എസ്.എഫ്.ഐ പ്രവർത്തകന് ക്രൂര മർദ്ദനം:കാലിക്കറ്റ് സർവകലാശാല ഡി സോൺ കലോത്സവം നിർത്തിവച്ചു
തൃശൂർ:
കെ.എസ്.യു-എസ്.എഫ്.ഐ. പ്രവർത്തകർ ഏറ്റുമുട്ടിയതോടെ കാലിക്കറ്റ് സർവകലാശാലയുടെ ഡി സോൺ കലോത്സവം നിർത്തി വച്ചു. മാള ഹോളി ഗ്രേസ് കോളെജിലാണ് കലോത്സവം സംഘടിപ്പിച്ചിരുന്നത്. കലോത്സവത്തിന്റെ അവസാന ദിവസം സ്കിറ്റ് മത്സരം ആരംഭിക്കാൻ വൈകിയതാണ് പ്രശ്നങ്ങൾക്ക് ഇടയാക്കിയത്.
മത്സരങ്ങളുടെ സമയം വൈകിയതിനെ ചോദ്യം ചെയ്ത് എസ്.എഫ്.ഐ പ്രവർത്തകർ രംഗത്തെത്തി. സ്റ്റേജിൽ കയറിയിരുന്ന് എസ്.എഫ്.ഐ പ്രവർത്തകർ പ്രതിഷേധം ആരംഭിച്ചതോടെ വിദ്യാർഥികൾ പരസ്പരം ആക്രമിക്കുകയായിരുന്നു.
സംഘര്‍ഷത്തില്‍ സാരമായി പരുക്കേറ്റ് ആശുപത്രിയില്‍ പ്രവേശിപ്പിച്ച എസ്.എഫ്.ഐ കേരള വര്‍മ്മ കോളെജ് യൂണിറ്റ് പ്രസിഡന്റ് ആശിഷിന്റെ നില ഗുരുതരമാണ്. ഇരു വിഭാഗങ്ങളിലേയും 15 ഓളം വിദ്യാർഥികൾക്ക് പരുക്കേറ്റിട്ടുണ്ട്.
കേരളാ വർമ്മ കോളെജിലെ എസ്.എഫ്.ഐ പ്രവർത്തകനെ കെ.എസ്.യു പ്രവർത്തകർ ക്രൂരമായി ആക്രമിക്കുന്നതിന്റെ വീഡിയോ ദൃശ്യങ്ങൾ പുറത്ത് വന്നു. നിലത്ത് വീണ വിദ്യാർഥിയെ കസേരകൾ കൊണ്ടും വടികൊണ്ടും വളഞ്ഞിട്ട് അടിക്കുന്നതിന്റെ ദൃശ്യങ്ങളടക്കമാണ് പുറത്ത് വന്നത്. കെ.എസ്.യു. ജില്ലാ അധ്യക്ഷൻ ഗോകുൽ ഗുരുവായൂരിന്റെ നേതൃത്വത്തിലുള്ള സംഘമാണ് വിദ്യാർഥിയെ ആക്രമിച്ചത്.