സായാഹ്ന വാർത്താമുദ്ര
03-02-2025
◾ പാലക്കാട് എലപ്പുള്ളി ബ്രൂവറിയില്‍ അഴിമതിയാരോപണം ശക്തമാക്കി പ്രതിപക്ഷം. ഒയാസിസ് കമ്പനിക്ക് വേണ്ടി മദ്യനയം മാറ്റിയെന്നും മന്ത്രി എംബി രാജേഷ് പറയുന്നത് പച്ചക്കള്ളമാണെന്നും വിഡി സതീശന്‍ ആരോപിച്ചു. 2023ല്‍ കേരളത്തില്‍ മദ്യനിര്‍മാണശാല തുടങ്ങാന്‍ ഒയാസിസ് കമ്പനി ഐഒസിയിലും അപേക്ഷ നല്‍കിയെന്നും ഒയാസിസ് കമ്പനിയും എക്സൈസ് മന്ത്രിയുമായി ഡീല്‍ നടന്നുവെന്നും എംബി രാജേഷുമായി കെ കവിത ചര്‍ച്ച നടത്തിയെന്നും വിഡി സതീശന്‍ പറഞ്ഞു.
◾ ലൈംഗീക പീഡന കേസില്‍ മുകേഷ് എംഎല്‍എക്ക് എതിരെ കുറ്റപത്രം സമര്‍പ്പിച്ചതില്‍ പ്രതികരണവുമായി സംസ്ഥാന വനിതാ കമ്മീഷന്‍ അധ്യക്ഷ പി സതീദേവി. മുകേഷ് നിയമപരമായി രാജിവെക്കേണ്ടതിന്റെ ആവശ്യമില്ലെന്നും കോടതി കുറ്റക്കാരന്‍ ആണെന്ന് കണ്ടെത്തിയാല്‍ മാത്രം രാജിവെച്ചാല്‍ മതിയെന്നും അവര്‍ വ്യക്തമാക്കി. അതേ സമയം ധാര്‍മികതയുടെ പേരില്‍ രാജി വേണോ എന്ന് തീരുമാനിക്കേണ്ടത് മുകേഷ് ആണെന്നും സതീദേവി ചൂണ്ടിക്കാട്ടി.
◾ നടിയുടെ ലൈംഗികാതിക്രമ പരാതിയില്‍ നടനും എം.ല്‍.എ.യുമായ മുകേഷിനെ കുറ്റക്കാരനാണെന്ന് കോടതി കണ്ടെത്തിയാല്‍ സര്‍ക്കാരിന്റെ ഭാഗത്ത് നിന്ന് ഒരംശം പോലും പോലും ഇളവ് കൊടുക്കില്ലെന്ന് സി.പി.എം നേതാവ് പി.കെ ശ്രീമതി. സി.പി.എം കണ്ണൂര്‍ ജില്ലാ സമ്മേളനത്തിനിടെ മുകേഷ് വിഷയത്തില്‍ മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അവര്‍.
◾ പിപി ദിവ്യയെ കണ്ണൂരിലും തള്ളിപ്പറഞ്ഞ് മുഖ്യമന്ത്രി പിണറായി വിജയന്‍. അവനവന്‍ ചെയ്യുന്നതിന്റെ ഫലം അവനവന്‍ അനുഭവിക്കണം എന്നായിരുന്നു മുഖ്യമന്ത്രിയുടെ പ്രതികരണം. പാര്‍ട്ടി അംഗത്തിന് നിരക്കാത്ത പെരുമാറ്റമെന്നും പിണറായി നിലപാട് വ്യക്തമാക്കി. സിപിഎം ജില്ലാ സമ്മേളനത്തിലെ മറുപടി പ്രസംഗത്തിലാണ് മുഖ്യമന്ത്രിയുടെ വിമര്‍ശനം.
◾ ഈഴവര്‍ക്ക് സിപിഎമ്മിലും കോണ്‍ഗ്രസിലും അവഗണനയാണെന്നും കസേരയ്ക്ക് ഭീഷണി വരുമ്പോള്‍ മാത്രമാണ് സമുദായ ചിന്തയെന്നും എസ്എന്‍ഡിപി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്‍. എസ്എന്‍ഡിപി യോഗത്തിന്റെ മുഖപത്രമായ യോഗനാദത്തിലാണ് വെള്ളാപ്പള്ളി നടേശന്റെ വിമര്‍ശനം. കോണ്‍ഗ്രസ് ഈഴവരെ വെട്ടിനിരത്തുകയാണെന്നും നിലവില്‍ സമുദായത്തിനുള്ളത് കെ ബാബു എന്ന എംഎല്‍എ മാത്രമാണ്. കെപിസിസി പ്രസിഡന്റ് പോലും തഴയപ്പെടുന്നുവെന്നും തെരഞ്ഞെടുപ്പ് കഴിയുമ്പോള്‍ ആ ഈഴവന്‍ പോലും പദവിയില്‍ ഇല്ലാതാകുമെന്നും വെള്ളാപ്പള്ളി പറഞ്ഞു. കെപിസിസി നേതൃമാറ്റ ചര്‍ച്ചകള്‍ക്കിടെയാണ് വെള്ളാപ്പള്ളിയുടെ വിമര്‍ശനമെന്നതും ശ്രദ്ധേയമാണ്. അതേ സമയം നിലവിലെ രാഷ്ട്രീയ സാഹചര്യത്തില്‍ മൂന്നാമതും പിണറായി സര്‍ക്കാര്‍ അധികാരത്തില്‍ വരുമെന്നും നേതൃസ്ഥാനത്ത് പിണറായി വിജയനല്ലാതെ മറ്റൊരു മുഖം സിപിഎമ്മിനില്ലെന്നും വെള്ളാപ്പള്ളി കൂട്ടിച്ചേര്‍ത്തു.
◾ ഒളിമ്പിക്സിലോ ദേശീയ ഗെയിംസിലോ മത്സര ഇനമല്ലാത്ത പുരുഷ ശരീര സൗന്ദര്യ മത്സരത്തിലെ വിജയികള്‍ക്ക് ആംഡ് പൊലീസ് ഇന്‍സ്പെക്ടര്‍മാരായി നിയമനം നല്‍കാനുള്ള മന്ത്രിസഭാ തീരുമാനം വിവാദത്തില്‍. ചട്ടങ്ങളില്‍ ഇളവ് വരുത്തി സൂപ്പര്‍ന്യൂമറി തസ്തിക സൃഷ്ടിച്ചാണ് നിയമം നല്‍കുന്നത്. അന്തര്‍ദേശീയ- ദേശീയ തലങ്ങളില്‍ മെഡലുകള്‍ കരസ്ഥമാക്കിയ താരങ്ങള്‍ നിയമനത്തിനായി കാത്തുനില്‍ക്കുമ്പോഴാണ് ചട്ടവിരുദ്ധ നിയമനം.
◾ ബാലരാമപുരത്ത് കൊല്ലപ്പെട്ട രണ്ട് വയസുകാരി ദേവേന്ദുവിന്റെ അമ്മ ശ്രീതുവിന്റെ സാമ്പത്തിക തട്ടിപ്പിനെക്കുറിച്ചുള്ള കൂടുതല്‍ വിവരങ്ങള്‍ പുറത്ത്. വ്യാജ നിയമന ഉത്തരവ് തയ്യാറാക്കാന്‍ ശ്രീതുവിന് പുറത്ത് നിന്ന് സഹായം ലഭിച്ചതായി പൊലീസ് വ്യക്തമാക്കി. തട്ടിപ്പിന് സഹായിച്ചവരുടെ വിവരങ്ങള്‍ ശ്രീതു പൊലീസിന് കൈമാറിയിട്ടുണ്ട്. കുറ്റകൃത്യത്തില്‍ ശ്രീതു ഒറ്റക്കല്ലെന്നു നിഗമനത്തിലാണ് പൊലീസ് എത്തിച്ചേര്‍ന്നിരിക്കുന്നത്.
◾ നെന്മാറ ഇരട്ടക്കൊലപാതകത്തെ തുടര്‍ന്നുണ്ടായ ജനകീയ പ്രതിഷേധത്തില്‍ രണ്ട് പേര്‍ അറസ്റ്റില്‍. നെന്മാറ പൊലീസ് സ്റ്റേഷന് മുന്നിലെ സംഘര്‍ഷത്തിലാണ് രണ്ട് പേര്‍ പിടിയിലായത്. പോത്തുണ്ടി സ്വദേശികളായ രഞ്ജിത് , ഷിബു എന്നിവരാണ് പിടിയിലായത്. ഔദ്യാഗിക കൃത്യനിര്‍വഹണം തടസപ്പെടുത്തി, പൊതുമുതല്‍ നശിപ്പിച്ചു തുടങ്ങിയ വകുപ്പുകളിലാണ് കേസ്.
◾ കിഫ്ബി പദ്ധതി പ്രകാരം നിര്‍മ്മിക്കുന്ന റോഡുകളില്‍ നിന്ന് ടോള്‍ പിരിക്കാന്‍ സര്‍ക്കാര്‍ നീക്കം. 50 കോടിക്ക് മുകളില്‍ മുതല്‍മുടക്കുള്ള റോഡുകളില്‍ മാത്രമാണ് ടോള്‍ ഈടാക്കുക. ഇത് സംബന്ധിച്ച തീരുമാനം മുഖ്യമന്ത്രിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന മന്ത്രിതല സമിതി അംഗീകരിച്ചു. നിയമ, ധന മന്ത്രിമാരാണ് യോഗത്തില്‍ പങ്കെടുത്തത്.
◾ വഖഫ് നിയമ ഭേദഗതിയില്‍ ജെപിസിയെ പോലും കേന്ദ്ര സര്‍ക്കാര്‍ നോക്കുകുത്തിയാക്കി വഖഫിന്റെ അന്തസത്ത തകര്‍ക്കും വിധമാണ് തീരുമാനമെടുത്തതെന്ന് മുസ്ലിം ലീഗ് പാര്‍ലമെന്റ് പാര്‍ട്ടി ലീഡറും ദേശീയ ഓര്‍ഗനൈസിങ് സെക്രട്ടറിയുമായ ഇ ടി മുഹമ്മദ് ബഷീര്‍ എംപി. ജെപിസി റിപ്പോര്‍ട്ടിനെയും അതിന്റെ തുടര്‍ നടപടികളെയും കീഴ്മേല്‍ മറിക്കുന്നതാണ് ഇന്നലെ മുതല്‍ പുറത്ത് വന്ന് കൊണ്ടിരിക്കുന്ന മാധ്യമ വാര്‍ത്തകളുടെ അന്തസത്ത എന്നും അദ്ദേഹം പറഞ്ഞു .
◾ ഇനി സിപിഎമ്മിലേക്ക് ഇല്ലെന്ന് കൂത്താട്ടുകുളം നഗരസഭ കൗണ്‍സിലര്‍ കലാ രാജു. കൗണ്‍സിലര്‍ സ്ഥാനം രാജി വെയ്ക്കില്ലെന്ന് പറഞ്ഞ കല ഇന്നത്തെ കൗണ്‍സില്‍ യോഗത്തില്‍ പങ്കെടുത്തു. നിലപാടില്‍ ഉറച്ചുനില്‍ക്കുമെന്നും ഭരണപക്ഷം എതിര്‍ക്കപ്പെടേണ്ട തീരുമാനങ്ങള്‍ കൊണ്ടുവന്നാല്‍ എതിര്‍ക്കുമെന്നും കലാ രാജു പറഞ്ഞു.
◾ കൂത്താട്ടുകുളം നഗരസഭ കൗണ്‍സില്‍ യോഗത്തില്‍ ബഹളം. അടിയന്തര പ്രമേയത്തിന് യുഡിഎഫ് അംഗങ്ങള്‍ നല്‍കിയ നോട്ടീസിന് അനുമതി നല്‍കാതെ ചര്‍ച്ചയിലേക്ക് കടന്നതോടെയാണ് ബഹളമായത്. യുഡിഎഫ് അംഗങ്ങള്‍ നഗരസഭ അധ്യക്ഷയുടെ രാജി ആവശ്യപ്പെട്ട് പ്ലക്കാര്‍ഡുകളും കയ്യിലേന്തി പ്രതിഷേധിച്ചു.യുഡിഎഫ് അംഗങ്ങള്‍ക്കൊപ്പം സിപിഎം അംഗമായ കലാ രാജുവും പ്രതിഷേധിച്ചു.
◾ സിപിഎമ്മിന്റെ കണ്ണൂര്‍ ജില്ലാ സെക്രട്ടറിയായി എം.വി ജയരാജന്‍ തുടരും. എംവി നികേഷ് കുമാറും എസ് എഫ് ഐ സംസ്ഥാന അധ്യക്ഷ കെ. അനുശ്രീയും ഉള്‍പ്പെടെ 11 പേര്‍ ജില്ലാ കമ്മിറ്റിയില്‍ പുതിയതായി അംഗമാകും.
◾ സംസ്ഥാനത്ത് ഇന്ന് അര്‍ദ്ധരാത്രി മുതല്‍ കെഎസ്ആര്‍ടിസിയിലെ ഒരു വിഭാഗം ജീവനക്കാര്‍ പണിമുടക്കും. കോണ്‍ഗ്രസ് അനുകൂല യൂണിയനുകളുടെ കൂട്ടായ്മയായ ട്രാന്‍സ്പോര്‍ട്ട് ഡെമോക്രാറ്റിക്ക് ഫെഡറേഷനാണ് പണിമുടക്കുന്നത്. ചൊവ്വാഴ്ച്ച രാത്രി 12 വരെയാണ് പണിമുടക്ക്. ശമ്പളവും പെന്‍ഷനും കൃത്യമായി വിതരണം ചെയ്യണമെന്ന് ആവശ്യപ്പെട്ടുകൊണ്ടാണ് പണിമുടക്ക്.
◾ മെട്രോ അങ്കമാലിയിലേക്ക് നീട്ടാനുളള നടപടികള്‍ക്ക് തുടക്കമിട്ട് കെഎംആര്‍എല്‍. അങ്കമാലിയിലേക്ക് പുതിയ മെട്രോ പാതയ്ക്കായി പദ്ധതി രേഖ തയ്യാറാക്കാന്‍ കണ്‍സള്‍ട്ടന്‍സികളെ ക്ഷണിച്ച് ടെന്‍ഡര്‍ വിളിച്ചു.നെടുമ്പാശേരി വിമാനത്താവളത്തിലേക്കുളള മെട്രോ ഭൂഗര്‍ഭ പാത എന്ന നിലയില്‍ വിഭാവനം ചെയ്യാനാണ് ലക്ഷ്യമിടുന്നത്.18 കിലോ മീറ്റര്‍ ദൈര്‍ഘ്യമുളള പാത എന്നതാണ് അങ്കമാലിയിലേക്ക് മെട്രോ വികസിപ്പിക്കുമ്പോഴുളള കെഎംആര്‍എലിന്റെ പ്രാഥമിക പദ്ധതി.
◾ സ്വന്തം താമസസ്ഥലത്തെ ഫ്‌ലാറ്റ് സമുച്ചയത്തിന്റെ 26-ാം നിലയില്‍നിന്ന് ഒന്‍പതാം ക്ലാസ് വിദ്യാര്‍ഥി മിഹിര്‍ ചാടി ജീവനൊടുക്കിയ സംഭവത്തില്‍ മൊഴിയെടുപ്പ് ആരംഭിച്ചു. കാക്കനാട് കളക്ടറേറ്റില്‍ വച്ചാണ് പൊതുവിദ്യാഭ്യാസ വകുപ്പ് ഡയറക്ടര്‍ എസ്.ഷാനവാസ് മിഹിറിന്റെ മാതാപിതാക്കളുടെയും ഗ്ലോബല്‍ സ്‌കൂള്‍ അധികൃതരുടെയും മൊഴിയെടുക്കുന്നത്. മിഹിര്‍ മുന്‍പ് പഠിച്ചിരുന്ന ജെംസ് സ്‌കൂള്‍ അധികൃതരില്‍ നിന്നും മൊഴി രേഖപ്പെടുത്തും.
◾ മലപ്പുറം എളങ്കൂരില്‍ യുവതി ജീവനൊടുക്കിയ സംഭവത്തില്‍ കൂടുതല്‍ വെളിപ്പെടുത്തലുമായി സുഹൃത്ത്. വിഷ്ണുജയെ ഭര്‍ത്താവ് പ്രഭിന്‍ നിരന്തരം മര്‍ദിച്ചിരുന്നതായി സുഹൃത്ത് വെളിപ്പെടുത്തി. വിഷ്ണുജയെ പ്രഭിന് സംശയമായിരുന്നു. ഫോണില്‍ സംസാരിക്കുന്നതിന് പോലും നിയന്ത്രണങ്ങളുണ്ടായിരുന്നു എന്നും സുഹൃത്ത് പറഞ്ഞു. ഭര്‍ത്താവിന്റെ വീട്ടിലെ ഉപദ്രവം സുഹൃത്തുക്കളോടാണ് വിഷ്ണുജ പങ്കുവെച്ചിരുന്നത്.
◾ കോട്ടയം ഏറ്റുമാനൂരില്‍ തട്ടുകടയിലെ സംഘര്‍ഷത്തിനിടെ പൊലീസുദ്യോഗസ്ഥന് ദാരുണാന്ത്യം. കോട്ടയം വെസ്റ്റ് പൊലീസ് സ്റ്റേഷനിലെ ഡ്രൈവറായ സിപിഒ ശ്യാം പ്രസാദ് ആണ് ആണ് മരിച്ചത്. ഇന്നലെ രാത്രിയില്‍ ഏറ്റുമാനൂരില്‍ ഒരു തട്ടുകടയിലാണ് നിരവധി കേസുകളില്‍ പ്രതിയായ പെരുമ്പായിക്കാട് സ്വദേശി ജിബിന്‍ ജോര്‍ജ് അക്രമം നടത്തിയത്. പ്രതി ജിബിന്‍ ജോര്‍ജിനെ പോലീസ് കസ്റ്റഡിയിലെടുത്തു.
◾ വിദ്യാര്‍ഥിനിയെ ഹോസ്റ്റല്‍ മുറിയില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി. പെരുമ്പാവൂര്‍ കുറുപ്പംപടി വേങ്ങൂര്‍ രാജഗിരി വിശ്വജ്യോതി കോളേജിലെ മൂന്നാം വര്‍ഷ ബി.ബി.എ. വിദ്യാര്‍ഥിനി അനീറ്റ ബിനോയി(21) ആണ് മരിച്ചത്.കുറുപ്പുംപടി പോലീസ് നടപടികള്‍ ആരംഭിച്ചു.
◾ മൂലമറ്റത്ത് പായില്‍ പൊതിഞ്ഞ നിലയില്‍ മൃതദേഹം കണ്ടെത്തിയ സംഭവം കൊലപാതകമെന്ന് ഉറപ്പിച്ച് പൊലീസ്. കോട്ടയം ജില്ലയിലെ മേലുകാവ് സ്വദേശി സാജന്‍ സാമുവലിനെയാണ് മരിച്ച നിലയില്‍ കണ്ടെത്തിയത്. കൊലക്കേസില്‍ ആറ് പേരെ പൊലീസ് കസ്റ്റഡിയിലെടുത്തു. ഓട്ടോറിക്ഷയിലാണ് മൃതദേഹം ഉപേക്ഷിക്കാന്‍ കൊണ്ടുപോയത്. ഓട്ടോ ഡ്രൈവര്‍ നല്‍കിയ വിവരമാണ് കേസില്‍ നിര്‍ണായകമായത്.
◾ മംഗളുരുവില്‍ കഴിഞ്ഞ മാസം നടന്ന ബാങ്ക് കൊള്ളയുടെ സൂത്രധാരന്‍ മുംബൈയില്‍ താമസിക്കുന്ന അറുപത്തിയേഴുകാരനെന്ന് കര്‍ണാടക പൊലീസ്. ദക്ഷിണ കന്നഡയില്‍ ജനിച്ച് പിന്നീട് മുംബൈയിലേക്ക് കുടിയേറിയ ശശി തേവര്‍ എന്നയാളാണ് കൊള്ളയ്ക്ക് പിന്നിലെന്നാണ് പൊലീസ് നല്‍കുന്ന വിവരം. കേസില്‍ അറസ്റ്റിലായ മുരുഗാണ്ടി തേവര്‍ എന്നയാളാണ് ശശി തേവറിനെ കുറിച്ചുള്ള വിവരവും കൊള്ള ആസൂത്രണം ചെയ്തതിനെ കുറിച്ചും പൊലീസിന് മൊഴി നല്‍കിയത്.
◾ തമിഴ്നാട്ടിലെ കുംഭകോണത്ത് കോളേജിലെ ശുചിമുറിയില്‍ കുട്ടിക്ക് ജന്മം നല്‍കി വിദ്യാര്‍ത്ഥിനി. കുട്ടിയെ ശുചിമുറിക്ക് സമീപത്തെ മാലിന്യക്കൂനയില്‍ കുട്ടിയെ ഒളിപ്പിച്ച ശേഷം ക്ലാസ് മുറിയിലെത്തിയ വിദ്യാര്‍ത്ഥിനി കുഴഞ്ഞുവീണു. പിന്നാലെ കോളേജ് അധികൃതര്‍ യുവതിയെ ആശുപത്രിയിലെത്തിച്ചപ്പോഴാണ് അല്‍പം മുന്‍പ് പ്രസവം നടന്നതായി വ്യക്തമായത്. പിന്നാലെ നടത്തിയ പരിശോധനയില്‍ മാലിന്യക്കൂനയില്‍ നിന്ന് കുട്ടിയെ കണ്ടെത്തുകയായിരുന്നു.
◾ രാജ്യ തലസ്ഥാനമായ ദില്ലി ഭരിക്കുന്നതില്‍ കഴിഞ്ഞ പത്ത് വര്‍ഷമായി ആം ആദ്മി പാര്‍ട്ടി പരാജയപ്പെട്ടെന്ന് കുറ്റപ്പെടുത്തി ആന്ധ്രാപ്രദേശ് മുഖ്യമന്ത്രി എന്‍. ചന്ദ്രബാബു നായിഡു. 10 വര്‍ഷം ഭരിച്ചിട്ടും എഎപിക്ക് ദില്ലിയില്‍ ഒന്നും ചെയ്യാന്‍ സാധിച്ചില്ലെന്നും ധനം ഉണ്ടാക്കാതെ ജനങ്ങള്‍ക്ക് അത് വിതരണം ചെയ്യുന്നതിനെക്കുറിച്ച് സംസാരിക്കാന്‍ ഒരു രാഷ്ട്രീയക്കാരന് എന്ത് അവകാശമാണ് ഉള്ളതെന്നും നായിഡു വാര്‍ത്ത സമ്മേളനത്തില്‍ ചോദിച്ചു.
◾ എല്ലാ ട്രെയിന്‍ സേവനങ്ങളും ഒരു കുടക്കീഴില്‍ പൊതുജനങ്ങള്‍ക്ക് ലഭ്യമാക്കുന്നതിനായി റെയില്‍വേ മന്ത്രാലയം ‘സ്വറെയില്‍’ എന്ന ആപ്പ് അവതരിപ്പിച്ചു. ഇന്ത്യന്‍ റെയില്‍വേയുമായി ബന്ധപ്പെട്ട എല്ലാ സേവനങ്ങളും യാത്രക്കാര്‍ക്ക് ഒരുമിച്ച് ലഭ്യമാക്കുന്നതിനായി സെന്റര്‍ ഫോര്‍ റെയില്‍വേ ഇന്‍ഫര്‍മേഷന്‍ സിസ്റ്റംസ് ആണ് ആപ്പ് വികസിപ്പിച്ചത്.
◾ പോലീസ് റിക്രൂട്ട്മെന്റ് പട്ടികയിലെ ക്രമക്കേട് ചൂണ്ടിക്കാണിച്ചതിന് പിന്നാലെ തന്നെ കൊല്ലാന്‍ ശ്രമം നടന്നു എന്ന അതീവ ഗുരുതര ആരോപണവുമായി തമിഴ്നാട്ടിലെ മുതിര്‍ന്ന ഐപിഎസ് ഓഫീസര്‍ കല്പന നായക്. കഴിഞ്ഞ ജൂലൈയില്‍ താന്‍ ചേംബറില്‍ എത്തുന്നതിന് തൊട്ടുമുന്‍പ് സംശയകരമായ രീതിയില്‍ അഗ്നിബാധ ഉണ്ടായെന്നും സംഭവത്തില്‍ നിഷ്പക്ഷമായ അന്വേഷണം നടത്തണമെന്നും കല്പന ആവശ്യപ്പെട്ടു.
ഇന്നത്തെ വിനിമയ നിരക്ക്
ഡോളര്‍ – 87.14, പൗണ്ട് – 107.07. യൂറോ – 89.04, സ്വിസ് ഫ്രാങ്ക് – 94.80, ഓസ്‌ട്രേലിയന്‍ ഡോളര്‍ – 53.51, ബഹറിന്‍ ദിനാര്‍ – 231.18, കുവൈത്ത് ദിനാര്‍ -282.04, ഒമാനി റിയാല്‍ – 224.34, സൗദി റിയാല്‍ – 23.23, യു.എ.ഇ ദിര്‍ഹം – 23.72, ഖത്തര്‍ റിയാല്‍ – 23.59, കനേഡിയന്‍ ഡോളര്‍ – 59.24.