എം.എ. ബേബി ഇനി സി.പി.ഐ.എമ്മിനെ നയിക്കും ; ഇം.എം.എസിന് ശേഷം ജനറല്‍ സെക്രട്ടറിയാകുന്ന മലയാളി

മധുര:
സി.പി.ഐ.എമ്മിനെ ഇനി എം.എ. ബേബി നയിക്കും. മധുരയില്‍ നടന്ന 24ാമത് സി.പി.ഐ.എം. പാര്‍ട്ടി കോണ്‍ഗ്രസ് എം.എ. ബേബിയെ ജനറല്‍ സെക്രട്ടറിയായി തിരഞ്ഞെടുത്തു.
ഇ.എം.എസിന് ശേഷം കേരളത്തില്‍ നിന്ന് ആദ്യമായാണ് ഒരാൾ ജനറല്‍ സെക്രട്ടറിയാകുന്നത്. കേരളത്തില്‍ നിന്നുള്ള പ്രകാശ് കാരാട്ട് ജനറല്‍ സെക്രട്ടറിയായിരുന്നെങ്കിലും അദ്ദേഹം പാര്‍ട്ടി സെന്ററില്‍ നിന്നാണ് ജനറല്‍ സെക്രട്ടറിയായത്.
എസ്.എഫ്.ഐയിലൂടെ രാഷ്ട്രീയ രംഗത്തേക്ക് ഉയര്‍ന്നുവന്ന നേതാവാണ് എം.എ. ബേബി. 1979ല്‍ എസ്.എഫ്.ഐയുടെ അഖിലേന്ത്യാ പ്രസിഡന്റായി തിരഞ്ഞെടുക്കപ്പെട്ടു. 1984ല്‍ സി.പി.ഐ.എം. കേരള സംസ്ഥാന കമ്മിറ്റിയംഗമായ ബേബി 1986ല്‍ രാജ്യസഭാംഗമായി. ആ സമയത്ത് രാജ്യസഭയില്‍ ഏറ്റവും പ്രായംകുറഞ്ഞ അംഗങ്ങളില്‍ ഒരാളായിരുന്നു എം.എ. ബേബി. 1998വരെ രാജ്യസഭാംഗമായി പ്രവര്‍ത്തിച്ചു. 1987ല്‍ ഡി.വൈ,എഫ്.ഐ അഖിലേന്ത്യാ പ്രസിഡന്റായും 1989ല്‍ സിപിഐഎം കേന്ദ്ര കമ്മിറ്റിയംഗമായും അദ്ദേഹം നിയമിക്കപ്പെട്ടു. 2006-ല്‍ കൊല്ലം കുണ്ടറയില്‍നിന്ന് നിയമസഭയിലെത്തിയ എംഎ ബേബി വി.എസ്. അച്യുതാനന്ദന് സര്‍ക്കാരില്‍ (2006-11) വിദ്യാഭ്യാസ-സാംസ്കാരിക വകുപ്പ് കൈകാര്യം ചെയ്തിരുന്നു.
1954-ല്‍ കുന്നത്ത് പി.എം. അലക്സാണ്ടറുടെയും ലില്ലിയുടെയും എട്ടുമക്കളില്‍ ഇളയവനായാണ് ജനനം. പ്രാക്കുളം എന്‍എസ്എസ് ഹൈസ്കൂള്‍, കൊല്ലം എസ്എന്‍ കോളേജ് എന്നിവിടങ്ങളിലായിരുന്നു വിദ്യാഭ്യാസം.