Saturday, April 19, 2025
KERALA NEWSNews SPECIAL

പ്രഭാത വാർത്താമുദ്ര

◾ പാലക്കാട് മുണ്ടൂരില്‍ കാട്ടാന ആക്രമണത്തില്‍ യുവാവ് മരിച്ചു. മുണ്ടൂര്‍ കയറംകോട് കണ്ണാടംചോല അത്താണിപ്പറമ്പ് കുളത്തിങ്കല്‍ ജോസഫിന്റെ മകന്‍ അലന്‍ (24) ആണ് കാട്ടാനയുടെ ചവിട്ടേറ്റ് മരിച്ചത്. ഒപ്പമുണ്ടായിരുന്ന അമ്മ വിജയക്ക് ഗുരുതരമായി പരിക്കേറ്റു. ഇരുവരും കടയില്‍ സാധനങ്ങള്‍ വാങ്ങി വീട്ടിലേക്ക് പോകുന്നതിനിടെ രാത്രി എട്ട് മണിയോടെ കണ്ണാടന്‍ചോലയക്ക് സമീപത്ത് വെച്ചായിരുന്നു ആനയുടെ ആക്രമണം. ഗുരുതരമായി പരിക്കേറ്റ അലന്റെ അമ്മ വിജയയെ തൃശൂര്‍ മെഡിക്കല്‍ കോളേജ് ആശുപത്രിയിലേക്ക് മാറ്റി. സിപിഎം മുണ്ടൂരില്‍ ഇന്ന് ഹര്‍ത്താല്‍ പ്രഖ്യാപിച്ചിട്ടുണ്ട്.


◾ പാലക്കാട് കാട്ടാന ആക്രമണത്തില്‍ യുവാവ് മരിച്ച സംഭവത്തില്‍ അലന്റെ കുടുംബത്തിന് നഷ്ടപരിഹാരം നല്‍കുമെന്നും മുണ്ടൂരില്‍ പ്രതിരോധ നടപടികള്‍ ശക്തമാക്കുമെന്നും വനംമന്ത്രി എ കെ ശശീന്ദ്രന്‍. ചീഫ് വൈല്‍ഡ് ലൈഫ് വാര്‍ഡനും കളക്ടര്‍ക്കും ഇത് സംബന്ധിച്ച് നിര്‍ദ്ദേശം നല്‍കിയിട്ടുണ്ടെന്നും പ്രദേശത്തെ വനമേഖലയില്‍ തുടരുന്ന മൂന്ന് ആനകളെ തുരത്താന്‍ നടപടിയെടുക്കുമെന്നും മന്ത്രി അറിയിച്ചു.
◾ വഖഫ് നിയമ ഭേദഗതി ചോദ്യം ചെയ്ത് സമസ്ത സുപ്രീം കോടതിയില്‍. വഖഫ് സ്വത്തുക്കളുടെ വലിയ ഭാഗം സര്‍ക്കാര്‍ സ്വത്താക്കി മാറ്റുന്നതിനാണ് നിയമം കൊണ്ടു വന്നതെന്ന് സമസ്ത ഹര്‍ജിയില്‍ പറയുന്നു. മുസ്ലിം സമുദായത്തിന്റെ ഇഷ്ടാനുസരണം വഖഫ് സ്വത്തുക്കള്‍ കൈകാര്യം ചെയ്യാനുള്ള അവകാശം ലംഘിക്കപ്പെടുമെന്നും നിയമം കോടതി റദ്ദാക്കണമെന്നുമാണ് ആവശ്യം. അഭിഭാഷകന്‍ സുല്‍ഫിക്കര്‍ അലിയാണ് സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമയുടെ ഹര്‍ജി സുപ്രീം കോടതിയില്‍ ഹര്‍ജി സമര്‍പ്പിച്ചത്.
◾ രാജ്യത്ത് വഖഫ് ബോര്‍ഡിനേക്കാള്‍ സ്വത്തുള്ളത് കത്തോലിക്കാ സഭയ്ക്കാണെന്ന ഓര്‍ഗനൈസര്‍ ലേഖനത്തെ കുറിച്ച് ബി.ജെ.പി ദേശീയ-സംസ്ഥാന നേതാക്കള്‍ നിലപാട് വ്യക്തമാക്കണമെന്ന് പ്രതിപക്ഷ നേതാവ് വിഡി സതീശന്‍. ആര്‍.എസ്.എസിന്റെ നിഗൂഢ അജണ്ട അടിവരയിട്ട് വ്യക്തമാക്കുന്നതാണ് ലേഖനമെന്നും ന്യൂനപക്ഷങ്ങളെ തിരഞ്ഞ് പിടിച്ച് ആക്രമിക്കുകയന്ന ശൈലിക്ക് തുടര്‍ച്ച ഉണ്ടാകുമെന്ന സന്ദേശമാണ് ആര്‍.എസ്.എസും ബി.ജെ.പിയും രാജ്യത്തിന് നല്‍കുന്നതെന്നും അദ്ദേഹം പറഞ്ഞു.
◾ ആര്‍എസ്എസ് മുഖപത്രമായ ഓര്‍ഗനൈസറില്‍ വന്ന ക്രൈസ്തവ വിരുദ്ധ ലേഖനത്തെച്ചൊല്ലിയുള്ള വിവാദം തള്ളി ബിജെപി മുന്‍ സംസ്ഥാന അധ്യക്ഷന്‍ കെ സുരേന്ദ്രന്‍. 2012ലെ ലേഖനം വെബ്സൈറ്റില്‍ നിന്നും പുറത്തിട്ടു വിവാദമാക്കാന്‍ ഉള്ള ഗൂഢാലോചന ആണ് നടന്നത്. പ്രിയങ്കയും രാഹുലും വഖഫ് ബില്‍ ചര്‍ച്ചയില്‍ പങ്കെടുക്കാത്തതില്‍ ഉള്ള ജാള്യത മറക്കാന്‍ വി ഡി സതീശനും കൂട്ടരും ശ്രമിക്കുകയാണെന്നും ഇതെല്ലാം വിശ്വസിക്കുന്നവരല്ല ക്രൈസ്തവ സഭകള്‍ സുരേന്ദ്രന്‍ പറഞ്ഞു. ചെറിയ വേവലാതി അല്ല കോണ്‍ഗ്രസിനും കൂട്ടര്‍ക്കും ഉള്ളതെന്നും അദ്ദേഹം പരിഹസിച്ചു.
◾ വഖഫ് ഭേദഗതിക്ക് പ്രധാനമന്ത്രിക്ക് നന്ദി പറഞ്ഞ് എന്‍ഡിഎ ഈ മാസം 9ന് മുനമ്പത്ത് ബഹുജനക്കൂട്ടായ്മ സംഘടിപ്പിക്കും. താങ്ക്യൂ മോദി എന്ന പേരിലുള്ള ബഹുജനക്കൂട്ടായ്മ കേന്ദ്ര മന്ത്രി കിരണ്‍ റിജിജു ഉദ്ഘാടനം ചെയ്യുമെന്ന് പികെ കൃഷ്ണദാസ് അറിയിച്ചു. ഇരകളോടൊപ്പമാണ് കേന്ദ്ര സര്‍ക്കാര്‍ നിലക്കൊണ്ടിട്ടുള്ളതെന്നും വേട്ടക്കാരെ സഹായിക്കാനാണ് കോണ്‍ഗ്രസ് സുപ്രീംകോടതിയില്‍ പോയതെന്നും മുനമ്പത്തെ ജനങ്ങള്‍ക്ക് റവന്യൂ അവകാശം ലഭ്യമാക്കുന്ന ചടങ്ങിലേക്ക് ഹൈബി ഈഡനെ പ്രത്യേകമായി ക്ഷണിക്കുമെന്നും അദ്ദേഹം അറിയിച്ചു.
◾ വഖഫ് ഭേദഗതി ബില്‍ ചര്‍ച്ചയില്‍ പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധി പങ്കെടുക്കാത്തതില്‍ ചോദ്യങ്ങളുമായി ജോയിന്റ് പാര്‍ലമെന്ററി കമ്മിറ്റി ചെയര്‍മാന്‍ ജഗദാംബിക പാല്‍. വോട്ട് ബാങ്കായി മുസ്ലീങ്ങളെ കണ്ടിട്ടില്ലെങ്കില്‍ പിന്നെ ചര്‍ച്ചയില്‍ പങ്കെടുക്കുന്നതിലെ തടസമെന്തായിരുന്നു എന്ന ചോദ്യമാണ് ജെ പി സി ചെയര്‍മാന്‍ ഉന്നയിച്ചത്. ന്യൂനപക്ഷങ്ങളുടെ കാര്യത്തില്‍ കോണ്‍ഗ്രസിന് ഒരാശങ്കയുമില്ലെന്നും അതാണ് വഖഫ് ബില്ലിലെ കോണ്‍ഗ്രസിന്റെ നിലപാട് വ്യക്തമാക്കുന്നതെന്നും ജഗദാംബിക പാല്‍ കൂട്ടിച്ചേര്‍ത്തു. പ്രിയങ്ക ഗാന്ധി വിട്ടു നിന്നതിന്റെ കാരണവും മറ്റൊന്നുമല്ലെന്ന് ജഗദാംബിക പാല്‍ അഭിപ്രായപ്പെട്ടു.
◾ സിപിഎമ്മിന്റെ 24-ാം പാര്‍ട്ടി കോണ്‍ഗ്രസിന് മധുരയില്‍ പ്രൗഢോജ്വല സമാപനം. പ്രതിനിധി സമ്മേളനത്തിന് ശേഷം പതിനായിരം റെഡ് വോളന്റിയര്‍മാര്‍ പങ്കെടുത്ത മാര്‍ച്ചോടെയാണ് സമാപന സമ്മേളനത്തിന് തുടക്കമായത്. രണ്ട് ലക്ഷത്തോളം പേര്‍ പങ്കെടുത്ത സമാപന സമ്മേളനത്തില്‍ പാര്‍ട്ടിയുടെ പുതിയ ജനറല്‍ സെക്രട്ടറി എം എ ബേബി, മുഖ്യമന്ത്രി പിണറായി വിജയന്‍, പിബി അംഗങ്ങള്‍ തുടങ്ങിയവര്‍ സംസാരിച്ചു.
◾ 24-ാം പാര്‍ട്ടി കോണ്‍ഗ്രസില്‍ സിപിഎം ജനറല്‍ സെക്രട്ടറിയായി എം എ ബേബിയെ പ്രഖ്യാപിച്ചു. ഇഎംഎസ് നമ്പൂതിരിപ്പാടിന് ശേഷം കേരള ഘടകത്തില്‍ നിന്ന് ഈ പദവിയിലേക്ക് എത്തുന്ന രണ്ടാമത്തെ മലയാളിയാണ് എം എ ബേബി. 84 പേരാണ് കേന്ദ്ര കമ്മിറ്റിയിലുള്ളത്. കേരളത്തില്‍ നിന്നുള്ള ജോണ്‍ ബ്രിട്ടാസ് അടക്കം നാല് പേര്‍ കേന്ദ്ര കമ്മിറ്റിയില്‍ സ്ഥിരം ക്ഷണിതാക്കളാവും.
◾ പാര്‍ട്ടി കോണ്‍ഗ്രസിന്റെ സമാപനവേദിയില്‍ എമ്പുരാന്‍ സിനിമയെ പരാമര്‍ശിച്ച് മുഖ്യമന്ത്രി പിണറായി വിജയന്‍. രാഷ്ട്രീയ സിനിമ അല്ലാതിരുന്നിട്ടും എമ്പുരാന്‍ ആക്രമിക്കപ്പെട്ടെന്ന് പാര്‍ട്ടി കോണ്‍ഗ്രസിന്റെ സമാപനവേദിയില്‍ പിണറായി വിജയന്‍ പരാമര്‍ശിച്ചു. സിബിഎഫ്സിയേക്കാള്‍ വലിയ സെന്‍സര്‍ ബോര്‍ഡായി ആര്‍എസ്എസ് പ്രവര്‍ത്തിക്കുന്നുവെന്നും ഇന്ത്യയില്‍ വിഭജന രാഷ്ട്രീയമെന്നും പിണറായി വിജയന്‍ വിമര്‍ശിച്ചു. ബിജെപിയുടെയും ആര്‍എസ്എസിന്റെയും രാഷ്ട്രീയ ആയുധമാണ് വഖഫ് എന്നും മുഖ്യമന്ത്രി കുറ്റപ്പെടുത്തി.
◾ പാര്‍ട്ടി കോണ്‍ഗ്രസില്‍ അവതരിപ്പിച്ച കേന്ദ്ര കമ്മിറ്റി പട്ടികയില്‍ എതിര്‍പ്പ് ഉയര്‍ത്തി മത്സരിച്ച് കരാഡ്. മഹാരാഷ്ട്ര സി ഐ ടി യു സംസ്ഥാന അധ്യക്ഷന്‍ കൂടിയായ കരാഡ് തൊഴിലാളി വര്‍ഗ സമരത്തിന്റെ നേതൃ മുഖം കൂടിയാണ്. പാര്‍ട്ടി കോണ്‍ഗ്രസില്‍ മത്സരിക്കുക മാത്രമല്ല, പരസ്യമായി പ്രതികരിക്കുകയും ചെയ്തു എന്നതും ശ്രദ്ധേയമാണ്. തൊഴിലാളി വര്‍ഗ്ഗത്തെ അവഗണിച്ചതുകൊണ്ടാണ് താന്‍ മത്സരിച്ചതെന്നുമാണ് കരാഡ് പരസ്യമായി പ്രതികരിച്ചത്. പാനലിനെതിരെ മത്സരിച്ച് തോറ്റ ഡി എല്‍ കരാഡിന് 31 വോട്ടുകളാണ് ലഭിച്ചത്.
◾ പാര്‍ട്ടിയിലെ മുതിര്‍ന്ന നേതാവായ പിണറായി വിജയന്‍ അടുത്ത തിരഞ്ഞെടുപ്പില്‍ ഇടതുപക്ഷ ജനാധിപത്യ മുന്നണിയെ രാഷ്ട്രീയമായ പ്രചാരണത്തിലും സംഘടനാകാര്യത്തിലുമെല്ലാം നയിക്കുമെന്ന് എം എ ബേബി. ഒരു തുടര്‍ഭരണം വീണ്ടും കിട്ടിയാല്‍ അന്ന് ആരാണ് മുഖ്യമന്ത്രിയാകുക എന്ന കാര്യം ഇപ്പോള്‍ ചര്‍ച്ചചെയ്യേണ്ട കാര്യമില്ലെന്നും സമയമാകുമ്പോള്‍ പാര്‍ട്ടി കൃത്യമായ തീരുമാനമെടുക്കുമെന്നും എം.എ.ബേബി വ്യക്തമാക്കി.
◾ കേരളം കൂടുതല്‍ വര്‍ഗീയമാകുന്നുവെന്ന് കെപിസിസി മുന്‍ അധ്യക്ഷന്‍ മുല്ലപ്പള്ളി രാമചന്ദ്രന്‍. സ്വാമി വിവേകാനന്ദന്‍ ഇപ്പോള്‍ ഉണ്ടായിരുന്നെങ്കില്‍, ഭ്രാന്താലയത്തിന് പകരം അതിനെക്കാള്‍ ക്രൂരമായ വാക്ക് ഉപയോഗിച്ചേനെയെന്നും അദ്ദേഹം പറഞ്ഞു. എല്ലാ ന്യൂനപക്ഷങ്ങളും അസംതൃപ്തരാണെന്നും എല്ലാവര്‍ക്കും അന്യതാബോധം ഉണ്ടായിരിക്കുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
◾ സിപിഎം മുസ്ലിം മൗലിക വാദത്തിന് കീഴ്പ്പെട്ടെന്നും മത ചിഹ്നമായ കഫിയ അണിഞ്ഞത് ഇതിന് തെളിവെന്നും ബിജെപി സംസ്ഥാന ജനറല്‍ സെക്രട്ടറി എം.ടി. രമേശ്. ശബരിമലയില്‍ മന്ത്രിമാര്‍ കറുപ്പ് ഉടുക്കുന്നത് വിലക്കുന്ന നേതാക്കള്‍ കഫിയ അണിയുന്നുവെന്നും പാര്‍ട്ടി കോണ്‍ഗ്രസിലെ പലസ്തീന്‍ ഐക്യദാര്‍ഢ്യം സിപിഎമ്മിന്റെ സി കമ്മ്യൂണലും എം മുസ്ലിമും ആണെന്ന് ഉറപ്പിക്കുന്നുവെന്നും അദ്ദേഹം പരിഹസിച്ചു.
◾ വിവാദ മലപ്പുറം പരാമര്‍ശത്തില്‍ വിശദീകരണവുമായി എസ്എന്‍ഡിപി ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്‍. തന്റെ പ്രസംഗത്തിന്റെ ഒരു ഭാഗം അടര്‍ത്തിയെടുത്ത് പ്രചരിപ്പിക്കുകയാണെന്നും സമുദായത്തിന്റെ പിന്നോക്കാവസ്ഥയാണ് വിവരിച്ചതെന്നും വെള്ളാപ്പള്ളി മാധ്യമങ്ങളോട് പറഞ്ഞു. വെള്ളാപ്പള്ളിയുടെ മലപ്പുറം പരാമര്‍ശത്തിനെതിരെ രൂക്ഷ വിമര്‍ശനങ്ങള്‍ ഉയര്‍ന്നിരുന്നു.
◾ മാധ്യമപ്രവര്‍ത്തകരോടുള്ള കേന്ദ്ര മന്ത്രി സുരേഷ് ഗോപിയുടെ സമീപനത്തില്‍ പ്രശ്നത്തിന്റെ കാരണമറിയാതെ പ്രതികരിക്കാനില്ലെന്നും സുരേഷ് ഗോപി ജെന്റില്‍മാനാണെന്നും ബിജെപി സംസ്ഥാന അധ്യക്ഷന്‍ രാജീവ് ചന്ദ്രശേഖര്‍. ബിജെപി മാധ്യമപ്രവര്‍ത്തകരെ അടക്കം ബഹുമാനിക്കുന്ന പാര്‍ട്ടിയാണെന്നും സുരേഷ് ഗോപിയുടെ പ്രതികരണത്തിന്റെ ബാക്ക് ഗ്രൗണ്ട് അറിയാതെ തനിക്ക് പ്രതികരിക്കാനാവില്ലെന്നും വിഷയം മനസ്സിലാക്കിയിട്ടില്ലെന്നും ആരാണ് പ്രകോപനം ഉണ്ടാക്കുന്നതെന്ന് അറിയില്ലെന്നും രാജീവ് ചന്ദ്രശേഖര്‍ പറഞ്ഞു.
◾ എട്ടാം ക്ലാസില്‍ മിനിമം മാര്‍ക്ക് കിട്ടാത്ത വിദ്യാര്‍ത്ഥികള്‍ക്ക് പ്രത്യേക ക്ലാസ് നല്‍കുമെന്ന് വിദ്യാഭ്യാസ മന്ത്രി വി ശിവന്‍കുട്ടി. മിനിമം മാര്‍ക്ക് അടിസ്ഥാനത്തിലുള്ള എട്ടാം ക്ലാസ് പരീക്ഷാ ഫലം കഴിഞ്ഞ ദിവസം പ്രഖ്യാപിച്ചിരുന്നു. 2241 സ്‌കൂളില്‍ നിന്നുള്ള കണക്കുകളാണ് ഇതുവരെ ലഭ്യമായത്. 6.3 ശതമാനം തോല്‍വി രേഖപ്പെടുത്തിയ വയനാട് ജില്ലയിലാണ് കൂടുതല്‍ തോല്‍വി ഉള്ളത്. കൊല്ലത്ത് കുറവ് തോല്‍വി. ഹിന്ദിയിലാണ് കൂടുതല്‍ കുട്ടികള്‍ തോറ്റത്. ഇംഗ്ലീഷ് വിഷയത്തിലാണ് കുറവ് തോല്‍വി. ഇനിയും സ്‌കൂളുകളില്‍ നിന്ന് കണക്ക് വരാനുണ്ടെന്ന് വിദ്യാഭ്യാസ മന്ത്രി വാര്‍ത്താസമ്മേളനത്തില്‍ പ്രതികരിച്ചു.
◾ ക്രൈസ്തവരുടെ രാഷ്ട്രീയ പാര്‍ട്ടി എന്ന വിഷയത്തില്‍ തലശ്ശേരി അതിരൂപത ആര്‍ച്ച് ബിഷപ്പ് മാര്‍ ജോസഫ് പാംപ്ലാനിയുടെ നിലപാട് തള്ളി പാലാ ബിഷപ്പ് മാര്‍ ജോസഫ് കല്ലറങ്ങാട്ട്. പുതിയ രാഷ്ട്രീയ പാര്‍ട്ടി രൂപീകരിച്ച് സ്വര്‍ഗത്തിലെത്താമെന്ന് കരുതുന്നില്ലെന്ന് മാര്‍ ജോസഫ് കല്ലറങ്ങാട്ട് പ്രതികരിച്ചു. നമ്മള്‍ ഒന്നിച്ചു നിന്നാല്‍ രാഷ്ട്രീയക്കാര്‍ നമ്മളെ തേടിയെത്തുമെന്നും ക്രൈസ്തവര്‍ തമ്മില്‍ ഒരുമയുണ്ടാവണമെന്നും പുതിയ രാഷ്ട്രീയ പാര്‍ട്ടി ഉണ്ടാക്കണമെന്നത് തെറ്റായ സന്ദേശമാണെന്നും ബിഷപ്പ് പ്രതികരിച്ചു. പാലായിലെ മദ്യ-ലഹരി വിരുദ്ധ പരിപാടിയില്‍ ആയിരുന്നു ബിഷപ്പിന്റെ പ്രസംഗം.
◾ എമ്പുരാന്‍ സിനിമയുടെ നിര്‍മാതാക്കളിലൊരാളായ ആന്റണി പെരുമ്പാവൂരിനും ആദായ നികുതി വകുപ്പിന്റെ നോട്ടീസ്. ലൂസിഫര്‍, മരയ്ക്കാര്‍ – അറബിക്കടലിന്റെ സിംഹം എന്നീ രണ്ട് സിനിമകളുടെ സാമ്പത്തിക ഇടപാടുകളില്‍ വ്യക്തത വരുത്താന്‍ ആവശ്യപ്പെട്ടാണ് നോട്ടീസ് നല്‍കിയിരിക്കുന്നത് . ഈ സിനിമകളുടെ ഓവര്‍സീസ് റൈറ്റും അഭിനേതാക്കളുടെ പ്രതിഫലവുമായി ബന്ധപ്പെട്ട കാര്യത്തിലാണ് വ്യക്തത തേടുന്നത്. ആന്റണി പെരുമ്പാവൂരിന്റെ ആശീര്‍വാദ് ഫിലിംസില്‍ 2022ല്‍ റെഡ് നടത്തിയിരുന്നു. ഇതിന്റെ തുടര്‍ച്ചയായാണ് ഇപ്പോള്‍ നോട്ടീസ് അയച്ചതെന്നാണ് വിവരം.
◾ കളമശ്ശേരി സ്ഫോടനം സംബന്ധിയായും മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയേക്കുറിച്ചുള്ള വ്യാജ പ്രചാരണത്തിന്റെ പേരിലും കര്‍മ്മ ന്യൂസ് ചാനലിന്റെ എംഡി വിന്‍സ് മാത്യൂ അറസ്റ്റില്‍. സൈബര്‍ പൊലീസ് വിന്‍സിനെതിരെ ലുക്ക് ഔട്ട് നോട്ടീസ് ഇറക്കിയിരുന്നു. ഓസ്ട്രേലിയലില്‍ നിന്നും രാവിലെ എത്തിയപ്പോള്‍ വിമാനത്താവളത്തില്‍ വച്ചാണ് വിന്‍സിനെ പിടികൂടിയത്. മൂന്ന് കേസുകളാണ് സൈബര്‍ പൊലീസ് വിന്‍സിനെതിരെ രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്.
◾ എഎസ്പിയുടെ ഒഫീഷ്യല്‍ മെയില്‍ ഐഡിയും സീലും ദുരുപയോഗം ചെയ്ത പൊലീസുകാരന് സസ്പെന്‍ഷന്‍. എറണാകുളം പെരുമ്പാവൂര്‍ ഡിവൈഎസ്പി ഓഫീസിലെ സിവില്‍ പൊലീസ് ഓഫീസര്‍ വിഎസ് ഷര്‍നാസിനെയാണ് സസ്പെന്‍ഡ് ചെയ്തത്. എഎസ്പിയുടെ മെയിലില്‍ നിന്ന് പശ്ചിമ ബംഗാളിലെ നരേന്ദ്രപൂര്‍ പൊലീസ് സ്റ്റേഷനിലേക്ക് സ്വകാര്യ ആവശ്യത്തിനായി മെയില്‍ അയച്ചെന്ന് കണ്ടെത്തുകയായിരുന്നു.
◾ പൊലീസ് കാന്റീന്‍ ദുരുപയോഗിച്ചുവെന്ന അന്വേഷണത്തില്‍ എറണാകുളം പെരുമ്പാവൂരില്‍ എ എസ് ഐയ്ക്കെതിരെ ആഭ്യന്തര അന്വേഷണം തുടങ്ങി. എ എസ് ഐ സലീമിനെതിരെയാണ് അന്വേഷണം. എ എസ് ഐ സലീമിന്റെ കാര്‍ഡ് മറ്റൊരു സ്വകാര്യ വ്യക്തി ദുരുപയോഗിച്ചെന്നാണ് കണ്ടെത്തിയത്. പൊലീസുദ്യോഗസ്ഥര്‍ക്കും കുടുംബത്തിനും മാത്രമാണ് പൊലീസ് കാന്റീനില്‍ നിന്ന് വീട്ടുസാധനങ്ങള്‍ വാങ്ങാന്‍ കഴിയുക എന്നിരിക്കെയാണ് ഇത്. സംഭവത്തില്‍ സ്പെഷല്‍ ബ്രാഞ്ച് റിപ്പോര്‍ട്ട് നല്‍കും.
◾ ഐബിയിലെ വനിത ഓഫീസറുടെ ആത്മഹത്യയില്‍ പൊലീസ് പ്രതി ചേര്‍ത്ത ഐബി ഓഫീസര്‍ സുകാന്ത് സുരേഷിനെതിരെ രണ്ടു വകുപ്പുകള്‍ കൂടി ചുമത്തി. വിവാഹ വാഗ്ദാനം നല്‍കി പീഡിപ്പിക്കല്‍, പണം തട്ടിയെടുക്കല്‍ എന്നീ വകുപ്പുകളാണ് ചുമത്തിയത്. നേരത്തെ ബലാത്സംഗം, വഞ്ചന, ആത്മഹത്യാപ്രേരണ വകുപ്പുകള്‍ ചുമത്തിയിരുന്നു. അതോടൊപ്പം സുകാന്തിന്റെ പുതിയ ബന്ധത്തെക്കുറിച്ച് ഐബി ഉദ്യോഗസ്ഥയായ യുവതി അറിഞ്ഞിരുന്നുവെന്നും ആ പെണ്‍സുഹൃത്തും ഐബി ഉദ്യോഗസ്ഥയെന്നുമാണ് പൊലീസിന് ലഭിച്ച വിവരം.
◾ 2024-25 സാമ്പത്തിക വര്‍ഷത്തിലെ അവസാനത്തെ ഒന്നരമാസം കൊണ്ട് ക്ലീന്‍ കേരള കമ്പനി കെ എസ് ആര്‍ ടി സിയുടെ വിവിധ ഡിപ്പോകളില്‍ നിന്നും സെന്‍ട്രല്‍ വര്‍ക്ക് ഷോപ്പുകളില്‍ നിന്നും 66,410 കിലോഗ്രാം അജൈവ മാലിന്യം ശേഖരിച്ച് സംസ്‌ക്കരണത്തിനയച്ചു. റിജക്ട്സ്/ ലെഗസി ഇനത്തില്‍പ്പെട്ട പുനരുപയോഗയോഗ്യമല്ലാത്ത 61,220 കി.ഗ്രാം, ഇ-വേസ്റ്റ് 4,560 കി.ഗ്രാം, ഇരുമ്പ് സ്‌ക്രാപ്പ് 630 കി.ഗ്രാം എന്നിവയാണ് ശേഖരിച്ചത്.
◾ പത്തനംതിട്ട റാന്നി സ്വദേശിയുടെ തുന്നിക്കെട്ടിയ മുറിവിനുള്ളില്‍ ഉറുമ്പുകളെ കണ്ടെന്ന പരാതിയില്‍ ആരോഗ്യവകുപ്പ് അന്വേഷണം തുടങ്ങി. റാന്നി താലൂക്ക് ആശുപത്രി സൂപ്രണ്ട് ഡിഎംഒക്ക് റിപ്പോര്‍ട്ട് നല്‍കും. ആശുപത്രി സൂപ്രണ്ടിന്റെ മേല്‍നോട്ടത്തിലാണ് അന്വേഷണം. ഗൗരവമേറിയ പരാതിയിലാണ് ആരോഗ്യവകുപ്പിന്റെ പ്രാഥമിക അന്വേഷണം.റാന്നി ബ്ലോക്കുപടി സ്വദേശി സുനില്‍ എബ്രഹാമായിരുന്നു പരാതിക്കാരന്‍.
◾ കൊല്ലം കോട്ടുക്കല്‍ മഞ്ഞിപ്പുഴ ക്ഷേത്രോത്സവത്തിലെ ഗാനമേളയില്‍ ആര്‍എസ്എസ് ഗണഗീതം പാടിയ സംഭവത്തില്‍ നടപടി ആവശ്യപ്പെട്ട് പൊലീസില്‍ പരാതി. കൊല്ലം മഞ്ഞിപ്പുഴ ശ്രീഭഗവതി ഭദ്രകാളി ക്ഷേത്രത്തിലാണ് ഗണഗീതം പാടിയത്. തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡിന്റെ ക്ഷേത്രമാണിത്. സംഭവത്തില്‍ നടപടി ആവശ്യപ്പെട്ട് കോട്ടുക്കല്‍ സ്വദേശി പ്രതിന്‍ ആണ് പൊലീസില്‍ പരാതി നല്‍കിയിരിക്കുന്നത്.
◾ കോഴിക്കോട് ചക്കിട്ടപ്പാറ പഞ്ചായത്ത് പ്രസിഡന്റിന്റെ ഓണററി പദവി റദാക്കി. നാട്ടിലിറങ്ങുന്ന വന്യമൃഗങ്ങളെ എല്ലാം വെടിവെച്ചു കൊല്ലുമെന്ന നിലപാടെടുത്ത ചക്കിട്ടപ്പാറ പഞ്ചായത്ത് പ്രസിഡന്റ് കെ. സുനിലിന്റെ ഓണററി വൈല്‍ഡ് ലൈഫ് വാര്‍ഡന്‍ പദവിയാണ് സര്‍ക്കാര്‍ താല്‍ക്കാലികമായി റദ്ദാക്കിയത്. മുഖ്യമന്ത്രി പിണറായി വിജയന്റെ അംഗീകാരത്തോടെ വനംവകുപ്പ് അഡീഷണല്‍ ചീഫ് സെക്രട്ടറിയാണ് ചീഫ് വൈല്‍ഡ് ലൈഫ് വാര്‍ഡന് പദവി റദ്ദാക്കാന്‍ നിര്‍ദ്ദേശം നല്‍കിയത്. ചക്കിട്ടപ്പാറയില്‍ പഞ്ചായത്ത് സെക്രട്ടറി ആയിരിക്കും ഇനി അപകടകാരികളായ കാട്ടുപന്നികളെ വെടിവയ്ക്കാന്‍ അനുമതി നല്‍കുന്നതിനുള്ള അധികാരം.
◾ മണ്ണൊലിപ്പ് തടയാന്‍ ട്രാക്കുകള്‍ക്ക് ഇരുവശവും കയര്‍ ഭൂവസ്ത്രം പരീക്ഷിച്ച് റെയില്‍വേ. റെയില്‍വേ ട്രാക്കിന് ഇരുവശത്തുമുള്ള മണ്ണൊലിപ്പ് തടയാനും മെറ്റലുകള്‍ ഊര്‍ന്നു പോകുന്നത് ഒഴിവാക്കാനുമാണ് കയര്‍ ഭൂവസ്ത്രങ്ങള്‍ വിരിക്കുന്നത്. നിലവില്‍ കൊല്ലത്തെ ഇടവ, പെരുമണ്‍, കാപ്പില്‍, മയ്യനാട്, മണ്‍റോതുരുത്ത്, കല്ലടയാര്‍, ഇടച്ചാല്‍ എന്നിവിടങ്ങളിലെ റെയില്‍വേ ട്രാക്കുകള്‍ക്ക് സമീപം കയര്‍ ഭൂവസ്ത്രങ്ങള്‍ പാകിയിട്ടുണ്ട്. കൊല്ലം, കണ്ണൂര്‍, നേമം എന്നിവിടങ്ങളില്‍ ഉടന്‍ കയര്‍ ഭൂവസ്ത്രങ്ങള്‍ വിരിക്കാനും തീരുമാനമായിട്ടുണ്ട്.
◾ എറണാകുളം മുനമ്പത്ത് മരിച്ച നിലയില്‍ കണ്ടെത്തിയ സ്മിനുവിന്റേത് കൊലപാതകമെന്ന് സ്ഥിരീകരിച്ച് പൊലീസ്. കേസില്‍ മുനമ്പം സ്വദേശി സനീഷ് അറസ്റ്റിലായതായി പൊലീസ് അറിയിച്ചു. മരിച്ച സ്മിനുവും സനീഷും സുഹൃത്തുക്കളായിരുന്നു. പ്രതിക്ക് 4 ലക്ഷം രൂപയോളം സാമ്പത്തിക ബാധ്യതയുണ്ടായിരുന്നുവെന്നും അതു തീര്‍ക്കാനാണ് കൊല നടത്തിയതെന്നും മഴു ഉപയോഗിച്ചു തലയില്‍ വെട്ടി കൊലപ്പെടുത്തുകയായിരുന്നുവെന്നും പൊലീസ് വ്യക്തമാക്കി.
◾ മലപ്പുറം ചിട്ടിപ്പറമ്പിലെ വാടകവീട്ടിലുണ്ടായ പ്രസവത്തിനെ തുടര്‍ന്ന് രക്തം വാര്‍ന്ന് യുവതി മരിച്ചു. എറണാകുളം പെരുമ്പാവൂര്‍ അറയ്ക്കപ്പടി സ്വദേശിനി കൊപ്പറമ്പില്‍ അസ്മയാണ് (35) മരിച്ചത്. സംഭവത്തില്‍ ഭര്‍ത്താവ് സിറാജുദ്ദീനെതിരെ ഗുരുതര ആരോപണങ്ങളാണ് ഉയരുന്നത്. പ്രസവവേദനകൊണ്ട് പുളഞ്ഞിട്ടും യുവതിയെ ആശുപത്രിയില്‍ എത്തിച്ചില്ലെന്നും ഗുരുതരാവസ്ഥയിലായിട്ടും നോക്കിനിന്നെന്നുമാണ് ബന്ധുക്കളുടെ ആരോപണം. സംഭവത്തിന് പിന്നാലെ നാട്ടുകാര്‍ കയ്യേറ്റം ചെയ്തതിനെ തുടര്‍ന്ന് അസ്മയുടെ ഭര്‍ത്താവ് സിറാജുദ്ദിന്‍ ചികിത്സയിലാണ്. പുറം ലോകവുമായി ഇവര്‍ക്ക് യാതൊരു ബന്ധവുമില്ലെന്നും അഞ്ചാമത്തെ പ്രസവമാണ് അസ്മയുടേതെന്ന് അറിഞ്ഞത് ഇപ്പോഴാണെന്നും നാട്ടുകാര്‍ പറയുന്നു.
◾ രാജ്യത്ത് ഉഷ്ണതരംഗത്തിന് സാധ്യതയെന്ന് മുന്നറിയിപ്പ്. ഡല്‍ഹിയില്‍ അടുത്ത മൂന്ന് ദിവസം ഉഷ്ണതരംഗമുണ്ടായേക്കുമെന്നും റിപ്പോര്‍ട്ടുകളുണ്ട്. ഡല്‍ഹി കൂടാതെ ഹിമാചല്‍ പ്രദേശ്, ഹരിയാണ, പഞ്ചാബ്, മധ്യപ്രദേശ്, ഉത്തര്‍പ്രദേശ്, ഗുജറാത്ത്, രാജസ്ഥാന്‍ തുടങ്ങിയ സംസ്ഥാനങ്ങള്‍ക്കും കാലാവസ്ഥാ വകുപ്പ് ഉഷ്ണതരംഗ മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. അതേസമയം, ഡല്‍ഹി, രാജസ്ഥാന്‍, മധ്യപ്രദേശ്, മഹാരാഷ്ട്ര, ഗുജറാത്ത്, ഒഡിഷ എന്നീ സംസ്ഥാനങ്ങളില്‍ ഞായറാഴ്ച 42 ഡിഗ്രി സെല്‍ഷ്യസിലും കൂടുതല്‍ താപനില രേഖപ്പെടുത്തി. രാജസ്ഥാനിലെ ബാര്‍മറില്‍ ഞായറാഴ്ചത്തെ താപനില 45.6 ഡിഗ്രി സെല്‍ഷ്യസായിരുന്നു. ഏപ്രില്‍ ആദ്യവാരത്തില്‍ രാജ്യത്ത് രേഖപ്പെടുത്തിയ ഏറ്റവും ഉയര്‍ന്ന താപനിലയാണിത്.
◾ കഴിഞ്ഞ സാമ്പത്തിക വര്‍ഷത്തില്‍ ഇന്ത്യന്‍ സംസ്ഥാനങ്ങളില്‍ ഏറ്റവും വളര്‍ച്ച കൈവരിച്ച സംസ്ഥാനം തമിഴ്നാടെന്ന് റിപ്പോര്‍ട്ട്. 9.69 ശതമാനം വളര്‍ച്ചയാണ് തമിഴ്നാടിനുണ്ടായത്. റിപ്പോര്‍ട്ട് പ്രകാരം, കഴിഞ്ഞ 10 വര്‍ഷത്തിനിടയിലെ ഏറ്റവും ഉയര്‍ന്ന സാമ്പത്തിക വളര്‍ച്ചാ നിരക്കുണ്ടായ സംസ്ഥാനവും തമിഴ്നാടാണെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. അതേസമയം, ഗുജറാത്ത്, ബീഹാര്‍, ഉത്തര്‍പ്രദേശ് തുടങ്ങിയ സംസ്ഥാനങ്ങള്‍ ഉള്‍പ്പെടെ 14 സംസ്ഥാനങ്ങളുടെയും കേന്ദ്ര ഭരണ പ്രദേശങ്ങളുടെയും വളര്‍ച്ചാ നിരക്ക് ഡാറ്റ മന്ത്രാലയത്തിന്റെ വെബ്‌സൈറ്റില്‍ അപ്ലോഡ് ചെയ്തിട്ടില്ല. 8.21 ശതമാനം വളര്‍ച്ച കൈവരിച്ച ആന്ധ്രപ്രദേശാണ് രണ്ടാം സ്ഥാനത്ത്.
◾ മധ്യപ്രദേശിലെ ദാമോയില്‍ മിഷനറിമാര്‍ നടത്തുന്ന ആശുപത്രിയില്‍ വ്യാജ കാര്‍ഡിയോളജിസ്റ്റ് ശസ്ത്രക്രിയ നടത്തിയ ഏഴ് രോഗികള്‍ മരിച്ചതായി റിപ്പോര്‍ട്ട്. ജനുവരി, ഫെബ്രുവരി മാസങ്ങളില്‍ വ്യാജ ഡോക്ടര്‍ 15 പേര്‍ക്ക് ശസ്ത്രക്രിയ നടത്തിയെന്നും ഇതില്‍ ഏഴ് പേര്‍ മരിച്ചുവെന്നുമാണ് റിപ്പോര്‍ട്ട്. ദാമോ സ്വദേശിയായ ദീപക് തിവാരി എന്നയാള്‍ പരാതിയുമായി രംഗത്തെത്തിയതോടെയാണ് സംഭവം പുറത്തറിയുന്നത്.
◾ അനിശ്ചിതകാല നിരാഹാര സമരം അവസാനിപ്പിച്ച് മുതിര്‍ന്ന കര്‍ഷക നേതാവ് ജഗജിത് സിംഗ് ധല്ലേവാള്‍. ഫത്തേഗഡ് സാഹിബില്‍ നടന്ന കിസാന്‍ മഹാപഞ്ചായത്തിലാണ് നിരാഹാരം അവസാനിപ്പിക്കുന്നതായി ധല്ലേവാള്‍ പ്രഖ്യാപിച്ചത്. വിളകള്‍ക്ക് കുറഞ്ഞ താങ്ങുവില നിയമപരമായി ഉറപ്പു നല്‍കണമെന്നും പ്രതിഷേധിക്കുന്ന കര്‍ഷകര്‍ ഉന്നയിച്ച മറ്റു പ്രശ്നങ്ങള്‍ പരിഹരിക്കണമെന്നും ആവശ്യപ്പെട്ട് കഴിഞ്ഞവര്‍ഷം നവംബര്‍ 26നാണ് ധല്ലേവാള്‍ നിരാഹാര സമരം ആരംഭിക്കുന്നത്.
◾ ന്യുമോണിയ ചികിത്സ കഴിഞ്ഞ് ആശുപത്രി വിട്ട ഫ്രാന്‍സിസ് മാര്‍പാപ്പ ആദ്യമായി പൊതുവേദിയില്‍ പ്രത്യക്ഷപ്പെട്ടു. ചികിത്സ കഴിഞ്ഞ് രണ്ടാഴ്ച മുമ്പാണ് മാര്‍പ്പാപ്പ ആശുപത്രി വിട്ടത്. ഞായറാഴ്ച രാവിലെ വത്തിക്കാനിലെ സെന്റ് പീറ്റേഴ്‌സ് സ്‌ക്വയറില്‍ വീല്‍ചെയറിലാണ് അദ്ദേഹം വിശ്വാസികളെ അഭിസംബോധന ചെയ്തത്. എല്ലാവര്‍ക്കും ഞായറാഴ്ച ആശംസകള്‍ നേരുന്നുവെന്നും നന്ദിയുണ്ടെന്നും മാര്‍പ്പാപ്പ പറഞ്ഞു.
◾ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപിനെതിരെ അമേരിക്കയില്‍ വ്യാപക പ്രതിഷേധം. വാഷിംഗ്ടണ്‍ ഡി സി അടക്കം വിവിധ നഗരങ്ങളില്‍ ആയിരങ്ങള്‍ ട്രംപ് വിരുദ്ധ മുദ്രാവാക്യങ്ങളുമായി തെരുവിലിറങ്ങി. ആയിരത്തി ഇരുന്നൂറ് കേന്ദ്രങ്ങളിലായാണ് ഹാന്‍ഡ്സ് ഓഫ് എന്ന പേരില്‍ ജനകീയ പ്രതിഷേധം. കാനഡ, ഗ്രീന്‍ലാന്‍ഡ് യുക്രെയ്ന്‍ വിഷയങ്ങളിലും താരിഫ് നയം മുതല്‍ സര്‍ക്കാര്‍ വകുപ്പുകളിലെ ചെലവ് വെട്ടിച്ചുരുക്കല്‍ വരെയുള്ള നയങ്ങള്‍ക്കെതിരെയും പ്രതിഷേധക്കാര്‍ മുദ്രാവാക്യമുയര്‍ത്തി. ട്രംപ് അധികാരത്തില്‍ വന്ന ശേഷം സ്വീകരിച്ച സാമ്പത്തിക, വിദേശകാര്യ, സാമൂഹിക നയങ്ങള്‍ക്കെതിരെ വിമര്‍ശനം ശക്തമാണ്.

Leave a Reply

Your email address will not be published. Required fields are marked *