ്. മിന്നല്‍ വേഗത്തില്‍ തെളിവെടുപ്പ് പൂര്‍ത്തിയാക്കിയ പൊലീസ് നാട്ടുകാര്‍ ഉണരുന്നതിന് മുന്‍പ് റിതുവുമായി മടങ്ങുകയും ചെയ്തു.
◾ മലപ്പുറം അരീക്കോട് ഊര്‍ങ്ങാട്ടിരിയില്‍ കിണറ്റില്‍ വീണ കാട്ടാനയെ കര കയറ്റി. 21 മണിക്കൂറുകള്‍ നീണ്ട ദൗത്യത്തിനു ശേഷം രാത്രി പത്തോടെയാണ് കാട്ടാന കിണറ്റില്‍ നിന്ന് പുറത്തേക്ക് കയറിയത്. ആനയെ കയറ്റാനായി കിണറിന്റെ ഒരു വശത്ത് മണ്ണുമാന്തി പാത നിര്‍മിച്ചിരുന്നു. അതുവഴി പുറത്തുവന്ന ആന കാട്ടിലേക്ക് തിരിച്ചുപോയി. വനംവകുപ്പിന്റെ 60 അംഗ ദൗത്യസംഘമാണ് രക്ഷാപ്രവര്‍ത്തനത്തിന് നേതൃത്വം നല്‍കിയത്.
◾ മലയാളികളുടെ ഓസ്‌കാര്‍ പ്രതീക്ഷയായിരുന്ന ആടുജീവിതവും ഓള്‍ വി ഇമാജിന്‍ ആസ് ലൈറ്റും തൊണ്ണൂറ്റിയേഴാമത് ഓസ്‌കര്‍ ഓസ്‌കാര്‍ നോമിനേഷനുകളില്‍ ഇടം നേടിയില്ല. 14 നോമിനേഷനുകളുമായി ഫ്രഞ്ച് ചിത്രം എമിലിയ പെരസ് പ്രഖ്യാപനത്തില്‍ ശ്രദ്ധയാകര്‍ഷിച്ചു. അതേസമയം ഇന്ത്യന്‍ അമേരിക്കന്‍ ഹിന്ദി ഷോര്‍ട്ട് ഫിലിം അനുജയ്ക്ക് ഓസ്‌കര്‍ നാമനിര്‍ദ്ദേശമുണ്ട്.
◾ ആന്തരിക രക്തസ്രാവത്തെത്തുടര്‍ന്ന് കൊച്ചിയിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലുള്ള സംവിധായകന്‍ ഷാഫി അതീവ ഗുരുതരാവസ്ഥയിലെന്ന് റിപ്പോര്‍ട്ടുകള്‍. വെന്റിലേറ്റര്‍ സഹായത്തോടെയാണ് അദ്ദേഹത്തിന്റെ ജീവന്‍ നിലനിര്‍ത്തുന്നതെന്നാണ് വിവരം.
◾ ന്യൂഡല്‍ഹിയിലെ ഹരി നഗറില്‍ വെച്ച് തന്റെ കാര്‍ ആക്രമിക്കപ്പെട്ടെന്ന് ഡല്‍ഹി മുന്‍ മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാള്‍. കേന്ദ്രമന്ത്രി അമിത് ഷാ ആണ് ആക്രമണത്തിന് പിന്നിലെന്നും എതിര്‍സ്ഥാനാര്‍ഥിയുടെ അനുയായികളായ ആക്രമികളെ തന്റെ പൊതുയോഗത്തില്‍ പ്രവേശിക്കാന്‍ ഡല്‍ഹി പോലീസ് അനുവദിച്ചതായും അദ്ദേഹം ആരോപിച്ചു. ഒരു ദേശീയ പാര്‍ട്ടിയുടെ നേതാക്കളും അധ്യക്ഷനും നിരന്തരം ആക്രമിക്കപ്പെട്ടിട്ടും ഫലപ്രദമായ ഒരു നടപടിയും സ്വീകരിക്കാന്‍ തിരഞ്ഞെടുപ്പ് കമ്മിഷന് ആകുന്നില്ലെന്നും കെജ്രിവാള്‍ കുറ്റപ്പെടുത്തി.
◾ ഉത്തരാഖണ്ഡ് മുന്‍ മുഖ്യമന്ത്രിയും മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവുമായ ഹരീഷ് റാവത്ത് വോട്ടര്‍ പട്ടികയില്‍ പേരില്ലാത്തതിനാല്‍ തദ്ദേശ തിരഞ്ഞെടുപ്പില്‍ വോട്ട് ചെയ്യാന്‍ സാധിക്കാതെ മടങ്ങി. തെരഞ്ഞെടുപ്പ് ദിവസം രാവിലെ വോട്ട് ചെയ്യാന്‍ എത്തിയ ഹരീഷിനോട് വോട്ടര്‍ ലിസ്റ്റില്‍ പേര് ചേര്‍ത്തിട്ടില്ലാത്തതിനാല്‍ വോട്ട് ചെയ്യാന്‍ സാധിക്കില്ലെന്നും ഇനിയൊന്നും ചെയ്യാന്‍ പറ്റില്ലെന്നുമാണ് അധികൃതര്‍ പറഞ്ഞത്.
◾ രാജ്യത്തിന് നല്‍കിയ മികച്ച സംഭാവനകളെ ആദരിക്കുന്നതിന്റെ ഭാഗമായി പ്രധാനമന്ത്രി നരേന്ദ്ര മോദി ദില്ലിയിലെ കര്‍ത്തവ്യപഥത്തില്‍ നടക്കുന്ന 2025ലെ റിപ്പബ്ലിക് ദിന പരേഡ് കാണാന്‍ വിവിധ മേഖലകളില്‍ നിന്നുള്ള ഏകദേശം 10,000 വിശിഷ്ടാതിഥികളെ ക്ഷണിച്ചു. വിവിധ മേഖലകളില്‍ മികവ് പുലര്‍ത്തിയവരെ ‘സ്വര്‍ണിം ഭാരതി’ന്റെ ശില്‍പ്പികളായി അംഗീകരിച്ചാണ് ക്ഷണം നല്‍കിയത്. കേരളത്തില്‍ നിന്ന് ഏകദേശം 150 പേര്‍ക്കാണ് പ്രധാനമന്ത്രിയുടെ ക്ഷണം ലഭിച്ചത്.
◾ ജമ്മു കശ്മീരിലെ രജൗരിയില്‍ ദുരൂഹമരണത്തിലേക്ക് നയിച്ച രോഗബാധയ്ക്ക് കാരണം വൈറസോ ബാക്ടീരിയയോ അല്ലെന്നും ജൈവിക വിഷവസ്തുവിന്റെ സാന്നിധ്യമാണെന്നും പ്രാഥമിക പരിശോധനാഫലങ്ങളില്‍നിന്ന് വ്യക്തമായതായി അദ്ദേഹം പറഞ്ഞു. വിഷവസ്തുവിന്റെ സാന്നിധ്യത്തെ കുറിച്ചുള്ള വിശദമായ വിശകലനം പുരോഗമിക്കുകയാണെന്നും ജിതേന്ദ്ര സിങ് കൂട്ടിച്ചേര്‍ത്തു.