രാജീവ് ചന്ദ്രശേഖർ ബി.ജെ.പി. സംസ്ഥാന അധ്യക്ഷനാകും
തിരുവനന്തപുരം:
കേരളത്തിലെ ബിജെപിയുടെ നേതൃസ്ഥാനത്ത് ഇനി മുന്‍ കേന്ദ്രമന്ത്രി രാജീവ് ചന്ദ്രശേഖർ. ബിജെപിയുടെ സംസ്ഥാന അധ്യക്ഷനായി നാളെയായിരിക്കും ഔദ്യോഗിക പ്രഖ്യാപനം ഉണ്ടാകുക. കോര്‍ കമ്മറ്റിയിലാണ് രാജീവ് ചന്ദ്രശേഖറിന്റെ പേര് നിര്‍ദേശിച്ചത്. രണ്ടാം മോദി സർക്കാരിൽ കേന്ദ്ര സഹമന്ത്രിയായിരുന്നു അദ്ദേഹം. കര്‍ണാടകയില്‍ നിന്ന് മൂന്ന് തവണ രാജ്യസഭയിലെത്തി. വർഷങ്ങളായി പ്രവർത്തിക്കുന്ന നേതാക്കളെ തഴഞ്ഞാണ് രാജീവ് ചന്ദ്രശേഖര്‍ ബിജെപിയുടെ സംസ്ഥാന അധ്യക്ഷനാകുന്നത്.
ഇലക്ട്രിക്കല്‍ എഞ്ചിനീയറിങ്ങില്‍ നേടിയ ബിരുദവും കമ്പ്യൂട്ടര്‍ സയന്‍സിലെ ബിരുദാനന്തരബിരുദവും ഐടി ആന്റ് ഇലക്ട്രോണിക്സിന്റെയും നൈപുണ്യവികസനത്തിന്റെ ചുമതലയുള്ള കേന്ദ്രസഹമന്ത്രിയാകാന്‍ രാജീവിനെ സഹായിച്ചത്.
എയര്‍ഫോഴ്സ് ഉദ്യോഗസ്ഥനായ എം.കെ. ചന്ദ്രശേഖറിന്റെയും വല്ലി ചന്ദ്രശേഖറിന്റെയും മകനായി 1964 ല്‍ അഹമ്മദാബ്ദിലാണ് രാജീവിന്റെ ജനനം. ബിസിനസുകാരനായി തിളങ്ങിയത് ബെംഗളൂരുവില്‍. കര്‍ണാടകയില്‍നിന്ന് കേരളത്തിലേക്ക് കര്‍മ്മമണ്ഡലം പൂര്‍ണമായി മാറുമ്പോള്‍ കരുത്ത് പാലക്കാട്ടെ കൊണ്ടിയൂരിലുള്ള കുടുംബമാണ് കേരളത്തിലെ തായ് വേര്. വയര്‍ലസ് ഫോണ്‍ സ്വപ്നമായിരുന്ന കാലത്ത് ആദ്യം പേജറും പിന്നെ മൊബൈലും ഇറക്കി 1994 ല്‍ ഇന്ത്യന്‍ മാര്‍ക്കറ്റില്‍ ബിപിഎല്ലിലൂടെ രാജീവ് സാങ്കേതിക വളര്‍ച്ചയില്‍ ആണിക്കല്ലായി.
2005 ല്‍ ജൂപ്പിറ്റര്‍ ക്യാപിറ്റല്‍ രൂപീകരിച്ച് ബിസിനസ് ലോകം വലുതാക്കി. രാജ്യം അറിയുന്ന ബിസിനസുകാരന്റെ രാഷ്ട്രീയ പ്രവേശവും വളര്‍ച്ചയും പെട്ടന്നായിരുന്നു. 2006 മുതല്‍ കര്‍ണാടകയില്‍ നിന്ന് തുടര്‍ച്ചയായി മൂന്നുതവണ രാജ്യസഭയിലെത്തി. 2021 ല്‍ കേന്ദ്രസഹമന്ത്രി. കേരള എന്‍.ഡി.എ.യുടെ വൈസ് ചെയര്‍മാനായിരുന്ന രാജീവ് സംഘപരിവാര്‍ പശ്ചാത്തലമില്ലാതെ പാര്‍ട്ടി സംസ്ഥാന പ്രസിഡന്റാകുന്ന ആദ്യ ബി.ജെ.പി നേതാവാണ്.