Tuesday, February 4, 2025
DISTRICT NEWSGENERALKERALA NEWSPolitics

എം. മെഹബൂബ് സി.പി.എം കോഴിക്കോട് ജില്ലാ സെക്രട്ടറി

ജില്ലാ കമ്മിറ്റിയിൽ 47 അംഗങ്ങൾ; 13 പുതുമുഖങ്ങള്‍

വടകര:

വടകരയില്‍ മൂന്ന് ദിവസമായി നടന്ന സി.പി.എം കോഴിക്കോട് ജില്ലാ സമ്മേളനം 47 അംഗ ജില്ലാ കമ്മിറ്റിയെ തെരഞ്ഞെടുത്തു. രണ്ടു പേരെ വര്‍ധിപ്പിച്ചാണ് 47 ആക്കിയത്. എം. മെഹബൂബാണ് പുതിയ ജില്ലാ സെക്രട്ടറി. 47 അംഗ കമ്മിറ്റിയില്‍ 13 പേര്‍ പുതുമുഖങ്ങളാണെന്ന് സ്ഥാനം ഒഴിഞ്ഞ ജില്ലാ സെക്രട്ടറി പി.മോഹനനും പുതിയ സെക്രട്ടറി എം.മെഹബൂബും അറിയിച്ചു.

പ്രായാധിക്യം ഉള്‍പെടെയുള്ള കാരണങ്ങളാല്‍ 11 പേര്‍ ഒഴിവായതായി പി.മോഹനന്‍ വാർത്താ സമ്മേളനത്തിൽ  അറിയിച്ചു. ടി.പി.ദാസന്‍, കെ.കുഞ്ഞമ്മദ്, ആര്‍.പി.ഭാസ്‌കരന്‍, പി.വിശ്വന്‍, വി.പി.കുഞ്ഞികൃഷ്ണന്‍, കെ.ദാസന്‍, പി.കെ.ദിവാകരന്‍, പ്രേംകുമാര്‍ ഉള്‍പെടെയുള്ളവര്‍ ഒഴിവായി. 47 അംഗ ജില്ലാ കമ്മിറ്റിയില്‍ ആറു പേര്‍ വനിതകളാണ്.
ജില്ലാ സെക്രട്ടറിയായ എം. മെഹബൂബ്
1977 ൽ പാർട്ടി അംഗമായത്. 1987 മുതൽ 2001 വരെ സിപിഐ എം ബാലുശേരി ഏരിയാസെക്രട്ടറിയായിരുന്നു. ഡി.വൈ.എഫ്‌.ഐ ജില്ലാ പ്രസിഡന്റും സംസ്ഥാന എക്‌സിക്യൂട്ടീവ്‌ അംഗവുമായും പ്രവർത്തിച്ചു. ഡി.വൈ.എഫ്‌.ഐ ജില്ലാപ്രസിഡന്റായിരിക്കെ പാർട്ടി ജില്ലാ കമ്മറ്റിയംഗമായി.
24ാം വയസിൽ അത്തോളി ഗ്രാമപഞ്ചായത്ത്‌ പ്രസിഡന്റ്‌ എന്ന നിലയിൽ ഏഴരകൊല്ലത്തിലധികം പ്രവർത്തിച്ചു. അക്കാലത്ത്‌ സംസ്ഥാനത്തെ മികച്ച ഗ്രാമ പഞ്ചായത്തിനുള്ള പുരസ്‌കാരം അത്തോളിയെ തേടിയെത്തി. യുവജന നേതാവായിരിക്കെ മന്ത്രിമാരെ തടയൽ സമരത്തിൽ പങ്കെടുത്തതിനെ തുടർന്ന്‌ പൊലീസ്‌ മർദനത്തിനിരയാകുകയും ജയിൽവാസമനുഭവിക്കുകയും ചെയ്‌തു. നേരത്തെ കർഷകസംഘം ജില്ലാ പ്രസിഡന്റായിരുന്ന മെഹബൂബ്‌ നിലവിൽ സംസ്ഥാന വൈസ്‌ പ്രസിഡന്റാണ്‌.
കേരഫെഡ്‌ വൈസ്‌ ചെയർമാനായും കുറഞ്ഞകാലം ചെയർമാനായും പ്രവർത്തിച്ചു. തുടർച്ചയായി കൺസ്യൂമർഫെഡിന്റെ ചെയർമാനായ ഏകവ്യക്തിയാണ്‌. നഷടത്തിലായ കൺസ്യൂമർഫെഡിനെ ലാഭത്തിലാക്കിയതും ഇക്കാലയളവിലാണ്‌.
എം ദാസൻ മെമ്മോറിയൽ എൻജിനീയറിങ്‌ കോളേജിന്റെ മാനേജിങ്‌ കമ്മറ്റി ചെയർമാനായ മെഹബൂബ്‌ സംസ്ഥാന സഹകരണ ബാങ്ക്‌ പ്രസിഡന്റ്‌, ജില്ലാ സഹകരണ ബാങ്ക്‌ പ്രസിഡന്റ്‌, അത്തോളി സഹകരണ ആശുപത്രി പ്രസിഡന്റ്‌, അത്തോളി സഹകരണ ബാങ്ക്‌ പ്രസിഡന്റ്‌, റബ്‌കോ ഡയരക്ടർ, കേരള ബാങ്ക്‌ ഡയരക്ടർ എന്നീ നിലകളിലും പ്രവർത്തിച്ചു.
മെഹബൂബിന്‌ രണ്ടു തവണ മികച്ച സഹകാരി പുരസ്‌കാരം സഹകരണ വിദ്യാഭ്യാസമേഖലയിലെ പ്രവർത്തനത്തിന്‌ ഗാന്ധീ പീസ്‌ ഫൗണ്ടഷൻ പുരസ്‌കാരം, ജില്ലാ ബാങ്ക് പ്രസിഡൻ്റിനുള്ള ദേശീയ പുരസ്കാരം, പ്രവാസി ഭാരതി പുരസ്കാരം എന്നിവ ലഭിച്ചിട്ടുണ്ട്. അത്തോളി ഗവ. ഹൈസ്‌കൂൾ, ഗവ. ആർട്‌സ്‌ ആൻഡ്‌ സയൻസ്‌ കോളജിലായിരുന്നു വിദ്യാഭ്യാസം. എസ്‌.എഫ്‌.ഐ ജില്ലാകമ്മറ്റിയംഗമായും കെഎസ്‌വൈഎഫ്‌ ജില്ലാ കമ്മറ്റിയംഗമായും പ്രവർത്തിച്ചു. അത്തോളി ടൗണിനടുത്ത്‌ ‘സൗഹൃദം’ വീട്ടിലാണ്‌ താമസം. എൽ.ഐ.സി.യിൽ നിന്നും വിരമിച്ച ടി.പി. സുഹറയാണ്‌ ഭാര്യ. മകൾ: ഡോ. ഫാത്തിമാ സനം (എം. ഡി ലിയാ ഐവിഎഫ്‌ ഫെർട്ടിലിറ്റി സെന്റർ കുറ്റ്യാടി), മരുമകൻ: ഡോ. ആഷിഫ്‌ അലി (എം.ഡി ലിയാ ഐവിഎഫ്‌ ഫെർട്ടിലിറ്റി സെന്റർ കുറ്റ്യാടി).

Leave a Reply

Your email address will not be published. Required fields are marked *