ന്യൂസ് റൗണ്ട് അപ്പ് – വാർത്താമുദ്ര
2025| മാർച്ച് | 31 | തിങ്കൾ |1200 മീനം | 17 അശ്വതി | 1 ശവ്വാൽ 1446
*◼️ സംസ്ഥാനത്ത് ഇന്ന് ചെറിയ പെരുന്നാൾ ആഘോഷിക്കുന്നു. റമദാന്‍ 29 നോമ്പുകള്‍ പൂർത്തിയാക്കിയാണ് വിശ്വാസികൾ ചെറിയ പെരുന്നാൾ ആഘോഷിക്കുന്നത്. രാവിലെ പള്ളികളിലും ഈദ് ഗാഹുകളിലും നടന്ന ചെറിയ പെരുന്നാൾ പ്രാർഥനകളിൽ നിരവധി വിശ്വാസികൾ പങ്കെടുത്തു.
*◼️എമ്പുരാൻ: ഖേദം പ്രകടിപ്പിച്ച് മോഹൻലാല്‍, ‘വിവാദ രംഗങ്ങള്‍ നീക്കും’*
എമ്പുരാൻ സിനിമയുമായി ബന്ധപ്പെട്ട് ഉയരുന്ന വിവാദങ്ങളിൽ ഖേദം പ്രകടിപ്പിച്ച് നടൻ മോഹൻലാൽ. ഒരു കലാകാരൻ എന്ന നിലയിൽ എൻ്റെ ഒരു സിനിമയും ഏതെങ്കിലും രാഷ്ട്രീയ പ്രസ്ഥാനത്തോടോ, ആശയത്തോടോ, മതവിഭാഗത്തോടോ വിദ്വേഷം പുലർത്തുന്നില്ല. അതുകൊണ്ട് എൻ്റെ പ്രിയപ്പെട്ടവർക്ക് ഉണ്ടായ മനോവിഷമത്തിൽ എനിക്കും എമ്പുരാൻ ടീമിനും ആത്മാർത്ഥമായ ഖേദമുണ്ടെന്ന് മോഹൻലാൽ ഫേസ്ബുക്കിൽ കുറിച്ചു.
◼️സംസ്ഥാനത്ത് ഇന്ന് മുതൽ മഴ മുന്നറിയിപ്പ്
കേരളത്തിൽ ഇന്ന് മുതൽ നാല് ദിവസത്തേക്ക് മഴ ശക്തമാകുമെന്ന് കേന്ദ്രകാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പ്. അടുത്ത 3 മണിക്കൂറിൽ കേരളത്തിലെ കണ്ണൂർ ജില്ലയിൽ ഒറ്റപ്പെട്ടയിടങ്ങളിൽ ഇടിമിന്നലോട് കൂടിയ ഇടത്തരം മഴയ്ക്കും മണിക്കൂറിൽ 40 കിലോമീറ്റർ വരെ വേഗതയിൽ ശക്തമായ കാറ്റിനും സാധ്യതയുണ്ടെന്നും കാലാവസ്ഥാ വകുപ്പ് അറിയിച്ചു.
◼️റിക്കവറി വാഹനം ജനക്കൂട്ടത്തിനിടയിലേക്ക് ഇടിച്ചുകയറി; ഉത്സവം കണ്ടുമടങ്ങിയ അമ്മയ്ക്കും മകൾക്കും ദാരുണാന്ത്യം
വർക്കലയിൽ ഉത്സവം കണ്ടു മടങ്ങിയ ജനക്കൂട്ടത്തിനിടയിലേക്ക് വാഹനം ഇടിച്ചുകയറി അമ്മയ്ക്കും മകൾക്കും ദാരുണാന്ത്യം. രണ്ടു പേർക്ക് പരിക്കേറ്റു. പേരേറ്റിൽ സ്വദേശികളായ രോഹിണി, അഖില എന്നിവരാണ് മരിച്ചത്.
◼️ഉംറ തീർഥാടനത്തിന് പുറപ്പെട്ട മലയാളി കുടുംബത്തിന്റെ വാഹനം അപകടത്തിൽപ്പെട്ടു, കുട്ടികളടക്കം മൂന്ന് മരണം
ഒമാനില്‍നിന്ന് സൗദിയിലേക്ക് ഉംറ തീര്‍ഥാടനത്തിന് പോയ മലയാളി കുടുംബം സഞ്ചരിച്ച വാഹനം അപകടത്തില്‍പെട്ട് കുട്ടികള്‍ അടക്കം മൂന്നുപേര്‍ മരിച്ചു. രിസാല സ്റ്റഡി സര്‍ക്കിള്‍ (ആര്‍എസ്‌സി) ഒമാന്‍ നാഷണല്‍ സെക്രട്ടറി ശിഹാബ് കാപ്പാടിന്റെ ഭാര്യ ഷഹല (30), മകള്‍ ആലിയ (7), മിസ്ഹബ് കൂത്തുപറമ്പിന്റെ മകന്‍ ദക്വാന്‍ (7) എന്നിവരാണ് മരിച്ചത്. ഞായറാഴ്ച രാവിലെ സൗദിയിലെ ബത്തയിലാണ് അപകടമുണ്ടായത്. കുട്ടികൾ അപകടസ്ഥലത്തും സഹ്ല ആശുപത്രിയിലുമാണ് മരിച്ചത്. മിസ്അബിന്റെ ഭാര്യ ഹഫീനയും മറ്റു മക്കളും ചികിത്സയിലാണ്. മിസ്അബും ശിഹാബും നിസാര പരിക്കുകളോടെ രക്ഷപ്പെട്ടു.
◼️നാദാപുരത്ത് പ്ലസ് വൺ ഇംപ്രൂവ്മെന്റ് പരീക്ഷക്കിടെ ഉണ്ടായ ആൾമാറാട്ടം: തുടർനടപടിക്കൊരുങ്ങി വിദ്യാഭ്യാസ വകുപ്പ്
കോഴിക്കോട് നാദാപുരത്ത് പ്ലസ് വൺ ഇംപ്രൂവ്മെന്റ് പരീക്ഷക്കിടെ ഉണ്ടായ ആൾമാറാട്ടം അന്വേഷിക്കുമെന്ന് വിദ്യാഭ്യാസവകുപ്പ്. പരീക്ഷയെഴുതേണ്ട വിദ്യാർത്ഥിക്കെതിരെ ജുവനൈൽ ജസ്റ്റീസ് ബോർഡിന് റിപ്പോർട്ട് നൽകും. ആൾമാറാട്ടത്തിൽ വിദ്യാഭ്യാസ വകുപ്പും അന്വേഷണം നടത്തുന്നുണ്ട്. കടമേരിയിലെ ഒരു സ്വകാര്യ വിദ്യാഭ്യാസ സ്ഥാപനത്തിലെ വിദ്യാർത്ഥികളാണ് ഇരുവരും. പ്ലസ് വൺ വിദ്യാർത്ഥിക്ക് പകരം ബിരുദ വിദ്യാർത്ഥിയായ ഇസ്മയിൽ എത്തി പരീക്ഷയെഴുതുകയായിരുന്നു. പരീക്ഷ നടക്കുന്നതിനിടെ ഇൻവിജിലേറ്റർക്ക് സംശയം തോന്നി നടത്തിയ പരിശോധനയിലാണ് ആൾമാറാട്ടം വ്യക്തമായത്. ആൾമാറാട്ടം നടത്തിയ ഇസ്മയിലിലെ പൊലീസ് ഇന്നലെ തന്നെ അറസ്റ്റ് ചെയ്തിരുന്നു. ഇയാളെ റിമാൻഡ് ചെയ്തിരിക്കുകയാണ്.
◼️ ഒരുമയുടെ വലിയ ആഘോഷമായി മാറട്ടെ; പെരുന്നാൾ ആശംസകൾ നേര്‍ന്ന് മുഖ്യമന്ത്രി
ഈദ് ആശംസകൾ നേർന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. സ്‌നേഹത്തിന്റെയും ത്യാഗത്തിന്റെയും സന്ദേശമുയർത്തിപ്പിടിച്ച ഒരു റംസാൻ കാലമാണ് കഴിഞ്ഞുപോയതെന്നും മറ്റുള്ളവരുടെ ദുഃഖങ്ങളിലും ക്ലേശങ്ങളിലും സാന്ത്വനസ്പർശമായി മാറുന്ന ഉന്നതമായ മാനവികതയുടേതാണ് റംസാനെന്നും മുഖ്യമന്ത്രി കുറിച്ചു.
◼️ഈദുൽ ഫിത്ർ ആശംസകള്‍ നേര്‍ന്ന് പ്രതിപക്ഷ നേതാവ്
പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ ചെറിയ പെരുന്നാൾ ആശംസകൾ നേർന്നു. ഒരു മാസക്കാലത്തെ കഠിനമായ വ്രതാനുഷ്ഠാനങ്ങൾക്ക് ശേഷം ഈദുൽ ഫിത്റിലേക്ക് കടന്നിരിക്കുകയാണ്. കൊടുംചൂടിലും അദമ്യമായ ദൈവഭക്തിയോടെയാണ് എല്ലാ വിശ്വാസികളും നോമ്പ് കാലം പിന്നിട്ടത്. ആത്മീയമായും ശാരീരികമായും ശുദ്ധി വരുത്താനുള്ള സമയം കൂടിയായിരുന്നു അത് -ഈദ് ആശംസയിൽ അദ്ദേഹം പറഞ്ഞു.
◼️റജുലയുടെ മരണത്തിന് കാരണം അൻവറിൻ്റെ ക്രൂരമർദ്ദനമെന്ന് പൊലീസ്; യുവാവ് അറസ്റ്റിൽ
കോണോം പാറയിൽ ഭർതൃവീട്ടിൽ യുവതി തൂങ്ങി മരിച്ച സംഭവത്തിൽ ഭർത്താവിനെ പൊലീസ് അറസ്റ്റ് ചെയ്തു. കൊണ്ടോട്ടി ഒളവട്ടൂർ സ്വദേശി റെജുലയുടെ മരണവുമായി ബന്ധപ്പെട്ട കേസിൽ ഭർത്താവ് അൻവറിനെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്. കൊലപാതക ശ്രമം , ആത്മഹത്യാ പ്രേരണ എന്നീ കുറ്റങ്ങൾ ചുമത്തിയാണ് അറസ്റ്റ്. അൻവറിൻ്റെ ക്രൂര മർദ്ദനത്തെ തുടർന്നാണ് റെജുല ജീവനൊടുക്കിയതെന്ന് പൊലീസ് പറഞ്ഞു. യുവതിയുടെ ആന്തരിക അവയവങ്ങൾക്ക് ഉൾപ്പടെ ക്ഷതമേറ്റതായി പോസ്റ്റ്‌മോർട്ടം റിപ്പോർട്ടിലും വ്യക്തം. വെള്ളിയാഴ്ച രാത്രിയാണ് മേൽമുറി സ്വദേശിയായ റെജുല ആത്മഹത്യ ചെയ്തത്. ദമ്പതികൾക്ക് കൈക്കുഞ്ഞടക്കം രണ്ട് മക്കളുണ്ട്.
◼️ഹിമാചൽ പ്രദേശിൽ മണ്ണിടിച്ചിൽ; മരങ്ങൾ കടപുഴകി വാഹനങ്ങൾക്ക് മേലെ വീണു; 6 പേർ കൊല്ലപ്പെട്ടു
ഹിമാചൽപ്രദേശിലെ കുളുവിലെ മണികരനിൽ മണ്ണിടിച്ചിലിൽ ആറ് പേർ കൊല്ലപ്പെട്ടു. നിരവധി പേർക്ക് പരുക്കേറ്റു. വാഹനങ്ങൾക്ക് മുകളിലേക്ക് മരം കടപുഴകി വീണ് ആളുകൾ അതിനിടയിൽ പെടുകയായിരുന്നു. സ്ഥലത്ത് രക്ഷാപ്രവർത്തനം തുടരുകയാണ്. പരുക്കേറ്റ നിലയിൽ അഞ്ച് പേരെ ആശുപത്രികളിൽ പ്രവേശിപ്പിച്ചു. ഇന്ന് വൈകിട്ടോടെയാണ് അപകടം നടന്നത്.
◼️’കരാറിലെത്തിയില്ലെങ്കിൽ ബോംബും ഇരട്ട നികുതിയും’; ഇറാന് മുന്നറിയിപ്പുമായി ട്രംപ്
ആണവ പദ്ധതി സംബന്ധിച്ച് വാഷിംഗ്ടണുമായി ഒരു കരാറിലെത്തിയില്ലെങ്കിൽ ഇറാനിൽ ബോംബാക്രമണം നടത്തുമെന്നും ഇരട്ട തീരുവയും ഏർപ്പെടുത്തുമെന്ന് യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെ ഭീഷണി. എൻബിസി ന്യൂസിന് നൽകിയ ടെലിഫോൺ അഭിമുഖത്തിലാണ് ട്രംപ് ഇക്കാര്യം വ്യക്തമാക്കിയത്. കരാർ സംബന്ധിട്ട് യുഎസ്, ഇറാൻ ഉദ്യോഗസ്ഥർ സംസാരിക്കുന്നുണ്ടെന്നും ട്രംപ് പറഞ്ഞു.
◼️ചെന്നൈക്കെതിരെ രാജസ്ഥാന് ആറ് റണ്‍സിന്റെ തകര്‍പ്പന്‍ ജയം
അവസാന ഓവർ വരെ ആവേശം അലതല്ലിയ മത്സരത്തിൽ ചെന്നൈക്കെതിരെ രാജസ്ഥാന് ആറ് റൺസിന്റെ തകർപ്പൻ ജയം.
സ്കോർ: രാജസ്ഥാൻ 20 ഓവറിൽ 182/9. ചെന്നൈ 176/6. ഓപ്പണർ രചിൻ രവീന്ദ്ര (0) ആദ്യ ഓവറിൽ ജോഫ്ര ആർച്ചർക്ക് വിക്കറ്റ് നൽകി മടങ്ങിയെങ്കിലും മറ്റൊരു ഓപ്പണർ രാഹുൽ ത്രിപാഠിക്കൊപ്പം (23) ചേർന്ന ക്യാപ്റ്റൻ ഋതുരാജ് ഗെയ്ക്വാദ് (44 പന്തിൽ 63) അവസാനഘട്ടംവരെ ചെന്നൈക്ക് പ്രതീക്ഷ നൽകി.