Saturday, April 19, 2025
KERALA NEWSNews SPECIAL

സായാഹ്ന വാർത്താമുദ്ര

◾ ആര്‍.എസ്.എസ് ക്രിസ്ത്യന്‍ വിഭാഗത്തെ ലക്ഷ്യമിടുന്നുവെന്ന് പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധി. വഖഫ് ബില്ലിലൂടെ മുസ്ലീങ്ങളെ ഉന്നമിട്ടവര്‍ മറ്റ് മതങ്ങളില്‍പ്പെട്ടവരേയും സമാനമായ രീതിയില്‍ ഭാവിയില്‍ ലക്ഷ്യമിടുമെന്നും രാഹുല്‍ ഗാന്ധി പറഞ്ഞു. വഖഫിന് പിന്നാലെ ആര്‍എസ്എസിന്റെ ശ്രദ്ധ കത്തോലിക്ക സഭാ ഭൂമിയിലേക്ക് തിരിയുന്നുവെന്ന ദി ടെലഗ്രാഫ് ലേഖനം പങ്കുവെച്ചുകൊണ്ട് എക്‌സിലാണ് രാഹുല്‍ ഗാന്ധി ആര്‍.എസ്.എസിനെ വിമര്‍ശിച്ച് എഴുതിയത്. തൊട്ടുപിന്നാലെ വിവാദ ലേഖനം ഓര്‍ഗനൈസര്‍ പിന്‍വലിച്ചു. ഏപ്രില്‍ 3 നാണ് ഓര്‍ഗനൈസര്‍ ലേഖനം പ്രസിദ്ധീകരിച്ചത്. സര്‍ക്കാര്‍ കഴിഞ്ഞാല്‍ വഖഫ് ബോര്‍ഡിനല്ല കൂടുതല്‍ ഭൂമി കത്തോലിക്ക സഭക്കാണെന്നാണ് ലേഖനത്തില്‍ പറയുന്നത്.
◾ ഇ.ഡി പരിശോധനയ്ക്കും ചോദ്യം ചെയ്യലിനും പിന്നാലെ പ്രതികരണവുമായി പ്രമുഖ വ്യവസായിയും നിര്‍മാതാവുമായ ഗോകുലം ഗോപാലന്‍. ഇന്നലെ നടത്തിയ പരിശോധനയില്‍ ഇ.ഡി ഉദ്യോഗസ്ഥര്‍ ക്രമക്കേടുകളൊന്നും കണ്ടെത്തിയിട്ടില്ലെന്നും അവര്‍ ‘ബ്ലെസ്’ ചെയ്താണ് മടങ്ങിയതെന്നും ഗോകുലം ഗോപാലന്‍ പ്രതികരിച്ചു. എമ്പുരാന്‍ സിനിമയുമായി ഈ പരിശോധനയ്ക്ക് ബന്ധമുണ്ടോയെന്ന ചോദ്യത്തിന് എല്ലാം സ്വാഭാവികമായ പരിശോധന മാത്രമാണെന്നും അദ്ദേഹം വ്യക്തമാക്കി.
◾ ഗോകുലം ഗ്രൂപ്പിലെ പരിശോധനയുമായി ബന്ധപ്പെട്ട് കൂടുതല്‍ വിവരങ്ങള്‍ പുറത്തുവിട്ട് ഇഡി. ഗോകുലം ഗ്രൂപ്പ് ആര്‍ബിഐ, ഫെമ ചട്ടങ്ങള്‍ ലംഘിച്ചതായി ഇഡി വാര്‍ത്താക്കുറിപ്പിലൂടെ അറിയിച്ചു. ഗോകുലം ചട്ടം ലംഘിച്ച് വിദേശ ഫണ്ട് സ്വീകരിച്ചു. 592.54 കോടി രൂപ വിദേശ ഫണ്ട് സ്വീകരിച്ചതായി ഇഡി വാര്‍ത്താക്കുറിപ്പില്‍ വ്യക്തമാക്കുന്നു. 370.80 കോടി രൂപ പണമായും 220.74 കോടി രൂപ ചെക്കായും ആണ് സ്വീകരിച്ചിരിക്കുന്നത്. വിദേശത്തേക്ക് ചട്ടം ലംഘിച്ച് പണം കൈമാറുകയും ചെയ്തു. ഗോകുലം ഗ്രൂപ്പിന്റെ സ്ഥാപനങ്ങളില്‍ കൂടുതല്‍ റെയ്ഡ് നടക്കുന്നതായും പിടിച്ചെടുത്ത രേഖകളില്‍ പരിശോധന തുടരുന്നതായും ഇഡി അറിയിച്ചു.
◾ നടന്‍ പൃഥ്വിരാജിനോട് പ്രതിഫലത്തുകയില്‍ വ്യക്തത വരുത്താന്‍ ആവശ്യപ്പെട്ട് ആദായനികുതി വകുപ്പ്. മുന്‍പ് അഭിനയിച്ച സിനിമകളുടെ പ്രതിഫല കാര്യത്തിലാണ് വ്യക്തത തേടിയത്, കഴിഞ്ഞ വര്‍ഷം ആദായനികുതി വകുപ്പ് പൃഥ്വിരാജിന്റെ ഓഫീസുകളിലും വീട്ടിലും റെയ്ഡ് നടത്തിയിരുന്നു. അതിന്റെ തുടര്‍ച്ചയായാണ് ഇപ്പോഴത്തെ നടപടി. ആദായ നികുതി അസസ്മെന്റ് വിഭാഗമാണ് ഇക്കാര്യം ആവശ്യപ്പെട്ട് നോട്ടീസ് നല്‍കിയത്.
◾ മധുരയില്‍ പാര്‍ട്ടി കോണ്‍ഗ്രസ് വേദിയില്‍ പലസ്തീന് ഐക്യദാര്‍ഢ്യം പ്രഖ്യാപിക്കുന്നവര്‍ മുനമ്പത്ത് കുടിയിറക്ക് ഭീഷണി നേരിടുന്നവരെ കണ്ടില്ലെന്ന് വി.മുരളീധരന്‍. വോട്ടുബാങ്ക് ഉന്നംവെച്ച് ജനതാത്പര്യത്തെ ബലി കഴിപ്പിക്കുകയാണ് സിപിഎം. കെസിബിസിയും സിബിസിഐയും മുന്നോട്ടുവച്ച ആവശ്യങ്ങളോട് എല്‍ഡിഎഫും യുഡിഎഫും മുഖംതിരിച്ചുവെന്നും വി.മുരളീധരന്‍ പറഞ്ഞു.
◾ കേന്ദ്ര സഹമന്ത്രി ജോര്‍ജ് കുര്യനെ യൂദാസിനോട് ഉപമിച്ച് കേരളത്തില്‍നിന്നുള്ള ജോണ്‍ ബ്രിട്ടാസ് എംപി. യൂദാസിനെ പോലെ 30 വെള്ളിക്കാശിന് ക്രൈസ്തവരെ ഒറ്റിക്കൊടുത്ത വിദ്വാനാണ് ജോര്‍ജ് കുര്യന്‍ എന്നും ഇദ്ദേഹമാണ് ഇപ്പോള്‍ ക്രൈസ്തവര്‍ക്ക് വേണ്ടി മുതലക്കണ്ണീര്‍ ഒഴുക്കുന്നതെന്നുമായിരുന്നു ജോണ്‍ ബ്രിട്ടാസ് കുറ്റപ്പെടുത്തിയത്.
◾ ആശാസമര സമിതി ഐഎന്‍ടിയുസിക്കെതിരെ പച്ചക്കള്ളം പറയുന്നുവെന്ന് ഐഎന്‍ടിയുസി സംസ്ഥാന അധ്യക്ഷന്‍ ആര്‍ ചന്ദ്രശേഖരന്‍. ഓണറേറിയം വര്‍ധിപ്പിക്കുമെന്ന് മന്ത്രി പറഞ്ഞതാണെന്നും ആശമാരുടെ സമരത്തിന് നേതൃത്വം നല്‍കുന്നവര്‍ ഒത്തുതീര്‍പ്പ് മനസ്ഥിതിയില്ലാത്തവരാണെന്നും അദ്ദേഹം പറഞ്ഞു. ആശാ സമരപ്പന്തലില്‍ പോകാഞ്ഞത് സമയക്കുറവ് കൊണ്ടാണെന്നും സര്‍ക്കാറിന്റെ സാമ്പത്തിക സ്ഥിതി അന്വേഷിക്കേണ്ട കാര്യം ഐഎന്‍ടിയുസിക്കില്ലെന്നും ആര്‍ ചന്ദ്രശേഖരന്‍ പറഞ്ഞു.
◾ എറണാകുളം ഗെസ്റ്റ് ഹൗസില്‍നിന്നു മാധ്യമങ്ങളെ പുറത്താക്കാന്‍ ആവശ്യപ്പെട്ട് കേന്ദ്രമന്ത്രി സുരേഷ് ഗോപി. കഴിഞ്ഞ ദിവസം മാധ്യമപ്രവര്‍ത്തകരോടു ക്ഷുഭിതനായതിനെപ്പറ്റി ഇന്നു മാധ്യമപ്രവര്‍ത്തര്‍ ചോദിച്ചപ്പോള്‍ പ്രതികരിക്കാന്‍ വിസമ്മതിച്ച സുരേഷ് ഗോപി, പിന്നീട് മാധ്യമങ്ങളെ അവിടെനിന്നു പുറത്താക്കണമെന്ന് ആവശ്യപ്പെടുകയായിരുന്നു. താന്‍ പുറത്തിറങ്ങുമ്പോള്‍ ഗെസ്റ്റ് ഹൗസ് വളപ്പില്‍ ഒരു മാധ്യമപ്രവര്‍ത്തകന്‍ പോലും ഉണ്ടാവരുതെന്ന് സുരേഷ് ഗോപി ഗണ്‍മാന്‍ വഴി നിര്‍ദേശിച്ചതായി ഗെസ്റ്റ് ഹൗസ് ഉദ്യോഗസ്ഥര്‍ പറഞ്ഞു.
◾ കേരളത്തില്‍ കഴിഞ്ഞ 24 മണിക്കൂറില്‍ ഏറ്റവും ഉയര്‍ന്ന യുവി ഇന്‍ഡെക്സ് രേഖപ്പെടുത്തിയ 14 ജില്ലകളിലെ സ്റ്റേഷനുകളുടെ പട്ടിക പുറത്തു വിട്ട് കേന്ദ്രകാലാവസ്ഥാ വകുപ്പ്. ഓറഞ്ച് അലര്‍ട്ട് രേഖപ്പെടുത്തിയത് 10 ഇടങ്ങളിലാണ്. കൊട്ടാരക്കര, കോന്നി, ചങ്ങനാശ്ശേരി, ചെങ്ങന്നൂര്‍, മൂന്നാര്‍, കളമശ്ശേരി, ഒല്ലൂര്‍, തൃത്താല പൊന്നാനി, മാനന്തവാടി എന്നിവിടങ്ങളില്‍ ഓറഞ്ച് അലര്‍ട്ടാണ് രേഖപ്പെടുത്തിയത്.
◾ രാഷ്ട്രീയ പാര്‍ട്ടി രൂപീകരണ സാധ്യത തള്ളാതെ താമരശ്ശേരി ബിഷപ്പ് മാര്‍ റെമീജിയോസ് ഇഞ്ചനാനിയില്‍. മുനമ്പം വിഷയത്തില്‍ ഇടത് വലത് മുന്നണികള്‍ സമുദായ താത്പര്യം സംരക്ഷിച്ചില്ലെന്നും സമുദായത്തിന്റെ നിലപാട് വൈകിട്ട് കോഴിക്കോട് മുതലക്കുളം മൈതാനത്ത് പ്രഖ്യാപിക്കുമെന്നും ബിഷപ്പ് മാര്‍ റെമീജിയോസ് ഇഞ്ചനാനിയില്‍ വ്യക്തമാക്കി.
◾ തിരുവനന്തപുരത്ത് ഗുണ്ടാ നേതാവ് പ്രതിയായ ലഹരി കേസില്‍ മഹസ്സര്‍ രേഖപ്പെടുത്തിയതില്‍ തിരുവല്ലം എസ്.ഐക്ക് ജാഗ്രതകുറവുണ്ടായെന്ന് അന്വേഷണ റിപ്പോര്‍ട്ട്. ഇത് പ്രകാരം എസ്.ഐ തോമസിനെ സ്ഥലം മാറ്റും. എസ്.ഐക്കെതിരെ വകുപ്പുതല അന്വേഷണവുമുണ്ടാകും. എന്നാല്‍ എസ്.ഐ ബോധപൂര്‍വ്വം പ്രതിയെ സഹായിച്ചിട്ടില്ലെന്നാണ് ഡിസിപിയുടെ അന്വേഷണ റിപ്പോര്‍ട്ടില്‍ പറയുന്നത്.
◾ ഒഡീഷയിലും മലയാളി വൈദികന് മര്‍ദനമേറ്റു. ബെഹരാംപൂര്‍ ലത്തീന്‍ രൂപതയിലെ ജൂബ ഇടവക പള്ളി വികാരി ഫാ. ജോഷി ജോര്‍ജിനാണ് മര്‍ദനമേറ്റത്. സമീപത്തെ ഗ്രാമത്തില്‍ കഞ്ചാവ് കണ്ടെത്താനുള്ള പരിശോധനക്കിടെ ഒഡീഷ പോലീസ് പള്ളിയില്‍ കയറി മര്‍ദിക്കുകയായിരുന്നു. പോലീസ് ക്രൂരമായി മര്‍ദിച്ചെന്നും, പള്ളിയില്‍നിന്ന് പണം അപഹരിച്ചെന്നും ഫാ ജോഷി ജോര്‍ജ് പറഞ്ഞു.
◾ എംജി ശ്രീകുമാറിന്റെ വീട്ടില്‍ നിന്നും മാലിന്യം കായലിലേക്ക് വലിച്ചെറിയുന്ന വീഡിയോ ചിത്രീകരിച്ച യുവാവിന് പാരിതോഷികം. 2500 രൂപയാണ് വീഡിയോ ചിത്രീകരിച്ച നസീമിന് മുളവുകാട് പഞ്ചായത്ത് പാരിതോഷികമായി നല്‍കിയത്. ഈടാക്കുന്ന പിഴത്തുകയുടെ 25 ശതമാനം അല്ലെങ്കില്‍ പരമാവധി 2,500 രൂപയാണ് ഇത്തരം സംഭവം റിപ്പോര്‍ട്ട് ചെയ്തവര്‍ക്ക് ലഭിക്കുക.
◾ ഐബി ഉദ്യോഗസ്ഥയുടെ മരണത്തെ സംബന്ധിച്ച് സമഗ്ര അന്വേഷണം നടത്തണമെന്നും ഐബി ഉദ്യോഗസ്ഥനായ സുകാന്ത് സുരേഷിനെ കേന്ദ്ര സര്‍ക്കാര്‍ സര്‍വീസില്‍ നിന്ന് ഉടന്‍ സസ്പെന്‍ഡ് ചെയ്യണമെന്നും ഡിവൈഎഫ്ഐ ആവശ്യപ്പെട്ടു. മേഘയെ ചൂഷണം ചെയ്യുകയും അക്കൗണ്ടിലെ തുക തട്ടിയെടുക്കുകയും ചെയ്ത സുകാന്ത് ഗര്‍ഭഛിദ്രം നടത്താനായി മേഘയെ തിരുവനന്തപുരത്തെ ആശുപത്രിയിലെത്തിച്ചത് കൃത്രിമ രേഖകളുണ്ടാക്കിയാണെന്നും റിപ്പോര്‍ട്ടുകളുണ്ട്.
◾ കൊല്ലത്തെ ക്ഷേത്രോത്സവത്തില്‍ ക്രിസ്തീയ ഭക്തിഗാനം പാടി ഗായകന്‍ മാര്‍കോസ്. കിഴക്കേ കല്ലട ചിറ്റുമല ശ്രീദുര്‍ഗാ ദേവി ക്ഷേത്രത്തിലെ ഉത്സവത്തിന്റെ ഭാഗമായി നടന്ന ഗാനമേളയിലാണ് സംഭവം. കാണികളുടെ ആവശ്യപ്രകാരമാണ് ഇസ്രായേലിന്‍ നാഥനായി എന്ന ഗാനം ഗായകന്‍ മാര്‍ക്കോസ് ആലപിച്ചത്. നിറഞ്ഞ കയ്യടിയോടെയാണ് ക്ഷേത്രമുറ്റത്ത് ഒത്തുകൂടിയവര്‍ പാട്ട് ആസ്വദിച്ചത്. കൊല്ലത്ത് തന്നെ കടയ്ക്കല്‍ ക്ഷേത്രത്തിലെ ഉത്സവത്തിനിടെ ഗായകന്‍ കാണികളുടെ ആവശ്യപ്രകാരം വിപ്ലവഗാനം പാടിയത് വിവാദമായിരുന്നു.
◾ സൈബര്‍ തട്ടിപ്പ് സംഘത്തിന്റെ കെണിയില്‍പ്പെട്ട് കേരള ഹൈക്കോടതി മുന്‍ ജഡ്ജിക്ക് പണം നഷ്ടമായ സംഭവത്തില്‍ കോഴിക്കോട് സ്വദേശി മിര്‍ഷാദ് എന്‍, വടകര സ്വദേശി മുഹമ്മദ് ഷര്‍ജില്‍ തുടങ്ങിയവര്‍ പിടിയിലായി. 90 ലക്ഷം രൂപയാണ് ഷെയര്‍ ട്രേഡിങ് എന്ന പേരില്‍ പ്രതികള്‍ ജസ്റ്റീസ് ശശിധരന്‍ നമ്പ്യാരില്‍ നിന്ന് തട്ടിയെടുത്തത്. കൊച്ചി സിറ്റി സൈബര്‍ പൊലീസാണ് കേസന്വേഷിച്ചത്. ചൈന, കംപോഡിയ തുടങ്ങിയ രാജ്യങ്ങള്‍ കേന്ദ്രീകരിച്ചുളള സൈബര്‍ തട്ടിപ്പ് സംഘമാണ് ഇതിന് പിന്നിലെന്ന് അന്വേഷണസംഘം അറിയിച്ചു.
◾ നിലമ്പൂര്‍ വനത്തില്‍ മൂന്നിടങ്ങളിലായി മൂന്ന് കാട്ടാനകളെ ചരിഞ്ഞ നിലയില്‍ കണ്ടെത്തി. കരുളായി, മരുത, കാരക്കോട് പുത്തരിപ്പാടം വനത്തിലാണ് ആനകളെ ചരിഞ്ഞ നിലയില്‍ ഇന്നലെ കണ്ടത്. മരുതയില്‍ 20 വയസുള്ള പിടിയാനയാണ് ചരിഞ്ഞത്. ആനകളുടെ മൃതദേഹങ്ങള്‍ക്ക് 4 ദിവസം പഴക്കമുണ്ട്.
◾ ആലപ്പുഴയില്‍ ഹൈബ്രിഡ് കഞ്ചാവുമായി യുവതി ഉള്‍പ്പടെ രണ്ട് പേര്‍ പിടിയിലായ കേസിന്റെ അന്വേഷണം എക്‌സൈസ് അസിസ്റ്റന്റ് കമ്മീഷണര്‍ക്ക് കൈമാറി. എക്‌സൈസ് അസിസ്റ്റന്റ് കമ്മീഷണര്‍ ആര്‍ അശോക് കുമാറിന്റെ നേതൃത്വത്തില്‍ ആയിരിക്കും തുടര്‍ നടപടികള്‍. കേസിന്റെ ഗൗരവസ്വഭാവം കണക്കിലെടുത്താണ് ഉന്നത ഉദ്യോഗസ്ഥന്‍ നേരിട്ട് കേസന്വേഷിക്കുന്നത്.
◾ എമ്പുരാന്‍ സിനിമയിലെ മുല്ലപ്പെരിയാല്‍ അണക്കെട്ടുമായി ബന്ധപ്പെട്ട ഭാഗങ്ങള്‍ നീക്കിയെന്ന് തമിഴ്നാട് മുഖ്യമന്ത്രി എം കെ സ്റ്റാലിന്‍. നിയമസഭയില്‍ ആയിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം. സെന്‍സര്‍ ബോര്‍ഡ് സിനിമയിലെ ഈ ഭാഗങ്ങള്‍ അംഗീകരിച്ചതാണെന്നും എന്നാല്‍ എതിര്‍പ്പിനെ തുടര്‍ന്ന് ഈ ഭാഗം നീക്കിയെന്നും സ്റ്റാലിന്‍ വ്യക്തമാക്കി. ടിവികെ എംഎല്‍എ ടി വേല്‍മുരുകന്റെ ചോദ്യത്തിന് മറുപടി പറയുകയായിരുന്നു മുഖ്യമന്ത്രി.
◾ ഒമാനില്‍ കാളപ്പോര് മത്സരത്തിനിടെ കാളയുടെ കുത്തേറ്റ് ഒരാള്‍ക്ക് ദാരുണാന്ത്യം. വടക്കന്‍ ബാത്തിന ഗവര്‍ണറേറ്റിലെ ലിവ വിലായത്തിലാണ് സംഭവം. നൂറു കണക്കിന് ആളുകളാണ് കാളപ്പോര് കാണാനെത്തിയത്. മത്സരം നടക്കുന്നതിനിടെ കാണികളില്‍ ഒരാളായ യുവാവിനാണ് കാളയുടെ കുത്തേറ്റത്. മത്സരം കാണാനെത്തിയ നിരവധി കാണികള്‍ക്കും സംഭവത്തില്‍ പരിക്കേറ്റിരുന്നു.
◾ എണ്ണ വിലയില്‍ കനത്ത ഇടിവ്. ബെന്റ് ക്രൂഡ് ഓയില്‍ വില ബാരലിന് 65 ഡോളറില്‍ താഴെയെത്തി. 2022 ഓഗസ്റ്റ് ഒന്നിന് ശേഷമുള്ള ഏറ്റവും താഴ്ന്ന നിലയിലാണ് ക്രൂഡ് വില ഇപ്പോഴുള്ളത്. ഇന്ന് രാവിലെ 67.48 ഡോളറില്‍ വ്യാപാരം നടന്നെങ്കിലും പിന്നീട് 64.23 ഡോളറിലേക്ക് താഴുകയായിരുന്നു. ഈ ആഴ്ച ക്രൂഡ് വിലയില്‍ 10 ശതമാനത്തിന്റെ ഇടിവാണ് ഉണ്ടായത്. ഒപെക് രാജ്യങ്ങളുടെ എണ്ണ ഉല്‍പ്പാദനം പ്രതീക്ഷിച്ചതിനേക്കാള്‍ കൂടുതലായത് വിലയിടിയാന്‍ കാരണമായി ചൂണ്ടിക്കാണിക്കപ്പെടുന്നുണ്ട്. പ്രതിദിനം 3.18 ദശലക്ഷം ബാരല്‍ ഉല്‍പ്പാദനം പ്രഖ്യാപിച്ച ഒപെക് രാജ്യങ്ങള്‍ ഇതിനേക്കാള്‍ കൂടുതല്‍ ഉല്‍പാദനമാണ് നടത്തിയത്. ഇതോടെ വില തുടര്‍ച്ചയായി ഇടിയുകയാണ്. 2023 ഒക്ടോബര്‍ ആറിന് ശേഷമുള്ള ഏറ്റവും വലിയ പ്രതിവാര ഇടിവിലേക്കാണ് ക്രൂഡ് ഓയില്‍ നീങ്ങുന്നത്. ക്രൂഡ് ഓയില്‍ വില ബാരലിന് 60 ഡോളറില്‍ താഴെയെത്തുമെന്ന് ആശങ്കകള്‍ ഉയര്‍ന്നിട്ടുണ്ട്. ക്രൂഡ് വില ഇടിഞ്ഞത് ഇന്ത്യന്‍ ഓഹരി വിപണിയിലും എണ്ണ കമ്പനികളുടെ വിലയിടിച്ചു. ഒ.എന്‍.ജി.സി,ഇന്ത്യന്‍ ഓയില്‍ ഓഹരി വിലകള്‍ 6 ശതമാനത്തില്‍ കൂടുതലാണ് കുറഞ്ഞത്.
ഇന്നത്തെ വിനിമയ നിരക്ക്
ഡോളര്‍ – 85.53, പൗണ്ട് – 110.20, യൂറോ – 93.70, സ്വിസ് ഫ്രാങ്ക് – 99.27, ഓസ്‌ട്രേലിയന്‍ ഡോളര്‍ – 51.65, ബഹറിന്‍ ദിനാര്‍ – 226.90, കുവൈത്ത് ദിനാര്‍ -277.87, ഒമാനി റിയാല്‍ – 222.17, സൗദി റിയാല്‍ – 22.80, യു.എ.ഇ ദിര്‍ഹം – 23.29, ഖത്തര്‍ റിയാല്‍ – 23.55, കനേഡിയന്‍ ഡോളര്‍ – 60.13.