പ്രഭാത വാർത്താമുദ്ര
2025 ഏപ്രിൽ 08 ചൊവ്വ
1200 മീനം 25 ആയില്യം
1446 ശവ്വാൽ 09
◾ അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ പകരച്ചുങ്ക പ്രഖ്യാപനത്തില്‍ സാമ്പത്തിക മാന്ദ്യഭീഷണി ഭയന്ന് നിക്ഷേപകര്‍ ഓഹരികള്‍ കൂട്ടത്തോടെ വിറ്റൊഴിക്കാന്‍ തുടങ്ങിയതോടെ ആഗോള ഓഹരിവിപണികളില്‍ വന്‍ തകര്‍ച്ച. ന്യൂയോര്‍ക്ക് സ്റ്റോക്ക് മാര്‍ക്കറ്റില്‍ മൂന്ന് ശതമാനം ഇടിവാണ് രേഖപ്പെടുത്തിയത്. ലണ്ടണ്‍ സ്റ്റോക്ക് എക്‌സ്‌ചേഞ്ചിലും കനത്ത ഇടിവാണ് രേഖപ്പെടുത്തിയത്. ഫ്രാങ്ക്ഫര്‍ട്ട് വിപണിയില്‍ 10 ശതമാനം ഇടിവ് രേഖപ്പെടുത്തി. ഹോങ്കോങ് സ്റ്റോക്ക് എക്‌സേഞ്ച് 13.2 ശതമാനമാണ് ഇടിഞ്ഞത്. കഴിഞ്ഞ മൂന്ന് പതിറ്റാണ്ടിനിടെ ആദ്യമായാണ് ഇത്തരമൊരു നഷ്ടം രേഖപ്പെടുത്തുന്നത്. തായ്‌പെയ് ഓഹരി വിപണി 9.7 ശതമാനവും ടോക്കിയോ വിപണിയില്‍ എട്ടുശതമാനവും ഇടിവാണ് രേഖപ്പെടുത്തിയത്. ചൈനയിലെ സിഎസ്ഐ 300 ബ്ലുചിപ്പ് സൂചിക 4.5 ശതമാനം താഴ്ന്നു. മലേഷ്യന്‍ സൂചികകള്‍ 16 മാസത്തിലെ താഴ്ന്ന നിലവാരത്തിലെത്തി. നാല് ശതമാനത്തിലധികമാണ് ഇടിവ്. തയ്വാന്‍ വിപണിയില്‍ 10 ശതമാനവും തകര്‍ച്ചയുണ്ടായി. ഇതോടെ സഹസ്രകോടികളാണ് ലോകമെമ്പാടുമുള്ള ഓഹരിവിപണികളില്‍ നിന്ന് നിക്ഷേപകര്‍ക്ക് നഷ്ടപ്പെട്ടതെന്നാണ് റിപ്പോര്‍ട്ടുകള്‍.
◾ ഡൊണാള്‍ഡ് ട്രംപ് തത്തുല്യ ഇറക്കുമതി ചുങ്കം പ്രഖ്യാപിച്ചതിനുശേഷം ലോകത്തിലെ ഏറ്റവും വലിയ ധനികര്‍ക്ക് ഉണ്ടായത് 50,000 കോടി ഡോളറിലധികം നഷ്ടം. യുഎസ് ഓഹരി വിപണികളില്‍ 5 ലക്ഷം കോടി ഡോളറിന്റെ നഷ്ടമാണ് രേഖപ്പെടുത്തിയത്. 302 ബില്യണ്‍ ഡോളറായി ഇലോണ്‍ മസ്‌കിന്റെ ആസ്തി കുറഞ്ഞു. 130 ബില്യണ്‍ ഡോളര്‍ നഷ്ടമാണ് മസ്‌കിന് ഉണ്ടായത്. ആമസോണ്‍ സ്ഥാപകന്‍ ജെഫ് ബെസോസിനാണ് രണ്ടാമത്തെ വലിയ നഷ്ടം. ആസ്തി 45.2 ബില്യണ്‍ ഡോളര്‍ കുറഞ്ഞ് 193 ബില്യണ്‍ ഡോളറിലെത്തി. ആല്‍ഫബെറ്റ് സഹസ്ഥാപകന്‍ ലാറി പേജിന് 34.6 ബില്യണ്‍ ഡോളറാണ് നഷ്ടമായത്. മാര്‍ക്ക് സക്കര്‍ബര്‍ഗിന് 28.1 ബില്യണ്‍ ഡോളറിന്റെ നഷ്ടമുണ്ടായി. ഓഹരി വിപണിയിലെ വന്‍ ഇടിവ് മൂലം മുകേഷ് അംബാനി, ഗൗതം അദാനി, സാവിത്രി ജിന്‍ഡാലും കുടുംബവും, ശിവ് നാടാര്‍ തുടങ്ങിയവരുടെ മൊത്തം ആസ്തിയില്‍ 1,030 കോടി ഡോളറിന്റെ നഷ്ടമാണ് ഉണ്ടായത്. ഇന്ത്യയിലെ ഏറ്റവും ധനികനായ വ്യക്തിയായ മുകേഷ് അംബാനിയുടെ ആസ്തി 3.6 ബില്യണ്‍ ഡോളര്‍ കുറഞ്ഞ് 87.7 ബില്യണ്‍ ഡോളറിലെത്തി. രണ്ടാമത്തെ ധനികനായ ഗൗതം അദാനിയുടെ ആസ്തി 3 ബില്യണ്‍ ഡോളര്‍ കുറഞ്ഞ് 57.3 ബില്യണ്‍ ഡോളറായി. മൂന്നാം സ്ഥാനത്തും ആഗോളതലത്തില്‍ 45-ാം സ്ഥാനത്തുമുള്ള സാവിത്രി ജിന്‍ഡാലും കുടുംബവും ആസ്തിയില്‍ 2.2 ബില്യണ്‍ ഡോളറിന്റെ നഷ്ടം നേരിട്ടു, അവരുടെ ആസ്തി 33.9 ബില്യണ്‍ ഡോളറായി കുറഞ്ഞു. ശിവ് നാടാറിന്റെ ആസ്തി 1.5 ബില്യണ്‍ ഡോളര്‍ കുറഞ്ഞ് 30.9 ബില്യണ്‍ ഡോളറായി.
◾ പ്രതിഷേധങ്ങള്‍ക്കിടയിലും ചൈനയ്‌ക്കെതിരെ 50 ശതമാനം അധിക നികുതികൂടി പ്രഖ്യാപിച്ച് യു.എസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്. രണ്ട് ദിവസം മുമ്പാണ് യു.എസ്. ഉത്പന്നങ്ങള്‍ക്ക് 34 ശതമാനം നികുതി ചൈന പ്രഖ്യാപിച്ചത്. ചൈനീസ് ഉത്പന്നങ്ങള്‍ക്ക് 34 ശതമാനം നികുതി യു.എസ്. പ്രഖ്യാപിച്ചതിന് പകരമായാണ് ചൈന യു.എസിനെതിരെ പകരച്ചുങ്കം പ്രഖ്യാപിച്ചത്. ഇതിനു പുറമെ എല്ലാ രാജ്യങ്ങള്‍ക്കും 10 ശതമാനം അടിസ്ഥാന നികുതി ട്രംപ് നേരത്തെ തന്നെ പ്രഖ്യാപിച്ചിരുന്നു. ഇതോടെ ചൈനയ്ക്ക് ആകെ ചുമത്തുന്ന നികുതി 94 ശതമാനമായി ഉയരും.
◾ യുഎസ് ചുമത്തിയ 26 ശതമാനം തീരുവക്ക് പ്രതികാര നടപടി വേണ്ടെന്ന് ഇന്ത്യന്‍ സര്‍ക്കാര്‍ തീരുമാനിച്ചതായി റിപ്പോര്‍ട്ട്. ഉന്നത സര്‍ക്കാര്‍ ഉദ്യോഗസ്ഥരെ ഉദ്ധരിച്ച് വാര്‍ത്താ ഏജന്‍സിയായ റോയിട്ടേഴ്സാണ് വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്തത്. ഇന്ത്യയും അമേരിക്കയും തമ്മിലുള്ള വ്യാപാര കരാറിനായുള്ള ചര്‍ച്ചകള്‍ നടന്നുകൊണ്ടിരിക്കുകയാണെന്ന് ഉദ്യോഗസ്ഥന്‍ പറഞ്ഞു.
◾ തൊഴില്‍മന്ത്രിയുമായുള്ള കൂടിക്കാഴ്ചയിലും തീരുമാനമാകാതെ ആശാ സമരം. ഓണറേറിയം കൂട്ടണമെന്നതടക്കം അഞ്ച് പ്രധാന ആവശ്യങ്ങള്‍ അടങ്ങിയ നിവേദനം സമരസമിതി നേതാക്കള്‍ മന്ത്രി വി.ശിവന്‍കുട്ടിക്ക് നല്‍കി. ആരോഗ്യമന്ത്രിയോട് സംസാരിക്കാമെന്നാണ് തൊഴില്‍മന്ത്രിയുടെ ആശ്വാസവാക്ക്. അതിനിടെ വേതന വര്‍ധന പഠിക്കാന്‍ സമിതിയെ നിശ്ചയിക്കാമെന്ന തീരുമാനവുമായി മുന്നോട്ടുപോകുമെന്ന് ആരോഗ്യമന്ത്രി പ്രതികരിച്ചു.
◾ സ്‌കൂളുകളില്‍ വിദ്യാര്‍ഥികളുടെ വ്യായാമം ഉറപ്പുവരുത്താന്‍ പൊതു വിദ്യാഭ്യാസ വകുപ്പിന്റെ പ്രത്യേക കര്‍മ്മ പദ്ധതി നടപ്പാക്കുമെന്ന് പൊതുവിദ്യാഭ്യാസ വകുപ്പ് മന്ത്രി വി ശിവന്‍കുട്ടി. ലഹരിവിരുദ്ധ ബോധവല്‍ക്കരണവുമായി ബന്ധപ്പെട്ട മുഖ്യമന്ത്രിയുടെ നിര്‍ദ്ദേശങ്ങളുടെ ഭാഗമായാണ് പ്രത്യേക കര്‍മ്മ പദ്ധതി നടപ്പാക്കുന്നത്.
◾ എട്ടാം ക്ലാസില്‍ ഏതെങ്കിലും ഒരു വിഷയത്തില്‍ സബ്ജക്ട് മിനിമം നേടാത്തവര്‍ 21 ശതമാനം പേരെന്ന് സംസ്ഥാന വിദ്യാഭ്യാസ മന്ത്രി വി ശിവന്‍കുട്ടി. ആകെ 3,98,181 വിദ്യാര്‍ത്ഥികളാണ് എട്ടാം ക്ലാസ് പരീക്ഷ എഴുതിയത്. അതില്‍ ഒരു വിഷയത്തില്‍ എങ്കിലും ഇ ഗ്രേഡ് ലഭിച്ചവരുടെ എണ്ണം 86309 എന്നാണ് കണക്ക്. അതേസമയം ഒരു വിഷയത്തിലും മിനിമം മാര്‍ക്ക് നേടാന്‍ സാധിക്കാത്ത 5500 വിദ്യാര്‍ത്ഥികളും എട്ടാം ക്ലാസിലുണ്ട്. ഏപ്രില്‍ എട്ട് മുതല്‍ 24 വരെ ഈ കുട്ടികള്‍ക്ക് അതതു വിഷയങ്ങളില്‍ അധിക പിന്തുണാ ക്ലാസ് നല്‍കുമെന്നും മന്ത്രി വ്യക്തമാക്കി.
◾ മുനമ്പം വിഷയം വലിച്ചു നീട്ടി വഷളാക്കിയത് സംസ്ഥാന സര്‍ക്കാരെന്ന് കോണ്‍ഗ്രസ് വര്‍ക്കിങ് കമ്മിറ്റി അംഗം രമേശ് ചെന്നിത്തല. മുനമ്പം വിഷയത്തില്‍ അവിടുത്തെ ജനങ്ങളോട് എല്ലാ മുസ്ലിം സംഘടനകളും ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ചതാണ്. ഈ സന്ദര്‍ഭത്തില്‍ കൃത്യമായ പരിഹാര നിര്‍ദേശങ്ങളുമായി വന്നിരുന്നെങ്കില്‍ വര്‍ഗീയമായി ജനങ്ങളെ വിഭജിക്കാതെ വിഷയം രമ്യമായി പരിഹരിക്കാമായിരുന്നുവെന്നും രമേശ് ചെന്നിത്തല.
◾ മുനമ്പത്ത് എന്‍ഡിഎ നാളെ സംഘടിപ്പിക്കാന്‍ തീരുമാനിച്ച അഭിനന്ദന്‍ സഭ മാറ്റിവെച്ചതായി സംഘാടകര്‍. കേന്ദ്ര ന്യൂനപക്ഷകാര്യ മന്ത്രി കിരണ്‍ റിജിജു ഉദ്ഘാടനത്തിന് നാളെ എത്തില്ലെന്നും എന്നാല്‍ ഈ ആഴ്ച്ച തന്നെ റിജിജു മുനമ്പത്ത് എത്തുമെന്നും ബിജെപി നേതാക്കള്‍ അറിയിച്ചു. വഖഫ് ഭേദഗതി നിയമം പാസാക്കിയ കേന്ദ്ര സര്‍ക്കാറിന് അഭിവാദ്യമര്‍പ്പിച്ച് മുനമ്പം സമരക്കാര്‍ ആഹ്ലാദ പ്രകടനം നടത്തിയിരുന്നു.
◾ എസ്എന്‍ഡിപി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്റെ മലപ്പുറത്തെ കുറിച്ചുള്ള വിവാദ പ്രസംഗത്തില്‍ കേസെടുക്കാന്‍ സാധിക്കില്ലെന്ന് പൊലീസിന് നിയമപദേശം ലഭിച്ചു. മലപ്പുറം ചുങ്കത്തറയില്‍ നടത്തിയ വിവാദ പ്രസംഗത്തിലാണ് പൊലീസ് നിയമോപദേശം തേടിയത്. വെള്ളാപ്പള്ളി നടേശന്‍ ഏതു വിഭാഗത്തെയാണ് ആക്ഷേപിച്ചതെന്ന് പ്രസംഗത്തില്‍ വ്യക്തതയില്ലെന്നതാണ് കേസെടുക്കാന്‍ സാധിക്കില്ലെന്നതിന് കാരണമായി ലഭിച്ച നിയമോപദേശം.
◾ ഹൈബ്രിഡ് കഞ്ചാവ് കേസില്‍ ഹൈക്കോടതിയില്‍ സമര്‍പ്പിച്ച മുന്‍കൂര്‍ ജാമ്യ ഹര്‍ജി നടന്‍ ശ്രീനാഥ് ഭാസി പിന്‍വലിച്ചു. കേസ് അന്വേഷിക്കുന്ന എക്സൈസ് സംഘം നിലവില്‍ താരത്തെ കേസില്‍ പ്രതി ചേര്‍ത്തിട്ടില്ല. ഈ സാഹചര്യത്തിലാണ് ജാമ്യാപേക്ഷ പിന്‍വലിച്ചത്. നടന്റെ ഹര്‍ജി ഈ മാസം 22 ന് പരിഗണിക്കാന്‍ ഹൈക്കോടതി നേരത്തെ മാറ്റിയിരുന്നു. ഇതിന് പിന്നാലെയാണ് അപേക്ഷ പിന്‍വലിച്ചത്.
◾ കൊല്ലം കോട്ടുക്കല്‍ ദേവീ ക്ഷേത്രത്തിലെ ഉത്സവത്തില്‍ ആര്‍എസ്എസ് ഗണഗീതം പാടിയെന്ന പരാതിയില്‍ കേസെടുത്ത് പൊലീസ്. കോട്ടുക്കല്‍ സ്വദേശി പ്രതിന്‍രാജിന്റെ പരാതിയില്‍ കടയ്ക്കല്‍ പൊലീസാണ് കേസെടുത്തത്. നാഗര്‍കോവില്‍ നൈറ്റ് ബേര്‍ഡ്സ് എന്ന ഗാനമേള ട്രൂപ്പിലെ പാട്ടുകാരാണ് കേസില്‍ ഒന്നാം പ്രതി. ക്ഷേത്ര ഉപദേശക സമിതി അംഗങ്ങള്‍ക്കെതിരെയും ഉത്സവ കമ്മിറ്റിക്കെതിരെയും കേസെടുത്തിട്ടുണ്ട്.
◾ ഫെമ കേസില്‍ വ്യവസായിയും സിനിമാ നിര്‍മാതാവുമായ ഗോകുലം ഗോപാലനെ അഞ്ച് മണിക്കൂറിലേറെ നേരം ചോദ്യം ചെയ്ത് വിട്ടയച്ചു. ഇഡി ചോദിച്ചതിനെല്ലാം മറുപടി പറഞ്ഞെന്ന് ഗോകുലം ഗോപാലന്‍ മാധ്യമങ്ങളോട് പ്രതികരിച്ചു. വീണ്ടും ചോദ്യം ചെയ്യാൻ നോട്ടീസ് നൽകിയിട്ടുണ്ട്.
◾ ലോകത്തിലെ ഏറ്റവും വലിയ കണ്ടെയ്‌നര്‍ വാഹക കപ്പലുകളിലൊന്നായ എംഎസ്സി തുര്‍ക്കി ഇന്ന് വിഴിഞ്ഞം ബെര്‍ത്തില്‍ എത്തും. മെഡിറ്ററേനിയന്‍ ഷിപ്പിംഗ് കമ്പനി (എംഎസ്സി) യുടെ ഉടമസ്ഥതയിലുള്ള ഈ കപ്പലിന്റ വിഴിഞ്ഞത്തേക്കുള്ള വരവ് ഇന്ത്യന്‍ സമുദ്ര വ്യാപാരത്തിന് ഒരു പ്രധാന നാഴികക്കല്ലായാണ് വിലയിരുത്തപ്പെടുന്നത്.
◾ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ സേവനങ്ങള്‍ ഒറ്റ പ്ലാറ്റ്‌ഫോമിലൂടെ ജനങ്ങള്‍ക്ക് ലഭ്യമാക്കുന്ന കെ സ്മാര്‍ട്ട് വ്യാഴാഴ്ച മുതല്‍ സംസ്ഥാനത്ത് പൂര്‍ണസജ്ജമാകും. ജനന മരണ വിവാഹ രജിസ്‌ട്രേഷന്‍, വസ്തു നികുതി, കെട്ടിട നിര്‍മ്മാണ പെര്‍മിറ്റ് തുടങ്ങിയ എല്ലാ സേവനങ്ങളും കെ സ്മാര്‍ട്ട് പോര്‍ട്ടലിലൂടെ ലഭിക്കും. ഏപ്രില്‍ 10 മുതല്‍ പഞ്ചായത്തുകളിലും സേവനമെത്തും.
◾ ഗോഡ്സെയെ പ്രകീര്‍ത്തിച്ച് വിവാദത്തില്‍ ആയ ഷൈജ ആണ്ടവന്‍, യുവജന വിദ്യാര്‍ത്ഥി പ്രതിഷേധതത്തിനിടെ കാലിക്കറ്റ് എന്‍ഐടി യില്‍ ഡീന്‍ ആയി ചുമതലയേറ്റു. ഷൈജ ആണ്ടവന്റെ നിയമനത്തിനെതിരെ എസ്എഫ്ഐയും യൂത്ത് കോണ്‍ഗ്രസും നടത്തിയ മാര്‍ച്ചില്‍ സംഘര്‍ഷം ഉണ്ടായി. ഇരുപതോളം പേരെ പൊലീസ് കസ്റ്റഡിയില്‍ എടുത്തു.
◾ മലപ്പുറത്ത് അഞ്ചാം പ്രസവം വീട്ടില്‍ നടത്തി രക്തം വാര്‍ന്ന് യുവതി മരിച്ച സംഭവത്തില്‍ ഭര്‍ത്താവ് സിറാജ്ജുദ്ദിന്‍ കസ്റ്റഡിയില്‍. പെരുമ്പാവൂരിലെ ആശുപത്രിയില്‍ നിന്ന് മലപ്പുറം പൊലീസാണ് ഇയാളെ കസ്റ്റഡിയിലെടുത്തത്. പിന്നാലെ ഉയാളെ മലപ്പുറത്തേക്ക് കൊണ്ടുപോയി. സിറാജ്ജുദ്ദിനെ പ്രതിയാക്കി കേസെടുക്കുമെന്ന് പൊലീസ് അറിയിച്ചു.
◾ വീട്ടിലെ പ്രസവത്തെ തുടര്‍ന്ന് രക്തം വാര്‍ന്ന് യുവതി മരിച്ചത് മനപൂര്‍വമുള്ള നരഹത്യക്ക് തുല്യമെന്ന് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ്. മാതൃമരണ നിരക്കും ശിശുമരണ നിരക്കും ഏറ്റവും കുറവുള്ള സംസ്ഥാനമാണ് കേരളം. പക്ഷെ വര്‍ത്തമാന കാലത്ത് ചില തെറ്റായ പ്രവണതകള്‍ കൂടി നമ്മുടെ സമൂഹത്തില്‍ ഉണ്ടാകുന്നു എന്നത് അനഭിലഷണീയമായ കാര്യമാണെന്നും കഴിഞ്ഞ ദിവസം മലപ്പുറത്ത് ഉണ്ടായ ഒരു അമ്മയുടെ മരണം തികച്ചും നിര്‍ഭാഗ്യകരമാണെന്നും മന്ത്രി വീണാ ജോര്‍ജ് പറഞ്ഞു.
◾ അഴിമതിക്കേസില്‍ വനംവകുപ്പ് പാലോട് റെയ്ഞ്ച് ഓഫീസര്‍ സുധീഷ് കുമാറിനെ വിജിലന്‍സ് അറസ്റ്റ് ചെയ്തതു. ഇരുതലമൂരിയെ കടത്തിയ കേസിലെ പ്രതികളില്‍ നിന്നും 1.75 ലക്ഷം രൂപ കൈക്കൂലി വാങ്ങിയ കേസില്‍ മൊഴി രേഖപ്പെടുത്താന്‍ വിളിച്ചുവരുത്തിയാണ് അറസ്റ്റ്. വനംവകുപ്പിലെ സ്ഥലം മാറ്റത്തിനായി ലേലം വിളി ഗൂഢാലോചനയില്‍ സംശയ നിഴലില്‍ നില്‍ക്കുന്ന ഉദ്യോഗസ്ഥനാണ് സുധീഷ്‌കുമാര്‍.
◾ തിരുവനന്തപുരം വിമാനത്താവളത്തിലെ ഐബി ഉദ്യോഗസ്ഥയുടെ മരണത്തില്‍ പ്രതിയായ ഐബി ഉദ്യോഗസ്ഥന്‍ സുകാന്ത് സുരേഷിനായുള്ള അന്വേഷണം ഊര്‍ജിതമാക്കിയതായി തിരുവനന്തപുരം സിറ്റി ഡിസിപി നകുല്‍ രാജേന്ദ്ര ദേശ്മുഖ്. സുകാന്തിനെ പിടിക്കാനുള്ള എല്ലാ ശ്രമവും നടക്കുന്നുണ്ട്. പെട്ടെന്നുള്ള പ്രകോപനമാണ് ഉദ്യോഗസ്ഥയുടെ ആത്മഹത്യക്ക് കാരണമെന്നും പ്രതി മാനസികമായും ശരീരികമായും പീഡിപ്പിച്ചതിന്റെ സൂചനകള്‍ ലഭിച്ചിട്ടുണ്ടെന്നും ഡിസിപി മാധ്യമങ്ങളോട് സംസാരിക്കവേ പറഞ്ഞു.
◾ കൊല്ലത്ത് 12 വയസുകാരിയെ ബലാത്സംഗം ചെയ്ത 42 കാരന് നാല് ജീവപര്യന്തവും ഒരു ലക്ഷം രൂപ പിഴയും ശിക്ഷ വിധിച്ച് കോടതി. പത്തനംതിട്ട സീതത്തോട് ചിറ്റാര്‍ സ്വദേശി ജെയ്മോനെയാണ് പുനലൂര്‍ ഫാസ്റ്റ് ട്രാക്ക് സ്പെഷ്യല്‍ കോടതി ശിക്ഷിച്ചത്. ജീവപര്യന്തം തടവ് ജീവിത അവസാനം വരെ ആയിരിക്കുമെന്നും വിധിയില്‍ പറയുന്നു. 2016 ജനുവരി മുതലാണ് അമ്മയോടൊപ്പം താമസിച്ചിരുന്ന പെണ്‍കുട്ടിയെയാണ് പ്രതി ബലാത്സംഗത്തിന് ഇരയാക്കിയത്.
◾ മുതലപ്പൊഴി അഴിമുഖത്ത് വീണ്ടും മത്സ്യബന്ധന വള്ളം മണലില്‍ കുടുങ്ങി. പുതുക്കുറിച്ചി സ്വദേശി സുല്‍ഫിയുടെ ഉടമസ്ഥതയിലുള്ള താഹാ റസൂല്‍ എന്ന വള്ളമാണ് 32 തൊഴിലാളികളുമായി അഴിമുഖത്ത് കുടുങ്ങിയത്. എസ്‌കവേറ്റര്‍ ഉപയോഗിച്ച് തള്ളി നീക്കാന്‍ ശ്രമിച്ചെങ്കിലും മണലില്‍ നിന്ന് വള്ളം ഇറക്കാനായില്ല. തുടര്‍ന്ന് മത്സ്യത്തൊഴിലാളികളുടെ വള്ളത്തില്‍ കെട്ടിവലിച്ചാണ് വള്ളം കടലിലേക്ക് ഇറക്കിയത്.
◾ പെട്രോള്‍ പമ്പിലെ ശുചുമുറിയുടെ താക്കോല്‍ നല്‍കാത്തതിന് ഉടമക്കെതിരെ 165000 രൂപ പിഴ വിധിച്ച് ഉപഭോക്തൃ തര്‍ക്കപരിഹാര കോടതി. ഏഴകുളം ഈരകത്ത് ഇല്ലം വീട്ടില്‍ അധ്യാപികയായ സി.എല്‍. ജയകുമാരിയുടെ പരാതിയിലാണ് നടപടി. കോഴിക്കോട് പയ്യോളിയിലുളള തെനംകാലില്‍ പെട്രോള്‍ പമ്പ് ഉടമ ഫാത്തിമ ഹന്നയ്ക്കെതിരെയാണ് കമ്മീഷന്‍ ഉത്തരവിട്ടത്.
◾ ബോട്ട് അറ്റകുറ്റപ്പണിക്കിടെ ഗുരുതരമായി പരിക്കേറ്റ പാകിസ്ഥാന്‍ മത്സ്യത്തൊഴിലാളിക്ക് രക്ഷയായി ഇന്ത്യന്‍ നാവിക സേന. ഇന്ത്യന്‍ നാവികസേനയുടെ മിഷന്‍ ഡിപ്ലോയ്ഡ് സ്റ്റെല്‍ത്ത് ഫ്രിഗേറ്റ് ഐഎന്‍എസ് ത്രികാന്താണ് മധ്യ അറേബ്യന്‍ കടലില്‍ വെച്ച് വൈദ്യസഹായം നല്‍കിയത്.
◾ സിവില്‍ തര്‍ക്കങ്ങളെ ഗുരുതര വകുപ്പുള്ള ക്രിമിനല്‍ കേസുകളാക്കി മാറ്റുന്ന നടപടിയില്‍ യുപി പൊലീസിനെ രൂക്ഷഭാഷയില്‍ വിമര്‍ശിച്ച് സുപ്രീംകോടതി. യുപിയില്‍ നിയമവാഴ്ച പരിപൂര്‍ണ്ണമായി തകര്‍ന്നുവെന്നും ഇതംഗീകരിക്കാന്‍ കഴിയില്ലെന്നും ചീഫ് ജസ്റ്റിസ് സഞ്ജീവ് ഖന്ന പറഞ്ഞു. സിവില്‍ തര്‍ക്കം തീരാന്‍ വര്‍ഷങ്ങള്‍ എടുക്കുന്നതിനാലാണ് ക്രിമിനല്‍ കേസാക്കിയതെന്ന് പറഞ്ഞതോടെയാണ് ചീഫ് ജസ്റ്റിസ് വാക്കുകള്‍ കടുപ്പിച്ചത്. ഇത്തരം രീതികള്‍ ആവര്‍ത്തിച്ചാല്‍ പൊലീസിന് പിഴയിടുമെന്നും കോടതി മുന്നറിയിപ്പ് നല്‍കി.
◾ രാജ്യത്ത് പെട്രോളിന്റെയും ഡീസലിന്റെയും എക്സൈസ് ഡ്യൂട്ടി കേന്ദ്ര സര്‍ക്കാര്‍ രണ്ട് രൂപ വര്‍ധിപ്പിച്ചു. ചില്ലറ വില്‍പ്പനയെ ബാധിക്കില്ലെന്നാണ് കേന്ദ്ര സര്‍ക്കാര്‍ വിശദീകരണം. അന്താരാഷ്ട്ര ക്രൂഡ് ഓയില്‍ വില കുറഞ്ഞ് നില്‍ക്കുന്ന സമയമായതിനാല്‍ കൂട്ടിയ എക്സൈസ് ഡ്യൂട്ടി കമ്പനികളില്‍ നിന്ന് ഈടാക്കും.
◾ ബലത്സംഗക്കേസില്‍ ജയിലിലായിരുന്ന ആള്‍ദൈവം ആസാറാം ബാപ്പുവിന്റെ ഇടക്കാല ജാമ്യം നീട്ടി നല്‍കി രാജസ്ഥാന്‍ ഹൈക്കോടതി.2013 ല്‍ 13 കാരിയെ പീഡിപ്പിച്ച കേസില്‍ ജീവപര്യന്തം തടവില്‍ കഴിയുന്നതിനിടെയാണ് ജാമ്യം ലഭിച്ചത്. ആരോഗ്യ സംബന്ധമായ കാരണങ്ങള്‍ കണക്കിലെടുത്ത് ചികിത്സയ്ക്ക് വേണ്ടിയാണ് ജാമ്യം അനുവദിച്ചിരുന്നത്.
◾ പശ്ചിമബംഗാളിലെ അധ്യാപക റിക്രൂട്ട്‌മെന്റ് നടപടികള്‍ റദ്ദാക്കിയത് ശരിവെച്ച സുപ്രീം കോടതി ഉത്തരവിന് പിന്നാലെ ജുഡീഷ്യറിയെ വിമര്‍ശിച്ച് മുഖ്യമന്ത്രി മമതാ ബാനര്‍ജി. വ്യാപക ക്രമക്കേടുകള്‍ ചൂണ്ടിക്കാട്ടി ബംഗാള്‍ ഹൈക്കോടതി 25,000 അധ്യാപക- അനധ്യാപക നിയമനങ്ങള്‍ റദ്ദാക്കിയിരുന്നു. ഇതിനെതിരെ സംസ്ഥാന സര്‍ക്കാര്‍ സുപ്രീം കോടതിയെ സമീപിച്ചെങ്കിലും ഹൈക്കോടതി വിധി ശരിവെയ്ക്കുന്ന വിധിയാണ് സുപ്രീംകോടതിയില്‍ നിന്നുണ്ടായത്.