സായാഹ്ന വാർത്താമുദ്ര
07-04-2025
◾ അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ തീരുവ യുദ്ധത്തില്‍ തകര്‍ന്നടിഞ്ഞ് ഇന്ത്യന്‍ വിപണി. സെന്‍സെക്സ് ഒറ്റയടിക്ക് മൂവായിരം പോയിന്റാണ് ഇടിഞ്ഞത്. നിഫ്റ്റി ആയിരം പോയിന്റും ഇടിഞ്ഞു. ഇന്ത്യന്‍ വിപണിക്ക് മാത്രമല്ല ഏഷ്യന്‍ വിപണിക്ക് മൊത്തത്തില്‍ വലിയ തിരിച്ചടിയാണ് ട്രംപിന്റെ തീരുവ യുദ്ധത്തിലുണ്ടായിരിക്കുന്നത്. ജപ്പാന്‍, ഹോങ്കോങ് സൂചികകള്‍ ഒന്‍പത് ശതമാനം താഴ്ന്നു. ജാപ്പനീസ് കാര്‍ കമ്പനികളുടെ മൂല്യവും കൂപ്പുകുത്തി. അതേസമയം ഡൊണള്‍ഡ് ട്രംപിന്റെ വിവേചനപരമായ നയങ്ങള്‍ തിരുത്തണം എന്ന് ആവശ്യപ്പെട്ട് യുഎസിന്റെ വിവിധ ഭാഗങ്ങളില്‍ പ്രതിഷേധങ്ങള്‍ നടക്കുകയാണ്. യുഎസ്സിലെ 50 സംസ്ഥാനങ്ങളിലും പ്രതിഷേധം നടന്നതായി റിപ്പോര്‍ട്ടുകള്‍ പറയുന്നു.
◾ അമേരിക്കയുടെ പകര ചുങ്ക പ്രഖ്യാപനത്തിന് ശേഷം ഓഹരി വിപണികള്‍ തകര്‍ന്നടിഞ്ഞതോടെ പ്രതികരണവുമായി യു.എസ്. പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ്. ചില കാര്യങ്ങള്‍ ശരിയാക്കാന്‍ ചില സമയത്ത് മരുന്ന് കഴിക്കേണ്ടി വരുമെന്ന് അദ്ദേഹം പറഞ്ഞു. വിപണികളുടെ തകര്‍ച്ച താന്‍ ആസൂത്രണം ചെയ്തതല്ലെന്നും വിപണിയിലെ മാറ്റങ്ങള്‍ മുന്‍കൂട്ടി കാണാന്‍ കഴിയില്ലെന്നും അദ്ദേഹം പറഞ്ഞു. വ്യാപാര കമ്മി പരിഹരിക്കപ്പെട്ടില്ലെങ്കില്‍ മറ്റ് രാജ്യങ്ങളുമായി ഒരു കരാറിലും ഏര്‍പ്പെടില്ലെന്നും ട്രംപ് വ്യക്തമാക്കി.
◾ മാസപ്പടിക്കേസില്‍ തുടര്‍നടപടികള്‍ തടയണമെന്ന സിഎംആര്‍എല്‍ ഹര്‍ജിയില്‍ ദില്ലി ഹൈക്കോടതി മറ്റന്നാള്‍ വാദം കേള്‍ക്കും. ഹര്‍ജിയില്‍ എസ്എഫ്ഐഓയ്ക്കും കേന്ദ്ര കമ്പനികാര്യമന്ത്രാലയത്തിനും കോടതി നോട്ടീസയച്ചു. നാളെതന്നെ മറുപടി നല്‍കാനാണ് നിര്‍ദേശം. അന്വേഷണത്തിനെതിരെ സിഎംആര്‍എല്‍ നല്‍കിയ പ്രധാന ഹര്‍ജിയിലും മറ്റന്നാള്‍ വാദം കേള്‍ക്കും. ഈ ഹര്‍ജി തീര്‍പ്പാക്കുംവരെ കേസില്‍ തുടര്‍നടപടികളുണ്ടാകില്ലെന്ന് ഹൈക്കോടതിയിലെ മറ്റൊരു ബെഞ്ച് നേരത്തെ വാക്കാല്‍ പറഞ്ഞിരുന്നുവെന്നും അത് ലംഘിക്കപ്പെട്ടെന്നും സിഎംആര്‍എല്‍ വാദിച്ചു.
◾ മുഖ്യമന്ത്രിയുടെ മകള്‍ വീണക്കെതിരായ കേസ് വ്യക്തിപരമല്ലെന്ന് സി.പി.എം ജനറല്‍ സെക്രട്ടറി എം.എ. ബേബി. പാര്‍ട്ടി നേതാവിന്റെ മകള്‍ ആയതു കൊണ്ട് ഉണ്ടായ കേസാണെന്നും അതിനാലാണ് കേസ് രാഷ്ട്രീയമായും നിയമപരമായും നേരിടും എന്ന് പറഞ്ഞതെന്നും എം.എ. ബേബി പറഞ്ഞു. വീണയുടെ കമ്പനി നടത്തിയത് സുതാര്യ ഇടപാടാണെന്നും ബേബി കൂട്ടിച്ചേര്‍ത്തു.
◾ മുനമ്പം ജുഡീഷ്യല്‍ കമ്മീഷന് തല്‍ക്കാലത്തേക്ക് പ്രവര്‍ത്തനം തുടരാമെന്ന് ഹൈക്കോടതി. മുനമ്പം ജുഡീഷ്യല്‍ കമ്മീഷന്റെ പ്രവര്‍ത്തനം അസാധുവാക്കിയ ഹൈക്കോടതി സിംഗിള്‍ ബെഞ്ച് ഉത്തരവ് ഹൈക്കോടതി ഡിവിഷന്‍ ബെഞ്ച് സ്റ്റേ ചെയ്തു. സിംഗിള്‍ ബെഞ്ച് ഉത്തരവിനെതിരെ സര്‍ക്കാര്‍ നല്‍കിയ അപ്പീല്‍ വേനലധിക്കുശേഷം ജൂണില്‍ പരിഗണിക്കും. ഹര്‍ജിയില്‍ തീരുമാനമാകുന്നതുവരെ കമ്മീഷന് തുടരാമെന്ന് ഹൈക്കോടതി വ്യക്തമാക്കി.
◾ കോണ്‍ഗ്രസിന്റെ തദ്ദേശ തെരഞ്ഞെടുപ്പ് ഫണ്ട് പിരിവിന് പാരയായി ഐഎന്‍ടിയുസി പണപ്പിരിവ് നടത്തുന്നുവെന്ന് തിരുവനന്തപുരം ഡിസിസി. ഫണ്ട് പിരിവ് നിര്‍ത്താന്‍ ഐഎന്‍ടിയുസിയോട് നിര്‍ദേശിക്കണമെന്നാവശ്യപ്പെട്ട് ജില്ലയുടെ ചുമതലയുള്ള കെപിസിസി ജനറല്‍ സെക്രട്ടറിയും ഡിസിസി പ്രസിഡന്റും കെപിസിസി പ്രസിഡന്റ് കെ.സുധാകരനെ കണ്ടു. പാര്‍ട്ടി ലൈന് വിരുദ്ധമായി ആശ സമരത്തില്‍ ഐഎന്‍ടിയുസി സംസ്ഥാന പ്രസിഡന്റ് ആര്‍. ചന്ദ്രശേഖരന്‍ നിലപാട് എടുത്തതില്‍ കോണ്‍ഗ്രസ് നേതൃത്വത്തിന്റെ കടുത്ത അതൃപ്തി തുടരുന്നതിനിടെയാണ് ഫണ്ട് പിരിവിലും ഐഎന്‍ടിയുസി പാരവയ്ക്കുന്നുവെന്ന പരാതി കോണ്‍ഗ്രസില്‍ ഉയരുന്നത്.
◾ ഐഎന്‍ടിയുസി സംസ്ഥാന പ്രസിഡന്റ് ആര്‍. ചന്ദ്രശേഖരനെ കെപിസിസി പ്രസിഡന്റ് കെ. സുധാകരന്‍ രേഖാമൂലം താക്കീത് ചെയ്തു. സെക്രട്ടേറിയറ്റിന് മുന്നില്‍ സമരം ചെയ്യുന്ന ആശ വര്‍ക്കര്‍മാരുമായുള്ള ചര്‍ച്ചയില്‍ സര്‍ക്കാരിന് സഹായകരമായ നിര്‍ദേശം വെച്ചത് ഗുരുതരമായ അച്ചടക്ക ലംഘനമാണെന്ന് ചൂണ്ടിക്കാട്ടിയാണ് താക്കീത്. അതേസമയം പാര്‍ട്ടി തീരുമാനം എന്തായാലും അനുസരിക്കുമെന്ന് ആര്‍. ചന്ദ്രശേഖരന്‍ വ്യക്തമാക്കി.
◾ മലപ്പുറം ജില്ലയെ കുറിച്ച് വിദ്വേഷ പരാമര്‍ശം നടത്തിയ വെള്ളാപ്പള്ളി നടേശനെതിരെ ശക്തമായ നടപടി സ്വീകരിക്കണമെന്ന് സമസ്ത എ.പി. വിഭാഗത്തിന്റെ മുഖപത്രമായ സിറാജില്‍ മുഖപ്രസംഗം. പ്രതികള്‍ മുസ്ലിങ്ങള്‍ എങ്കില്‍ കല്‍ത്തുറങ്കില്‍ അടയ്ക്കുകയും അമുസ്ലിങ്ങള്‍ എങ്കില്‍ കണ്ണടയ്ക്കുകയും ചെയ്യുന്ന സമീപനമാണ് പൊലീസില്‍ നിന്നുണ്ടാവാറുള്ളതെന്നും വെള്ളാപ്പള്ളിയുടെ കാര്യത്തില്‍ അത് ആവര്‍ത്തിക്കരുതെന്നും മുഖപ്രസംഗത്തില്‍ ഉണ്ട് . എസ്എന്‍ഡിപി യോഗം പ്രാദേശിക ഘടകം വെള്ളാപ്പള്ളിക്കൊരുക്കുന്ന സ്വീകരണ പരിപാടിയില്‍ മന്ത്രിമാര്‍ പങ്കെടുക്കരുതെന്നും മുഖപ്രസംഗത്തില്‍ ആവശ്യപ്പെട്ടിട്ടുണ്ട്.
◾ ഫെമ കേസില്‍ വ്യവസായിയും സിനിമാ നിര്‍മാതാവുമായ ഗോകുലം ഗോപാലനെ എന്‍ഫോഴ്സ്മെന്റ് വീണ്ടും ചോദ്യം ചെയ്യുന്നു. കൊച്ചിയിലെ ഓഫീസിലേക്ക് വിളിച്ചുവരുത്തിയാണ് മൊഴിയെടുക്കുന്നത്. ഗോകുലം ഗോപാലന്റെ ഉടമസ്ഥതയിലുളള ചിട്ടി സ്ഥാപനം വഴി അറുനൂറ് കോടിയോളം രൂപയുടെ വിദേശ നാണയ വിനിമയച്ചട്ടങ്ങളുടെ ലംഘനം നടന്നതായി ഇ.ഡി കണ്ടെത്തിയിരുന്നു. ചെന്നൈയിലെ കേന്ദ്ര ഓഫീസില്‍ നിന്ന് ഒന്നരക്കോടി രൂപയും പിടിച്ചെടുത്തിരുന്നു. കഴിഞ്ഞ ദിവസം ചെന്നൈയില്‍ വെച്ച് പ്രാഥമിക മൊഴിയെടുക്കലും പൂര്‍ത്തിയായി. ഇതിന് തുടര്‍ച്ചയായിട്ടാണ് കൊച്ചിയിലേക്ക് വിളിച്ചുവരുത്തി ചോദ്യം ചെയ്യുന്നത്.
◾ നടിയെ ആക്രമിച്ച കേസില്‍ സിബിഐ അന്വേഷണം ആവശ്യപ്പെട്ട് ദിലീപ് നല്‍കിയ ഹര്‍ജി ഹൈക്കോടതി തള്ളി. വിചാരണ അവസാനഘട്ടത്തില്‍ എന്ന് വിലയിരുത്തിയാണ് ഹൈക്കോടതി നടപടി. നാലുവര്‍ഷം മുമ്പാണ് ദിലീപ് ഹൈക്കോടതിയില്‍ ഹര്‍ജി നല്‍കിയത്. ഈ ഹര്‍ജിയാണ് കോടതി തള്ളിയത്. കേസിലെ 8-ാം പ്രതിയാണ് ദിലീപ്. മുഖ്യപ്രതി പള്‍സര്‍ സുനി 7 വര്‍ഷത്തെ ജയില്‍ വാസത്തിന് ശേഷം അടുത്തിടെയാണ് ജാമ്യത്തില്‍ പുറത്തിറങ്ങിയത്.
◾ പാര്‍ട്ടി കോണ്‍ഗ്രസിന് പിന്നാലെ സി പി എം നേതാവ് പി. ജയരാജനെ പുകഴ്ത്തി കണ്ണൂരില്‍ ഫ്ലെക്സ് ബോര്‍ഡുകള്‍. തൂണിലും തുരുമ്പിലും ദൈവമെന്നപോലെ ജന്മനസ്സിലുള്ള സഖാവ് എന്ന വാചകത്തിനൊപ്പം ജയരാജന്റെ ചിത്രവുമുള്ള ഫ്ലെക്സുകളാണ് കണ്ണൂരില്‍ പ്രത്യക്ഷപ്പെട്ടത്. സി പി എം ശക്തികേന്ദ്രങ്ങളായ കാക്കോത്ത്, ആര്‍ വി മെട്ട ഭാഗങ്ങളിലാണ് ഇന്ന് പുലര്‍ച്ചെയോടെ ഫ്ലെക്സ് ബോര്‍ഡുകള്‍ കണ്ടത്. ഇന്നലെ സമാപിച്ച പാര്‍ട്ടി കോണ്‍ഗ്രസില്‍ പി ജയരാജനെ കേന്ദ്ര കമ്മിറ്റിയില്‍ ഉള്‍പ്പെടുത്താത്തിലുള്ള പ്രതിഷേധമാണ് ഫ്ലെക്സ് ബോര്‍ഡിന് പിന്നിലെന്നാണ് വ്യക്തമാകുന്നത്.
◾ ആരോഗ്യവും വ്യവസായവും വിദ്യാഭ്യാസവും ഉള്‍പ്പെടെ വിവിധ വകുപ്പുകള്‍ക്കെതിരെ വിമര്‍ശനമുയര്‍ത്തി മുതിര്‍ന്ന് സിപിഎം നേതാവ് ജി. സുധാകരന്‍. എല്ലാത്തിലും ഒന്നാമതാണ് എന്ന് പറഞ്ഞു കൊണ്ടിരിക്കുന്നുവെന്നും സ്വയം പുകഴ്ത്തല്‍ നടത്തിക്കോട്ടെ പക്ഷേ ഇവിടുത്തെ സ്ഥിതി എന്താണെന്നും ജി. സുധാകരന്‍ ചോദിച്ചു. ശരീരത്തിന്റെ ആരോഗ്യം മാത്രമല്ല, മാനസികാരോഗ്യം പ്രധാനമാണെന്നും സംഘര്‍ഷം അനുഭവിക്കാത്ത ഒരു വ്യക്തിയുമില്ലെന്നും പരീക്ഷകളെക്കുറിച്ച് വ്യക്തതയില്ലെന്നും ഉത്തരക്കടലാസുകള്‍ വരെ കാണാതെ പോകുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
◾ കടയ്ക്കല്‍ കോട്ടുക്കല്‍ ദേവീക്ഷേത്രത്തില്‍ ആര്‍എസ്എസ് ഗണഗീതം പാടിയതില്‍ ഉപദേശക സമിതിക്കെതിരെ നടപടിയുണ്ടാകുമെന്ന് തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് പി.എസ്. പ്രശാന്ത്. ക്ഷേത്രത്തില്‍ രാഷ്ട്രീയ പാര്‍ട്ടികളുടെ ചിഹ്നങ്ങളോ, പ്രവര്‍ത്തനങ്ങളോ പാടില്ലെന്ന ഹൈക്കോടതി വിധി കൃത്യമായി പാലിക്കപ്പെടുമെന്നും ക്രമസമാധാന പ്രശ്നങ്ങളുണ്ടാകാതിരിക്കാന്‍ ഗാനമേള സംഘങ്ങളും ശ്രദ്ധിക്കണമെന്നും പ്രശാന്ത് പറഞ്ഞു.
◾ സംഭവദിവസം നടന്ന കാര്യങ്ങള്‍ മുഴുവനും ഓര്‍മ്മയില്ലെന്ന് വെഞ്ഞാറമൂട് കൂട്ടക്കൊലക്കേസിലെ പ്രതി അഫാന്റെ മാതാവ് ഷെമി. എന്നാല്‍ ഇത്രയും ക്രൂരത കാട്ടിയ മകനെ കാണാന്‍ താല്പര്യമില്ലെന്നും ഓണ്‍ലൈന്‍ ആപ്പുകളില്‍ നിന്ന് ഉള്‍പ്പെടെ മകന്‍ വായ്പ എടുത്തിരുന്നുവെന്നും 25 ലക്ഷം രൂപയ്ക്ക് മുകളില്‍ ബാധ്യതയുണ്ടെന്നും അവര് പറഞ്ഞു.
◾ പാലക്കാട് ട്രെയിനുനേരെ സാമൂഹ്യവിരുദ്ധരുടെ കല്ലേറ്. കല്ലേറില്‍ ട്രെയിനിലെ യാത്രക്കാരന് ഗുരുതരമായി പരിക്കേറ്റു. ഇന്നലെ രാത്രി കന്യാകുമാരി-ബാംഗ്ലൂര്‍ എക്സ്പ്രസിനുനേരെയാണ് പാലക്കാട് ലക്കിടി റെയില്‍വെ സ്റ്റേഷന്‍ പരിസരത്ത് വെച്ച് കല്ലേറുണ്ടായത്. കളമശ്ശേരി സ്വദേശി അക്ഷയ് സുരേഷിനാണ് പരിക്കേറ്റത്. പരിക്കേറ്റ യാത്രക്കാരനെ കോയമ്പത്തൂരിലെ ആശുപത്രിയില്‍ പ്രവേശിച്ചു.
◾ ആലപ്പുഴയിലെ ഹൈബ്രിഡ് കഞ്ചാവ് കേസുമായി ബന്ധപ്പെട്ട് നടന്‍ ശ്രീനാഥ് ഭാസി ഹൈക്കോടതിയെ സമീപിച്ച് മുന്‍കൂര്‍ ജാമ്യ അപേക്ഷ നല്‍കി. എക്‌സൈസ് അറസ്റ്റ് ചെയ്യാന്‍ സാധ്യതയുണ്ടെന്നാണ് ശ്രീനാഥ് ഭാസി ഹര്‍ജിയില്‍ പറയുന്നത്. അറസ്റ്റ് തടയണമെന്നും ഹര്‍ജിയില്‍ ആവശ്യപ്പെട്ടിട്ടുണ്ട്. ആലപ്പുഴ ഹൈബ്രിഡ് കഞ്ചാവ് കേസിലെ പ്രതി തസ്ലിമാ സുല്‍ത്താന തന്നെ ഫോണില്‍ വിളിച്ചിട്ടുണ്ടെന്നും എന്നാല്‍ താന്‍ ആരില്‍ നിന്നും കഞ്ചാവ് വാങ്ങുകയോ വില്‍ക്കുകയോ ചെയ്തിട്ടില്ലെന്നും നടന്‍ ശ്രീനാഥ് ഭാസി ഹര്‍ജിയില്‍ പറയുന്നുണ്ട്. ഹര്‍ജി ഇന്ന് ഹൈക്കോടതി പരിഗണിക്കും.
◾ വീട്ടില്‍ പ്രസവിച്ചതിനെ തുടര്‍ന്ന് രക്തം വാര്‍ന്ന് മരിച്ച മലപ്പുറത്തെ അസ്മയുടെ മരണത്തിന് പിന്നാലെ ഭര്‍ത്താവ് സിറാജുദ്ദിന്റെ യൂട്യൂബ് ചാനലിനെതിരെ വിമര്‍ശനം. മടവൂര്‍ കാഫിലയെന്ന യൂട്യൂബ് പേജില്‍ അന്ധവിശ്വാസങ്ങള്‍ പ്രചരിപ്പിക്കുന്നുണ്ടെന്നാണ് ആക്ഷേപം. ചാനല്‍ നിര്‍ത്താന്‍ മുതിര്‍ന്ന മതപണ്ഡിതര്‍ ഉപദേശിച്ചിട്ടും സിറാജുദ്ദിന്‍ അത് അവഗണിച്ചുവെന്നും ഭാര്യ ഗര്‍ഭിണിയാണെന്ന കാര്യം ആശാ വര്‍ക്കര്‍മാരോടുപോലും മറച്ചുവച്ച സിറാജുദ്ദിന്‍ ഭാര്യ അസ്മയെ വീടിനുള്ളില്‍ തന്നെ കഴിയാന്‍ നിര്‍ബന്ധിച്ച വ്യക്തിയായിരുന്നുവെന്നും ആരോപണമുണ്ട്.
◾ ശക്തമായ ഇടിമിന്നലിനെ തുടര്‍ന്ന് തൃശൂര്‍ മുണ്ടൂര്‍ പഴമുക്കില്‍ വീടുകളില്‍ വന്‍ നാശനഷ്ടം. ഇലക്ട്രിക്കല്‍ സംവിധാനങ്ങളും ഗൃഹോപകരണങ്ങളും കത്തി നശിച്ചു. ഇന്ന് പുലര്‍ച്ചെയോടെയാണ് സംഭവം. ഇടിമിന്നലില്‍ അഞ്ച് വീടുകളിലെ ഗൃഹോപകരണങ്ങള്‍ കത്തുകയായിരുന്നു. ഇടിമിന്നലില്‍ ആര്‍ക്കും ആളപായം ഇല്ലെന്നാണ് വിവരം.
◾ കാസര്‍കോട് നാലാംമൈലില്‍ പടക്കംപൊട്ടിച്ചതുമായി ബന്ധപ്പെട്ടുണ്ടായ വാക്കുതര്‍ക്കത്തെ തുടര്‍ന്ന് നാല് പേര്‍ക്ക് വെട്ടേറ്റു. ഗുരുതരമായി പരിക്കേറ്റ ഇബ്രാഹിം സൈനുദ്ദീന്‍, ഫവാസ്, റസാഖ്, മുന്‍ഷീദ് എന്നിവരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഇന്നലെ രാത്രി വാളും കത്തികളും ഉപയോഗിച്ച് ആക്രമിക്കുകയായിരുന്നുവെന്നും ആക്രമിച്ചവര്‍ ലഹരിക്ക് അടിമകളാണോ എന്ന് സംശയുമുണ്ടെന്നും പരിക്കേറ്റവര്‍ പറഞ്ഞു.
◾ കൊച്ചിയില്‍ പുല്ലേപ്പടിയില്‍ റെയില്‍വെ പാളത്തിനോട് ചേര്‍ന്നുള്ള കുറ്റിക്കാട്ടിനുള്ളില്‍ അഞ്ജാത മൃതദേഹം കണ്ടെത്തി. അഴുകിയ നിലയിലാണ് മൃതദേഹം കിടക്കുന്നത്. വിവരം അറിഞ്ഞ് കടവന്ത്ര പൊലീസ് സ്ഥലത്തെത്തി. പൊലീസ് ഇന്‍ക്വസ്റ്റ് നടപടികള്‍ ആരംഭിച്ചു. മൃതദേഹത്തിന് ദിവസങ്ങളുടെ പഴക്കമുണ്ടെന്നാണ് കരുതുന്നത്. കൂടുതല്‍ വിവരങ്ങള്‍ ലഭ്യമായിട്ടില്ലെന്നും അന്വേഷണം നടക്കുകയാണെന്നും പൊലീസ് അറിയിച്ചു.
◾ പാലക്കാട് മുണ്ടൂരില്‍ ഇന്നലെ കാട്ടാനയാക്രമണത്തില്‍ കൊല്ലപ്പെട്ട അലന്റെ നെഞ്ചിനകത്ത് ആനയുടെ കൊമ്പ് കുത്തി കയറിയിരുന്നുവെന്നും അലന്റെ വാരിയെല്ലുകള്‍ തകര്‍ന്നിട്ടുണ്ടെന്നും പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ട്. ആന്തരിക രക്തസ്രാവം സംഭവിച്ചുവെന്നും പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ടിലുണ്ട്. അതേസമയം അലന്റെ കുടുംബത്തിന് നഷ്ടപരിഹാരത്തുക അഞ്ചുലക്ഷവും ചികിത്സ ധനസഹായം ആദ്യ ഗഡു ഒരു ലക്ഷം രൂപയും ഉടന്‍ കൈമാറാന്‍ തീരുമാനമായി. കൂടാതെ വനം വകുപ്പിന്റെ ഭാഗത്ത് വീഴ്ച്ചയുണ്ടായിട്ടുണ്ടോ എന്ന് പരിശോധിച്ച് റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ ചീഫ് വൈല്‍ഡ് ലൈഫ് വാര്‍ഡന് വനം വകുപ്പുമന്ത്രി എ.കെ.ശശീന്ദ്രന്‍ നിര്‍ദേശം നല്‍കി.
◾ എഐസിസി സമ്മേളനത്തിന് നാളെ ഗുജറാത്തിലെ അഹമ്മദാബാദില്‍ തുടക്കമാകും. നാളെ നടക്കുന്ന വിശാല പ്രവര്‍ത്തക സമിതി യോഗത്തിന് ശേഷം മറ്റന്നാളാകും സമ്മേളനം. രണ്ടായിരത്തി ഇരുപത്തിയഞ്ചിനെ പുനസംഘടനാ വര്‍ഷമായി പ്രഖ്യാപിച്ച പാര്‍ട്ടി അടിമുടി നവീകരണത്തിനുള്ള മാര്‍ഗങ്ങള്‍ക്കാവും രണ്ട് ദിവസത്തെ സെഷനില്‍ രൂപം നല്‍കുക. കേന്ദ്രസര്‍ക്കാര്‍ നയങ്ങള്‍ക്കെതിരെ ശക്തമായ പ്രമേയങ്ങളും സമ്മേളനത്തില്‍ അവതരിപ്പിക്കും.
◾ രാഷ്ട്രപതി ദ്രൗപതി മുര്‍മ്മുവിന്റെ വിദേശ പര്യടനത്തിന് തുടക്കമായി. രണ്ട് ദിവസത്തെ ഔദ്യോഗിക സന്ദര്‍ശനത്തിനായി രാഷ്ട്രപതി പോര്‍ച്ചുഗലിലെത്തി. 27 വര്‍ഷത്തെ ഇടവേളയ്ക്ക് ശേഷമാണ് ഇന്ത്യന്‍ രാഷ്ട്രപതി പോര്‍ച്ചുഗലില്‍ എത്തുന്നത്. 1998ല്‍ കെ ആര്‍ നാരായണനായിരുന്നു അവസാനമായി പോര്‍ച്ചുഗല്‍ സന്ദര്‍ശിച്ച രാഷ്ട്രപതി. പോര്‍ച്ചുഗല്‍ പ്രസിഡന്റ് മാര്‍സല്ലോ റെബെലോ ഡി സൗസയുടെ ക്ഷണമനുസരിച്ചാണ് സന്ദര്‍ശനം.
◾ വഖഫ് ബില്ലിനെ പിന്തുണച്ചതിന് മണിപ്പൂരില്‍ ബിജെപി നേതാവിന്റെ വീട് കത്തിച്ചു. ബിജെപി ന്യൂനപക്ഷമോര്‍ച്ച അധ്യക്ഷന്‍ മുഹമ്മദ് അസ്‌കര്‍ അലിയുടെ വീടിന് നേരെയാണ് ആക്രമണം ഉണ്ടായത്. മണിപ്പൂരിലെ ലില്ലോങ്ങിലാണ് സംഭവം. കഴിഞ്ഞ ദിവസം വഖഫ് ബില്ലിനെ പിന്തുണച്ച് അസ്‌കര്‍ അലി സാമൂഹ്യമാധ്യമങ്ങളില്‍ ഒരു വീഡിയോ ചെയ്തിരുന്നു. ഇതിന് പിന്നാലെയാണ് ഇയാളുടെ വീടിന് നേരെ ആക്രമണമുണ്ടായത്.
◾ വഖഫ് നിയമത്തിനെതിരായ പ്രതിഷേധത്തില്‍ പങ്കാളികളായവര്‍ക്ക് നോട്ടീസ്. യുപി മുസാഫര്‍ നഗറില്‍ 300 പേര്‍ക്കാണ് നോട്ടീസ് നല്‍കിയിരിക്കുന്നത്. പൊലീസ് റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ സിറ്റി മജിസ്ട്രേറ്റ് ആണ് നോട്ടീസ് നല്‍കിയത്. പള്ളിയിലെ പ്രാര്‍ത്ഥനാ സമയത്ത് കറുത്ത ബാഡ്ജ് ധരിച്ച് പ്രതിഷേധത്തിന് എത്തിയവര്‍ക്കാണ് നോട്ടീസ് നല്‍കിയിരിക്കുന്നത്. നോട്ടീസ് ലഭിച്ചവര്‍ ഈമാസം 16ന് മജിസ്ട്രേറ്റ് കോടതിയില്‍ ഹാജരാകണമെന്നാണ് നോട്ടീസിലുള്ളത്.
ഇന്നത്തെ വിനിമയ നിരക്ക്
ഡോളര്‍ – 85.82, പൗണ്ട് – 110.46, യൂറോ – 94.21, സ്വിസ് ഫ്രാങ്ക് – 100.71, ഓസ്‌ട്രേലിയന്‍ ഡോളര്‍ – 51.51, ബഹറിന്‍ ദിനാര്‍ – 227.72, കുവൈത്ത് ദിനാര്‍ -278.90, ഒമാനി റിയാല്‍ – 222.94, സൗദി റിയാല്‍ – 22.87, യു.എ.ഇ ദിര്‍ഹം – 23.35, ഖത്തര്‍ റിയാല്‍ – 23.40, കനേഡിയന്‍ ഡോളര്‍ – 60.21.