Saturday, April 19, 2025
GENERALKERALA NEWSSports

ഗോകുലത്തിൽ നാട്ടിൽ തുടർ ജയം


കോഴിക്കോട്:

നാട്ടിലെ ഐ ലീഗ് പോരാട്ടത്തിൽ ഗോകുലം കേരള എഫ്.സിക്ക് രണ്ടാം തുടർ വിജയം. കോഴിക്കോട് കോർപ്പറേഷൻ സ്റ്റേഡിയത്തിൽ നടന്ന മത്സരത്തിൽ സ്പോർടി ങ് ക്ലബ് ബെംഗളൂരുവിനെ എതിരില്ലാത്ത രണ്ട് ഗോളിനാണ് ഗോകുലം തകർത്തത്. ഗോകുലത്തിൻ്റെ സ്പാനിഷ് താരം അബെലെഡോയാണ് ഇരു ഗോളുകളും നേടിയത്. ആദ്യ പകുതിയിലും രണ്ടാം പകുതിയിലും ഓരോ ഗോളുകൾ പിറന്നു.
മത്സരത്തിൻ്റെ തുടക്കം മുതൽ ഗോകുലത്തിൻ്റെ മുന്നേറ്റമായിരുന്നു. ആറാം മിനുട്ടിൽ തന്നെ സ്പോർടി ങ് ക്ലബ് ബെംഗളൂരുവിനെതിരെ മൂന്ന് മികച്ച അവസരങ്ങൾ ഗോകുലത്തിന് ലഭിച്ചെങ്കിലും ഗോളായില്ല. എന്നാൽ
എട്ടാം മിനുട്ടിൽ ഗോകുലം സ്കോർ ചെയ്തു. മിഡ് ഫീൽഡറായ സ്പാനിഷ് താരം  അബെലെഡോയാണ് ഗോകുലത്തിനായി ഗോൾ നേടിയത് (1-0). ബോക്സിന് സമീപത്ത് നിന്ന് ലഭിച്ച ബാക്ക് പാസ് ബെംഗളൂരു ഗോൾ കീപ്പർ യുയാ യെ ഞെട്ടിച്ച് അബെലെഡോ വലയിലെത്തിച്ചു. തുടർന്ന് സമനില ഗോളിനായി എസ്.സി. ബെംഗളൂരു പൊരുതിയെങ്കിലും ഗോകുലത്തിൻ്റെ പ്രതിരോധം മറിക്കടക്കാനായില്ല. കിട്ടിയ അവസരങ്ങൾ മുതലാക്കാൻ ഗോകുലം ശ്രമിച്ചെങ്കിലും ഒരു ഗോൾ നേട്ടത്തിൽ ആദ്യ പകുതി അവസാനിച്ചു. രണ്ടാം പകുതിയുടെ തുടക്കത്തിലും ഗോകുലത്തിനൊപ്പം ബെംഗളൂരുവിനും  മികച്ച അവസരങ്ങൾ ലഭിച്ചെങ്കിലും ഗോൾ സ്വന്തമാക്കാനായില്ല. രണ്ടാം പകുതിയിൽ ഇരു ടീമുകളും ചില താരങ്ങളെ ഇറക്കി പരീക്ഷിച്ചു. മത്സരത്തിൻ്റെ നിശ്ചിത സമയം അവസാനിക്കാൻ ഇരിക്കെ 90-ാം മിനുട്ടിൽ ഗോകുലം ലീഡുയർത്തി. ഇത്തവണയും ഗോകുലത്തിൻ്റെ മിഡ് ഫീൽഡറായ സ്പാനിഷ് താരം  അബെലെഡോയായിരുന്നു സ്കോറർ (2-0). മൈതാനത്തിൻ്റെ മധ്യത്തിൽ നിന്നു ലഭിച്ച പന്തുമായി സ്വയം മുന്നേറി
അബെലെഡോ ബെംഗളൂരുവിൻ്റെ വല കുലുക്കുകയായിരുന്നു. കഴിഞ്ഞ കളിയിലും ഗോകുലത്തിനായി അബെലെഡോ രണ്ട് ഗോൾ നേടിയിരുന്നു. മത്സരത്തിൻ്റെ അവ സാന സമയത്ത് ഗോകുലത്തിൻ്റെ മിഡ്ഫീൽഡർ സലാം രഞ്ജൻ സിംഗ് റെഡ് കാർഡ് കിട്ടി പുറത്തു പോയി.അബെലെഡോക്ക് യെല്ലോ കാർഡും ലഭിച്ചു. ഇരു ടീമുകളും തമ്മിൽ ചെറിയ രീതിൽ കയ്യാങ്കളിയുണ്ടായതിനെ തുടർന്നായിരുന്നു റെഫറിയുടെ നടപടി. ‘
ഹോം മാച്ചിൽ തുടർച്ചയായി രണ്ടാം വിജയം നേടിയ ഗോകുലം കേരള എഫ്.സി. 19 പോയൻ്റുകളുമായി പട്ടികയിൽ മൂന്നാം സ്ഥാനത്തെത്തി. ഫെബ്രുവരി 12 ന് റിയൽ കാശ് മീരുമായാണ് ഗോകുലത്തിൻ്റെ അടുത്ത ഹോം മാച്ച്. ഫെബ്രുവരി ഒന്നിന് ഇൻ്റർ കാശിയുമായി എവേ മാച്ചുമുണ്ട്.