സായാഹ്ന വാർത്താമുദ്ര
17-04-2025
◾ വഖഫ് സ്വത്തുക്കളില്‍ തല്‍സ്ഥിതി തുടരണമെന്ന് സുപ്രീം കോടതി ഇടക്കാല ഉത്തരവ്. അടുത്ത തവണ കേസ് പരിഗണിക്കുന്നതു വരെ വഖഫ് ബോര്‍ഡുകളില്‍ നിയമനം നടത്തരുതെന്നും കോടതി പുറപ്പെടുവിച്ച ഇടക്കാല വിധിയില്‍ പറയുന്നുണ്ട്. അതേസമയം പുതിയ വഖഫ് ഭേദഗതി നിയമം പൂര്‍ണമായും സ്റ്റേ ചെയ്യില്ലെന്ന് വ്യക്തമാക്കിയ സുപ്രീം കോടതി നിയമം ആര്‍ക്കും ബുദ്ധിമുട്ടുണ്ടാക്കരുതെന്നും വാദത്തിനിടെ ചൂണ്ടിക്കാട്ടി. വിശദമായ മറുപടി നല്‍കാന്‍ കേന്ദ്രസര്‍ക്കാരിന് ഒരാഴ്ചത്തെ സമയം സുപ്രീം കോടതി അനുവദിച്ചിട്ടുണ്ട്.
◾ സിനിമാ സെറ്റിലെ ദുരനുഭവവുമായി ബന്ധപ്പെട്ട് നടി വിന്‍സി അലോഷ്യസ് താരസംഘടനയായ അമ്മയ്ക്ക് പരാതി നല്‍കി. നടന്‍ ഷൈന്‍ ടോം ചാക്കോയ്ക്കെതിരെയാണ് വിന്‍സിയുടെ പരാതിയെന്ന് വിവരം പുറത്തായി. ലഹരി ഉപയോഗിച്ച് തന്നോട് മോശമായി പെരുമാറിയെന്നും സൂത്രവാക്യം എന്ന ചിത്രത്തിന്റെ സെറ്റില്‍വെച്ചായിരുന്നു സംഭവമെന്നും പരാതിയിലുണ്ട്. താരസംഘടനയ്ക്ക് പുറമേ ഫിലിം ചേംബറിനും വിന്‍സി പരാതി നല്‍കിയിട്ടുണ്ട്.
◾ ഷൈന്‍ ടോം ചാക്കോക്കെതിരെ പരാതി നല്‍കിയതിന് പിന്നാലെ ഫിലിം ചേംബറിനും ജനറല്‍ സെക്രട്ടറി സജി നന്ത്യാട്ടിനുമെതിരെ രൂക്ഷവിമര്‍ശനവുമായി നടി വിന്‍സി അലോഷ്യസ്. ഷൈന്‍ ടോം ചാക്കോയുടേയോ സിനിമയുടേയോ പേര് പുറത്തുവിടരുതെന്ന് തന്നോട് സംസാരിച്ച സംഘടനകളോടും വ്യക്തികളോടും നൂറുവട്ടം പറഞ്ഞതാണെന്നും എന്നിട്ടും അവരത് ചെയ്തിട്ടുണ്ടെങ്കില്‍ എന്താണ് അവരുടെ ബോധമെന്നും വിന്‍സി ചോദിച്ചു. ആ ബോധമില്ലായ്മയുടെ കയ്യിലാണല്ലോ പരാതി സമര്‍പ്പിച്ചത് എന്ന കുറ്റബോധമാണ് ഇപ്പോള്‍ തനിക്കുള്ളതെന്നും അവര്‍ പറഞ്ഞു. ഒരാളുടെ മോശം പെരുമാറ്റം കാരണം ഒരു സിനിമ മുഴുവന്‍ അതിന്റെ പ്രശ്‌നങ്ങള്‍ അനുഭവിക്കരുതെന്നും അദ്ദേഹം അഭിനയിച്ച പുറത്തിറങ്ങാനുള്ള സിനിമകളുടെ വിജയപരാജയങ്ങളെ ബാധിക്കരുതെന്നും കരുതിയാണ് പേര് വെളിപ്പെടുത്താതിരുന്നതെന്നും വിന്‍സി വ്യക്തമാക്കി.
◾ വിന്‍സി അലോഷ്യസിന്റെ വെളിപ്പെടുത്തലില്‍ അന്വേഷണം ഉണ്ടാകുമെന്ന് എം.ബി. രാജേഷ്. വിന്‍സി അലോഷ്യസിന്റെ വെളിപ്പെടുത്തല്‍ ഗൗരവമേറിയതാണെന്നും സിനിമാ മേഖലയില്‍ മാത്രമല്ല മറ്റ് ഏതു മേഖലയിലായാലും ലഹരി ഉപയോഗത്തിനെതിരായ നടപടി എക്സൈസ് കൈക്കൊള്ളുമെന്നും എക്സൈസ് മന്ത്രി വിശദമാക്കി. കേസെടുക്കുന്നതിനും പരിശോധിക്കുന്നതിനും വകുപ്പിന് പ്രത്യേക നിര്‍ദ്ദേശം നല്‍കേണ്ടതില്ലെന്നും വകുപ്പ് സ്വമേധയാ നടപടി സ്വീകരിക്കുമെന്നും മന്ത്രി വിശദമാക്കി.
◾ സിനിമാ സെറ്റില്‍ ലഹരി ഉപയോഗിച്ച് നടന്‍ മോശമായി പെരുമാറിയെന്ന പരാതി അമ്മയുടെ മൂന്നംഗ സമിതി അന്വേഷിക്കും. സരയൂ , വിനുമോഹന്‍, അന്‍സിബ എന്നിവരാണ് മൂന്നംഗ സമിതി. ഇന്നു തന്നെ റിപ്പോര്‍ട്ട് നല്‍കാനാണ് നിര്‍ദ്ദേശം. റിപ്പോര്‍ട്ട് ലഭിച്ചാല്‍ ഉടന്‍ നടപടി എടുക്കുമെന്നാണ് അമ്മ വിശദമാക്കിയത്. ഷൈന്‍ ടോം ചാക്കോയെ പുറത്താക്കാന്‍ താര സംഘടന അമ്മ അഡ്ഹോക്ക് കമ്മിറ്റി ഭാരവാഹികള്‍ കൂടിയാലോചന നടത്തി. ഷൈന്‍ ടോം ചാക്കോയെ പുറത്താക്കി കൊണ്ടുള്ള തീരുമാനും ഉടന്‍ ഉണ്ടായേക്കും.
◾ നടി വിന്‍സി അലോഷ്യസിന്റെ പരാതി വളരെ ഗൗരവമായി എടുക്കുന്നുവെന്നും ഷൈന്‍ ടോം ചാക്കോയുടെ ഭാഗം കൂടി കേട്ട ശേഷം തീരുമാനം എടുക്കുമെന്നും അമ്മ അഡ് ഹോക്ക് കമ്മറ്റി അംഗം ജോയ് മാത്യു പ്രതികരിച്ചു. വിന്‍സിയുടെ രേഖാ മൂലമുള്ള പരാതി കിട്ടിയിരുന്നു. എല്ലാ കാര്യങ്ങളും പരിശോധിച്ച ശേഷം നടപടിയെന്നും പരാതിക്കാരിയുടെ കൂടെയാണ് സംഘടനയെന്നും നടന്ന കാര്യങ്ങളെ കുറിച്ച് ഷൈന്‍ ടോം ചാക്കോയോട് വിശദീകരണം തേടുമെന്നും ജോയ് മാത്യു വിശദമാക്കി.
◾ നടന്‍ ഷൈന്‍ ടോം ചാക്കോയ്ക്ക് എതിരെ രംഗത്ത് എത്തിയ നടി വിന്‍സി അലോഷ്യസിനെ പ്രശംസിച്ച് ഡബ്ല്യൂ.സി.സി. സഹനടനില്‍ നിന്നുണ്ടായ മോശമായ പെരുമാറ്റത്തെ എതിര്‍ത്തുകൊണ്ട് ശബ്ദമുയര്‍ത്തിയ വിന്‍സിയുടെ ആത്മധൈര്യത്തിന് അഭിവാദ്യങ്ങളെന്നും സിനിമ സെറ്റുകളില്‍ വ്യാപകമായ മദ്യപാനവും മറ്റു മാരകമായ ലഹരി ഉപയോഗവും ഉണ്ടെന്ന നഗ്നസത്യത്തെയാണ് ഇതിലൂടെ അവര്‍ ശ്രദ്ധയില്‍പ്പെടുത്തുന്നതെന്നും സംഘടന പറഞ്ഞു.
◾ ലഹരി പരിശോധനക്കിടെ നടന്‍ ഷൈന്‍ ടോം ചാക്കോ ഹോട്ടലില്‍ നിന്നും ഇറങ്ങിയോടുന്നതിന്റെ സി.സി.ടി.വി ദൃശ്യങ്ങള്‍ പുറത്ത്. കലൂരിലുള്ള ഹോട്ടലില്‍ നിന്നാണ് ഷൈന്‍ ഇറങ്ങി ഓടിയത്. മൂന്നാം നിലയിലെ മുറിയുടെ ജനാല വഴി ഷൈന്‍ രണ്ടാം നിലയിലെ ഷീറ്റിനു മുകളിലേക്ക് ചാടി. തുടര്‍ന്ന് രണ്ടാം നിലയിലെ സ്വിമ്മിംഗ് പൂളിലേക്ക് ചാടിയ ശേഷം സ്റ്റെയര്‍കെയ്സ് വഴി ഷൈന്‍ ഓടി രക്ഷപ്പെടുകയായിരുന്നു. ഇതിന്റെ സി.സി.ടി.വി ദൃശ്യങ്ങളാണ് പുറത്ത് വന്നത്. ഷൈനിനു വേണ്ടി പൊലീസ് അന്വേഷണം വിപുലമാക്കി.
◾ ഇംഗ്ലീഷ് മീഡിയം പാഠപുസ്തകങ്ങള്‍ക്ക് ഹിന്ദി തലക്കെട്ടുകള്‍ നല്‍കാനുള്ള എന്‍സിഇആര്‍ടി തീരുമാനത്തിനെതിരെ രംഗത്തെത്തിയ കേരളാ പൊതു വിദ്യാഭ്യാസ വകുപ്പ് മന്ത്രി വി. ശിവന്‍കുട്ടിക്ക് മറുപടിയായി എന്‍സിഇആര്‍ടി. പാഠപുസ്തകങ്ങള്‍ക്ക് സംഗീതോപകരണങ്ങളുടെയും ക്ലാസിക്കല്‍ രാഗങ്ങളുടെയും പേരുകളാണ് നല്‍കിയതെന്നും ഇന്ത്യയുടെ സംഗീത പൈതൃകം പൊതുവായുള്ളതാണെന്നുമാണ് വിശദീകരണം. ഇംഗ്ലീഷ് മീഡിയം പാഠപുസ്തകങ്ങള്‍ക്ക് ഹിന്ദി തലക്കെട്ടുകള്‍ നല്‍കാനുള്ള തീരുമാനം ഗുരുതരമായ യുക്തിരാഹിത്യമാണെന്നായിരുന്നു മന്ത്രി വി. ശിവന്‍കുട്ടിയുടെ വിമര്‍ശനം.
◾ വയനാട്ടിലെ ഉരുള്‍പൊട്ടല്‍ ദുരന്തബാധിതര്‍ക്കുള്ള 300 രൂപ സഹായവും ഭക്ഷ്യ കൂപ്പണ്‍ വിതരണവും പുനസ്ഥാപിക്കാനുള്ള നടപടി തുടങ്ങി സര്‍ക്കാര്‍. സാമ്പത്തിക സഹായം ലഭിക്കുന്നതിന് ഉപജീവനമാര്‍ഗ്ഗം ഇല്ലെന്ന സത്യവാങ്മൂലം ദുരന്തബാധിതര്‍ നല്‍കണമെന്ന് സര്‍ക്കാര്‍ അറിയിച്ചു. ഏപ്രില്‍ 19 മുതല്‍ സത്യവാങ്മൂലം നല്‍കണമെന്നാണ് നിര്‍ദ്ദേശം.
◾ ഓടികൊണ്ടിരിക്കുന്ന വാഹനങ്ങളുടെ ഫോട്ടോയെടുത്ത് അനധികൃതമായി കേസെടുക്കാന്‍ പാടില്ലെന്ന് ഗതാഗത കമ്മീഷണര്‍ ഉത്തരവിട്ടു. ഓടികൊണ്ടിരിക്കുന്ന വാഹനങ്ങളുടെ ചിത്രമെടുത്ത് ലൈസന്‍സ് ഇല്ല, വാഹന പുക പരിശോധന നടത്തിയില്ല തുടങ്ങിയ പേരുകളില്‍ കേസെടുക്കരുതെന്ന് ഗതാഗത കമ്മീഷണര്‍ ഉത്തരവില്‍ വ്യക്തമാക്കുന്നു. ഇത്തരത്തില്‍ കേസുകളെടുക്കുന്നത് വകുപ്പിന് മോശം പേരുണ്ടാക്കുന്നുവെന്നാണ് ഗതാഗത കമ്മീഷണറുടെ ഉത്തരവില്‍ പറയുന്നത.് വ്യക്തമായ തെളിവുണ്ടെങ്കില്‍ മാത്രം കേസെടുക്കണമെന്നാണ് ഗതാഗത കമ്മീഷണറുടെ നിര്‍ദ്ദേശം.
◾ രാഹുല്‍ മാങ്കൂട്ടത്തില്‍ എംഎല്‍എക്കെതിരായ കൊലവിളി പ്രസംഗത്തില്‍ ബിജെപി നേതാക്കള്‍ക്കെതിരെ പൊലീസ് കേസെടുത്തു. ബിജെപി ജില്ലാ അധ്യക്ഷന്‍ പ്രശാന്ത് ശിവന്‍, ജില്ലാ ജനറല്‍ സെക്രട്ടറി ഓമനക്കുട്ടന്‍ എന്നിവര്‍ക്കെതിരെയാണ് കേസെടുത്തിരിക്കുന്നത്. വീഡിയോ തെളിവുകള്‍ ഉള്‍പ്പെടെ പരിശോധിച്ചാണ് നടപടി.
◾ എംഎല്‍എയുടെ തലവെട്ടുമെന്ന് പറഞ്ഞിട്ടില്ലെന്നും തല ആകാശത്ത് വെച്ച് നടക്കേണ്ടി വരുമെന്നാണ് പറഞ്ഞതെന്നും ബിജെപി പാലക്കാട് ഈസ്റ്റ് ജില്ലാ പ്രസിഡന്റ് പ്രശാന്ത് ശിവന്‍. ആലങ്കാരിക പ്രയോഗമാണ് നടത്തിയത്, കാലു കുത്താന്‍ അനുവദിക്കില്ല എന്നാണ് പറഞ്ഞത്. അതിനര്‍ഥം കാലുവെട്ടുമെന്നല്ലെന്നും പ്രശാന്ത് ശിവന്‍ പറഞ്ഞു. രാഹുല്‍ മാങ്കൂട്ടത്തില്‍ എംഎല്‍എക്കെതിരെ നടത്തിയ പരാമര്‍ശത്തിലാണ് പ്രശാന്ത് ശിവന്റെ പ്രതികരണം.
◾ എന്തൊക്കെ സംഘര്‍ഷം നടന്നാലും നൈപുണ്യ വികസന കേന്ദ്രത്തിന് ഹെഡ്ഗേവാറിന്റെ പേര് തന്നെ നല്‍കുമെന്ന് വ്യക്തമാക്കി പാലക്കാട് നഗരസഭ. ഭിന്ന ശേഷിക്കാര്‍ക്ക് ഉപകാര പ്രദമാകുന്ന പദ്ധതി ഇല്ലാതാക്കാനാണ് കോണ്‍ഗ്രസിന്റെ ശ്രമം . രാഹുല്‍ മാങ്കൂട്ടത്തില്‍ എം.എല്‍.എക്കെതിരെ കൊലവിളി പ്രസംഗം നടത്തിയെന്ന ആരോപണം ശരിയല്ലെന്നും നഗരസഭ വൈസ് ചെയര്‍മാന്‍ അഡ്വ. ഇ.കൃഷ്ണദാസ് പറഞ്ഞു.
◾ വഖഫ് ഭേദഗതികളില്‍ ഗൗരവത്തില്‍ ഇടപെടല്‍ നടത്തണമെന്ന് സുപ്രീം കോടതി ചിന്തിക്കുന്നു എന്നാണ് ഇന്നലത്തെ കോടതി നിരീക്ഷണത്തില്‍ നിന്നും വ്യക്തമായതെന്ന് ഇ.ടി മുഹമ്മദ് ബഷീര്‍ എംപി. വഖഫ് വസ്തുവില്‍ തര്‍ക്കം ഉന്നയിച്ചു പരാതി നല്‍കുന്ന മുറയ്ക്കുതന്നെ വസ്തു വഖഫ് അല്ലാതായി മാറുന്ന വകുപ്പിന് എതിരെ കോടതി എടുത്ത നിലപാട് സുപ്രധാനമാണെന്ന് ഇടി മുഹമ്മദ് ബഷീര്‍ പ്രതികരിച്ചു.
◾ സസ്പെന്‍ഷനില്‍ കഴിയുന്ന ഐഎഎസ് ഉദ്യോഗസ്ഥന്‍ എന്‍. പ്രശാന്ത്, ചീഫ് സെക്രട്ടറിയുടെ ഹിയറിംഗില്‍ നടന്ന കാര്യങ്ങള്‍ വെളിപ്പെടുത്തി ഫേസ് ബുക്കില്‍ പോസ്റ്റിട്ടു. ഓരോ ഫയലും ഓരോ ജീവനെടുക്കാനുള്ള അവസരമായി കാണരുതെന്നും ആറ് മാസത്തില്‍ തീര്‍പ്പാക്കണമെന്ന് നിയമമുണ്ടായിരിക്കെ മൂന്ന് വര്‍ഷമായിട്ടും ഫയല്‍ പൂഴ്ത്തി വെച്ച്, അതിന്റെ പേരില്‍ 2022 മുതല്‍ അകാരണമായും നിയമവിരുദ്ധമായും തടഞ്ഞ് വെച്ച പ്രമോഷന്‍ ഉടനടി നല്‍കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. ചട്ടങ്ങളും നിയമങ്ങളും സര്‍ക്കാറിന് ബാധകമാണെന്നും അതിന് വിപരീതമായി പ്രവര്‍ത്തിച്ചിട്ട് ‘ന്നാ താന്‍ പോയി കേസ് കൊട്’ എന്ന് പറയുന്നത് നീതിയുക്തമായ ഭരണസംവിധാനത്തിന് ഭൂഷണമല്ലെന്നും പ്രശാന്ത് പോസ്റ്റില്‍ പറയുന്നു. താനിതുവരെ സര്‍ക്കാറിനെതിരെ ഒരു കേസും കൊടുത്തിട്ടില്ലെന്നും അതിന് ദയവായി സാഹചര്യം ഒരുക്കരുതെന്നും പ്രശാന്ത് കൂട്ടിച്ചേര്‍ക്കുന്നു.
◾ അഷ്ടമുടി കേന്ദ്രീകരിച്ച് 59 കോടി രൂപയുടെ വിനോദസഞ്ചാര വികസന പദ്ധതി കൂടി നടപ്പിലാക്കുമെന്ന് ധനകാര്യ വകുപ്പ് മന്ത്രി കെ എന്‍ ബാലഗോപാല്‍. സി കേശവന്‍ സ്മാരക ടൗണ്‍ഹാളില്‍ സംസ്ഥാന മന്ത്രിസഭ വാര്‍ഷികത്തോടനുബന്ധിച്ച സംഘാടക സമിതി യോഗം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
◾ മണലടിഞ്ഞ മുതലപ്പൊഴിയില്‍ പ്രതിഷേധവുമായി മത്സ്യത്തൊഴിലാളികള്‍. പൊഴി മുറിക്കാന്‍ എത്തിയ ഉദ്യോഗസ്ഥരെ മത്സ്യത്തൊഴിലാളികള്‍ തടഞ്ഞു. ഡ്രഡ്ജിംഗ് കാര്യക്ഷമമാക്കാതെ പൊഴി മുറിക്കാന്‍ അനുവദിക്കില്ലെന്നാണ് തൊഴിലാളികളുടെ നിലപാട്. ഹാര്‍ബര്‍ എഞ്ചിനിയറിംഗ് അസി. എക്സിക്യൂട്ടീവ് എഞ്ചിനീയര്‍ സമരക്കാരുമായി ചര്‍ച്ച നടത്തും.
◾ തെരുവ് നായയുടെ ആക്രമണത്തില്‍ 12കാരിക്ക് ഗുരുതര പരിക്ക്. വയനാട് കണിയാമ്പറ്റയില്‍ ഇന്ന് രാവിലെ ആറ് മണിയോടെയാണ് സംഭവം. പള്ളിത്താഴെ മദ്രസയിലേക്ക് പോകുമ്പോഴാണ് നാല് നായ്ക്കള്‍ ചേര്‍ന്ന് പാറക്കല്‍ നൗഷാദിന്റെ മകള്‍ സിയ ഫാത്തിമയെ ആക്രമിച്ചത്. കുട്ടിയുടെ തലക്കും ദേഹത്തുമെല്ലാം നായയുടെ ആക്രമണത്തില്‍ ആഴത്തില്‍ പരിക്കേറ്റിട്ടുണ്ട്. കുട്ടിയെ കൈനാട്ടി താലൂക്ക് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
◾ ഇന്ത്യയിലെ ഡബിള്‍ ഡെക്കര്‍ ട്രെയിന്‍ സര്‍വീസ് ശൃംഖലയില്‍ ഇടംനേടാന്‍ കേരളം. തമിഴ്‌നാട്ടില്‍ നിന്ന് നിലവിലുള്ള ഡബിള്‍ ഡെക്കര്‍ സര്‍വീസുകളില്‍ ഒന്ന് കേരളത്തിലേക്ക് നീട്ടാനാണ് റെയില്‍വേ ആലോചിക്കുന്നത്. ഇതിന്റെ ഭാഗമായി സംസ്ഥാനത്ത് കഴിഞ്ഞ വര്‍ഷം ഏപ്രിലില്‍ തന്നെ ഡബിള്‍ ഡെക്കര്‍ ട്രെയിനിന്റെ ട്രയല്‍ റണ്‍ പൂര്‍ത്തിയായി കഴിഞ്ഞിരുന്നു.
◾ ഛത്തീസ്ഗഡില്‍ 22 മാവോയിസ്റ്റുകളെ അറസ്റ്റ് ചെയ്തു. ബീജാപൂര്‍ ജില്ലയിലെ ടെക്മെല്‍ട്ട ഗ്രാമത്തിലെ കാട്ടുപ്രദേശത്ത് പൊലീസ് നടത്തിയ ഓപ്പറേഷനിലാണ് സംഘം പിടിയിലായത്. ഇവരില്‍ നിന്ന് സ്ഫോടക വസ്തുക്കളും പിടിച്ചെടുത്തിട്ടുണ്ട്. പിടികൂടിയവര്‍ 19 നും 45 നുമിടയില്‍ പ്രായമുള്ളവരാണെന്നാണ് വിവരം.
◾ ചൈനയ്ക്കെതിരായ യുദ്ധ പദ്ധതികളെ കുറിച്ച് എലോണ്‍ മസ്‌കിന് പെന്റഗണില്‍ നിന്ന് രഹസ്യ വിവരം ലഭിക്കുന്നുണ്ടെന്ന് അറിഞ്ഞ് യുഎസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ് രോഷാകുലനായെന്ന് റിപ്പോര്‍ട്ട്. ചൈനയില്‍ കോടിക്കണക്കിന് ഡോളറിന്റെ ബിസിനസ് മസ്‌കിന് ഉള്ളതിനാല്‍ ചൈനക്കെതിരായ രഹസ്യ പദ്ധതികളെ കുറിച്ച് മസ്‌കിനെ അറിയിക്കരുതെന്ന് ട്രംപ് കര്‍ശന നിര്‍ദേശം നല്‍കിയെന്നാണ് വിവരം.
ഇന്നത്തെ വിനിമയ നിരക്ക്
ഡോളര്‍ – 85.55, പൗണ്ട് – 113.32, യൂറോ – 97.34, സ്വിസ് ഫ്രാങ്ക് – 104.60, ഓസ്‌ട്രേലിയന്‍ ഡോളര്‍ – 54.33, ബഹറിന്‍ ദിനാര്‍ – 227.01, കുവൈത്ത് ദിനാര്‍ -278.99, ഒമാനി റിയാല്‍ – 222.22, സൗദി റിയാല്‍ – 22.80, യു.എ.ഇ ദിര്‍ഹം – 23.29, ഖത്തര്‍ റിയാല്‍ – 23.49, കനേഡിയന്‍ ഡോളര്‍ – 61.68.