വിൽപനയ്ക്കായി സൂക്ഷിച്ച കഞ്ചാവുമായി മൂന്നു യുവാക്കൾ പിടിയിൽ
കോഴിക്കോട്:
വിൽപനയ്ക്കും ഉപയോഗത്തിനുമായി സൂക്ഷിച്ച നിരോധിത മയക്കുമരുന്നായ കഞ്ചാവുമായി മൂന്നു പേർ പിടിയിലായി പൊന്നാനി വെളിയങ്കോട് സ്വദേശി കുന്നനയിൽ വീട്ടിൽ മുഹമ്മദ് അൻഷാദ് (23), ചാത്തമംഗലം മണ്ണും കുഴിയിൽ സവാദ് (21), കട്ടാങ്ങൽ മേലെ വാവാട്ട് വീട്ടിൽ ആസിഫ് എന്ന ലച്ചു (21) എന്നിവരെയാണ് കുന്ദമംഗലം പോലീസ് പിടികൂടിയത് .
പോലീസ് പട്രോളിങ്ങിനിടയിൽ പുള്ളാവൂരിലെ താമരക്കുളത്ത് കഞ്ചാവുമായി മൂന്ന് പേരെ തടഞ്ഞുവെച്ചിട്ടുണ്ടെന്ന വിവരം ലഭിച്ചതിന്റെ അടിസ്ഥാനത്തിൽ കുന്ദമംഗലം പോലീസ് സ്ഥലത്തെത്തുകയും യുവാക്കൾ താമസിക്കുന്ന വാടകവീട്ടിൽനിന്നും വിൽപനയ്ക്കായി സൂക്ഷിച്ച 22.7 ഗ്രാം കഞ്ചാവ് കണ്ടെടുക്കുകയായിരുന്നു. പ്രതികളെ ചോദ്യം ചെയ്തതിൽനിന്നും എൻ.ഐ.ടി. കേന്ദ്രീകരിച്ച് പ്രവർത്തിക്കുന്ന മയക്കുമരുന്ന് വിൽപ്പന സംഘത്തിൽപ്പെട്ട ഇതരസംസ്ഥാന തൊഴിലാളിയിൽ നിന്നാണ് കഞ്ചാവ് വാങ്ങിയതെന്ന് പോലീസിനോട് പറഞ്ഞു. കുന്ദമംഗലം പോലീസ് സ്റ്റേഷൻ എസ്.ഐ. ഉമ്മർ, എ.എസ്.ഐ. സജിന, എസ്.സി. പി.ഒ. ജംഷീർ, സി.പി.ഒ.ഷമീർ എന്നിവർ ചേർന്നാണ് യുവാക്കളെ കസ്റ്റഡിയിൽ എടുത്തത്.