Saturday, April 19, 2025
KERALA NEWSNews SPECIAL

ദിന വാർത്താമുദ്ര

◾ ലോകമെമ്പാടുമുള്ള മലയാളികള്‍ ഇന്ന് വിഷു ആഘോഷിക്കുന്നു. ഏല്ലാ സുഹൃത്തുക്കൾക്കും താമരശ്ശേരി ന്യൂസിൻ്റെ വിഷു ആശംസകൾ

◾ മലയാളികള്‍ക്ക് വിഷു ആശംസകള്‍ നേര്‍ന്ന് മുഖ്യമന്ത്രി പിണറായി വിജയനും ഗവര്‍ണര്‍ രാജേന്ദ്ര വിശ്വനാഥ് ആര്‍ലേക്കറും. നമ്മുടെ ഒരുമയേയും ഐക്യബോധത്തെയും ഊട്ടിയുറപ്പിക്കുന്നതിന്റെ വിളംബരമാവട്ടെ ഈ വര്‍ഷത്തെ വിഷു ആഘോഷങ്ങളെന്ന് മുഖ്യമന്ത്രിയും വിഷുവിന്റെ ഉത്സവം സമൃദ്ധിയുടെയും സംതൃപ്തിയുടെയും ഒരുമയുടെയും ഭാവം കൊണ്ടുവരട്ടെ എന്ന് ഗവര്‍ണറും ആശംസിച്ചു.


◾ ഓശാനയോടനുബന്ധിച്ച് ഡല്‍ഹി സെന്റ് മേരീസ് പള്ളിയില്‍ നിന്നും സേക്രട്ട് ഹാര്‍ട്ട് കത്തീഡ്രലിലേക്ക് നടത്താനിരുന്ന കുരുത്തോല പ്രദക്ഷിണത്തിന് അനുമതി നിഷേധിച്ചു. സുരക്ഷ കാരണങ്ങള്‍ ചൂണ്ടിക്കാട്ടിയാണ് നടപടി. പ്രധാനമന്ത്രിയടക്കം ബിജെപി നേതാക്കള്‍ ക്രിസ്മസ്, ഈസ്റ്റര്‍ ആഘോഷങ്ങളില്‍ പങ്കെടുക്കുന്ന പള്ളിയാണ് സേക്രഡ് ഹാര്‍ട്ട് ദേവാലയം. ഇന്നലെ വൈകീട്ടായിരുന്നു കുരിശിന്റെ വഴിയെന്ന പേരില്‍ കുരുത്തോല പ്രദക്ഷിണം നടത്താന്‍ തീരുമാനിച്ചത്. അതിനുള്ള അനുമതിയാണ് നിഷേധിച്ചത്.
◾ സേക്രഡ് ഹാര്‍ട്ട് പള്ളിയില്‍ കുരുത്തോല പ്രദക്ഷിണത്തിന് അനുമതി നിഷേധിച്ച ദില്ലി പൊലീസ് നടപടി നിഷേധാര്‍ഹമാണെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. ഭരണഘടന ഉറപ്പു നല്‍കുന്ന മതസ്വാതന്ത്ര്യത്തിന്റെയും മതനിരപേക്ഷ മൂല്യങ്ങളുടെയും ലംഘനമാണിതെന്നും ന്യൂനപക്ഷങ്ങളുടെ മതവിശ്വാസങ്ങള്‍ ഹനിക്കുന്ന ഇത്തരം നടപടികള്‍ ബഹുസ്വര സമൂഹത്തിനു ചേര്‍ന്നതല്ലെന്നും അദ്ദേഹം സമൂഹമാധ്യമത്തില്‍ കുറിച്ചു.
◾ ദില്ലിയില്‍ ഓശാന പ്രദക്ഷിണം തടഞ്ഞതില്‍ പ്രതിഷേധമറിയിച്ച് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായ്ക്ക് കത്തയച്ച് കെ.സി. വേണുഗോപാല്‍ എംപി. മതസ്വാതന്ത്യത്തിന് മേലുള്ള കടന്നാക്രമണത്തിനെതിരെ കോണ്‍ഗ്രസ് പ്രതിഷേധിക്കുന്നുവെന്നും കഴിഞ്ഞ 15 വര്‍ഷം മുടക്കം ഇല്ലാതെ നടന്ന കാര്യമാണിതെന്നും പ്രദക്ഷിണം തടഞ്ഞതിന്റെ കാരണം വ്യക്തമാക്കണമെന്നും കെസി വേണുഗോപാല്‍ കത്തില്‍ ആവശ്യപ്പെട്ടു.
◾ ദില്ലി സേക്രഡ് ഹാര്‍ട്ട് പള്ളിയില്‍ ഓശാന പ്രദഷിണത്തിന് അനുമതി നിഷേധിച്ച സംഭവം സുരക്ഷാ നടപടിയുടെ ഭാഗമായിട്ടാണെന്ന് ബിജെപി സംസ്ഥാന അധ്യക്ഷന്‍ രാജീവ് ചന്ദ്രശേഖര്‍. വിഷയം രാഷ്ട്രീയമായി കാണേണ്ടതില്ലെന്നും കഴിഞ്ഞ ദിവസം ഹനുമാന്‍ ചാലിസയ്ക്കും അനുമതി നിഷേധിച്ചിരുന്നുവെന്നും പറഞ്ഞ രാജീവ് ചന്ദ്രശേഖര്‍ കോണ്‍ഗ്രസിനും സിപിഎമ്മിനും വേറെ പണിയില്ലെന്നും വിമര്‍ശിച്ചു.
◾ പുകഴ്ത്തി പുകഴ്ത്തി ഭരണകര്‍ത്താക്കളുള്‍പ്പെടെയുള്ളവരെ ചീത്തയാക്കരുതെന്ന് കോഴിക്കോട് ആര്‍ച്ച് ബിഷപ്പ് ഡോ. വര്‍ഗീസ് ചക്കാലക്കല്‍. ഓശാന ഞായറാഴ്ച കുരുത്തോല ആശിര്‍വാദത്തിന് നേതൃത്വം നല്‍കികൊണ്ട് സംസാരിക്കുകയായിരുന്നു ആര്‍ച്ച് ബിഷപ്പ്. എല്ലാവരും ഭരണത്തില്‍ ഇരിക്കുന്നവരെ ഒത്തിരി പുകഴ്ത്തുമെന്നും അധികാരത്തിലിരിക്കുന്നവരെ കാര്യങ്ങള്‍ അറിയിക്കേണ്ട കടമ ജനങ്ങള്‍ക്കുണ്ടെന്നും വിമര്‍ശനത്തിന് ആരും അതീതരല്ലെന്നും ആര്‍ച്ച് ബിഷപ് വര്‍ഗീസ് ചക്കാലക്കല്‍ പറഞ്ഞു.
◾ ശബരിമല ശ്രീകോവിലില്‍ പൂജിച്ച അയ്യപ്പ ചിത്രം പതിച്ച സ്വര്‍ണ്ണ ലോക്കറ്റുകളുടെ വിതരണം ഇന്നു മുതല്‍ ആരംഭിക്കും. വിതരണോത്ഘാടനം രാവിലെ 8 മണിക്ക് കൊടിമരചുവട്ടില്‍ ദേവസ്വം – സഹകരണ – തുറമുഖ മന്ത്രി വി.എന്‍. വാസവന്‍ നിര്‍വ്വഹിക്കും.
◾ പൊതുസമൂഹത്തിന് മുന്നില്‍ ഒറ്റപ്പെട്ടു പോകുന്നതു കൊണ്ടാണ് മുഖ്യമന്ത്രിയുടെ മകള്‍ക്ക് എതിരായ കേസില്‍ സി.പി.ഐ വ്യത്യസ്ത നിലപാട് സ്വീകരിച്ചതെന്ന് പ്രതിപക്ഷ നേതാവ് വിഡി സതീശന്‍. പിണറായി വിജയനെ ഭയന്ന് സിപിഎം നേതാക്കള്‍ മുഖ്യമന്ത്രിയുടെ മകള്‍ക്ക് മത്സരിച്ച് പിന്തുണ നല്‍കുകയാണെന്നും കോടിയേരി ബാലകൃഷ്ണന്റെ മകനെതിരെ കേസ് വന്നപ്പോള്‍ ഈ നിലപാടല്ല സിപിഎം സ്വീകരിച്ചതെന്നും അദ്ദേഹം പറഞ്ഞു.സിപിഐ നേതാക്കള്‍ക്ക് കാഴ്ചപ്പാടല്ല, ആഴ്ചപ്പാടാണെന്നും ഓരോ ആഴ്ചയിലും നിലപാട് മാറ്റിക്കൊണ്ടിരിക്കുമെന്നും സതീശന്‍ പരിഹസിച്ചു.
◾ സമരം ശക്തമാക്കി മുന്നോട്ട് പോകാന്‍ ആശമാര്‍. രാപ്പകല്‍ സമരവും അനിശ്ചിതകാല നിരാഹാര സമരവും തുടരുമെന്ന് സമരസമിതി അറിയിച്ചു. ഓണറേറിയം കൂട്ടി നല്‍കാന്‍ തയ്യാറായ തദ്ദേശ സ്ഥാപന ഭരണാധികാരികള്‍ക്ക് ആദരം അര്‍പ്പിക്കാനുള്ള തീരുമാനത്തിലാണ് ആശാ പ്രവര്‍ത്തകര്‍. ഏപ്രില്‍ 21 നാണ് തദ്ദേശ സ്ഥാപന ഭരണാധികാരികള്‍ക്ക് ആദരം അര്‍പ്പിക്കുക.
◾ ഒരു വിഭാഗം ആശാ തൊഴിലാളികളുടെ സമരം രാഷ്ട്രീയപ്രേരിതം മാത്രമാണെന്ന് മന്ത്രി വി. ശിവന്‍കുട്ടി. സാംസ്‌കാരിക നായകര്‍ ഈ യാഥാര്‍ത്ഥ്യം മനസിലാക്കണമെന്നും അദ്ദേഹം അഭ്യര്‍ത്ഥിച്ചു. കഴിഞ്ഞ ദിവസം സാംസ്‌കാരിക നായകരുടെ കൂട്ടായ്മ ആശാ തൊഴിലാളികളുടെ സമരത്തെ പിന്തുണച്ച് രംഗത്തെത്തിയിരുന്നു.
◾ നിലമ്പൂര്‍ ഉപതെരഞ്ഞെടുപ്പിന് മുമ്പ് യുഡിഎഫ് പ്രവേശനം വേണമെന്ന് പി.വി. അന്‍വര്‍. നേതാക്കള്‍ വൈകാതെ ചര്‍ച്ച നടത്തുമെന്നാണ് പ്രതീക്ഷയെന്നും ആര്‍ക്കാണ് വിജയ സാധ്യതയെന്ന് യുഡിഎഫ് നേതാക്കളെ അറിയിച്ചിട്ടുണ്ടെന്നും അന്‍വര്‍ പറഞ്ഞു. നിലമ്പൂര്‍ ഉപതെരഞ്ഞെടുപ്പിന് മുമ്പ് യുഡിഎഫ് പ്രവേശനം സാധ്യമായില്ലെങ്കില്‍ മറ്റു കാര്യങ്ങള്‍ പിന്നീട് ആലോചിക്കേണ്ടിവരുമെന്നും പിവി അന്‍വര്‍ പറഞ്ഞു.
◾ മുതലപ്പൊഴിയില്‍ അഴിമുഖം പൂര്‍ണ്ണമായും മണല്‍ മൂടിയതോടെ തുറമുഖത്ത് മത്സ്യബന്ധനം പൂര്‍ണമായി സ്തംഭിച്ചു. കടലില്‍ പോകാനാവാതെ തീരവാസികള്‍ ഉപജീവന പ്രതിസന്ധിയിലാണ്. മീന്‍പിടുത്തക്കാര്‍ കടലില്‍ പോകുന്നത് മരിയാപുരം അഞ്ചുതെങ്ങ് മേഖലകളില്‍ നിന്നാണ്. ഡ്രഡ്ജര്‍ ഉപയോഗിച്ചുള്ള മണല്‍മാറ്റം കാര്യക്ഷമമല്ലെന്ന് പ്രദേശവാസികള്‍ പറഞ്ഞു.
◾ കോഴിക്കോട് അതിരൂപതയൂടെ ആദ്യ ആര്‍ച്ച് ബിഷപ്പ് ഡോക്ടര്‍ വര്‍ഗ്ഗീസ് ചക്കാലക്കലിനെ സിപിഎം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദന്‍ സന്ദര്‍ശിച്ചു. ദേവമാതാ കത്തീഡ്രലില്‍ ഓശാന ചടങ്ങുകള്‍ നടക്കുന്നതിനിടെയാണ് ആശംസകളുമായി എം.വി. ഗോവിന്ദനെത്തിയത്. മന്ത്രി മുഹമ്മദ് റിയാസും കൂടെ ഉണ്ടായിരുന്നു.
◾ നഗരസഭ ഭിന്നശേഷിക്കാര്‍ക്ക് നിര്‍മിക്കുന്ന നൈപുണ്യ വികസന കേന്ദ്രത്തിന് ആര്‍എസ്എസ് നേതാവ് കെ.ബി. ഹെഡ്ഗെവാറിന്റെ പേര് നല്‍കിയതുമായി ബന്ധപ്പെട്ട വിവാദത്തില്‍ ന്യായീകരണവുമായി ബിജെപി. ഹെഡ്ഗേവാര്‍ സ്വാതന്ത്രസമര പോരാളിയാണെന്നും ഹെഡ്ഗേവാറിന്റെ പേരിലെ ആദ്യ സ്ഥാപനമല്ലയിതെന്നും ബിജെപി നേതാക്കള്‍ പറഞ്ഞു.
◾ മുതിര്‍ന്ന സി.പി.എം നേതാവും മുന്‍ മുഖ്യമന്ത്രിയുമായ വിഎസ് അച്യുതാനന്ദന് പിറന്നാള്‍ സമ്മാനമായി ആലപ്പുഴ മുഹമ്മയില്‍ ഒരുക്കിയ ജനകീയ ലാബ് ഉദ്ഘാടനം ചെയ്യാന്‍ മന്ത്രി പി പ്രസാദ് എത്താതിരുന്നതിനാല്‍ കോണ്‍ഗ്രസ് നേതാവ് കെ സി വേണുഗോപാല്‍ എം പി ലാബ് ഉദ്ഘാടനം ചെയ്തു. പ്രാദേശിക സിപിഎം നേതാക്കളുടെ എതിര്‍പ്പിനെ തുടര്‍ന്നാണ് മന്ത്രി വരാതിരുന്നതെന്ന് സംഘാടകര്‍ പറഞ്ഞു.
◾ ഷൈന്‍ ടോം ചാക്കോ പ്രതിയായ കൊക്കയ്ന്‍ കേസില്‍ നടപടിക്രമങ്ങള്‍ പാലിച്ച് അന്വേഷണം പൂര്‍ത്തിയാക്കുന്നതില്‍ പൊലീസിന് വീഴ്ചപറ്റിയെന്ന് കോടതി. പിടിച്ചെടുത്ത കൊക്കെയിന്റെ ഘടകങ്ങള്‍ വേര്‍തിരിച്ച് പരിശോധിച്ചില്ല. രഹസ്യ വിവരം ലഭിച്ചുവെന്ന വാദം പൊലീസ് പട്രോളിംഗ് സംഘം കോടതിയില്‍ തള്ളിപ്പറഞ്ഞു.പൊലീസ് കണ്ടെടുത്ത വസ്തുക്കള്‍ സെര്‍ച്ച് മെമ്മോയില്‍ രേഖപ്പെടുത്തിയിട്ടില്ല. എന്ന് തുടങ്ങി ഷൈന്‍ ടോം ചാക്കോ ഉള്‍പ്പടെയുള്ള അഞ്ച് പ്രതികള്‍ കൊക്കെയ്ന്‍ ഉപയോഗിച്ചോ എന്ന് പൊലീസ് പരിശോധിച്ചില്ലെന്നും കോടതി ചൂണ്ടിക്കാട്ടി. ഇക്കഴിഞ്ഞ ഫെബ്രുവരിയില്‍ ആണ് ഷൈന്‍ ടോം ചാക്കോയെ കോടതി കേസില്‍ കുറ്റവിമുക്തന്‍ ആക്കിയത്.
◾ സര്‍ക്കാരിന്റെ അപൂര്‍വ രോഗ ചികിത്സാ പദ്ധതിക്ക് കൈത്താങ്ങാകാന്‍ ‘വിഷു കൈനീട്ടം’ ആരംഭിക്കുന്നതായി ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ്. സംസ്ഥാനത്ത് അപൂര്‍വ രോഗങ്ങളുടെ സമഗ്ര ചികിത്സയ്ക്കായി സര്‍ക്കാര്‍ കെയര്‍ പദ്ധതി ആവിഷ്‌ക്കരിച്ച് നടപ്പിലാക്കി വരുന്നുവെന്നും ഇതിലൂടെ അനേകം കുഞ്ഞുങ്ങള്‍ക്ക് ആശ്വാസമാകാന്‍ കഴിഞ്ഞിട്ടുണ്ടെന്നും കുഞ്ഞുങ്ങളുടെ ജീവിതത്തിലും വിസ്മയകരമായ മാറ്റങ്ങള്‍ ഉണ്ടായിട്ടുണ്ടെന്നും 8 വയസ് വരെയുണ്ടായിരുന്ന ചികിത്സ 12 വയസ് വരെയായി ഉയര്‍ത്തിയെന്നും മന്ത്രി പറഞ്ഞു.
◾ അര്‍ധരാത്രിയില്‍ പരിശോധന നടത്താനുള്ള പൊലീസ് നടപടിയെ വിമര്‍ശിച്ച് യു.പി സര്‍ക്കാര്‍ കേസെടുത്ത് ജയിലിലടച്ചിരുന്ന മാധ്യമപ്രവര്‍ത്തകന്‍ സിദ്ദീഖ് കാപ്പന്‍. സാധാരണ പരിശോധന മാത്രമാണ് എന്നാണ് പൊലീസ് പറഞ്ഞതെന്നും രാത്രി 12 മണിക്ക് ശേഷം താന്‍ തന്റെ വീട്ടില്‍ ഉണ്ടായിരിക്കണമെന്ന് ജാമ്യവ്യവസ്ഥയിലില്ലെന്നും സിദ്ദീഖ് കാപ്പന്‍ പറഞ്ഞു. മാസത്തില്‍ രണ്ട് തവണ ലഖ്നൗ കോടതിയില്‍ പോകുന്നയാളാണ് താണെന്നും എല്ലാ ജാമ്യവ്യവസ്ഥകളും കൃത്യമായി പാലിക്കുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു.
◾ പീഡനകേസില്‍ പ്രതിയായിരുന്ന സര്‍ക്കാര്‍ മുന്‍ അഭിഭാഷകന്‍ പി.ജി. മനുവിനെ മരിച്ച നിലയില്‍ കണ്ടെത്തി. രണ്ടുമാസം മുന്‍പാണ് കൊല്ലം ആനന്ദവല്ലീശ്വരത്ത് വീട് വാടകയ്ക്ക് എടുത്തത്. ഹൈക്കോടതിയില്‍ സീനിയര്‍ ഗവണ്‍മെന്റ് പ്ലീഡറായി പ്രവര്‍ത്തിച്ചിരുന്നു എന്നാല്‍ പീഡന കേസില്‍ പ്രതിയായതോടെ രാജിവക്കുകയായിരുന്നു. കൊട്ടാരക്കര താലൂക്ക് ആശുപത്രിയില്‍ കൊല്ലപ്പെട്ട ഡോക്ടര്‍ വന്ദനദാസ് കേസിലെ പ്രതിഭാഗം അഭിഭാഷകനായിരുന്നു പി.ജി. മനു. ഇന്നലെ രാവിലെ വീട്ടുടമ ചായ എത്തിച്ചപ്പോള്‍ വാങ്ങി കുടിച്ചിരുന്നു അതിനുശേഷം സുഹൃത്തുക്കള്‍ എത്തിയപ്പോഴാണ് തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്.
◾ കോണ്‍ഗ്രസ് നേതാവ് സന്ദീപ് വാര്യര്‍ക്ക് വാട്സ്അപ്പിലൂടെ വധഭീഷണി. കൈയില്‍ കിട്ടിയാല്‍ വേറെ രീതിയില്‍ കാണുമെന്നാണ് ഭീഷണി സന്ദേശമെന്ന് പാലക്കാട് ജില്ലാ പൊലീസ് മേധാവിക്ക് നല്‍കിയ പരാതിയില്‍ പറയുന്നു. സന്ദേശം ലഭിച്ച ഫോണ്‍ നമ്പറും ഭീഷണി സന്ദേശവും ഉള്‍പ്പെടെയാണ് സന്ദീപ് വാര്യര്‍ പൊലീസില്‍ പരാതി നല്‍കിയിരിക്കുന്നത്.
◾ കോഴിക്കോട് ബാലുശ്ശേരിയില്‍ കാല്‍നടയാത്രക്കാരന്‍ ബൈക്ക് ഇടിച്ചു മരിച്ച സംഭവത്തില്‍ ബൈക്ക് ഓടിച്ച യുവാക്കള്‍ പോലീസ് സ്റ്റേഷനില്‍ കീഴടങ്ങി. ഏപ്രില്‍ മൂന്നിന് രാത്രി ബാലുശ്ശേരി മുക്കിലായിരുന്നു അപകടം നടന്നത്. മെഡിക്കല്‍ ഷോപ്പ് ഉടമയായ അബ്ദുല്‍ കബീര്‍ ആണ് ബൈക്ക് ഇടിച്ചതിനെ തുടര്‍ന്ന് മരിച്ചത്. പരിക്കേറ്റ കബീറിനെ ആശുപത്രിയിലാക്കിയ ശേഷം യുവാക്കള്‍ കടന്നു കളയുകയായിരുന്നു.
◾ കോളേജ് വിദ്യാര്‍ഥികളോട് ജയ് ശ്രീറാം വിളിക്കാന്‍ ആവശ്യപ്പെട്ട് തമിഴ്നാട് ഗവര്‍ണര്‍ ആര്‍.എന്‍. രവി. മധുരയിലെ സ്വകാര്യ എഞ്ചിനിയറിങ് കോളേജില്‍ ശനിയാഴ്ച നടന്ന ചടങ്ങില്‍ മുഖ്യാതിഥിയായി പങ്കെടുക്കവെയായിരുന്നു സംഭവം. ഗവര്‍ണറുടെ പ്രവൃത്തി വിവാദമാവുകയും ഇതിനെതിരേ വിവിധ രാഷ്ട്രീയ സാമൂഹിക സംഘടനകള്‍ രംഗത്തെത്തുകയും ചെയ്തിട്ടുണ്ട്.
◾ പിഎം ശ്രീ പദ്ധതിയുമായി ബന്ധപ്പെട്ട് കേന്ദ്രത്തിനെതിരെ നിയമപോരാട്ടത്തിന് ഒരുങ്ങി തമിഴ്നാട്. സമഗ്ര ശിക്ഷാ പദ്ധതിയിലെ 2152 കോടി നല്‍കണമെന്നാണ് ആവശ്യം. നിയമോപദേശം ലഭിച്ചെന്ന് സര്‍ക്കാര്‍ വൃത്തങ്ങള്‍ വ്യക്തമാക്കി.പിഎം ശ്രീയുമായി ബന്ധിപ്പിക്കുന്നത് ഭരണഘടനാവിരുദ്ധം എന്നാണ് വാദം. കേരളം അടക്കമുള്ള സംസ്ഥാനങ്ങള്‍ക്ക് വിദ്യാഭ്യാസ മേഖലയിലെ കേന്ദ്ര വിഹിതം ഉടന്‍ കൈമാറണമെന്ന പാര്‍ലമെന്ററി സമിതി റിപ്പോര്‍ട്ടും തമിഴ്നാട് ഉന്നയിക്കും.
◾ ആന്ധ്രയിലെ പടക്ക നിര്‍മ്മാണ ശാലയില്‍ വന്‍ പൊട്ടിത്തെറി. രണ്ട് സ്ത്രീകള്‍ ഉള്‍പ്പടെ 8 പേര്‍ മരിച്ചു. അനക്പള്ളി ജില്ലയിലെ കോട്ടവുരട്ല എന്ന സ്ഥലത്തെ പടക്ക നിര്‍മാണ ഫാക്ടറിയില്‍ ആണ് ഉച്ച തിരിഞ്ഞ് പൊട്ടിത്തെറി ഉണ്ടായത്. ഏഴ് പേര്‍ക്ക് പൊള്ളലേറ്റു. ഇവരെ തൊട്ടടുത്ത ആശുപത്രികളില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്.
◾ കര്‍ണാടകയിലെ ഹുബ്ബള്ളിയില്‍ അഞ്ച് വയസുകാരിയെ തട്ടിക്കൊണ്ടുപോയി പീഡിപ്പിക്കാന്‍ ശ്രമിക്കുന്നതിനിടെ കൊലപ്പെടുത്തിയ ബീഹാര്‍ സ്വദേശിയായ യുവാവിനെ പൊലീസ് വെടിവെച്ചുകൊന്നു. അറസ്റ്റ് ചെയ്യാന്‍ എത്തിയപ്പോള്‍ ഇയാള്‍ പൊലീസുകാരെ ആക്രമിക്കുകയും രക്ഷപ്പെടാന്‍ ശ്രമിക്കുകയും ചെയ്തുവെന്നും ഇത് തടയുന്നിതിനിടെ പ്രതിക്ക് നേരെ വെടിവെയ്ക്കുകയായിരുന്നു എന്നുമാണ് കര്‍ണാടക പൊലീസ് അറിയിച്ചത്.
◾ വഖഫ് ഭേദഗതി നിയമം റദ്ദാക്കാണമെന്ന് ആവശ്യപ്പെട്ട് സിപിഐ ജനറല്‍ സെക്രട്ടറി ഡി. രാജ സുപ്രീംകോടതിയില്‍ ഹര്‍ജി സമര്‍പ്പിച്ചു. ടിവികെ അധ്യക്ഷനും തമിഴ് നടനുമായ വിജയും ബില്ല് ഭരണഘടനാ വിരുദ്ധമെന്ന് കാണിച്ച് സുപ്രീം കോടതിയെ സമീപിച്ചിട്ടുണ്ട്. തമിഴ്നാട് സര്‍ക്കാരും ഡിഎംകയും നേരത്തെ സുപ്രീം കോടതിയില്‍ ഹര്‍ജി നല്‍കിയിരുന്നു.
◾ വഖഫ് നിയമഭേദഗതിയെ തുടര്‍ന്ന് ബംഗാളില്‍ പ്രതിഷേധത്തുടര്‍ന്നുണ്ടായ സംഘര്‍ഷത്തിന് പിന്നാലെ മുര്‍ഷിദാബാദിലെ ദുലിയയില്‍ നിന്ന് 400 ഹിന്ദുക്കള്‍ പാലായനം ചെയ്തെന്ന് ബിജെപിയുടെ ആരോപണം. പ്രതിപക്ഷ നേതാവ് സുവേന്ദു അധികാരിയാണ് സമൂഹ മാധ്യമത്തിലൂടെ ആരോപണമുന്നയിച്ചത്. മാള്‍ഡയിലെ സ്‌കൂളില്‍ ഇവര്‍ അഭയം തേടിയെന്നും അധികാരി ഉന്നയിച്ചു. മതത്തിന്റെ പേരിലുള്ള പീഡനം ബംഗാളില്‍ യഥാര്‍ത്ഥ്യമെന്നും സുവേന്ദു അധികാരി ആരോപിച്ചു. അതേസമയം, അക്രമവുമായി ബന്ധപ്പെട്ട് 12 പേരെ കൂടി അറസ്റ്റ് ചെയ്തു.
◾ മുംബൈ ഭീകരാക്രമണത്തിന് പ്ലോട്ടൊരുക്കിയത് ദുബായിലെന്ന് സൂചന. ഐഎസ്ഐ ഏജന്റുമായി തഹാവൂര്‍ റാണ ആദ്യ ചര്‍ച്ച നടത്തിയത് ദുബായില്‍ വച്ചെന്ന് എന്‍ഐഎ വ്യക്തമാക്കി. മുംബൈ ഭീകരാക്രമണത്തില്‍ പങ്കുള്ള ഡേവിഡ് ഹെഡ്ലിയുടെ നിര്‍ദേശപ്രകാരമായിരുന്നു കൂടിക്കാഴ്ചയെന്നും ഐഎസ്ഐ ബന്ധമുള്ളയാള്‍ ഇരുവരുടെയും ബാല്യകാല സുഹൃത്താണെന്നുമാണ് സൂചന.
◾ ഐപിഎല്ലില്‍ ഇന്നലെ നടന്ന ആദ്യ മത്സരത്തില്‍ രാജസ്ഥാന്‍ റോയല്‍സിനെ ഒമ്പത് വിക്കറ്റിന് കീഴടക്കി സീസണിലെ നാലാം ജയം സ്വന്തമാക്കി റോയല്‍ ചലഞ്ചേഴ്സ് ബെംഗളൂരു. ടോസ് നഷ്ടപ്പെട്ട് ആദ്യം ബാറ്റ് ചെയ്ത രാജസ്ഥാന്‍ യശസ്വി ജയ്സ്വാളിന്റെ 75 റണ്‍സിന്റെ മികവില്‍ നാല് വിക്കറ്റ് നഷ്ടത്തില്‍ 173 റണ്‍സെടുത്തു. മറുപടി ബാറ്റിംഗിനിറങ്ങിയ ബെംഗളൂരു 65 റണ്‍സ് നേടിയ ഫില്‍ സാള്‍ട്ടിന്റേയും 62 റണ്‍സെടുത്ത വിരാട് കോലിയും 40 റണ്‍സെടുത്ത് പുറത്താകാതെ നിന്ന ദേവദത്ത് പടിക്കലിന്റേയും ഇന്നിംഗ്സുകളുടെ മികവില്‍ ജയം സ്വന്തമാക്കുകയായിരുന്നു.
◾ ഐപിഎല്‍ പുതിയ സീസണില്‍ അക്ഷര്‍ പട്ടേലിന്റെ ഡല്‍ഹി ക്യാപിറ്റല്‍സിന് ആദ്യ തോല്‍വി. ഇന്നലെ നടന്ന രണ്ടാമത്തെ മത്സരത്തില്‍ തുടര്‍ച്ചയായ നാലു മത്സരങ്ങള്‍ ജയിച്ചെത്തിയ ഡല്‍ഹി, മുംബൈ ഇന്ത്യന്‍സിനോട് 12 റണ്‍സിനാണ് തോറ്റത്. ടോസ് നഷ്ടപ്പെട്ട് ആദ്യം ബാറ്റുചെയ്ത മുംബൈ 59 റണ്‍സെടുത്ത തിലക് വര്‍മയുടെ മികവില്‍ നിശ്ചിത 20 ഓവറില്‍ അഞ്ചുവിക്കറ്റ് നഷ്ടത്തില്‍ 205 റണ്‍സെടുത്തു. മറുപടി ബാറ്റിങ്ങിനിറങ്ങിയ ഡല്‍ഹിക്ക് 40 പന്തില്‍ 89 റണ്‍സ് നേടിയ കരുണ്‍ നായര്‍ വിജയപ്രതീക്ഷ നല്‍കിയെങ്കിലും ഒരോവര്‍ ബാക്കിനില്‍ക്കേ 193-ന് പുറത്താകുകയായിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *