Saturday, April 19, 2025
KERALA NEWSNews SPECIAL

പ്രഭാത വാർത്തകൾ

◾ അനധികൃത സ്വത്ത് സമ്പാദനക്കേസില്‍ സി.ബി.ഐ അന്വേഷണത്തിന് ഹൈക്കോടതി ഉത്തരവിട്ടിട്ടും ചീഫ് പ്രിന്‍സിപ്പല്‍ സെക്രട്ടറി കെ.എം. എബ്രഹാമിനെ മുഖ്യമന്ത്രി പിണറായി വിജയന്‍ സംരക്ഷിക്കുന്നുവെന്ന് ആരോപണം. കേസില്‍ എബ്രഹാം ഉന്നയിച്ച നിയമപ്രശ്നങ്ങള്‍ തള്ളിക്കളയാനാകില്ലെന്നാണ് മുഖ്യമന്ത്രിയുടെ പ്രതികരണം. തനിക്കെതിരായ ഗൂഢാലോചന അന്വേഷിക്കണമെന്ന ഏബ്രഹാമിന്റെ ആവശ്യം സര്‍ക്കാര്‍ അംഗീകരിക്കാനാണ് സാധ്യത.
◾ സംസ്ഥാനത്തെ വിവിധ വകുപ്പുകളില്‍ അഴിമതി നടത്തുന്നവരുടെയും കൈക്കൂലി വാങ്ങുന്നവരുടെയും പട്ടിക തയ്യാറാക്കി നിരീക്ഷിക്കുന്നുണ്ടെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. കൈക്കൂലി ആവശ്യപ്പെടുകയോ സ്വീകരിക്കുകയോ ചെയ്യുന്ന ഉദ്യോഗസ്ഥരെ കുടുക്കാന്‍ വിഎസിബി ഓപ്പറേഷന്‍ സ്‌പോട്ട് ട്രാപ് എന്ന പദ്ധതി നടപ്പാക്കുന്നുണ്ട്. 700 ഉദ്യോഗസ്ഥര്‍ അഴിമതിക്കാരുടെ പട്ടികയിലുണ്ടെന്നും പട്ടികയിലുള്ള ചില ഉദ്യോഗസ്ഥര്‍ വിജിലന്‍സ് പിടിയിലായതായും മുഖ്യമന്ത്രി പറഞ്ഞു.
◾ പാലക്കാട് എം.എല്‍.എ രാഹുല്‍ മാങ്കൂട്ടത്തിനെതിരെ കൊലവിളി പ്രസംഗം നടത്തിയ ബിജെപി നേതൃത്വത്തിനെതിരെ ബിജെപി ജില്ലാ കമ്മിറ്റി ഓഫീസിലേക്ക് യൂത്ത് കോണ്‍ഗ്രസ് നടത്തിയ മാര്‍ച്ചില്‍ സംഘര്‍ഷം. സന്ദീപ് വാര്യരാണ് മാര്‍ച്ച് ഉദ്ഘാടനം ചെയ്തത്. പട്ടാപ്പകല്‍ പാലക്കാട് രാഷ്ട്രീയ പ്രവര്‍ത്തനം നടത്തുമെന്നും ആര്‍ക്കെങ്കിലും എന്തെങ്കിലും ചെയ്യണമെന്നുണ്ടെങ്കില്‍ നേരിട്ട് വരാമെന്നും സന്ദീപ് വാര്യര്‍ വെല്ലുവിളിച്ചു. സന്ദീപ് വാര്യരേയും പ്രവര്‍ത്തകരേയും അറസ്റ്റ് ചെയ്ത് സൗത്ത് പൊലീസ് സ്റ്റേഷനില്‍ എത്തിച്ചതോടെ രാഹുല്‍ മാങ്കൂട്ടത്തിലും പ്രവര്‍ത്തകരും സ്റ്റേഷന് മുന്നിലെത്തി പ്രതിഷേധിച്ചു.
◾ മുനമ്പം വിഷയത്തില്‍ ബിജെപിക്കെതിരെ വിമര്‍ശനവുമായി മുഖ്യമന്ത്രി പിണറായി വിജയന്‍. വഖഫ് നിയമ ഭേദഗതി ബില്ലിലൂടെ മുസ്ലിം വിരുദ്ധ അജണ്ട നടപ്പാക്കാനാണ് ബിജെപി ശ്രമിച്ചതെന്നും കുളം കലക്കി മീന്‍ പിടിക്കാന്‍ ബിജെപി ശ്രമിച്ചുവെന്നും പിണറായി വിജയന്‍ കുറ്റപ്പെടുത്തി. അതേസമയം മുനമ്പത്തുകാരുടെ അവകാശം സംരക്ഷിക്കുമെന്ന് പറഞ്ഞ മുഖ്യമന്ത്രി, വഖഫ് വിഷയത്തില്‍ ലീഗിന്റേത് ഇരട്ടത്താപ്പാണെന്നും തളിപ്പറമ്പ് സര്‍ സയ്യിദ് കോളേജില്‍ ലീഗ് സ്വീകരിക്കുന്ന നിലപാട് വ്യത്യസ്തമാണും മുഖ്യമന്ത്രി വിമര്‍ശിച്ചു.
◾ ലഹരിക്കെതിരായ പ്രവര്‍ത്തനം കൂടുതല്‍ ശക്തമാക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. ലഹരിക്കെതിരെ വിപുലമായ പ്രചാരണം നടത്തുമെന്നും രാഷ്ട്രീയ പാര്‍ട്ടികളുടെയും മത മേലധ്യക്ഷന്‍മാരുടെയും പിന്തുണ ഉറപ്പാക്കി സണ്‍ഡേ ക്ലാസിലും മദ്രസ പഠനത്തിലും ലഹരി വിരുദ്ധ പ്രവര്‍ത്തനങ്ങള്‍ക്ക് മുന്‍ഗണന നല്‍കാന്‍ ആവശ്യപ്പെട്ടുവെന്നും മുഖ്യമന്ത്രി പറഞ്ഞു. വിശദമായ അഭിപ്രായം ഒരാഴ്ചക്കുള്ളില്‍ നല്‍കാന്‍ സര്‍വ്വകക്ഷി യോഗത്തില്‍ ആവശ്യപ്പെട്ടുവെന്നും ജൂണില്‍ വിപുലമായ ക്യാമ്പയിന്‍ നടത്തുമെന്നും മുഖ്യമന്ത്രി വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. ലഹരി വ്യാപനം തടയാന്‍ വിളിച്ച സര്‍വ്വകക്ഷി യോഗത്തിന് ശേഷം സംസാരിക്കുകയായിരുന്നു അദ്ദേഹം.
◾ മാസപ്പടിക്കേസില്‍ സിബിഐ അന്വേഷണം ആവശ്യപ്പെട്ടുള്ള ഹര്‍ജി ഹൈക്കോടതി ഫയലില്‍ സ്വീകരിച്ചു. മാധ്യമപ്രവര്‍ത്തകനായ അജയനാണ് ഹര്‍ജിക്കാരന്‍. ഹര്‍ജി വേനലവധിക്ക് ശേഷം മെയ് 27 ന് പരിഗണിക്കാനായി ഹൈക്കോടതി മാറ്റിവെച്ചു. കേസില്‍ എതിര്‍ കക്ഷികളായ മുഖ്യമന്ത്രി പിണറായി വിജയന്‍, മുഖ്യമന്ത്രിയുടെ മകള്‍ വീണ ടി, സിഎംആര്‍എല്‍ കമ്പനി അധികൃതരടക്കം എല്ലാവര്‍ക്കും നോട്ടീസ് അയക്കാനും കോടതി ഉത്തരവായി.
◾ വഖഫ് ഭീകരതയില്‍ വേട്ടക്കാര്‍ക്ക് ഒപ്പം ഓടിയവര്‍ ഇരകളുടെ കൂടെയെന്ന് തെളിയിക്കാന്‍ മുനമ്പത്ത് നുണകളുടെ പെരുമഴ പെയ്യിക്കുകയാണെന്ന് മുന്‍കേന്ദ്രമന്ത്രി വി.മുരളീധരന്‍. മാധ്യമങ്ങളെയെടക്കം തെറ്റിദ്ധരിപ്പിക്കുകയാണ് ഇന്ത്യ സഖ്യമെന്നും കേന്ദ്രമന്ത്രി വാക്ക് പാലിച്ചില്ലെന്ന് കള്ളം പറയുന്നവര്‍ മുനമ്പത്തെ ജനതയക്ക് വേണ്ടി ചെറുവിരല്‍ പോലും അനക്കാത്തവരാണെന്നും മുരളീധരന്‍ പറഞ്ഞു. വഖഫ് ബോര്‍ഡിന്റെ തീരുമാനത്തിനെതിരായ നിയമ പോരാട്ടങ്ങളില്‍ പുതിയ ചട്ടങ്ങള്‍ സാധാരണക്കാര്‍ക്ക് സഹായകമാവുമെന്ന് മുന്‍ കേന്ദ്രമന്ത്രി ചൂണ്ടിക്കാട്ടി.
◾ സാമ്പത്തിക പ്രതിസന്ധികള്‍ക്കിടയിലും മുഖ്യമന്ത്രിയുടെ ഔദ്യോഗിക വസതിയായ ക്ലിഫ് ഹൗസിലെ നീന്തല്‍ കുളത്തിന് വീണ്ടും പണം അനുവദിച്ചു. ടൂറിസം വകുപ്പാണ് നീന്തല്‍ കുളത്തിന്റെ ആറാം ഘട്ട പരിപാലനത്തിനായി നാലര ലക്ഷത്തിലധികം രൂപ അനുവദിച്ചത്. നീന്തല്‍ കുളത്തിന്റെ നവീകരണത്തിനും പരിപാലനത്തിനുമായി ഇതുവരെ അര കോടിയിലേറെ രൂപയാണ് അനുവദിച്ചിരിക്കുന്നത്.
◾ സിപിഎം കണ്ണൂര്‍ ജില്ലാ സെക്രട്ടറിയായി തെരഞ്ഞെടുക്കപ്പെട്ട കെ.കെ. രാഗേഷിനെ പുകഴ്ത്തിയ ദിവ്യ എസ് അയ്യര്‍ക്കെതിരെ ഉയര്‍ന്ന വിമര്‍ശനങ്ങള്‍ക്കെതിരെ പിന്തുണയുമായി കൂടുതല്‍ സി.പി.എം നേതാക്കള്‍ രംഗത്ത്. മുതിര്‍ന്ന സി.പി.എം നേതാക്കളായ കെ.കെ. ശൈലജയും ഇ.പി. ജയരാജനും പിന്തുണയുമായി രംഗത്തെത്തി. ദിവ്യ എസ്. അയ്യര്‍ക്കെതിരായ സൈബര്‍ ആക്രമണം അപലപനീയമാണെന്ന് കെ.കെ. ശൈലജ പറഞ്ഞു. സഹപ്രവര്‍ത്തകര്‍ ചില സ്ഥാനങ്ങളിലേക്ക് വന്നാല്‍ പ്രശംസിക്കുന്നത് സ്വാഭാവികമാണെന്ന് ഇപി ജയരാജനും പ്രതികരിച്ചു.
◾ നിലമ്പൂര്‍ ബൈപ്പാസ് റോഡ് നിര്‍മ്മാണത്തിന് ധനാനുമതി. ബൈപ്പാസ് റോഡ് നിര്‍മ്മാണത്തിന് 227.18 കോടി രൂപയുടെ കോടി രൂപയുടെ പദ്ധതിക്ക് ധനാനുമതി നല്‍കിയതായി ധനകാര്യ മന്ത്രി കെ.എന്‍. ബാലഗോപാല്‍ അറിയിച്ചു. ജ്യോതിപ്പടി മുതല്‍ മുക്കട്ട വരെയും, മുക്കട്ട മുതല്‍ വെളിയംതോട് വരെയും രണ്ടു ഘട്ടമായാണ് ബൈപ്പാസ് റോഡ് നിര്‍മ്മിക്കുക.
◾ എറണാകുളത്തെ വിവാദമായ തൊഴില്‍ ചൂഷണത്തില്‍ അന്വേഷണം നേരിട്ട കമ്പനിയിലെ ജീവനക്കാരനെ കാണാനില്ലെന്ന് പരാതി. പിതാവ് ഹേബിയസ് കോര്‍പ്പസ് ഹര്‍ജിയുമായി ഹൈക്കോടതിയിലെത്തി. കോഴിക്കോട് കോഴിലാണ്ടി പുളിയഞ്ചേരി സ്വദേശി സാരംഗിനെയാണ് കാണാതായത്. കെല്‍ട്രോ കമ്പനിയുടെ തൃപ്പൂണിത്തുറ ശാഖയില്‍ ആണ് സാരംഗ് ജോലി ചെയ്തിരുന്നത്. സാരംഗിനെ കാണാതായതിന് പിന്നില്‍ കെല്‍ട്രോ കമ്പനിക്ക് പങ്കുണ്ടെന്ന് കുടുംബം പറഞ്ഞു.
◾ സിനിമാ സെറ്റില്‍ ലഹരി ഉപയോഗിച്ച ഒരു നടനില്‍ നിന്നുണ്ടായ ദുരനുഭവം തുറന്നുപറഞ്ഞ നടി വിന്‍സി അലോഷ്യസിന് പിന്തുണയുമായി താരസംഘടന അമ്മ. വിന്‍സിയുടെ തുറന്നു പറച്ചില്‍ അഭിനന്ദനാര്‍ഹമാണെന്നും പരാതി ലഭിച്ചാല്‍ ആരോപണവിധേയനെതിരെ നടപടി എടുക്കുമെന്നും താരസംഘടന അറിയിച്ചു. വിഷയം ചര്‍ച്ച ചെയ്യാന്‍ ഇന്നലെ അഡ്ഹോക്ക് കമ്മറ്റി യോഗം ചേര്‍ന്നു. ലഹരി ഉപയോഗിക്കുന്നവര്‍ക്കൊപ്പം ഇനി അഭിനയിക്കില്ലെന്നും ഒരു പ്രധാന നടന്‍ ഒരു ചിത്രത്തിന്റെ സെറ്റില്‍ പരസ്യമായി ലഹരി ഉപയോഗിച്ച് ശല്യമുണ്ടാക്കിയതിനാലാണ് ഇത്തരമൊരു തീരുമാനമെന്നും വിന്‍സി സോഷ്യല്‍ മീഡിയയിലൂടെ വ്യക്തമാക്കിയതിന്റെ പശ്ചാത്തലത്തിലാണ് അമ്മയുടെ തീരുമാനം.
◾ വ്യാജരേഖയുണ്ടാക്കി ഭൂമി തട്ടിയെടുത്തെന്ന കേസില്‍ തീര്‍പ്പ് ആവശ്യപ്പെട്ട് ഗായിക നഞ്ചമ്മ പാലക്കാട് ജില്ലാ കലക്ടറെ കണ്ടു. നഞ്ചമ്മ ജില്ല കലക്ടര്‍ക്ക് രേഖാമൂലം പരാതി കൈമാറി. ഭൂമി വ്യാജരേഖയുണ്ടാക്കി തട്ടിയെടുത്തതാണെന്ന് കണ്ടെത്തിയിട്ടും അവകാശമുന്നയിച്ച് വീണ്ടും പലരും കോടതിയെ സമീപിക്കുന്ന സാഹചര്യത്തിലാണ് പുതിയ നീക്കം.
◾ ഹൈക്കോടതി അഭിഭാഷകന്‍ പി.ജി. മനുവിന്റെ ആത്മഹത്യയുമായി ബന്ധപ്പെട്ട് മൂവാറ്റുപുഴ സ്വദേശി ജോണ്‍സണ്‍ ജോയി അറസ്റ്റില്‍. ഇയാളുടെ നിരന്തര പ്രേരണയിലാണ് പി ജി മനു ആത്മഹത്യ ചെയ്തത് എന്നാണ് പൊലീസിന്റെ പ്രഥമിക നിഗമനം. പി ജി മനുവിന്റെ സമൂഹ മാധ്യമങ്ങളില്‍ പ്രചരിച്ച വീഡിയോ പകര്‍ത്തിയത് ഇയാളെന്നാണ് പൊലീസ് പറയുന്നത്. മനുവിനെതിരെ പ്രചരിപ്പിച്ച വീഡിയോ ജോണ്‍സണ്‍ ചിത്രീകരിച്ചത് കഴിഞ്ഞ വര്‍ഷം നവംബറിലാണെന്നും പൊലീസ് കണ്ടെത്തി.
◾ മദ്യലഹരിയില്‍ അയല്‍വാസികള്‍ക് നേരെ കത്തിവീശി ഭീഷണി മുഴക്കിയ യുവാവിനെ കസ്റ്റഡിയിലെടുത്ത് തിരൂരങ്ങാടി പൊലീസ്. മലപ്പുറം തിരൂരങ്ങാടി മാനിപ്പാടം താമസിക്കുന്ന റാഫി എന്ന ആളാണ് കുട്ടികള്‍ക്കും സ്ത്രീകള്‍ക്കും നേരെ കത്തിയുമായി വന്ന് ഭീഷണി മുഴക്കിയത്. ഇയാളെക്കുറിച്ച് പോലീസില്‍ പരാതിപ്പെട്ടിട്ടും നടപടി എടുക്കുന്നില്ലെന്ന് പരാതി ഉയര്‍ന്നിരുന്നു.
◾ വാടാനപ്പള്ളിയില്‍ മദ്യ ലഹരിയില്‍ സുഹൃത്തിനെ കെട്ടിടത്തിന്റെ മുകളില്‍ നിന്ന് താഴേക്ക് തള്ളിയിട്ട ശേഷം സിമന്റ് ഇഷ്ടിക കൊണ്ട് ക്രൂരമായി ആക്രമിച്ച് കൊലപ്പെടുത്തി. കൊലപാതകശേഷം പൊലീസിനെ വിളിച്ചു വരുത്തി പ്രതി കീഴടങ്ങി. അടൂര്‍, പത്തനംതിട്ട സ്വദേശി പടിഞ്ഞാറ്റേതില്‍ വീട്ടില്‍ അനില്‍കുമാര്‍ ആണ് കൊല്ലപ്പെട്ടത്. കോട്ടയം കാഞ്ഞിപ്പിള്ളി വട്ടകപ്പാറ വീട്ടില്‍ സാജന്‍ ചാക്കോയെ വാടാനപ്പള്ളി പൊലീസ് കസ്റ്റഡിയില്‍ എടുത്തു.
◾ എടിഎം സൗകര്യമുള്ള ഇന്ത്യയിലെ ആദ്യ ട്രെയിന്‍ സര്‍വ്വീസ് തുടങ്ങാനൊരുങ്ങി ഇന്ത്യന്‍ റെയില്‍വേ. മുംബൈ-മന്മദ് പഞ്ച്വഡി എക്സ്പ്രസില്‍ ആണ് ആദ്യഘട്ടത്തില്‍ ഈ സര്‍വ്വീസെത്തുന്നത്. അങ്ങനെ ഇന്ത്യയില്‍ എടിഎം സ്ഥാപിച്ച ആദ്യത്തെ ട്രെയിനായി മാറി പഞ്ച്വഡി എക്സ്പ്രസ്. ട്രെയിനിന്റെ എയര്‍ കണ്ടീഷന്‍ ചെയ്ത കോച്ചിലാണ് എടിഎം സ്ഥാപിച്ചിരിക്കുന്നത്.
◾ ഭരണഘടന ഉയര്‍ത്തിക്കാട്ടുന്ന രാഹുല്‍ ഗാന്ധിയാണ് ഇന്ത്യന്‍ രാഷ്ട്രീയത്തിലെ ഏറ്റവും വലിയ നുണയനെന്ന് ബി.ജെ.പി സംസ്ഥാന പ്രസിഡണ്ട് രാജീവ് ചന്ദ്രശേഖര്‍. കള്ളവും, അഴിമതിയും, നാണം കെട്ട പ്രീണനവും, മാര്‍ക്സിസ്റ്റ് സാമ്പത്തിക ശാസ്ത്രവുമെല്ലാം കൂടിക്കലര്‍ന്നുള്ള വികല രാഷ്ട്രീയത്തിന്റെ പ്രയോക്താവാണ് രാഹുല്‍ ഗാന്ധിയെന്ന് അദ്ദേഹം പരിഹസിച്ചു.
◾ ജസ്റ്റിസ് ബി.ആര്‍. ഗവായ് ഇന്ത്യയുടെ അടുത്ത ചീഫ് ജസ്റ്റിസ് ആകും. ഇത് സംബന്ധിച്ച് ശുപാര്‍ശ നിലവിലെ ചീഫ് ജസ്റ്റിസ് സഞ്ജീവ് ഖന്ന കേന്ദ്രത്തിന് കൈമാറി. അടുത്തമാസം 13 നാണ് ചീഫ് ജസ്റ്റിസ് സഞ്ജീവ് ഖന്ന വിരമിക്കുന്നത്. തൊട്ടടുത്ത ദിവസമാകും ബി ആര്‍ ഗവായ് ചീഫ് ജസ്റ്റിസായി സത്യപ്രതിജ്ഞ ചെയ്യുകയെന്നാണ് വിവരം.
◾ വഖഫ് നിയമ ഭേദഗതിയുമായി ബന്ധപ്പെട്ട ഹര്‍ജികളില്‍ സുപ്രീംകോടതി നിര്‍ണായക നിര്‍ദ്ദേശങ്ങള്‍ പുറത്തിറക്കി. വഖഫായി പ്രഖ്യാപിച്ച സ്വത്തുക്കള്‍ ഡീനോട്ടിഫൈ ചെയ്യരുതെന്നാണ് പ്രധാന നിര്‍ദ്ദേശം. അതായത് ഉപയോഗം വഴിയോ കോടതി ഉത്തരവ് വഴിയോ വഖഫ് ആയ സ്വത്തുക്കള്‍ അതല്ലാതാക്കരുത്. വഖഫ് കൗണ്‍സിലില്‍ എക്സ് ഒഫിഷ്യോ അംഗങ്ങള്‍ ഒഴികെയുള്ളവര്‍ മുസ്സിംങ്ങള്‍ തന്നെയാകണം എന്നും സുപ്രീം കോടതി നിര്‍ദ്ദേശിച്ചിട്ടുണ്ട്. കളക്ടര്‍മാര്‍ക്ക് വഖഫ് ഭൂമികളില്‍ അന്വേഷണം നടത്താം, പക്ഷെ അന്വേഷണം നടക്കുമ്പോള്‍ വഖഫ് സ്വത്തുക്കള്‍ അതല്ലാതാകില്ലെന്നും സുപ്രീം കോടതി വ്യക്തമാക്കി.
◾ വഖഫ് നിയമ ഭേദഗതിക്കെതിരായ ഹര്‍ജികളില്‍ സുപ്രീംകോടതിയില്‍ ഇന്നലെ കേന്ദ്രസര്‍ക്കാരിനേറ്റത് കനത്ത പ്രഹരം. വഖഫ് നിയമഭേദഗതിയിലെ മൂന്ന് പ്രധാന വ്യവസ്ഥകള്‍ മരവിപ്പിച്ച് നിര്‍ണ്ണായക ഉത്തരവ് ഇറക്കുമെന്ന സൂചനയടക്കം നല്‍കിയുള്ള സുപ്രീംകോടതിയുടെ നിലപാട് ഹര്‍ജിക്കാര്‍ക്ക് ആശ്വാസമേകുന്നതാണ്. നിലവിലെ വഖഫ് ഭൂമി അതല്ലാതാക്കരുത് എന്നതടക്കമുള്ള നിര്‍ദ്ദേശങ്ങള്‍ കോടതി ഇന്നലെ തയ്യാറാക്കിയെങ്കിലും കേന്ദ്രത്തിന്റെ അഭ്യര്‍ത്ഥന കാരണം ഇടക്കാല ഉത്തരവ് ഇന്നത്തേക്ക് മാറ്റുകയായിരുന്നു
◾ വഖഫ് ഭേദഗതി നിയമത്തിന്റെ ഭരണഘടനാ സാധുതയെ ചോദ്യം ചെയ്ത് വിവിധ സംഘടനകള്‍ നല്‍കിയ ഹര്‍ജി പരിഗണിക്കവേ, കേന്ദ്ര സര്‍ക്കാറിനോട് നിര്‍ണായക ചോദ്യവുമായി സുപ്രീം കോടതി. ഹിന്ദു മത ട്രസ്റ്റുകളുടെ ഭാഗമാക്കാന്‍ മുസ്ലീങ്ങളെ അനുവദിക്കുമോയെന്നാണ് സുപ്രീം കോടതി ചോദിച്ചത്. ചീഫ് ജസ്റ്റിസ് സഞ്ജീവ് ഖന്ന, ജസ്റ്റിസുമാരായ സഞ്ജയ് കുമാര്‍, കെ.വി. വിശ്വനാഥന്‍ എന്നിവരടങ്ങിയ ബെഞ്ചാണ് ചോദ്യമുന്നയിച്ചത്.
◾ കാഞ്ച ഗച്ചിബൗളിയിലെ 400 ഏക്കര്‍ ഭൂമി നശിപ്പിക്കുന്നതിന്റെ എഐ ഉപയോഗിച്ച് നിര്‍മ്മിച്ച ചിത്രം പങ്കുവെച്ചതിന് തെലങ്കാന ഐഎഎസ് ഉദ്യോഗസ്ഥയും ടൂറിസം പ്രിന്‍സിപ്പല്‍ സെക്രട്ടറിയുമായ സ്മിത സഭര്‍വാളിന് പൊലീസ് നോട്ടീസ് അയച്ചു. മാര്‍ച്ച് 31ന് സ്മിത സബര്‍വാള്‍ തന്റെ എക്സ് അക്കൗണ്ടില്‍ നിന്ന് ഫോട്ടോ റീട്വീറ്റ് ചെയ്തിരുന്നു.
◾ മൈസൂരു നഗര വികസന അതോറിറ്റി (മുഡ) ഭൂമി അനുവദിക്കല്‍ അഴിമതിയില്‍ സിബിഐ അന്വേഷണം ആവശ്യപ്പെട്ട് സമര്‍പ്പിച്ച ഹര്‍ജിയില്‍ മുഖ്യമന്ത്രി സിദ്ധരാമയ്യ, ഭാര്യ ബി.എം. പാര്‍വതി എന്നിവര്‍ക്ക് നോട്ടീസയച്ച് കര്‍ണാടക ഹൈക്കോടതി ഡിവിഷന്‍ ബെഞ്ച്. ലോകായുക്തയില്‍ നിന്ന് കേസ് സിബിഐക്ക് കൈമാറണമെന്ന അപേക്ഷ തള്ളിയ സിംഗിള്‍ ബെഞ്ചിന്റെ ഉത്തരവിനെ ചോദ്യം ചെയ്ത് സ്നേഹമയി കൃഷ്ണ സമര്‍പ്പിച്ച ഹര്‍ജിയിലാണ് നോട്ടീസ് അയച്ചത്.
◾ സോണിയ ഗാന്ധി ഒന്നാം പ്രതിയും രാഹുല്‍ ഗാന്ധി രണ്ടാം പ്രതിയുമായ നാഷണല്‍ ഹെറാള്‍ഡ് കേസില്‍ എന്‍ഫോഴ്സ്മെന്റ് ഡയറക്ട്രേറ്റിനെയും കേന്ദ്ര സര്‍ക്കാരിനെയും രൂക്ഷമായി വിമര്‍ശിച്ച് കോണ്‍ഗ്രസ്. സോണിയ ഗാന്ധിയേയും രാഹുല്‍ ഗാന്ധിയേയും ഉന്നമിട്ടത് രാഷ്ട്രീയമായി തകര്‍ക്കാനെന്ന് കോണ്‍ഗ്രസ് വക്താവ് ജയ്റാം രമേശും അഭിഷേക് മനു സിംഗ്വിയും വാര്‍ത്താസമ്മേളനത്തില്‍ അഭിപ്രായപ്പെട്ടു. എ ജെ എല്ലിന്റെ സാമ്പത്തിക ബാധ്യത യംഗ് ഇന്ത്യ ഏറ്റെടുക്കുകയായിരുന്നുവെന്നും എ ജെ എല്ലിന് 90 കോടിയുടെ കടമുണ്ടായിരുന്നുവെന്നും കടം ഏറ്റെടുക്കുമ്പോള്‍ എവിടെയാണ് കള്ളപ്പണ ഇടപാട് നടക്കുകയെന്നും കോണ്‍ഗ്രസ് ചോദിച്ചു.
◾ മുസ്ലീങ്ങളായ കരാറുകാര്‍ക്ക് സര്‍ക്കാര്‍ കരാറുകളില്‍ നാല് ശതമാനം സംവരണം ഏര്‍പ്പെടുത്തുന്നതിനുള്ള കര്‍ണാടക സര്‍ക്കാരിന്റെ ബില്‍ രാഷ്ട്രപതിയുടെ അനുമതിക്കായി കര്‍ണാടക ഗവര്‍ണര്‍ തവാര്‍ചന്ദ് ഗെലോട്ട് മാറ്റിവച്ചു. മതത്തെ അടിസ്ഥാനമാക്കിയുള്ള സംവരണം ഭരണഘടന അനുവദിക്കുന്നില്ലെന്ന് ഗവര്‍ണര്‍ പറഞ്ഞു. കര്‍ണാടക സര്‍ക്കാറിന്റെ തീരുമാനത്തിനെതിരെ പൊതുപരിപാടിയില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി കടുത്ത വിമര്‍ശനമുന്നയിച്ചിരുന്നു.
◾ ഐ.പി.എല്ലില്‍ രാജസ്ഥാന്‍ റോയല്‍സിനെതിരെ ഡല്‍ഹി ക്യാപിറ്റല്‍സിന് സൂപ്പര്‍ ഓവര്‍ വിജയം. ടോസ് നഷ്ടപ്പെട്ട് ബാറ്റിംഗിനിറങ്ങിയ ഡല്‍ഹി കാപ്പിറ്റല്‍സ് അവസാന ഓവറുകളിലെ കൂറ്റനടികളിലൂടെ 5 വിക്കറ്റ് നഷ്ടത്തില്‍ 188 റണ്‍സെടുത്തു. മറുപടി ബാറ്റിംഗിനിറങ്ങിയ രാജസ്ഥാനും നിശ്ചിത ഓവറില്‍ നേടിയത് 4 വിക്കറ്റ് നഷ്ടത്തില്‍ 188 റണ്‍സ്. ഇതോടെ സമനിലയിലായ മത്സരം സൂപ്പര്‍ ഓവറിലേക്ക് നീങ്ങി. ഡല്‍ഹിക്ക് വേണ്ടി മിച്ചല്‍ സ്റ്റാര്‍ക്ക് എറിഞ്ഞ സൂപ്പര്‍ ഓവറില്‍ ആദ്യം ബാറ്റ് ചെയ്ത രാജസ്ഥാന്‍ 2 വിക്കറ്റ് നഷ്ടത്തില്‍ 11 റണ്‍സെടുത്തു. എന്നാല്‍ രാജസ്ഥാന് വേണ്ടി സന്ദീപ് ശര്‍മയെറിഞ്ഞ സൂപ്പര്‍ ഓവറിന്റെ നാലാം പന്ത് സിക്സറിന് പായിച്ച് ട്രിസ്റ്റന്‍ സ്റ്റബ്സ് ഡല്‍ഹിയെ വിജയത്തിലേക്ക് നയിച്ചു. ഈ ജയത്തോടെ പോയിന്റ് പട്ടികയില്‍ ഡല്‍ഹി ഒന്നാം സ്ഥാനം തിരിച്ചുപിടിച്ചു. രാജസ്ഥാന്‍ 8-ാം സ്ഥാനത്ത് തുടരുകയാണ്.
◾ ഐ.പി.എല്ലില്‍ ഡല്‍ഹി ക്യാപ്പിറ്റല്‍സിനെതിരായ മത്സരത്തിനിടെ റിട്ടയേര്‍ഡ് ഹര്‍ട്ടായി മടങ്ങി രാജസ്ഥാന്‍ റോയല്‍സ് ക്യാപ്റ്റന്‍ സഞ്ജു സാംസണ്‍. ഡല്‍ഹി ഉയര്‍ത്തിയ 189 റണ്‍സ് വിജയലക്ഷ്യം പിന്തുടരുന്നതിനിടെ വിപ്രജ് നിഗം എറിഞ്ഞ ആറാം ഓവറിലായിരുന്നു സംഭവം. 19 പന്തില്‍ നിന്ന് മൂന്ന് സിക്‌സും രണ്ട് ഫോറുമടക്കം 31 റണ്‍സെടുത്ത് ടീമിന് മികച്ച തുടക്കം സമ്മാനിച്ചതിന് പിന്നാലെയായിരുന്നു സഞ്ജു റിട്ടയേര്‍ഡ് ഹര്‍ട്ടായി മടങ്ങിയത്.
◾ മുംബൈ-മന്‍മദ് പഞ്ചവടി എക്‌സ്പ്രസില്‍ പരീക്ഷണാടിസ്ഥാനത്തില്‍ എടിഎം സ്ഥാപിച്ച് സെന്‍ട്രല്‍ റെയില്‍വെ. സ്വകാര്യ ബാങ്കിന്റെ എടിഎം, എസി ചെയര്‍ കാര്‍ കോച്ചിലാണ് സ്ഥാപിച്ചിരിക്കുന്നത്. വൈകാതെ തന്നെ യാത്രക്കാര്‍ക്ക് സേവനം ലഭ്യമാകുമെന്നും അധികൃതര്‍ അറിയിച്ചു. കോച്ചിന്റെ പിന്‍ഭാഗത്തുള്ള ഒരു ക്യൂബിക്കിളിലാണ് എടിഎം സ്ഥാപിച്ചിരിക്കുന്നത്. ട്രെയിന്‍ നീങ്ങുമ്പോള്‍ സുരക്ഷ ഉറപ്പാക്കാന്‍ ഒരു ഷട്ടര്‍ വാതില്‍ നല്‍കിയിട്ടുണ്ട്. പരീക്ഷണാടിസ്ഥാനത്തില്‍ സ്ഥാപിച്ചിരിക്കുന്ന എടിഎം സേവനം വിജയിച്ചാല്‍ വൈകാതെ യാത്രക്കാര്‍ക്കും സേവനം ഉപയോഗപ്പെടുത്താം. മന്‍മദ് റെയില്‍വേ വര്‍ക്ക്‌ഷോപ്പിലാണ് എടിഎം സ്ഥാപിക്കുന്നതിനായി കോച്ചില്‍ മാറ്റങ്ങള്‍ വരുത്തിയത്. മുംബൈയിലെ ഛത്രപതി ശിവാജി മഹാരാജ് ടെര്‍മിനസിനും അയല്‍ ജില്ലയായ നാസിക് ജില്ലയിലെ മന്‍മദ് ജങ്ഷനും ഇടയില്‍ ദിവസേന സര്‍വീസ് നടത്തുന്ന ട്രെയിനാണ് പഞ്ചവടി എക്‌സ്പ്രസ്.

Leave a Reply

Your email address will not be published. Required fields are marked *