പ്രഭാത വാർത്താമുദ്ര
2025 ഏപ്രിൽ 11 വെള്ളി
1200 മീനം 28 ഉത്രം
1446 ശവ്വൽ 12
◾ മുംബൈ ഭീകരാക്രമണത്തിലെ സൂത്രധാരന്‍ തഹാവൂര്‍ റാണയെ 18 ദിവസത്തേക്ക് എന്‍ഐഎ കസ്റ്റഡിയില്‍ വിട്ട് ദില്ലിയിലെ പ്രത്യേക എന്‍ഐഎ കോടതി. റാണയെ ഇന്ത്യയിലെത്തിച്ചതിന് പിന്നാലെ കസ്റ്റഡിയില്‍ വിട്ടുകിട്ടണമെന്ന് ആവശ്യപ്പെട്ട് പട്യാല ഹൗസ് കോടതിയില്‍ എന്‍ഐഎ അപേക്ഷ നല്‍കിയിരുന്നു. മുംബൈ ആക്രമണത്തിലെ ഗൂഢാലോചന പുറത്തുകൊണ്ടുവരുന്നതിന് കസ്റ്റഡി ചോദ്യം ചെയ്യല്‍ അനിവാര്യമാണെന്നും, റാണയെ 20 ദിവസം കസ്റ്റഡിയില്‍ വേണമെന്നുമായിരുന്നു എന്‍ഐഎ ആവശ്യപ്പെട്ടത്. ഇന്നലെ ഉച്ചയോടെ അമേരിക്കയില്‍ നിന്ന് ഇന്ത്യയിലെത്തിച്ച തഹാവൂര്‍ റാണയെ ദില്ലി വിമാനത്താവളത്തില്‍ വെച്ച് എന്‍ഐഎ അറസ്റ്റ് രേഖപ്പെടുത്തിയിരുന്നു. ദില്ലി പാലം വ്യോമസേന വിനാനത്താവളത്തിലാണ് തഹാവൂര്‍ റാണയുമായുള്ള വിമാനം ലാന്‍ഡ് ചെയ്തത്. എന്‍എസ്ജി കമാന്‍ഡോകളും മറ്റ് ഏജന്‍സികളും റാണയെ ഇന്ത്യയിലെത്തിക്കുന്നതില്‍ സഹകരിച്ചെന്ന് എന്‍ഐഎ വ്യക്തമാക്കി.

◾ മുഖ്യമന്ത്രിയുടെ മകള്‍ ഉള്‍പ്പെട്ട സിഎംആര്‍എല്‍ എക്സാലോജിക് മാസപ്പടി ഇടപാടില്‍ പ്രാരംഭ അന്വേഷണം തുടങ്ങി എന്‍ഫോഴ്സ്മെന്റ് ഡയറക്ട്രേറ്റ്. ഇതിനുമുന്നോടിയായി എസ്എഫ്ഐഒ കുറ്റപത്രത്തിന്റെ പകര്‍പ്പിനായി കൊച്ചിയിലെ പ്രത്യേക കോടതിയില്‍ അപേക്ഷ നല്‍കി. പകര്‍പ്പ് ലഭ്യമാകുന്നതോടെ എസ്എഫ്ഐഒ കുറ്റപത്രത്തിന്റെ അടിസ്ഥാനത്തില്‍ ഇഡി തുടര്‍ നടപടി സ്വീകരിക്കും.
◾ വയനാട് ദുരന്തത്തില്‍പ്പെട്ടവരുടെ ലോണുകള്‍ എഴുതി തള്ളുന്ന കാര്യത്തില്‍ ഇടക്കാല ഉത്തരവിറക്കി ഹൈക്കോടതി. കേന്ദ്രസര്‍ക്കാരും ദേശീയ ദുരന്ത നിവാരണ അതോറിറ്റിയും ഇക്കാര്യത്തില്‍ വിവേചനാധികാരം പ്രയോഗിക്കണമെന്ന് ഡിവിഷന്‍ ബെഞ്ച് നിര്‍ദേശിച്ചു. ബാങ്ക് വായ്പ എഴുതിത്തള്ളാന്‍ നിര്‍ദ്ദേശിക്കാന്‍ കേന്ദ്ര ദുരന്തനിവാരണ അതോറിറ്റിക്ക് അവകാശമുണ്ട്. ഇക്കാര്യത്തില്‍ അവര്‍ പരിശോധിക്കണം എന്നും നിര്‍ദ്ദേശമുണ്ട്.
◾ പ്രകൃതി വിരുദ്ധ ബന്ധത്തെ എതിര്‍ത്ത ആറു വയസുകാരനെ കുളത്തില്‍ മുക്കി കൊന്ന ഇരുപത് വയസുകാരനെ അറസ്റ്റു ചെയ്തു. തൃശൂര്‍ മാളക്കടുത്ത് യുകെജി വിദ്യാര്‍ത്ഥിയായ കുഴൂര്‍ സ്വര്‍ണപ്പള്ളം റോഡില്‍ മഞ്ഞളി അജീഷിന്റെ മകന്‍ ആറ് വയസുകാരനായ ഏബലിനെ അയല്‍വാസിയായ ജോജോയാണ്(20) കുളത്തില്‍ മുക്കി കൊലപ്പെടുത്തിയത്. പ്രകൃതിവിരുദ്ധ ബന്ധത്തിന് ഇരയാക്കാന്‍ ശ്രമിച്ചപ്പോള്‍ കുട്ടി എതിര്‍ത്തതോടെ വിവരം പുറത്തറിയുമെന്ന് ഭയന്ന് കൊലപ്പെടുത്തുകയായിരുന്നുവെന്ന് തൃശൂര്‍ റൂറല്‍ എസ്പി ബി കൃഷ്ണകുമാര്‍ പറഞ്ഞു. കുട്ടിയെ കാണാതായതോടെ പൊലീസും പ്രദേശവാസികളും നടത്തിയ തെരച്ചിലില്‍ ജോജോയും ഉണ്ടായിരുന്നു.
◾ ഇന്ത്യയിലെ ഏറ്റവും മികച്ച പൊലീസ് സേനയാണ് കേരളത്തിലേതെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. ഉയര്‍ന്ന വിദ്യാഭ്യാസ യോഗ്യതയുള്ള ഒട്ടേറെ പേര്‍ പൊലീസ് സേനയുടെ ഭാഗമാകുന്നത് പൊലീസിന്റെ മൊത്തത്തിലുള്ള മികവ് വര്‍ദ്ധിപ്പിക്കുമെന്നും അദ്ദേഹം പറഞ്ഞു. വിവിധ ബറ്റാലിയനുകളില്‍ പരിശീലനം പൂര്‍ത്തിയാക്കിയ 376 റിക്രൂട്ട് പോലീസ് കോണ്‍സ്റ്റബിള്‍മാരുടെ പാസിംഗ് ഔട്ട് പരേഡില്‍ അഭിവാദ്യം സ്വീകരിച്ചു സംസാരിക്കുകയായിരുന്നു അദ്ദേഹം
◾ വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖത്തില്‍ ഇതുവരെ ആകെ 774 പേര്‍ക്ക് നിയമനം നടന്നതായും അതില്‍ 69 ശതമാനവും കേരളത്തില്‍ നിന്നുള്ളവരാണെന്നും തുറമുഖ വകുപ്പ് മന്ത്രി വി എന്‍ വാസവന്‍ പറഞ്ഞു.വിഴിഞ്ഞം സ്‌കില്‍ ഡെവലപ്പ്‌മെന്റ് സെന്ററില്‍ പരിശീലനം പൂര്‍ത്തിയാക്കിയവര്‍ക്കുള്ള സര്‍ട്ടിഫിക്കറ്റ് വിതരണവും പ്ലേസ്‌മെന്റ് പ്രഖ്യാപനവും വിഴിഞ്ഞം തുറമുഖ ഓഫീസില്‍ നിര്‍വഹിക്കുകയിരുന്നു മന്ത്രി.
◾ കേരളത്തില്‍ മൂന്ന് വര്‍ഷത്തിനുള്ളില്‍ മൂന്നര ലക്ഷം സംരംഭങ്ങള്‍ തുടങ്ങിയെന്നും അതില്‍ 31 ശതമാനം സ്ത്രീ സംരംഭകരാണെന്നും വ്യവസായ കയര്‍ നിയമകാര്യ വകുപ്പ് മന്ത്രി പി. രാജീവ്. കേരള ഖാദി ഗ്രാമ വ്യവസായ ബോര്‍ഡിന്റെ ആഭിമുഖ്യത്തില്‍ പാപ്പനംകോട് പൂഴിക്കുന്ന് ബീ കീപ്പിംഗ് ഫെഡറേഷനില്‍ ആരംഭിക്കുന്ന ബീ കീപ്പിംഗ് ട്രെയിനിംഗ് ഇന്‍സ്റ്റിറ്റ്യൂട്ടിന്റെ ഉദ്ഘാടനം നിര്‍വഹിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം.
◾ ശബരിമല ശ്രീകോവിലില്‍ പൂജിച്ച അയ്യപ്പ ചിത്രം ആലേഖനം ചെയ്ത സ്വര്‍ണ്ണ ലോക്കറ്റുകളുടെ വിതരണം വിഷുദിനം മുതല്‍ ആരംഭിക്കും. ലോക്കറ്റുകളുടെ ഓണ്‍ലൈന്‍ ബുക്കിംഗ് ആരംഭിച്ചു. www.sabarimalaonline.org എന്ന വെബ്സൈറ്റിലൂടെ ലോക്കറ്റുകള്‍ ബുക്ക് ചെയ്യാം.
◾ കേരള സര്‍വകലാശാല ആസ്ഥാനത്ത് വന്‍ സംഘര്‍ഷം. സെനറ്റ് തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട വിജയാഹ്ലാദത്തിനിടെ കെഎസ് യു. പ്രവര്‍ത്തകരും എസ്എഫ്ഐ പ്രവര്‍ത്തകരും തമ്മില്‍ ഏറ്റുമുട്ടി. ക്യാമ്പസിനുള്ളില്‍ നിന്ന് പുറത്തേക്കും തിരിച്ചും വിദ്യാര്‍ത്ഥികള്‍ തമ്മില്‍ കല്ലേറുണ്ടായി. സംഘര്‍ഷത്തെ തുടര്‍ന്ന് പൊലീസ് ലാത്തി വീശി. പൊലീസ് ലാത്തി ചാര്‍ജില്‍ വിദ്യാര്‍ത്ഥികള്‍ക്ക് പരുക്കേറ്റു. പാളയത്ത് റോഡിലേക്ക് അടക്കം സംഘര്‍ഷം വ്യാപിച്ചതോടെ ഗതാഗത തടസമുണ്ടായി.
◾ കേരള സര്‍വകലാശാല സെനറ്റ് തെരഞ്ഞെടുപ്പിനെ ചൊല്ലിയുണ്ടായ സംഘര്‍ഷത്തില്‍ പരസ്പരം ആരോപണ പ്രത്യാരോപണവുമായി കെഎസ്. യു. വും എസ്എഫ്‌ഐയും. സെനറ്റിലും സ്റ്റുഡന്റ് കൗണ്‍സിലിലും കെഎസ് യു. വിന്റെ സ്ഥാനാര്‍ത്ഥികള്‍ വിജയിച്ചതില്‍ പ്രകോപിതരായാണ് എസ്എഫ്‌ഐ പ്രവര്‍ത്തകര്‍ അക്രമം നടത്തിയതെന്നാണ് കെഎസ് യു. വിന്റെ ആരോപണം. അതേസമയം, കെഎസ്. യു. പ്രവര്‍ത്തകരാണ് ആക്രണം അഴിച്ചുവിട്ടതെന്നാണ് എസ്എഫ്ഐയുടെ ആരോപണം.
◾ കൊല്ലം കോട്ടുക്കല്‍ ദേവി ക്ഷേത്രത്തിലെ ആര്‍എസ്എസ് ഗണഗീത വിവാദത്തില്‍ ഉപദേശക സമിതിയെ പിരിച്ചു വിട്ടു. ഉത്സവാഘോഷത്തിലെ ഗാനമേളയില്‍ ഗണഗീതം പാടിയതില്‍ ഉപദേശക സമിതിക്ക് വീഴ്ച പറ്റിയെന്ന് കണ്ടെത്തിയതിനെ തുടര്‍ന്നാണ് തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡിന്റെ നടപടി. ക്ഷേത്ര പരിസരത്ത് ആര്‍എസ്എസിന്റെ കൊടിയും തോരണങ്ങളും കെട്ടിയെന്ന പരാതിയില്‍ കൊട്ടാരക്കര ദേവസ്വം അസിസ്റ്റന്റ് കമ്മീഷണര്‍ അന്വേഷണം നടത്തുന്നതിനിടെയാണ് ഗാനമേളയില്‍ ഗണഗീതം പാടിയത്.
◾ ഇത്തവണ സ്‌കൂള്‍ സഹകരണ സംഘങ്ങള്‍ വഴി വിലകുറച്ച് ഗുണമേന്മയുള്ള പഠനോപകരണങ്ങള്‍ വിതരണം ചെയ്യുന്ന കാര്യം പരിഗണനയിലെന്ന് പൊതു വിദ്യാഭ്യാസ- തൊഴില്‍ വകുപ്പ് മന്ത്രി വി. ശിവന്‍കുട്ടി അറിയിച്ചു. 2025-26 അധ്യയന വര്‍ഷത്തേയ്ക്ക് ഇന്റന്റ് ചെയ്ത 3299 സൊസൈറ്റികള്‍ മുഖേനയാണ് സ്‌കൂളുകള്‍ക്ക് പാഠപുസ്തകങ്ങള്‍ വിതരണം ചെയ്യുന്നത്. ഈ സൊസൈറ്റികള്‍ വഴി തന്നെയാണ് വിലകുറച്ച് ഗുണമേന്മയുള്ള പഠനോപകരണങ്ങള്‍ വിതരണം ചെയ്യാന്‍ ഉദ്ദേശിക്കുന്നത്.
◾ അഞ്ചുവയസ് മാത്രം പ്രായമുള്ള പെണ്‍കുട്ടിയെ ലൈംഗികമായി ഉപദ്രവിച്ച കേസില്‍ പ്രതിക്ക് അഞ്ച് വര്‍ഷം കഠിന തടവും 50,000 രൂപ പിഴയും ശിക്ഷ വിധിച്ച് കോടതി. ഇരിങ്ങാലക്കുട അതിവേഗ സ്‌പെഷ്യല്‍ കോടതി ജഡ്ജ് സേതുമോഹന്‍ ആണ് കേസില്‍ വിധി പ്രസ്താവിച്ചത്. തമിഴ്‌നാട് ഡിണ്ടിഗല്‍ സ്വദേശിയായ കൃഷ്ണന്‍ എന്ന കൃഷ്ണമൂര്‍ത്തി (50) യെയാണ് കോടതി ശിക്ഷിച്ചത്. 2020 ഡിസംബറിലാണ് പെണ്‍കുട്ടിയെ പ്രതി ലൈംഗികമായി പീഡിപ്പിച്ചത്.
◾ ആലപ്പുഴയിലെ ഹൈബ്രിഡ് കഞ്ചാവ് വേട്ടയിലെ മുഖ്യപ്രതി സുല്‍ത്താനെന്ന് എക്സൈസ് അധികൃതര്‍. കേസില്‍ നേരത്തെ പിടിയിലായ തസ്ലിമയുടെ ഭര്‍ത്താവ് ചെന്നൈ എണ്ണൂര്‍ സത്യവാണി മുത്ത് നഗര്‍ സ്വദേശി സുല്‍ത്താന്‍ അക്ബര്‍ അലിയെ (43) ഇന്നലെയാണ് തമിഴ്നാട് ആന്ധ്രാ അതിര്‍ത്തിയില്‍ നിന്നും എക്സൈസ് പിടികൂടിയത്.
◾ പുതിയതായി 12 റെയില്‍വേ മേല്‍പ്പാലങ്ങള്‍ തുറക്കുന്നത് കേരള ചരിത്രത്തില്‍ ആദ്യമെന്ന് മന്ത്രി മുഹമ്മദ് റിയാസ്. ലെവല്‍ക്രോസ് ഇല്ലാത്ത കേരളം പദ്ധതിയുടെ ഭാഗമായി പണി പൂര്‍ത്തിയാകുന്ന നാല് റെയില്‍വേ മേല്‍പ്പാലങ്ങള്‍ മെയില്‍ നാടിന് സമര്‍പ്പിക്കുമെന്നും മന്ത്രി പറഞ്ഞു. റോഡ്സ് ആന്‍ഡ് ബ്രിഡ്ജസ് കോര്‍പ്പറേഷന്റെ പദ്ധതികള്‍ റിവ്യൂ ചെയ്യുന്നതിനായി ചേര്‍ന്ന യോഗത്തിന് ശേഷമായിരുന്നു മന്ത്രി ഇക്കാര്യം അറിയിച്ചത്.
◾ സംസ്ഥാനത്തെ ത്രിതല പഞ്ചായത്തുകള്‍ക്കും നഗരസഭകള്‍ക്കുമായി 2228.30 കോടി രൂപ അനുവദിച്ചതായി ധനകാര്യ മന്ത്രി കെ എന്‍ ബാലഗോപാല്‍ അറിയിച്ചു. ഈ സാമ്പത്തിക വര്‍ഷത്തെ വികസന ഫണ്ടിന്റെ ഒന്നാം ഗഡുവായി 2150.30 കോടി രൂപയും, ഉപാധിരഹിത ഫണ്ടായി 78 കോടി രൂപയുമാണ് അനുവദിച്ചത്. ഇതോടെ ഏപ്രിലില്‍ തന്നെ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍ക്ക് ഈ സാമ്പത്തിക വര്‍ഷത്തെ പദ്ധതി പ്രവര്‍ത്തനങ്ങളുടെ നിര്‍വഹണത്തിലേക്ക് കടക്കാനാകുമെന്നും ധനകാര്യ മന്ത്രി കെ എന്‍ ബാലഗോപാല്‍ അറിയിച്ചു.
◾ സിപിഐ പാര്‍ട്ടി സമ്മേളനങ്ങളില്‍ ഔദ്യോഗിക പാനലിനെതിരായ കൂട്ടായ മത്സരം അനുവദിക്കില്ലെന്ന് സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം. പേരുകള്‍ നിര്‍ദ്ദേശിക്കുന്നതില്‍ കുഴപ്പമില്ലെന്നും പക്ഷെ സംഘടിതമായ മത്സരം അനുവദിക്കാനാകില്ലെന്നായിരുന്നു നിലപാട്. അതേസമയം കെഇ ഇസ്മായിലിന്റെ സസ്പെന്‍ഷന് കൗണ്‍സില്‍ അംഗീകാരം നല്‍കി. അച്ചടക്ക നടപടി കടുത്തുപോയെന്ന് ചില അംഗങ്ങള്‍ യോഗത്തില്‍ വിമര്‍ശിച്ചു. മൂന്ന് തവണ മുന്നറിയിപ്പ് നല്‍കിയിരുന്നുവെന്ന് സെക്രട്ടറി വിശദീകരിച്ചു.
◾ വയനാട് പൂക്കോട് വെറ്റിനറി കോളേജിലെ രണ്ടാം വര്‍ഷ വിദ്യാര്‍ത്ഥി സിദ്ധാര്‍ത്ഥന്റെ മരണത്തില്‍ പ്രതികളായ 19 വിദ്യാര്‍ത്ഥികളെ കേരള വെറ്ററിനറി സര്‍വകലാശാല പുറത്താക്കി. ഹൈക്കോടതിയിലാണ് വിദ്യാര്‍ത്ഥികള്‍ക്കെതിരായ നടപടിയെ കുറിച്ച് വെറ്ററിനറി സര്‍വകലാശാല അറിയിച്ചത്. 19 വിദ്യാര്‍ത്ഥികള്‍ കുറ്റക്കാരെന്ന് അന്വേഷണത്തില്‍ കണ്ടെത്തിയെന്നും സര്‍വകലാശാല കോടതിയെ അറിയിച്ചു. സിദ്ധാര്‍ത്ഥന്റെ അമ്മ എംആര്‍ ഷീബ നല്‍കിയ ഹര്‍ജിയിലാണ് മറുപടി.
◾ ഫാഷന്‍ ഗോള്‍ഡ് തട്ടിപ്പ് കേസില്‍ മുസ്ലീം ലീഗ് നേതാക്കളായ എം.സി കമറുദ്ദീനും പൂക്കോയ തങ്ങളും ഇ.ഡിയുടെ കസ്റ്റഡിയില്‍. കോഴിക്കോട് അഡീഷണല്‍ സെഷന്‍സ് കോടതിയാണ് ഇരുവരേയും രണ്ടു ദിവസത്തേക്ക് കസ്റ്റഡിയില്‍ വിട്ടത്. തെളിവ് ശേഖരണത്തിന് വേണ്ടി ഇരുവരേയും കസ്റ്റഡിയില്‍ ആവശ്യമുണ്ടെന്ന എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റിന്റെ വാദം കോടതി അംഗീകരിക്കുകയായിരുന്നു.
◾ ഒരാളുടെ മരണത്തിന് കാരണമായ അപകടമുണ്ടാക്കിയ ശേഷം വാഹനം നിര്‍ത്താതെ ഓടിച്ചു പോയ ഓട്ടോ ഡ്രൈവര്‍ പൊലീസിന്റെ പിടിയിലായി. കോട്ടയം വൈക്കത്ത് പ്രസ് ഉടമയെ ഓട്ടോ ഇടിച്ചിട്ട ശേഷം നിര്‍ത്താതെ പോയ സംഭവത്തിലാണ് ഡ്രൈവര്‍ പിടിയിലായത്. പാലാരിവട്ടം സ്വദേശി ബാബു കെ.ആര്‍ ആണ് അറസ്റ്റിലായത്.
◾ ഐപിഎല്ലില്‍ തോല്‍വിയറിയാതെ ഡല്‍ഹി കാപിറ്റല്‍സ്. ഇന്നലെ നടന്ന മത്സരത്തില്‍ റോയല്‍ ചലഞ്ചേഴ്‌സ് ബെംഗളൂരുവിനെ 6 വിക്കറ്റിന് തോല്‍പ്പിച്ച് ഡല്‍ഹി കാപ്പിറ്റല്‍സ് തുടര്‍ച്ചയായ നാലാം ജയം സ്വന്തമാക്കി. ടോസ് നഷ്ടപ്പെട്ട് ആദ്യം ബാറ്റിംഗിനിറങ്ങിയ ബെംഗളൂരുവിന് 7 വിക്കറ്റ് നഷ്ടത്തില്‍ 163 റണ്‍സ് നേടാനേ സാധിച്ചുള്ളൂ. എന്നാല്‍ മറുപടി ബാറ്റിംഗിനിറങ്ങിയ ഡല്‍ഹി 53 പന്തില്‍ 93 റണ്‍സ് നേടിയ കെ എല്‍ രാഹുലിന്റെ ഐതിഹാസിക ഇന്നിംഗ്‌സില്‍ 17.5 ഓവറില്‍ നാല് വിക്കറ്റ് മാത്രം നഷ്ടത്തില്‍ ലക്ഷ്യം മറികടന്നു.