പ്രഭാത വാർത്താമുദ്ര
2025 ഏപ്രിൽ 10 വ്യാഴം
1200 മീനം 27 പൂരം
1446 ശവ്വാൽ 11
◾ ചൈന ഒഴികെയുള്ള രാജ്യങ്ങള്‍ക്കുള്ള പകരച്ചുങ്കം 90 ദിവസത്തേക്ക് മരവിപ്പിച്ച് ട്രംപ് ഭരണകൂടം. യുഎസ് ഉല്പന്നങ്ങള്ക്ക് അന്യായ ഇറക്കുമതിതീരുവ ഈടാക്കുന്നുവെന്ന് ആരോപിച്ച് ചുമത്തിയ പകരച്ചുങ്കമാണ് താല്കാലികമായി മരവിപ്പിച്ചത്. 90 ദിവസത്തേക്കുള്ള അടിസ്ഥാന പകരച്ചുങ്കം 10 ശതമാനം മാത്രമായിരിക്കും. എന്നാല്‍ ചൈനയ്ക്ക് ഇളവ് നല്കാന് തയാറാകാതിരുന്ന യുഎസ്, ചൈനയ്ക്കുള്ള ഇറക്കുമതിത്തീരുവ 125 ശതമാനമായി ഉയര്‍ത്തുകയും ചെയ്തു.
◾ പകരച്ചുങ്കം 90 ദിവസത്തേക്ക് മരവിപ്പിച്ചതോടെ യുഎസ് ഓഹരി വിപണികളില്‍ തിരിച്ചുവരവ്. അമേരിക്കയുടെ പകരചുങ്കത്തിന് പ്രതികാര ചുങ്കവുമായി ഇറങ്ങിയ ചൈനയുടെ ഇറക്കുമതി തീരുവ 104% ആയി ഉയര്‍ത്തിയ അമേരിക്കന്‍ നടപടി അമേരിക്കന്‍ വിപണിയിലും ഏഷ്യന്‍-യൂറോപ്യന്‍ വിപണികളിലും തകര്‍ച്ചയ്ക്ക് ഇടയാക്കിയിരുന്നു. വ്യാപാരയുദ്ധത്തെ തുടര്‍ന്ന് അമേരിക്കന്‍ വിപണി 2020ന് ശേഷമുള്ള ഏറ്റവും വലിയ വീഴ്ച നേരിട്ടു. ഇക്കാലയളവില്‍ ഇന്ത്യന്‍ ജിഡിപിയെക്കാള്‍ വലിയ നഷ്ടമാണ് അമേരിക്കന്‍ വിപണി നേരിട്ടത്. ഇതിനു പിന്നാലെയാണ് പകരച്ചുങ്കം 90 ദിവസത്തേക്ക് മരവിപ്പിക്കാനുള്ള ട്രംപിന്റെ തീരുമാനം.
◾ മഹാത്മാഗാന്ധിയുടെ ആശയദൃഢതയും സര്‍ദാര്‍ വല്ലഭ്ഭായ് പട്ടേലിന്റെ പ്രായോഗികശൗര്യവും ഒത്തിണങ്ങിയ പുതിയ കോണ്‍ഗ്രസിനെ കെട്ടിപ്പടുക്കുമെന്ന് അഹമ്മദാബാദ് എഐസിസി സമ്മേളനത്തിന്റെ പ്രഖ്യാപനം. 2025, കോണ്‍ഗ്രസിന്റെ പുനര്‍ജനി വര്‍ഷമായിരിക്കുമെന്ന് അധ്യക്ഷന്‍ മല്ലികാര്‍ജുന്‍ ഖാര്‍ഗെയും ലോക്സഭാ പ്രതിപക്ഷനേതാവ് രാഹുല്‍ ഗാന്ധിയും പറഞ്ഞു. പാര്‍ട്ടിക്കുവേണ്ടി പ്രവര്‍ത്തിക്കാന്‍ കഴിയാത്തവര്‍ വിശ്രമിക്കുകയും ചുമതലകള്‍ നിര്‍വഹിക്കാന്‍ കഴിയാത്തവര്‍ വിരമിക്കുകയും ചെയ്യണമെന്ന് ഖാര്‍ഗെ മുന്നറിയിപ്പു നല്കി. പാര്‍ട്ടിയുടെ ആശയവും ഭരണഘടനയും പ്രതിരോധിക്കേണ്ടത് ഓരോ പാര്‍ട്ടി പ്രവര്‍ത്തകന്റെയും ഉത്തരവാദിത്വവും ചുമതലയുമാണെന്ന് രാഹുലും പറഞ്ഞു. പുനഃസംഘടനയുടെ ഭാഗമായി ഡിസിസികളെ എഐസിസിയുടെ കര്‍ശനമാര്‍ഗനിര്‍ദേശത്തിന്റെ അടിസ്ഥാനത്തില്‍ നിയമിക്കാന്‍ സമ്മേളനം തീരുമാനിച്ചു.
◾ ആശ സമരം തീരാതിരിക്കാന്‍ കാരണം സമരക്കാര്‍ തന്നെയെന്ന് കുറ്റപ്പെടുത്തി മുഖ്യമന്ത്രി പിണറായി വിജയന്. ആശ സമരം തീരണം എന്ന് എല്ലാവരും ആഗ്രഹിക്കുന്നു. ആശമാര്‍ക്ക് മികച്ച ഓണറേറിയം നല്കുന്ന സംസ്ഥാനമാണ് കേരളം. സമരം ആര്‍ക്കെതിരെ ചെയ്യണം എന്ന് സമരക്കാര്‍ ആലോചിക്കണം. വേതനം കൂട്ടിയ സംസ്ഥാനത്തിന് എതിരെ വേണോ അതോ ഒന്നും കൂട്ടാത്ത കേന്ദ്രത്തിനെതിരെ സമരം വേണോയെന്ന് ചിന്തിക്കണമെന്നും മുഖ്യമന്ത്രി പറഞ്ഞു.
◾ മകള്‍ വീണക്കെതിരായ മാസപ്പടി കേസിന്റെ ലക്ഷ്യം താനാണെന്ന് പാര്‍ട്ടി തിരിച്ചറിഞ്ഞതാണെന്ന് മുഖ്യമന്ത്രി പിണറായി വിജയന്. സേവനത്തിന് നല്കിയ പണമെന്ന് മകളും സിഎംആര്‍എല്‍ കമ്പനിയും പറഞ്ഞിട്ടുണ്ട്. സിഎംആര്‍എല്‍ നല്കിയ പണത്തിന്റെ ജിഎസ്ടിയും ആദായ നികുതിയും അടച്ചതിന്റെ രേഖകളുമുണ്ട്. ഈ കേസ് എവിടെ വരെ പോകുമെന്ന് നോക്കാം. ഈ കാര്യങ്ങളെല്ലാം പാര്‍ട്ടി തിരിച്ചറിഞ്ഞത് കൊണ്ടാണ് പാര്‍ട്ടി നേതൃത്വം ഈ നിലയില്‍ പ്രതികരിക്കുന്നത് എന്നും അദ്ദേഹം പറഞ്ഞു.
◾ മാസപ്പടി കേസില്‍ എസ്എഫ്ഐഒയുടെ തുടര്‍ നടപടികള്‍ സ്റ്റേ ചെയ്യണമെന്ന് ആവശ്യപ്പെട്ട് സി എം ആര് എല്‍ സമര്‍പ്പിച്ച ഹര്‍ജി ദില്ലി ഹൈക്കോടതി ചീഫ് ജസ്റ്റിസിന് വിട്ടു. എസ്എഫ്ഐഒ കുറ്റപ്പത്രം സമര്‍പ്പിച്ച സാഹചര്യത്തില്‍ ഹര്‍ജിക്ക് നിലനില്‍പ്പില്ലാതായെന്ന് ഹൈക്കോടതി ചൂണ്ടിക്കാട്ടി. കുറ്റപത്രം നല്‍കില്ലെന്ന വാക്കാലുള്ള ഉറപ്പ് ജസ്റ്റിസ് സുബ്രമണ്യം പ്രസാദ് നല്‍കിയെന്ന വാദം ഉയര്‍ന്ന സാഹചര്യത്തിലാണ് കേസ് ചീഫ് ജസ്റ്റിസിന്റെ തീരുമാനത്തിന് വിട്ടത്.
◾ ലഹരിക്കെതിരെ സംസ്ഥാനം തുറന്ന യുദ്ധം പ്രഖ്യാപിക്കുകയാണെന്നും വിപുലമായ കര്‍മ്മ പദ്ധതിക്ക് രൂപം നല്‍കുമെന്നും മുഖ്യമന്ത്രി പിണറായി വിജയന്. ആക്ഷന്‍ പ്ലാന്‍ ഉണ്ടാക്കാന്‍ ചീഫ് സെക്രട്ടറിയെ ചുമതലപ്പെടുത്തിയിട്ടുണ്ടെന്നും ഇതുമായി ബന്ധപ്പെട്ട് ഈ വരുന്ന 17ന് സര്‍വകക്ഷി യോഗം ചേരുമെന്നും മുഖ്യമന്ത്രി പറഞ്ഞു.
◾ പുതിയ മദ്യ നയത്തിന് അംഗീകാരം നല്കി മന്ത്രിസഭാ യോഗം. ടൂറിസ്റ്റ് ആവശ്യം മുന്‍നിര്‍ത്തി ഒന്നാം തീയതിയും ത്രീ സ്റ്റാറിന് മുകളിലുള്ള ഹോട്ടലുകളില്‍ ഇനിമുതല്‍ മദ്യം വിളമ്പാം. പഞ്ചനക്ഷത്ര സൗകര്യങ്ങളുള്ള യാനങ്ങളിലും മദ്യം വിളമ്പാന്‍ അനുമതിയുണ്ട്. ഡ്രൈഡേയില്‍ കൂടുതല്‍ ഇളവ് വരുത്തിക്കൊണ്ടുള്ള മദ്യനയത്തിനാണ് ഒടുവില്‍ അന്തിമ അംഗീകാരം നല്‍കുന്നത്.
◾ പാതിവില തട്ടിപ്പ് കേസില്‍ ജയിലില്‍ കഴിയുന്ന സായിഗ്രം ഗ്ലോബല്‍ ട്രസ്റ്റ് മാനേജിംഗ് ട്രസ്റ്റി ആനന്ദ്കുമാറിന്റെ നേരിട്ട് പങ്കുണ്ടെന്നതില്‍ തെളിവുണ്ടെന്ന് ഹൈക്കോടതി. ആനന്ദ്കുമാറിന്റെ ജാമ്യാപേക്ഷ തള്ളിയുള്ള ഉത്തരവിലാണ് നിര്‍ണായക പരാമര്‍ശം.സ്കൂട്ടര്‍ വാഗ്ദാനം ചെയ്ത വനിതകളില്‍ നിന്ന് ട്രസ്റ്റ് നേരിട്ട് പണം കൈപ്പറ്റിയതിന്റെ രേഖകകള്‍ ക്രൈംബ്രാഞ്ച് ഹൈക്കോടതിയില്‍ സമര്‍പ്പിച്ചു.
◾ ഇടുക്കി കട്ടപ്പനയിലെ നിക്ഷേപകന് സാബു തോമസിന്റെ ആത്മഹത്യ കേസില്‍ പൊലീസ് കുറ്റപത്രം സമര്‍പ്പിച്ചു. കട്ടപ്പന റൂറല്‍ ഡെവലപ്പ്മെന്റ് സഹകരണ സൊസൈറ്റി സെക്രട്ടറി റെജി എബ്രഹാം, സീനിയര്‍ ക്ലര്‍ക്ക് സുജമോള്‍ ജോസ്, ജൂനിയര്‍ ക്ലര്‍ക്ക് ബിനോയ് തോമസ് എന്നിവരാണ് പ്രതികള്‍. കട്ടപ്പന റൂറല്‍ സര്‍വീസ് സഹകരണ സൊസൈറ്റിയിലെ നിക്ഷേപകനായിരുന്ന സാബു തോമസ് കഴിഞ്ഞ ഡിസംബര്‍ 20 നാണ് ബാങ്കിനു മുന്നില്‍ ആത്മഹത്യ ചെയ്തത്.
◾ മന്ത്രിക്ക് എസ്കോര്‍ട്ട് പോയ പൊലീസ് വാഹനം നിയന്ത്രണം വിട്ട് മറിഞ്ഞ് 2 പൊലീസുകാര്‍ക്ക് പരുക്കേറ്റു. പത്തനാപുരം വാഴത്തോപ്പിലാണ് അപകടം നടന്നത്. മന്ത്രി ഒ.ആര് കേളുവിന്റെ എസ്കോര്‍ട്ട് വാഹനമാണ് അപകടത്തില്‍പ്പെട്ടത്. കടയ്ക്കല്‍ പൊലീസ് സ്റ്റേഷനിലെ ജീപ്പ് വഴിയരികിലെ മതിലില്‍ ഇടിച്ച് മറിയുകയായിരുന്നു. തലകീഴായി മറിഞ്ഞ വാഹനത്തിലുണ്ടായിരുന്ന രണ്ട് പൊലീസുകാര്‍ക്കാണ് പരുക്കേറ്റത്.
◾ കേരള സര്‍വകലാശാലയിലെ ഉത്തരക്കടലാസുകള്‍ നഷ്ടമായതുമായി ബന്ധപ്പെട്ട സംഭവത്തില്‍ പരീക്ഷാ ഫലം പ്രസിദ്ധീകരിച്ചു. 2022-24 ഫിനാന്‍സ് സ്ട്രീം എംബിഎ ബാച്ചിലെ വിദ്യാര്‍ത്ഥികളുടെ മൂന്നാം സെമസ്റ്റര്‍ ഫലമാണ് പ്രസിദ്ധീകരിച്ചത്. ഉത്തരക്കടലാസ് നഷ്ടപ്പെട്ടതിനെ തുടര്‍ന്ന് വീണ്ടും പരീക്ഷയെഴുതിയ ഐസിഎമ്മിലെ 65 കുട്ടികളും പരീക്ഷ പാസായി.
◾ കേരളത്തില്‍ ഒരു രാഷ്ടീയ മാറ്റത്തിന് സമയമായെന്നാവര്‍ത്തിച്ച് ബിജെപി സംസ്ഥാന പ്രസിഡന്റും മുന്‍ കേന്ദ്ര മന്ത്രിയുമായ രാജീവ് ചന്ദ്രശേഖര്‍. കേരളത്തില്‍ നടമാടുന്ന പ്രീണന രാഷ്ട്രീയത്തിന് അറുതി വരുത്തേണ്ട സമയം സമാഗതമായിരിക്കുന്നുവെന്ന് സമൂഹ മാധ്യമമായ എക്സില്‍ രാജീവ് ചന്ദ്രശേഖര്‍ കുറിച്ചു. മുനമ്പത്തെ ജനങ്ങളെ കുടിയൊഴിപ്പിക്കാന്‍ നടത്തിയ ശ്രമങ്ങളെ പരാമര്‍ശിച്ചാണ് ബിജെപി അധ്യക്ഷന്റെ കുറിപ്പ്.
◾ മെയ് 20ന് പ്രഖ്യാപിച്ച സംയുക്ത ദേശീയ പണിമുടക്കിനില്ലെന്ന് ഐഎന്‍ടിയുസി തീരുമാനം. സിഐടിയുവുമായി തല്ക്കാലം സംയുക്ത സമരത്തിന് ഇല്ലെന്നാണ് ഐഎന്‍ടിയുസിയുടെ തീരുമാനം. കെപിസിസിയുടെ നിര്‍ദ്ദേശപ്രകാരമാണ് ഐ എന്‍ ടി സിയുടെ പിന്മാറ്റമെന്നാണ് വിവരം. സംയുക്ത സമരത്തില്‍ നിന്ന് ഐന്‍ടിയുസി പിന്മാറുകയാണെന്ന് അറിയിച്ച് ഐന്‍ടിയുസി സംസ്ഥാന പ്രസിഡന്റ് ആര് ചന്ദ്ര ശേഖരന് സിഐടിയു സംസ്ഥാന ജനറല്‍ സെക്രട്ടറി എളമരം കരീമിന് കത്തയച്ചു.
◾ വഖഫ് നിയമത്തില്‍ പ്രതിഷേധിച്ച് സോളിഡാരിറ്റി, എസ്ഐഒ സംഘടനകള്‍ നടത്തിയ കോഴിക്കോട് വിമാനത്താവള മാര്‍ച്ചില്‍ വന്‍ സംഘര്‍ഷം. എയര്‍പോര്‍ട്ട് റോഡിലാണ് പൊലീസും സമരക്കാരും തമ്മില്‍ സംഘര്‍ഷമുണ്ടായത്. പൊലീസ് അനുമതിയില്ലാതെയാണ് മാര്‍ച്ച് നടത്തിയത്. വിമാനത്താവളം ഉപരോധിക്കുമെന്നായിരുന്നു സമരക്കാര്‍ പറഞ്ഞിരുന്നത്. സംഘര്‍ഷത്തെ തുടര്‍ന്ന് വിമാനത്താവളത്തിലേക്കുള്ള റോഡില്‍ ഗതാഗതം അര മണിക്കൂര്‍ നേരം തടസ്സപ്പെട്ടു.
◾ വിഴിഞ്ഞം തുറമുഖത്തിന്റെ വികസനത്തിന് കേന്ദ്ര സര്‍ക്കാര്‍ കേരളത്തിന് വായ്പയായി നല്കുന്ന 817 കോടി രൂപയുടെ വി ജി എഫ് കരാര്‍ ഒപ്പിട്ടു. കേരളത്തിന് വേണ്ടി ചീഫ് സെക്രട്ടറി ശാരദ മുരളീധരനാണ് കരാറില്‍ ഒപ്പിട്ടത്. സാധാരണഗതിയില്‍ ഇത്തരം പദ്ധതികള്‍ക്ക് ഗ്രാന്റ് ആയാണ് വിജിഎഫ് നല്‍കാറുള്ളതെന്നും കേന്ദ്രത്തോട് കേരളം ഇക്കാര്യം ആവശ്യപ്പെട്ടെങ്കിലും ഇനിയും കാത്ത് നിന്ന് സമയം കളയാനില്ലാത്തത് കൊണ്ടാണ് കരാര്‍ ഒപ്പിടുന്നതെന്നും മന്ത്രി വിഎന്‍ വാസവന് പറഞ്ഞു. വിജിഎഫ് കരാറില്‍ ഒപ്പിട്ടത് ചരിത്ര മുഹൂര്‍ത്തമാണെന്നും മന്ത്രി പ്രതികരിച്ചു. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ സമയം ലഭിക്കുന്നതിന് അനുസരിച്ച് ഉടന്‍ വിഴിഞ്ഞം തുറമുഖത്തിന്റെ കമ്മീഷനിങ് നടത്തുമെന്ന് മന്ത്രി വിഎന്‍ വാസവന് പ്രതികരിച്ചു.
◾ വിഴിഞ്ഞം തുറമുഖത്തിന് അഭിമാന നിമിഷമായി ലോകത്തെ ഏറ്റവും വലിയ ചരക്ക് കപ്പലുകളില്‍ ഒന്ന് വിഴിഞ്ഞത്ത് എത്തി. എം എസ് സിയുടെ ഭീമന് കപ്പലായ ‘തുര്‍ക്കി’യാണ് വിഴിഞ്ഞത്ത് നങ്കൂരമിട്ടത്. വിഴിഞ്ഞത്ത് എത്തുന്ന 257 -ാമത് കപ്പലാണ് എം എസ് സി തുര്‍ക്കി. വിഴിഞ്ഞം തുറമുഖത്ത് എത്തിയ എം എസ് സി ‘തുര്‍ക്കി’യെ ടഗ്ഗുകള്‍ തീരത്തേക്ക് അടുപ്പിക്കുകയാണ്. സിംഗപ്പൂരില്‍ നിന്നാണ് എം എസ് സി തുര്‍ക്കി വിഴിഞ്ഞത്ത് എത്തിയത്.
◾ കേന്ദ്രമന്ത്രി സുരേഷ് ഗോപിക്കെതിരായ പരാമര്‍ശത്തിന് പിന്നാലെയുണ്ടായ സൈബര്‍ അധിക്ഷേപത്തില്‍ പ്രതികരണവുമായി മന്ത്രി കെ.ബി. ഗണേഷ്കുമാര്. തമാശയെ പോലും വൈരാഗ്യബുദ്ധിയോടെ കാണുന്നവരെ ഒന്നുംചെയ്യാനാകില്ലെന്നും കുഞ്ചന്‍ നമ്പ്യാര്‍ നേരത്തേ മരിച്ചത് നന്നായിയെന്നും അല്ലെങ്കില്‍ ഒരുപാട് ചീത്ത കേള്‍ക്കേണ്ടി വന്നേനെ എന്നും മന്ത്രി പറഞ്ഞു.
◾ മുസ്ലിം ലീഗ് നേതാവും മുന്‍ എംഎല്‍എയുമായ എം.സി. കമറുദീനും ഫാഷന്‍ ഗോള്‍ഡ് എംഡി ടി.കെ. പൂക്കോയ തങ്ങളും ഇഡി കസ്റ്റഡിയില്‍. നിയമവിരുദ്ധ പണമിടപാടിന്റെ പേരിലാണ് നടപടി. രണ്ടുദിവസം മുമ്പാണ് ഇഡി രണ്ടുപേരെയും കസ്റ്റഡിയില്‍ എടുത്തത്. പിന്നാലെ കൂടുതല്‍ ചോദ്യംചെയ്യലിനായി ഇഡിയുടെ കസ്റ്റഡിയില്‍ വിടുകയായിരുന്നു.
◾ കോഴിക്കോട് പോക്സോ കേസില്‍ കുറ്റാരോപിതനായ എല്‍പി എയ്ഡഡ് സ്കൂള്‍ അധ്യാപകനെയും സംഭവം റിപ്പോര്‍ട്ട് ചെയ്യാതിരുന്ന പ്രധാന അധ്യാപികയെയും സ്കൂള്‍ മാനേജര്‍ സസ്പെന്‍ഡ് ചെയ്തു. ഇവര്‍ക്കെതിരെയുള്ള കേസ് നിലനില്‍ക്കുമെന്ന് പോക്സോ കോടതി ഉത്തരവിട്ടതിന്റെ പിന്നാലെയാണ് നടപടി.
◾ പാലക്കാട് ഒറ്റപ്പാലത്ത് നിന്നും കാണാതായ അമ്മയെയും കുഞ്ഞുങ്ങളെയും തൃപ്പൂണിത്തുറയില്‍ നിന്ന് ഇന്നലെ രാത്രി കണ്ടെത്തി. ഒറ്റപ്പാലം തോട്ടക്കര സ്വദേശിയുടെ ഭാര്യയെയും രണ്ടു മക്കളെയും ചൊവ്വാഴ്ച മുതലാണ് കാണാതായത്. തുടര്‍ന്ന് കുടുംബാംഗങ്ങളും പൊലീസും ഇവര്‍ക്കായി അന്വേഷണം നടത്തുന്നതിനിടെയാണ് കണ്ടെത്തിയത്. മൂവരും സുരക്ഷിതരെന്ന് ഒറ്റപ്പാലം പൊലീസ് അറിയിച്ചു.
◾ ഭരണഘടനയെ അട്ടിമറിക്കാനും ആക്രമിക്കാനുമുള്ള ഒരു ശ്രമവും അനുവദിക്കില്ലെന്ന് കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി. അഹമ്മദാബാദില്‍ നടക്കുന്ന എഐസിസി സെഷനില്‍ സംസാരിക്കുകയായിരുന്നു രാഹുല്‍. എതിരാളികളുടെ കൈയില്‍ പണവും ശക്തിയുമുള്ളപ്പോള്‍ ആ നടപടി അത്ര എളുപ്പമാകില്ലെന്നും എന്നാല്‍ സത്യസന്ധത കൊണ്ടും ജനങ്ങളുടെ സ്നേഹം കൊണ്ടും ആ പോരായ്മകളെ മറികടക്കാന്‍ ശ്രമിക്കുമെന്നും രാഹുല്‍ പറഞ്ഞു.
◾ ബീഹാറില്‍ ഇടിമിന്നലേറ്റ് 13 പേര് മരിച്ചു. ബെഗുസരായി, ദര്‍ഭംഗ, മധുബനി, സമസ്തിപുര്‍ എന്നീ ജില്ലകളിലാണ് സംഭവം. ബെഗുസരായില്‍ അഞ്ചുപേരും ദര്‍ഭംഗയില്‍ നാലുപേരും മധുബനിയില്‍ മൂന്നുപേരും സമസ്തിപൂരില്‍ ഒരാളുമാണ് മരിച്ചത്. ശക്തമായ കാറ്റിനും ആലിപ്പഴ വര്‍ഷത്തിനുമൊപ്പം എത്തിയ ഇടിമിന്നലാണ് നാശം വിതച്ചത്. 2023ല്‍ മാത്രം 275 പേരാണ് ബിഹാറില്‍ ഇടിമിന്നലേറ്റ് മരിച്ചത്.
◾ കേന്ദ്രമന്ത്രി ജിതന്‍ റാം മാഞ്ജിയുടെ കൊച്ചുമകള്‍ സുഷ്മാ ദേവി ഭര്‍ത്താവിന്റെ വെടിയേറ്റ് മരിച്ചു. ബിഹാറിലെ ഗയയിലാണ് സംഭവം. സുഷ്മാ ദേവിക്ക് വെടിയേല്ക്കുമ്പോള് അവരുടെ മക്കളുടെയും സഹോദരി പൂനം കുമാരിയും വീട്ടിലുണ്ടായിരുന്നുവെന്നാണ് റിപ്പോര്‍ട്ടുകള്‍.
◾ എയര്‍ ഇന്ത്യ വിമാനത്തില്‍ യാത്രക്കാരനു മേല്‍ സഹയാത്രികന് മൂത്രമൊഴിച്ചതായി പരാതി. ദില്ലി-ബാങ്കോക്ക് വിമാനയാത്രയ്ക്കിടെയാണ് സംഭവമുണ്ടായത്. വിമാനത്തില്‍ പലതവണ യാത്രക്കാരന് മുന്നറിയിപ്പ് നല്‍കിയെങ്കിലും യാത്രക്കാരന് ചെവിക്കൊണ്ടില്ലെന്ന് ജീവനക്കാര്‍ പറഞ്ഞു. വിഷയം പരിശോധിക്കാനും നടപടിയെടുക്കാനും സ്റ്റാന്‍ഡിങ് കമ്മിറ്റി വിളിച്ചു കൂട്ടുമെന്ന് എയര്‍ ഇന്ത്യ അറിയിച്ചു.
◾ അമേരിക്ക ഇന്ത്യയ്ക്ക് കൈമാറിയ 2008ലെ മുംബൈ ഭീകരാക്രമണക്കേസ് പ്രതി തഹാവുര്‍ റാണയെയും കൊണ്ടുള്ള പ്രത്യേക വിമാനം യുഎസില്‍നിന്ന് ഇന്ത്യയിലേക്ക് പുറപ്പെട്ടു. ഇന്ന് ഉച്ചയോടെ തഹാവുര്‍ റാണ ഡല്‍ഹിയിലെത്തുമെന്നാണ് റിപ്പോര്‍ട്ടുകള
◾ ട്രംപിന്റെ പകരച്ചുങ്കത്തിന് തിരിച്ചടിയുമായി വീണ്ടും ചൈന. ഇത്തവണ യു.എസ് ഉത്പന്നങ്ങള്‍ക്ക് 84ശതമാനമായി നികുതി ഉയര്‍ത്തിയിരിക്കുകയാണ് ചൈന. ചൈനയുടെ പകരച്ചുങ്കത്തിന് പ്രതികാരമായി 50 ശതമാനം അധിക തീരുവ കൂടി ചൈനീസ് ഉത്പന്നങ്ങള്‍ക്ക് ചുമത്തിയാണ് ട്രംപ് മറുപടി നല്‍കിയത്. ഇതോടെ ചൈനീസ് ഉത്പന്നങ്ങള്‍ക്ക് 104 ശതമാനമായി നികുതി ഉയര്‍ത്തിയിരുന്നു.
◾ ഐപിഎല്ലില്‍ ഗുജറാത്ത് ടൈറ്റന്‍സിനെതിരായ മത്സരത്തില്‍ രാജസ്ഥാന് റോയല്‍സിന് 58 റണ്‍സിന്റെ തോല്‍വി. ടോസ് നഷ്ടപ്പെട്ട് ബാറ്റിംഗിനിറങ്ങിയ ഗുജറാത്ത് 53 പന്തില്‍ 82 റണ്‍സ് നേടിയ സായ് സുദര്‍ശന്റെ മികവില്‍ 6 വിക്കറ്റ് നഷ്ടത്തില്‍ 217 റണ്‍സെടുത്തു. എന്നാല്‍ കൂറ്റന്‍ വിജയലക്ഷ്യം പിന്തുടര്‍ന്ന രാജസ്ഥാന് 19.2 ഓവറില്‍ 159ന് എല്ലാവരും പുറത്തായി. 52 റണ്‍സ് നേടിയ ഷിംറോണ്‍ ഹെറ്റ്മെയറും 41 റണ്‍സെടുത്ത സഞ്ജു സാംസണും മാത്രമാണ് ഗുജറാത്തിനെതിരെ അല്‍പ്പമെങ്കിലും പൊരുതിയത്. തുടര്‍ച്ചയായ നാലാം ജയത്തോടെ എട്ട് പോയിന്റ് നേടിയ ഗുജറാത്ത് പോയിന്റ് പട്ടികയില്‍ ഒന്നാമതെത്തി. അഞ്ച് കളികളില്‍ നിന്ന് നാല് പോയിന്റ് മാത്രമുള്ള രാജസ്ഥാന് നിലവില്‍ ഏഴാം സ്ഥാനത്താണ്.
◾ യുപിഐയില്‍ ഉപഭോക്താവും വ്യാപാരിയും തമ്മിലുള്ള സാമ്പത്തിക ഇടപാടായ പേഴ്സണ്‍ ടു മെര്‍ച്ചന്റ് പേയ്മെന്റിന്റെ ഇടപാട് പരിധി ഉയര്‍ത്താന്‍ റിസര്‍വ് ബാങ്ക് അനുമതി. നിലവില്‍, യുപിഐയില്‍ വ്യക്തിയും വ്യക്തിയും വ്യക്തിയും വ്യാപാരിയും തമ്മിലുള്ള ഇടപാടുകളുടെ പരിധി ഒരു ലക്ഷം രൂപയായാണ് പരിമിതപ്പെടുത്തിയിരിക്കുന്നത്. പ്രത്യേക സന്ദര്‍ഭങ്ങളില്‍ വ്യക്തിയും വ്യാപാരിയും തമ്മിലുള്ള ഇടപാട് പരിധി ചില കേസുകളില്‍ രണ്ടു ലക്ഷം രൂപയും മറ്റു ചില അവസരങ്ങളില്‍ അഞ്ചുലക്ഷം രൂപയുമാണ്. പുതിയ സാഹചര്യങ്ങളോട് കാര്യക്ഷമമായി പ്രതികരിക്കാന്‍ കഴിയുന്ന തരത്തില്‍ ഇക്കോസിസ്റ്റത്തെ പ്രാപ്തമാക്കുന്നതിന് ബാങ്കുകളുമായും യുപിഐ സേവനം നല്കുന്ന മറ്റ് പങ്കാളികളുമായും ഇതുസംബന്ധിച്ച് നാഷണല്‍ പേയ്മെന്റ്സ് കോര്പ്പറേഷന് ഓഫ് ഇന്ത്യ കൂടിയാലോചനകള്‍ നടത്തണം. തുടര്‍ന്ന് ഇടപാട് പരിധി ഉയര്‍ത്തുന്നതുമായോ പരിഷ്കരിക്കുന്നതുമായോ ബന്ധപ്പെട്ട് നാഷണല്‍ പേയ്മെന്റ്സ് കോര്പ്പറേഷന് ഓഫ് ഇന്ത്യ പ്രഖ്യാപനം നടത്തണമെന്ന് റിസര്‍വ് ബാങ്ക് നിര്‍ദേശിച്ചതായി ആര്‍ബിഐ ഗവര്‍ണര്‍ സഞ്ജയ് മല്‍ഹോത്ര അറിയിച്ചു.