സായാഹ്ന വാർത്താമുദ്ര
12-04-2025
◾നിയമസഭകള്‍ പാസാക്കുന്ന ബില്ലുകളില്‍ രാഷ്ട്രപതി മൂന്നു മാസത്തിനകം തീരുമാനമെടുക്കണമെന്ന് സുപ്രീം കോടതി. രാഷ്ട്രപതിക്ക് വിടുന്ന ബില്ലുകള്‍ പിടിച്ചുവെച്ചാല്‍ അതിന് വ്യക്തമായ കാരണം വേണമെന്നും സുപ്രീംകോടതി വ്യക്തമാക്കി. ഗവര്‍ണര്‍ക്കെതിരായ തമിഴ്നാട് സര്‍ക്കാരിന്റെ ഹര്‍ജിയിയില്‍ സുപ്രീം കോടതി പുറപ്പെടുവിച്ച ഉത്തരവിലാണ് രാഷ്ട്രപതിക്കും സമയപരിധി നിര്‍ദേശിച്ചത്. എന്നാല്‍ സുപ്രീംകോടതി അധികാരപരിധി ലംഘിച്ചുവെന്ന് കേരള ഗവര്‍ണ്ണര്‍ രാജേന്ദ്ര ആര്‍ലേക്കര്‍ പറഞ്ഞു. ഭരണഘടന മാറ്റാനുള്ള അധികാരം പാര്‍ലമെന്റിന് മാത്രമാണെന്നും രണ്ട് ജഡ്ജിമാര്‍ക്കിരുന്ന് ഇത് മാറ്റിയെഴുതാനുള്ള അധികാരമില്ലെന്നും രാജേന്ദ്ര അര്‍ലേക്കര്‍ വിമര്‍ശിച്ചു.
◾സുപ്രീം കോടതി വിധിക്ക് പിന്നാലെ ചരിത്രനീക്കവുമായി തമിഴ്നാട് സര്‍ക്കാര്‍. ഗവര്‍ണറുടെ അനുമതിയില്ലാതെ പത്ത് ബില്ലുകള്‍ നിയമമാക്കി. പത്തുബില്ലുകള്‍ തടഞ്ഞുവെച്ച തമിഴ്‌നാട് ഗവര്‍ണര്‍ ആര്‍.എന്‍. രവിയുടെ നടപടി നിയമവിരുദ്ധമെന്ന് സുപ്രീംകോടതി വിധി പ്രഖ്യാപിച്ചിരുന്നു. ഈ ബില്ലുകള്‍ക്ക് ഗവര്‍ണറുടെ അനുമതി ലഭിച്ചതായി കണക്കാക്കുമെന്നും സുപ്രീംകോടതി അറിയിച്ചിരുന്നു. ഇതാദ്യമായാണ് ഗവര്‍ണറുടേയോ രാഷ്ട്രപതിയുടേയോ ഒപ്പ് ഇല്ലാതെ ബില്ലുകള്‍ നിയമമാകുന്നത്. സുപ്രീം കോടതി വിധി വെബ് സൈറ്റില്‍ അപ്ലോഡ് ചെയ്യുന്നത് വരെ കാത്തിരുന്ന തമിഴ്നാട് സര്‍ക്കാര്‍ ഇന്ന് പുലര്‍ച്ചെയോടെ വിധി അപ്ലോഡ് ചെയ്തതിന് തൊട്ടുപിന്നാലെ അസാധാരണ ഗസറ്റ് വിജ്ഞാപനത്തിലൂടെ ബില്ലുകളെല്ലാം നിയമമായി എന്ന് അറിയിച്ചിരിക്കുകയാണ്.
◾സുപ്രീംകോടതി വിധി അംഗീകരിക്കാന്‍ ഗവര്‍ണര്‍ തയ്യാറാകണമായിരുന്നു എന്ന് സി.പി.എം ജനറല്‍ സെക്രട്ടറി എം.എ. ബേബി. വിധിയുടെ അന്തസത്ത ഉള്‍ക്കൊള്ളാനുള്ള തിരിച്ചറിവാണ് എല്ലാ ഗവര്‍ണര്‍മാര്‍ക്കും ഉണ്ടാകേണ്ടതെന്നും കേരള ഗവര്‍ണര്‍ അത് ഉള്‍ക്കൊള്ളുന്നില്ലെന്ന് മനസ്സിലാക്കുന്നുവെന്നും എം.എ.ബേബി പറഞ്ഞു. സുപ്രീംകോടതി വിധി രാഷ്ട്രപതി അടക്കം എല്ലാവരും അംഗീകരിക്കേണ്ടതാണെന്നും ഭരണഘടന ഉയര്‍ത്തി പിടിക്കുന്ന വിധിയാണിതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
◾വയനാട് ഉരുള്‍പ്പൊട്ടല്‍ ദുരന്തബാധിതര്‍ക്കായുള്ള ടൗണ്‍ഷിപ്പിന്റെ പ്രാരംഭ നിര്‍മാണ നടപടികള്‍ എല്‍സ്റ്റണ്‍ എസ്റ്റേറ്റില്‍ തുടങ്ങി. എസ്റ്റേറ്റ് ഭൂമി സര്‍ക്കാര്‍ ഏറ്റെടുത്തിന് പിന്നാലെ നിലം ഒരുക്കുന്ന നടപടികളാണ് ഊരാളുങ്കല്‍ തുടങ്ങിയത്. എന്നാല്‍, ശമ്പള കുടിശ്ശിക ഉള്‍പ്പെടെ നല്‍കാതെ തങ്ങളെ ഒഴിപ്പിക്കുന്നതില്‍ എസ്റ്റേറ്റിലെ തൊഴിലാളികള്‍ നിര്‍മാണ സ്ഥലത്ത് പ്രതിഷേധിച്ചു. നാളെ മുതല്‍ നിര്‍മാണം തടയുമെന്നാണ് തൊഴിലാളികളുടെ മുന്നറിയിപ്പ്.
◾വെള്ളാപ്പള്ളി നടേശന്റെ മലപ്പുറം വിരുദ്ധ പ്രസ്താവന മുസ്ലിം ലീഗിനെതിരാണെന്ന പിണറായി വിജയന്റെ പ്രതികരണത്തിനെതിരെ പികെ കുഞ്ഞാലിക്കുട്ടി. വെറുപ്പിന്റെ രാഷ്രീയം ആര് പറഞ്ഞാലും അംഗീകരിക്കില്ലെന്നും വെള്ളാപ്പള്ളിയുടെ പ്രസ്താവനയെ ന്യായീകരിക്കുന്നത് തെങ്ങില്‍ തേങ്ങ കക്കാന്‍ കയറി പിടിക്കപ്പെട്ടാല്‍ അപ്പുറത്തെ പറമ്പിലെ കുറുന്തോട്ടി നോക്കിയതാണെന്ന് പറഞ്ഞ പോലെയാണെന്നും ലീഗിന്റെ മതേതരത്വം വെളിപ്പെടാന്‍ പ്രത്യേക സര്‍ട്ടിഫിക്കറ്റ് ആവശ്യമില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
◾ഹെഡ്ഗെവാര്‍ പേരിടല്‍ വിവാദത്തിന്റെ പശ്ചാത്തലത്തില്‍ ബിജെപി പാലക്കാട് ജില്ലാ പ്രസിഡന്റ് പ്രശാന്ത് ശിവന്റെ ഭീഷണിക്ക് മറുപടിയുമായി രാഹുല്‍ മാങ്കൂട്ടത്തില്‍ എംഎല്‍എ. കാല്‍ വെട്ടിക്കളയും എന്നാണ് ഭീഷണിയെങ്കില്‍ കാല്‍ ഉള്ളിടത്തോളം കാലം കാല്‍ കുത്തിക്കൊണ്ട് തന്നെ ആര്‍.എസ്. എസിനെതിരെ സംസാരിക്കുമെന്നും, കാല്‍ വെട്ടിക്കളഞ്ഞാലും ഉള്ള ഉടല്‍ വച്ച് ആര്‍ എസ് എസിനെതിരെ സംസാരിക്കുമെന്നും എംഎല്‍എ വ്യക്തമാക്കി. ആര്‍ എസ് എസ് നേതാക്കളെ അവഹേളിച്ചാല്‍ എം.എല്‍. എയെ പാലക്കാട് കാല് കുത്താന്‍ അനുവദിക്കില്ലെന്നായിരുന്നു ബി.ജെ.പിയുടെ ഭീഷണി.
◾ഹെഡ്ഗെവാര്‍ പേരിടല്‍ വിവാദത്തില്‍ പാലക്കാട് ബിജെപി രണ്ട് തട്ടിലെന്ന് റിപ്പോര്‍ട്ട്. ഭിന്നശേഷി നൈപുണ്യ വികസന കേന്ദ്രത്തിന് ഹെഡ്ഗെവാറിന്റെ പേരിടാന്‍ ആര്‍എസ്എസില്‍ നിന്ന് അനുമതി വാങ്ങിയില്ലെന്നാണ് പ്രധാന ആക്ഷേപം. കെട്ടിടം നിര്‍മിച്ച ശേഷം പേര് നല്‍കിയാല്‍ മതിയായിരുന്നുവെന്നും പാര്‍ട്ടിയില്‍ അഭിപ്രായമുയര്‍ന്നു. അതേസമയം രാഹുല്‍ മാങ്കൂട്ടത്തില്‍ എംഎല്‍എക്കെതിരെ ഭീഷണി പ്രസംഗം നടത്തിയ ബിജെപി ജില്ലാ പ്രസിഡന്റ് പ്രശാന്ത് ശിവനെതിരെ കേസെടുക്കണമെന്ന് ആവശ്യപ്പെട്ട് കോണ്‍ഗ്രസ് എസ്പിക്ക് പരാതി നല്‍കി.
◾വീണാ വിജയന്റെ കാര്യത്തില്‍ ബിനോയ് വിശ്വത്തിന് ഉത്കണ്ഠ വേണ്ടെന്നും കേസ് കൈകാര്യം ചെയ്യാന്‍ വീണക്ക് അറിയാമെന്നും മന്ത്രി വി. ശിവന്‍കുട്ടി. കേസിന് പിന്നില്‍ രാഷ്ട്രീയ ദുഷ്ടലാക്കുണ്ടെന്നും പൂര്‍ണ്ണ പിന്തുണ എല്‍.ഡി.എഫ് പിണറായിക്ക് നല്‍കിയിട്ടുണ്ടെന്നും ബിനോയ് വിശ്വം അഭിപ്രായം പറയേണ്ടിയിരുന്നത് ഇടത് മുന്നണി യോഗത്തിലാണെന്നും അദ്ദേഹം പറഞ്ഞു.
◾പാലക്കാട് അട്ടപ്പാടി താഴെത്തുടിക്കിയില്‍ ആദിവാസികള്‍ക്കായി നടപ്പാക്കിയ സോളാര്‍ വിന്‍ഡ് ഹൈബ്രിഡ് പദ്ധതിയില്‍ ക്രമക്കേടെന്ന് എജി. 1,43,38,800 രൂപയ്ക്കാണ് തെലുങ്കാന ആസ്ഥാനമായ കമ്പനിക്ക് അനര്‍ട്ടുവഴി പദ്ധതി കരാര്‍ നല്‍കിയത്. രണ്ടു കമ്പനികള്‍ മാത്രമാണ് ടെണ്ടറില്‍ പങ്കെടുത്തത്. അതില്‍ ഒരു കമ്പനിയെ സാങ്കേതിക അയോഗ്യരാക്കി. വീണ്ടും ടെണ്ടര്‍ വിളിക്കുന്നതിന് പകരം തെലുങ്കാന ആസ്ഥാനമായ കമ്പനിക്ക് നല്‍കിയത് ചട്ടവിരുദ്ധമെന്നാണ് എജിയുടെ കണ്ടെത്തല്‍. ശാസ്ത്രീയ പഠനം നടത്താതെയാണ് പദ്ധതി നടപ്പാക്കിയതെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.
◾സദസ്സില്‍ ആളില്ലാത്തതില്‍ പരോക്ഷ വിമര്‍ശനവുമായി മുഖ്യമന്ത്രി. വടകര ജില്ലാ ആശുപത്രി ഫേസ് 2 സ്ഥാപിക്കുന്നതിന്റെ ഉദ്ഘാടന ചടങ്ങിലായിരുന്നു മുഖ്യമന്ത്രിയുടെ വിമര്‍ശനം പൊതുവെ വടകരയിലെ പരിപാടികള്‍ ഇങ്ങനെ അല്ലെന്നും നല്ല ആള്‍ക്കൂട്ടം ഉണ്ടാവാറുണ്ടെന്നും ഔചിത്യബോധം കാരണം താന്‍ മറ്റൊന്നും പറയുന്നില്ലെന്നും അദ്ദേഹം പറഞ്ഞു. സദസ്സില്‍ ആളുകള്‍ എത്തുന്നത് വരേ മുഖ്യമന്ത്രി ഗസ്റ്റ് ഹൗസില്‍ നിന്നും ഇറങ്ങാതെ കാത്തിരുന്നു. സദസ്സില്‍ ആളില്ലാത്തതിനാല്‍ 11 മണിക്ക് തുടങ്ങേണ്ട പരിപാടിക്ക് 11.35 നാണ് മുഖ്യമന്ത്രി എത്തിയത്. തിങ്ങി ഇരിക്കേണ്ട എന്ന് കരുതിക്കാണും എന്നും വെയിലും ചൂടും ആയത് കൊണ്ട് ആളുകള്‍ക്ക് വിസ്താരത്തോടെ ഇരിക്കാന്‍ സംഘാടകര്‍ സൗകര്യം ഒരുക്കിയെന്നും അദ്ദേഹം പറഞ്ഞു
◾ആശമാരുടെ സമരത്തിന് ഐക്യദാര്‍ഢ്യവുമായി കേരള സാഹിത്യ അക്കാദമി ചെയര്‍മാന്‍ കെ.സച്ചിദാനന്ദന്‍. പൗരസാഗരത്തില്‍ പങ്കെടുത്ത് വീഡിയോയിലൂടെയായിരുന്നു ആശമാര്‍ക്കൊപ്പം ചേര്‍ന്നത്. സര്‍ക്കാരിനെതിരെ രൂക്ഷ വിമര്‍ശനമുന്നയിച്ചാണ് ഐക്യപ്പെടല്‍. സമരം ചെയ്യുന്നത് സ്ത്രീകള്‍ എന്ന പരിഗണന പോലും സര്‍ക്കാര്‍ നല്‍കുന്നില്ലെന്നും സംസ്ഥാന സര്‍ക്കാരിന്റെ മറുപടികള്‍ നിര്‍ഭാഗ്യകരമെന്നും കെ. സച്ചിദാനന്ദന്‍ കുറ്റപ്പെടുത്തി.
◾ചാലക്കുടിയിലെ ഫെഡറല്‍ ബാങ്ക് പോട്ട ശാഖയില്‍ നിന്നും 15 ലക്ഷം രൂപ കവര്‍ന്ന കേസില്‍ കോടതിയില്‍ കുറ്റപത്രം സമര്‍പ്പിച്ചു. തൃശ്ശൂര്‍ റൂറല്‍ ജില്ലാ പോലീസ് മേധാവി രൂപികരിച്ച സ്പെഷ്യല്‍ ഇന്‍വെസ്റ്റിഗേഷന്‍ ടീം തയ്യാറാക്കിയ കുറ്റപത്രം ചാലക്കുടി ജെഎഫ്സിഎം കോടതിയിലാണ് സമര്‍പ്പിച്ചത്. കഴിഞ്ഞ ഫെബ്രുവരി 4നാണ് ഫെഡറല്‍ ബാങ്കിന്റെ പോട്ട ശാഖയില്‍ നിന്നും ജീവനക്കാരെ കത്തികാണിച്ച് ഭീഷണിപ്പെടുത്തി ബന്ദിയാക്കിയ ശേഷം റിജോ ആന്റണി എന്നയാള്‍ 15 ലക്ഷം രൂപ കവര്‍ന്നത്. സംഭവം നടന്ന് മൂന്നാം ദിവസം തന്നെ പ്രതിയെ ആശാരിപ്പാറയില്‍ നിന്നുള്ള വീട്ടില്‍ നിന്ന് പൊലീസ് പിടികൂടിയിരുന്നു.
◾പി.വി അന്‍വര്‍ സിപിഎമ്മിനോട് നന്ദികേട് കാണിച്ചെന്ന് സിപിഎം മുതിര്‍ന്ന നേതാവ് പാലോളി മുഹമ്മദ് കുട്ടി. ഉപതെരഞ്ഞെടുപ്പിന് കാരണമായ സംഭവങ്ങളില്‍ വോട്ടര്‍മാര്‍ക്ക് പ്രതിഷേധമുണ്ടെന്നും പി.വി. അന്‍വറിനുള്ള പ്രതിഫലം തെരഞ്ഞെടുപ്പില്‍ വോട്ടര്‍മാര്‍ നല്‍കുമെന്നും പാലോളി പറഞ്ഞു. നല്ല പ്രതീക്ഷയോടെ സഖാക്കള്‍ പ്രചാരണത്തിനിറങ്ങുമെന്നും എന്നാല്‍ രണ്ട് തവണ അന്‍വറിനെ സ്ഥാനാര്‍ത്ഥിയാക്കിയതില്‍ സി.പി.എമ്മിന് വീഴ്ചയില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
◾ഹിയറിംഗ് റെക്കോര്‍ഡ് ചെയ്യണമെന്നും പരസ്യപ്പെടുത്തണമെന്നുമുള്ള എന്‍. പ്രശാന്ത് ഐ എ എസിന്റെ ആവശ്യം നിരസിക്കപ്പെട്ടതിന് പിന്നാലെ പരിഹാസവുമായി അദ്ദേഹത്തിന്റെ ഫേസ്ബുക്ക് പോസ്റ്റ്. പഴയ സിനിമാ രംഗം പോസ്റ്റ് ചെയ്ത്, ഐഎഎസ് ഓഫീസര്‍മാര്‍ വിധേയരായി പെരുമാറേണ്ടത് ഇങ്ങനെയെന്നാണ് പരിഹാസം. നസീര്‍, ഷീല തുടങ്ങിയവര്‍ അഭിനയിച്ച സിനിമയിലെ ഭാഗമാണ് പോസ്റ്റ് ചെയ്തത്. അതില്‍ ഷീല ഭയചകിതയായി പെരുമാറുന്നത് പോലെ ഐഎഎസ് ഓഫീസര്‍ പെരുമാറണമെന്നാണ് ആവശ്യപ്പെടുന്നത് എന്നാണ് പരിഹാസം. ഹിയറിങിനായി ഏപ്രില്‍ 16ന് ഹാജരാകാനാണ് എന്‍ പ്രശാന്തിന് ചീഫ് സെക്രട്ടറി നല്‍കിയ നിര്‍ദേശം.
◾ജമാഅത്തെ ഇസ്ലാമിയുടെ വഖഫ് നിയമ ഭേദഗതി വിരുദ്ധ സമരത്തിനെതിരെ എപി വിഭാഗം സമസ്തയുടെ മുഖപത്രമായ സിറാജിന്റെ എഡിറ്റോറിയലില്‍ വിമര്‍ശനം. വഖഫ് വിരുദ്ധ സമരത്തെ ജമാഅത്തെ ഇസ്ലാമിയുടെ ആശയപ്രചാരണ വേദിയാക്കിമാറ്റിയെന്നും സമരത്തില്‍ ഉയര്‍ത്തിയത് ബ്രദര്‍ഹൂഡ് നേതാക്കളുടെ ചിത്രമുയര്‍ത്തിയെന്നും വഖഫ് പ്രതിഷേധവും ഇസ്ലാമിക് ബ്രദര്‍ഹൂഡും തമ്മില്‍ എന്ത് ബന്ധമെന്നും എഡിറ്റോറിയലില്‍ ചോദ്യമുണ്ട്. മുസ്ലിം ഇതര സംഘടനകളെ സമരത്തില്‍ നിന്നും മാറ്റി നിര്‍ത്താന്‍ ഇടവരുത്തുമെന്നും സംഘ പരിവാറിനും തീവ്ര ക്രൈസ്തവ സംഘടനകള്‍ക്കും കൈയ്യില്‍ വടികൊടുക്കുന്ന നിലപാടാണ് ജമാഅത്തെ ഇസ്ലാമി സ്വീകരിച്ചതെന്നും എഡിറ്റോറിയലില്‍ പറയുന്നു.
◾കൊച്ചിയില്‍ അഭിഭാഷകരും വിദ്യാര്‍ത്ഥികളും തമ്മിലുണ്ടായ സംഘര്‍ഷത്തില്‍ പൊലീസുകാരെ മര്‍ദിച്ചതിലും കേസെടുത്തു. പൊലീസുകാരെ മര്‍ദിച്ച സംഭവത്തില്‍ കണ്ടാലറിയാവുന്ന വിദ്യാര്‍ത്ഥികളും അഭിഭാഷകരുമായ പത്തോളം പേര്‍ക്കെതിരെയാണ് കേസെടുത്തിരിക്കുന്നത്. ജില്ലാ ബാര്‍ അസോസിയേഷന്‍ ആഘോഷത്തിനിടെ എറണാകുളം ജില്ലാ കോടതി വളപ്പില്‍ ഇന്നലെ അര്‍ധരാത്രിയിലാണ് അഭിഭാഷകരും എസ്എഫ്ഐ പ്രവര്‍ത്തകരും തമ്മില്‍ ഏറ്റുമുട്ടിയത്. ബാര്‍ അസോസിയേഷന്‍ വാര്‍ഷികാഘോഷത്തിന് ഇടയിലേക്ക് മഹാരാജാസ് കോളേജിലെ വിദ്യാര്‍ത്ഥികള്‍ കയറിയാണ് പ്രശ്നമുണ്ടാക്കിയതെന്നാണ് അഭിഭാഷകരുടെ ആരോപണം. അഭിഭാഷകരുടെ മോശം പെരുമാറ്റമാണ് സംഘര്‍ഷത്തിന് കാരണമായതെന്നാണ് എസ്എഫ്ഐയുടെ ആരോപണം.
◾അഭിഭാഷക- വിദ്യാര്‍ഥി സംഘര്‍ഷത്തിനു പിന്നാലെ എറണാകുളം ജില്ലാ കോടതി വളപ്പിലുള്ള ബാര്‍ അസോസിയേഷന്റെ കാന്റീനിലേക്ക് പൊതുജനങ്ങളെ പ്രവേശിപ്പിക്കേണ്ട എന്ന് തീരുമാനം. പൊതുജനങ്ങള്‍ക്ക് പ്രവേശനം അനുവദിക്കേണ്ടെന്ന് ഇന്നലെ ചേര്‍ന്ന അസോസിയേഷന്‍ ജനറല്‍ ബോഡി തീരുമാനിക്കുകയായിരുന്നു.
◾ബ്രത്ത് അനലൈസര്‍ പരിശോധനയില്‍ മദ്യപിച്ചെന്ന് കണ്ടെത്തിയ കെഎസ്ആര്‍ടിസി ഡ്രൈവര്‍ ജയപ്രകാശ് തിരികെ ജോലിക്ക് കയറി. പാലോട് ഡിപ്പോയിലെ ഡ്രൈവറാണ് ജയപ്രകാശ്. ജീവിതത്തില്‍ ഇതുവരെ മദ്യപിച്ചിട്ടില്ലെന്ന് പരാതിപ്പെട്ട് ജയപ്രകാശ് കുടുംബസമേതം ഡിപ്പോ ഉപരോധിച്ച് പ്രതിഷേധിച്ചിരുന്നു. ഗതാഗത മന്ത്രി ഇടപെട്ട് നടത്തിയ രണ്ടാമത്തെ പരിശോധനയില്‍ മദ്യപിച്ചിട്ടില്ലെന്ന് കണ്ടെത്തിയിരുന്നു.
◾മലപ്പുറത്ത് ഫോണിലൂടെ യുവതിയെ മുത്തലാഖ് ചൊല്ലിയ സംഭവത്തില്‍ കൊണ്ടോട്ടി സ്വദേശി വീരാന്‍ കുട്ടിക്കെതിരെ പൊലീസ് കേസെടുത്തു. സ്ത്രീധന പീഡനം, ഗാര്‍ഹിക പീഡനം, മാനസികമായും ശാരീരികമായും ഉപദ്രവിക്കല്‍ നിയമവിരുദ്ധ വിവാഹബന്ധം വേര്‍പെടുത്തല്‍ എന്നീ കുറ്റങ്ങള്‍ ചുമത്തിയാണ് കേസെടുത്തിരിക്കുന്നത്. യുവതിയുടെ മൊഴിയുടെ അടിസ്ഥാനത്തില്‍ മലപ്പുറം വനിതാ സെല്ലാണ് കേസെടുത്തത്. ഒന്നരവര്‍ഷംമുമ്പാണ് മലപ്പുറം ഊരകം സ്വദേശിയായ യുവതിയും കൊണ്ടോട്ടി സ്വദേശി വീരാന്‍കുട്ടിയും വിവാഹിതരായത്.
◾പാലക്കാട് ട്രെയിന്‍ ഇടിച്ച് 17 പശുക്കള്‍ ചത്തു. പാലക്കാട് മീങ്കരയ്ക്ക് സമീപം ഇന്ന് രാവിലെയാണ് അപകടമുണ്ടായത്. പ്രദേശത്ത് മേയാന്‍ വിട്ട പശുക്കള്‍ പാളം മുറിച്ചു കടക്കുന്നതിനിടെയാണ് ട്രെയിന്‍ ഇടിച്ചത്.
◾ഡിജിറ്റല്‍ പണമിടപാട് സേവനമായ യുപിഐയില്‍ തകരാറെന്ന് റിപ്പോര്‍ട്ടുകള്‍. വിവിധ യുപിഐ ആപ്പുകളുടെ പ്രവര്‍ത്തനത്തില്‍ തടസം നേരിടുന്നതായാണ് വിവരം. ഒരു മാസത്തിനിടെ ഇത് മൂന്നാം തവണയാണ് യുപിഐ സേവനങ്ങള്‍ തടസപ്പെടുന്നത്.
ഇന്നത്തെ വിനിമയ നിരക്ക്
ഡോളര്‍ – 86.10, പൗണ്ട് – 112.38, യൂറോ – 97.89, സ്വിസ് ഫ്രാങ്ക് – 105.56, ഓസ്‌ട്രേലിയന്‍ ഡോളര്‍ – 54.18, ബഹറിന്‍ ദിനാര്‍ – 228.38, കുവൈത്ത് ദിനാര്‍ -280.95, ഒമാനി റിയാല്‍ – 223.60, സൗദി റിയാല്‍ – 22.94, യു.എ.ഇ ദിര്‍ഹം – 23.47, ഖത്തര്‍ റിയാല്‍ – 23.61, കനേഡിയന്‍ ഡോളര്‍ – 62.16.