Saturday, April 19, 2025
KERALA NEWSNews SPECIAL

പ്രഭാത വാർത്താമുദ്ര

◼️ആശ വര്‍ക്കര്‍മാരുടെ സമരം; മന്ത്രി വീണാ ജോര്‍ജ് ഡല്‍ഹിക്ക്; കേന്ദ്ര ആരോഗ്യമന്ത്രിയുമായി ചര്‍ച്ച
ആശ വര്‍ക്കര്‍മാരുടെ വിഷയം ചര്‍ച്ച ചെയ്യാന്‍ ആരോഗ്യമന്ത്രി വീണാ ജോര്‍ജ് ഡല്‍ഹിക്ക്. ഇന്ന് രാവിലെ ആറ് മണിക്ക് തിരുവനന്തപുരത്തുനിന്നാണ് മന്ത്രി പുറപ്പെടുക. കേന്ദ്ര ആരോഗ്യമന്ത്രി ജെ പി നദ്ദയുമായി മന്ത്രി ചര്‍ച്ച നടത്തും. ആശമാര്‍ ഉന്നയിച്ച വിഷയങ്ങള്‍ മന്ത്രി കേന്ദ്ര ആഭ്യന്തരമന്ത്രിയുടെ ശ്രദ്ധയില്‍പ്പെടുത്തും. കേന്ദ്രം നല്‍കാനുള്ള തുക അനുവദിക്കണമെന്നും മന്ത്രി ആവശ്യപ്പെടും. ആശ വര്‍ക്കര്‍മാരുമായുള്ള ചര്‍ച്ച പരാജയപ്പെട്ട സാഹചര്യത്തിലാണ് നടപടി. ഇന്നു മുതല്‍ നിരാഹാര സമരം നടത്തുമെന്ന് ആശ വര്‍ക്കര്‍മാര്‍ വ്യക്തമാക്കിയിരുന്നു.
◼️’സമരം നടത്തുന്നത് യഥാർത്ഥ ആശകളല്ല; ക്യാഷും ചോറും കൊടുത്ത് ഇരുത്തിയിരിക്കുകയാണ്’; അധിക്ഷേപവുമായി എ. വിജയരാഘവന്‍
ആശ വര്‍ക്കര്‍മാര്‍ നടത്തുന്ന സമരത്തിനെതിരെ അധിക്ഷേപ പരാമര്‍ശവുമായി സിപിഐഎം പൊളിറ്റ് ബ്യൂറോ അംഗം എ വിജയരാഘവന്‍. സമരം നടത്തുന്നത് യഥാര്‍ത്ഥ ആശകളല്ലെന്ന് എ വിജയരാഘവന്‍ പറഞ്ഞു. അഞ്ഞൂറ് ആളുകളെ എവിടെ നിന്നൊക്കെയോ പിടിച്ചുകൊണ്ടുവന്ന് ക്യാഷും ചോറും കൊടുത്ത് ഇരുത്തിയിരിക്കുകയാണെന്ന് എ വിജയരാഘവന്‍ പറഞ്ഞു. എടപ്പാള്‍ കാലടിയില്‍ ടി പി കുട്ടേട്ടന്‍ അനുമരണ പൊതുയോഗം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു എ വിജയരാഘവന്‍.
◼️വിദ്വേഷ പരാമര്‍ശം; എം.ജെ. ഫ്രാന്‍സിസിനെ എല്ലാ സ്ഥാനങ്ങളില്‍ നിന്നും പുറത്താക്കി സി.പി.എം
വിദ്വേഷ പരാമര്‍ശത്തില്‍ സിപിഐഎം നേതാവിനെതിരെ പാര്‍ട്ടി നടപടി. മൂവാറ്റുപുഴ ഏരിയ കമ്മിറ്റി അംഗം എം. ജെ. ഫ്രാന്‍സിസിനെതിരെയാണ് നടപടിയെടുത്തത്. തിരഞ്ഞെടുക്കപ്പെട്ട എല്ലാ സ്ഥാനങ്ങളില്‍ നിന്നും ഫ്രാന്‍സിസിനെ പുറത്താക്കി. സമൂഹമാധ്യമത്തില്‍ മുസ്‌ലിം വിരുദ്ധ പരാമര്‍ശം നടത്തിയതിന് ഫ്രാന്‍സിസിനെതിരെ കേസെടുത്തിരുന്നു. പിന്നാലെയാണ് നടപടിയെടുത്തത്. ഫേസ്ബുക്ക് കമന്റിലൂടെയായിരുന്നു ഫ്രാന്‍സിസ് മതവിദ്വേഷ പരാമര്‍ശം.
◼️ബി.ജെ.പി പിന്തുണയോടെ തൊടുപുഴയില്‍ യുഡിഎഫ് അവിശ്വാസം പാസായി; എല്‍.ഡി.എഫ് ചെയര്‍പേഴ്‌സണ്‍ പുറത്ത്
തൊടുപുഴ നഗരസഭയില്‍ എല്‍.ഡി.എഫ് ചെയര്‍പേഴ്‌സണിനെതിരെ യു.ഡി.എഫ് കൊണ്ടുവന്ന അവിശ്വാസ പ്രമേയം പാസായി. ബി.ജെ.പി. കൗണ്‍സിലര്‍മാരുടെ പിന്തുണയോടെയാണ് യുഡിഎഫിന്റെ അവിശ്വാസം പാസായത്. ഇതോടെ എല്‍ഡിഎഫ് ചെയര്‍പേഴ്‌സണ്‍ പുറത്തായി. നാല് ബിജെപി കൗണ്‍സിലര്‍മാരടക്കം 18 പേര്‍ അവിശ്വാസത്തെ അനുകൂലിച്ച് വോട്ട് ചെയ്തു. 12 പേര്‍ അവിശ്വാസത്തെ എതിര്‍ത്തു. ആകെ എട്ട് കൗണ്‍സിലര്‍മാരാണ് ബിജെപിയ്ക്കുള്ളത്. ഇവര്‍ക്കെല്ലാം വിപ്പ് നല്‍കിയിരുന്നെങ്കിലും ഇത് ലംഘിച്ച് നാല് പേർ യുഡിഎഫിന് അനുകൂലിച്ച് വോട്ട് ചെയ്യുകയായിരുന്നു.
◼️റാഗിംഗ് വിരുദ്ധ നിയമ പരിഷ്‌കരണത്തിനുള്ള കർമ്മ സമിതി രൂപീകരണം; സർക്കാരിനോട് ഹൈക്കോടതി
റാഗിംഗ് വിരുദ്ധ നിയമ പരിഷ്‌കരണത്തിനുള്ള കർമ്മ സമിതി അടിയന്തിരമായി രൂപീകരിക്കണമെന്ന് സർക്കാരിനോട് ഹൈക്കോടതി. കർമ്മ സമിതിയുടെ കരട് രൂപം ഒരാഴ്ചയ്ക്കകം അറിയിക്കാൻ ഡിവിഷൻ ബെഞ്ച് നിർദ്ദേശിച്ചു. നിയമ സേവന അതോറിറ്റിയുടെ ഹർജിയിൽ കക്ഷി ചേരാനുള്ള അപേക്ഷകൾ അംഗീകരിച്ചില്ല.
സർക്കാർ രൂപീകരിക്കുന്ന കർമ്മ സമിതിക്ക് മുന്നിൽ വിശദാംശങ്ങൾ നൽകാനും അപേക്ഷകർക്ക് നിർദ്ദേശം നൽകി. പൊതുതാൽപര്യ ഹർജി അടുത്ത വ്യാഴാഴ്ച പരിഗണിക്കാൻ മാറ്റി. ചീഫ് ജസ്റ്റിസ് അധ്യക്ഷനായ പ്രത്യേക ഡിവിഷൻ ബെഞ്ചിന്റേതാണ് നടപടി.
◼️മുണ്ടക്കൈ-ചുരല്‍മല പുനരധിവാസം; എൽസ്റ്റൺ എസ്റ്റേറ്റ് ഭൂമിക്ക് നഷ്ടപരിഹാരം അനുവദിച്ച് മന്ത്രിസഭ
വയനാട് ജില്ലയിലെ മുണ്ടക്കൈ ചുരൽമല ഉരുൾപൊട്ടൽ ദുരന്തബാധിതരുടെ പുനരധിവാസത്തിന് ഏറ്റെടുക്കുന്ന ഭൂമിക്ക് നഷ്ടപരിഹാരം അനുവദിക്കാൻ മന്ത്രിസഭാ യോഗം തീരുമാനിച്ചു. ടൗൺഷിപ്പ് നിർമ്മിക്കുന്നതിന് വൈത്തിരി താലൂക്ക് കൽപ്പറ്റ വില്ലേജിൽ ബ്ലോക്ക് 19 ൽ റീസർവ്വെ നമ്പർ 88/ 158, 88/159, 88/62 88/66, 88/137 എന്നിവയിൽപ്പെട്ട എൽസ്റ്റൺ എസ്റ്റേറ്റ് ഭൂമിയിലെ 64.4075 ഹെക്ടറാണ് ഏറ്റെടുക്കുന്നത്. ഇതിനായി വിശദവില വിവര റിപ്പോർട്ടിൽ പരാമർശിച്ച 26,56,10,769/രൂപ (ഇരുപത്തി ആറ് കോടി അൻപത്തിയാറ് ലക്ഷത്തി പതിനായിരത്തി എഴുന്നൂറ്റി അറുപത്തി ഒൻപത് രൂപ) മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിൽ നിന്ന് അനുവദിക്കും.
◼️കൊല്ലത്ത് മരിച്ച കുടുംബത്തിന് സാമ്പത്തിക പ്രതിസന്ധി, അജീഷിന് കാന്‍സര്‍ സ്ഥിരീകരിച്ചിരുന്നു: പൊലീസ്
കൊല്ലം താന്നിയില്‍ രണ്ടര വയസ്സുള്ള കുഞ്ഞിനെ കൊലപ്പെടുത്തി ജീവനൊടുക്കിയ കുടുംബത്തിന് സാമ്പത്തിക ബാധ്യതയെന്ന് കൊല്ലം സിറ്റി പൊലീസ് കമ്മീഷണര്‍. മരിച്ച അജീഷിന് കഴിഞ്ഞ ദിവസം കാന്‍സര്‍ സ്ഥിരീകരിച്ചിരുന്നു. അതിന്റെ സമ്മര്‍ദ്ദം കുടുംബത്തിനുണ്ടായിരുന്നുവെന്നും കമ്മീഷണര്‍ കിരണ്‍ നാരായണന്‍ പ്രതികരിച്ചു. താന്നിയില്‍ ബിഎസ്എന്‍എല്‍ ഓഫീസിന് സമീപം വാടകവീട്ടില്‍ താമസിക്കുന്ന അജീഷ്, ഭാര്യ സുലു, രണ്ടര വയസ്സുള്ള കുഞ്ഞ് എന്നിവരെയായിരുന്നു മരിച്ച നിലയില്‍ വീട്ടിനുള്ളില്‍ കണ്ടെത്തിയത്.
◼️പാറക്കലിലെ കുഞ്ഞിന്റെ കൊലപാതകം; 12 കാരിയെ സിഡബ്ല്യുസിക്ക് മുന്നിൽ ഹാജരാക്കി; ​കൗൺസിലിം​ഗ് നൽകും
കണ്ണൂർ പാറക്കലിൽ നാലുമാസം പ്രായമുള്ള കുഞ്ഞിനെ കിണറ്റിലെറിഞ്ഞ് കൊലപ്പെടുത്തിയ 12 വയസ്സുകാരിയെ സിഡബ്ല്യുസിക്ക് മുന്നിൽ ഹാജരാക്കി. കുട്ടിക്ക് പരിഗണനയും സംരക്ഷണവും ആവശ്യമെന്ന് സി ഡബ്ല്യുസി പറഞ്ഞു. 12 വയസ്സുകാരിയുടെ മാനസികനില പരിഗണിച്ച് കൗൺസിലിംഗ് നൽകാനാണ് തീരുമാനം. അതിനുശേഷം കണ്ണൂരിലെ ഗേൾസ് ഹോമിലേക്ക് മാറ്റും. താൽക്കാലികമായി അവിടെത്തന്നെ തുടരും.
◼️രാത്രി 12 മണി വരെ മാത്രം: മലപ്പുറത്തെ ടർഫുകൾക്ക് സമയ നിയന്ത്രണം ഏർപ്പെടുത്തി പൊലീസ്
മലപ്പുറം പോലീസ് സ്റ്റേഷൻ പരിധിയിൽ ടർഫുകൾക്ക് ഇന്ന് മുതൽ രാത്രി 12 മണി വരെ മാത്രം അനുമതിയെന്ന് പൊലീസ്. യുവാക്കൾക്കും വിദ്യാർത്ഥികൾക്കുമിടയിൽ ലഹരിയുടെയും മദ്യത്തിന്റെയും ഉപയോഗം കൂടി വരുന്ന പശ്ചാത്തത്തിൽ പൊലീസ് നടത്തി വരുന്ന ഡി ഹണ്ട് ഓപ്പറേഷന്റെ ഭാഗമായാണ് നടപടി.
◼️വയനാട് കലക്ട്രേറ്റിൽ ബോംബ് ഭീഷണി; പൊലീസും ബോംബ് സ്ക്വാഡും പരിശോധന നടത്തി, അസ്വാഭാവികമായി ഒന്നും കണ്ടെത്തിയില്ല
വയനാട് കളക്ടറേറ്റിൽ ബോംബ് ഭീഷണി. ഇന്നലെ രാവിലെയാണ് ഔദ്യോഗിക മെയിലില്‍ ബോംബ് ഭീഷണി സന്ദേശമെത്തിയതെങ്കിലും കുറച്ച് സമയം മുമ്പാണ് മെയില്‍ ഉദ്യോ​ഗസ്ഥരുടെ ശ്രദ്ധയില്‍പ്പെട്ടത്. പൊലീസും ബോംബ് സ്ക്വാഡും ചേർച്ച് കളക്ടറേറ്റിൽ പരിശോധന നടത്തി. സംശാസ്പദമായ ഒന്നും കണ്ടെത്താനായില്ലെന്ന് ഉദ്യോ​ഗസ്ഥർ അറിയിച്ചു. ഇന്നലെ കൊല്ലം, തിരുവനന്തപുരം കളക്ടറേറ്റുകളില്‍ വ്യാജ ബോംബ് ഭീഷണി ഉണ്ടായിരുന്നു. പരിശോധനയിൽ ഇത് വ്യാജ ബോംബ് ഭീഷണിയാണെന്ന് മനസിലാവുകയായിരുന്നു.
◼️’അറസ്റ്റിലാകുമ്പോൾ ആരോഗ്യപ്രശ്നം ഉന്നതർക്ക് മാത്രം’; ആനന്ദകുമാറിന്‍റെ ജാമ്യാപേക്ഷയിൽ വിമർശനവുമായി ഹൈക്കോടതി
പാതിവില തട്ടിപ്പ് കേസിലെ പ്രതി ആനന്ദകുമാറിന് ആരോഗ്യ പ്രശ്നങ്ങളുടെ പേരിൽ ജാമ്യം അനുവദിക്കാനാകില്ലെന്ന് ഹൈക്കോടതി. ഉന്നതർ അറസ്റ്റിലാകുമ്പോള്‍ മാത്രമാണ് ഇത്തരം ആരോഗ്യപ്രശ്നങ്ങൾ ഉയർന്നുവരുന്നത്. ഇത്തരം ജാമ്യാപേക്ഷകളുടെ മറവിൽ മെഡിക്കൽ ടൂറിസമാണ് കേരളത്തിൽ പലപ്പോഴും നടക്കുന്നത്.
◼️വിഴിഞ്ഞം ഭൂഗർഭ റെയിൽപ്പാതയ്ക്ക് മന്ത്രിസഭയുടെ പച്ചക്കൊടി; 1482.92 കോടി രൂപയുടെ പദ്ധതിക്ക് ഭരണാനുമതി
വിഴിഞ്ഞം ഭൂഗർഭ റെയിൽപാതയുടെ വിശദമായ പദ്ധതി റിപ്പോർട്ടിന് സംസ്ഥാന മന്ത്രിസഭാ യോഗം അംഗീകാരം നൽകി. കൊങ്കൺ റെയിൽ കോർപറേഷൻ തയ്യാറാക്കിയ ഡിപിആറാണ് അംഗീകരിച്ചത്. 1482.92 കോടി രൂപയുടെ പദ്ധതിക്ക് ഭരണാനുമതി നൽകി. വിഴിഞ്ഞം തുറമുഖത്തെ ബാലരാമപുരം സ്റ്റേഷനുമായി ബന്ധിപ്പിക്കുന്നതാണ് പദ്ധതി. 2028 ഡിസംബറിന് മുൻപ് റെയിൽ പാത ഗതാഗത യോഗ്യമാക്കാനാണ് തീരുമാനം. വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖ പദ്ധതിയുടെ വികസനത്തിൽ പ്രധാനമായ അനുബന്ധ പദ്ധതിയാണിത്. വിഴിഞ്ഞം തുറമുഖവുമായി ബന്ധപ്പെട്ട പദ്ധതികൾക്കൊന്നും പണം തടസമാകില്ലെന്ന് സംസ്ഥാന ബജറ്റിൽ തന്നെ സർക്കാർ വ്യക്തമാക്കിയതാണ്.
◼️വയനാട് ഉരുൾപൊട്ടൽ പുനരധിവാസം: 2 ബി അന്തിമപട്ടിക പ്രസിദ്ധീകരിച്ചു, പട്ടികയിൽ 73 വീടുകൾ
ഉരുൾപ്പൊട്ടൽ പുനരധിവാസത്തിനുള്ള അവസാന 2ബി അന്തിമ പട്ടികയും പ്രസിദ്ധീകരിച്ചു. ആകെ 73 വീടുകൾ ആണ് അന്തിമ പട്ടികയിൽ ഉള്ളത്. നോ ഗോ സോണിന് 50 മീ പരിധിയിൽ ഉള്ള ഒറ്റപ്പെട്ട വീടുകൾ ആണ് 2ബി യിൽ ഉൾപ്പെടുത്തിയത്. വാർഡ് പത്തിൽ 19, പതിനൊന്നിൽ 38, പന്ത്രണ്ടിൽ 16 വീടുകളും ഉണ്ട്. 238 അപ്പീൽ ലഭിച്ചെങ്കിലും അംഗീകരിച്ചത് 3 എണ്ണം മാത്രം ആണ്. ആശ വർക്കറായ ഷൈജയെയും പന്ത്രണ്ടാം വാർഡിലെ ലിസ്റ്റിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. നേരത്തെ ഷൈജയെ ഒഴിവാക്കിയത് ഏഷ്യാനെറ്റ് ന്യൂസ് ഉൾപ്പെടെ റിപ്പോർട്ട് ചെയ്തിരുന്നു. ഇതോടെ 3 ലിസ്റ്റുകളിലും ആയി ആകെ ഗുണഭോക്താക്കളുടെ എണ്ണം 417 ആയി.
◼️പ്രധാനമന്ത്രിയെ വീണ്ടും പ്രശംസിച്ച് തരൂർ; റഷ്യ-യുക്രെയ്ൻ യുദ്ധത്തിൽ മോദിയുടേത് ശരിയായ നയം; ഏറ്റെടുത്ത് ബിജെപി
പ്രധാനമന്ത്രി നരേന്ദ്ര മോദിയെ വീണ്ടും പ്രശംസിച്ച് കോണ്‍ഗ്രസ് എംപി ശശി തരൂര്‍. റഷ്യ-യുക്രെയ്ൻ യുദ്ധത്തിൽ നരേന്ദ്ര മോദി സ്വീകരിച്ച നയമാണ് ശരിയെന്ന് ശശി തരൂര്‍ പറഞ്ഞു. ദില്ലിയിൽ ‘റായ്സിന ഡയലോഗിൽ’ സംസാരിക്കുകയായിരുന്നു തരൂർ. രണ്ടു രാജ്യങ്ങളുമായി നല്ല ബന്ധം നിലനവിര്‍ത്താൻ മോദിക്ക് കഴിഞ്ഞുവെന്നും മോദിയുടെ നയത്തെ താൻ എതിര്‍ത്തത് അബദ്ധമായെന്നും തരൂര്‍ പറഞ്ഞു.