Saturday, April 19, 2025
KERALA NEWSNews SPECIAL

പ്രഭാത വാർത്താമുദ്ര

◾ വന്യജീവി ആക്രമണത്തെ തടയാനായി കര്‍മ്മപദ്ധതിയുമായി വനം വകുപ്പ്. ഇതിനായി വനം വകുപ്പ് 10 മിഷനുകള്‍ രൂപീകരിച്ചു. എല്ലാ ഫോറസ്റ്റ് ഡിവിഷനിലും ആന താരകള്‍ നിര്‍മ്മിക്കാനും വന്യമൃഗങ്ങളുടെ സ്ഥിരം സഞ്ചാര പാതകള്‍ നിരീക്ഷിക്കുവാനും കര്‍മ്മപദ്ധതിയില്‍ തീരുമാനമായി. വന്യമൃഗങ്ങളുടെ സ്വഭാവ മാറ്റങ്ങള്‍ പഠിക്കാന്‍ വിദഗ്ധസമിതി രൂപീകരിക്കാനും വനാതിര്‍ത്തികളില്‍ സൗരോര്‍ജ്ജ വേലികള്‍ സ്ഥാപിക്കുവാനും കര്‍മ്മപദ്ധതിയില്‍ തീരുമാനിച്ചു.


◾ മനുഷ്യമൃഗ സംഘര്‍ഷത്തിന്റെ പശ്ചാത്തലത്തില്‍ വയനാടിന് 50 ലക്ഷം അനുവദിച്ച് ദുരന്തനിവാരണ വകുപ്പ്. ജില്ലാ കലക്ടര്‍ക്ക് പണം കൈമാറും. വനാതിര്‍ത്തി പ്രദേശങ്ങളിലെ അടിക്കാട് വെട്ടാനും ഈ പണം ഉപയോഗിക്കാം. വയനാട്ടില്‍ വര്‍ധിച്ചുവരുന്ന വന്യജീവി സംഘര്‍ഷത്തിന്റെ പശ്ചാത്തലത്തില്‍ വയനാട്ടില്‍ ഉണ്ടായിട്ടുള്ള വന്യജീവി അക്രമങ്ങള്‍ ഉള്‍പ്പെടെ തടയുന്നതിന് വേണ്ടിയാണ് ദുരന്ത നിവാരണ വകുപ്പ് പണം അനുവദിച്ചിരിക്കുന്നത്.
◾ കാട്ടാന ആക്രമണത്തില്‍ ആളുകള്‍ മരിക്കുന്ന അതീവ ഗുരുതര സാഹചര്യത്തില്‍ വനംവകുപ്പ് മന്ത്രി എ.കെ.ശശീന്ദ്രന്‍ രാജിവയ്ക്കുകയോ മുഖ്യമന്ത്രി അദ്ദേഹത്തെ അടിയന്തരമായി പുറത്താക്കുകയോ ചെയ്യണമെന്ന് കെ.പി.സി.സി. പ്രസിഡന്റ് കെ.സുധാകരന്‍ എംപി. ജനവാസ മേഖലകളിലേക്കു വന്യമൃഗങ്ങള്‍ ഇറങ്ങുന്നില്ലെന്നും കാട്ടിലേക്ക് ആളുകളാണ് കടന്നുകയറുന്നതെന്നുമുള്ള വനം മന്ത്രിയുടെ പ്രസ്താവന കേട്ടാല്‍ കാട്ടുമൃഗങ്ങളാണോ ഈ സര്‍ക്കാരിനെ തിരഞ്ഞെടുത്തതെന്ന് തോന്നിപ്പോകുമെന്നും കാടിനെക്കുറിച്ചോ മലയോരവാസികളെക്കുറിച്ചോ ചുക്കും ചുണ്ണാമ്പും അറിവില്ലാത്ത മന്ത്രിയാണ് നമുക്കുള്ളതെന്ന് സുധാകരന്‍ പറഞ്ഞു.
◾ മനുഷ്യ വന്യജീവി സംഘര്‍ഷത്തില്‍ വനംമന്ത്രിക്കെതിരെ രൂക്ഷപ്രതികരണവുമായി ഇന്‍ഫാം ദേശീയ ചെയര്‍മാന്‍ ഫാദര്‍ തോമസ് മറ്റമുണ്ടയില്‍. വനംമന്ത്രിക്ക് കഴിവില്ലെങ്കില്‍ തിരിച്ചുവിളിക്കണമെന്നും കഴിവുള്ള ആളുകള്‍ മന്ത്രിസ്ഥാനത്ത് വരണമെന്നും ഫാദര്‍ തോമസ് മറ്റമുണ്ടയില്‍ പറഞ്ഞു.
◾ തിരുവനന്തപുരം തമ്പാനൂര്‍ റെയില്‍വേ സ്റ്റേഷനിലും എറണാകുളത്തെ നെടുമ്പാശ്ശേരി വിമാനത്താവളത്തിലും ബോംബ് വെച്ചിട്ടുണ്ടെന്ന് ഭീഷണി സന്ദേശം. പൊലീസിന്റെ എഫ്ബി മെസഞ്ചറിലേക്കാണ് ബോംബ് ഭീഷണി സന്ദേശമെത്തിയത്. തെലങ്കാനയില്‍ നിന്നാണ് സന്ദേശം അയച്ചതെന്ന് വ്യക്തമായതായും അയച്ച ആളെക്കുറിച്ചും സൂചന ലഭിച്ചിട്ടുണ്ടെന്നും പൊലീസ് സംഘം തെലങ്കാനയിലേക്ക് പോകുമെന്നും അധികൃതര്‍ അറിയിച്ചു. കൊല്ലം, കോട്ടയം, എറണാകുളം റെയില്‍വേ സ്റ്റേഷനുകളിലും ബോംബ് വെച്ചെന്ന സന്ദേശത്തെ തുടര്‍ന്ന് പരിശോധന നടത്തി.
◾ പാതിവില തട്ടിപ്പ് കേസില്‍ പദ്ധതിയുടെ മുഴുവന്‍ ഉത്തരവാദിത്തവും അനന്തുകൃഷ്ണനെന്ന് സായിഗ്രാം ആനന്ദകുമാര്‍. മുഴുവന്‍ സാമ്പത്തിക ഇടപാടും നടത്തിയത് അനന്തുകൃഷ്ണന്റെ അക്കൗണ്ടിലൂടെയാണെന്നും മറ്റ് ഡയറക്ടര്‍മാര്‍ക്കോ സായിഗ്രാമിനോ തട്ടിപ്പിനെ കുറിച്ച് അറിയില്ലെന്നും ആനന്ദകുമാര്‍ വിശദീകരിച്ചു.
◾ പാതിവില സ്‌കൂട്ടര്‍ തട്ടിപ്പുകേസില്‍ ആനന്ദ കുമാറിനെ ഒന്നാം പ്രതിയാക്കി ഫോര്‍ട്ടുകൊച്ചിയില്‍ കേസ്. അനന്തുകൃഷ്ണന്‍ കേസില്‍ രണ്ടാം പ്രതിയാണ്. ആനന്ദകുമാറിന്റെ നിര്‍ദേശ പ്രകാരം അനന്തുകൃഷ്ണന്റെ അക്കൗണ്ട് വഴിയാണ് പണം വാങ്ങിയതെന്നാണ് പരാതി. കൊച്ചിന്‍ ഹെറിറ്റേജ് കണ്‍സര്‍വേഷന്‍ സൊസൈറ്റി എന്ന എന്‍ജിഒ ആണ് പരാതിക്കാര്‍.
◾ വഞ്ചിയൂരില്‍ റോഡ് തടഞ്ഞ് സ്റ്റേജ് കെട്ടിയ കേസില്‍ സിപിഎം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദന്‍ ഹൈക്കോടതിയില്‍ നേരിട്ട് ഹാജരായി. ഡിവിഷന്‍ ബെഞ്ച് സ്വമേധയാ എടുത്ത കേസിലാണ് നേരിട്ടെത്തിയത്. ഗതാഗതം തടസപ്പെടുത്തി രാഷ്ടീയ പാര്‍ട്ടികളുടെ പരിപാടികളും സമരങ്ങളും സംഘടിപ്പിച്ചതിന് സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം അടക്കമുളളവര്‍ കഴിഞ്ഞ ദിവസം ഹൈക്കോടതിയില്‍ ഹാജരായിരുന്നു. കോടതിയലക്ഷ്യ നടപടികളില്‍ നേരിട്ട് ഹാജരാകുന്നതില്‍ നിന്ന് ഒഴിവാക്കണമെന്ന എം വി ഗോവിന്ദന്റെ ആവശ്യം കോടതി അംഗീകരിച്ചു.
◾ കലൂര്‍ സ്റ്റേഡിയത്തിലെ നൃത്ത പരിപാടിക്കിടെ വീണ് പരിക്കേറ്റ ഉമ തോമസ് എംഎല്‍എയെ ഇന്ന് ഡിസ്ചാര്‍ജ് ചെയ്യും. 44 ദിവസത്തെ ആശുപത്രി വാസത്തിന് ശേഷമാണ് ഡിസ്ചാര്‍ജ്. ഡിസംബര്‍ 29നാണ് എംഎല്‍എക്ക് പരിക്കേറ്റത്. ഇന്ന് വൈകിട്ട് കൊച്ചി റെനെ മെഡിസിറ്റിയിലെ ഡോക്ടര്‍മാര്‍ക്കൊപ്പം എംഎല്‍എ മാധ്യമങ്ങളെ കാണും.
◾ ഓപ്പറേഷന്‍ സൗന്ദര്യയുടെ ഭാഗമായി എറണാകുളത്ത് നടത്തിയ പരിശോധനയില്‍ മായം ചേര്‍ത്ത സൗന്ദര്യ വര്‍ധക വസ്തുക്കള്‍ കണ്ടെത്തിയതായി ഡ്രഗ്‌സ് കണ്‍ട്രോള്‍ വകുപ്പ് അറിയിച്ചു. എറണാകുളത്തെ മറൈന്‍ ഡ്രൈവില്‍ പ്രവര്‍ത്തിക്കുന്ന സൗന്ദര്യ വര്‍ധക വസ്തുക്കളുടെ മൊത്തവ്യാപാര സ്ഥാപനത്തില്‍ നിന്നാണ് മായം ചേര്‍ത്ത പെര്‍ഫ്യൂം പിടികൂടിയത്. ഈ സാഹചര്യത്തില്‍ പരിശോധനകള്‍ ശക്തമാക്കാന്‍ ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ് നിര്‍ദേശം നല്‍കി.
◾ കിഫ്ബിക്ക് എതിരായ പ്രതിപക്ഷ വിമര്‍ശനത്തില്‍ പ്രതികരണവുമായി മുഖ്യമന്ത്രി പിണറായി വിജയന്‍. കിഫ്ബിയില്‍ സഭയെ തെറ്റിദ്ധരിപ്പിക്കുന്ന പ്രസ്താവന പ്രതിപക്ഷ നേതാവ് നടത്തിയെന്നും കിഫ്ബിയുടെ നേട്ടങ്ങള്‍ പ്രതിപക്ഷത്തെ ചൊടിപ്പിക്കുന്നതില്‍ അതിശയം ഇല്ലെന്നും മുഖ്യമന്ത്രി പറഞ്ഞു. നിയമസഭയിലാണ് മുഖ്യമന്ത്രിയുടെ പ്രതികരണം.
◾ പുരോഗമനാശയങ്ങളുടെ കാര്യത്തില്‍ ബോധമുദിക്കാന്‍ സിപിഎമ്മിന് കുറഞ്ഞത് 10-15 വര്‍ഷമെങ്കിലും എടുക്കുമെന്നത് കേരളജനതയ്ക്കു പലവട്ടം ബോധ്യപ്പെട്ടതാണെന്ന് രമേശ് ചെന്നിത്തല. ഇപ്പോള്‍ സ്വകാര്യ സര്‍വകലാശാല തുടങ്ങാന്‍ ബില്‍ കൊണ്ടുവന്നപ്പോള്‍ ആ ചരിത്രം വീണ്ടും ശരിവെയ്ക്കപ്പെടുകയാണെന്നും അദ്ദേഹം വ്യക്തമാക്കി.
◾ വിദ്യാര്‍ഥി സംഘര്‍ഷത്തെ തുടര്‍ന്ന് മാറ്റിവച്ച കാലിക്കറ്റ് യൂണിവേഴ്‌സിറ്റി ഡിസോണ്‍ കലോത്സവം 16നും 17 നും നടത്താന്‍ ഹൈക്കോടതി ഉത്തരവ് പുറപ്പെടുവിച്ചു. തൃശൂര്‍ റൂറല്‍ പോലീസ് മേധാവി ബി. കൃഷ്ണകുമാറിന്റെ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് വിധി.
◾ കോട്ടയം ഗവണ്‍മെന്റ് നഴ്സിംഗ് കോളേജിലെ ഒന്നാം വര്‍ഷ വിദ്യാര്‍ത്ഥികളെ ക്രൂരമായി റാഗ് ചെയ്ത അഞ്ച് സീനിയര്‍ വിദ്യാര്‍ത്ഥികള്‍ റിമാന്‍ഡില്‍. ഇവരുടെ ഫോണില്‍ നിന്ന് ജൂനിയര്‍ വിദ്യാര്‍ത്ഥികളെ റാഗ് ചെയ്യുകയും ഉപദ്രവിക്കുകയും ചെയ്യുന്ന ദൃശ്യങ്ങളും കണ്ടെടുത്തു. വിശദമായ ചോദ്യം ചെയ്യലില്‍ റാഗിംഗ് നടത്തിയ വിവരം പ്രതികള്‍ സമ്മതിച്ചു. അക്രമത്തിന് ഇരയായ വിദ്യാര്‍ത്ഥികളില്‍ നിന്ന് എല്ലാം ഞായറാഴ്ചയും പ്രതികള്‍ മദ്യപിക്കുന്നതിനായി പണം വാങ്ങുമായിരുന്നു. സീനിയര്‍ വിദ്യാര്‍ത്ഥികളെ പേടിച്ച് പരാതിക്കാരായ വിദ്യാര്‍ത്ഥികള്‍ വീടുകളില്‍ പോലും വിവരങ്ങള്‍ പറഞ്ഞിരുന്നില്ല.
◾ ബാലരാമപുരത്ത് രണ്ടു വയസ്സുകാരി ദേവേന്ദുവിനെ കിണറ്റിലെറിഞ്ഞു കൊലപ്പെടുത്തിയ സംഭവത്തില്‍ അമ്മാവന്‍ ഹരികുമാര്‍ മാത്രമാണ് പ്രതിയെന്ന് അന്വേഷണസംഘം ഉറപ്പിച്ചു. കസ്റ്റഡിയിലായിരുന്ന പ്രതി കുറ്റം സമ്മതിച്ചതായും അന്വേഷണസംഘം വെളിപ്പെടുത്തി. പ്രതി ഹരികുമാറും സഹോദരി ശ്രീതുവും തമ്മില്‍ വഴിവിട്ട ബന്ധമുണ്ടായിരുന്നു. 29-ന് രാത്രി ശ്രീതുവിനോട് തന്റെ മുറിയിലേക്കു വരാന്‍ ഹരികുമാര്‍ വാട്‌സാപ്പില്‍ സന്ദേശമയച്ചു. ശ്രീതു മുറിയിലെത്തിയെങ്കിലും ദേവേന്ദു കരഞ്ഞതിനാല്‍ ശ്രീതു തിരികെപ്പോയി. തുടര്‍ന്നാണ് അടുത്ത ദിവസം പുലര്‍ച്ചെ കുഞ്ഞിനെ കിണറ്റിലെടുത്തിട്ടതെന്ന് പ്രതി പോലീസിനോടു പറഞ്ഞു.
◾ തൃപ്പൂണിത്തുറ എരൂരില്‍ പെരീക്കാട് തമ്പി എന്നു വിളിക്കുന്ന സനലിനെ കായലില്‍ മരിച്ചനിലയില്‍ കണ്ടെത്തിയ സംഭവത്തില്‍ സുഹൃത്ത് ജിഷി പിടിയില്‍. സനലും ജിഷിയും തമ്മില്‍ മദ്യപാനത്തിനിടെ അടിപിടിയുണ്ടായെന്നും അതിനെ തുടര്‍ന്നാണ് കൊലപാതകം നടന്നതെന്നും പൊലീസ് പറഞ്ഞു.
◾ ചേര്‍ത്തലയിലെ വീട്ടമ്മ സജിയുടെ മരണത്തില്‍ അസ്വാഭാവിക മരണത്തിന് കേസെടുത്ത പൊലീസ് കല്ലറ തുറന്ന് മൃതദേഹം പുറത്തെടുത്തു. ആലപ്പുഴ മെഡിക്കല്‍ കോളേജില്‍ ചികിത്സയിലിരിക്കേ ചേര്‍ത്തല മുട്ടം പണ്ടകശാല പറമ്പില്‍ വിസി സജി (48) ഞായറാഴ്ചയാണ് മരിച്ചത്. അച്ഛന്റെ മര്‍ദനമേറ്റാണ് മരണമെന്ന് മകള്‍ പൊലീസില്‍ പരാതി നല്‍കിയതോടെയാണ് അന്വേഷണമാരംഭിക്കുന്നത്. അമ്മയെ അച്ഛന്‍ മര്‍ദിക്കുന്നതിന് മകള്‍ സാക്ഷിയായിരുന്നു എന്നാണ് പൊലീസ് പറയുന്നത്.
◾ പാലക്കാട് കല്ലടിക്കോട് ഫെബ്രുവരി അഞ്ചിന് കല്ലടിക്കോട് സ്വദേശി റന്‍സിയ ആത്മഹത്യ ചെയ്ത സംഭവത്തില്‍ ഭര്‍ത്താവിനെയും പെണ്‍സുഹൃത്തിനെയും അറസ്റ്റ് ചെയ്തു. റന്‍സിയയുടെ ഭര്‍ത്താവ് ഷെഫീസ്, പെണ്‍സുഹൃത്ത് ജംസീന എന്നിവരെയാണ് ഹേമാംബിക നഗര്‍ പൊലീസ് അറസ്റ്റ് ചെയ്തത്. ഇരുവര്‍ക്കുമെതിരെ ആത്മഹത്യാ പ്രേരണാകുറ്റം ചുമത്തി.
◾ ഫ്രാന്‍സ് സന്ദര്‍ശനം പൂര്‍ത്തിയാക്കിയ പ്രധാനമന്ത്രി നരേന്ദ്ര മോദി അമേരിക്കന്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപുമായുള്ള കൂടിക്കാഴ്ചയ്ക്ക് വാഷിംഗ്ടണിലേക്ക് തിരിച്ചു. ഫ്രാന്‍സിന്റെ സഹായത്തോടെ കൂടുതല്‍ ആണവ റിയാക്ടറുകള്‍ സ്ഥാപിക്കാനുള്ള പ്രാരംഭ കരാറില്‍ ഇരുരാജ്യങ്ങളും ഒപ്പു വച്ചു. മാര്‍സെയിലെ പുതിയ ഇന്ത്യന്‍ കോണ്‍സുലേറ്റ് മോദിയും ഇമ്മാനുവേല്‍ മാക്രോണും ചേര്‍ന്ന് ഉദ്ഘാടനം ചെയ്തു.
◾ അമേരിക്കയില്‍ അനധികൃത കുടിയേറ്റക്കാരായി കണ്ടെത്തിയ ഇന്ത്യന്‍ പൗരന്മാരോട് അങ്ങേയറ്റം മനുഷ്യത്വരഹിതമായി പെരുമാറുകയും നാടുകടത്തുകയും ചെയ്തതില്‍ പഴയ സുഹൃത്തും അമേരിക്കന്‍ പ്രസിഡന്റുമായ ഡൊണാള്‍ഡ് ട്രംപിനോട് ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി വിശദീകരണം ചോദിക്കണമെന്ന് കോണ്‍ഗ്രസ് ദേശീയ അധ്യക്ഷന്‍ മല്ലികാര്‍ജ്ജുന്‍ ഖാര്‍ഗെ. ഇനി ഇത്തരം നടപടികള്‍ ആവര്‍ത്തിക്കരുതെന്ന് പറയണമെന്നും ഗാര്‍ഖെ പറഞ്ഞു.
◾ തെരഞ്ഞെടുപ്പ് സമയത്തുള്‍പ്പടെ നല്‍കുന്ന സൗജന്യങ്ങളിലൂടെ പരാദജീവികളെയല്ലേ സൃഷ്ടിക്കുന്നതെന്ന് സുപ്രീംകോടതി. തെരഞ്ഞെടുപ്പ് സമയത്ത് ഇത്തരം സൗജന്യങ്ങള്‍ പ്രഖ്യാപിക്കുന്നത് കാരണം ആളുകള്‍ ജോലി ചെയ്യാന്‍ തയ്യാറാകുന്നില്ലെന്നും ജോലി ചെയ്തില്ലെങ്കിലും സൗജന്യ റേഷന്‍ സര്‍ക്കാര്‍ നല്‍കുകയാണെന്നും ജസ്റ്റിസ് ബിആര്‍ ഗവായി ചൂണ്ടിക്കാട്ടി. സൗജന്യങ്ങള്‍ നല്‍കുന്നതിന് പകരം ആളുകളെ മുഖ്യധാരയിലേക്ക് കൊണ്ടു വരാനും അതുവഴി രാജ്യത്തിന് ഇവരുടെ സംഭാവന ഉറപ്പാക്കാനാകണമെന്നും കോടതി വാദത്തിനിടെ പരാമര്‍ശിച്ചു.
◾ ദേശീയ ഗെയിംസില്‍ കേരളത്തിന് വീണ്ടും സ്വര്‍ണം. 4×400 മികസ്ഡ് റിലേയിലാണ് കേരളം സ്വര്‍ണം നേടിയത്. മനു ടി.എസ്, സ്‌നേഹ കെ, ബിജോയ് ജെ, അന്‍സ ബാബു എന്നിവരടങ്ങിയ ടീമാണ് സ്വര്‍ണം നേടിയത്.
◾ ഇംഗ്ലണ്ടിനെതിരായ ഏകദിന പരമ്പര തൂത്തുവാരി ഇന്ത്യ. പരമ്പരയിലെ മൂന്ന് മത്സരങ്ങളും ജയിച്ചാണ് ഇന്ത്യ പരമ്പര സ്വന്തമാക്കിയത്. ഇംഗ്ലണ്ടിനെതിരായ മൂന്നാമത്തെ മത്സരത്തില്‍ 142 റണ്‍സിനാണ് ഇന്ത്യയുടെ വിജയം. ടോസ് നഷ്ടപ്പെട്ട് ബാറ്റിംഗിനിറങ്ങിയ ഇന്ത്യക്ക് രോഹിത് ശര്‍മയുടെ വിക്കറ്റ് തുടക്കത്തില്‍ തന്നെ നഷ്ടമായി. എന്നാല്‍ 112 റണ്‍സെടുത്ത ശുഭ്മാന്‍ ഗില്ലിന്റേയും 78 റണ്‍സെടുത്ത ശ്രേയസ് അയ്യരുടേയും 52 റണ്‍സെടുത്ത വിരാട് കോലിയുടേയും കരുത്തില്‍ ഇന്ത്യ 356 റണ്‍സ് നേടി. മറുപടി ബാറ്റിങ്ങിനിറങ്ങിയ ഇംഗ്ലണ്ടിന് 214 റണ്‍സെടുക്കാനേ സാധിച്ചുള്ളു. പരമ്പരയിലുടനീളം മികച്ച പ്രകടനം കാഴ്ച വെച്ച ശുഭ്മാന്‍ ഗില്ലാണ് മാന്‍ ഓഫ് ദി മാച്ച്.