സായാഹ്ന വാർത്താമുദ്ര
08-04-2025
◾ നിയമസഭാ പാസാക്കിയ ബില്ലുകളില്‍ ഗവര്‍ണര്‍ക്ക് തീരുമാനമെടുക്കാന്‍ സമയപരിധി നിശ്ചയിച്ച് സുപ്രീം കോടതി. ബില്ലുകളില്‍ പരമാവധി മൂന്ന് മാസത്തിനുള്ളില്‍ ഇനി തീരുമാനം എടുക്കണം. ബില്ലുകള്‍ വീണ്ടും പാസാക്കി നിയമസഭ തിരിച്ച് അയച്ചാല്‍ പരമാവധി ഒരു മാസത്തിനുള്ളില്‍ തീരുമാനമെടുക്കണം. ബില്ല് തടഞ്ഞു വയ്ക്കുകയോ രാഷ്ട്രപതിക്ക് അയക്കാനോ തീരുമാനിക്കുകയാണെങ്കില്‍ ഒരു മാസത്തിനകം ഗവര്‍ണര്‍ നടപടി സ്വീകരിക്കണം. സംസ്ഥാന സര്‍ക്കാരിന്റെ ഉപദേശത്തിന് അനുസരിച്ചാകണം ഗവര്‍ണര്‍ പ്രവര്‍ത്തിക്കേണ്ടതെന്നും തിരഞ്ഞെടുക്കപ്പെട്ട സര്‍ക്കാരുകള്‍ക്ക് ഗവര്‍ണര്‍മാര്‍ വഴിമുടക്കികളാകരുതെന്നും ജനവിധി അംഗീകരിക്കണമെന്നും സുപ്രീം കോടതി കൂട്ടിച്ചേര്‍ത്തു. നിയമസഭ പാസാക്കിയ ബില്ലുകളില്‍ തീരുമാനമെടുക്കാതെ പിടിച്ചുവെച്ച തമിഴ്‌നാട് ഗവര്‍ണര്‍ ആര്‍.എന്‍. രവിയുടെ നടപടി ചോദ്യം ചെയ്ത് തമിഴ്‌നാട് സര്‍ക്കാര്‍ നല്‍കിയ ഹര്‍ജിയിലായിരുന്നു സുപ്രീം കോടതിയുടെ സുപ്രധാനവിധി.
◾ ഗവര്‍ണര്‍മാര്‍ക്ക് സംസ്ഥാന സര്‍ക്കാര്‍ പാസാക്കുന്ന ബില്ലുകള്‍ അനിശ്ചിതകാലം പിടിച്ചു വയ്ക്കാനാവില്ലെന്നും 3 മാസം സമയ പരിധി നിശ്ചയിച്ചുമുള്ള സുപ്രീം കോടതി വിധി കേന്ദ്രസര്‍ക്കാരിന് കൂടി പ്രഹരമാകുമെന്ന് റിപ്പോര്‍ട്ടുകള്‍. ഗവര്‍ണര്‍മാരെ ഉപയോഗിച്ച് പ്രതിപക്ഷം ഭരിക്കുന്ന സംസ്ഥാനങ്ങളെ ഒതുക്കുന്ന കേന്ദ്രസര്‍ക്കാരിന് കൂടിയുള്ള താക്കീതായി സുപ്രീംകോടതി വിധി വിലയിരുത്തപ്പെടുകയാണ്. വീറ്റോ അധികാരം ഗവര്‍ണ്ണര്‍മാര്‍ക്കില്ല എന്ന കോടതി നിരീക്ഷണവും ഫെഡറല്‍ മൂല്യങ്ങള്‍ നിലനിറുത്തുന്നതില്‍ നിര്‍ണ്ണായകമാകും.
◾ ഗവര്‍ണറുടെ അധികാരം സംബന്ധിച്ച സുപ്രീംകോടതി വിധി കേന്ദ്ര സര്‍ക്കാരിന്റെ കരണക്കുറ്റിക്ക് ഏറ്റ അടിയെന്ന് സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം. ഇതുകൊണ്ടും മോദിയും അമിത്ഷായും പാഠം പഠിക്കുമെന്ന് തോന്നുന്നില്ലെന്നും കോടതി വിധിയുടെ അന്ത:സത്തയില്‍ ജനാധിപത്യ ബോധത്തോടെ ഇനിയെങ്കിലും ഇടപെടണമെന്നും കേന്ദ്രം കല്‍പ്പിച്ചാല്‍ ഏറാന്‍ മൂളുന്ന ഗവര്‍ണര്‍മാര്‍ മനസിലാക്കണമെന്നും പാഠം ഉള്‍ക്കൊള്ളണമെന്നും ബിനോയ് വിശ്വം പറഞ്ഞു. സുപ്രീംകോടതി വിധിയുടെ പശ്ചാത്തലത്തില്‍ മാധ്യമങ്ങളോട് പ്രതികരിക്കുകയായിരുന്നു ബിനോയ് വിശ്വം.
◾ ആശവര്‍ക്കര്‍മാരുടെ സമരം തീര്‍ക്കാന്‍ സര്‍ക്കാര്‍ പരമാവധി വിട്ടുവീഴ്ച ചെയ്‌തെന്ന് തൊഴിലും വിദ്യാഭ്യാസവും വകുപ്പ് മന്ത്രി വി ശിവന്‍കുട്ടി. ഇതിനപ്പുറം വിട്ടുവീഴ്ച ചെയ്യാനാകില്ലെന്നും ശിവന്‍കുട്ടി പറഞ്ഞു. ആശാവര്‍ക്കര്‍മാര്‍ തൊഴില്‍ മന്ത്രി എന്ന നിലയില്‍ തന്നെ കാണാന്‍ വന്നിരുന്നുവെന്നും അവരുടെ നിവേദനം താന്‍ കൈപ്പറ്റിയെന്നും മന്ത്രി വ്യക്തമാക്കി. ആരോഗ്യ മന്ത്രി 3 തവണ ചര്‍ച്ച നടത്തിയെന്നും മന്ത്രി ചൂണ്ടിക്കാട്ടി.
◾ സിപിഐ പാര്‍ട്ടി സമ്മേളനങ്ങളില്‍ മത്സരത്തിന് വിലക്ക്. ഔദ്യോഗിക പാനലിനെതിരെ മത്സരം പാടില്ലെന്നാണ് നിര്‍ദേശം. മത്സര നീക്കമുണ്ടായാല്‍ സമ്മേളനം സസ്‌പെന്‍ഡ് ചെയ്യുമെന്നും അറിയിപ്പ്. സംസ്ഥാന നേതൃത്വത്തിനെതിരെ കടുത്ത അമര്‍ഷം നിലനില്‍ക്കെയാണ് തീരുമാനം. സിപിഐയില്‍ ലോക്കല്‍ സമ്മേളനം പുരോഗമിക്കുകയാണ്. സെപ്തംബറിലാണ് സംസ്ഥാന സമ്മേളനം നടക്കുക. ഏതെങ്കിലും സമ്മേളനങ്ങളില്‍ മത്സരമുണ്ടാകുകയോ മത്സരത്തിന് ആരെങ്കിലും തയ്യാറാകുകയോ ചെയ്താല്‍ സമ്മേളനം സസ്‌പെന്‍ഡ് ചെയ്യാനാണ് തീരുമാനം.
◾ എഐസിസി സമ്മേളനത്തില്‍ ഡിസിസി ശാക്തീകരണം മുഖ്യ അജണ്ടയെന്നും വിശാല പ്രവര്‍ത്തക സമിതിയില്‍ രൂപരേഖ കൊണ്ടുവരുമെന്നും കോണ്‍ഗ്രസ് സംഘടനാ കാര്യ ജനറല്‍ സെക്രട്ടറി കെ സി വേണുഗോപാല്‍. രാജ്യത്തെ ജനങ്ങള്‍ക്ക് നീതി തേടിയുള്ള പ്രമേയങ്ങള്‍ യോഗത്തിലവതരിപ്പിക്കുമെന്നും കെ.സി വേണുഗോപാല്‍ വ്യക്തമാക്കി. യുഡിഎഫായിരുന്നു അധികാരത്തിലെങ്കില്‍ മുനമ്പം പ്രശ്‌നം എന്നേ പരിഹരിച്ചേനെയെന്നും ചൂണ്ടിക്കാട്ടിയ കെ.സി വേണുഗോപാല്‍ ചര്‍ച്ച് ബില്ല് കൊണ്ടുവരാനുള്ള നീക്കമാണ് ഓര്‍ഗനൈസര്‍ ലേഖനത്തിന് പിന്നിലെന്നും കൂട്ടിച്ചേര്‍ത്തു.
◾ പ്രീ-പ്രൈമറി മുതല്‍ എട്ടാം ക്ലാസ് വരെ സര്‍ക്കാര്‍, സര്‍ക്കാര്‍ അംഗീകൃത വിദ്യാലയങ്ങളില്‍ പഠിക്കുന്ന 26 ലക്ഷം കുട്ടികള്‍ക്ക് 4 കിലോ വീതം അരി വിതരണം ചെയ്യുന്ന പദ്ധതി മന്ത്രി വി ശിവന്‍കുട്ടി ഉദ്ഘാടനം ചെയ്തു. ഏകദേശം 17,313 മെട്രിക് ടണ്‍ അരിയാണ് ആകെ വിതരണം ചെയ്യുന്നത്. മഹത്തായ ഈ പദ്ധതി വിജയകരമായി നടപ്പിലാക്കുന്ന അധ്യാപകര്‍ക്കും പാചക തൊഴിലാളികള്‍ക്കും സ്‌കൂള്‍ ഭരണസമിതികള്‍ക്കും മാതാപിതാക്കള്‍ക്കും എല്ലാ ഉദ്യോഗസ്ഥര്‍ക്കും മന്ത്രി നന്ദി അറിയിച്ചു.
◾ കേന്ദ്ര തെരഞ്ഞെടുപ്പ് സമിതിയില്‍ ഇനി മുതല്‍ ഡിസിസി അധ്യക്ഷന്മാര്‍ക്കും പങ്കുണ്ടാകും.സ്ഥാനാര്‍ത്ഥി നിര്‍ണ്ണയത്തില്‍ ഡിസിസി പ്രസിഡന്റുമാരുടെ ശുപാര്‍ശ പരിഗണിക്കും. എന്നാല്‍ എഐസിസി നീക്കത്തില്‍ പിസിസി അധ്യക്ഷന്മാര്‍ക്കും പാര്‍ലമെന്ററി പാര്‍ട്ടി നേതാക്കള്‍ക്കും അതൃപ്തിയുണ്ട്. പാര്‍ട്ടിയെ കേഡര്‍ സ്വഭാവത്തിലെത്തിക്കാനാണ് ഡിസിസി അധ്യക്ഷന്മാര്‍ക്ക് നിര്‍ണ്ണായക റോള്‍ നല്‍കുന്നതെന്ന് പ്രവര്‍ത്തക സമിതിയംഗം കൊടിക്കുന്നില്‍ സുരേഷ് പറഞ്ഞു.
◾ മുണ്ടൂര്‍ കാട്ടാന ആക്രമണവുമായി ബന്ധപ്പെട്ട് രണ്ടു വ്യത്യസ്ത റിപ്പോര്‍ട്ടുകളുമായി പാലക്കാട് ഡിഎഫ്ഒയും ജില്ലാ കലക്ടറും. കാട്ടാന ആക്രമണത്തില്‍ വനം വകുപ്പിന് വീഴ്ച പറ്റിയിട്ടില്ലെന്നും ഫെന്‍സിംഗ് തകര്‍ത്താണ് കാട്ടാന എത്തിയതെന്നും ഡിഎഫ്ഒ പറയുന്നു. മുന്നറിയിപ്പ് സംവിധാനം പ്രവര്‍ത്തിച്ചിരുന്നുവെന്നും റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നു. എന്നാല്‍ വനം വകുപ്പിന് വീഴ്ച ഉണ്ടായി എന്നാണ് കളക്ടറുടെ റിപ്പോര്‍ട്ട്. വ്യത്യസ്ത റിപ്പോര്‍ട്ടിന്റെ പശ്ചാത്തലത്തില്‍ പാലക്കാട് ഡിഎഫ്ഒയോട് വിശദീകരണം ചോദിക്കുമെന്നും കലക്ടര്‍ അറിയിച്ചു.
◾ ഗോകുലം ഗോപാലനോട് വീണ്ടും ചോദ്യം ചെയ്യലിന് ഹാജരാകാന്‍ ഇഡി നോട്ടീസയച്ചു. ഈ മാസം 22 ന് ചോദ്യം ചെയ്യലിന് ഹാജരാകണമെന്നാണ് നിര്‍ദേശം. നേരിട്ട് എത്തുകയോ പ്രതിനിധിയെ അയക്കുകയോ ചെയ്യാമെന്നും ഇഡി പറഞ്ഞു. ഇന്നലെ കൊച്ചി ഓഫീസില്‍ ഗോകുലം ഗോപാലനെ 6 മണിക്കൂറോളം ഇഡി ചോദ്യം ചെയ്തിരുന്നു.
◾ മുസ്ലീം ലീഗ് നേതൃത്വത്തിന് പരോക്ഷ മറുപടിയുമായി സമസ്ത നേതാവ് ഹമീദ് ഫൈസി അമ്പലക്കടവ്. സമസ്ത അധ്യക്ഷനെ ചാനലുകള്‍ക്ക് മുന്നില്‍ വന്ന് ചിലര്‍ അപമാനിക്കുന്നുവെന്നും ഒരു തവണ ആണെങ്കില്‍ അബദ്ധമാണെന്ന് മനസിലാക്കാമെന്നും എന്നാല്‍ തുടര്‍ച്ചയായി അപമാനിക്കുന്നുവെന്നും സമസ്ത നേതൃത്വത്തെ ദുര്‍ബലപ്പെടുത്താന്‍ ആണ് ശ്രമമെന്നും അദ്ദേഹം പറഞ്ഞു.
◾ എടിഎമ്മുകളില്‍ നിക്ഷേപിക്കാനേല്‍പ്പിച്ച ബാങ്കിന്റെ 28 ലക്ഷം രൂപ തട്ടിയ ക്യാഷ് ഓപ്പറേറ്റീവ് എക്സിക്യൂട്ടീവുകള്‍ പിടിയില്‍. ബത്തേരി കുപ്പാടി പുത്തന്‍പുരക്കല്‍ വീട്ടില്‍ പി.ആര്‍. നിധിന്‍രാജ് (34), മേപ്പാടി ലക്കിഹില്‍ പ്ലാംപടിയന്‍ വീട്ടില്‍ പി.പി. സിനൂപ് (31)എന്നിവരെയാണ് ബത്തേരി പൊലീസ് അറസ്റ്റു ചെയ്തത്. കേരള ഗ്രാമിണ്‍ ബാങ്കിന്റെ വിവിധ എ.ടി.എമ്മുകളില്‍ പണം നിക്ഷേപിക്കുന്ന ബത്തേരി നോഡല്‍ ബ്രാഞ്ചിലെ ജോലിക്കാരായിരുന്ന ഇരുവരും കൂടി 28 ലക്ഷം രൂപയാണ് കവര്‍ന്നത്. 2021 നവംബര്‍ മുതല്‍ 2023 സെപ്റ്റംബര്‍ വരെയുള്ള വിവിധ കാലയളവിലാണ് തട്ടിപ്പ് നടത്തിയത്.
◾ എമ്പുരാന്‍ സിനിമയെ വിമര്‍ശിച്ച് ശ്രീലേഖ ഐപിഎസ്. മുന്‍ ഡിജിപിയായിരുന്ന ശ്രീലേഖ ഐപിഎസ് എമ്പുരാന്‍ സമൂഹത്തിന് മോശം സന്ദേശം നല്‍കുന്ന ചിത്രമാണ് എന്നാണ് തന്റെ യൂട്യൂബ് ചാനലിലെ വീഡിയോയില്‍ വിമര്‍ശനം നടത്തിയത്. ആയുധ ഇടപാടുകളും സ്വര്‍ണം കടത്തും നടത്തുന്ന അധോലോക നായകന് മാത്രമാണ് കേരളത്തെ രക്ഷിക്കാന്‍ സാധിക്കൂ എന്നാണ് പറഞ്ഞുവയ്ക്കുന്നത് എന്നും കഴിഞ്ഞ വര്‍ഷം ബിജെപിയില്‍ ചേര്‍ന്ന മുന്‍ ഡിജിപി വീഡിയോയില്‍ പറയുന്നു.
◾ ഭാസ്‌കര കാരണവര്‍ വധക്കേസ് പ്രതി ഷെറിന് പരോള്‍ അനുവദിച്ചു. രണ്ടാഴ്ചത്തെ പരോളാണ് അനുവദിച്ചിരിക്കുന്നത്. സ്വാഭാവിക നടപടിയെന്നാണ് വിഷയത്തില്‍ ജയില്‍ വകുപ്പിന്റെ പ്രതികരണം. ശിക്ഷായിളവ് നല്‍കി ഷെറിനെ മോചിപ്പിക്കാനുള്ള തീരുമാനം വിവാദമായിരുന്നു. അതിനിടെ സഹതടവുകാരിയെ മര്‍ദിച്ചതിന് കഴിഞ്ഞ മാസം ഷെറിനെതിരെ കേസുമെടുത്തിരുന്നു. കണ്ണൂരിലെ വനിതാ ജയിലിലാണ് ഷെറിന്‍ ഇപ്പോഴുള്ളത്.
◾ തൃശൂരില്‍ സെക്യൂരിറ്റി ജീവനക്കാരനായിരുന്ന ചന്ദ്രബോസിനെ വാഹനമിടിച്ച് കൊലപ്പെടുത്തിയ കേസില്‍ ജീവപര്യന്തം ശിക്ഷ അനുഭവിക്കുന്ന മുഹമ്മദ് നിഷാമിന് ഹൈക്കോടതി പരോള്‍ അനുവദിച്ചു. സംസ്ഥാന സര്‍ക്കാരിനോട് വ്യവസ്ഥതകള്‍ നിശ്ചയിക്കാന്‍ നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. സര്‍ക്കാര്‍ വ്യവസ്ഥ നിശ്ചയിക്കുന്നത് മുതല്‍ 15 ദിവസത്തേക്കാണ് പരോള്‍. 2016 ല്‍ സെക്യൂറിറ്റി ജീവനക്കാരനെ കാറിടിച്ച് കൊലപ്പെടുത്തിയ കേസില്‍ ജീവപര്യന്തം തടവിന് കഴിയുകയാണ് നിഷാം.
◾ കൊച്ചിയിലെ തൊഴില്‍ പീഡന ആരോപണവുമായി ബന്ധപ്പെട്ട കമ്പനിയിലെ മുന്‍ ജീവനക്കാരനെതിരെ കൂടുതല്‍ പരാതികള്‍. നായകളെ പോലെ കഴുത്തില്‍ ബെല്‍റ്റിട്ട് യുവാക്കളെ വലിച്ചിഴച്ച ദൃശ്യങ്ങള്‍ പുറത്തുവിട്ട മനാഫിനെതിരെയാണ് കൂടുതല്‍ പേര്‍ പരാതിയുമായി രംഗത്തെത്തിയത്. അതിനിടെ, ദൃശ്യങ്ങള്‍ പ്രചരിപ്പിച്ചതിന് മനാഫിനെതിരെ പൊലീസ് കേസെടുത്തു. സ്ഥാപനത്തിലെ ജീവനക്കാരിയുടെ പരാതിയില്‍ മനാഫിനെതിരെ കേസെടുത്തിരുന്നു. ദൃശ്യങ്ങള്‍ പുറത്ത് വിട്ട ചങ്ങാതികൂട്ടം എന്ന യൂട്യൂബ് ചാനലിനെതിരെയും പൊലീസ് കേസെടുത്തിട്ടുണ്ട്.
◾ സര്‍വ്വീസ് റോഡിന് ആരില്‍ നിന്ന് പണം സ്വീകരിക്കണമെന്ന രാഷ്ട്രീയ തര്‍ക്കത്തിന്റെ ഇരകളായി വാടാനപ്പള്ളി ഉപ്പുപടന്നയിലെ 80 കുടുംബങ്ങള്‍. ദേശീയ പാതയോട് ചേര്‍ന്ന് സര്‍വ്വീസ് റോഡ് നിര്‍മ്മിച്ചാലേ ഇവര്‍ക്ക് പുറത്തു കടക്കാനാവൂ. കേന്ദ്ര മന്ത്രി സുരേഷ് ഗോപി ഫണ്ട് നല്‍കാമെന്ന് പറഞ്ഞിട്ടും പഞ്ചായത്ത് തടസം നില്‍ക്കുന്നു എന്നാണ് ബിജെപിയുടെ ആരോപണം. ദേശീയ പാത നിര്‍മ്മാണം തീര്‍ന്നശേഷം എംഎല്‍എ ഫണ്ടുപയോഗിച്ച് സര്‍വ്വീസ് റോഡ് നിര്‍മ്മിച്ചു നല്‍കുമെന്നാണ് ഇടതുപക്ഷം ഭരിക്കുന്ന പഞ്ചായത്ത് വാദിക്കുന്നത്.
◾ പാചകവാതക വില വര്‍ധനവിനെതിരെ സംയുക്ത പ്രതിഷേധത്തിന് പ്രതിപക്ഷം. പാര്‍ലമെന്റ് സമ്മേളനം കഴിഞ്ഞതിന് പിന്നാലെ വില കൂട്ടിയെന്ന് ആംആദ്മി പാര്‍ട്ടി ആരോപിക്കുന്നു. ഗാര്‍ഹികാവശ്യത്തിനുള്ള എല്‍പിജി സിലിണ്ടര്‍ വില ഒരിടവേളയ്ക്ക് ശേഷമാണ് വര്‍ധിപ്പിച്ചിരിക്കുന്നത്. 14 കിലോ സിലിണ്ടറിന് 50 രൂപയാണ് ഉയര്‍ത്തിയത്. പ്രധാനമന്ത്രി ഉജ്വല്‍ യോജന പദ്ധതിയില്‍ സിലിണ്ടറിന് 500 രൂപയില്‍ നിന്ന് 550 രൂപയായി വില ഉയര്‍ന്നു. പദ്ധതിക്ക് പുറത്തുള്ള ഉപഭോക്താക്കള്‍ക്ക് സിലിണ്ടറിന്റെ വില 803 രൂപയില്‍ നിന്ന് 853 രൂപയായി ഉയര്‍ന്നു.
◾ ആന്ധ്ര ഉപമുഖ്യമന്ത്രിയും നടനുമായ പവന്‍ കല്യാണിന്റെ മകന്‍ മാര്‍ക്ക് ശങ്കര്‍ പവനോവിചിന് പൊള്ളലേറ്റു. സിംഗപ്പൂരിലെ സ്‌കൂളില്‍ ഉണ്ടായ തീപിടിത്തത്തിലാണ് കുട്ടിക്ക് പൊള്ളലേറ്റത്. 7 വയസ്സായ മാര്‍ക്ക് അമ്മ അന്ന ലേഴ്‌നേവക്ക് ഒപ്പം സിംഗപ്പൂരിലാണ് ഉള്ളത്. കുട്ടിയുടെ കാലിനും കൈക്കും പൊള്ളലേറ്റു എന്നാണ് വിവരം.
◾ സിപിഎം ജനറല്‍ സെക്രട്ടറി എം.എ. ബേബി ആരാണെന്ന് താന്‍ ഗൂഗിള്‍ ചെയ്തു കണ്ടുപിടിക്കേണ്ടി വരും എന്ന് മുന്‍ ത്രിപുര മുഖ്യമന്ത്രിയും എംപിയുമായ ബിപ്ലവ് കുമാര്‍ദേവിന്റെ പരിഹാസം. തനിക്ക് എം എ ബേബി ആരാണെന്ന് അറിയില്ല. പാര്‍ട്ടിയോട് വിശ്വസ്തതയുള്ള കഴിവുള്ള വ്യക്തിയാകാം. എന്നാല്‍ മോദിയെപ്പോലെ യോഗിയെ പോലെയോ തലപ്പൊക്കമുള്ള നേതാവ് സിപിഎമ്മില്‍ ഇല്ലെന്നും അദ്ദേഹ വിമര്‍ശിച്ചു
◾ അല്ലാഹു എന്നെ ജീവനോടെ നിലനിര്‍ത്തിയതിന് കാരണമുണ്ടെന്നും ആ സുദിനം വരുമെന്നും മുന്‍ ബംഗ്ലാദേശ് പ്രധാനമന്ത്രി ഷെയ്ഖ് ഹസീന. സോഷ്യല്‍മീഡിയയില്‍ അവാമി ലീഗ് അംഗങ്ങളെ അഭിസംബോധന ചെയ്താണ് ഹസീന ഇക്കാര്യം പറഞ്ഞത്. പാര്‍ട്ടി നേതാക്കളുടെ കുടുംബാംഗങ്ങളുമായി സംവദിക്കുകയായിരുന്നു അവര്‍. ബംഗ്ലാദേശിലെ ഇടക്കാല സര്‍ക്കാരിന്റെ മുഖ്യ ഉപദേഷ്ടാവായ മുഹമ്മദ് യൂനുസിനെ ഹസീന രൂക്ഷമായി വിമര്‍ശിച്ചു.
◾ ഛത്തീസ്ഗഡില്‍ മലയാളി കന്യാസ്ത്രീക്കെതിരെ മതപരിവര്‍ത്തനത്തിന് കേസ്. ഛത്തീസ്ഗഡിലെ കുങ്കുരിയില്‍ മതപരിവര്‍ത്തനം ആരോപിച്ചാണ് കന്യാസ്ത്രീക്കെതിരെ കേസെടുത്തത്. കോട്ടയം സ്വദേശിയായ സിസ്റ്റര്‍ ബിന്‍സി ജോസഫിനെതിരെയാണ് പൊലീസ് കേസെടുത്തത്. കുങ്കുരി ഹോളി ക്രോസ് നഴ്‌സിങ് കോളജ് പ്രിന്‍സിപ്പാളാണ് സിസ്റ്റര്‍ ബിന്‍സി. കോളേജിലെ വിദ്യാര്‍ഥിനിയെ മതപരിവര്‍ത്തനം നടത്താന്‍ ശ്രമിച്ചുവെന്ന ആരോപണമാണ് സിസ്റ്റര്‍ ബിന്‍സിക്കെതിരെ ഉയര്‍ന്നിരിക്കുന്നത്.
ഇന്നത്തെ വിനിമയ നിരക്ക്
ഡോളര്‍ – 86.04, പൗണ്ട് – 109.80, യൂറോ – 94.14, സ്വിസ് ഫ്രാങ്ക് – 100.06, ഓസ്‌ട്രേലിയന്‍ ഡോളര്‍ – 52.15, ബഹറിന്‍ ദിനാര്‍ – 228.36, കുവൈത്ത് ദിനാര്‍ -279.54, ഒമാനി റിയാല്‍ – 223.49, സൗദി റിയാല്‍ – 22.92, യു.എ.ഇ ദിര്‍ഹം – 23.42, ഖത്തര്‍ റിയാല്‍ – 23.56, കനേഡിയന്‍ ഡോളര്‍ – 60.69.