പ്രഭാത വാർത്താമുദ്ര
2025 മാർച്ച് 28 വെള്ളി
1200 മീനം 13 ചതയം
1446 റമദാൻ 27
◾ മുണ്ടക്കൈ-ചൂരല്‍മല ഉരുള്‍പൊട്ടല്‍ ദുരന്തബാധിതര്‍ക്ക് വീടുകളൊരുങ്ങുന്നു. മാതൃകാ ടൗണ്‍ഷിപ്പിന്റെ ശിലാസ്ഥാപനം മുഖ്യമന്ത്രി പിണറായി വിജയന് നിര്‍വഹിച്ചു. 7 സെന്റ് ഭൂമിയില്‍ ആയിരം ചതുരശ്ര അടി വിസ്തീര്‍ണ്ണമുള്ള വീടുകളാണ് ദുരന്തബാധിതര്‍ക്കായി നിര്‍മ്മിക്കുന്നത്. പുനരധിവാസത്തിനായി 402 ഗുണഭോക്താക്കളെയാണ് സര്‍ക്കാര്‍ തെരഞ്ഞെടുത്തിരിക്കുന്നത്. ടൗണ്‍ഷിപ്പ് നിര്‍മ്മിക്കുന്ന കല്‍പ്പറ്റയിലെ എല്‍സ്റ്റണ്‍ എസ്റ്റേറ്റിലാണ് മുഖ്യമന്ത്രി പദ്ധതിക്ക് തറക്കല്ലിട്ടത്.
◾ വയനാട് പുനരധിവാസം ലോകത്തിന് മാതൃകയായിരിക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്. വീട് നിര്‍മാണം കൊണ്ട് മാത്രം പുനരധിവാസം അവസാനിക്കില്ല. ചരിത്രത്തില്‍ രേഖപ്പെടുത്തുന്ന വിധത്തില്‍ പദ്ധതി പൂര്‍ത്തീകരിക്കുമെന്നും അദ്ദേഹം പറഞ്ഞു. രാജ്യത്തെ തന്നെ കണ്ണീരില്‍ മുക്കിയ ദുരന്തമാണ് ഉണ്ടായതെന്നും കേന്ദ്ര സഹായമുണ്ടാകുമെന്ന് പ്രതീക്ഷിച്ചുവെന്നും ഇതുവരെ ഒന്നും ലഭിച്ചില്ലെന്നും പഴയ അനുഭവം വെച്ച് ഇനി കിട്ടുമോയെന്ന് അറിയില്ലെന്നും മുഖ്യമന്ത്രി കൂട്ടിച്ചേര്‍ത്തു. മേപ്പാടിയില്‍ പുനരധിവാസ പദ്ധതിയടെ പ്രതീകാത്മക തറക്കല്ലിടല്‍ ചടങ്ങ് ഉദ്ഘാടനം ചെയ്ത ശേഷമാണ് കേന്ദ്ര സര്‍ക്കാരിനെ വിമര്‍ശിച്ചുകൊണ്ടുള്ള മുഖ്യമന്ത്രിയുടെ പ്രസംഗം.
◾ അടുത്ത മാസവും സംസ്ഥാനത്തെ ഉപഭോക്താക്കളില്‍ നിന്ന് സര്‍ചാര്‍ജ് പിരിക്കുമെന്ന് കെഎസ്ഇബി. യൂണിറ്റിന് ഏഴ് പൈസ നിരക്കിലാണ് സര്‍ചാര്‍ജ് പിരിക്കുക. ഫെബ്രുവരിയില്‍ 14.83 കോടിയുടെ അധിക ബാധ്യതയുണ്ടായ സാഹചര്യത്തിലാണിതെന്ന് കെഎസ്ഇബി വിശദീകരിക്കുന്നു.
◾ സംസ്ഥാനത്തെ 5 ആശുപത്രികള്‍ക്ക് കൂടി നാഷണല്‍ ക്വാളിറ്റി അഷുറന്‍സ് സ്റ്റാന്‍ഡേര്‍ഡ്സ് (എന്‍.ക്യു.എ.എസ്.) അംഗീകാരം ലഭിച്ചതായി ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ്. 4 ആശുപത്രികള്‍ക്ക് പുതുതായി അംഗീകാരവും ഒരു ആശുപത്രിയ്ക്ക് പുന:അംഗീകാരവുമാണ് ലഭിച്ചത്. ഇതോടെ സംസ്ഥാനത്ത് ആകെ 216 ആരോഗ്യ സ്ഥാപനങ്ങള്‍ക്കാണ് എന്‍.ക്യു.എ.എസ്. സര്ട്ടിഫിക്കേഷന് ലഭിച്ചത്.
◾ സംസ്ഥാനത്തെ സ്കൂള്‍ ഉച്ച ഭക്ഷണ പാചക തൊഴിലാളികള്‍ക്ക് വേതന വിതരണത്തിനായി 14.29 കോടി രൂപ അനുവദിച്ചു. 13,560 തൊഴിലാളികളുടെ ഫെബ്രുവരിയിലെ വേതനം നല്‍കുന്നതിനായാണ് സംസ്ഥാനം അധിക സഹായമായി തുക ലഭ്യമാക്കിയതെന്ന് ധനകാര്യ മന്ത്രി കെ എന്‍ ബാലഗോപാല്‍ പറഞ്ഞു.
◾ സര്‍ക്കാറിനെതിരായ സമരം തുടരുന്നതിനിടെ ആശാ വര്‍ക്കര്‍മാര്‍ക്ക് അധിക വേതനം പ്രഖ്യാപിച്ച് യുഡിഎഫ് ഭരിക്കുന്ന കൂടുതല്‍ തദ്ദേശ സ്ഥാപനങ്ങള്‍. കണ്ണൂര്‍ കോര്‍പറേഷനും ആറ് നഗരസഭകളും എലപ്പുള്ളി പഞ്ചായത്തുമാണ് ആശാ വര്‍ക്കര്‍മാര്‍ക്കാണ് ബജറ്റില്‍ തുക വകയിരുത്തിയത്. പ്രതിമാസം 7000 രൂപ അധികം നല്കാന് ബിജെപി ഭരിക്കുന്ന മുത്തോലി ഗ്രാമ പഞ്ചായത്തും തീരുമാനിച്ചിട്ടുണ്ട്. തുച്ഛമായ ഓണറേറിയം കൂട്ടണമെന്നാവശ്യപ്പെട്ട് ഒന്നര മാസമായി സമരം ചെയ്തിട്ടും സര്‍ക്കാര്‍ മുഖം തിരിച്ച് നിന്നതോടെയാണ് യുഡിഎഫ് ഭരണത്തിലുള്ള തദ്ദേശ സ്ഥാപനങ്ങളില്‍ അധിക വേതനം നല്കാന് തീരുമാനമെടുത്തത്.
◾ പത്താം ക്ലാസ് പരീക്ഷയ്ക്ക് മദ്യവുമായി എത്തിയ നാല് വിദ്യാര്‍ഥികള്‍ക്ക് കൗണ്‍സിലിങ് നല്കാന് ആറന്മുള പോലീസ് തീരുമാനിച്ചു. പത്തനംതിട്ട കോഴഞ്ചേരി നഗരത്തിലെ സ്കൂളിലാണ് ഇന്നലെ വിദ്യാര്‍ത്ഥികള്‍ മദ്യവുമായി എത്തിയത്. പരീക്ഷ കഴിഞ്ഞ് ആഘോഷിക്കാനാണ് മദ്യം കൊണ്ടുവന്നത്. ഒരാളുടെ ബാഗില്‍ നിന്നു അമ്മൂമ്മയുടെ മോതിരം മോഷ്ടിച്ചു വിറ്റ 10,000 രൂപയും കണ്ടെത്തിയിരുന്നു. വിദ്യാര്‍ത്ഥികള്‍ക്ക് മദ്യം ആര് വാങ്ങി നല്കി എന്നതിലടക്കം വിശദമായ പൊലീസ് അന്വേഷണം ഉണ്ടാകും.
◾ ജനന സര്‍ട്ടിഫിക്കറ്റിലെ പേരുമാറ്റാനുള്ള സങ്കീര്‍ണതകള്‍ മാറ്റി സര്‍ക്കാര്‍ ഉത്തരവിറക്കി. മറ്റ് സംസ്ഥാനങ്ങളിലും വിദേശത്തും പഠനം നടത്തിയവര്‍ക്ക് ഇങ്ങനെ രേഖകളില്‍ മാറ്റം വരുത്തുന്നത് വലിയ ബുദ്ധിമുട്ടാണെന്ന് മനസിലാക്കിയതിനെ തുടര്‍ന്നാണ് നടപടി ക്രമങ്ങള്‍ ലഘൂകരിച്ചത്. ഇതിനുള്ള സൗകര്യം കെ-സ്മാര്‍ട്ടിലും ഒരുക്കുമെന്ന് തദ്ദേശ വകുപ്പ് മന്ത്രി എം.ബി.രാജേഷ് അറിയിച്ചു.
◾ മാസപ്പടി കേസില്‍ വിജിലന്‍സ് അന്വേഷണം ആവശ്യപ്പെട്ടുളള റിവിഷന്‍ ഹര്‍ജിയില്‍ ഹൈക്കോടതി ഇന്ന് വിധി പറയും. എക്സാലോജിക്, സിഎം ആര് എല്‍ ഇടപാടില്‍ അന്വേഷണം വേണമെന്നാണ് ആവശ്യം. മുഖ്യമന്ത്രിയുടെ മകള്‍ എന്ന സ്ഥാനം ഉപയോഗിച്ചാണ് വീണയുടെ ഉടമസ്ഥതയിലുളള എക്സാലോജിക് കമ്പനി സി എംആര്‍ എല്ലില്‍ നിന്ന് പണം ഈടാക്കിയതെന്നായിരുന്നു വാദം.വിജിലന്‍സ് കോടതി ഉത്തരവിനെതിരായ റിവിഷന്‍ പെറ്റീഷനിലാണ് ഉത്തരവ്. വാദം കേട്ടശേഷം ഉത്തരവിനായി മാറ്റിയിരിക്കുകയായിരുന്നു.
◾ കേരളത്തിലെ 82ശതമാനം പൊതുജലാശയങ്ങളിലും 78 ശതമാനം വീട്ടുകിണറുകളും മനുഷ്യവിസര്‍ജ്യത്തില്‍നിന്നുള്ള കോളിഫോം ബാക്ടീരിയ അപകടകരമായ അളവിലാണെന്ന് മന്ത്രി എംബി.രാജേഷ്. ശുചിമുറി മാലിന്യം പുഴയിലും കായലിലും മറ്റു ജലസ്രോതസുകളിലും തള്ളുകയാണെന്നും കരിമീനൊക്കെ കഴിക്കുമ്പോള്‍ ഇത് ഓര്‍മയില്‍ വേണമെന്നും മന്ത്രി പറഞ്ഞു.മാലിന്യമുക്ത നവകേരളം പദ്ധതിയുടെ ഭാഗമായി ശുചിത്വ മിഷനും കേരള പത്രപ്രവര്‍ത്തക യൂണിയനുമായി സഹകരിച്ചു നടത്തിയ മാധ്യമശില്പശാല ഉദ്ഘാടനം ചെയ്യുകയായിരുന്നു.
◾ തൃക്കാക്കര നഗരസഭയെ മാലിന്യമുക്ത നഗരസഭയായി പ്രഖ്യാപിക്കുന്ന ചടങ്ങ് മാറ്റിവച്ച് എറണാകുളം കളക്ടര്‍. നഗരസഭയ്ക്ക് പിന്നില്‍ മാലിന്യം കെട്ടികിടക്കുന്നവെന്ന വാര്‍ത്തയ്ക്ക് പിന്നാലെയാണ് കളക്ടര്‍ ഇടപെട്ടത്. മാലിന്യം പൂര്‍ണമായും നീക്കം ചെയ്യാന്‍ നഗരസഭയ്ക്ക് നിര്‍ദേശം നല്കി. ജൈവ, അജൈവ മാലിന്യം നഗരസഭയ്ക്ക് പിന്നില്‍ കൂന കൂടി കിടക്കുന്നതിനെതിരെ പ്രതിപക്ഷവും രംഗത്തുവന്നിരുന്നു.
◾ ഓപ്പറേഷന് ഡി-ഹണ്ടിന്റെ ഭാഗമായി മാര്‍ച്ച് 26ന് സംസ്ഥാനവ്യാപകമായി നടത്തിയ സ്പെഷ്യല്‍ ഡ്രൈവില്‍ മയക്കുമരുന്ന് വില്‍പ്പനയില്‍ ഏര്‍പ്പെടുന്നതായി സംശയിക്കുന്ന 8159 പേരെ പരിശോധനയ്ക്ക് വിധേയമാക്കി. വിവിധതരത്തിലുള്ള നിരോധിത മയക്കുമരുന്ന് കൈവശം വച്ചതിന് 605 കേസുകള്‍ രജിസ്റ്റര്‍ ചെയ്തു. 612 പേരാണ് അറസ്റ്റിലായത്.
◾ കണ്ണൂര്‍ കൂട്ടുപുഴ ചെക്പോസ്റ്റില്‍ സ്വകാര്യ ബസില്‍ നിന്ന് നൂറ്റിയന്പത് തോക്കിന് തിരകള്‍ കണ്ടെത്തി. വിരാജ്പേട്ടയില്‍ നിന്ന് കണ്ണൂരിലേക്ക് വരികയായിരുന്ന ബസില്‍ ബര്‍ത്തിനുളളില്‍ ബാഗില്‍ പൊതിഞ്ഞ നിലയിലാണ് മൂന്ന് പെട്ടികളിലായി തിരകള്‍ കണ്ടെത്തിയത്. നാടന്‍ തോക്കില്‍ ഉപയോഗിക്കുന്നവയാണ്. എക്സൈസ് പരിശോധനയിലാണ് കണ്ടെത്തിയത്. പിന്നീട് പൊലീസിന് കൈമാറി. കൊണ്ടുവന്നത് ആരെന്ന് വ്യക്തമായിട്ടില്ല. യാത്രക്കാരെ ഇരിട്ടി സ്റ്റേഷനിലെത്തിച്ച് പൊലീസ് പരിശോധിക്കുകയാണ്.
◾ തൊടുപുഴ ബിജു ജോസഫ് കൊലപാതക കേസിലെ തെളിവെടുപ്പില്‍ കുത്താനുപയോഗിച്ച കത്തി കണ്ടെത്തി. രണ്ടാം പ്രതി ആഷിക് ജോണ്‍സണുമായി നടത്തിയ തെളിവെടുപ്പിലാണ് നിര്‍ണായക കണ്ടെത്തല്‍. തൊടുപുഴ ബിജു കൊലക്കേസിലെ രണ്ടാം പ്രതിയായ ആഷിക് ജോണ്‍സന്റെ അറസ്റ്റ് അന്വേഷണം സംഘം ജയിലിലെത്തി രേഖപ്പെടുത്തിയിരുന്നു.
◾ കണിച്ചുകുളങ്ങര കൊലപാതക കേസില്‍ ജീവപര്യന്തം തടവിന് ശിക്ഷിക്കപ്പെട്ട് ജയിലില്‍ കഴിയുന്ന സജിത്തിന്റെ ജാമ്യാപേക്ഷ സുപ്രീംകോടതി മാറ്റിവച്ചു. ഭാര്യയുടെ ആരോഗ്യസ്ഥിതി മോശമാണെന്നതടക്കം കാരണം ചൂണ്ടിക്കാട്ടിയാണ് സജിത്ത് സുപ്രീംകോടതിയില്‍ ജാമ്യാപേക്ഷ സമര്‍പ്പിച്ചത്. 17 വര്‍ഷമായി ജയിലാണെന്നും പ്രതി ഹര്‍ജിയില്‍ ആവശ്യപ്പെട്ടു. ജസ്റ്റിസ് വിക്രംനാഥിന്റെ അധ്യക്ഷതയിലുള്ള മൂന്നംഗ ബെഞ്ചാണ് ഹര്‍ജി പരിഗണിച്ചത്.
◾ പ്രതീക്ഷ ഉയര്‍ത്തി ഇന്ത്യന്‍ മത്സ്യത്തൊഴിലാളികളും ശ്രീലങ്കന്‍ മത്സ്യത്തൊഴിലാളികളും ശ്രീലങ്കയില്‍ ചര്‍ച്ച നടത്തി. 9 വര്‍ഷത്തിന് ശേഷമാണ് ഇരു രാജ്യത്തെയും മത്സ്യത്തൊഴിലാളികള്‍ ചര്‍ച്ച നടത്തുന്നത്. ഇന്ത്യയില്‍ നിന്നുള്ള 5 അംഗ സംഘം ലങ്കയിലെ വടക്കന്‍ മേഖലയിലെ മത്സ്യത്തോഴിലാളികളുമായാണ് ചര്‍ച്ച നടത്തിയത്. മേഖലയിലെ പ്രശ്നങ്ങള്‍ സര്‍ക്കാരുകള്‍ ഇടപെട്ട് പരിഹരിക്കണമെന്ന് ഇരുകൂട്ടരും പറഞ്ഞു. ഇന്ത്യന്‍ മത്സ്യത്തൊഴിലാളികളെ ലങ്കന്‍ നാവിക സേന അറസ്റ്റ് ചെയുന്നതില്‍ ഇന്ത്യന്‍ സംഘം ആശങ്ക അറിയിച്ചു.
◾ രാജ്യത്ത് അനധികൃത കുടിയേറ്റം നിയന്ത്രിക്കുന്നതിനായി കേന്ദ്രസര്‍ക്കാര്‍ അവതരിപ്പിച്ച ഇമിഗ്രേഷന്‍ ആന്‍ഡ് ഫോറിനേഴ്സ് ബില്‍, 2025 ലോക്സഭ അംഗീകരിച്ചു. മതിയായ രേഖകളില്ലാതെ രാജ്യത്ത് തുടരുന്നവര്‍ക്ക് കര്‍ശനശിക്ഷയും പിഴയും വ്യവസ്ഥ ചെയ്യുന്ന നിയമമാണിത്. വിനോദസഞ്ചാരിയായോ വിദ്യാര്‍ഥിയായോ ഇന്ത്യയിലെത്തുന്നവര്‍ക്ക് സ്വാഗതമരുളാന്‍ എല്ലായ്പോഴും ഇന്ത്യ ഒരുക്കമാണെന്നും അതേസമയം രാജ്യസുരക്ഷയ്ക്ക് ഭീഷണി ഉയര്‍ത്തുന്നവരെ കര്‍ശനമായി തന്നെ കൈകാര്യം ചെയ്യുമെന്നും ബില്‍ അവതരണവേളയില്‍ കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ പറഞ്ഞു.
◾ ത്രിഭാഷ വിഷയത്തില്‍ ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥിന്റെ വിമര്‍ശനത്തിന് മറുപടിയുമായി തമിഴ്നാട് മുഖ്യമന്ത്രി എം.കെ. സ്റ്റാലിന്. യോഗിയുടെ പരാമര്‍ശങ്ങള്‍ പൊളിറ്റിക്കല്‍ ബ്ലാക്ക് കോമഡിയാണെന്ന് അദ്ദേഹം വിമര്‍ശിച്ചു. തമിഴ്നാട് ഒരു ഭാഷയെയും എതിര്‍ക്കുന്നില്ല. സംസ്ഥാനം അടിച്ചേല്‍പ്പിക്കലിനും വര്‍ഗീയതയ്ക്കും എതിരാണെന്നും സ്റ്റാലിന് വ്യക്തമാക്കി.
◾ ജമ്മു കശ്മീരിലെ കത്വയില്‍ ഭീകരരുമായുള്ള ഏറ്റുമുട്ടലില്‍ മൂന്ന് പൊലീസുകാര്‍ക്ക് വീരമൃത്യു വരിച്ചു. ഏറ്റുമുട്ടലില്‍ മൂന്ന് ഭീകരരെ വധിച്ചിട്ടുണ്ട്. പ്രദേശത്ത് വൈകിയും ഏറ്റുമുട്ടല്‍ തുടരുകയാണെന്നാണ് റിപ്പോര്‍ട്ടുകള്‍.