പ്രഭാത വാർത്തകൾ
2025| ഏപ്രിൽ | 15 | ചൊവ്വ |1200 മേടം | 02 വിശാഖം | 16 ശവ്വാൽ 1446
◼️ലക്നൗ ലോക് ബന്ധു ആശുപത്രിയിൽ വൻ തീപിടുത്തം; രോഗികളെയും ജീവനക്കാരെയും ഒഴിപ്പിച്ചു
ഉത്തർപ്രദേശിലെ ലക്നൗവിലുള്ള ലോക് ബന്ധു ആശുപത്രിയിൽ വൻ തീപിടുത്തം. ഇരുന്നൂറോളം രോഗികളെയും ജീവനക്കാരെയും ആശുപത്രിയിൽ നിന്ന് ഒഴിപ്പിച്ചു. അഗ്നിശമന സേനയും മറ്റ് അടിയന്തിര രക്ഷാപ്രവർത്തക വിഭാഗങ്ങളും സ്ഥലത്തെത്തി. തീ നിയന്ത്രണ വിധേയമാക്കാനുള്ള ശ്രമങ്ങൾ പുരോഗമിക്കുന്നു.ആശുപത്രിയിലെ താഴത്തെ നിലയിലാണ് തീപിടുത്തം ഉണ്ടായത്. പിന്നാലെ കെട്ടിടത്തിൽ പുക നിറഞ്ഞു. ആദ്യം തീപിടിച്ച നിലയിൽ 40ഓളം രോഗികളാണ് ഉണ്ടായിരുന്നത്.
◼️കിഫ്ബി സിഇഒ സ്ഥാനത്ത് നിന്ന് സ്വയം രാജിവെക്കില്ല; കോടതി വിധിയിൽ നിലപാട് വ്യക്തമാക്കി കെഎം എബ്രഹാം
അനധികൃത സ്വത്ത് സമ്പാദന കേസിൽ സിബിഐ അന്വേഷണം പ്രഖ്യാപിച്ചുള്ള ഹൈക്കോടതി ഉത്തരവിൽ നിലപാട് വ്യക്തമാക്കി മുൻ ചീഫ് സെക്രട്ടറിയും കിഫ്ബി സിഇഒയുമായ കെഎം എബ്രഹാം. കിഫ്ബി സിഇഒ സ്ഥാനത്ത് നിന്ന് സ്വയം രാജിവെക്കില്ലെന്നും പദവിയിൽ തുടരണമോയെന്ന് മുഖ്യമന്ത്രിക്ക് തീരുമാനിക്കാമെന്നും കെഎം എബ്രഹാം വ്യക്തമാക്കി. കിഫ്ബി ജീവനക്കാര്‍ക്കുള്ള വിഷു ദിന സന്ദേശത്തിലാണ് കോടതി വിധിയിൽ കെഎം എബ്രഹാം നിലപാട് വ്യക്തമാക്കിയത്. സിബിഐ അന്വേഷണത്തിന് ഉത്തരവിട്ട നടപടിയെ സധൈര്യം നേരിടുമെന്നും അപ്പീലിന് പോകുമെന്ന സൂചന നൽകികൊണ്ട് കെഎം എബ്രഹാം വ്യക്തമാക്കി.
◼️പി. വിജയനെതിരായ വ്യാജ മൊഴി; അജിത് കുമാറിനെതിരെ കേസെടുക്കാമെന്ന് ഡി.ജി.പി, സിവിലായും ക്രിമിനലായും നടപടിയെടുക്കാം
ഇൻറലിജൻസ് മേധാവി പി വിജയനെതിരെ വ്യാജമൊഴി നൽകിയതിന് എഡിജിപി എംആർ അജിത് കുമാറിനെതിരെ കേസെടുക്കാമെന്ന് ഡിജിപി. സ്വർണ്ണക്കടത്തിൽ പി. വിജയന് ബന്ധമുണ്ടെന്ന മൊഴി നൽകിയ നടപടി ക്രിമനൽ കുറ്റമെന്നാണ് ഡിജിപിയുടെ കണ്ടെത്തൽ. മുഖ്യമന്ത്രിയുടെ വിശ്വസ്തനായ അജിത് കുമാറിനെതിരായ ഡിജിപിയുടെ ശുപാർശയിൽ മുഖ്യമന്ത്രി തന്നെയാണ് തീരുമാനമെടുക്കേണ്ടത്.
◼️ഉന്നത ഐപിഎസ് ഉദ്യോഗസ്ഥനെതിരെ കേസെടുക്കാമെന്ന ഡി.ജി.പി.യുടെ ശുപാർശ അസാധാരണം; തീരുമാനം എടുക്കേണ്ടത് മുഖ്യമന്ത്രി
ഇന്‍റലിജൻസ് മേധാവി പി വിജയനെതിരെ വ്യാജമൊഴി നൽകിയതിന് എഡിജിപി എംആർ അജിത് കുമാറിനെതിരെ കേസെടുക്കാമെന്നുള്ള ഡിജിപിയുടെ ശുപാര്‍ശയിൽ ഇനി തീരുമാനമെടുക്കേണ്ടത് മുഖ്യമന്ത്രി. സ്വർണ്ണക്കടത്തിൽ പി വിജയന് ബന്ധമുണ്ടെന്ന മൊഴി നൽകിയ നടപടി ക്രിമനൽ കുറ്റമെന്നാണ് ഡിജിപിയുടെ കണ്ടെത്തൽ. മുഖ്യമന്ത്രിയുടെ വിശ്വസ്തനായ അജിത് കുമാറിനെതിരായ ഒരു നടപടിക്ക് സര്‍ക്കാര്‍ തയാറാകുമോ എന്നതാണ് ആകാംക്ഷ. ഉന്നത ഐപിഎസ് ഉദ്യോഗസ്ഥനെതിരെ കേസെടുക്കാമെന്ന് ഡിജിപി തന്നെ ശുപാർശ ചെയ്യുന്നത് അസാധാരണ സാഹചര്യമാണ്.
◼️നവീൻ ബാബുവിന്റെ മരണം; നിലവിലെ അന്വേഷണത്തിൽ വിശ്വാസമില്ല, സിബിഐ അന്വേഷിക്കണമെന്ന് കുടുംബം സുപ്രീംകോടതിയിൽ
കണ്ണൂർ മുൻ എ.ഡി.എം. നവീൻ ബാബുവിന്റെ മരണം സിബിഐ അന്വേഷിക്കണമെന്ന് ആവശ്യപ്പെട്ട് കുടുംബം സുപ്രീംകോടതിയിൽ ഹർജി നൽകി. സിബിഐ അന്വേഷണം ആവശ്യപ്പെട്ട് ഭാര്യ മഞ്ജുഷയാണ് സുപ്രീംകോടതിയിൽ ഹർജി നൽകിയത്. ഇപ്പോൾ നടക്കുന്ന അന്വേഷണത്തിൽ വിശ്വാസമില്ലെന്ന് മഞ്ജുഷ ഹർജിയിൽ പറയുന്നു. സിബിഐ അന്വേഷണം വേണമെന്ന ആവശ്യം നേരത്തെ ഹൈക്കോടതി തള്ളിയിരുന്നു. തുടർന്നാണ് കുടുംബം സുപ്രീംകോടതിയിലെത്തിയത്.
◼️പി.ജി. മനുവിന്‍റെ മരണം; പ്രചരിച്ച വീഡിയോയെക്കുറിച്ച് പൊലീസ് അന്വേഷണം, മൃതദേഹം സംസ്കരിച്ചു
കൊല്ലത്തെ വാടക വീട്ടിൽ തൂങ്ങിമരിച്ച ഹൈക്കോടതി അഭിഭാഷകൻ പി.ജി. മനുവിന്‍റെ സംസ്കാരം എറണാകുളം പിറവത്തെ വീട്ടുവളപ്പിൽ നടന്നു. രാവിലെ പാരിപ്പള്ളി മെഡിക്കൽ കോളേജിൽ പോസ്റ്റ്മോർട്ടം നടത്തിയശേഷമാണ് മൃതദേഹം നാട്ടിൽ എത്തിച്ചത്. മരണം ആത്മഹത്യയാണെന്ന് പോസ്റ്റ്മോർട്ടത്തിൽ കണ്ടെത്തിയിരുന്നു. ഔദ്യോഗിക ആവശ്യത്തിനായി വാടകയ്ക്കെടുത്ത വീട്ടിൽ ഇന്നലെ രാവിലെയാണ് പി.ജി. മനു തൂങ്ങിമരിച്ചത്.
നിയമസഹായം തേടിയെത്തിയ അതിജീവിതയെ പീഡിപ്പിച്ചെന്ന കേസിൽ പ്രതിയാണ് മുൻ ഗവൺമെന്‍റ് പ്ലീഡർ കൂടിയായ പി.ജി മനു. കർശന വ്യവസ്ഥയോടെ ജാമ്യത്തിൽ തുടരവെയാണ് മറ്റൊരു യുവതിയുമായി ബന്ധപ്പെട്ട് പി.ജി. മനുവിനെതിരെ ലൈംഗിക പീഡന ആരോപണമുയര്‍ന്നത്.
◼️എറണാകുളത്ത് മദ്യലഹരിയിൽ യുവാവ് മദ്യക്കുപ്പികൊണ്ട് ഇതര സംസ്ഥാന തൊഴിലാളിയുടെ തലയ്ക്കടിച്ചു,
എറണാകുളം ആലുവ നഗരത്തില്‍ മദ്യലഹരിയില്‍ യുവാവ് ഇതര സംസ്ഥാന തൊഴിലാളിയെ ആക്രമിച്ചു. ഇന്ന് വൈകിട്ട് അഞ്ചു മണിയോടെയായിരുന്നു സംഭവം. തിരുവനന്തപുരം സ്വദേശിയായ യുവാവാണ് മദ്യക്കുപ്പികൊണ്ട് ഇതര സംസ്ഥാന തൊഴിലാളിയുടെ തലയ്ക്കടിച്ച് പരിക്കേല്‍പ്പിച്ചത്. തലയ്ക്ക് പരിക്കേറ്റ തൊഴിലാളിയെ പൊലീസെത്തി ആശുപത്രിയിലേക്ക് മാറ്റി. അക്രമിയായ യുവാവിനെയും കസ്റ്റഡിയിലെടുത്തിട്ടുണ്ട്. ഇയാളുടെ പോക്കറ്റില്‍ നിന്ന് ഉപയോഗിച്ച സിറിഞ്ചും കണ്ടെടുത്തു.
◼️പി.എം. ശ്രീയെ ചൊല്ലി എൽ.ഡി.എഫിൽ തർക്കം; വലിയ കെണിയെന്ന നിലപാടിൽ ഉറച്ച് സിപിഐ; അടുത്ത മന്ത്രിസഭാ യോഗം പരിഗണിക്കില്ല
പിഎം ശ്രീ പദ്ധതിയിൽ അംഗമാകണമെന്ന വിദ്യാഭ്യാസവകുപ്പിന്റെ നിലപാടിനോട് ഇനിയും യോജിക്കാതെ സി.പി.ഐ. എൽഡിഎഫിൽ ചർച്ച ചെയ്യണമെന്ന ആവശ്യത്തിൽ സിപിഐ ഉറച്ചുനിൽക്കുന്നതോടെ ഈയാഴ്ച ചേരുന്ന മന്ത്രിസഭാ യോഗത്തിലും ഇക്കാര്യത്തിൽ തീരുമാനമെടുക്കാനാകില്ല. പിഎം ശ്രീയിൽ ചേരാത്തതിനാൽ സമഗ്ര ശിക്ഷാ കേരള ഫണ്ട് കൂടി തടഞ്ഞുവെക്കുന്ന കേന്ദ്ര നിലപാടിനെ ചോദ്യം ചെയ്യാതിരിക്കുന്നത് ശരിയല്ലെന്ന വാദമാണ് സിപിഐ മുന്നോട്ടുവെക്കുന്നത്.പിഎം ശ്രീയിൽ ചേരാനുള്ള വിദ്യാഭ്യാസവകുപ്പ് നീക്കത്തെ കഴിഞ്ഞ മന്ത്രിസഭാ യോഗത്തിൽ സിപിഐ മന്ത്രിമാർ ശക്തമായി എതിർത്തിരുന്നു.
◼️ പണത്തെച്ചൊലിയുള്ള തർക്കം അവസാനിച്ചത് കൊലപാതകത്തിൽ
തിരുവല്ല കിഴക്കൻ ഓതറയിൽ യുവാവിനെ ബന്ധു കുത്തിക്കൊന്നു. ഏറെ നാളായുള്ള സാന്പത്തിക തർക്കത്തിനൊടുവിലാണ് 34കാരൻ മനോജിനെ ബന്ധുവും അയൽവാസിയുമായ രാജൻ കൊലപ്പെടുത്തിയത്. പരിക്കേറ്റ രാജനും മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലാണ്.
◼️വെയ്റ്റിംഗ് ലിസ്റ്റ്റ്റിൽ ഉൾപ്പെട്ട, ക്രമനമ്പർ 3401 വരെയുള്ളവർ തെരഞ്ഞെടുക്കപ്പെട്ടതായി സംസ്ഥാന ഹജ്ജ് കമ്മിറ്റി
2025 വർഷത്തെ ഹജ്ജ് കർമ്മത്തിന് കേരള സംസ്ഥാന ഹജ്ജ് കമ്മിറ്റി മുഖേന അപേക്ഷിച്ച് നറുക്കെടുപ്പിലൂടെ വെയ്റ്റിംഗ് ലിസ്റ്റ്റ്റിൽ ഉൾപ്പെട്ട, അണ്ടർടേക്കിംഗ് സമർപ്പിച്ചവരിൽ വെയ്റ്റിംഗ് ലിസ്റ്റ് ക്രമ നമ്പർ 3401 വരെയുള്ള അപേക്ഷകർക്ക് കൂടി ഹജ്ജിന് അവസരം ലഭിച്ചു. പുതുതായി വെയ്റ്റിംഗ് ലിസ്റ്റിൽ നിന്നും തിരഞ്ഞെടുക്കപ്പെട്ടവർ 2025 ഏപ്രിൽ 15-നകം അതാത് അപേക്ഷകരുടെ എംബാർക്കേഷൻ അടിസ്ഥാനത്തിലുള്ള മൊത്തം തുക അടവാക്കണം.
◼️’അച്ഛനെതിരെ കേസെടുക്കും’; പാലക്കാട് മദ്യം വാങ്ങാൻ ബെവ്കോയിൽ മകളെ ക്യൂവിൽ നിർത്തിയ സംഭവത്തിൽ നടപടിയെന്ന് പൊലീസ്
പാലക്കാട് തൃത്താല ബെവ്കോ ഔട്ട്ലെറ്റിൽ മദ്യം വാങ്ങാൻ മകളെ കൊണ്ടുവന്ന സംഭവത്തിൽ അച്ഛനെതിരെ കേസെടുക്കുമെന്ന് പൊലീസ്. ദൃശ്യം കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിൽ ഞാങ്ങാട്ടിരി സ്വദേശിയാണെന്ന് പൊലീസ് കണ്ടെത്തിയിരുന്നു. ഇന്ന് ഉച്ചയ്ക്ക് ശേഷം തൃത്താല സ്റ്റേഷനിലെത്തിയ അച്ഛൻറെ വിശദമായ മൊഴി പൊലീസ് രേഖപ്പെടുത്തി. ബാലാവകാശ നിയമ പ്രകാരം കേസെടുക്കുമെന്നാണ് സൂചന. അതേസമയം അച്ഛനെതിരെ ബാലാവകാശ കമ്മിഷനിൽ പരാതി നൽകാനൊരുങ്ങി നാട്ടുകാ൪. കഴിഞ്ഞ ദിവസം രാത്രി എട്ടു മണിയോടെയാണ് കരിമ്പനക്കടവിലെ ബെവ്കോ പ്രീമിയം ഔട്ട്ലെറ്റിൽ മദ്യം വാങ്ങാനെത്തിയപ്പോൾ ഒപ്പം പത്തു വയസുകാരിയായ മകളെയും വരിനി൪ത്തിയത്.
◼️ഇംഗ്ലീഷ് മീഡിയം പാഠപുസ്തകങ്ങൾക്ക് ഹിന്ദി തലക്കെട്ട്, ‘ഇത് യുക്തിരാഹിത്യം’; പിൻവലിക്കണമെന്ന് വി ശിവൻകുട്ടി
ഇംഗ്ലീഷ് മീഡിയം പാഠപുസ്തകങ്ങൾക്ക് ഹിന്ദി തലക്കെട്ട് കൊണ്ട് വരാനുള്ള എൻസിഇആർടി തീരുമാനം പുന:പരിശോധിക്കണമെന്ന് മന്ത്രി വി ശിവൻകുട്ടി. ഇംഗ്ലീഷ് മീഡിയം പാഠപുസ്തകങ്ങൾക്ക് ഹിന്ദി തലക്കെട്ടുകൾ നൽകാനുള്ള തീരുമാനം ഗുരുതരമായ യുക്തിരാഹിത്യമാണെന്ന് മന്ത്രി പറഞ്ഞു. ഇത് നമ്മുടെ ദേശത്തിന്‍റെ ഭാഷാ വൈവിധ്യത്തെ അട്ടിമറിക്കുന്ന സാംസ്കാരിക അടിച്ചേൽപ്പിക്കലിന്‍റെ ഉദാഹരണമാണ്. എൻസിഇആർടിയുടെ ഈ തീരുമാനം ഫെഡറൽ തത്വങ്ങൾക്കും ഭരണഘടനാ മൂല്യങ്ങൾക്കും എതിരെയുള്ള നടപടിയാണ്. ഈ തീരുമാനം പുനപരിശോധിക്കുകയും പിൻവലിക്കുകയും ചെയ്യണമെന്ന് മന്ത്രി ആവശ്യപ്പെട്ടു.
◼️’രേഖ ചോർത്തിയവർക്ക് പണി വരുന്നുണ്ട്’, അഴിമതി രേഖകൾ ചോർത്തിയവർക്കെതിരെ ഭീഷണി സന്ദേശവുമായി അനർട്ട് സിഇഒ
ആദിവാസി ഉന്നതികളിലെ അനർട്ട് അഴിമതി രേഖകൾ ചോർത്തിയവർക്കെതിരെ ഭീഷണി സന്ദേശവുമായി അനർട്ട് സിഇഒ. അഴിമതി വാർത്ത പുറത്തു വന്നതിന് പിന്നാലെയാണ് അനർട്ട് ചുമതലക്കാരുടെ വാട്സ്അപ്പ് ഗ്രൂപ്പിലാണ് ആരോപണ വിധേയനായ അനർട്ട് സിഇഒ നരേന്ദ്രനാഥ് വേലൂരി സന്ദേശമയച്ചത്. സിഇഒയുടെ ഔദ്യോഗിക നമ്പറിൽ നിന്നാണ് സന്ദേശം അയച്ചിരിക്കുന്നത്. രേഖ പുറത്തുവിട്ട ആളുകൾക്ക് ഭീഷണി നൽകുന്നതാണ് സന്ദേശം. വിവരം ചോർത്തിയവർക്കെതിരെ ഒറ്റക്കെട്ടായി പ്രതിരോധം തീർക്കണമെന്നും സന്ദേശം ആവശ്യപ്പെടുന്നത്.