പതിനഞ്ചുകാരിയെ സമപ്രായക്കാരായ രണ്ടുപേർ ചേർന്ന് ലൈംഗികമായി പീഡിപ്പിച്ചതായി പരാതി
കോഴിക്കോട്:
പതിനഞ്ചുകാരിയെ സമപ്രായക്കാരായ രണ്ടുപേർ ചേർന്ന് ലൈംഗികമായി പീഡിപ്പിച്ചതായി പരാതി. ഇവരുടെ ഒപ്പമുണ്ടായിരുന്ന പതിനൊന്ന് വയസ് പ്രായമുള്ള ആൺകുട്ടി പീഡന ദൃശ്യം മൊബൈലിൽ പകർത്തുകയും ചെയ്തു. ഒരാഴ്ച മുമ്പ് ഫറോക്കിലാണ് സംഭവം. കൗൺസിലിങിനിടെയാണ് പെൺകുട്ടി പീഡന വിവരം തുറന്നു പറഞ്ഞത്. സംഭവത്തിൽ കുറ്റാരോപിതരായ ആൺകുട്ടികൾക്ക് ചൊവ്വാഴ്ച കോഴിക്കോട് ചൈൽഡ് വെൽഫെയർ കമ്മിറ്റിക്ക് മുമ്പാകെ ഹാജരാകാൻ നിർദ്ദേശം നൽകി. ഇത് സംബന്ധിച്ച് കുട്ടികളുടെ രക്ഷിതാക്കൾക്ക് നോട്ടീസ് നൽകിയിട്ടുണ്ട്. നല്ലളം പൊലീസ് സ്റ്റേഷൻ പരിധിയിലാണ് ഞെട്ടിപ്പിക്കുന്ന സംഭവം.
കുറ്റാരോപിതരായ കുട്ടികളിൽ ഒരാളുടെ വീട്ടിൽ വെച്ചായിരുന്നു സംഭവം. പെൺകുട്ടിയെ വീട്ടിലെത്തിച്ച് ഇരുവരും ചേർന്ന് പീഡിപ്പിക്കുകയായിരുന്നു. പീഡന ദൃശ്യം ഇവർക്കൊപ്പമുണ്ടായിരുന്ന പതിനൊന്ന് വയസ് പ്രായമുള്ള ആൺകുട്ടി മൊബൈലിൽ പകർത്തിയിരുന്നു. ഇത് കുട്ടിയുടെ ബന്ധു കണ്ടതോടെയാണ് സംഭവം പുറത്തറിയുന്നത്. തുടർന്ന് കുട്ടിയെ കൗൺസിലിങിന് വിധേയമാക്കി. കൗൺസിലിങിലാണ് ഞെട്ടിപ്പിക്കുന്ന പീഡന വിവരം പെൺകുട്ടി തുറന്നു പറഞ്ഞത്. ഒപ്പമുണ്ടായിരുന്ന കുട്ടി പകർത്തിയ പീഡന ദൃശ്യം പിന്നീട് പലരിലേക്കും എത്തിയെന്നാണ് അറിയുന്നത്. സംഭവത്തിൽ നല്ലളം പൊലീസ് കേസെടുത്തു. ഫറോക്ക് എസ്പി ക്കാണ് അന്വേഷണ ചുമതല. ചൊവ്വാഴ്ച കുറ്റാരോപിതരായ കുട്ടികളെ സിഡബ്യുസിയ്ക്ക് മുമ്പിൽ ഹാജരാക്കും. ചോദ്യം ചെയ്യലിന് ശേഷം തുടർ നടപടികളിലേക്ക് കടക്കാനാണ് തീരുമാനം. സിഡബ്യുസി നൽകുന്ന റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാവും പൊലീസ് നടപടികൾ.