സായാഹ്ന വാർത്താമുദ്ര
2025 | ഏപ്രിൽ 11 | വെള്ളി
1200 | മീനം 28 | ഉത്രം
◾ ഇന്ത്യയിലെത്തിച്ച മുംബൈ ഭീകരാക്രമണക്കേസിലെ പ്രതി തഹാവൂര്‍ റാണയ്ക്കെതിരെ തെളിവുകളുമായി എന്‍ഐഎ. മുംബൈ ഭീകരാക്രമണത്തില്‍ പങ്കുള്ള ഡേവിഡ് ഹെഡ്ലി, തഹാവുര്‍ റാണയ്ക്ക് അയച്ച ഇമെയിലുകള്‍ എന്‍ഐഎ കോടതിയില്‍ ഹാജരാക്കി. 18 ദിവസം കഴിഞ്ഞ് ആവശ്യമെങ്കില്‍ വീണ്ടും കസ്റ്റഡിക്ക് അപേക്ഷ നല്‍കും. ദേശീയ സുരക്ഷ ഉപദേഷ്ടാവ് അജിത് ഡോവല്‍ ചോദ്യം ചെയ്യല്‍ നിരീക്ഷിക്കും. അതോടൊപ്പം തഹാവുര്‍ റാണയ്ക്ക് വധശിക്ഷ വാങ്ങി നല്‍കാനാവുമെന്നും ഇതിനുള്ള ശക്തമായ തെളിവുകള്‍ ഉണ്ടെന്നും അന്വേഷണ ഏജന്‍സി വൃത്തങ്ങള്‍ വ്യക്തമാക്കി.
◾ വയനാട് പുനരധിവാസ പദ്ധതിക്കായി ഭൂമി ഏറ്റെടുക്കുന്നതിന് സര്‍ക്കാര്‍ നിശ്ചയിച്ച നഷ്ടപരിഹാരം കുറഞ്ഞുപോയെന്നാരോപിച്ച് എല്‍സ്റ്റണ്‍ എസ്റ്റേറ്റ് നല്‍കിയ ഹര്‍ജിയില്‍ ഇടക്കാല ഉത്തരവ് പുറപ്പെടുവിച്ച് ഹൈക്കോടതി. വയനാട് പുനരധിവാസ പദ്ധതിക്കായി എല്‍സ്റ്റണ്‍ എസ്റ്റേറ്റ് ഏറ്റെടുക്കുന്ന നടപടികളുമായി സര്‍ക്കാരിന് മുന്നോട്ട് പോകാമെന്നും എന്നാല്‍ ഏറ്റെടുക്കുന്ന ഭൂമിയ്ക്ക് നഷ്ടപരിഹാരമായി 17 കോടി രൂപ കൂടി കെട്ടിവയ്ക്കണമെന്നും ഹൈക്കോടതി ഇടക്കാല ഉത്തരവിലൂടെ സര്‍ക്കാരിനോട് ആവശ്യപ്പെട്ടു. എന്നാല്‍ 549 കോടി രൂപ നഷ്ടപരിഹാരം വേണമെന്ന ആവശ്യത്തില്‍ നിന്ന് പിന്നോട്ടില്ലെന്നും സുപ്രീംകോടതിയെ സമീപിക്കുമെന്നും എല്‍സ്റ്റണ്‍ എസ്റ്റേറ്റ് അറിയിച്ചു .
◾ തന്നെ ജാതി കോമരമാക്കി മാറ്റിയെന്ന് എസ്എന്‍ഡിപി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്‍. ജാതി പറയുന്നു എന്ന് പറഞ്ഞ് ട്വിസ്റ്റ് ചെയ്ത് തന്നെ തകര്‍ക്കാന്‍ ശ്രമിക്കുന്നുവെന്നും നായാടി തൊട്ട് നസ്രാണി വരെയുള്ളവരുടെ ഐക്യമാണ് വര്‍ത്തമാന കാലത്ത് വേണ്ടതെന്നും അദ്ദേഹം പറഞ്ഞു. എനിക്ക് ‘മ’ എന്ന് പറയാന്‍ പറ്റില്ല മ എന്ന് പറഞ്ഞാല്‍ മലപ്പുറമായിയെന്നും മുസ്ലിമായിയെന്നും ഈ രണ്ടക്ഷരവും മിണ്ടിപ്പോയാല്‍ വര്‍ഗീയതയായി എന്നും തന്നെ വെറുതെ വിടാന്‍ മുസ്ലിം ലീഗ് തയ്യാറാകുന്നില്ലെന്നും മുസ്ലിം ലീഗ് ആക്രമിക്കുന്നത് അവരുടെ അടിമയായി നില്‍ക്കാത്തത് കൊണ്ടാണെന്നും വെള്ളാപ്പള്ളി കൂട്ടിച്ചേര്‍ത്തു.
◾ മുന്‍ ചീഫ് സെക്രട്ടറി കെ.എം. എബ്രഹാമിനെതിരെ സിബിഐ അന്വേഷണത്തിന് ഹൈക്കോടതി ഉത്തരവിട്ടു. കെ.എം. എബ്രഹാം വരവില്‍ കവിഞ്ഞ സ്വത്ത് സമ്പാദിച്ചെന്ന പരാതി സിബിഐ അന്വേഷിക്കണമെന്നാവശ്യപ്പെട്ട് നല്‍കിയ ഹര്‍ജി പരിഗണിച്ചുകൊണ്ടാണ് ഹൈക്കോടതിയുടെ ഉത്തരവ്. കെ എം എബ്രഹാം 2015- ല്‍ ധനകാര്യ വകുപ്പ് അഡീഷണല്‍ ചീഫ് സെക്രട്ടറിയായിരുന്നപ്പോള്‍ വരവില്‍ കവിഞ്ഞ സ്വത്ത് സമ്പാദിച്ചെന്ന് ആരോപിച്ചായിരുന്നു ഹര്‍ജി.
◾ നിലമ്പൂര്‍ ഉപതെരെഞ്ഞെടുപ്പില്‍ സിപിഎം സാധ്യതപട്ടികയില്‍ മൂന്ന് സ്വതന്ത്രര്‍. യു.ഷറഫലി, പ്രൊ.തോമസ് മാത്യു, ഡോ. ഷിനാസ് ബാബു എന്നിവരെയാണ് സിപിഎം സാധ്യതാ പട്ടികയിലുള്ളത്. മുന്‍ ഇന്ത്യന്‍ ഫുട്ബോള്‍ താരമാണ് യു.ഷറഫലി. ചുങ്കത്തറ മാര്‍ത്തോമ കോളേജ് മുന്‍ പ്രിന്‍സിപ്പാള്‍ ആണ് പ്രൊ.തോമസ് മാത്യു. നിലമ്പൂര്‍ താലൂക്ക് ആശുപത്രി സൂപ്രണ്ടാണ് ഷിനാസ് ബാബു. മൂന്നു പേരോടും സി.പി.എം നേതൃത്വം സംസാരിച്ചിരുന്നുവെന്നാണ് ലഭ്യമാകുന്ന വിവരം.
◾ പാലക്കാട് നഗരസഭയുടെ ഭിന്നശേഷി നൈപുണ്യ കേന്ദ്രത്തിന് ആര്‍എസ്എസ് നേതാവിന്റെ പേര് ഇട്ടതില്‍ പ്രതിഷേധം. യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരും ഡിവൈഎഫ്ഐ പ്രവര്‍ത്തകരും സ്ഥലത്തെത്തി തറക്കല്ലിടല്‍ ചടങ്ങ് തടഞ്ഞ് പ്രതിഷേധിച്ചു. തറക്കല്ലിടുന്നതിനായി എടുത്ത കുഴിയില്‍ ഇറങ്ങി നിന്നാണ് യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ പ്രതിഷേധിച്ചത്. തുടര്‍ന്ന് ഇവരെ പൊലീസ് അറസ്റ്റ് ചെയ്ത് നീക്കുകയായിരുന്നു. തുടര്‍ന്ന് സ്ഥലത്ത് സംഘര്‍ഷാവസ്ഥയുണ്ടായി. ഇതിനിടെയാണ് ഡിവൈഎഫ്ഐ പ്രവര്‍ത്തകരും പ്രതിഷേധവുമായി സ്ഥലത്തെത്തിയത്. ഡിവൈഎഫ്ഐ പ്രവര്‍ത്തകര്‍ കുത്തിയിരുന്ന് പ്രതിഷേധിച്ചു. ഇവരെയും പൊലീസ് അറസ്റ്റ് ചെയ്ത് നീക്കി.
◾ കെഎസ്ആര്‍ടിസിയില്‍ മദ്യപിച്ച് വാഹനമോടിക്കുന്നവരെ കണ്ടെത്താന്‍ ബ്രെത്ത് അനലൈസര്‍ ഉപയോഗിച്ച് നടത്തിയ പരിശോധനയില്‍ വിവാദം. മദ്യപിച്ചെന്ന് കണ്ടെത്തിയ പാലോട് ഡിപ്പോയിലെ ഡ്രൈവര്‍ ജയപ്രകാശ് താന്‍ ജീവിതത്തില്‍ മദ്യപിച്ചിട്ടില്ലെന്ന് പറയുന്നു. തകരാറുള്ള മെഷീന്‍ വെച്ചാണ് പരിശോധിച്ചതെന്ന് ജയപ്രകാശ് ആരോപിക്കുന്നു. ചെയ്യാത്ത കുറ്റത്തിന് പീഡിപ്പിക്കുന്നുവെന്നും ഡിപ്പോക്ക് മുന്നില്‍ നിരാഹാര സമരം തുടങ്ങുമെന്നും ജയപ്രകാശും കുടുംബവും അറിയിച്ചു.
◾ പത്തനംതിട്ടയില്‍ കൊവിഡ് ബാധിതയെ ആംബുലന്‍സില്‍ പീഡിപ്പിച്ച കേസില്‍ പ്രതിക്ക് ജീവപര്യന്തം തടവ് ശിക്ഷ വിധിച്ച് കോടതി. കായംകുളം സ്വദേശി നൗഫിലിനെയാണ് ജീവപര്യന്തം തടവിന് പത്തനംതിട്ട കോടതി ശിക്ഷിച്ചത്. ജീവപര്യന്തം തടവ് ശിക്ഷയ്ക്ക് പുറമെ 1,08000 രൂപ പിഴയും കോടതി വിധിച്ചു. ആറു വകുപ്പുകളിലായാണ് കോടതി ശിക്ഷ പുറപ്പെടുവിച്ചിരിക്കുന്നതെന്നും ഏറെ സങ്കീര്‍ണമായ അന്വേഷണമാണ് കൊവിഡ് കാലത്ത് നടന്നതെന്നും സമയബന്ധിതമായി കുറ്റപത്രം നല്‍കിയെന്നും കോടതി ഉത്തരവിനുശേഷം പത്തനംതിട്ട അഡീഷണല്‍ എസ്പി ആര്‍ ബിനു പറഞ്ഞു.
◾ തിരുവനന്തപുരം വര്‍ക്കല പാപനാശം തീരത്ത് ഫ്ലോട്ടിങ് ബ്രിഡ്ജ് തകര്‍ന്നു. അപകടം ഉണ്ടായ അതേ സ്ഥലത്ത് പഠനത്തിനായി കഴിഞ്ഞ ദിവസം സ്ഥാപിച്ച ഫ്ലോട്ടിങ് ബ്രിഡ്ജ് ശക്തമായ തിരമാലയെ തുടര്‍ന്ന് ഇന്ന് പുലര്‍ച്ചെയാണ് തകര്‍ന്നത്. 2024 മാര്‍ച്ച് മാസം 9 ന് അപകടമുണ്ടായ അതേ മേഖലയില്‍ തന്നെയാണ് പഠനത്തിനായി ഫ്ലോട്ടിങ് ബ്രിഡ്ജ് സ്ഥാപിച്ചത്. എന്‍ഐടിയുടെ സ്റ്റെബിലിറ്റി ടെസ്റ്റ് പരിശോധനയ്ക്കായാണ് ഫ്ലോട്ടിങ് ബ്രിഡ്ജ് പുനസ്ഥാപിച്ചത്.
◾ നെടുമ്പാശേരി രാജ്യാന്തര വിമാനത്താവളത്തില്‍ നാല് സാറ്റലൈറ്റ് ഫോണുകളുമായി യാത്രക്കാരന്‍ പിടിയില്‍. ദില്ലിയില്‍ നിന്നെത്തിയ കൗഷല്‍ ഉമാംഗിനെയാണ് വിമാനത്താവളത്തിലെ സുരക്ഷാ വിഭാഗം പിടികൂടിയത്. രാജ്യത്ത് സാറ്റലൈറ്റ് ഫോണുകളുടെ ഉപയോഗത്തിന് നിയന്ത്രണമുളളതിനാല്‍ ഇയാള്‍ എന്തിനാണ് ഇത് കൈവശം വച്ചതെന്നടക്കം പരിശോധിക്കും. കൗഷല്‍ ഉമാംഗിനെ ചോദ്യം ചെയ്ത ശേഷം വിട്ടയച്ചു. സാറ്റലൈറ്റ് ഫോണുകള്‍ കോടതിയില്‍ ഹാജരാക്കും.
◾ ചങ്ങരംകുളം നന്നംമുക്ക് പൂച്ചപ്പടിയില്‍ റോഡിലെ മണ്‍കൂനയില്‍ വീണ് യുവാവിന് ദാരുണാന്ത്യം. നിധിന്‍ (20) സുഹൃത്ത് ആദിത്യന്‍ (20)എന്നിവര്‍ സഞ്ചരിച്ച സ്‌കൂട്ടറാണ് അപകടത്തില്‍പെട്ടത്. അപകടത്തെ തുടര്‍ന്ന് സംഭവ സ്ഥലത്ത് വെച്ച് തന്നെ നിധിന്‍ മരിച്ചു. ആദിത്യന്‍ ഗുരുതരമായ പരിക്കുകളോടെ ചികിത്സയിലാണ്. ഇരുവരും സഞ്ചരിച്ച സ്‌കൂട്ടര്‍ കുടിവെള്ള പൈപ്പിനുവേണ്ടി കുഴിച്ച മണ്‍കൂനയില്‍ കയറി തെന്നി ലോറിയുടെ അടിയിലേക്ക് വീണു എന്നാണ് നിഗമനം.
◾ മലപ്പുറം കരിമ്പുഴയില്‍ നിലമ്പൂരില്‍നിന്ന് വഴിക്കടവിലേക്ക് പോവുകയായിരുന്ന സ്വകാര്യ ബസും ബൈക്കും കൂട്ടിയിടിച്ചുണ്ടായ അപകടത്തില്‍ രണ്ടുപേര്‍ മരിച്ചു. മുട്ടിക്കടവ് സ്വദേശി മുരളി മന്ദിരത്തില്‍ അമര്‍ ജ്യോതി, ബന്ധു ആദിത്യ എന്നിവരാണ് മരിച്ചത്.
◾ പ്രധാനമന്ത്രി നരേന്ദ്രമോദി ഈ മാസം അവസാനത്തില്‍ സൗദി സന്ദര്‍ശനം നടത്തും. പ്രധാനമന്ത്രി ആയതിന് ശേഷം മോദി മൂന്നാമതാണ് സൗദി സന്ദര്‍ശിക്കുന്നത്. ജിദ്ദയില്‍ സൗദി രാജാവിന്റെ കൊട്ടാരത്തിലായിരിക്കും ഔദ്യോഗിക കൂടിക്കാഴ്ച നടത്തുന്നത്. സല്‍മാന്‍ രാജാവുമായും കിരീടാവകാശിയും പ്രധാനമന്ത്രിയുമായ മുഹമ്മദ് ബിന്‍ സല്‍മാനുമായും കൂടിക്കാഴ്ച നടത്തും. ഇരു രാജ്യങ്ങള്‍ക്കുമിടയില്‍ സാമ്പത്തിക സഹകരണം, തന്ത്രപരമായ മേഖലകളിലെ ബന്ധം എന്നിവ ശക്തിപ്പെടുത്തുന്നത് സംബന്ധിച്ച ചര്‍ച്ചകള്‍ കൂടിക്കാഴ്ചയില്‍ നടത്തുമെന്നാണ് ലഭിക്കുന്ന വിവരങ്ങള്‍.
◾ തമിഴ്നാട് മന്ത്രി കെ. പൊന്‍മുടിയെ ഡിഎംകെ ഡെപ്യൂട്ടി ജനറല്‍ സെക്രട്ടറി സ്ഥാനത്തുനിന്ന് നീക്കംചെയ്ത് മുഖ്യമന്ത്രി എം.കെ സ്റ്റാലിന്‍. ശൈവ- വൈഷ്ണ വിഭാഗങ്ങളിലെ സ്ത്രീകളേക്കുറിച്ച് പൊന്‍മുടി നടത്തിയ മോശം പരാമര്‍ശം വിവാദമായതിന് പിന്നാലെയാണ് സ്റ്റാലിന്റെ നടപടി. എന്നാല്‍, സ്ഥാനത്തുന്ന് മന്ത്രിയെ നീക്കിയത് ഏത് സാഹചര്യത്തിലാണെന്ന് സ്റ്റാലിന്‍ വ്യക്തമാക്കിയിട്ടില്ല.
◾ ആരോഗ്യകാരണങ്ങള്‍ ചൂണ്ടിക്കാട്ടി കോടതിയില്‍ ഹാജരാവാനുള്ള നിര്‍ദേശം ഒഴിവാക്കിയ രേണുക സ്വാമി കൊലക്കേസില്‍ ജാമ്യത്തിലുള്ള കന്നഡ ചലച്ചിത്രതാരം ദര്‍ശന്‍ തൂഗുദീപ സിനിമ കാണാന്‍ എത്തിയതായി ആക്ഷേപം. ദര്‍ശന്‍ തന്റെ പുതിയ ചിത്രം വാമനയുടെ ബെംഗളൂരുവില്‍ നടന്ന പ്രത്യേക സ്‌ക്രീനിംഗിലാണ് പങ്കെടുത്തത്. ചൊവ്വാഴ്ച വൈകിട്ട് ആയിരുന്നു സിനിമാ പ്രദര്‍ശനം. നടുവേദന കാരണമായി പറഞ്ഞ് കോടതിയില്‍ ഹാജരാവുന്നത് ഒഴിവാക്കി മണിക്കൂറുകള്‍ക്കിപ്പുറമാണ് ദര്‍ശന്‍ സിനിമ കാണാന്‍ എത്തിയത്.
◾ ഭോപ്പാല്‍ ദാമോയിലെ മിഷന്‍ ആശുപത്രിയിലെ കാത്ത് ലാബ് സീല്‍ ചെയ്ത് ആരോഗ്യ ഉദ്യോഗസ്ഥര്‍. ഏഴ് പേരുടെ മരണത്തിന് കാരണക്കാരനായ വ്യാജ ഡോക്ടര്‍ രോഗികളെ ഹൃദയ ശസ്ത്രക്രിയയ്ക്ക് വിധേയനാക്കിയത് ഇവിടെ വച്ചായിരുന്നു. ജില്ലാ ഭരണകൂടത്തിന്റെ നിര്‍ദ്ദേശപ്രകാരം, കാത്ത് ലാബ് മാത്രമാണ് സീല്‍ ചെയ്തത്. കുറ്റകൃത്യവുമായി ബന്ധപ്പെട്ട തെളിവുകള്‍ ഉള്ളതിനാലാണ് ഇവിടം സീല്‍ ചെയ്തതെന്ന് ജില്ലാ ആരോഗ്യ ഓഫീസര്‍ പറഞ്ഞു. ജനുവരി, ഫെബ്രുവരി മാസങ്ങളില്‍ വ്യാജ ഡോക്ടറായി വേഷമിട്ടാണ് പ്രതിയായ നരേന്ദ്ര വിക്രമാദിത്യ യാദവ് എത്തിയത്. നിലവില്‍ ഇയാളെ മധ്യപ്രദേശ് പൊലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്. 15 പേര്‍ക്ക് ശസ്ത്രക്രിയ നടത്തിയെന്നും ഇതില്‍ ഏഴ് പേര്‍ മരിച്ചുവെന്നുമാണ് റിപ്പോര്‍ട്ട്.
◾ കുവൈത്ത് ബാങ്ക് ലോണ്‍ തട്ടിപ്പ് കേസില്‍ പ്രതികളുടെ മുന്‍കൂര്‍ജാമ്യാപേക്ഷ തളളി ഹൈക്കോടതി. കുമരകം സ്വദേശി കീര്‍ത്തിമോന്‍ സദാനന്ദന്‍, മുവാറ്റുപുഴ സ്വദേശി രാഘുല്‍ രതീഷന്‍, എന്നിവരുടെ മുന്‍കൂര്‍ ജാമ്യാപേക്ഷയാണ് ഹൈക്കോടതി തളളിയത്. കുവൈത്തിലെ ഗള്‍ഫ് ബാങ്കില്‍ നിന്നും പ്രതികള്‍ ഒരു കോടിയിലധികം രൂപ വായ്പയെടുത്ത് തിരിച്ചടക്കാതെ വഞ്ചിച്ചു എന്നതാണ് കേസ്. കേരളത്തില്‍ നിന്നുളള 1300 ഓളം പേര്‍ ബാങ്കിനെ വഞ്ചിച്ചതായി ആരോപണം ഉയര്‍ന്നിരുന്നു. ഇതേ തുടര്‍ന്ന് 15 കേസുകളാണ് സംസ്ഥാനത്ത് രജിസ്റ്റര്‍ ചെയ്തിട്ടുളളത്.
◾ ന്യൂയോര്‍ക്കിലെ ഹഡ്‌സണ്‍ നദിയില്‍ ഹെലികോപ്റ്റര്‍ തകര്‍ന്നുവീണ് ആറുപേര്‍ക്ക് ദാരുണാന്ത്യം. സ്‌പെയിനില്‍നിന്നുള്ള അഞ്ചംഗ വിനോദസഞ്ചാരികുടുംബവും ഹെലികോപ്റ്ററിന്റെ പൈലറ്റുമാണ് മരിച്ചത്. വ്യാഴാഴ്ച പ്രാദേശിക സമയം വൈകിട്ട് മൂന്നുമണിയോടെയാണ് സംഭവം. ജര്‍മന്‍ ബഹുരാഷ്ട്ര കമ്പനിയായ സീമെന്‍സിന്റെ സ്‌പെയിനിലെ സി.ഇ.ഒയായ അഗസ്റ്റിന്‍ എസ്‌കോബാറും ഭാര്യ മേഴ്‌സെ കാംപ്രുബി മോണ്ടലും ഇവരുടെ മൂന്ന് മക്കളുമാണ് അപകടത്തില്‍ പെട്ടത് .
ഇന്നത്തെ വിനിമയ നിരക്ക്
ഡോളര്‍ – 86.12, പൗണ്ട് – 112.58, യൂറോ – 98.01, സ്വിസ് ഫ്രാങ്ക് – 105.69, ഓസ്‌ട്രേലിയന്‍ ഡോളര്‍ – 53.49, ബഹറിന്‍ ദിനാര്‍ – 228.49, കുവൈത്ത് ദിനാര്‍ -280.88, ഒമാനി റിയാല്‍ – 223.69, സൗദി റിയാല്‍ – 22.94, യു.എ.ഇ ദിര്‍ഹം – 23.45, ഖത്തര്‍ റിയാല്‍ – 24.11, കനേഡിയന്‍ ഡോളര്‍ – 61.99.