Tuesday, February 4, 2025
GENERALKERALA NEWSSports

ഇന്ത്യൻ വുമൺ ലീഗിൽ ഈസ്റ്റ് ബംഗാളിനെ വീഴ്ത്തിഗോകുലം കേരള

കരുത്തരായ ഈസ്റ്റ് ബംഗാളിനെ വീഴ്ത്തി
ഇന്ത്യൻ വുമൺ ലീഗിൽ ഗോകുലം കേരളക്ക് ജയം. ഇന്നലെ സ്വന്തം തട്ടകത്തിൽ നടന്ന മത്സരത്തിൽ കരുത്തരായ ഈസ്റ്റ് ബംഗാളിനെയായിരുന്നു മലബാറിയൻസിന്റെ പെൺപുലികൾ മുട്ടുകുത്തിച്ചത്. 3-2 എന്ന സ്‌കോറിനായിരുന്നു ഗോകുലത്തിന്റെ ജയം. മത്സരത്തിൽ ഉഗാണ്ടൻ താരം ഫസീലയുടെ ഹാട്രിക്കിന്റെ കരുത്തിലായിരുന്നു ഗോകുലം ജയിച്ചു കയറിയത്. മത്സരം തുടങ്ങി രണ്ടാം മിനുട്ടിൽ ഫസീല ആദ്യ ഗോൾ ഈസ്റ്റ് ബംഗാളിന്റെ വലയിലെത്തിച്ചു. മത്സരത്തിന്റെ തുടക്കത്തിൽ തന്നെ ഒരു ഗോൾ വഴങ്ങിയതോടെ ഈസ്റ്റ് ബംഗാൾ അൽപം പതറി. ഈ അവസരം മുതലാക്കിയ ഗോകുലം അധികം വൈകാതെ രണ്ടാം ഗോളും നേടി മത്സരത്തിൽ ആധിപത്യം സ്ഥാപിച്ചു. 35-ാം മിനുട്ടിലായിരുന്നു ഗോകുലത്തിന്റെ രണ്ടാം ഗോൾ. വീണ്ടും ഫസീല തന്നെയായിരുന്നു ഗോൾ സ്‌കോറർ. ആദ്യ പകുതിയിൽ രണ്ട് ഗോളിന്റെ ലീഡുമായിട്ടായിരുന്നു മലബാറിയൻസ് മത്സരം അവസാനിപ്പിച്ചത്. രണ്ടാം പകുതി പുരോഗമിക്കുന്നതിനിടെ 52-ാം മിനുട്ടിൽ ഗോകുലത്തിന് അനുകൂലമായി പെനാൽറ്റി ലഭിച്ചു. കിക്കെടുത്ത ഫസീലക്ക് പിഴച്ചില്ല. സ്‌കോർ 3-0. എന്നാൽ പിന്നീട് മത്സരത്തിന്റെ അവസാന സമയത്ത് പൊരുതിയായിരുന്നു ഈസ്റ്റ് ബംഗാൾ രണ്ട് ഗോൾ മടക്കിയത്. ” നേരത്തെ തീരുമാനിച്ചപോലെ കളിക്കാൻ കഴിഞ്ഞതായിരുന്നു ടീമിന്റെ വിജയത്തിന് കാരണം. ആദ്യ പകുതിയിൽ തന്നെ രണ്ട് ഗോളിന്റെ ലീഡ് ലഭിച്ചത് ടീമിന് ആത്മവിശ്വാസം വർധിക്കാൻ കാരണമായി” പരിശീലകൻ രഞ്ജൻ ചൗധരി വ്യക്തമാക്കി. പ്രതിരോധനിര ഒത്തിണക്കത്തോടെ കളിച്ചതായിരുന്നു കൂടുതൽ ഗോളുകൾ  നേടുന്നതിൽനിന്ന് ടീമിനെ രക്ഷപ്പെടത്തിയതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
അഞ്ച് മത്സരത്തിൽ 13 പോയിന്റുള്ള ഗോകുലം പട്ടികയിൽ രണ്ടാം സ്ഥാനത്താണിപ്പോൾ. ഫെബ്രുവരി ഏഴിന് ചെന്നൈയിൽ സേതു ഫുട്‌ബോൾ ക്ലബിനെതിരേയാണ് ഗോകുലത്തിന്റെ ലീഗിലെ അടുത്ത മത്സരം.

Leave a Reply

Your email address will not be published. Required fields are marked *